2014 ഏപ്രിൽ 20, ഞായറാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 18

ഓടിക്കിതച്ച് നിയ അമ്മയുടെ അരുകിലെത്തി. അടിവയറ്റില്‍ നിന്നുയര്‍ന്ന ശക്തമായ വേദന അവളുടെ ഞരമ്പുകളെ പിടിച്ചുലച്ചു. അവള്‍ തേങ്ങലോടെ അലീനയുടെ അരുകിലേയ്ക്ക് മുട്ടുകുത്തി. നിറഞ്ഞു നിന്നിരുന്ന അവളുടെ ഉദരം തുടകളില്‍ തട്ടി നിന്നു.

കൈകള്‍കൊണ്ട് അലീനയുടെ മുഖം തിരിച്ചവള്‍ പറഞ്ഞു...

"ഒന്നും സംഭവിക്കില്ലമ്മേ!! നമ്മുടെ ലിയാത്തിന്.... പറയുമ്പോള്‍ ചുണ്ടുകളില്‍ വന്നണഞ്ഞ തേങ്ങല്‍ അവള്‍ കടിച്ചമര്‍ത്തി. ഒന്ന് ചിന്തിച്ച ശേഷം അവള്‍ ചോദിച്ചു.

"തോട്ടത്തില്‍ അമ്മ ലിയാത്തിനെ തേടിയോ?

അലീന നിയയുടെ നേരെ മിഴികളുയര്‍ത്തി.

"ഇല്ല... മോളെ... ഇല്ല.. അവനെന്‍റെ വിളിക്ക് മറുവിളി കേട്ടില്ല. പിന്നൊന്നും ചിന്തിക്കാന്‍ എനിക്ക് തോന്നിയില്ല. എന്‍റെ പൊന്നുമകന് എന്തോ ആപത്തു സംഭവിച്ചു എന്നെന്‍റെ മനസ്സ് പറഞ്ഞു. മോളെ ഞാനെന്തിനീ തീരത്തു വന്നു. എന്നെ ആരാണിവിടെ കൊണ്ട് വന്നത്... ഞാനെന്ത് കൊണ്ട് കുടമുല്ലത്തോട്ടത്തില്‍ പോയില്ല. എന്‍റെ മോന്‍... എന്‍റെ മോനെവിടെ? നിയയെ പിടിച്ചുലച്ച് കരഞ്ഞുകൊണ്ട്‌ അലീന ചോദിച്ചു.

പരസ്പരബന്ധമില്ലാതെ അലീന പുലമ്പാന്‍ തുടങ്ങി. നിയ മനസ്സില്‍ ധൈര്യം സംഭരിച്ചു. ഇല്ല ഞങ്ങള്‍ രണ്ടാളും തളര്‍ന്നാല്‍ പിന്നെ എന്‍റെ ലിയാത്തിന് ആരുണ്ട്‌..? അവള്‍ അലീനയെ പിടിച്ച് അടുത്തുകണ്ട വൃക്ഷച്ചുവട്ടില്‍ ഇരുത്തി. നിറഞ്ഞ വയറുമായി അവള്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് നടന്നു. ഇരുള്‍ അവള്‍ക്കു വഴിമാറിയത് പോലെ. അവളുടെ പാദം പതിച്ചിടത്തെല്ലാം ഇന്ദു വഴികാട്ടി. തോട്ടത്തിലേയ്ക്കവള്‍ പ്രവേശിച്ചതും ഇരുളില്‍ നിന്നൊരു രൂപം അവള്‍ക്കരുകിലേയ്ക്ക് പാഞ്ഞെത്തി.

"മോളെ! നിയാ...

"അച്ഛാ.. അച്ഛനിവിടെ..??? ഈ രാവില്‍ എന്തെടുക്കുവാ ഇവിടെ? എവിടായിരുന്നു അച്ഛന്‍ ഇതുവരെ?

"അതൊക്കെപ്പറയാം.. മോള് വന്നാട്ടെ.!!!" സ്വരമടക്കി പറഞ്ഞുകൊണ്ട് ഗബില്‍ വന്നവളുടെ കരം കവര്‍ന്നു.

അവള്‍ ആ കരം തട്ടിയെറിഞ്ഞു. ചീറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് അയാളുടെ നേരെ അവള്‍ തിരിഞ്ഞു.

"എവിടെ എന്‍റെ ലിയാത്ത്..? നിങ്ങളറിയാതെ എന്‍റെ ലിയാത്ത് എവിടെയും മറയില്ല. എവിടെ എന്‍റെ ലിയാത്ത്..??

"മോളെ... ഞാന്‍ നിന്‍റെ അച്ഛനാണ്. കോപത്താല്‍ നീയത് മറക്കുന്നു. ഞാന്‍ ലിയാത്തിനെ എന്ത് ചെയ്യാന്‍. ഞാനവനെ കണ്ടിട്ടില്ല. അല്ലെങ്കില്‍ തന്നെ എന്‍റെ മകളോട് ഞാനത് ചെയ്യുമോ? നിന്നെപ്പോലെ തന്നെ ലിയാത്ത് ഇന്നെനിക്കും പ്രിയപ്പെട്ടതാണ്.

എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളറിയാതെ എന്‍റെ ലിയാത്തിന് ഒന്നും സംഭവിക്കില്ല. മറിച്ച്, എന്‍റെ ലിയാത്തിന് എന്തെങ്കിലും സംഭവിച്ചാല്‍... അതിനുത്തരവാദി നിങ്ങളാണെന്നു ഞാനറിഞ്ഞാല്‍..!!! അവള്‍ അര്‍ത്ഥഗര്‍ഭമായി വാക്കുകള്‍ നിറുത്തി.

അതുവരെ ശാന്തനായിരുന്നു ഗബില്‍ അതോടെ കോപം കൊണ്ട് വിറച്ചു. അയാള്‍ അവളുടെ നേരെ ചെന്നു. ഗബിലിന്‍റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു. ചുവന്ന കണ്ണുകള്‍ ഉരുട്ടി അവന്‍ ചോദിച്ചു.

"അങ്ങിനെയാണെങ്കില്‍...?? അങ്ങിനെയാണെങ്കില്‍ നീ എന്നെ എന്ത് ചെയ്യുമെടീ... എന്‍റെ ചോര തിന്നു വളര്‍ന്ന നീ എന്നെ ഭരിക്കുന്നോ? ഒരുമ്പിട്ടോളെ. ഗബിലിന് ഇതൊന്നും പുത്തരിയല്ല. ചോരത്തിളപ്പുള്ളോരാണിനെ കണ്ടപ്പോള്‍ സ്വന്തം തന്തയെ നീ മറന്നു അല്ലെ... നീ ചെല്ല്... ചെന്ന് വൈഗരയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പ്... ഗബിലിന്‍റെ കൈക്കരുത്ത് ഭേദിക്കാന്‍ അവനു കഴിവുണ്ടെങ്കില്‍.. അവനൊരു ആണാണെങ്കില്‍..!!! കാണട്ടെ.. ഞാനവന്‍റെ ഹുങ്ക്...വരട്ടെ അവന്‍ എന്‍റെ മുന്നില്‍.... മുങ്ങിത്താണടിഞ്ഞ വൈഗരയില്‍ നിന്നും.. ഹും...

"ങേ..!! അവളൊന്നു തേങ്ങി... എന്നാലും ധൈര്യം സംഭരിച്ചവള്‍ പറഞ്ഞു.

"ത്ഫൂ... നിങ്ങളുടെ കൈക്കരുത്ത്... നിങ്ങളുടെ കരുത്ത് ഇരുളിലല്ലേ..? ഒളിഞ്ഞിരുന്ന് വേട്ടയാടുന്ന വേട്ടപ്പട്ടിയല്ലെ നിങ്ങള്...!!!! എന്‍റെ ലിയാത്ത് ആണാണ്. നേര്‍ക്ക്‌ നേരെ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് ഒരു പുല്ലും ചെയ്യാന്‍ കഴിയില്ലെന്‍റെ ലിയാത്തിനെ. ഒരു പുല്ലും...

അവളുടെ പുച്ഛം നിറഞ്ഞ ചിറികോട്ടല്‍ കണ്ടുകൊണ്ടയാള്‍ ഒരു വേട്ടപ്പട്ടിയെപ്പോലെ തന്നെ മുരണ്ടു...

"എങ്ങിനെയോ ആകട്ടെ... ചത്തു തുലഞ്ഞ അവനുവേണ്ടി നീയെന്നോട്‌ വാദിക്കുന്നോ.. നാശം പിടിച്ചവളെ..!!!

പറഞ്ഞുകൊണ്ടയാള്‍ അവളുടെ മുടികള്‍ ചുറ്റിപ്പിടിച്ചു. നിയ വേദനകൊണ്ട് പുളഞ്ഞു. അവള്‍ വലതുകരം കൊണ്ട് പുറകില്‍ വസ്ത്രങ്ങളില്‍ തട്ടി നിന്നിരുന്ന കുടമുല്ലചെടികളില്‍ ഒന്നില്‍ പിടിച്ചു. ഗബിലിന്‍റെ പിടി മുറുകുമ്പോള്‍ അസഹ്യമായ വേദനയോടെ അവള്‍ ആ ചെടി പിഴുതെടുത്തു. അശക്തയായ അവള്‍ ഗബിലിന് മുന്നില്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. അതോടെ ഗബില്‍ അവളുടെ മുടിക്കെട്ടില്‍ നിന്ന് കൈയെടുത്തു.

"സൂക്ഷിച്ചോ.. നീയ്..." അവളുടെ നേരെ വിരല്‍ ചൂണ്ടി അയാള്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു.

വേദന കൊണ്ട് നിയ ഇരുകൈകളും കൊണ്ട് തലയുടെ പിന്‍ഭാഗം പൊത്തിപ്പിടിച്ചു. എന്നിട്ടവള്‍ കുടമുല്ലത്തോട്ടത്തിന്‍റെ ചുറ്റും നോക്കി നിലവിളിച്ചു..

"ലിയാത്ത്.... എന്‍റെ പൊന്നെ... നീയെവിടെയാണ്. ..??? അതിങ്ങനെ മരചില്ലകളിലും ചെടികളിലും തട്ടി പ്രകമ്പനം കൊണ്ടതല്ലാതെ ആരും വിളികേട്ടില്ല. അവള്‍ തളര്‍ന്നു താഴേയ്ക്കിരുന്നു. അവള്‍ക്കരുകിലൂടെ പറന്ന കാര്‍വണ്ടുകള്‍ കരഞ്ഞിരുന്നു. കാരണം അവളുടെ ദേഹത്ത് വന്നണഞ്ഞ നിശാശലഭങ്ങളുടെ, വണ്ടുകളുടെ ദേഹത്ത് നിന്നെല്ലാം കണ്ണീരിന്‍റെ നനവ്‌ പോലെ ജലം പൊടിഞ്ഞ് അവളുടെ ദേഹത്ത് പറ്റിയിരുന്നു.

ആ ഇരുളില്‍ അവളൊറ്റപ്പെട്ടത് പോലെ തോന്നി അവള്‍ക്ക്. ആ കുടമുല്ലത്തോട്ടം ഒന്നാകെ ചുറ്റിനടക്കുമ്പോള്‍ അവളുടെ തോളില്‍ ലിയാത്ത് ചേര്‍ന്നുറങ്ങുന്നപോലെ തോന്നി അവള്‍ക്ക്. ഒടുവില്‍ തളര്‍ന്ന് അവള്‍ വൈഗരയുടെ തീരത്തു തന്നെ തിരികെ ചെന്നു. കാല്‍മുട്ടുകളില്‍ തലചായ്ച്ച് അപ്പോഴും തേങ്ങിക്കരയുകയായിരുന്ന അലീന നിയയുടെ കാല്‍പ്പെരുമാറ്റം കേട്ടു തലയുയര്‍ത്തി. അവളുടെ ദയയോടുള്ള നോട്ടം കണ്ട നിയ കരഞ്ഞുകൊണ്ട് അലീനയുടെ അരുകിലിരുന്നു.

"മോളെ! ഈ മണ്ണില്‍... ഈ തീരത്തുനിന്നാണ് ഇവളെനിക്ക് അവനെ തന്നത്... ഇവള് തന്നെ എന്‍റെ മോനെ തിരിച്ചെടുത്തുവോ? എങ്കില്‍, വൈഗരേ നീ അബലയായ എന്നെയും എടുത്തോളൂ. ഷിനായിയിലെ സ്നേഹങ്ങളുടെ ചോര കണ്ട് അവള്‍ക്കു മതിയായില്ലന്നു തോന്നുന്നു... അലീന പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

"മോനെ... ലിയാത്ത് അമ്മയെ വിട്ടു നീ എവിടെപ്പോയെടാ... ലിയാത്ത് ന്‍റെ പൊന്നുമോനെ.. ന്‍റെ പൊന്നുമോനെ...

അകലെ പുലരിവെട്ടം പൂത്തുലഞ്ഞു നിന്ന ചില്ലകളെ ചേര്‍ന്ന് നിന്നു ചുംബിച്ചു. വികാരപരവശയായ അവളുടെ നിശ്വാസം കാറ്റായി തഴുകി പാഞ്ഞു. അപ്പോള്‍ അലീനയും നിയയും ഇരിക്കുന്ന വൃക്ഷച്ചുവട്ടില്‍ നിന്നും ഏറെ അകലെയല്ലാതെ, വൈഗരയുടെ തീരത്ത് നിന്ന് വെള്ളത്തിലേയ്ക്ക് പടര്‍ന്നു നിന്ന കൂറ്റന്‍ വൃക്ഷത്തിന്‍റെ വേരുകളില്‍ ഒന്നില്‍പ്പിടിച്ച് ലിയാത്ത് കരയിലേയ്ക്ക് ചേര്‍ന്ന് കിടന്നു. തലയിലേറ്റ മുറിവില്‍ രക്തം കട്ടപിടിച്ചു. കണ്ണുകള്‍ മയക്കത്തിലാണ്ട പോലെ തുറന്ന് ചിമ്മിയടഞ്ഞു. അതിനിടയില്‍ എപ്പോഴോ അവന്‍റെ കാതുകളില്‍ നേര്‍ത്ത സ്വരം പോലെ അമ്മയുടെ വിളി വന്നണഞ്ഞു. ആ വിളി കേട്ടവന്‍ എങ്ങിനെയോ തപ്പിത്തടഞ്ഞു എഴുന്നേറ്റ് നിന്നു. കണ്ണുകള്‍ വെട്ടിത്തുറന്ന് തല ചെറുതായൊന്നു കുടഞ്ഞു. വലതുകരം കൊണ്ടവന്‍ അടിയേറ്റിടത്ത് മെല്ലെ പരതി. കൈ ചോര കൊണ്ട് നനഞ്ഞു. ആ നനുത്ത പുലരിയില്‍ വേച്ചുവേച്ച് ലിയാത്ത് നടന്നു.

അമ്മയെ മടിയില്‍ കിടത്തി അകലങ്ങളില്‍ കണ്ണുകള്‍ പായിച്ചിരുന്ന നിയയുടെ ദൃഷ്ടിയില്‍ അങ്ങു ദൂരെ ലിയാത്തിന്‍റെ രൂപം പതിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ആഹ്ലാദം കൊണ്ടവള്‍ വീര്‍പ്പുമുട്ടി.

"അമ്മെ... എഴുന്നേല്‍ക്കു അമ്മെ... ദേ!! നോക്കിയെ എന്‍റെ ലിയാത്ത്... എന്‍റെ ലിയാത്ത്. ചാടിയെഴുന്നേറ്റ അലീനയെ പിന്നിലേയ്ക്കാക്കി, തളര്‍ന്ന കണ്ണുകളോടെ അഴിഞ്ഞുലഞ്ഞ മുടികളോടെ, വേദനിച്ചുകൊണ്ടിരുന്ന ഉദരം മറന്നവള്‍ പിടഞ്ഞെഴുന്നേറ്റു വൈഗരയുടെ തീരത്തു കൂടി ഓടി. ലിയാത്തിന്‍റെ അരുകിലെത്തിയ അവള്‍ ഒരു തളര്‍ച്ചയോടെ അവനിലേയ്ക്കു വീണു. അവളെ കെട്ടിപ്പിടിച്ച് ലിയാത്ത് നിന്നാടി. അവന്‍റെ ചുവടുകള്‍ ഉറച്ചിരുന്നില്ല. ഊര്‍ന്നിറങ്ങിയ രക്തത്തുള്ളികള്‍ ഉണങ്ങിപ്പിടിച്ചിരുന്ന അവന്‍റെ കപോലങ്ങളില്‍ കൂടി കണ്ണുകള്‍ അടച്ചവള്‍ കരമോടിച്ചു. അപ്പോഴേയ്ക്കും ലിയാത്തിന്‍റെ മറുവശത്ത് വന്ന് അലീന അവനിലേയ്ക്കു പറ്റിച്ചേര്‍ന്നു.

"മോനെ.. എന്‍റെ പൊന്നുമോനെ ലിയാത്ത്... എന്ത് പറ്റിയതാടാ നിനക്ക്...?? ആരാടാ മോനെ നിന്നോടീ ചതി ചെയ്തത്.. ????

ലിയാത്ത് അമ്മയുടെ നെറുകയില്‍ ചുംബിച്ചു. അവന്‍റെ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ തുള്ളികള്‍ തുള്ളിപ്പിടഞ്ഞു അലീനയുടെ മുടിയിഴകളിലൂടെ ഒലിച്ചു താഴേയ്ക്കൊഴുകി.

"അവനാ അമ്മെ... അവന്‍. എന്‍റെ നേരമ്മാവന്‍.. ഗബില്‍...!! ലിയാത്ത് ഒരു വിധം പറഞ്ഞൊപ്പിച്ചു. അലീനയുടെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. നിയയുടെ ഉള്ളില്‍ നിന്നു ഒരു തേങ്ങല്‍ മാത്രം ഒഴുകി. അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. ലിയാത്തിന്‍റെ നെഞ്ച് തലോടി അവള്‍ തളര്‍ന്നു താഴേയ്ക്ക് ഒഴുകിയിരുന്നു. അറിയാത്ത പോലവള്‍ അവന്‍റെ പാദങ്ങളില്‍ ചുംബിച്ചു. അച്ഛന് വേണ്ടി മാപ്പു പറയുകയായിരുന്നു അവള്‍.... അവന്‍റെ പാദങ്ങളിലൂടെ പാഞ്ഞു കയറി ആ സന്ദേശം അവന്‍റെ സിരകളില്‍ എത്തിയപ്പോള്‍ അവനതു തിരിച്ചറിഞ്ഞു.

നിയയെ പിടിച്ചെഴുന്നേല്‍പ്പിച്ചു അമ്മയെയും ചേര്‍ത്തണച്ച് ലിയാത്ത് വീട്ടിലേയ്ക്ക് നടന്നു. കുഞ്ഞിക്കുരുവികള്‍ അവനു ചുറ്റും വട്ടമിട്ടു പറന്നുയര്‍ന്നു. വിടര്‍ന്നു നിന്ന കുടമുല്ലപ്പൂക്കള്‍ മുഴുവന്‍ ആരും ശേഖരിക്കാനില്ലാതെ അന്നാദ്യമായ്‌ പൊഴിഞ്ഞുവീഴാന്‍ തുടങ്ങി. വീട്ടിലെത്തിയ ലിയാത്ത് അലീനയുടെ കിടക്കയിലേയ്ക്ക് ചാഞ്ഞു. അലീന വസ്ത്രം പോലും മാറാതെ ഷിനോയിയിലെ പ്രഗല്‍ഭനായ വൈദ്യന്‍റെ അരുകിലേയ്ക്ക് പാഞ്ഞു. നിയ ലിയാത്തിനെ കെട്ടിപ്പിടിച്ചു. ലിയാത്ത് തളര്‍ന്ന കരം കൊണ്ട് അവളെയും.... അവനില്‍ നിന്നും മുഖമുയര്‍ത്തി കൈകള്‍ കൂപ്പി അവള്‍ തേങ്ങി. അവളുടെ കൂപ്പുകൈയില്‍ മുറുകെപ്പിടിച്ചവന്‍ നെഞ്ചോട്‌ ചേര്‍ത്ത് കണ്ണുകള്‍ പൂട്ടി. അവനിലേയ്ക്കു പറ്റിചേര്‍ന്നവള്‍ തേങ്ങിക്കിടന്നു.... പുറത്തെ ചില്ലകളില്‍ ഓടിയണഞ്ഞ കാറ്റ് ഒച്ചവയ്ക്കാതെ ചോര പിടിച്ചുണങ്ങിത്തണുത്ത അവന്‍റെ മുടികളില്‍ തഴുകി കിതച്ചുനിന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ