നിലാവിനെ സ്നേഹിച്ച പെണ്‍കുട്ടി
ആമുഖം
പലപ്പോഴും നമ്മുടെ ഓര്‍മ്മക്കൂട്ടുകളില്‍ ചികഞ്ഞാല്‍ ഒരായിരം കഥകള്‍ നമ്മുക്ക് പറയുവാന്‍ ഉണ്ടാകും....ആ കഥകളില്‍ ഒന്ന് ഇവിടെ എന്നെ ഇഷ്ടപ്പെടുന്ന, എന്‍റെ വരികളെ ഇഷ്ടപ്പെടുന്ന പ്രിയ വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. പ്രണയത്തെ കുറിച്ച് എഴുതുന്നയാള്‍ ഒരു പ്രണയിതാവകണം എന്നില്ല. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മാതാപിതാക്കളില്‍ ഉണ്ടാകുന്ന സന്തോഷം പോലെ, ഓരോ ജന്മങ്ങളാണ് ഓരോ സൃഷ്ടികളും. അതില്‍ വേദനയും, സന്തോഷവും, നിരാശയും ഒക്കെ പടര്‍ന്നിട്ടുണ്ടാകും...അതെല്ലാം ആ കലാകാരന്‍റെ അനുഭവങ്ങള്‍ എന്ന് തെറ്റി ധരിക്കുന്നത് മഠയത്തരമാണ്. അതുപോലെ തന്നെയാണ് വിമര്‍ശനങ്ങളും...വിമര്‍ശനങ്ങള്‍ എപ്പോഴും ആ കലാകാരന്‍റെ സൃഷ്ടിയോടാകണം. അതില്‍ നിന്നും എന്തെങ്കിലും പഠിക്കുവാന്‍ ഉണ്ടാകണം. അത് മറ്റുള്ളവരില്‍ ഒരു പ്രകാശമായി മാറണം. കലയെ സ്നേഹിക്കുന്നവര്‍ അതാണ് ചെയ്യേണ്ടത്....
*****************
സൗഹൃദത്തിന്‍റെ തണല്‍ മരങ്ങള്‍ക്കിടയില്‍, എപ്പോഴോ പ്രണയത്തിന്‍റെ നൊമ്പരചൂട് അവരുടെ ഹൃദയങ്ങളില്‍ വീശിയടിച്ചു.... ആയിരക്കണക്കിന് പ്രണയങ്ങള്‍ക്കും, പ്രണയഭംഗങ്ങള്‍ക്കും നേര്‍സാക്ഷിയായ ഒരു നെല്ലിച്ചുവട്ടില്‍ അവളുടെ കണ്ണുകളില്‍ ആദ്യമായ് അവനോടു സൗഹൃദം വിട്ടൊരു ബന്ധം ഉടലെടുത്തു..വാക്കുകളിലും, നോട്ടങ്ങളിലും അതങ്ങനെ തുള്ളി തുളുമ്പി നിന്നു.
അവന്‍ പറഞ്ഞു...
"നമ്മുക്കിടയില്‍ സമുദായത്തിന്‍റെ ഒരു വേലിക്കെട്ടുണ്ട്. എന്നും നീയും ഞാനും അവിടെ അന്യരാണ്...സ്നേഹത്തിന് വില കല്‍പ്പിക്കാത്ത ഒരു കൂട്ടം അവിടെയുണ്ട്. അത് നമുക്ക് മറക്കാന്‍ കഴിയുമോ? അവനെ നമുക്ക് ശ്യാം എന്ന് വിളിക്കാം..
"ഉം...അവള്‍ മൂളുകയായിരുന്നു.
"നീ കേള്‍ക്കണില്ലേ..." അവന്‍ ചോദിച്ചു.
"ഉവ്വ്...അവള്‍ പറഞ്ഞു...
"എന്നിട്ടെന്തേ! ഇങ്ങനെ...????
"എനിക്കറിയില്യ..."
കാറ്റില്‍ നേര്‍ത്തുനനുത്ത കറുത്ത നൂലുകൊണ്ട് മുടിയിഴകളെ മറച്ചിരുന്ന തട്ടം കൈകൊണ്ടു നേരെയാക്കി വിടര്‍ന്ന കണ്ണുകളോടെ അവള്‍ അവനെ നോക്കി പറഞ്ഞു. മനോഹരിയാണവള്‍..,..അവളെ നമ്മുക്ക് ജ്യോത്സന എന്നു വിളിക്കാം.
കൂട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട പ്രണയം.. അവര്‍ക്കായി, അവരുടെ നഷ്ടപ്പെടുന്ന ക്ലാസ്സുകളിലെ കുറിപ്പുകള്‍ എല്ലാം അവര്‍ തന്നെ എഴുതിക്കൊടുത്തിരുന്നു..എപ്പോഴും ആ വരികളില്‍ അവള്‍ കണ്ണോടിക്കാറുള്ളത് അവന്‍റെ മടികളില്‍ കിടന്നാണ്. നിശബ്ദതകളില്‍ അവന്‍റെ നെഞ്ചോട് മുഖമമര്‍ത്തി അവന്‍റെവലതു തോളിലൂടെ അവളുടെ ഇടതു കൈയും, അവന്‍റെ ഇടതു വശത്തുകൂടെ അവളുടെ വലതു കൈയും ചേര്‍ത്ത് കെട്ടിപ്പിടിച്ചു കിടക്കും അവള്‍.,....
അവള്‍ ആ പിടി വിട്ട് എഴുന്നേല്‍ക്കുന്നതുവരെ അവളെ അങ്ങനെ താലോലിക്കാന്‍ അവനു മടിയുണ്ടായിരുന്നില്ല. അവളുടെ മുടിയിഴകളില്‍ മുഖമമര്‍ത്തി നേര്‍ത്ത ചുംബനങ്ങള്‍ നല്‍കി കണ്ണടച്ച് കൊണ്ടൊരു ഇരുപ്പാണ് അവന്‍...,.. കാറ്റും, മഴയും, വേനലും, മഞ്ഞും...എന്തിനേറെ പക്ഷികളും, മരങ്ങളും, മണ്ണും വരെ താലോലിച്ച പ്രണയം.....
പിന്നീടെന്നും, സായന്തനത്തിന്‍റെ നിറക്കൂട്ടുകള്‍ക്കിടയില്‍ അവനെ പിരിയിമ്പോള്‍, അവളുടെ കണ്ണുകള്‍ പിടയുമായിരുന്നു. ഇടനാഴികളില്‍, വാതായനങ്ങള്‍ക്കു പിറകില്‍, പടിക്കെട്ടില്‍, മരച്ചുവടുകളില്‍ അവളുടെ കാലുകള്‍ അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പ്രണയമന്ത്രങ്ങള്‍ മാത്രം ഉരുവിട്ട് ശീലമുള്ള കോളേജിലെ കാറ്റുകളെ പോലും കൊതിപ്പിച്ചു അവളുടെ സ്നേഹം. എനിട്ടും അവരുടെ ഉള്ള് ഒന്നിച്ചുചേരാന്‍ കഴിയാത്ത രണ്ടാത്മാക്കളെ പോലെ, നീണ്ടു നിരന്ന ഇരുമ്പ് ചട്ടക്കൂടുകള്‍ക്കിടയില്‍ നിന്ന് അലറിവിളിക്കുകയായിരുന്നു.
അവന്‍ ചോദിച്ചു.....
"ജ്യോത്സന, എന്നും സന്തോഷത്തോടെ നീല നിറമുള്ള ഈ ആകാശം കാണാന്‍...,..കഴിയോ നമ്മുക്ക്....? ആര്‍ത്തു ചിരിക്കുന്ന, ചിലപ്പോള്‍ തേങ്ങിക്കരയുന്ന ഈ മഴ കാണാന്‍ കഴിയോ..? അവന്‍റെ കണ്ണുകളില്‍ മാത്രം നോക്കി നില്‍ക്കും അവള്‍.
കൊഴിഞ്ഞുവീഴുന്ന വര്‍ണ്ണപ്പൂക്കള്‍ കാറ്റില്‍ പറക്കുന്ന തട്ടത്തിനിടയിലൂടെ അവളുടെ മുടികള്‍ക്കു ചന്തമേകും. കാറ്റും, മഴയും, വെയിലും അവരുടെ സ്നേഹത്തിന് ദൂതുപോയി. രാത്രികള്‍ വിരഹസാന്ദ്രമായി. മഞ്ഞുമൂടിയ വൃശ്ചികരാത്രികള്‍ കണ്ടും, കുടമുല്ലപ്പൂക്കളുടെ സുഗന്ധവും പേറിയ ഓരോരോ രാത്രികള്‍,.. ആകാശത്തിലെ നക്ഷത്രങ്ങള്‍ കൂട്ടുകാരായ രാത്രികള്‍,..അവരുടെ നിശകള്‍ക്ക് കാവല്‍ നിന്നു ആ രാജകുമാരന്മാര്‍.,...
എല്ലാ കഥയിലെയും പോലെ അവര്‍ക്കിടയിലും ഉണ്ടായി ഒരു വില്ലന്‍,..അവരറിയാതെ, അവരെ പിന്തുടര്‍ന്നു ആ കണ്ണുകള്‍,. അവനെ നമ്മുക്ക് സാജന്‍ എന്ന് വിളിക്കാം. അന്നും പതിവ് പോലെ അവള്‍ വീട്ടിലെത്തി. പക്ഷെ, പതിവിനു വിപരീതമായി ഉമ്മയെ ഉമ്മറത്ത് കണ്ടില്ല. വീട്ടില്‍ ആകെ കൂടി വല്ലാത്ത ഒരു നിശബ്ദത. അവള്‍, സ്വന്തം മുറിയില്‍ കയറി പുസ്തകങ്ങള്‍ മേശപ്പുറത്ത് വച്ചു. അടുക്കളയില്‍ ഉമ്മ എന്തോ ചെയ്യുകയാണ്. അവരെ നമ്മുക്ക് ആയിഷ എന്ന് വിളിയ്ക്കാം. വളരെ പതിയെ പാത്രങ്ങള്‍ വയ്ക്കുന്ന സ്വരം അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാലും ഉമ്മ ഇന്ന് എന്തിനെയോ ഭയക്കുന്നപോലെ തോന്നിയവള്‍ക്ക്..,. വസ്ത്രങ്ങള്‍ മാറി മുറിക്കു പുറത്തേയ്ക്ക് അവള്‍ ഇറങ്ങുന്നതും പ്രതീക്ഷിച്ചിരുന്നതുപോലെ ബാപ്പയുടെ വിളി.
"ജ്യോത്സന.....!!! ഇവിടെ വാടി ഹമുക്കെ!
"എന്തോ..." അവളറിയാതെ വിളികേട്ടുപോയി. ഒപ്പം അയാളുടെ അടുത്തേയ്ക്ക് ചെന്നവള്‍
നീ ഞമ്മടെ മാനം കളയും അല്ലേടി...ഒരുമ്പിട്ടോളെ...? അയാള്‍ തുടര്‍ന്നു.
"എന്താ ബാപ്പ...എന്താ ഉണ്ടായെ?...അവള്‍ പതിയെ ചോദിച്ചു.
"ആരാടി അവന്‍...,...ആ ഹമുക്ക്....കണ്ണുകള്‍ ഉരുട്ടി ചോദിച്ചു കൊണ്ടയാള്‍ അവളുടെ അടുത്തേയ്ക്ക് വന്നു.
ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്ന അവളോട് പതിയെ അയാള്‍ പറഞ്ഞു.
"വേണ്ടാതീനം കാണിച്ചാല്‍ കൊന്നുകളയും ഞാന്‍ ഉമ്മേം...മോളേം. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇതൊന്നും നടക്കൂല്ല...ഈ ബീട്ടില്‍,.. ഉറച്ച സ്വരത്തിലയാള്‍ പറഞ്ഞു. നീയൊരു ഇസ്ലാമാണ്. അത് മറക്കരുത് നീയ്.
അവള്‍ മുഖമുയര്‍ത്തി അയാളുടെ കണ്ണുകളില്‍ നോക്കി പതിയെ പറഞ്ഞു.
"എന്താ ബാപ്പ...ഇസ്ലാമില്‍ സ്നേഹം പറഞ്ഞിട്ടില്ലേ..? എനിക്കിഷ്ടാ ബാപ്പ അവനെ..!!
"ങ്ങേ... എടീ .....ആയിഷ...അയാള്‍ തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചു. ഭയചകിതയായി അവര്‍ അടുക്കളയില്‍ നിന്നും ഓടിവന്നു.
"നായിന്‍റെ മോളെ....നിന്നെ ഞാനിന്നു കൊല്ലും. ഇത്രയും പറഞ്ഞു കൊണ്ടയാള്‍ പാഞ്ഞുചെന്നു അവരുടെ മുടിയില്‍ കൂട്ടിപ്പിടിച്ചു. വാതിലിനടുത്ത ചുവരില്‍ തല ചേര്‍ത്തിടിച്ചു. കരച്ചിലൊതുക്കി വിമ്മിപ്പൊട്ടി അയാളുടെ മര്‍ദ്ദനം കൊണ്ടാ പാവം നിരങ്ങി തറയില്‍ വീണു. കലി തീരാതെ അയാള്‍ അവരെ ചവിട്ടാനായ് കാലുയര്‍ത്തുമ്പോള്‍ അവളോടി ആ കാലില്‍ കെട്ടിപ്പിടിച്ചു...
"വേണ്ട ബാപ്പ....വേണ്ട എന്‍റെ ഉമ്മാനെ ഒന്നും ചെയ്യല്ലേ..!! ഞാനിനി ഒന്നും ചെയ്യില്ല...എങ്ങടും പോവില്ല..ബാപ്പ പറയുന്നത് കേട്ടിവിടെ കഴിഞ്ഞോളാം"..അവള്‍
അലറിക്കരഞ്ഞുകൊണ്ടിത് പറയുമ്പോള്‍ മുരണ്ടുകൊണ്ടയാള്‍ അവളുടെ തട്ടം ചേര്‍ത്തു മുടികള്‍ കൂട്ടിപ്പിടിച്ചു വലിച്ചുയര്‍ത്തി...ചെകിട് നോക്കി ഒരടി. വല്ലാത്തൊരേങ്ങലോടെ മുറിയുടെ മൂലയില്‍ തളര്‍ന്നവള്‍ താഴെ വീണു. അവളുടെ ഇടതുമൂക്കില്‍ നിന്നും ചോര ഒഴുകിത്തുടങ്ങിയിരുന്നു...നിശബ്ദത തളം കെട്ടിയ ആ മുറിയില്‍ ഉമ്മയുടെ തേങ്ങല്‍ മാത്രം ഇടയ്ക്ക് കേള്‍ക്കുന്നുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി അവളും.......
ദിവസങ്ങള്‍ രണ്ടു മൂന്നു കൊഴിഞ്ഞു വീണത് പെട്ടെന്നായിരുന്നു. ശ്യാം അസ്വസ്തനാണ്...കാരണം അവളെ കണ്ടിട്ട് ദിവസം മൂന്നു ആയിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അവനു ഒരു തിട്ടം ഉണ്ടായിരുന്നില്ല. അറിയാവുന്ന കൂട്ടുകാരോടൊക്കെ അവളെ ചോദിച്ചു നടന്നവന്‍.,... ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഒടുവില്‍, അവന്‍ തന്നെ തീരുമാനിച്ചു. അവളെ വീട്ടില്‍ ചെന്ന് കാണുക എന്ന്.
വീടിന്‍റെ പിന്നാമ്പുറത്ത് വണ്ടി വന്നു നില്‍ക്കുന്ന സ്വരം കേട്ടവള്‍ വാതില്‍ക്കലെത്തി. അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്പരപ്പോടെ, എന്നാല്‍ അതിലേറെ ഭയത്തോടെ അവള്‍ ഓടി പടിയിറങ്ങി അവനടുത്തു ചെന്നു. നിന്നു കിതച്ച്, അത്ഭുതത്തോടെ ചോദിച്ചു...
"എന്താ.... എന്താ ഇവിടെ??? എനിക്ക് പേടിയാവുണു ശ്യാം...
അവന്‍ അത് കേള്‍ക്കാത്ത പോലെ അവളുടെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു...പിന്നെ ചോദിച്ചു...
"നീയെന്താ കോളേജില്‍ വരാത്തെ...??
അപ്പോഴേയ്ക്കും അവളുടെ ഉമ്മ അടുക്കളപ്പടിവാതിലില്‍ എത്തിയിരുന്നു.
"എന്താ മോനെ അവിടെ തന്നെ നിന്നത്..? അകത്തേയ്ക്ക് പോന്നോള്ളൂ. അപ്പോഴാണ് അവള്‍ക്കു ശ്വാസം വീണത്.,... അപ്പോഴെല്ലാം അവന്‍ അവളെ സാകൂതം നോക്കുകയായിരുന്നു. കാരണം, വീട്ടിലണിയുന്ന ആ വേഷത്തിലും അവളൊരു മാലാഖയായിരുന്നു. പൂമുഖത്ത് പോകാതെ അടുക്കള വാതിലിലൂടെയാണ് അവര്‍ അകത്തേയ്ക്ക് കയറിയത്. അവനു കുടിക്കാന്‍ വെള്ളം കൊടുക്കുമ്പോഴെല്ലാം അവള്‍ അവന്റെ കണ്ണുകളില്‍ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവന്‍ അവളെയും. നിമിഷങ്ങള്‍, ഒരായിരം കഥകള്‍ പറഞ്ഞു. അവരുടെ മൗനം മുറിച്ചു കൊണ്ട് ഉമ്മ പറഞ്ഞു.
" മോനെ..!!! എല്ലാം എനിക്കറിയാം.. അവള്‍ എല്ലാം പറഞ്ഞു. മോനാരെന്നും, എന്തെന്നും... ജാതിയും, മതവും ഒക്കെ മനുഷ്യനന്മകള്‍ക്കാണെന്ന് വിശ്വസ്സിക്കാനാ എനിക്കിഷ്ടം. ഇതിലെല്ലാം ഉപരിയായി ഒരു കാര്യമുണ്ട്. സ്നേഹം. അതെന്‍റെ മോനിവള്‍ക്ക് കൊടുക്കുമെന്ന് എനിക്കുറപ്പാ. നീ വിളിച്ചാ അവള്‍ ഓടിവരും..നിന്റെയൊപ്പം. ഞാന്‍ അതിനു ഒരു തടസ്സമായിരിക്കില്ല്യ..ഒരിക്കലും. നിങ്ങള്‍ എവിടെയെങ്കിലും പോയി സന്തോഷത്തോടെ ജീവിക്ക്. ഉമ്മയ്ക്ക് നിങ്ങളെ കാണണ്ട. നിങ്ങള് ഉമ്മയെയും... ഇത്രയും പറയുമ്പോഴേയ്ക്കും അവര്‍ വിമ്മിപ്പൊട്ടിയിരുന്നു. അവരുടെ കണ്ണുനീര്‍ അവനെ മുക്കിക്കളയുമോ എന്നവന്‍ ഭയന്നു....
"അമ്മെ....എന്‍റെ അമ്മെ...അവന്‍ അവരുടെ കാല്‍പാദങ്ങളില്‍ പിടിച്ച് കുനിഞ്ഞിരുന്നു. ഒടുവില്‍, യാത്ര ചോദിച്ചു പടിയിറങ്ങുമ്പോള്‍ അവനു അവള്‍ ഉറപ്പു നല്‍കിയിരുന്നു... പിറ്റേന്ന് കോളേജില്‍ ചെല്ലാമെന്നു.
പക്ഷെ, ആ വീടിന്‍റെ തൂണുകള്‍ക്കും കണ്ണുണ്ടായിരുന്നു വേണം പറയാന്‍..,.. കാരണം അന്നയാള്‍ വരുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു. വന്നപാടെ, അയാള്‍ നീട്ടി വിളിച്ചു....
" എടീ...കുരുത്തം കെട്ടവളെ...!!!!!
അടുത്തു ചെന്ന അവളോട് അയാള്‍ സ്വരം താഴ്ത്തി ചോദിച്ചു.
"ഇന്നിവിടെ ആരാടി വന്നത്..."
അവള്‍ മിണ്ടാതെ കുനിഞ്ഞു നിന്നു.
"എടി നിന്നോടാ ഞാന്‍ ചോദിച്ചെ...അവനിവിടെ വന്നോ??? സ്വരത്തിന്റെ കാഠിന്യം കൂടി.
ഉള്ളു നടുങ്ങുന്ന ഭയത്തിലും അവള്‍ പറഞ്ഞു.... "ഉവ്വ്..."
പിന്നയാള്‍ അവിടെ നിന്നില്ല. പാഞ്ഞത് അടുക്കളയിലെയ്ക്കായിരുന്നു.
ഉമ്മായെ ഉപദ്രവിക്കാനാകും എന്ന് കരുതിയവള്‍ പുറകെയോടി. അടുക്കളയിലേയ്ക്ക് അവള്‍ക്കു എത്താന്‍ കഴിയുന്നതിനു മുന്‍പേ അയാള്‍ വാതിലടച്ചു. പിന്നീടയാള്‍ പുറത്തു വരുന്നത് കൈയില്‍ നീട്ടിപ്പിടിച്ച ചുട്ടുപഴുത്ത ഒരു ഇരുമ്പ് കമ്പിയുമായാണ്. അവളുടെ മുടിയ്ക്ക് ചുറ്റിപ്പിടിച്ച് ഒരു വേട്ടപ്പട്ടിയെപ്പോലെ അയാള്‍ മുരണ്ടു. അവളുടെ വെളുത്തു തുടുത്ത ശരീരത്തിലെവിടെയോക്കയോ അയാള്‍ അതമര്‍ത്തി. പച്ചമാംസം ഉരുകുന്ന ഗന്ധം ആ മുറിയാകെ നിറഞ്ഞു. അവള്‍ വാവിട്ടു നിലവിളിച്ചു. അയാള്‍ പിടിവിടുമ്പോള്‍, അവളുടെ ഉള്ളില്‍ നിന്നും നേര്‍ത്ത തേങ്ങലുകള്‍ മാത്രം ഒഴുകി...അത് തൊണ്ടയില്‍ തങ്ങി മുറിഞ്ഞു മുറിഞ്ഞു വീണുകൊണ്ടേയിരുന്നു.
സമയം വല്ലാണ്ട് നീങ്ങി....വേദനകളുടെ രാത്രി കടിച്ചമര്‍ത്തിയവള്‍ നേരം വെളുപ്പിച്ചു...അവനു കൊടുത്ത വാക്കവള്‍ തെറ്റിച്ചില്ല. ഉരുകിയുണക്കം പിടിച്ച, കരുവാളിച്ച ആ മുറിവുകളും കൊണ്ടവള്‍ അവനു മുന്നില്‍ വന്നിറങ്ങുമ്പോള്‍, അവനെ ഭ്രാന്തനെപ്പോലെയായി. ഓടിവന്നവനെ ഇറുകെപ്പുണര്‍ന്ന അവളെ അവന്‍ മാറിമാറി ചുംബിച്ചു.
"എന്താടാ...എന്തായിത് എന്താ പറ്റിയെ..?????
കരഞ്ഞുകൊണ്ടാണവന്‍ ഇതു ചോദിച്ചത്. അവള്‍ ഒരു മറുപടിയും പറഞ്ഞില്ല...ഒരായിരം തേങ്ങലില്‍ അവള്‍ ആ മറുപടിയൊതുക്കുമ്പോള്‍ അവന്‍ എല്ലാം മനസ്സിലാക്കിയിരുന്നു...വല്ലാത്തൊരാവേശത്തോടെ അവന്‍ അവളെ പുണര്‍ന്നു.... കദനങ്ങള്‍ കണ്ണീരായി, അവ അവരുടെ നെഞ്ചില്ലൂടെ ചേര്‍ന്നൊഴുകി നിലത്തുപതിച്ചു കൊണ്ടിരുന്നു....
നേര്‍ത്ത കൈത്തലം തോളില്‍ സ്പര്‍ശിച്ചപ്പോള്‍ ശ്യാം കണ്ണുകള്‍ തുറന്നു.
"എന്തായിത്...ശ്യാം.. നീയിങ്ങനെ തളര്‍ന്നാലോ..???
കൂട്ടുകാരായിരുന്നു അത്. അവന്‍ അവരുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവള്‍ അപ്പോഴും അവന്റെ നെഞ്ചില്‍ തളര്‍ന്നു കിടക്കുകയായിരുന്നു.
നിങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നത് കാണാന്‍ ഞങ്ങളും, ഈ കോളേജിലെ കാറ്റും, മരവും, മണ്‍തരികളും വരെ കാത്തിരിക്ക്യാ... നിങ്ങളുടെ സ്നേഹം സത്യമാണ്. ഞങ്ങള്‍ക്കറിയാം. ഒരീശ്വരന്‍മാര്‍ക്കും ഈ സ്നേഹം കണ്ടില്ല്യാന്നു നടിക്കാന്‍ കഴിയില്ലടാ. അവര്‍ തുടര്‍ന്നു. എന്നാലും, നീറുന്ന ഒരു വ്യഥയുണ്ട് ഞങ്ങളുടെ ഹൃദയത്തില്‍.,.. നിങ്ങള്‍ രണ്ടുപേരും പഠിയ്ക്കയാണ്. ഒരു കുടുംബം, ജീവിതം എന്നൊക്കെപ്പറയുമ്പോള്‍ നമ്മുക്ക് ചിന്തിയ്ക്കാവുന്നതിലും അപ്പുറമാണിപ്പോള്‍.,. ഒളിച്ചോടി വിവാഹം കഴിച്ചത് കൊണ്ട് ഒന്നുമായില്ലടാ. അങ്ങോട്ടെങ്ങിനെ...പിന്നീട് ജീവിതം.... പണം.... വീട്...എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? ജീവിച്ചു വിജയിച്ചു കാണിക്കണ്ടെടാ...എല്ലാരോടും പോരടിച്ചു നിങ്ങള്‍ തളര്‍ന്നീ മണ്ണിലടിയുന്നത് കാണാന്‍ ഞങ്ങള്‍ക്കാവില്ലെടാ ശ്യാം...അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
"നിങ്ങളെന്താ പറയണേ!!!! ഞാനെന്തു ചെയ്യണം...നിങ്ങള് തന്നെ പറയ്..
"നീയൊരു ജോലി സമ്പാദിക്കണം. അതുവരെ ജ്യോ അവളുടെ ബാപ്പാ പറയുന്നത് കേട്ടു നില്‍ക്കട്ടെ. ആരും ഇനിയറിയണ്ട നിങ്ങളുടെ ഈ പ്രണയം. എല്ലാം കെട്ടടങ്ങീന്നു എല്ലാരും കരുതട്ടെ. അതാവും നിങ്ങളുടെ വിജയം. ഇത് കേട്ടവള്‍ അവന്‍റെ നെഞ്ചില്‍ നിന്നും മെല്ലെയുയര്‍ന്നു. അവന്റെ കണ്ണുകളില്‍ മാറിമാറി നോക്കി.
അവന്‍ പറഞ്ഞു. കൂട്ടുകാര്‍ പറഞ്ഞത് നീ കേട്ടില്ലേ ജ്യോ?
"ഹും...അവള്‍ മൂളി.
നമ്മള്‍ പിരിയുകാ.... തല്ക്കാലം. ഒരുനാള്‍ ഞാന്‍ വരും നിന്നരുകില്‍,... അതുവരെ, നമ്മുക്ക് രണ്ടാകാം... അവളുടെ നെറ്റിയില്‍ നേര്‍ത്തൊരു ചുംബനം നല്‍കിയവന്‍ പറഞ്ഞു. പിന്നെ അവന്റെ വിരലില്‍ കിടന്ന സ്വര്‍ണ മോതിരം ഊരി അവളുടെ വിരലില്‍ അണിയിച്ചു. എന്നിട്ട് പറഞ്ഞു..
"ജ്യോ..ഇതെന്‍റെ ഹൃദയമാണ്. അതിപ്പോള്‍ നിന്റെ കൈക്കുമ്പിളില്‍ ആണ്. നിനക്ക് ലാളിയ്ക്കാന്‍.,.. എന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം ഇരിക്കട്ടെ ഇത്.."
വല്ലാതെ സ്നേഹിച്ച അവര്‍ പിരിയുകയാണ്.
കണ്ണുകളില്‍ നോക്കി... കണ്ണുകളില്‍ നോക്കി....കരങ്ങള്‍ തഴുകിയൊഴുകി...ഒരു മാലാഖയെപ്പോലെ...അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറി....വെള്ളനൂല്‍ വസ്ത്രങ്ങള്‍ തിരകളെപോലെയാടി...ഒഴുകിയൊഴുകി നീങ്ങുന്നപോലവള്‍,. കണ്ണീര്‍ത്തുടങ്ങള്‍ നിലത്തുവീണ് പൊട്ടിച്ചിതറി. അവന്‍റെ നെഞ്ചില്‍ അതിനലകള്‍ ആഞ്ഞടിച്ചു. കാറ്റ് നിന്നു. പ്രകൃതി തളര്‍ന്നു. ഇലകള്‍ വാടി. മേഘങ്ങള്‍ ഓടി ഒന്നറച്ചു നിന്നു. അവള്‍ അകന്നകന്നു പോകയാണ്. ഇടയ്ക്കവനെ തിരിഞ്ഞു നോക്കി. അവന്‍ ശിലപോലെ അവിടെ. അവന്‍റെ നെഞ്ച് തുരന്നു ഹൃദയത്തില്‍ നിന്നും ഒരു ചുവന്ന നൂല്‍ നേര്‍ത്തു വലിച്ചവള്‍ അവളുടെ കൈവിരലില്‍ ചുറ്റിചുറ്റി മറഞ്ഞു പോയി.....
നൊമ്പരം കൊണ്ട് വീര്‍പ്പുമുട്ടിയ 4 മാസം. ഒടുവില്‍, അവന്‍ യാത്രയാകുകയാണ്. അവള്‍ വന്നു അവനെ യാത്രയാക്കാന്‍,. ആരും കാണാതെ വിമാനത്താവളത്തിന്‍റെ ഓരം ചേര്‍ന്നവള്‍ നിന്നു. അവന്‍ അവളെ നോക്കി. അവള്‍ അവനെയും. കണ്ണുകള്‍ കൊണ്ടവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു..,... ഒന്നും ഉരിയാടാതെ.....
സൌദിഅറേബ്യയിലെ മണലാരണ്യത്തില്‍ അവന്‍ ഇറങ്ങുമ്പോള്‍.,...ഒരായിരം സ്വപ്നങ്ങളുടെ കൂട്ടുണ്ടായിരുന്നു അവനു. അവന്റെ ആദ്യകത്ത് അവള്‍ പൊട്ടിച്ചു വായിച്ചു. അതിലവന്‍ ഇങ്ങനെ എഴുതിയിരുന്നു.
"എന്റേതു മാത്രമായ എന്‍റെ ജ്യോ.... പിന്നീടവള്‍ക്കൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. അവളുടെ കൈകളില്‍ ഇരുന്നത് വിറയ്ക്കാന്‍ തുടങ്ങി. കണ്ണുകള്‍ സതീര്‍ത്ഥങ്ങളായി. അവ നിറഞ്ഞൊഴുകി ആ പേപ്പര്‍ നനഞ്ഞു കുതിര്‍ന്നു. അതിനെ നെഞ്ചോട് ചേര്‍ത്തണച്ചു തേങ്ങിക്കരഞ്ഞവള്‍ ആ കിടക്കയിലേയ്ക്ക് വീണു.
പിന്നീടും മാസങ്ങള്‍ സ്വപ്നങ്ങളെ തുഴയെറിഞ്ഞ് നീക്കി. ഒടുവില്‍, വന്ന അവളുടെ കത്തു അവന്‍ തുറന്നു...ആ വരികളിലൂടെ അവന്‍ കണ്ണുകള്‍ ഓടിച്ചു.
"എന്‍റെ ശ്യാം....എന്‍റെ പ്രാണനായ ശ്യാം...ഞാന്‍ നീറുകയാണിവിടെ. എന്നാ നീ വരിക...? ബാപ്പ എന്നെ ആര്‍ക്കെങ്കിലും കൊടുക്കും മുന്‍പേ വരുമോ നീ..? ഞാനൊരു പെണ്ണാണ്. എന്‍റെ ചെറുത്തു നില്‍പ്പുകള്‍ക്ക് പരിധിയുണ്ട്. എന്നാലും ഞാന്‍ കാത്തിരിക്കും. നിനക്കായി...എന്‍റെ അവസാന ശ്വാസം വരെയും. ഇനിയും നീ വന്നില്ലെങ്കില്‍ നമ്മുടെ സ്വപ്‌നങ്ങള്‍, നമ്മുടെ സ്നേഹം, അനാഥമായി ഏതെങ്കിലും ഒരു വഴിവക്കില്‍ അലഞ്ഞു നടക്കും....നിന്‍റെ ഹൃദയം എന്‍റെ കൈകളിലാണ്. ആരും കാണാതെ കാത്തുവയ്ക്കുകയാണീ പാവം.... നീ വരിക...നിന്റേതു മാത്രമായ ജ്യോ...
വായിച്ചു തീര്‍ന്നപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നവന്‍ മനസ്സില്‍ പറഞ്ഞു.
"ഞാന്‍ വരുകയാണ് ജ്യോ ....നിന്നരുകിലേയ്ക്ക്. നാം തീര്‍ത്ത സ്വപ്നങ്ങളുടെ നടുവില്‍... ഞാന്‍ വരികയാണ് ജ്യോ... ഞാന്‍ വരികയാണ്."
പക്ഷെ, അവനു പോകാന്‍ കഴിഞ്ഞില്ല. ഒരു നൂറായിരം ബന്ധനങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്റെ തോളില്‍ ചങ്ങല കൊണ്ട് തീര്‍ത്തിരുന്നു അവന്റെ കുടുംബം. അവനറിയാതെ, അവളുടെ ബാപ്പയുടെ ഭീക്ഷണിയില്‍ ഭയന്നു സാധുക്കളായ അവന്റെ അച്ഛനും, അമ്മയും അവനു കത്തെഴുതി....
"സ്നേഹം നിറഞ്ഞ ശ്യാം... നിന്റെ പ്രണയം ഞങ്ങളറിഞ്ഞു. അച്ഛന്‍ നിനക്കവളെ തരും. പക്ഷെ എന്‍റെ മോന്‍ ഇപ്പോള്‍ അവിടെ നില്‍ക്കണം. അച്ഛന്‍ പറയും ഒരു ദിനം... അന്നെന്റെ മോന്‍ വരണം. നീ വരുമ്പോള്‍ അവളിവിടെ ഉണ്ടാകും...ഈ വീടിന്‍റെ ഉമ്മറപ്പടിയില്‍,നിന്നെയും കാത്ത്... ഉറപ്പു. നിനയ്ക്കായി എന്‍റെ ഉറപ്പു.....
പിന്നീടു അവളുടെ കത്തുകള്‍ അവനു വന്നില്ല. ബാപ്പ തീര്‍ത്ത കുരുക്കുകളില്‍ കഴുത്തകപ്പെട്ടു പിടയുകയായിരുന്നു അവള്‍.,.. ഒടുവില്‍, അയാളുടെ തീരുമാനങ്ങള്‍ നിക്കാഹായി അവളുടെ മുന്നില്‍ വന്നു നിന്നു. സദസ്സില്‍ ആളുകള്‍ കൂടെ, അവള്‍ മുറിയുടെ ഉള്ളിലിരുന്നു അലറിക്കരഞ്ഞു. ശ്യാം.....എന്‍റെ ശ്യാം... നീയെവിടെയാണ്...ഞാന്‍ തകരുന്നത് നീ കാണുന്നില്ലേ ... ശ്യാം എന്‍റെ ശ്യാം...മുടിയഴിച്ച് ഭ്രാന്തിയെപ്പോലെയവള്‍ കണ്ടതെല്ലാം തച്ചുടച്ചു. കൈകളിലും, മുഖത്തും ചോരപുരണ്ടവള്‍ ഭ്രാന്തമായി അലറി. കണ്ടവര്‍ കണ്ടവര്‍ ഭയന്നു പിന്മാറി. എങ്ങു നിന്നോ വന്ന ബാപ്പയുടെ ആളുകള്‍ അവളെ പിടിച്ചു നിര്‍ത്തി. പുരുഷാരം നോക്കി നില്‍ക്കെ, അയാള്‍ അവളെ മര്‍ദിച്ചു. അവള്‍ ഒരു പേപ്പട്ടിയെപ്പോലെ അയാളുടെ നേരെ ചീറിയടുത്തു.
"മുഴുവട്ടാ... മുഴുവട്ട്.. ആളുകള്‍ പറഞ്ഞു... കാതുകളില്‍ നിന്നും കാതുകളിലേയ്ക്ക് അത് പാഞ്ഞു..... ഒടുവില്‍, അന്ധകാരം നിറഞ്ഞ മനോരോഗ സെല്ലിലെ നിലത്തേയ്ക്കവള്‍ വലിച്ചെറിയപ്പെട്ടു....
മാസങ്ങള്‍ പിന്നേയും പോയ്മറഞ്ഞു. രാവുകള്‍ തീര്‍ത്തും എകാന്തമായ് തോന്നിയവന്. അവളുടെ വിവരങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ, അച്ഛന്‍ അവസാനമായ് പറഞ്ഞ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്തുകൊണ്ടായിരുന്നു പിന്നീടുള്ള അവന്റെ ഓരോ ദിനവും. ഒടുവില്‍, ആ ദിവസവും വന്നണഞ്ഞു. അവളുടെ ഇഷ്ടങ്ങള്‍ തേടിനടന്നു വാരിക്കൂട്ടി അവന്‍ നാട്ടിലേയ്ക്ക്.....
വിമാനത്താവളത്തില്‍ നിന്നും പുറത്തേയ്ക്കിറങ്ങുമ്പോള്‍ നാലുവശവും അവളെ തേടുകയായിരുന്നു അവന്‍.,..പക്ഷെ, അവളെ കണ്ടില്ല. മെല്ലെയവന്‍ അച്ഛനോട് ചോദിച്ചു.
"ആദ്യം നീ വീട്ടിലേയ്ക്ക് വരിക. അവിടെ ചെന്നിട്ടാകട്ടെ എല്ലാം"... ഇതായിരുന്നു മറുപടി. വീട്ടിലെത്തുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു.
"മോനെ, നിന്നോടിതു എങ്ങനെ പറയണം എന്നെനിയ്ക്കറിയില്ല. അവന്‍ ആശ്ചര്യത്തോടെ അയാളെ നോക്കി.
"അവള്‍ പോയി, മോനെ...നിന്നെവിട്ട്...അവളിന്ന് മറ്റൊരാളുടെ ഭാര്യയാണ്. അതില്‍ കൂടുതല്‍ ഒന്നും എനിക്കറിയില്ല മോനെ.
അവന്‍ വല്ലാതൊന്നു ഞെട്ടി.
"ങേ! എന്താ അച്ഛന്‍ ഈ പറയണേ? എനിക്കൊന്നും മനസ്സിലാവണില്ല്യ..."
ഇതുകേട്ട് അയാള്‍ മെല്ലെ അവന്റെ തോളത്തു കൈവച്ചു. അവന്‍ ആ കൈതട്ടി മാറ്റി മുരണ്ടു.
"ഇത് ചതിയാണ്, കൊടും ചതി. എനിക്കറിയാം നിങ്ങളറിഞ്ഞുകൊണ്ട്.... നിങ്ങളറിഞ്ഞുകൊണ്ടെന്നെ ചതിയ്ക്കയായിരുന്നൂല്ലോ അച്ഛാ...??? നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്റെ ജീവിതം ബലി കൊടുത്തു. നിങ്ങള്‍ക്കറിയ്യോ... ന്‍റെ പ്രാണനാ അവള്‍.,... അതാ എന്നില്‍ നിന്നും നിങ്ങള്‍ തട്ടി മാറ്റിയേ....എനിക്കറിയാം അവളെ...എനിക്കറിയാം അച്ഛാ അവളെ. തേങ്ങിക്കരഞ്ഞുകൊണ്ടവന്‍ മുട്ടുകുത്തി നിലത്തിരുന്നു. നിലത്തു നെറ്റി ചേര്‍ത്തവന്‍ വിതുമ്പി. കണ്ണീര്‍ ചവിട്ടുപ്രതലത്തിലൂടെ ഒഴുകാന്‍ തുടങ്ങി.
എത്രനേരം മണ്ണിനോട് സങ്കടം പറഞ്ഞെന്നറിയില്ല. വിരലുകള്‍ തോളില്‍ സ്പര്‍ശിച്ചപ്പോള്‍ അവന്‍ നിവര്‍ന്നു. പിന്നെ അടുത്തുകിടന്ന സോഫയില്‍ തലചായ്ച്ചിരുന്നു. മുഖത്തിന് നേരെ ഒരു കുഞ്ഞു കവര്‍ അയാള്‍ വച്ചു നീട്ടിയപ്പോള്‍ കൈനീട്ടി അവനതു വാങ്ങി. അവളുടെ നിക്കാഹിന്‍റെ കുറിമാനം. അവനതിലേയ്ക്ക് കണ്ണോടിച്ചു. പിന്നീട്, അകലങ്ങളിലേയ്ക്കു മിഴിപായിച്ച് അവനിരുന്നു.....
ഓര്‍ത്തോര്‍ത്ത് തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിന്നീടുള്ള ഓരോ ദിനങ്ങളും അവനു ഓരോ യുഗങ്ങളായി തോന്നി. അവള്‍ക്കായി വാങ്ങിക്കൂട്ടിയതെല്ലാം അവന്റെ മുറിയില്‍ ഉപേക്ഷിച്ചു, എല്ലാം മറക്കാനായി....നൊമ്പരങ്ങള്‍ മാത്രം നെഞ്ചില്‍ കൂട്ടി ജീവിയ്ക്കാന്‍...,...തോളില്‍ നിറയെ വിഷമതകളും പേറിയവന്‍ തളര്‍ന്നിറങ്ങി. പ്രവാസത്തിന്റെ കൊടും താപത്തിലേയ്ക്ക്......
വര്‍ഷം ഒന്ന് കഴിഞ്ഞു....മനസ്സില്‍ നിന്നും അവള്‍ പോയില്ലെങ്കിലും, യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയായിരുന്നു അവന്‍.,...നാട്ടിലേയ്ക്ക് പോകണം എന്നവന് തോന്നിയതേയില്ല. ആരോടും മിണ്ടാതെ...എന്തിനോ വേണ്ടിയൊരു ജീവിതം. അവന്‍ ചിന്തിച്ചു. ശാപങ്ങളുടെ കളിപ്പറമ്പാണോ ജീവിതം. അതോ സ്വപ്നങ്ങളുടെ ശ്മശാനമോ???? രണ്ടായാലും എങ്ങും കൈപിടിച്ചെത്താന്‍ കഴിയാത്ത ഒരു കൂട്ടം ജന്മങ്ങള്‍ ഉണ്ടിവിടെ. അവരില്‍ ഒരാളായി, ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി സ്വപ്നങ്ങള്‍ ബലിയാടാക്കി ഒരു ജീവിതം. അന്ന് മുറിയില്‍ എത്തുമ്പോള്‍...,...യാദൃശ്ചികമായി ഒരു കത്ത് അവനെ കാത്ത് കതകിനിടയില്‍ ഉണ്ടായിരുന്നു......
മുറി തുറന്നു ഉള്ളില്‍ കയറി. അവനാ കത്ത് തുറന്നു വായിച്ചു.
"സ്നേഹം നിറഞ്ഞ ശ്യാം....എങ്ങനെയെഴുതണം ..എവിടെ നിന്ന് തുടങ്ങണം എന്നെനിയ്ക്കറിയില്ല. കണ്ടിട്ട് എത്രനാള്‍ ആയി? നിനക്ക് സുഖമല്ലേ? എന്താ നിന്റെ വിശേഷങ്ങള്‍ ?....ഞാന്‍ ജനിയാണ്. നിന്‍റെ കൂട്ടുകാരി. ജ്യോയ്ക്ക് സുഖാണോ? നീ എന്നുവരുമിനി? നിന്നോട് ഒരുപാട് പറയാനുണ്ട്. നിന്നെക്കാണണമെന്ന മോഹവുമുണ്ട്....നിന്നോട് മാത്രം പറയാനായി....ഒരുപാടുണ്ടെനിയ്ക്ക്...ഞങ്ങള്‍ക്ക്....നിങ്ങളുടെ പ്രിയകൂട്ടുകാര്‍ക്ക്.... ഒരുപാടൊരുപാട്. നീ വരണം. എത്രയും വേഗം...... എന്ന് ജനി....
ഇതിന്‍റെ അര്‍ത്ഥതലങ്ങള്‍ ഒന്നും അവനു മനസ്സിലായില്ല. ആയതിനാല്‍ തന്നെ അവനു വല്ലാത്ത അമ്പരപ്പാണ് ഉണ്ടായത്. അവനാ കത്തിന് മറുപടിയെഴുതി.
"പ്രിയ ജനിയ്ക്ക്.....
എന്‍റെ വിശേഷങ്ങള്‍ ഇതിനകം തന്നെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമല്ലോ? എന്താണ് നിനക്ക് പറയാനുള്ളത്? നിങ്ങളുടെ മോഹങ്ങള്‍ പോലെ അവള്‍ എന്റേതായില്ല. എന്‍റെ ജ്യോ.... നിനക്കറിയായിരുന്നില്ലേ അവളെ? അവള്‍ക്കെന്നോടുള്ള സ്നേഹത്തെ... അവള്‍ക്കെന്നോട് എങ്ങിനെ ചെയ്യാന്‍ കഴിഞ്ഞു ഇങ്ങനെ? നീയവളെ കണ്ടോ? അവള്‍ക്കു സുഖാണോ? എന്‍റെ കൈകള്‍ വിറയ്ക്കുന്നു. നെഞ്ചിന്‍റെ താളം നിലയ്ക്കുന്നപോലെ. എനിയ്ക്കിവിടെ ഒന്നും കുറിയ്ക്കാന്‍ കഴിയണില്ല്യ. ഒന്നുമാത്രം....ഒരേ ഒരു വാക്ക് മാത്രം....എന്നെ തെറ്റിദ്ധരിയ്ക്കരുത് നിങ്ങളാരും... സ്നേഹത്തോടെ ശ്യാം.....
(പ്രിയപ്പെട്ട വായനക്കാരെ! കത്തുകള്‍ കൊണ്ട് മാത്രം സ്നേഹിയ്ക്കാനും, സ്നേഹിയ്ക്കപ്പെടാനും, സ്നേഹമറിയിയ്ക്കാനും കഴിഞ്ഞിരുന്നൊരു കാലം ഉണ്ടായിരുന്നു. ഇത് വായിയ്ക്കുമ്പോള്‍ ആ കാലത്തിലായിരിയ്ക്കണം നിങ്ങളുടെ മനസ്സ്......)
അതിനു മറുപടിയായി വന്ന ജനിയുടെ അവസാന കത്തില്‍ അവളിങ്ങനെ കുറിച്ചിരുന്നു.... എന്താ ശ്യാം, നീയെന്താണീ പറയുന്നത്? നിനക്കറിയില്ലേ അവളെ? നിനക്കായി മാത്രം പിറന്നോളാ അവള്. ആ അവള്‍ നിന്‍റെ കൈകളില്‍ ഇല്ലെങ്കില്‍, അവള്‍ മരിച്ചിരിക്കും. ഉറപ്പാ എനിക്ക്. എനിക്കറിയാം അവളെ. അവളുടെ മനസ്സിനെ, പിന്നെ നിന്നോടുള്ള അവളുടെ പ്രണയത്തെ...എല്ലാം. നീയെന്തൊരു വിഡ്ഢിയാണ് ശ്യാം. അവളെ നീ നഷ്ടപ്പെടുത്തുകയോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. അങ്ങനെയാണെങ്കില്‍ ഇനിയെനിക്ക് ഒന്നേ നിന്നില്‍നിന്നും അറിയേണ്ടൂ. നിനക്ക് വരാന്‍ കഴിയുമോ...? ഇവിടെയ്ക്ക്. ഒരിക്കല്‍ കൂടി, ഒരേ ഒരു വട്ടം കൂടി. നിങ്ങളുടെ സ്നേഹത്തിന്‍റെ ചൂടും ചൂരുമറിഞ്ഞ നമ്മുടെ ആ പഴയ നെല്ലിച്ചുവട്ടിലേയ്ക്ക്. അവിടെ നിനക്കായി...നിങ്ങള്‍ക്കായ് കാത്തിരിക്കുന്ന ആ മണ്ണിലേയ്ക്ക്, മരങ്ങളിലേയ്ക്ക്, വീശിയടിക്കുന്ന കാറ്റിലേയ്ക്ക്, നമ്മുടെ കോളേജിന്റെ ഇടനാഴികളിലേയ്ക്ക്....നീ വരണം. വരാതിരിക്കരുത്. ഇത് എന്‍റെ നിന്നോടുള്ള അപേക്ഷയാണ്.
ഒടുവില്‍, അവനെത്തി. അവള്‍ പറഞ്ഞപോലെ. ആ നെല്ലിച്ചുവട്ടില്‍. കുറെ നേരം ഒന്നും ഉരിയാടാന്‍ കഴിയാതെ നിന്നു ഇരുവരും. ഒടുവില്‍, ആ മൌനം പതിയെമുറിച്ചവന്‍ പറഞ്ഞു.
"ജനീ....നീയെന്നെ തെറ്റിദ്ധരിക്കല്ലേ. ഞാന്‍ എല്ലാം നിന്നോട് പറയാം. നീ കരുതുംപോലെയല്ല കാര്യങ്ങള്‍ നടന്നത്. നിനക്ക് തോന്നുന്നുണ്ടോ അവളെ ഞാന്‍ അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തും എന്ന്. ഒരിക്കലും ഇല്ല. ഇതെല്ലാം നടക്കുമ്പോള്‍ ഞാനീ നാട്ടില്‍ ഇല്ലെന്നു കൂടി ഓര്‍ത്തില്ലല്ലോ ജനി. ജ്യോ യെ പ്പോലെ എനിക്കും ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൂടി നിങ്ങള്‍ എല്ലാപേരും മനസ്സിലാക്കണം. എന്നാലും എന്‍റെ ജ്യോ എനിക്ക് നഷ്ടമായതിനു ഞാന്‍ മാത്രാ ഉത്തരവാദി....ഞാന്‍ മാത്രാ ജനീ. അവന്‍ പറഞ്ഞതെല്ലാം അവള്‍ മൂളിക്കേട്ടു. നടന്നതെല്ലാം അവന്‍ അവളോട് തുറന്നു പറഞ്ഞു. കേട്ടവള്‍ സ്തബ്ധയായിരുന്നു. എന്നിട്ടവള്‍ ഇങ്ങനെ പറഞ്ഞു.
"നീയിനി സങ്കടപ്പെടരുത്. ഞാന്‍ തിരക്കാം അവളെക്കുറിച്ച്. പക്ഷെ, ഒന്ന് നീ അറിയണം ശ്യാം. അവളെകണ്ടാല്‍, നിനക്ക് നിന്നെ നിയന്ത്രിക്കാന്‍ കഴിയുമോ? നീയെനിക്ക് ഉറപ്പുതരുക. കാരണം, അവളെ നാം കാണുന്നത് എന്ത് നിലയിലായിരിക്കും എന്നെനിക്കുറപ്പില്ല. ഒരുപക്ഷെ, എന്‍റെ വിശ്വാസങ്ങള്‍ തെറ്റിച്ചു അവളൊരു നല്ല ഭാര്യയായി, അല്ലെങ്കില്‍ കുടുംബിനിയായി കഴിയുകയാണെങ്കില്‍ .....അവളുടെ ജീവിതം, അവളുടെ സ്വപ്‌നങ്ങള്‍ തച്ചുടയ്ക്കണോ നമുക്ക്?????
അവന്‍ ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ട്. എന്നിട്ട് പറഞ്ഞു...
"ഉറപ്പ്, നിനക്ക് ഞാന്‍ ഉറപ്പു തരാം. അങ്ങനെയെങ്കില്‍, അവളുടെ കുടുംബജീവിതത്തിലേയ്ക്ക് ഞാനൊരു ഭാരമായി, അവള്‍ക്കു വീണ്ടും ഒരു നൊമ്പരമായി ചെല്ലില്ല. അതുപോരെ നിനക്ക്? അവന്‍ തുടര്‍ന്നു.
"എന്നാലും....എനിക്ക് ചോദിക്കണം അവളോട്. എന്നെ പിരിയാന്‍ അവള്‍ക്കെങ്ങനെ കഴിഞ്ഞുവെന്നു..." അതുമാത്രം, അതുമാത്രം മതിയെനിക്ക്.
അവള്‍ പറഞ്ഞു...
"ഞാന്‍ തിരക്കട്ടെ ശ്യാം ആദ്യം....നീയിപ്പോള്‍ സമാധാനമായി പോയ്ക്കൊള്ളൂ. നല്ലതേ വരൂ. അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ തന്നെയാകും നടക്കുക. എന്‍റെ വിശ്വാസമാ അത്. ഇത്രയും പറഞ്ഞുകൊണ്ട് അവനെ നോക്കി ചെറു പുഞ്ചിരിയോടെ അവള്‍ നടന്നകന്നു. അവളെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനും....
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഒരു ദിവസം ജനി പറഞ്ഞതനുസരിച്ച് ശ്യാം എത്തി. രണ്ടുപേരും നടന്നകന്നു. ഇടയില്‍ ഒരു വാക്ക് പോലും ഉരിയാടാതെ. അവള്‍ അറിഞ്ഞുകൊണ്ട് മൌനം പാലിയ്ക്കുകയാണ് എന്ന് തോന്നി അവനു. ബസില്‍ യാത്ര ചെയ്യുമ്പോഴും സീറ്റില്‍ തല ചായ്ച്ചു സങ്കടത്തോടെയാണവള്‍ ഇരുന്നിരുന്നത്. ഒടുവില്‍, അവളവനെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു മാനസിക ആശുപത്രിയുടെ വാതില്‍ക്കല്‍ എത്തിച്ചു. അവന്‍ ആശ്ചര്യത്തോടെ അവളോട് ചോദിച്ചു.
"എന്താ ജനി ഇത്...? എന്തിനാ നാമിവിടെ വന്നത്?...ഇത്രയും ചോദിച്ചു കൊണ്ട് അവന്‍ മടിച്ചുനിന്നു. അവള്‍ ചെന്ന് അവന്‍റെ കൈ പിടിച്ചു.
"പോരൂ...ശ്യാം, എന്റെയൊപ്പം."
അവനെക്കൂട്ടി അവള്‍ അകത്തേയ്ക്ക് പോയി. ഇരുട്ട് വീണു തുടങ്ങിയ ഒരു മുറിയുടെ മുന്നില്‍ അവര്‍ ചെന്ന് നിന്നു. അവന്‍റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവനറിയാതെ പറഞ്ഞു. എന്‍റെ ജ്യോ....അവളല്ലേ അത്!!! ...... അവളായിരുന്നു അത്. കറുത്ത് കരുവാളിച്ചു, തലയില്‍ തട്ടമില്ലാതെ, പാറിപറന്നുവീണ മുടികളുമായി, അവശയായി ആ കോണില്‍.,......അവന്‍ ഇരുമ്പുകമ്പികള്‍ കൊണ്ട് തീര്‍ത്ത വാതിലിനടുത്തേയ്ക്ക് ഓടിയടുത്തു. ആ കമ്പിയില്‍ പിടിച്ചവന്‍ തേങ്ങിവിളിച്ചു.....
"ജ്യോ....എന്‍റെ ജ്യോ...അവള്‍ മൂകയായി , കേള്‍ക്കാത്ത പോലെ ഇരുന്നു. അവന്‍ നെഞ്ചുപൊട്ടുന്ന വേദനയോടെ വീണ്ടും വിളിച്ചു....
"ജ്യോ...എന്‍റെ ജ്യോ...ഇത് ഞാനാണ്. നിന്‍റെ ശ്യാം. നിന്റേതുമാത്രമായ നിന്‍റെ ശ്യാം....ഇനിയെങ്കിലും, ഒന്നെന്നെ നോക്കില്ലേ നീ...??? അവന്‍ ആ കമ്പികളില്‍ തല ചേര്‍ത്ത് ഇടിച്ചു. പിന്നീട് തേങ്ങിത്തേങ്ങി കരഞ്ഞു.
ഇടയിലെപ്പോഴോ ആ മുറിയ്ക്കകത്ത് നിന്നൊരു തേങ്ങല്‍ അവന്‍ കേട്ടു. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
"ജ്യോ....അവന്‍ പതിയെ വിളിച്ചു. അവളവനെ മെല്ലെ തിരിഞ്ഞു നോക്കി. പാറിപ്പറന്ന മുടിയിഴകള്‍ക്കിടയിലൂടെ അവന്‍ കണ്ടു . അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി, നിലത്തേയ്ക്ക് അടര്‍ന്നു വീഴുന്നു. പിന്നവന് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആ കമ്പികളിലൂടെ ഊര്‍ന്നു ആ നിലത്തവന്‍ മുട്ടുകുത്തി ഇരുന്നു. ജ്യോ...എന്ന് വിളിച്ചു, കരഞ്ഞുകൊണ്ടവന്‍ അവന്‍റെ വലതു കരം ആ മുറിയ്ക്കകത്തേയ്ക്ക് നീട്ടി. അവള്‍ അവളുടെ വലതുകരം നീട്ടി അവന്‍റെ കൈയിലേയ്ക്ക് വച്ചു. ആ കരം പിടിച്ചവന്‍ മെല്ലെ എഴുന്നേറ്റു. ഒപ്പം അവളും. പിന്നീടവന്‍ കണ്ണുകള്‍ കൊണ്ടവളെ സ്നേഹത്തോടെ വിളിച്ചു. ഒരു തേങ്ങലോടെ, അവള്‍ അവനിലേയ്ക്കടുത്തു. ചേര്‍ത്തണച്ചു അവന്‍ അവളെ. ജനി ഇതെല്ലാം കണ്ടു അത്ഭുതത്തോടെ നില്‍ക്കുകയായിരുന്നു. ഒന്നും മിണ്ടാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല.
ഒടുവില്‍, അവന്‍ അവളുടെ ഓമനമുഖം കൈകളില്‍ ചേര്‍ത്തു വിതുമ്പി ചോദിച്ചു.
"എന്താടാ നീ ഇങ്ങനെ? എന്തിനായിരുന്നു ഇത്രേം ത്യാഗം...?? ഞാനൊരു മണ്ടനായിപ്പോയി ജ്യോ....വെറുമൊരു വിഡ്ഢി. പിന്നീടൊന്നും അവനു പറയാന്‍ കഴിഞ്ഞില്ല. അവള്‍ അവന്റെ കണ്ണീര്‍ തുടച്ചുകൊണ്ട് ചോദിച്ചു...
"ദേ! നോക്കിയേ, അവസാനമായി നാം പിരിഞ്ഞത് ഓര്‍ക്കുന്നോ ശ്യാം... അന്ന് നീയെന്നോട് പറഞ്ഞത് ഓര്‍ക്കുന്നുവോ? നിനക്കായി കാത്തിരിക്കാന്‍,.... ഒരു ദിവസം ഓടിയണയും എന്നരുകില്‍ എന്ന്...പറഞ്ഞത് ഓര്‍ക്കുന്നുവോ നീ..? ഇന്നാണ് ആ ദിവസം. ആ ദിവസത്തിനായി ഞാന്‍ കാത്തിരുന്നതാ ശ്യാം ഇവിടെ. എന്‍റെ ബാപ്പായെക്കാളും സുരക്ഷിതമായി തോന്നിയിവിടം. ഈ കട്ട ഇരുട്ട് പിടിച്ച ചുവരുകള്‍ എന്നെ പൊന്നുപോലെ നോക്കി. എന്‍റെ കാത്തിരുപ്പിന്‍റെ, പ്രാര്‍ത്ഥനയുടെ ഫലം....ഇതു പറയുമ്പോഴെല്ലാം...അവര്‍ രണ്ടുപേരും പരസ്പരം എന്തൊക്കെയോ പറഞ്ഞു തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഒപ്പം ജനിയും.....
അവസാനിച്ചു......
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ