2014 ഏപ്രിൽ 12, ശനിയാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 17

രാവിന്‍റെ കണ്ണീരു വീണടിഞ്ഞ തണുത്ത മണ്ണില്‍ നിന്നും സൂര്യന്‍റെ താപ കാഠിന്യത്തിലേയ്ക്ക് പുല്‍ക്കൊടികള്‍ മെല്ലെ തലയുയര്‍ത്തി നോക്കി...

ലിയാത്തിന് വളരെയധികം സന്തോഷം തോന്നി. ജീവിതത്തില്‍ ആദ്യമായാണ്‌ അവന്‍ ഇങ്ങനെയൊരു അനുഭൂതി അറിയുന്നത്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അവനു അത്ഭുതമായിരുന്നു. അറിയാനുള്ള ആവേശം അതിലേറെയും. അലീനയാകട്ടെ മനസ്സ് നിറഞ്ഞു ചിരിച്ചു തുടങ്ങി. അവള്‍ക്കതിനു കാരണവും ഉണ്ട്... ഏതമ്മയുടെയും സ്വപ്നം പോലെ  മകനോ, മകള്‍ക്കോ പിറക്കുന്നൊരു കുഞ്ഞിനെ കാണാന്‍ !!! ഇതുപോലൊരു പകല്‍ കൈകാലുകള്‍ കുടഞ്ഞ്‌ മോണ കാട്ടി ചിരിച്ചുകൊണ്ട് തന്‍റെ ജീവിതത്തിലേയ്ക്ക് അവന്‍ വന്നണഞ്ഞത് ഓര്‍ത്തുപോയി അവള്‍. ആ ദിനം കുടമുല്ലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴെല്ലാം അവളുടെ മനസ്സ് വീടിനകത്ത് നിയയുടെ അടുത്തായിരുന്നു. അവളുടെ സുഖത്തെക്കുറിച്ചായിരുന്നു..... അലീന അവളെ പൊന്നു പോലെ നോക്കുകയും ചെയ്തു.

ദിനങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. സ്ത്രീകള്‍ക്ക് പൊതുവേ ഉള്ളപോലൊരു വലിപ്പമായിരുന്നില്ല നിയയുടെ വയറിന്. അതുകൊണ്ട് തന്നെ ഒന്നെഴുന്നേറ്റു നടക്കുവാന്‍ തന്നെ അവള്‍ നന്നേ പ്രയാസപ്പെട്ടു.

ഒരുദിനം. ലിയാത്ത്... തോട്ടത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. നിയ വളരെ ആയാസപ്പെട്ട്‌ പൂക്കൂടകള്‍ എടുത്തു അവനരുകിലേയ്ക്ക് ചെന്നു. കാലിലെ ബൂട്ടുകള്‍ അണിഞ്ഞശേഷം ലിയാത്ത് നിവരുമ്പോള്‍ കണ്ടത് പൂക്കൂടകളുമായി അവനരുകില്‍ നില്‍ക്കുന്ന നിയയെയാണ്. സ്നേഹത്തോടെ അവന്‍ അവളെ ശാസിച്ചു.

"നിയാ... എന്തായിത്??? എനിക്കെന്താ അറിയാന്‍ പാടില്ലാത്തതാണോ? വേണ്ടാ.. നീയിതൊന്നും എടുത്തുതരേണ്ട കാര്യമില്ല. നന്നായി വിശ്രമിച്ചോള്ളൂ....ഇതെല്ലാം എനിക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ..." അവളുടെ കൈയില്‍ നിന്നും പൂക്കൂടകള്‍ വാങ്ങി അവന്‍ അവളെ അരുകിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. അവളുടെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കി അവന്‍ കുടമുല്ല തോട്ടത്തിലേയ്ക്ക് തിരിച്ചു. കണ്ണില്‍ നിന്നും മറയുംവരെ അവള്‍ അവനു നേരെ കൈവീശിക്കൊണ്ടിരുന്നു.....

ഇന്ദു വാനില്‍ തിളങ്ങി നിന്നൊരു രാവായിരുന്നു. തെങ്ങിന്‍തലപ്പുകളിലും മുല്ലപ്പൂമൊട്ടുകളിലും പാല്‍ നിലാവ് പരന്നൊഴുകിക്കൊണ്ടിരുന്നു. വൈഗരയുടെ തീരത്തു നിന്നും തൊട്ടികളില്‍ നിറയെ വെള്ളവുമായെത്തി അവന്‍ ഓരോ മുല്ലചെടിയുടെ ചുവടും നനച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ മനസ്സ് പതറിപ്പോകും.... ചിന്തകള്‍ അവനില്‍ നിന്ന് ഭ്രാന്തമായി  ഓടി ചെന്നുനില്‍ക്കുന്നത് വീടിനകത്ത് തളര്‍ന്നുറങ്ങുന്ന നിയയുടെ അരുകിലാകും. എന്തുകൊണ്ടോ അവളോടുള്ള സ്നേഹം വല്ലാത്തൊരു വികാരമായി അവനില്‍ പടര്‍ന്നുകയറിയ ദിനങ്ങളായിരുന്നു. ഒരുപക്ഷെ, അവളുടെ ഈ അവസ്ഥയില്‍ അവളോടുണ്ടായ അനുകമ്പയാവാം അത്... 

"ന്നാലും"... അവന്‍ ചിന്തിച്ചു. ആരോരുമില്ലാത്തവളായില്ലേ അവള്‍?? താന്‍ മാത്രമാണ് അവള്‍ക്കൊരു തുണ. അവന്‍റെ കണ്‍കോണുകളില്‍ നനവ്‌ പടര്‍ന്നു. അവസാനത്തെ കുടമുല്ലച്ചെടിയുടെ ചുവടും നനച്ചുകൊണ്ട് ക്ഷീണിതനായ അവന്‍ കൈയിലിരുന്ന ബക്കറ്റുകളും, തൂമ്പായും അരുകിലെ കുടമുല്ലച്ചെടിയുടെ ചുവട്ടിലേയ്ക്ക് വച്ച ശേഷം, പൂത്തുലഞ്ഞ നാട്ടുമാവിന്‍റെ ചുവട്ടില്‍ വിശ്രമിക്കാനായി ഇരുന്നു. അവന്‍റെ കണ്ണുകളില്‍ ഉറക്കം തഴുകുന്നത് കാത്ത് രണ്ടുകണ്ണുകള്‍ വിശ്രമമില്ലാതെ കാത്തിരിക്കുകയായിരുന്നു. ലിയാത്ത് അതറിഞ്ഞതേയില്ല. രാവിന്‍റെ മധ്യയാമങ്ങളില്‍ ഒരു നേര്‍ത്ത ഉറക്കം അവനു പതിവാണ്.

നേര്‍ത്ത ഉറക്കത്തില്‍ അവന്‍റെ അടഞ്ഞകണ്ണുകള്‍ സ്വപ്നം കണ്ട് ചലിക്കുന്നുണ്ടായിരുന്നു. വേദനകൊണ്ട് പുളയുന്ന നിയ. ഭയചകിതമായ കണ്ണുകളുമായി അമ്മ അലീന.. അവള്‍ തന്നെ കൈകാട്ടി വിളിക്കുകയാണോ? അവള്‍ തന്നെ വിളിച്ചു കരയുകയാണോ?

"ലിയാത്ത്... എന്‍റെ പൊന്നുലിയാത്ത്.... അവള്‍ നിലവിളിച്ചു. അമ്മെ എനിക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ലമ്മേ... അവള്‍ അലീനയുടെ തോളില്‍ അമര്‍ത്തിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ പകച്ച അലീനയ്ക്ക് മുന്നില്‍ അവളുടെ ശ്വാസ്സോശ്വാസം ദ്രുതഗതിയിലായി..... കാലിട്ടടിച്ച് അവള്‍ പിടയാന്‍ തുടങ്ങിയപ്പോള്‍ അലീന അവളുടെ കാലുകളെ ബലമായി പിടിച്ചു. അതോടെ നിയ കട്ടിലില്‍ കിടന്നുരുളാന്‍ തുടങ്ങി. എപ്പോഴോ അസഹ്യമായ വേദനയോടെ അവള്‍ പിടഞ്ഞപ്പോള്‍, അവളുടെ കാലുകളില്‍ മുറുകെപ്പിടിച്ചിരുന്ന അലീനയുടെ കൈകള്‍ വിട്ടുപോയി. പെട്ടെന്ന് താളം തെറ്റിയപോലെ നിയ കട്ടിലില്‍ നിന്നു താഴേയ്ക്ക് പതിച്ചു. ഒന്ന് പിടഞ്ഞവള്‍ നിലച്ചപ്പോള്‍, പാദങ്ങളിലൂടെ അരിച്ചിറങ്ങിയ ചോര കണ്ടവന്‍ ഒരലറലോടെ പിടഞ്ഞെഴുന്നേറ്റു.

"നിയ... എന്‍റെ നിയാ... നിനക്കെന്ത് പറ്റി നിയ...??? അപ്പോഴേയ്ക്കും സ്ഥലകാലം വീണ്ടെടുത്ത അവന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ ഒരാജാനബാഹു പ്രത്യക്ഷപ്പെട്ടു. താന്‍ കണ്ട സ്വപ്നത്തില്‍ നിന്ന് മോചിതാനായില്ലേ എന്ന് സംശയം തോന്നിയ ലിയാത്ത് പക്ഷെ മുന്നില്‍ നില്‍ക്കുന്നത് ഗബില്‍ എന്ന് അതിവേഗം തിരിച്ചറിഞ്ഞു. അയാളെ ശക്തിയായി പിന്നോട്ട് തള്ളാനായി മുന്നോട്ടാഞ്ഞ  ലിയാത്തിന് നേരെ തൂമ്പയേന്തി നിന്നിരുന്ന ഗബിലിന്‍റെ കൈകള്‍ ചലിച്ചത് വളരെപ്പെട്ടെന്നായിരുന്നു. ദിനം തോറും വൈരം വര്‍ദ്ധിച്ചുവന്ന പേപിടിച്ച ഗബിലിന്‍റെ ശക്തിയായി അടിയില്‍ തലപിളര്‍ന്ന് ചോരവാര്‍ന്നൊഴുകി ലിയാത്ത് നിലംപതിച്ചു.

വെളുത്തുകൊലുന്ന സുന്ദരികളായി നിന്നിരുന്ന കുടമുല്ലമൊട്ടുകളുടെയും, പൂക്കളുടെയും മുഖം ചുവന്നത് വളരെ പെട്ടെന്നായിരുന്നു. തറയില്‍ വീണ ലിയാത്തിന്‍റെ സിരയില്‍ നിന്നൊഴുകിയ നിണം ആ നനഞ്ഞ മണ്ണിനെ ചുവപ്പിച്ചുകൊണ്ടിരുന്നു. ഗബില്‍ കുനിഞ്ഞു വല്ലവിധേനയും ലിയാത്തിനെ എടുത്തു തോളത്തിട്ടു. അയാള്‍ വൈഗര നദി ലക്ഷ്യമാക്കി നടന്നുനീങ്ങി.

രാപ്പാടികള്‍ പാടിയ പാട്ടിന് ഈണം മുറിഞ്ഞിരുന്നു. മാഞ്ചുവട്ടില്‍ ലിയാത്തിന്‍റെ വയലിന്‍ അനാഥമായിക്കിടന്നു. കുടമുല്ലചെടികള്‍ തലകുനിച്ചു നിന്നു. ഒടുവില്‍, നിശ്ചലം നിന്ന രാവിനെ സാക്ഷിനിര്‍ത്തി, പാദങ്ങള്‍ക്കടിയിലെ സൈകതങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ഗബില്‍  വൈഗരയുടെ ഓളങ്ങളിലേയ്ക്ക് ലിയാത്തുമായി ഇറങ്ങിച്ചെന്നു. ഒന്ന് നിന്ന ശേഷം സര്‍വ്വശക്തിയുമെടുത്ത് ഗബില്‍ ലിയാത്തിന്‍റെ തളര്‍ന്ന ശരീരം വൈഗരയിലേയ്ക്ക് തള്ളിയിട്ടു. ശക്തമായ ഒച്ചയോടെ വാപിളര്‍ന്ന ജലം വഴിമാറിയൊഴുകി. ലിയാത്ത് താഴ്ന്നുപോകുന്നതും നോക്കി നിന്നശേഷം, ചുമലിലൂടെ ഒലിച്ചിറങ്ങിയ രക്തം കഴുകിക്കളഞ്ഞുകൊണ്ട്‌ ഗബില്‍ കരയിലേയ്ക്ക് കയറി. അയാള്‍ വേഗത്തില്‍ ഇരുളിലേയ്ക്കു നടന്നുമറഞ്ഞു. ലിയാത്തിന്‍റെ ചോര വീണു നിറം മങ്ങി പതഞ്ഞ ജലം പടര്‍ന്നൊഴുകിയൊഴുകി തെളിഞ്ഞുവന്നു. 

പകലിലെ ഉറക്കം മൂലം നിയയ്ക്ക് രാവില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വൈഗരയില്‍ അല്‍പ്പം മുന്‍പ് നടന്ന ആ ശക്തമായ ജലസ്വരം അവളെ അലോസരപ്പെടുത്തി. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു അമ്മയുടെ അരുകില്‍ എത്തി. അലീനയെ ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ മെല്ലെ വിളിച്ചു...

"അമ്മെ... ഒന്നെഴുന്നേല്‍ക്കൂ  അമ്മെ...."

അവളുടെ സ്വരം കേട്ട് അലീന മെല്ലെ എഴുന്നേറ്റു. അഴിഞ്ഞുവീണ  മുടി കൈകൊണ്ടു ഒതുക്കി അവള്‍ നിയയോടു ചോദിച്ചു.

"എന്താ മോളെ ..??? എന്തുപറ്റി?? നീ വല്ല സ്വപ്നവും കണ്ടു ഭയന്നുവോ?"

"ഇല്ലമ്മേ..!!! ഞാനുറങ്ങീട്ടുണ്ടായിരുന്നില്ല... വൈഗരയില്‍ അതിശക്തമായി എന്തോ വീഴുന്ന സ്വരം ഞാന്‍ കേട്ടു. എനിക്കാകെ ഭയം തോന്നുന്നു. ലിയാത്ത് ഇരുളില്‍ ഒറ്റയ്ക്കാണല്ലോന്ന ഭയം  എന്നെ വല്ലാതെ അലട്ടുന്നു അമ്മെ..."

അപ്പോഴാണ്‌ അലീന അതെക്കുറിച്ച് ചിന്തിച്ചത്. ഈയിടെയായി അവള്‍ ലിയാത്തിനെ പലപ്പോഴും മറന്നുപോകുന്നു. എപ്പോഴും അവളുടെ മനസ്സില്‍ നിയയെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ് ഉണ്ടാവുക. അവള്‍ക്കറിയാം ഗബിലിന്‍റെ മനസ്സ്. നിശ്ചയിക്കുന്നത് നടത്താതെ അയാള്‍ പിന്മാറില്ല. പെട്ടെന്നവള്‍ പായയില്‍ നിന്ന് എഴുന്നേറ്റ്. വാലില്‍ മെല്ലെ തുറന്ന് അലീന പുറത്തേയ്ക്കിറങ്ങി. കുടമുല്ലത്തോട്ടതിലേയ്ക്ക് നോക്കിയവള്‍ നീട്ടിവിളിച്ചു.

"ലിയാത്ത്.... മോനെ ലിയാത്ത്..."

അവളുടെ വിളികേള്‍ക്കാന്‍ കുടമുല്ലത്തോട്ടത്തില്‍ അവനുണ്ടായിരുന്നില്ല. അതോടെ ഭയം വര്‍ധിച്ച അലീന വൈഗരയുടെ തീരത്തേയ്ക്ക് പാഞ്ഞു ചെന്നു. നനഞ്ഞ മണ്ണിലെ വലിയ കാല്‍പ്പാടുകള്‍ കണ്ടു അലീന ഞെട്ടിവിറയ്ക്കാന്‍ തുടങ്ങി. അവള്‍ക്കറിയാം. ഇതവന്‍റെ കാല്‍പ്പാടുകള്‍ തന്നെ. അവള്‍ ആ കാല്‍പ്പാടുകളെ ശ്രദ്ധാപൂര്‍വ്വം പിന്തുടര്‍ന്നു. ആ കാല്‍പ്പാടുകള്‍ക്ക് പിന്നിലെ രക്തത്തുള്ളികള്‍ കണ്ടവളുടെ നെഞ്ച് തളര്‍ന്നു. രക്തം വീണ മണ്ണു ഉരുണ്ടു ഉണങ്ങിതുടങ്ങിയിരുന്നു. അവള്‍ സര്‍വ്വശക്തിയും സംഭരിച്ചു വിളിച്ചു.

"ന്‍റെ പൊന്നു മോനെ ലിയാത്ത്....!!!!!!!!!!

വൈഗരയുടെ തീരങ്ങളില്‍ തട്ടി അവയങ്ങനെ പ്രതിധ്വനിച്ചു. ആ ധ്വനിയിലൊന്നു പാഞ്ഞുചെന്ന് നിയയുടെ കര്‍ണ്ണങ്ങളില്‍ പതിച്ചു. അവള്‍ വേഗം വീടിനു പുറത്തെത്തി. അതെ വേഗത്തില്‍ അവള്‍ വൈഗരയുടെ തീരത്തേയ്ക്ക്‌ നടന്നു. അവളുടെ ഉദരം വേഗചലനത്തില്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. തീരത്തെത്തിയ നിയയെ നോക്കി വൈഗരയുടെ തീരത്തു മുട്ടുകുത്തിയിരുന്ന് അലീന ഓളങ്ങളിലേയ്ക്ക് കൈചൂണ്ടി തേങ്ങി... കുറച്ചകലെ ഓളങ്ങളില്‍ ഒഴുകി നടന്നിരുന്ന ലിയാത്ത് അത് കേട്ടിരുന്നുവോ????? 

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ