2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

കഥ

അച്ഛനും അമ്മയ്ക്കും പിന്നെ എന്‍റെ കുഞ്ഞുപെങ്ങള്‍ക്കും....

റെയില്‍പാതയെ അതിവേഗം താണ്ടി ആ ദീര്‍ഘദൂര റെയില്‍വണ്ടി പരക്കം പായുകയാണ്. ഇടമുറിയാതെ, കടന്നുപോകുന്ന തണല്‍ മരങ്ങള്‍ ഒന്നും തന്നെ കണ്ണുനീര്‍ തളം കെട്ടിയ കണ്ണുകള്‍ കൊണ്ടവന് കാണാന്‍ കഴിഞ്ഞിരുന്നില്ല. അവധികഴിഞ്ഞ് വീണ്ടും അതിര്‍ത്തിയിലെ വെടിയൊച്ചയിലേയ്ക്കാണ് അവന്‍ വരേണ്ടത്. അവന്‍ വിശ്വം. ഭാരതത്തിന്‍റെ കാവല്‍ഭടന്‍. നീണ്ട എട്ടു വര്‍ഷക്കാലം അവന്‍ പൊരുതി. ഒടുവില്‍, സ്വപ്നത്തില്‍ എന്നപോലെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദം കൊണ്ട് അലമുറയിട്ട നിരവധി പട്ടാളക്കാരില്‍ ഒരുവന്‍. ആകെയുണ്ടായിരുന്ന സ്വന്തം അച്ഛനും, അമ്മയും പിന്നെ അവന്‍റെ കുഞ്ഞുപെങ്ങളുമാണ്. ചിന്തകള്‍ അവനെ വളരെ ദൂരം പിറകിലേയ്ക്കാണ് കൊണ്ടുപോയത്.
ഉഗ്രകോപക്കാരനായിരുന്നു അവന്‍റെ അച്ഛന്‍. നിത്യവൃത്തികള്‍ പോലും വളരെ ചിട്ടയോടെ ചെയ്യുന്ന ഒരു തികഞ്ഞ മനുഷ്യന്‍. മീനവേനലോ, ഇടവപ്പാതിയോ അദ്ദേഹത്തിന് ഒരു തടസമേ ആയിരുന്നില്ല. നീണ്ട മണിക്കൂറുകള്‍ ഇടമുറിയാതെ പണിയെടുക്കുന്ന ഒരു ശുദ്ധമനുഷ്യന്‍. ഭര്‍ത്താവിനെ ജീവനു തുല്യം സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അതുപോലെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ഒരു സാധു സ്ത്രീയായിരുന്നു അവന്‍റെ അമ്മ. കുട്ടിക്കാലത്തെ മധുരമൂറുന്ന ഓര്‍മകളില്‍ പോലും അവന് വിഷാദത്തിന്റെ കയ്പ് നിറം കാണേണ്ടി വരും. കഷ്ടതകളില്‍ നിന്നു വീണ്ടും കഷ്ടതകളിലേയ്ക്കാണ് ആ കുടുംബം നീങ്ങിയത്. അര്‍ദ്ധപട്ടിണിയാണെങ്കില്‍ പോലും വിദ്യാഭ്യാസം അവന്‍ മുറതെറ്റാതെ ചെയ്തിരുന്നു.
ഒരു വേനലില്‍, ഭൂമിയാകെ ചുട്ടുപഴുത്തു കിടക്കുന്ന ഒരു നേരം. ക്ഷീണിച്ച കണ്ണുകളോടെ, വിശന്നു പൊരിയുന്ന വയറോടെ അവന്‍ ആ കുഞ്ഞുവീടിന്‍റെ പടികയറി. പുസ്തകസഞ്ചി ജനല്‍പാളിയ്ക്കരുകിലെ ജീര്‍ണിച്ചു വീഴാറായ ഒരു മേശമേല്‍ വച്ചിട്ടവന്‍ കയര്‍കൊണ്ട്‌ കെട്ടിവരിഞ്ഞ കട്ടിലിലേയ്ക്ക് ചാഞ്ഞു. അവന്‍ ദീര്‍ഘനിശ്വാസം ആ ചെറിയമുറിയില്‍ തെല്ലൊരു ശബ്ദമുണ്ടാക്കി.
"മോളെ, മണ്ണില്‍ കളിക്കരുതേ!!!
അച്ഛന്റെ സ്വരം കേട്ടവന്‍ ചാടിയെഴുന്നേറ്റു. കണ്ണുകളില്‍, എപ്പോഴോ വന്നു നിറഞ്ഞ രണ്ടു തുള്ളി കണ്ണുനീര്‍ കൈകൊണ്ടു തുടച്ചവന്‍ പുറത്തേയ്ക്കിറങ്ങി.
"ഉം...എന്താടാ...? നിന്‍റെ മുഖത്തിനൊരു ക്ഷീണം..? തെല്ലു പരുക്കന്‍ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
"ഗാന്ധിജീടെ പടമുള്ള സ്റ്റാമ്പ് ക്ലാസ്സില്‍ എല്ലാ കുട്ടികള്‍ക്കും ടീച്ചര്‍ കൊടുത്തു. എനിക്കും തന്നു. എന്നിട്ട് നാളെ വീട്ടില്‍ നിന്നും ഒരു ഉറുപ്പിക വാങ്ങി വരണം എന്ന് എല്ലാരോടും പറഞ്ഞു.".. അവന്‍ ഭയത്തോട് കൂടി പറഞ്ഞു.
കതകിന്‍റെ പുറം തടിയില്‍ ചാരിനിന്ന് ഇത് പറഞ്ഞ അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത് കണ്ടിട്ടാകണം അയാളുടെ കണ്ണുകളില്‍ പെട്ടെന്ന് ശോണിമ പടര്‍ന്നു.
"ഇനിയിപ്പോ അതിന്‍റെ ഒരു കുറവുകൂടിയേ ഉള്ളൂ."   അയാള്‍ പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക് കയറി.  എന്നിട്ട് തോളില്‍ കിടന്നിരുന്ന തോര്‍ത്ത്‌ മുണ്ട് എടുത്തു ഉറക്കെ കുടഞ്ഞുകൊണ്ട് അയാള്‍ വിളിച്ചു.
"എടീ..ശാന്തമ്മേ!!"
"എന്തോ..."   അടുക്കളയില്‍ നിന്നും നീട്ടി ഒരു വിളിയോട് കൂടി ഉമ്മറത്തേയ്ക്കുള്ള വാതിലിന്‍റെ ചവിട്ടു പടിയുടെ പിറകിലായി അവര്‍ വന്നു നിന്നു. അയാള്‍ അങ്ങോട്ടു തിരിഞ്ഞു.
"നീ ഇനി കേട്ടില്ലാന്നുണ്ടോ നിന്‍റെ പൊന്നുമോന്‍ പറഞ്ഞത്.. നാളെ സ്കൂളില്‍ പോകുമ്പോള്‍ ഒരു ഉറുപ്പിക അങ്ങട് കൊടുത്തേയ്ക്ക്."        ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ പഴകിയ ഒരു ചാരുകസേരയിലേയ്ക്കിരുന്നു. പിന്നെ കൈകളിലിരുന്ന തോര്‍ത്ത്‌ മുണ്ട് മടക്കി വീശിക്കൊണ്ടിരുന്നു.
ഋതുക്കള്‍ മുറതെറ്റാതെ വന്നണഞ്ഞു പോയ്മറഞ്ഞുകൊണ്ടിരുന്നു. ഇന്ന് അവന്‍ വലിയ ആണായി. അവന്‍റെ ശരീരത്തിലെ മാറ്റങ്ങള്‍ അവനില്‍ അത്ഭുതം വിടര്‍ത്തി. എന്നാലും വീടിന്‍റെ അവസ്ഥ ദിനംതോറും പരിതാപകരമായി തീരുകയായിരുന്നു. സാമ്പത്തിക ഞെരുക്കം പലപ്പോഴും അവന്‍റെ അച്ഛനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.
നിലാവുള്ള ഒരു രാവില്‍, മുറ്റത്തെ മുല്ലപ്പടര്‍പ്പിനടുത്ത് ആകാശത്തിലെ നക്ഷത്രങ്ങളെ അവന്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. ആകാശത്തിലെ ആ സ്വര്‍ണ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് പറന്നുപോകുകയാണ് ഒരു കൂട്ടം വാവലുകള്‍. അവന്‍ ചിന്തിച്ചു. ഇവര്‍ എത്ര സ്വതന്ത്രര്‍. അവര്‍ക്ക് സഞ്ചരിക്കാം. ഇഷ്ടംപോലെ. വിതയ്ക്കണ്ട. കൊയ്യണ്ട. കളപ്പുരകള്‍ നിറയ്ക്കണ്ട. സ്വാതന്ത്ര്യത്തിന്‍റെ സുഖമറിഞ്ഞു ജീവിക്കാം. ചിന്തകള്‍ അവനെ അസ്വസ്ഥനാക്കി. അവന്‍ പതിയെ എഴുന്നേറ്റു. മുറ്റത്തെ മണ്‍തരികളെ ഞെരിച്ചമര്‍ത്തി അവന്‍റെ നഗ്നപാദങ്ങള്‍ ചലിച്ചുകൊണ്ടേയിരുന്നു. പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടവന്‍ തിരിഞ്ഞു നോക്കി.
"ഉം...എന്താ.. നീ ഉറങ്ങുന്നില്ലേ വിശ്വം..?  അച്ഛനായിരുന്നു അത്.
"ഉറങ്ങണുണ്ട് അച്ഛാ..അച്ഛന്‍ കിടന്നോള്ളൂ.." അവന്‍റെ മറുപടി കേട്ടുകൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു.
പെട്ടെന്ന് വീടിന്‍റെ കിഴക്കുഭാഗത്ത്‌ നിന്നിരുന്ന അത്തിമരത്തിന്‍റെ ചില്ലകള്‍ ആടിയുലഞ്ഞു. അവന്‍ മുകളിലേയ്ക്ക് നോക്കി. ഒരുപറ്റം വാവലുകള്‍ അതിനുചുറ്റും പറന്നിരുന്നതായിരുന്നു. അവിടെയ്ക്ക് നോക്കി നിന്നു തന്നെ അവന്‍ ദീര്‍ഘനിശ്വാസം കൊണ്ട്.
"വിശ്വം..എന്താടാ ഈ രാവില്‍..ഉറങ്ങണില്ല്യയോ..?
അങ്ങകലെ ശ്രീകോവില്‍ താഴിട്ടുപൂട്ടി, കത്തിച്ച ഒരു ചെറിയ ഉണങ്ങിയ ഓലത്തുമ്പിന്‍റെ നിറം മങ്ങിയ വെളിച്ചത്തില്‍, വീട്ടിലേയ്ക്ക് മടങ്ങിപോകുന്ന പൂജാരിയാണയാള്‍.
"ഇല്ല തിരുമേനി.....കുറച്ചൂടി കഴിയും."  അവന്‍ പറഞ്ഞു.
അയാള്‍ നടന്നകലവേ, അവന്‍ ചിന്തിച്ചു. ഭഗവാനെ പൂജിയ്ക്കാതെ ആ മനുഷ്യന്‍ ജലപാനം പോലും നടത്തില്ല. ഭഗവാന് നേദിച്ച് കഴിഞ്ഞ ഒരിറ്റ് നിവേദ്യം കഴിച്ചു വിശപ്പടക്കുന്ന ഒരു സാധു ബ്രാഹ്മണന്‍. എന്നിട്ടും, ആ പട്ടിണിയിലും, ആ വിശപ്പിന്‍റെ വിളിക്കിടയിലും അയാള്‍ ഈശ്വരനെ നമിക്കുന്നു. എന്തു വിചിത്രം.. ക്ഷേത്രത്തിന്‍റെയോ, പള്ളികളുടെയോ പരിപാവനമായ മുറ്റത്ത് കയറാത്ത എത്രയോ കോടീശ്വരന്‍മാരുണ്ട്. വിശ്വം അറിയാതെ പറഞ്ഞുപോയി.
"ദൈവമേ നിന്‍റെയീ ചെയ്തികള്‍ വിചിത്രം തന്നെ. നടപ്പാതയിലെ അവസാന യാത്രക്കാരനാണ് അയാള്‍. ഇനി പുലര്‍ച്ചെ നാലുമണിക്ക് അയാള്‍ കുളിചീറനടുത്ത് ശ്രീകോവിലില്‍ വരും. അതുവരെ അവിടം വിജനമാണ്. രാത്രി അതിന്‍റെ മധ്യയാമത്തിലേയ്ക്ക് മെല്ലെ കാലെടുത്ത് വച്ച്. അന്തരീക്ഷത്തില്‍ മെല്ലെ മെല്ലെ ഒരു മൂകത തളം കെട്ടി. ചന്ദ്രന്‍ തന്‍റെ നഗ്നത മേഘമാകുന്ന വെള്ളമുണ്ടുകള്‍ കൊണ്ട് മറയ്ക്കാന്‍ തുടങ്ങി. നിലാവിന്‍റെ നിറം കെട്ടു. കുഞ്ഞിളം കാറ്റില്‍ എന്നപോലെ ആ മേഘത്തുണ്ടുകള്‍ നീങ്ങി മാറുമ്പോള്‍ ഇടയ്ക്കിടെ ചന്ദ്രന്‍റെ നഗ്നത നമ്മുക്ക് കാണാം.
മുറ്റത്തെ മരച്ചില്ലകളില്‍ രാപ്പക്ഷികളില്‍ ചിലത് ചിലയ്ക്കാന്‍ തുടങ്ങി. വിശ്വത്തിന്റെ ഉള്ളിലും വല്ലാത്തൊരു പരിഭ്രമം വന്നണഞ്ഞു. അവന്‍ വീടിലേയ്ക്ക്‌ നോക്കി. അച്ഛന്റെ മുറിയിലെ വിളക്ക് കെടുത്തിക്കഴിഞ്ഞു.  വിശ്വം മെല്ല വീടിന്‍റെ പൂമുഖത്തേയ്ക്ക് കയറി. ആ പൊടി നിറഞ്ഞ തറയില്‍ കൈകള്‍ തലയ്ക്കു പുറകിലായി പിണച്ചുവച്ചവന്‍ കിടന്നു. മച്ചിന്‍റെ മുകളില്‍ വാരിയ്ക്കിടയില്ലൂടെ ചിലച്ചുകൊണ്ടൊരു കുഞ്ഞെലി പാഞ്ഞുപോയി. അവന്‍ കണ്ണുകള്‍ മുറുകെയടച്ചു. ശിരസ്സിനുള്ളില്‍ ഒരു ചുവന്ന പ്രകാശം മിന്നിമറഞ്ഞു. അവന്‍ എഴുന്നേറ്റു. ചാരിക്കിടന്നിരുന്ന വാതില്‍ മെല്ലെ തുറന്നു. ഇരുളില്‍ തപ്പിത്തടഞ്ഞു ചെന്നവന്‍ മേശമേല്‍ പിടിച്ചു. അരുകില്‍ ഇരുന്നൊരു പുസ്തകം താഴേയ്ക്ക് വീണു. അവന്‍ മേശമേല്‍ കിടന്നിരുന്ന തീപ്പെട്ടി തപ്പിയെടുത്തു. ഒരു ചെറിയ മെഴുകുതിരി  കത്തിച്ചുവച്ചു. വിശ്വം അപ്പോഴേയ്ക്കും നന്നേ വിയര്‍ത്തിരുന്നു. ഇരുകൈകളും കൊണ്ട് മുഖം മെല്ലെ തുടച്ചു. കൈവിരലുകള്‍ നെറ്റിത്തടത്തിലൂടെ പരതി അവന്‍റെ നീണ്ട മുടിയിഴകളെ വലിച്ചുനീട്ടി. എന്നിട്ട്, മേശയ്ക്കരുകില്‍ കിടന്നൊരു കസേരയില്‍ ഇരുന്നു.
കുറേനേരം അങ്ങനെ ഇരുന്നിട്ടവന്‍ എഴുന്നേറ്റു. കട്ടിലിനരുകില്‍ കിടന്നിരുന്ന ഒരു പഴയസഞ്ചിയെടുത്ത് പതിയെ അതിലെ പൊടി തട്ടിക്കളഞ്ഞിട്ടവന്‍ അത് തുറന്നു. അയയില്‍ തൂക്കിയിട്ടുരുന്ന അവന്‍റെ തുണികളില്‍ ചിലത് എടുത്തവന്‍ അതിനുള്ളില്‍ വച്ചു. ഘടികാരം സമയം ഒന്നായെന്ന് അറിയിച്ചു. അതിന്‍റെ നാദം നിലച്ചപ്പോള്‍ അവന്‍ ഒന്ന് നിശ്വാസം കൊണ്ടു. സഞ്ചി തോളില്‍ തൂക്കി, ഉയര്‍ന്നിരുന്ന പടിവാതില്‍ മെല്ലെ മറികടന്നവന്‍ വാതില്‍പ്പാളി പിടിച്ച് പതിയെ അടച്ചു. പിന്നെയവന്‍ തെല്ലും ശബ്ദം ഉണ്ടാക്കാതെ നടന്ന് അച്ഛന്റെ മുറിയുടെ വാതിലിനരുകില്‍ നിന്നു. പിന്നെ പതിയെ ആ കതകു തുറന്നു. തോളില്‍ കിടന്ന സഞ്ചി ഒരു വശത്തേയ്ക്ക് വച്ചു. മാര്‍ജാരപാദപതനം പോലെ, ഒരു കുഞ്ഞു ശബ്ദം പോലും ഉണ്ടാകാതെ അവന്‍ അച്ഛന്‍റെ അരുകില്‍ ചെന്നു. ദിനം മുഴുവന്‍ പണിയെടുത്ത് ക്ഷീണിച്ചുറങ്ങിപോയ ആ മനുഷ്യന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഒരു നിശ്ചിത താളത്തില്‍ കൂര്‍ക്കം വലിയ്ക്കുണ്ടായിരുന്നു. വിശ്വം കുനിഞ്ഞ്, അച്ഛന്റെ കാല്‍ തൊട്ടു വണങ്ങി. അപ്പോഴേയ്ക്കും, അവന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നു അച്ഛന്റെ പാദങ്ങളില്‍ പതിയ്ക്കാന്‍ തുടങ്ങി. വിശ്വം അമ്മയുടെ അടുത്തേയ്ക്ക് നീങ്ങി.  അവിടെയവന്‍, കുനിഞ്ഞിരുന്ന് അമ്മയുടെ പാദങ്ങളെ ചുംബിച്ചു. അവന്‍റെ ചുണ്ടുകള്‍ വിറച്ചു. ഉള്ളില്‍ നിറഞ്ഞു വന്ന തേങ്ങല്‍ ചുണ്ടുകളില്‍ കടിച്ചമര്‍ത്തി വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ പുറത്തിറങ്ങി. ആ പഴകി മുഷിഞ്ഞ തോള്‍സഞ്ചിയുമായി വിശ്വം മെല്ലെ വീടിന്‍റെ പടികള്‍ ഇറങ്ങി. നാലഞ്ചു ചുവടു വച്ചിട്ടവന്‍ തിരിഞ്ഞു നോക്കി... അവസാനമായി....
ആളൊഴിഞ്ഞ റെയില്‍പ്പാതയിലൂടെ അവന്‍ നടന്നു. രാത്രിയുടെ നിറത്തിന് കനം കൂടി. പാതയ്ക്കിരുവശവും നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ കാറ്റില്‍ ആടിയുലഞ്ഞു. പാലപ്പൂക്കളുടെ മദഗന്ധം അവനെ വല്ലാതെ തളര്‍ത്തി. ദൂരെ നിന്നൊരു റയില്‍വണ്ടിയുടെ ചൂളം വിളി കേട്ടു. അവന്‍ പതിയെ പാളത്തില്‍ നിന്നിറങ്ങി അതിന്റെ ഓരത്തായി നിന്നു. ആ പരിസരമാകെ കുലുക്കി വിറപ്പിച്ചുകൊണ്ടൊരു കാലന്‍വണ്ടി ചീറിപ്പാഞ്ഞുപോയി. അത് പോയ്ക്കഴിഞ്ഞപ്പോള്‍ വീണ്ടുമവന്‍ പാതയിലേയ്ക്കു കയറി നടന്നു. കുറച്ചകലെയുള്ള തീവണ്ടിയാപ്പീസ് ലക്ഷ്യമാക്കി അവന്‍ നടന്നു. പ്രഭാതം വന്നണയും മുന്‍പേ, ലക്ഷ്യമേതെന്നറിയാതെ, അവന്‍ ഒരു തീവണ്ടി മുറിയില്‍ കയറിയിരുന്നു. ഒടുവില്‍, ഇന്ദ്രപ്രസ്ഥത്തിലെത്തിയ ആ യാത്ര കഴിഞ്ഞിന്ന്‍ കാലം ഒരുപാട് കടന്നുപോയി.
                                                                     ************************
"സര്‍....."
അരുകിലെ വിളികേട്ട് വിശ്വം ഞെട്ടിത്തിരിഞ്ഞുനോക്കി.
"സര്‍..ടിക്കറ്റ്‌!!"...    പരിശോധകന്‍ ആയിരുന്നു അത്.
ടിക്കറ്റ്‌ നല്‍കിയശേഷം അവന്‍ പുറത്തേയ്ക്ക് നോക്കി. വേഗത്തില്‍ പിന്നിലേയ്ക്കോടുന്ന വള്ളിപ്പടര്‍പ്പുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍. ഏതോ സ്റ്റേഷനില്‍ നിര്‍ത്താറായതിനാല്‍ തീവണ്ടി മെല്ലെ ചലിയ്ക്കുവാന്‍ തുടങ്ങി. പിന്നെ മെല്ലെ മെല്ലെ പാളത്തിലുരസ്സി അതു ഒരു നേര്‍ത്ത മൂളലോടെ നിന്നു. പുറത്ത് നിന്നും ചിലര്‍ അകത്തേയ്ക്ക് കയറുന്നു. വണ്ടിയില്‍ ഉണ്ടായിരുന്ന ചിലര്‍ പുറത്തേയ്ക്കും. അകത്തേയ്ക്ക് കയറിയവരില്‍ ഒരു വൃദ്ധയും ഉണ്ടായിരുന്നു. അവര്‍ വിശ്വത്തിനടുത്തായി വന്നു നിന്നു. വളരെ ക്ഷീണിച്ച്, വിളറിയ കണ്ണുകളുമായി നില്‍ക്കുന്ന ആ പാവം അമ്മയെ കണ്ടപ്പോള്‍ അവനു വല്ലാത്ത നൊമ്പരം തോന്നി. തീവണ്ടിയുടെ ഉള്ളില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇരിയ്ക്കുന്നവരില്‍, ആരും തന്നെ ആ വൃദ്ധമാതാവിനെ ഒന്ന് നോക്കുക കൂടി ചെയ്തിരുന്നില്ല. ചിലര്‍ വല്ലാത്ത പത്ര വായനയില്‍ ആണ്. മറ്റു ചിലര്‍ കൈകള്‍ മുഖത്തിന്‌ താങ്ങായി നല്‍കി, പിന്നിലെയ്ക്കോടുന്ന പച്ചപ്പടര്‍പ്പിലേയ്ക്ക് നോക്കി ആകാംഷരായി ഇരിക്കുന്നു. വിശ്വം അവരുടെ കൈകളില്‍ പിടിച്ചു. മെലിഞ്ഞുണങ്ങിയ അവരുടെ കൈകളില്‍ തൊലി വല്ലാതെ ചുളുങ്ങി കാണപ്പെട്ടിരുന്നു. അവര്‍ മെല്ലെ അവനെ നോക്കി. വിശ്വം അവരെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അമ്മെ!... ഇരുന്നോള്ളൂ അമ്മെ ഈ ഓരത്തായി."..
അവര്‍ അപ്പോഴേയ്ക്കും അവന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. മെല്ലെ മുഖത്തേയ്ക്കു നോക്കി. ആ തീക്ഷ്ണതയറ്റ കണ്ണുകള്‍ നിറഞ്ഞിരുന്നു. വിശ്വം വിഷമത്തോടെ അവരെ നോക്കി ചോദിച്ചു.
"എന്താ അമ്മേയിത്... അമ്മ കരയുകയാണോ? ഇവിടിരുന്നോള്ളൂ അമ്മെ...!!"   ഇത്രയും പറഞ്ഞുകൊണ്ടവന്‍ നന്നായി ഒഴിഞ്ഞിരുന്നു. അവര്‍ വിശ്വത്തിനരുകിലായി ഇരുന്നപ്പോള്‍, അവന്‍ തന്‍റെ കൈകള്‍ അവരുടെ തോളിലൂടെയിട്ട് അവനിലേയ്ക്കു അവരെ ചേര്‍ത്തുപിടിച്ചു.
പകല്‍വെളിച്ചത്തിന്‍റെ തീവ്രത കുറഞ്ഞു വന്നു. പകലോന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ യാത്രയുടെ വഴിയിലാണ്. ഇരുവശവും ഉയര്‍ന്നു നില്‍ക്കുന്ന ചില മരച്ചില്ലകള്‍ക്ക് മേല്‍ കുങ്കുമ നിറം പടര്‍ന്നിട്ടുണ്ട്. ഉറക്കം നഷ്ടപ്പെട്ടവനെ പോലെ സൂര്യന്‍റെ കണ്ണുകള്‍ ചുവന്നു തുടുത്തു. കടന്നുപോയ ഒരു മൈതാനത്തിന് ചുറ്റും കുട്ടികള്‍ ആര്‍ത്ത് ഉല്ലസ്സിച്ചു കളിയ്ക്കുകയാണ്. ഒരു റോഡിന് സമാന്തരമായാണ്‌ തീവണ്ടി ഇപ്പോള്‍ ചലിയ്ക്കുന്നത്. ജനനിബിഡമായ അവിടം ശബ്ദമുഖരിതമാണ്. ആ ശബ്ദത്തെ മുറിച്ചുകൊണ്ട് വാഹനങ്ങളുടെ സൈറന്‍ മുഴങ്ങുന്നുണ്ട്. ഭൂമിയില്‍ മെല്ലെ ഇരുള്‍ പടര്‍ന്നു തുടങ്ങി. വൃദ്ധ ഇപ്പോഴും വിശ്വത്തിന്‍റെ കൈകളില്‍ ഭദ്രതയോടെ അവന്‍റെ തോളില്‍ തലചായ്ച്ച് ഉറങ്ങുകയാണ്. തീവണ്ടിയിലെ തെളിഞ്ഞ പ്രകാശത്തില്‍ അവന്‍ കണ്ടു അവരുടെ മുഖം. ആ മുഖത്ത് ഉറക്കത്തിലും സന്തോഷത്താല്‍ ചില ഭാവങ്ങള്‍ മിന്നിമറയുന്നു. അവന്‍ ആകാംഷയോടെ അത് കണ്ടിരുന്നു. ഇപ്പോള്‍ ഇരുള്‍ നന്നേ വ്യാപിച്ചിരിക്കുന്നു. രാത്രിയുടെ നിറം വളരെ പെട്ടെന്നാണ് കറുത്ത് ഇരുണ്ടത്. വിശ്വത്തിന്റെ കണ്ണുകളെയും ഉറക്കം മെല്ലെ തഴുകാന്‍ തുടങ്ങി. അവന്‍ പതിയെ കണ്ണുകള്‍ അടച്ച് ചാരിയിരുന്നു. അതിനിടയില്‍ എപ്പോഴോ അവന്‍ ഉറക്കത്തിലേയ്ക്കു മെല്ലെ നടന്നു കയറി. ഉണര്‍ന്നപ്പോള്‍ നേരം വെളുത്തു തുടങ്ങി. അപ്പോഴും, നേര്‍ത്ത മാഞ്ചില്ലകളെ തേടിനടക്കുന്ന ഒരു കാറ്റ് പോലെ ആ തീവണ്ടി മൂളിപ്പറന്നുകൊണ്ടിരുന്നു. വിശ്വം പെട്ടെന്ന് തിരിഞ്ഞ് നോക്കി. ആ വൃദ്ധയെ അവിടെ കാണാനുണ്ടായിരുന്നില്ല. രാത്രിയില്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങിയിട്ടുണ്ടാകും. അവന്‍ ചിന്തിച്ചു.
പ്രഭാത ഭക്ഷണത്തിനായി വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തി. കച്ചവടക്കാരുടെ ശബ്ദത്താല്‍ മുഖരിതമാണ് അവിടം. ബാത്ത്റൂമില്‍ പോയവന്‍ തിരികെ വന്നിരുന്നു. അകത്തേയ്ക്ക് കയറി അവനരുകില്‍ വന്നു നിന്നു ചായ വില്‍പ്പന ചെയ്യുകയായിരുന്ന ഒരാളില്‍ നിന്നും അവനൊരു ചായ വാങ്ങി കുടിച്ചു. അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത് തീവണ്ടിയുടെ അടുത്ത മുറിയില്‍ ചെറിയ ഒരാള്‍ക്കൂട്ടം. മെല്ലെ മെല്ലെ അത് വലുതാകാന്‍ തുടങ്ങി. ചിലര്‍ പുറത്ത് നിന്നും തല നീട്ടി ജനലിനകത്തേയ്ക്ക് നോക്കുന്നുണ്ട്. അതോടെ, അവിടെയെന്തെന്ന് അറിയുവാനുള്ള ആകാംഷയോടെ വിശ്വം പതിയെ എഴുന്നേറ്റു. ആരൊക്കെയോ ചിലരെ തള്ളി മാറ്റിക്കൊണ്ടവന്‍ അകത്തേയ്ക്ക് നോക്കി. ഒരു നിമിഷം, ഒന്ന് വല്ലാതെയായ അവനില്‍ ഒരു നൊമ്പരമുയര്‍ന്നു. രാത്രി മുഴുവന്‍ തന്‍റെ കരവലയത്തില്‍ സുരക്ഷിതമായി കിടന്നുറങ്ങിയ ആ അമ്മയാണല്ലോ ഈ നിശ്ചലമായി കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍ അവന്‍റെ ഹൃദയം വല്ലാതെ നീറുവാന്‍ തുടങ്ങി. അത് കാണാന്‍ കഴിയാതെ, ഒരു തേങ്ങലോടെ അവന്‍ അവിടെ നിന്നും പിന്മാറി. അപ്പോഴേയ്ക്കും ഒരു പറ്റം കാക്കിയുടുപ്പുകാര്‍ അവിടെയെത്തി.
"ഹും....മാറ്...മാറി നില്‍ക്ക് ..."  ആള്‍ക്കൂട്ടത്തിലേയ്ക്ക് നോക്കിയവര്‍ വിളിച്ചു പറഞ്ഞു.
"ആരുമില്ലേ.. ഇവരുടെ കൂടെ...?
ഒരുവന്‍ തെല്ലുച്ചത്തില്‍ ചോദിച്ചു. അപ്പോഴേയ്ക്കും ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ഇല്ല എന്ന് മറുപടി പറഞ്ഞു.
"രാത്രിയില്‍ എവിടെ നിന്നോ കയറിയതാണ് ഇവര്‍. ദേ ആ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു." .... ആരോ പറഞ്ഞു.
"സര്‍,.. അവരുടെ കൈയില്‍ എന്തോ ചുരുട്ടിപ്പിടിച്ചിരിക്കുന്നു."      കൂട്ടത്തില്‍ ഒരുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. "ഒരുപക്ഷേ, അതൊരു ടിക്കറ്റ്‌ ആണെങ്കില്‍! അതില്‍നിന്നെന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല." അയാള്‍ തുടര്‍ന്നു.
ഇത് കേട്ട് ഒരു പോലീസ് കാരന്‍ പറഞ്ഞയാളെ ഒന്ന് നോക്കി അമര്‍ത്തി ഒന്ന് മൂളി.
"ഉം... അത് തിരക്കാനാ ഞങ്ങളിവിടെ നില്‍ക്കുന്നെ."  എന്നിട്ടിങ്ങനെ പറഞ്ഞു.
അപ്പോഴേയ്ക്കും ഇത് പറഞ്ഞയാള്‍ എന്തോ വലിയ തെറ്റാണ് ഞാന്‍ പറഞ്ഞത് എന്ന ഭാവത്തില്‍ അവിടെ നിന്നും കുറച്ചു കൂടി പുറകിലേയ്ക്ക് മാറി നിന്നു. പോലീസ് കാരില്‍ ഒരാള്‍ കുനിഞ്ഞിരുന്ന് ആ വൃദ്ധയുടെ ചുരുട്ടിപ്പിടിച്ചിരുന്ന കൈകള്‍ തുറന്ന് ആ പേപ്പര്‍ കൈകളില്‍ എടുത്തു. ഏതോ പത്രത്തിലെ താളുകളിലൊന്നില്‍, എന്നോ വാര്‍ത്ത വന്നൊരു പഴകിയ പേപ്പര്‍ കഷണം ആയിരുന്നു അത്. അതില്‍ "അഞ്ചാം ചരമദിനം" എന്നെഴുതിയ, ഒരു പട്ടാളക്കാരന്‍റെ ഫോട്ടോയും   ജനനമരണ തീയതിയും ഉണ്ടായിരുന്നു. വിശ്വം അപ്പോഴേയ്ക്കും അവിടേയ്ക്ക് വീണ്ടും എത്തി നോക്കി. ആരോ പറഞ്ഞു മകനായിരിക്കാം മരിച്ചത്. അപ്പോഴും വിശ്വം വല്ലാതെ നൊമ്പരപ്പെട്ടു. മകന്‍റെ മരണത്തിനു രണ്ടു വര്‍ഷം പഴക്കം സമ്മാനിച്ച അതെ തീയതിയാണല്ലോ ഇന്ന്.!!! വിശ്വം ഓര്‍ത്തു കഴിഞ്ഞ രാവില്‍ ഉറക്കത്തില്‍ സന്തോഷത്താല്‍ അവരുടെ മുഖം വിളങ്ങിയത്. ഒരുപക്ഷെ, ഈ മകനെ കിനാവ്‌ കണ്ടതായിരിക്കും. അവന്‍ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്ക് അമ്മയെ കൂട്ടിക്കൊണ്ടുപോയതായിരിക്കും.
വിശ്വം തിരികെ ഇരിപ്പിടത്തില്‍ വന്നിരുന്നു. പോലീസ്കാര്‍ വൃദ്ധയുടെ മൃതദേഹം മെല്ലെ പുറത്തേയ്ക്ക് എടുത്തുകൊണ്ട് പോയി. തീവണ്ടി മെല്ലെ ചലിയ്ക്കുവാന്‍ തുടങ്ങി. വിശ്വം സീറ്റിലേയ്ക്ക് ചാരിയിരുന്നു. മണിക്കൂറുകള്‍ അവനറിയാതെ കടന്നു പോയി. വിശ്വത്തിന് ഇറങ്ങാറായിരുന്നു. അവന്‍ ബാഗുകള്‍ ബര്‍ത്തില്‍ നിന്നും എടുത്തു താഴേയ്ക്ക് വച്ചു. കുഞ്ഞുനാളിലെ ഓര്‍മ്മകള്‍ അവനില്‍ ഓടിയെത്തി. തീവണ്ടി ഇപ്പോള്‍ മെല്ലെമെല്ലെ ചലിയ്ക്കുകയാണ്. വിശ്വത്തിനറിയാം അവനെ സ്വീകരിക്കാന്‍ ആരും ഇല്ലെന്ന്. അച്ഛനും അമ്മയും അവന്‍റെ കുഞ്ഞുപെങ്ങളും ഒക്കെ ഇപ്പോള്‍ കരുതിയിട്ടുണ്ടാകും അവന്‍ മരിച്ചുവെന്ന്. കണ്ണില്‍ നിറഞ്ഞു വന്ന കണ്ണീര്‍ അവന്‍ മെല്ലെ തുടച്ചു. തീവണ്ടി വേഗത കുറഞ്ഞ് ചക്രങ്ങള്‍ പാളത്തില്‍ ഉരസി മെല്ലെ നിന്നു. ആരൊക്കെയോ ഇറങ്ങിയവരെ സ്വീകരിക്കാന്‍ വാതിലിനരുകിലേയ്ക്ക് ഓടിയെത്തി. പക്ഷേ, അവരിലാരും തന്നെ അവന്‍റെ അരുകിലേയ്ക്കായിരുന്നില്ല.
കൈകളില്‍ തൂങ്ങുന്ന ബാഗുമായി അവന്‍ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. ഓടിവന്നൊരു ചുമട്ടുകാരന്‍ പറഞ്ഞു.
"സര്‍, ഞാന്‍ സഹായിയ്ക്കാം..."
"വേണ്ട..വളരെ നന്ദി." ... അത് പറഞ്ഞുകൊണ്ട് വലിയ ബാഗ്‌ എടുത്തവന്‍ ഇരുകൈകളിലൂടെ തോളിലേയ്ക്കിട്ടു. മറ്റ് രണ്ടു ചെറിയ ബാഗുകള്‍ ഇരുകൈകളിലും തൂക്കി തീവണ്ടിയാപ്പീസ്സിന്‍റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അവന്‍ അതിനു പുറകിലുള്ള ഒരു ചെറിയ റോഡിലൂടെ നടന്നു.
നേരം നന്നേ പുലര്‍ന്നിട്ടുണ്ട്. സൂര്യന്‍റെ പ്രഭയേറ്റ് വൃക്ഷങ്ങള്‍ തിളങ്ങി നില്‍ക്കുന്നു. കാഴ്ചകള്‍ കണ്ട് നടന്നവന്‍ ഒരു പാടത്തിനരുകിലെത്തി. കുറച്ചകലെ ആ വഴി തിരിയുന്നത് ക്ഷേത്രത്തിനടുത്താണ്. ആ ശ്രീകോവിലിന്‍റെ അങ്കണം ആയിരുന്നു അവന്‍റെ കുഞ്ഞുനാളിലെ കളിപ്പറമ്പ്. കുഞ്ഞുനാളിലെ ചിന്തകള്‍ അവന്‍റെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന് മുന്നിലൂടെ നടന്നവന്‍ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിഞ്ഞു. അപ്പോഴേയ്ക്കും വീടിനടുത്ത് ചെറിയൊരു ആള്‍ക്കൂട്ടം അവന്‍ കണ്ടു. അതോടെ അവന്‍ നടത്തത്തിന്‍റെ വേഗത കൂട്ടി. വീടിനടുത്ത് അണയുന്നതോടെ, ചിലര്‍ അവനെ നോക്കി പിറുപിറുക്കാന്‍ തുടങ്ങി. അവന്‍ വീടിന്‍റെ മുന്നിലെത്തി. ആ വീടിന്‍റെ മേല്‍ക്കൂര വളരെ താഴ്ന്ന് നില്‍ക്കുന്നത് പോലെ തോന്നിയവന്. അവന്‍റെ വളര്‍ച്ചയെ അവന്‍ തെല്ലുനേരം മറന്നുപോയി. വീടിന്‍റെ മുറ്റത്തേയ്ക്കവന്‍ കാലെടുത്തു വച്ചു.
"വിശ്വം...." എന്ന വിളി കേട്ട് അവന്‍ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞു നോക്കി.
"മോനെ വിശ്വം... നീ വന്നോടാ...?
അവന്‍റെ അമ്മാവനായിരുന്നു അത്. പൊട്ടിക്കരഞ്ഞുകൊണ്ട് ആ വൃദ്ധന്‍ അവന്‍റെ ദേഹത്തേയ്ക്ക് ചാഞ്ഞു. വിശ്വം അയാളെ കെട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകളില്‍ നോക്കി അയാള്‍ മെല്ലെ തളര്‍ന്നു വീണു. ആരോ ചിലര്‍ അയാളെ താങ്ങി മാറ്റി. വിശ്വം ബാഗുകളുമായി അയാളുടെ അരുകില്‍ നിലത്തേയ്ക്കിരുന്നു. അപ്പോഴേയ്ക്കും മുറിയുടെ ഉള്‍ക്കോണുകളില്‍ എവിടെയോ നിന്ന് ഒരു തേങ്ങല്‍ അവന്‍ കേട്ടു. വല്ലാത്തൊരു ഹൃദയമിടിപ്പോടെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു. മിഴികളില്‍ ഊറിയ നീര്‍ക്കണവുമായി അവന്‍ ആ ഉമ്മറപ്പടിയിലേയ്ക്ക് കാലെടുത്തുവച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി അവന്‍റെ കാഴ്ച മറച്ചു. വെള്ളത്തുണികളില്‍ പൊതിഞ്ഞ രണ്ടു ദേഹങ്ങള്‍. അവന്‍റെ കൈകളിലെ ബാഗുകള്‍ അവനറിയാതെ നിലം പതിച്ചു. തോളില്‍ തൂങ്ങിയ ഭരവുമായ് ഒരു തേങ്ങലോടെ അവന്‍ ആ ദേഹങ്ങള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.  അരുകിലിരുന്ന നിലവിളക്ക് ഒരു നിമിഷം തേങ്ങിയോ? കാറ്റില്‍ ഒന്ന് കെട്ടത് വീണ്ടും തെളിഞ്ഞു. വെള്ളത്തുണികള്‍ കൊണ്ട് പൊതിഞ്ഞ അച്ഛന്റെയും, അമ്മയുടെ കാല്‍പ്പാദങ്ങളില്‍ അവന്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു. അതിലേയ്ക്ക് മുഖമമര്‍ത്തി അവന്‍ കരയാന്‍ തുടങ്ങി. അത് നേര്‍ത്തു നേര്‍ത്ത്‌ തുടങ്ങി.. പിന്നെ ഉച്ചത്തിലായി. കരച്ചിലിന്‍റെ കരുത്തില്‍ അവന്‍റെ ഉറച്ച ശരീരം വിറയ്ക്കാന്‍ തുടങ്ങി.
മയക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മാവന്‍ അപ്പോഴേയ്ക്കും അവനരുകില്‍ എത്തി. തോളത്തു കൈവച്ച അയാളെ വിശ്വം തിരിഞ്ഞു നോക്കി. അയാളുടെ കൈകളില്‍ മുഖം ചേര്‍ത്തവന്‍ തേങ്ങി. ചിലര്‍ ചേര്‍ന്ന് അവനെ മുറിയ്ക്കുള്ളിലേയ്ക്ക് കൂട്ടികൊണ്ടു പോയി. കട്ടിലില്‍ ഇരുന്നവന്‍ ചുറ്റുപാടും നോക്കി. "എവിടെയാണവള്‍ എന്‍റെ എല്ലാമെല്ലാമായ കുഞ്ഞുപെങ്ങള്‍....?? അവന്‍ ചിന്തിച്ചു. അവള്‍ ഇപ്പോള്‍ വളര്‍ന്നിരിക്കില്ലേ! ഒരുപാട്. ഒരുപക്ഷെ, അവള്‍ എന്നെ തിരിച്ചറിയുന്നുണ്ടാവില്ല. അവന്‍ നെഞ്ച് തിരുമ്മി.
ഇരുപ്പുറയ്ക്കാതെ അവന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. അച്ഛന്റെയും അമ്മയുടെയും ദേഹത്തിന് ചുറ്റും കൂടിയിരുന്നവരെ അവന്‍ ആകാംഷയോടെ നോക്കി. അവന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശ്വം തിരിഞ്ഞു ദയനീയമായി അമ്മാവനെ നോക്കി. അയാള്‍ അവനെ കെട്ടിപ്പിടിച്ചു. അമ്മാവന്‍റെ ഉയരം കുറഞ്ഞ തോളിന് മുകളിലൂടെ അവന്‍ കണ്ടു. അരുകിലെ ചുവരില്‍ ആണിയടിച്ച് തൂക്കിയിട്ടിരുന്ന അവന്‍റെ കുഞ്ഞുപെങ്ങളുടെ രൂപം. ഉള്ളില്‍ വല്ലാത്തൊരാന്തലോടെ അവനാ ചിത്രത്തിനരുകിലേയ്ക്ക് നീങ്ങി. അതില്‍ തൂങ്ങിയിരുന്ന മാലയുടെ നിറം കെട്ടിരുന്നു. അവന്‍ തിരിഞ്ഞു അമ്മാവനെ നോക്കി. അവന്‍റെ നോട്ടം മനസ്സിലാക്കി അയാള്‍ പറഞ്ഞു.
"അവള് പോയി...വര്‍ഷങ്ങളായി."  അത് പറയുമ്പോള്‍ അയാള്‍ കരഞ്ഞിരുന്നു.
വിശ്വം കണ്ണുകള്‍ പൊത്തിപ്പിടിച്ചു അലറിക്കരഞ്ഞുകൊണ്ട് ആ നിലത്തേയ്ക്കിരുന്നു. വലിയ ബാഗ്‌ തുറന്നവന്‍ അവള്‍ക്കായി സ്വരുകൂട്ടി കൊണ്ടുവന്നിരുന്ന ഓരോരോ സാധനങ്ങള്‍ ആയി കരഞ്ഞുകൊണ്ട്‌ വലിച്ചു പുറത്തേയ്ക്ക് ഇടാന്‍ തുടങ്ങി. അതില്‍ കുഞ്ഞുനാള്‍ മുതല്‍ അവള്‍ക്കായി അവന്‍ ശേഖരിച്ച പാവ മുതല്‍ കുഞ്ഞുടുപ്പുകള്‍, കുഞ്ഞിപ്പൊട്ടുകള്‍, വളകള്‍ ഒക്കെ ഉണ്ടായിരുന്നു. തിരിഞ്ഞവന്‍ ഇത് വാരിയെടുത്ത് അവളുടെ ചില്ലിട്ട ചിത്രത്തില്‍ നോക്കിയിരുന്ന് വിതുമ്പി. കണ്ണിലെ കണ്ണീര്‍ക്കണങ്ങള്‍ക്ക് മുന്നിലൂടെ അവന്‍ നിശ്ചയിക്കുകയായിരുന്നു തന്‍റെ കുഞ്ഞുപെങ്ങള്‍ കത്തുന്നൊരു ചെറുവിളക്കിനു മുന്നില്‍ ഒരു കണ്ണാടിക്കൂട്ടിലെ വെറുമൊരു ചിത്രമായിരിക്കുന്നുവെന്ന്. വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ടവന്‍ അച്ഛന്റെയും അമ്മയുടെയും ദേഹം ചേര്‍ന്ന് തളര്‍ന്നു കിടന്നു. എത്രനേരം അങ്ങിനെ കിടന്നുവോ? ഓര്‍മയില്ല.
അമ്മയുടെയും അച്ഛന്റെയും ദേഹങ്ങള്‍ മറവു ചെയ്തപ്പോള്‍ ഇനിയെന്തിന് താന്‍ ഇവിടെ എന്ന ചിന്ത അവനെ വേട്ടയാടാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞുവീണു. വിശ്വം താടിയും മുടിയും വളര്‍ന്നു വല്ലാത്തൊരു കോലമായി മാറി. ഒടുവില്‍, കുഞ്ഞനുജത്തിയ്ക്കായി വാങ്ങിക്കൂട്ടിയതെല്ലാം അവളുറങ്ങുന്ന മണ്ണില്‍ ചേര്‍ത്തുവച്ച് തന്‍റെ ഭാരമില്ലാത്ത ബാഗുകള്‍ എടുത്തവന്‍ തോളിലിട്ടു. വീണ്ടും ആ വിജനമായ നടപ്പാതയിലൂടെ അവന്‍ തിരികെ നടന്നു. ഒരു കാഴ്ചയായി ആ വീട് കണ്ണുകളില്‍ നിന്നും മറയുന്ന നേരത്തവന്‍ തിരിഞ്ഞു നിന്ന് വീണ്ടും ആ വീട്ടിലേയ്ക്ക് നോക്കി. 
ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛനിരിയ്ക്കുന്നുവോ...? പാതി ചാരിയ പടിവാതിലില്‍ നിന്നും അച്ഛന്‍ പറയുന്നതൊക്കെ കേട്ട് അമ്മ മൂളുന്നുവോ...? കൊച്ചരിപ്പല്ലുകള്‍ കാട്ടി എന്നെ നോക്കി അവള്‍ ചിരിക്കുന്നുവോ? ഉവ്വ്... ഉണ്ട് ... എനിക്ക് കേള്‍ക്കാം അവളുടെ ചിരി എനിക്ക് കേള്‍ക്കാം.
വിശ്വം തിരിഞ്ഞോടി. അരയ്ക്കു താഴെ തളരുന്നത് പോലെ തോന്നിയവന്. വീടിനരുകില്‍ എത്തുമ്പോഴേയ്ക്കും അവന്‍ മുറ്റത്തായി തളര്‍ന്നു വീണു. ആ കിടപ്പില്‍ ഉമ്മറത്ത് അനാഥമായി കിടക്കുന്ന ചാരുകസേരയില്‍ നോക്കിയവന്‍ വിതുമ്പിപ്പറഞ്ഞു..
"അച്ഛാ... മാപ്പ്. എന്നെപ്പോലൊരു മകനെ നീ സ്നേഹിച്ചിരുന്നുവോ..? ഒരിക്കലെങ്കിലും എന്നെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നുവോ? ഇല്ല അല്ലെ... സ്വയം നീറി നീയെരിയുന്നത്‌ ഞാന്‍ എത്രവട്ടം കണ്ടിരിക്കുന്നു.....ഒരു പാഴ്ജന്മം പോലെ ഞാനെന്തിനിനി ജീവിയ്ക്കണം. നീ എനിയ്ക്ക് വേണ്ടി കണ്ടിരുന്ന ഒരായിരം സ്വപ്നങ്ങളില്‍, പ്രതീക്ഷകളില്‍ ഒന്നെങ്കിലും എനിക്കാകാന്‍ കഴിഞ്ഞുവോ? അറിയില്ല.
അവന്‍ അവിടെ നിന്നും എഴുന്നേറ്റ് വേച്ചുവേച്ച്‌ നടന്നു. പാതി ചാരി കാറ്റിലാടിയിരുന്ന ചിതല്‍ വീണ വാതിലില്‍ അവന്‍ ചുണ്ടുകള്‍ ഉരച്ചു. അവന്‍റെ അമ്മയുടെ ഗന്ധം അതില്‍ നിറഞ്ഞു നിന്നിരുന്നത് പോലെ തോന്നിയവന്... തളര്‍ന്നവന്‍ ആ പടിവാതിലില്‍ ചാരിയിരുന്നു.

രചന: ശ്രീ വര്‍ക്കല

2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 5

അവളുടെ അഴിഞ്ഞുലഞ്ഞ വാര്‍മുടികള്‍ കാറ്റില്‍ പാറിപ്പറന്നു. കാമാര്‍ത്തനായ ഒരു പ്രണയിതാവിനെപ്പോലെ നിലാവ് ഭൂവിന്‍റെ ഉടലാകെ തലോടിനടന്നു. പക്ഷെ, അന്ധകാരം വൃക്ഷച്ചുവടുകളില്‍ പതിയിരുന്നു. 

നിലാവിലൂടെ പാഞ്ഞു വരുന്ന ലയാനയെ തിങ്കള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

"ഇവളെന്താണീ ചെയ്യുന്നത്... നദിക്കരയില്‍, ഈ അസമയത്ത് ഇവളെന്തിനു വന്നു....?? ഇല്ല, തീര്‍ച്ചയായും ഇതൊരു ശുഭകാര്യമല്ല. തിങ്കള്‍ അത് തീര്‍ച്ചപ്പെടുത്തി...".

ഇനി സാഹേലിനെപ്പോലെ ലയാനയും വൈഗരയുടെ ഓളങ്ങളില്‍ മറയുകയാണോ? അതോ അവളീ പിഞ്ചുകുഞ്ഞിനെ...." ചിന്ത മുഴുമിക്കാനാകാതെ , ആ കാഴ്ച കാണുവാന്‍ ശക്തിയില്ലാതെ തിങ്കള്‍ കാര്‍മേഘങ്ങള്‍ വാരി കണ്ണുപൊത്തി.

പൊടുന്നനെ അന്ധകാരം കണ്ണുകളില്‍ പടര്‍ന്നു. ലയാന കിതച്ചുകൊണ്ട് നിന്നു. പിന്നെ അവള്‍ പതിയെപതിയെ പാദങ്ങള്‍ മുന്നോട്ടു വച്ചു. ലയാനയുടെ തോട്ടത്തിലെ കുടമുല്ലപ്പൂക്കളുടെ സുഗന്ധം അവിടമാകെ ഒഴുകി നടന്നു.

ഒടുവില്‍, വൈഗരയുടെ തീരത്തെത്തിയ അവള്‍ ചുറ്റുപാടും നോക്കി. വിജനമായിരുന്നു അവിടമാകെ. വെള്ളനൂലുകള്‍ കൊണ്ട് ഭംഗിയായി തുന്നിയൊരു തുണിക്കഷണത്തില്‍
പൊതിഞ്ഞു അവള്‍ ആ കുഞ്ഞിനെ വൈഗര നദിയുടെ തീരത്തായി കിടത്തി. പിന്നെ നനഞ്ഞ മണലില്‍ മുട്ടുകളൂന്നി നിലത്തേയ്ക്ക് കുനിഞ്ഞ് ലിയാത്തിന്‍റെ നെറ്റിയില്‍ ഉമ്മവച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവ ലിയാത്തിന്‍റെ നെറ്റിത്തടത്തിലൂടെ വീണ് മുടിയിഴകളിലൂടെ നിലത്തേയ്ക്ക് പതിച്ചു.

ലയാന എഴുന്നേറ്റു. പിന്‍തിരിഞ്ഞു നോക്കാതെ അവള്‍ മുന്നിലേയ്ക്ക് നടന്നു. തീരത്തെത്തിയ അവളെ നോക്കി ആ നദി ഒന്ന് നിലച്ചിരുന്നുവോ..? ഉണ്ടാകാം. അല്ലെങ്കില്‍ അവള്‍ ആ നദിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഓളങ്ങള്‍ ഇളകുമായിരുന്നില്ലേ..!!! വൈഗരയുടെ ആഴങ്ങളിലേയ്ക്ക് ലയാന നടന്നിറങ്ങുകയായിരുന്നു. ഒരുവേള, മുങ്ങിയവള്‍ പൊങ്ങിവന്നു. ലിയാത്തിനു നേരെയവള്‍ കൈകള്‍ വീശി യാത്ര ചൊല്ലി. വൈഗര നദി അപ്പോള്‍ തേങ്ങുകയായിരുന്നു. പിന്നെയും അവള്‍ ഒഴുകി. പക്ഷെ, അവള്‍ തനിച്ചായിരുന്നില്ല.

ആ രാവ് മുഴുവന്‍ വൈഗരയുടെ അഗാധങ്ങളില്‍, അവളെ ഒളികണ്ണിട്ടു നോക്കിയ മുത്തുകളില്‍ തട്ടിത്തട്ടി ലയാന നീങ്ങുകയായിരുന്നു. ഒടുവില്‍, നീറ്റിലേയ്ക്കിറങ്ങി പടര്‍ന്നു നില്‍ക്കുന്നൊരു കൂറ്റന്‍ മരത്തിന്‍റെ വേരുകള്‍ക്കിടയില്‍ കുരുങ്ങി അവള്‍ നിശ്ചലമായി. അവളുടെ പൂക്കള്‍ തുന്നിച്ചേര്‍ത്ത പാവാട ഞൊറികള്‍ ഒഴുക്കിലേയ്ക്ക് നീങ്ങാന്‍ വെമ്പല്‍ കൊണ്ടിരുന്നു.

കരയില്‍ ലിയാത്തപ്പോഴും കൈകാലിട്ടടിച്ചു കളിയ്ക്കുകയാണ്. അവനു ചുറ്റും കാറ്റില്‍ പാറി വന്ന കുടമുല്ല പൂക്കളില്‍ ചിലത് അവനിലേയ്ക്കു പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

നിശ്ചലമായ രാവ്. ഒടുവില്‍, ഇവിടെ നടന്ന കഥയറിയാതെ, ദിശയറിയാതെ വന്നൊരു കാറ്റ് മരച്ചില്ലകളെ തെല്ലുയര്‍ത്തി. അപ്പോഴേയ്ക്കും ലയാനയുടെ കുടമുല്ലത്തോട്ടത്തിലെ സുഗന്ധം ലിയാത്തിന് ചുറ്റും അദൃശ്യമായി പരന്നൊഴുകാന്‍ തുടങ്ങി. തിങ്കള്‍ കാര്‍മേഘത്തുണ്ടുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നോക്കി. ഏകാനായ് കിടന്നിരുന്ന ലിയാത്തിന്‍റെ മുഖത്തേയ്ക്കവന്‍ വെട്ടം തെളിച്ചു. ലയാനയെ കാണാതെ തിങ്കള്‍ ദുഃഖിതനായി. എന്നിട്ടും ലിയാത്തിന് ചുറ്റും.... നിറഞ്ഞ നിലാവുമായവന്‍ കാവല്‍ നിന്നു.

(തുടരും)
രചന: ശ്രീ വര്‍ക്കല



ചെറുകഥ

ഗായത്രിക്ക് പറയുവാനുള്ളത്....

പാതവക്കിലെ എന്‍റെ വീടിന് മുന്നില്‍, ചിറകുവിരിച്ച് പടര്‍ന്നു നില്‍ക്കുന്ന ചുവന്ന പുഷ്പങ്ങളോട് കൂടിയ ഒരു പൂമരം നിന്നിരുന്നു. അതിന്‍റെ ചുവട്ടില്‍ പൊഴിഞ്ഞുവീഴുന്ന രക്തവര്‍ണ്ണ പൂക്കളുടെ ഇടയില്‍ ഇരുന്നാണ് അവന്‍ എന്നും പുലര്‍ച്ചെ പത്രക്കെട്ടുകള്‍ അടുക്കിപ്പെറുക്കാറുള്ളത്. പിന്നീട് അവിടെനിന്നും ഒരു സൈക്കളില്‍ ദേശം മുഴുവന്‍ പാഞ്ഞു പത്രമിടുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍, അവനെ നമുക്ക് സാജു എന്ന് വിളിക്കാം.

പുലര്‍ച്ചെ മുറ്റമടിക്കുമ്പോഴും, മുറ്റത്ത്‌ ഞാന്‍ നട്ട റോസചെടികള്‍ നനയ്ക്കുമ്പോഴുമെല്ലാം ഞാനവനെ ശ്രദ്ധിച്ചിരുന്നു. ഒരിക്കലും, അരുകില്‍ ഒരു വീടുള്ളതായോ, ഒരു പെണ്‍കുട്ടി അവനെ ശ്രദ്ധിക്കാറുള്ളതോ അവന്‍ അറിഞ്ഞത് പോലും ഉണ്ടായിരുന്നില്ല. അതെനിക്കറിയാം. കാരണം എന്നെ അവന്‍ ഒന്ന് നോക്കിയിട്ട് കൂടിയുണ്ടായിരുന്നില്ല.
പക്ഷെ, ദിവസേനെ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു.

എന്നെ നിങ്ങള്‍ ഗായത്രി എന്ന് വിളിച്ചോള്ളൂ. പഠനം നഗരത്തിലെ പ്രമുഖ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദത്തിന്. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ ചില ഓര്‍മകളുടെ മിന്നലാട്ടം മനസ്സില്‍ ഉണ്ട് താനും. അതെന്താ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പലരും അച്ഛനെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ മുഖം കുനിച്ചു വീട്ടിലെത്തും. അമ്മയോട് പറഞ്ഞു കരയും. ചോദിക്കുമ്പോള്‍, ആളോള്‍ക്ക് എന്തോ സുഖമുള്ളത് പോലെ. അമ്മ പറഞ്ഞ ഓര്‍മകളിലും, ചുവരിലെ അച്ഛന്റെ ചിത്രങ്ങളും എനിക്ക് തന്ന നേര്‍ത്തു നനുത്ത ചില ഓര്‍മ്മകള്‍ ഞാന്‍ പറയാം.

അച്ഛന്‍ വല്ലാതെ മദ്യപിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി അച്ഛന്‍റെ കൂട്ടുകാരില്‍ ചിലര്‍ വീട്ടില്‍ വന്നു. വന്നപാടെ അവര്‍ അമ്മയോട് ചോദിച്ചു..

"ദാസന്‍ ഇതുവരെ എത്തിയില്ലയോ രമണീ".

കയര്‍ ലോഡിംഗ് തൊഴിലാളിയായ അച്ഛന്‍ പലപ്പോഴും താമസിച്ചാണ് വീട്ടില്‍ എത്താറുള്ളത്. അതുകൊണ്ട് തന്നെ അമ്മ പറഞ്ഞു. "വരാന്‍ നേരമാകുന്നതെ ഉള്ളൂ" എന്ന്. അപ്പോള്‍ വന്നവരില്‍ ഒരാള്‍ പറഞ്ഞു..

"ശെരി എങ്കില്‍ നിങ്ങളൊന്ന് വസ്ത്രങ്ങള്‍ മാറി വന്നേ, ആശുപത്രി വരെ ഒന്ന് പോകണം". അന്ധാളിപ്പോടെ അമ്മ അവരോടു ചോദിച്ചു.

"എന്താണ് കാര്യം എന്തുപറ്റി".

അവര്‍ പറഞ്ഞു.."അങ്ങനെ പേടിക്കാനായി ഒന്നും ഇല്ല, വൈകിട്ട് അച്ഛന്‍ ഒന്ന് തലകറങ്ങി വീണു എന്ന്. ഞങ്ങളെ രണ്ടുപേരെയും അയല്‍വക്കത്തെ വീട്ടില്‍ ഏല്‍പ്പിച്ചു അമ്മ അവരോടൊപ്പം ആശുപത്രിയില്‍ പോയി. ആശുപത്രി വരാന്തയില്‍ അച്ഛനെ കൂടാതെ ഒരുപാട് പേരെ കിടത്തിയിട്ടുണ്ടായിരുന്നുവത്രേ. അതില്‍ ചിലരെ പനംപായയില്‍ പൊതിഞ്ഞിട്ടുണ്ടായിരുന്നു. അവരെ അമ്മ തിരിച്ചറിഞ്ഞില്ല. കുറെ പേര്‍ ആശുപത്രിയുടെ മുന്നിലെ വരാന്തയുടെ മുന്നില്‍ കിടപ്പുണ്ടായിരുന്നുത്രേ. അതില്‍ ഒന്നില്‍ അച്ഛനും ഉണ്ടായിരുന്നു. അമ്മ അരുകിലേയ്ക്ക് ഓടിയണയുമ്പോള്‍ തല ചരിഞ്ഞു കിടന്നിരുന്ന അച്ഛന്‍റെ വായില്‍ നിന്നും ചോരയൊഴുകി കവിളിലൂടെ പായയില്‍ പരന്നിരുന്നുവത്രേ.

അച്ഛന്റെ മരണം ഒരോര്‍മയായി ചേച്ചി ഇപ്പോഴും പറയുമായിരുന്നു. ചേച്ചിയ്ക്കെപ്പോഴും ആ ചന്ദനത്തിരിയുടെ ഗന്ധം അച്ഛന്‍റെ പനംപായയിലെ അന്തിയുറക്കത്തിന്‍റെ ഓര്‍മ്മകള്‍ കൊണ്ടുവരുമായിരുന്നു. എന്‍റെ കുഞ്ഞുനാളില്‍ പല ദിവസങ്ങളിലും ബോധം മറയും വരെ മദ്യപിച്ചു കൊണ്ട് അച്ഛന്‍ വീട്ടില്‍ കയറി വന്നിട്ടുണ്ട്.

അച്ഛന്‍ മരിക്കുന്നതിനും കുറച്ചു ദിവസങ്ങള്‍ മുന്‍പ്. ഞാനും എന്‍റെ എട്ടു വയസ്സുകാരി ചേച്ചിയും (ഗീത) അച്ഛന്‍റെ വരവും കാത്തിരുന്നു. അച്ഛന്‍റെ കൈയില്‍, ഞങ്ങള്‍ക്കായി എണ്ണയില്‍ മൂപ്പിച്ച മരച്ചീനി മുറുക്കുകള്‍ ഉണ്ടായിരുന്നു. സ്നേഹത്തോടെ അച്ഛന്റെ മടിയില്‍ ഞങ്ങള്‍ അതിരുന്നു തിന്നുമ്പോള്‍ അച്ഛന്‍ ചാരുകസേരയില്‍ ചാരി ഉറങ്ങിപ്പോയി.. അമ്മ അച്ഛന്‍റെ മടിയില്‍ നിന്നും ഞങ്ങളെ പിടിച്ചിറക്കി അകത്തു പായയില്‍ കിടത്തി ഞങ്ങള്‍ ഉറക്കുമ്പോഴേയ്ക്കും അച്ഛന്‍ ഒരുറക്കം കഴിഞ്ഞു ഉണര്‍ന്ന് മുറ്റത്ത്‌ ഉലാത്തും.

രാത്രിയുടെ യാമങ്ങളില്‍ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലും, അച്ഛന്‍റെ "ഇനി ഞാന്‍ കുടിക്കില്ലടീ" എന്ന സ്നേഹത്തോടെയുള്ള ഉറപ്പും ഞങ്ങള്‍ കേട്ടിരുന്നു. എന്നിട്ടും അച്ഛന്‍ മദ്യപാനം നിര്‍ത്തിയിരുന്നില്ല. പലപ്പോഴും ഇതിന്‍റെ പേരില്‍ അമ്മ അച്ഛനോട് വഴക്കടിക്കും. അപ്പോള്‍ അച്ഛന്‍ പറയും.

" ഞാന്‍ കുടിച്ചെങ്കില്‍ എന്താ ഇല്ലെങ്കില്‍ നിനക്കെന്താ ന്ന്..നിന്നേം, കുഞ്ഞുങ്ങളേം ഞാന്‍ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ എന്ന്."

അച്ഛന്‍ പോയതില്‍ പിന്നെ ഞങ്ങളുടെ കാര്യം വല്ലാത്ത കഷ്ടത്തിലായി. എല്ലാരും ഉണ്ടെങ്കിലും സ്വന്തമെന്ന് പറയാന്‍ എനിക്ക് അമ്മയും ചേച്ചിയും അമ്മയ്ക്ക് ഞങ്ങള്‍ രണ്ടുപേരും മാത്രമായിരുന്നു. അച്ഛന് സ്വന്തം എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് അമ്മ പറഞ്ഞത്.

നാട്ടിലെ പ്രമാണിയായ കയര്‍ മുതലാളിയായിരുന്നു അപ്പൂപ്പന്‍, 35 എണ്ണത്തോളം വണ്ടിച്ചക്രം ഉണ്ടായിരുന്നുവത്രേ അപ്പൂപ്പന് സ്വന്തമായി. അത്രയും പ്രമാണിയായ അച്ഛന്‍റെ മകള്‍, ആരോരുമില്ലാത്ത ഒരു ലോഡിംഗ് തൊഴിലാളിയെ പ്രേമിച്ചു പടിയിറങ്ങിയപ്പോള്‍, അപ്പൂപ്പന്‍ അമ്മയെ പടിയടച്ചു പിണ്ഡം വച്ചു. ന്നാലും അഭിമാനിയായിരുന്നു എന്‍റെ അമ്മ. അതുകൊണ്ടുതന്നെ അമ്മ പിന്നെ ആ വഴിയ്ക്ക് പോയിട്ടേയില്ല. അച്ഛന്‍ പലപ്പോഴും അമ്മയെ ഉപദേശിച്ചിരുന്നു.

"നീ പോണം. അച്ഛനെയും അമ്മയെയും കാണണം. അവരുടെ ശാപം നീ തലയിലേല്‍ക്കരുത്. നമ്മുക്ക് രണ്ടു പെണ്‍കുട്ട്യോളാ... നാളെ, നമ്മുടെ മക്കള്‍ നമ്മോടു കാട്ടിയാല്‍ നമ്മളിത് പൊറുക്കുമോ ന്ന്... "

"എന്‍റെ അച്ഛന്‍ നിങ്ങളെ അടിച്ചിറക്കിയത് എന്‍റെ മുന്നില്‍ വച്ചല്ലേ... നമ്മളവരുടെ പണം ചോദിച്ചോ...ഇല്ലല്ലോ? തലചായ്ക്കാന്‍ ഒരിടം. അത് തന്നില്ല. ഞാനും നിങ്ങളും കൂടി അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാതെ എത്ര നാള്‍, അമ്മയിതു പറയുമ്പോള്‍ വിങ്ങിപ്പൊട്ടുമായിരുന്നു..

"കരയണ്ട... ശെരി നിന്‍റെ ഇഷ്ടം ന്നു പറഞ്ഞു അച്ഛന്‍ പിന്മാറും. അതായിരുന്നു ഞാന്‍ കണ്ട എന്‍റെ അച്ഛന്‍,...

പിന്നീട് അമ്മ വീടുതോറും നടന്നു പച്ചക്കറികള്‍ വിറ്റ് ഞങ്ങളെ വളര്‍ത്തി. ഒരിക്കല്‍, ഒരു വൈകുന്നേരം ചേച്ചീ കുളിപ്പുരയില്‍ നിന്ന് എന്നെ വിളിച്ചു.

"ഗായത്രീ.. നീ ഒന്നിങ്ങ് വന്നേ.."

ഓല കൊണ്ട് മറച്ച ആ കുളിപ്പുരയില്‍ ഞാനോടിയെത്തി. ചേച്ചിയുടെ അഴിച്ചിട്ട വസ്ത്രത്തില്‍ പടര്‍ന്ന കുഞ്ഞു ചോരത്തുള്ളികള്‍ കണ്ടു ഞങ്ങള്‍ ഭയന്നിരുന്നു. പെട്ടെന്ന് കുളിച്ച്, കുളിപ്പുരയില്‍ നിന്നും ചേച്ചിയെ ഞാന്‍ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി. അമ്മ വരുന്നതും കാത്ത് ഞങ്ങള്‍ നെഞ്ചിടിപ്പോടെയിരുന്നു. അമ്മ വന്നിത് ഞങ്ങളില്‍ നിന്നു കേള്‍ക്കുമ്പോള്‍, വല്ലാത്തൊരു ചിരിയോടെ ചേച്ചിയെ ചേര്‍ത്തണച്ചു. പിന്നീട് ഞാന്‍ ഋതുമതിയാകുമ്പോള്‍ ചേച്ചി തന്ന ആ ഓര്‍മ്മകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു അത് മനസ്സിലാക്കാന്‍,...

ഞങ്ങള്‍ വലുതാകുമ്പോഴും ഋതുമതിയായപ്പോഴും ചിരിച്ചതിനെക്കാള്‍ ഏറെ അമ്മ കരയുകയായിരുന്നു. അയല്‍വക്കത്തെ ശാന്തേച്ചിയോട് അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് കൊണ്ട് പറഞ്ഞു.

"എനിക്കറിയില്ല ശാന്തേ! പെണ്‍കൊച്ചുങ്ങള് ഇപ്പം ദേന്നങ്ങു വളരും. എന്ത് ചെയ്യണം ന്നു ഒരു പിടീം കിട്ടുന്നില്ലാ.." ന്നു.

"അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും രമണീ... നീയിങ്ങനെ ആധിപിടിച്ചു അസുഖക്കാറിയായാല്‍ പിന്നെ അവര്‍ക്ക് ആരുണ്ട്‌. എല്ലാം ശെരിയാകും നീ സമാധാനിക്ക്" എന്ന്.

ഞങ്ങള്‍ വളര്‍ന്നു. ഞങ്ങളുടെ മോഹങ്ങളും. എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുള്ള ചേച്ചി പക്ഷെ, അവളുടെ പ്രണയത്തെക്കുറിച്ച് മാത്രം എന്നോട് പറഞ്ഞിരുന്നില്ല. ഞാനത് അറിഞ്ഞതുമില്ല. ഒടുവില്‍, അടുക്കളയോട് ചേര്‍ന്ന ചായ്പ്പിന്റെ ഉത്തരക്കൂടില്‍ തൂങ്ങി ചേച്ചി യാത്രയാകുമ്പോള്‍ ഞാന്‍ ഇരുപതിന്‍റെ പടി കടന്നിരുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു തെക്കേ മുറ്റത്ത്‌ അച്ഛനോട് ചേര്‍ന്ന് ചേച്ചി അന്തിയുറങ്ങുമ്പോള്‍ മുറിയില്‍ നമ്മുടെ കട്ടിലില്‍ ഞാന്‍ ഒറ്റയ്ക്കായി. ആരുടെയോ കുഞ്ഞിനെ രണ്ടു മാസം വയറ്റില്‍ ചുമന്നാണ് ചേച്ചി യാത്രയായത്. നാട്ടാരുടെ ചോദ്യവും, അമ്മയുടെ സങ്കടവും എന്‍റെ സമനില തെറ്റിയ്ക്കുമോന്നു ഞാനും ഭയന്നു. അമ്മ പറഞ്ഞു.

" ഞാനിനി എങ്ങും പോണില്ല. പട്ടിണി കിടന്നാലും സാരമില്ല... നമ്മുക്ക് ഇവിടെ മരിക്കാം... ഇവിടെ കിടന്നു മരിക്കാം".. എന്ന്.

ഞാന്‍ അരുകില്‍ ഇരുന്നു അമ്മയെ സാന്ത്വനപ്പെടുത്തി.

"സാരമില്ല അമ്മെ... എല്ലാം ശെരിയാവും."

അമ്മ പറയും. "നീ കുഞ്ഞാ... ഒരാളുടെ വായ അടയ്ക്കാന്‍ എന്നെ കൊണ്ട് കഴിയണില്ല.. പിന്നെങ്ങനാടീ ഈ പഞ്ചായത്ത് മുഴുവന്‍,.".

ഒടുവില്‍, ചന്തയുടെ മുന്നിലെ വലിയ കടകളുടെ മുറ്റം തൂപ്പുകാരി വിവാഹം കഴിഞ്ഞു പോകുമ്പോള്‍, ആ ജോലി ഞാന്‍ തരപ്പെടുത്തി. പിന്നീടങ്ങോട്ട് ആ കടകളില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനതിലായി ഞങ്ങളുടെ ജീവിതം. ഒപ്പം എന്‍റെ പഠനവും.

അവിടെയ്ക്ക് യാത്രയാകാനുള്ള തിരക്കിലാണ് ഞാന്‍ എന്നും പുലര്‍ച്ചെയുള്ള മുറ്റമടി. എന്നും സാജുവിനെ കണ്ടിരുന്ന ഞാന്‍,.. ഞാന്‍ പോലുമറിയാതെ അവനെ സ്നേഹിച്ചു. അവനെ കാത്തിരുന്ന ദിനങ്ങള്‍, അവന്‍ വരാതാകുമ്പോള്‍ ഞാന്‍ തകര്‍ന്നുപോകും. ഒടുവില്‍, ഒരു രാത്രി ഉറങ്ങാന്‍ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ചിന്തിച്ചു. നാളെ പുലര്‍ച്ചെ എങ്ങനെയെങ്കിലും അവനോട് എന്‍റെ ഇഷ്ടം പറയുക തന്നെ. പതിവുപോലെ അവന്‍ ആ മരച്ചുവട്ടില്‍ വന്നു. പത്രക്കെട്ടുകള്‍ അടുക്കി സൈക്കളില്‍ കയറുമ്പോഴേയ്ക്കും ഞാന്‍ അവനെ പിന്നില്‍ നിന്നും പലയാവര്‍ത്തി സ്വരം താഴ്ത്തി വിളിച്ചു. അവന്‍ വിളികേട്ടില്ല. എനിക്ക് വല്ലാതെ വിഷമമായി. എല്ലാ ദിവസങ്ങളിലും ഇങ്ങനെ ഞാന്‍ വിളിച്ചുകൊണ്ടിരുന്നു. അവന്‍ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അകന്നുകൊണ്ടിരുന്നു.

മാസങ്ങള്‍ക്കൊടുവില്‍, ഒരു ദിവസം അവന്‍ എന്നെ തിരിഞ്ഞു നോക്കി. ചിരിച്ചു. ഞാന്‍ അന്ന് വല്ലാത്ത സന്തോഷത്തിലായി. മൂകമായി ഞങ്ങളുടെ പ്രണയം ഓരോ ദിനവും തള്ളി നീക്കി.

ഒടുവില്‍, ഒരു നാള്‍ എന്‍റെ വീട്ടില്‍ അമ്മയുമായി അവനെത്തി. ഞാന്‍ കൊടുത്ത ചായ കുടിക്കുമ്പോഴെല്ലാം അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. സാജുവിന്‍റെ അമ്മ എന്നെ നോക്കി ചോദിച്ചു.

"മോളെ... ന്‍റെ മോനെ നിനക്കിഷ്ടാണോ? ഞാന്‍ ആ അമ്മയെ നോക്കി ചിരിച്ചു.

"ഇഷ്ടാ അമ്മെ എനിക്കൊരുപാട് ഇഷ്ടാ... ഞാന്‍ പറഞ്ഞു.

"ന്നാലും ഞങ്ങളുടെ കാര്യം മോളറിയണം." അവര്‍ തുടര്‍ന്നു

"അവന് അച്ഛനില്ല. ഓരോ ദിവസവും എങ്ങനെ കഴിയണ് ന്ന് കൂടി അറിയില്ല. പത്രം ഇടുന്ന കാശും അല്ലറചില്ലറ കൂലിവേലയും ചെയ്താ അവനെന്നെ പോറ്റുന്നെ. ഇനിയും ഉണ്ട് എനിക്ക് അവനെക്കുറിച്ചു എനിക്ക് പറയാന്‍,.."

ആ അമ്മയിതു പറയുമ്പോള്‍ ഞാനും അമ്മയും ഒരുമിച്ചായിരുന്നു പറഞ്ഞത്...

" വേണ്ട ഒന്നും പറയണ്ട.. ഞങ്ങള്‍ക്ക് ഒന്നും കേള്‍ക്കുകയും വേണ്ട. ഞങ്ങളും പാവങ്ങളാ.. നിങ്ങളെപ്പോലെ ആരോരുമില്ലാത്തോര്.... എന്‍റെ അമ്മ തുടര്‍ന്നു..."ഇനീപ്പോ ഒന്നും ചിന്തിക്കാനില്ല. അവര് പരസ്പരം ഇഷ്ടപ്പെട്ടില്ലേ, പരസ്പരം അറിയില്ലേ..." അത് മതി. അങ്ങിനെ അവന്‍ എന്നെ നോക്കി വശ്യതയോടെ ചിരിച്ചുകൊണ്ട് യാത്രയായി.

ഞങ്ങളുടെ കല്യാണം പെട്ടെന്ന് നടന്നു. ഞാനന്ന് രാവ് വരെ വല്ലാതെ സന്തോഷിച്ചു. സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കുക, അതും അമ്മമാരുടെ ആശീര്‍വാദത്തോടെ. ആദ്യരാത്രിയില്‍ ഞാന്‍ അവനായി കാത്തിരുന്നു.

ഒടുവില്‍, മനോഹരമായി വസ്ത്രം ധരിച്ചവന്‍ മുറിയിലെത്തി. തുറന്നുകിടന്നിരുന്ന ജനല്‍പ്പാളികളിലൂടെ അരികിലെ വയന പൂത്ത ഗന്ധം മുറിയിലേയ്ക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവന്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ നാണിച്ച് എഴുന്നേറ്റു. മേശയില്‍ ഇരുന്ന പാലുമായി ഞാന്‍ അവനരുകില്‍ എത്തി. നാണത്തോടെ അവന് കൊടുത്തു. അവന്‍ പാതി കുടിച്ചിട്ട് എന്‍റെ മുന്നിലേയ്ക്ക് അത് വച്ച് നീട്ടി കുടിക്കാന്‍ ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കുടിച്ചു. ആ രാത്രി പുലരും മുന്‍പേ ഞാനറിഞ്ഞു.. അവന് നാക്കുകള്‍ ചലിപ്പിക്കാന്‍ കഴിയില്ലാന്ന സത്യം. അതെ അവന്‍ സംസാരിക്കില്ലായിരുന്നു. ഞാന്‍ അവനോട് അത് ചോദിച്ചപ്പോള്‍ അവന്‍ കുനിഞ്ഞിരുന്നു കരഞ്ഞു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്‍റെ കരച്ചിലിന്‍റെ ശക്തി കൂടുമ്പോള്‍ അവന്‍ അരുകില്‍ ഇരുന്ന ഒരു ബുക്ക്‌ എടുത്ത് അതിലെ അന്നത്തെ ഡേറ്റ് ഇട്ട പേജില്‍ ഇങ്ങനെ എഴുതി.

"എന്‍റെ ഗായത്രീ... അന്ന് വീട്ടില്‍ വരുമ്പോള്‍ എന്‍റെ അമ്മ ഇതെല്ലാം പറയുവാന്‍ ഒരുങ്ങുകയായിരുന്നു."

അവന്‍ എന്‍റെ നേരെ ആ ബുക്ക്‌ വച്ച് നീട്ടി. അത് വായിച്ചു ഞാന്‍ മിണ്ടാതെ കുനിഞ്ഞിരുന്നു. പിന്നീട് ഞാന്‍ അവനെ സ്നേഹിച്ചു. എന്നെക്കാളും, എന്‍റെ ജീവനേക്കാളും. നാല് വര്‍ഷം ഞങ്ങള്‍ ജീവിച്ചു. ഞങ്ങള്‍ ഒരു കുഞ്ഞു വീട് വച്ചു. ഞങ്ങള്‍ക്കൊരു മകന്‍ പിറന്നു. ഞങ്ങള്‍ അവനെ വിനയ് എന്ന് വിളിച്ചു. എന്നെയും മോനെയും അവന്‍ പൊന്നുപോലെ നോക്കി.

ഓരോ രാത്രിയും എന്‍റെ നെഞ്ചില്‍ കിടന്നായിരുന്നു അവന്‍ ഉറങ്ങിയത്. എന്‍റെ നെഞ്ചിന്‍റെ താളം ഒന്ന് തെറ്റിയാല്‍, അതിന്‍റെ വേഗം ഒന്നധികരിച്ചാല്‍ അവന്‍ വല്ലാതെ ഭയക്കുമായിരുന്നു. അങ്ങിനെ ഇരിക്കെ മകന്‍റെ ജന്മദിനം വന്നു. സാജു ബുക്കില്‍ എഴുതി എന്നോട് കാണിച്ചു....

"മോനെയും കൂട്ടി നമ്മുക്കിന്ന് ദേവിക്ഷേത്രത്തില്‍ പോകണം. ഒന്ന് തൊഴണം. എത്ര നാളായി". ഞാനും സമ്മതിച്ചു. എന്‍റെ ചുരിദാര്‍ അവന്‍റെ മുന്നില്‍ ഇസ്തിരിയിടാന്‍ ഏല്‍പ്പിച്ച് മകനെ തൊട്ടിലില്‍ ഉറക്കി കിടത്തി ഞാന്‍ കുളിക്കാന്‍ പോയി. തിരകെ വരുമ്പോള്‍ എന്‍റെ സാജു കട്ടിലിനരുകില്‍ നിലത്തേയ്ക്ക് തെറിച്ചു വീണു കിടപ്പുണ്ടായിരുന്നു. അവന്‍റെ മൂക്കിലൂടെ ഒഴുകിയ ചോരയ്ക്ക് കറുപ്പ് നിറമായിരുന്നു. എല്ലാരും എന്നെ ശപിച്ചു.

"നീയെവിടെ പോയി കിടക്കുകയായിരുന്നെടീ ന്നു..." എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. രാവും പകലും ഞാന്‍ കരഞ്ഞു. എനിക്കറിയാം അവന്‍ എന്നെ വിളിക്കാന്‍ ശ്രമിച്ചിരിക്കും. അത് തീര്‍ച്ച. അരുകില്‍ ഇരുന്ന ബുക്കില്‍ അന്നാദ്യമായ്‌ അവന്‍ എഴുതിയില്ല. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് എങ്ങിനെ അവന്‍ എഴുതാനാ... ഇരുളില്‍ ഇരുന്ന് ഞാനിപ്പോഴും കരയും.

"ഞാനെന്തിനാ അവന്‍റെ കൂടെ കൂടിയതെന്ന്... എനിക്കറിയില്ലാ അതിന്‍റെ ഉത്തരമിന്നും... "അമ്മെ..വയറു വിശക്കുന്നു..." എന്‍റെ നേരെ മകന്‍ വച്ച് നീട്ടിയ ബുക്ക്‌ വാങ്ങി നോക്കി ഞാന്‍ എഴുന്നേറ്റു..

രചന: ശ്രീ വര്‍ക്കല.


2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 31

പറമ്പില്‍ വിഷണ്ണനായി നാലുപാടും ചുറ്റിത്തിരിഞ്ഞു നോക്കുന്ന ബാലനെക്കണ്ട വാസു അവനോട് കാര്യം തിരക്കി. അവന്‍ ദുഃഖിതനായി പറഞ്ഞു.

"ദേ! ഞാനൊരു ഒറ്റ മൈനയെ കണ്ടു. ഇന്ന് വിഷമോള്ള കാര്യാകും ഉണ്ടാവ്വാ..."

വാസു ചിരിച്ചു കൊണ്ട് പറഞ്ഞു..."ഹേയ്! അങ്ങിനെയൊന്നും ഉണ്ടാവില്ല. അതെല്ലാം വെറുതെയല്ലേ..!!! മോന്‍ ധൈര്യമായി സ്കൂളില്‍ പോയാട്ടെ."

അവന്‍ ആ വാക്കില്‍ തൃപ്തിയില്ലാതെ നടന്നു പോകുന്നതും നോക്കി വാസു ആ ബാലന്‍ പറഞ്ഞ ഇടത്തേയ്ക്ക് നോക്കി. അയാള്‍ ചിന്തിച്ചു.. "ശരിയാണ്.....ഒരു ഒറ്റ മൈന. ഇനിയതില്‍ എന്തെങ്കിലും ശരിയുണ്ടാകുമോ? ഹേയ്! ഉണ്ടാവില്ല. അയാള്‍ സ്വയം സമാധാനിച്ചു, ചിരിച്ചു, ഒരു പ്രത്യേകതാളത്തില്‍ തലകുലുക്കിക്കൊണ്ട് നടന്നകന്നു.

വാസു ഇപ്പോള്‍ കണ്ണന്‍റെ കുടിലിനു മുന്നിലാണ്. കണ്ണനെ പുറത്തു കാണാഞ്ഞത് കൊണ്ടും, വാതില്‍ ചാരിക്കിടന്നതിനാലും വാസു കതകില്‍ കൈകൊണ്ടു മെല്ലെ തട്ടി തെല്ല് ഉറക്കെ വിളിച്ചു.

"കണ്ണാ......എടാ....കണ്ണാ, നേരം എത്രായീന്നാ... നീ ജോലിയ്ക്ക് വരണില്ലെ??
പക്ഷെ, ആരും വിളികേട്ടില്ല. തീര്‍ത്തും നിശബ്ദത.

"ഇവനിതെവിടെ പോയി..? വാസു ആത്മഗതം ചെയ്തു. നേരം ഒരുപാടായല്ലോ എന്ന് പിറുപിറുത്തുകൊണ്ട്‌ അയാള്‍ വാതില്‍ മെല്ലെ തുറന്നു.

വെളിച്ചത്തില്‍ നിന്നും കയറിവന്നതിനാല്‍ ഒരുനിമിഷം അകത്തെ ഇരുള്‍ പൊടുന്നനെ അയാളുടെ കാഴ്ച്ചയെ മറച്ചു. വാസു കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മമാക്കി കണ്ണാ എന്ന് വിളിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി. വാസുവിന്‍റെ കാലില്‍ പെട്ടെന്ന് എന്തോ തടഞ്ഞു. അയാള്‍ അടിതെറ്റി താഴേയ്ക്ക് കൈകള്‍ കുത്തി വീണു. ആ വീഴ്ചയില്‍, മുറിയ്ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ കണ്ട കാഴ്ചയില്‍ വാസു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

ഒരു വികൃതരൂപിയെപ്പോലെ കണ്ണന്‍ കട്ടിലിന്‍റെ ഓരത്തായി, കട്ടിലിലേയ്ക്ക് ചാഞ്ഞ് വീണുകിടക്കുന്നു. അവന്‍റെ അരക്കെട്ടില്‍ ഇടതുകരം കൊണ്ട് ചുറ്റിപ്പിടിച്ച് കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി ചിന്നമ്മു കിടക്കുന്നുണ്ട്. അപ്പോഴാണ്‌ വാസു ശ്രദ്ധിച്ചത് അവന്‍റെ കഴുത്തില്‍ ചുറ്റി നീണ്ടൊരു തുണിത്തുണ്ട് മച്ചിലവസാനിക്കുന്നത്. വാസു ഞെട്ടി പിന്നിലേയ്ക്ക് മാറി. ഒരുനിമിഷം, തേങ്ങലോടെ അയാള്‍ കണ്ണനരുകിലേയ്ക്ക് വീണു.

"കണ്ണാ....ന്‍റെ കണ്ണാ..." എന്ന് വിളിച്ചയാള്‍ അവന്‍റെ ശരീരത്തെ പിടിച്ചുകുലുക്കി. അപ്പോഴും അവന്‍റെ ശരീരത്തിലെ ചൂട് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. വാസു ഒരുനിമിഷം ചിന്തിച്ചു പുറത്തേയ്ക്ക് ഓടി. വാതിലിനരുകില്‍ നിന്നുകൊണ്ടയാള്‍ നാലുപാടും നോക്കി നിലവിളിച്ചു. ആരൊക്കെയോ ഓടിവന്നു. അവര്‍ കണ്ണന്‍റെ കഴുത്തിലെ കുരുക്കഴിച്ചു. കണ്ണന്‍റെ ശരീരം കുഴഞ്ഞ് ഒരു വശത്തേയ്ക്ക് ചരിഞ്ഞു വീണു. അവര്‍ കണ്ണന്‍റെ ശരീരം താങ്ങി അരുകില്‍ ഉണ്ടായിരുന്ന പായയിലേയ്ക്ക് കിടത്തി.

ചിന്നമ്മു നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു. കണ്ണന്‍റെ കുടില്‍ പുരുഷാരം കൊണ്ട് നിറഞ്ഞു. സ്ത്രീകള്‍ ചിന്നമ്മുവിനരുകിലിരുന്നു തേങ്ങി. കാര്‍ത്യായനിയമ്മ കണ്ണന്‍റെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു.

"ന്‍റെ പൊന്നുമോനെ കണ്ണാ... നീയെന്തിനിത് ചെയ്തു.."

ജനിയുടെ കണ്ണുനീര്‍ നിലത്തേയ്ക്ക് വീണില്ല. അവ നിറഞ്ഞുതുളുമ്പി വീഴാന്‍ ഒരവസരം കാത്തുനില്‍ക്കുന്നതുപോലെ ഉരുണ്ട് കീഴ്പ്പോളയില്‍ നിലയുറച്ചു.

മണിമാളികയില്‍ നിന്ന് കണ്ണന്‍റെ കുടിലിനരുകില്‍ പാഞ്ഞെത്തിയ തങ്കം മുറ്റത്ത് എത്തിയതോടെ ഒന്നറച്ചു. ദുഃഖം കടിച്ചമര്‍ത്തി പുറത്തെ തിണ്ണയില്‍ ഇരിക്കുന്ന വാസുവിനോട് അവള്‍ വെപ്രാളത്തോടെ ചോദിച്ചു..

"എന്തുണ്ടായി... വാസുവേട്ടാ എന്തുണ്ടായി..? വാസു തങ്കത്തിന്‍റെ മുഖത്തേയ്ക്ക് നോക്കി, പിന്നെ കരഞ്ഞുകൊണ്ട്‌ ഇടതുകരം വാതിലിലേയ്ക്ക് ചൂണ്ടി വിറയാര്‍ന്ന വാക്കുകള്‍ കൊണ്ട് അവളോട്‌ പറഞ്ഞു...

"അകത്തുണ്ട്...പോയി നോക്ക്..!!!"

തങ്കം വല്ലാതെ പരിഭ്രമിച്ചു പതിയെ വാതിലിനരുകില്‍ ചെന്ന് അകത്തേയ്ക്ക് നോക്കി. അവള്‍ ഞെട്ടിത്തരിച്ചുപോയി. ഓടിയകത്തേയ്ക്ക് കയറിയ അവള്‍ കണ്ണന്‍റെ നിശ്ചലമായ ശരീരത്തിനരുകില്‍ മുട്ടുകുത്തിയിരുന്നു. അവള്‍ അവനെ തൊട്ടില്ല. നിറഞ്ഞ കണ്ണുകളുമായി അവന്‍റെ അരുകിലിരുന്ന അവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു. അവള്‍ മെല്ലെ എഴുന്നേറ്റു. വാതില്‍ തുറന്നു മണിമാളിക ലക്ഷ്യമാക്കി അവള്‍ നടന്നകന്നു.

വഴിയില്‍ കണ്ടവരോടൊന്നും അവള്‍ ഒന്നും ഉരിയാടിയില്ല. അപ്പോഴേയ്ക്കും അവളുടെ കുഞ്ഞ് ഉണര്‍ന്നു കരയുന്നുണ്ടായിരുന്നു. തങ്കം ഓടിവന്ന് കുഞ്ഞിനെ വാരിയെടുത്തു. അതിനെ തെരുതെരെ ഉമ്മവച്ചു. ആ കുഞ്ഞിനേയും കൊണ്ടവള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലിലേയ്ക്ക് ചാഞ്ഞു. തേങ്ങലിനിടയില്‍, അവള്‍ പിറുപിറുത്തു..

" ന്‍റെ കണ്ണന്‍റെ സമ്മാനം... എനിക്ക് മാത്രമായി... ന്‍റെ കണ്ണന്‍റെ സമ്മാനം. മറ്റാരുമില്ലാതിരുന്ന ആ വീട്ടില്‍, കണ്ണന്‍ അവളെ സ്നേഹിച്ച ആ പട്ടുമെത്തയില്‍ മുഖമമര്‍ത്തി അവള്‍ മതിയാവോളം കരഞ്ഞു. ആ കരച്ചിലിനൊടുവില്‍, വിങ്ങലായി അവള്‍ വിറകൊള്ളവേ, കണ്ണന്‍ മരിച്ചത് ആരോ പറഞ്ഞറിഞ്ഞ് മുതലാളി അവളുടെയരുകില്‍ വന്നിരുന്നു. അവളുടെ ശരീരത്തയാള്‍ കൈത്തലം അമര്‍ത്തുമ്പോള്‍, കുഞ്ഞിനെ വിട്ടവള്‍ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. മുതലാളി ചോദിച്ചു..

" നീ പോയോ കണ്ണനെ കാണാന്‍,...?" അവള്‍ അയാളുടെ നെഞ്ചില്‍ക്കിടന്നുകൊണ്ട് മൂളി.

"സാരോല്ല... മരണം അതാര്‍ക്കും തടയാന്‍ കഴിയില്ല. എനിക്കറിയാം നിനക്കും എനിക്കും കണ്ണന്‍ ഈ വീടംഗത്തെപ്പോലെയായിരുന്നു". അയാള്‍ അവളെ ചേര്‍ത്തണച്ചുകൊണ്ടു കുറച്ചു സമയം അവിടെയിരുന്നു.

ഒടുവില്‍ അവളെ കട്ടിലില്‍ കരയാന്‍ വിട്ട്, അയാള്‍ കണ്ണന്‍റെ കുടില്‍ ലക്ഷ്യമാക്കി നടന്നകന്നു. മുറ്റത്തെല്ലാം ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. മുതലാളി വരുന്നത് കണ്ടു വാസു ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. സ്ഥലത്തെ ചില പ്രമാണികള്‍ ഒക്കെ ചേര്‍ന്ന്, പോലീസില്‍ അറിയിക്കണോ എന്ന ചര്‍ച്ചയില്‍ ആയി. അപ്പോള്‍ വാസു പറഞ്ഞു..

"വേണ്ട അവനെയിനി വെട്ടിക്കീറണ്ട. ആരുമില്ല അവന്. അതിങ്ങനെ പോകട്ടെ. വാസുവിന്‍റെ തേങ്ങലോടെയുള്ള ഈ പറച്ചില്‍ കേട്ട് വന്നവര്‍ അയാളുടെ പക്ഷം ചേര്‍ന്നു. പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ചിന്നന്‍റെ കുഴിമാടത്തിനരുകിലായി കണ്ണന്‍ അന്ത്യവിശ്രമം കൊണ്ടു.

അപ്പോഴും ചിന്നമ്മുവിന്‍റെ ഉടല്‍ വിറച്ചുകൊണ്ടിരുന്നു. കഴിഞ്ഞുപോയ ഒരു രാത്രി അവള്‍ക്ക് സമ്മാനിച്ചത്‌ ഒരു ഭാര്യയും കാണാന്‍ ആഗ്രഹിയ്ക്കാത്ത കാഴ്ചകള്‍ മാത്രമായിരുന്നു. കണ്ണന്‍റെ ഓരോ പിടച്ചിലും അവളുടെ കണ്മുന്നില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അവന്‍റെ ശ്വാസം പതിയെപതിയെ നിലയ്ക്കുന്നത് അവള്‍ കണ്ടിരുന്നു. ഒരു ജന്മം മുഴുവന്‍ അനുഭവിക്കാന്‍ കണ്മുന്നില്‍ കാഴ്ചകള്‍ നല്‍കി അവന്‍ മറഞ്ഞുപോയിരിക്കുന്നു... അവളോളം പാപി ആരുണ്ടാകും ഈ ലോകത്തില്‍,..? വിഫലമെങ്കിലും അവനെയൊന്ന് രക്ഷിക്കാന്‍ പോലും അവളെക്കൊണ്ട് കഴിഞ്ഞില്ല. എന്തിന്...ഒന്നുറക്കെ കരയാന്‍ പോലും.

ദിവസങ്ങള്‍ ആരെയും കാത്തുനില്‍ക്കാതെ ഓരോനാളും അഭിനയിച്ച് അരങ്ങൊഴിഞ്ഞുകൊണ്ടിരുന്നു. തങ്കം മെല്ലെ മെല്ലെ പഴയ അവസ്ഥയിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു.മുതലാളി കടയിലെ തിരക്കുമായി രാവും പകലും അലഞ്ഞുകൊണ്ടിരുന്നു. വാസു പാടത്തെ ജോലികളില്‍ മുഴുകിയിരുന്നു. ജനി ജോലി കഴിഞ്ഞു വന്ന് ചിന്നമ്മുവിനെ ശുശ്രൂഷിക്കും.

ഒടുവില്‍ ഒരു ദിവസം കാര്‍ത്തൂന്‍റെ ചെക്കന്‍ കല്യാണ ആലോചനയുമായി ജനിയെ സമീപിക്കുമ്പോള്‍ കരക്കാര് കൂടി. അപ്പോള്‍ ഒരാള്‍ പറഞ്ഞു..

"ഇവളിങ്ങനെ ചിന്നമ്മൂനെ നോക്കിയിരുന്നാല്‍ ഇവള്‍ക്കൊരു ജീവിതം വേണ്ടേ..?

ജനിയുടെ എതിര്‍പ്പിനെ ആരും പരിഗണിച്ചില്ല. ആ ചെക്കനുമായി അവളുടെ വിവാഹം ഉറപ്പിച്ചു. വയല്‍ക്കരയിലെ ദേവതാക്ഷേത്രത്തില്‍ വച്ച് ജനിയുടെ കഴുത്തില്‍ മിന്നു വീണു. എല്ലാരോടും യാത്ര പറഞ്ഞ് അവള്‍ കണ്ണന്‍റെ കുടിലിന് മുന്നില്‍ എത്തി. അപ്പോള്‍ ഒരു കാര്‍ അവിടെ മുറ്റത്ത്‌ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനരുകില്‍ മുതലാളിയും നാട്ടുകാരില്‍ ചിലരും ഉണ്ടായിരുന്നു.

ജനി ഏവരെയും തൊഴുതുകൊണ്ട് കുടിലിനകത്തേയ്ക്ക് കയറി. ചിന്നമ്മു കട്ടിലില്‍ കിടപ്പുണ്ട്. അവളുടെയരുകില്‍ വെള്ള വസ്ത്രങ്ങള്‍ ധരിച്ചു രണ്ടു മാലാഖമാര്‍,... ജനി ചിന്നമ്മുവിന്‍റെ പാദങ്ങളില്‍ ചേര്‍ത്ത് പിടിച്ചു. ഒരു നിമിഷം അവളൊന്നു തേങ്ങി. പിന്നെ അവളുടെ അരുമയാര്‍ന്ന മുഖം കൈകളില്‍ ചേര്‍ത്ത് നെറ്റിയിലും കവിളുകളിലും മുത്തം നല്‍കി. അപ്പോഴെല്ലാം, ജനിയുടെ നെറുകയില്‍ ഇടതു കൈതലമമര്‍ത്തി ചിന്നമ്മു നിശബ്ദം കരഞ്ഞു, . അവളുടെ സങ്കടം കാണാന്‍ കഴിയാതെ ജനി അവിടെനിന്നും ഇറങ്ങിയോടി.

പുരുഷാരം നോക്കി നില്‍ക്കെ, ചിന്നമ്മുവിനെ ചിലര്‍ ചേര്‍ന്ന് താങ്ങിയെടുത്തു കാറിനകത്തേയ്ക്ക് കിടത്തി. അവളെയും കൊണ്ട് പൊടിപടര്‍ത്തി ആ കാര്‍ നഗരത്തിലെ ആരോരുമില്ലാത്ത ജീവനുകള്‍ അന്തിയുറങ്ങുന്ന ആലയത്തിലേയ്ക്ക് പോയി.

വയല്‍ക്കരഗ്രാമത്തില്‍ പിന്നെയും പ്രഭാതങ്ങള്‍ എത്തി. സന്ധ്യകളും വന്നു മറഞ്ഞു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴെ കണ്ണനും, ചിന്നമ്മുവും ചിന്നനും ഓര്‍മ്മകള്‍ മാത്രമായി. തങ്കം പാതി തുറന്ന ജനല്‍പ്പാളിയിലൂടെ കണ്ണന്‍റെ കുടില്‍ നിന്നിടത്തേയ്ക്ക് നോക്കി. മഴയും മഞ്ഞും വെയിലുമേറ്റ് നിലംപതിച്ച ആ കുടിലിന് മുന്നില്‍ മുറ്റത്ത് നില്‍ക്കുന്ന പ്ലാവിന്‍റെ ശിഖരങ്ങള്‍ പൊഴിച്ച പഴുത്ത ഇലകളപ്പോള്‍ കാറ്റില്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
രചന: ശ്രീവര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 30

തങ്കം അവനടുത്തേയ്ക്ക് വന്നു. അപ്പോഴേയ്ക്കും കണ്ണന്‍ നന്നായി വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു.
തങ്കം ചോദിച്ചു...

"എന്തേ വീട്ടിലേയ്ക്ക് വരുന്നവരെ അകത്തേയ്ക്ക് ക്ഷണിക്കുകയോ, ഇരിക്കാനോ പറയാറില്ലേ".....?

കണ്ണന്‍ വിക്കിവിക്കിപ്പറഞ്ഞു....
"ഓ!! ... ശരിയാണ് തങ്കം. ഞാനതങ്ങ് മറന്നു."

അവന്‍ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തേയ്ക്ക് കയറിയ തങ്കം ചിന്നമ്മുവിന്‍റെ അടുക്കലേയ്ക്ക് വന്ന്, അവളെ ഒന്ന് സൂക്ഷ്മമായി നോക്കി. എന്നിട്ട് തിരിഞ്ഞ് കണ്ണനെ നോക്കി അടക്കിയ സ്വരത്തില്‍ പറഞ്ഞു.

"അവളുറക്കാ....നല്ല ഉറക്കം."

ഇത് പറഞ്ഞുകൊണ്ടവള്‍ തിരിയുമ്പോള്‍, റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ അവളുടെ കണ്ണുകളില്‍ കത്തി നിന്ന ഒരു പ്രത്യേക ഭംഗി അവന്‍ കണ്ടു. കണ്ണനടുത്തേയ്ക്ക് നീങ്ങി നിന്ന അവളുടെ ശരീരത്തില്‍ നിന്നും വല്ലാത്തൊരു സുഗന്ധം അവനനുഭവപ്പെട്ടു. തങ്കം കണ്ണന്‍റെ മിഴികളില്‍ നോക്കി നിന്നു. പിന്നെ അവന്‍റെ നെഞ്ചിലേയ്ക്ക് മുഖമമര്‍ത്തി ഇരുകൈകളും കൊണ്ടവനെ വരിഞ്ഞു മുറുകി. നിറഞ്ഞാടുന്ന യുദ്ധത്തില്‍, ആയുധം നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ അവന്‍ പതറിനിന്നു.

നിശബ്ധമായ അന്തരീക്ഷത്തില്‍, കണ്ണന്‍റെയും, തങ്കത്തിന്‍റെയും ശ്വാസനിശ്വാസങ്ങള്‍ ഉച്ചത്തിലാകുമ്പോള്‍, ഉറക്കത്തിന്‍റെ ഇടനാഴിയില്‍ എവിടെയോ വഴിയറിയാതെ ഉഴറിനീങ്ങിയ ചിന്നമ്മു കണ്ണുകള്‍ തുറന്നു. അവ്യക്തമായ്‌ അവള്‍ കണ്ട കാഴ്ചകള്‍ മെല്ലെ മെല്ലെ പകലുപോലെ അവളുടെ കണ്ണുകളില്‍ പതിഞ്ഞുതുടങ്ങി. എങ്കിലും, ഒരു വാക്ക് മിണ്ടാനോ, കരമൊന്നു ചലിപ്പിക്കാനോ കഴിയാതെ അവള്‍ മിഴികളടച്ചു. അവളുടെ കണ്ണുനീര്‍ നിരനിരയായി കപോലങ്ങളിലൂടെ താഴെവീണുറയുമ്പോള്‍, കണ്ണന്‍ കണ്ണുകള്‍ മുറുകെയടച്ച് തങ്കത്തിന്‍റെ തോളില്‍ മുഖമമര്‍ത്തി തളര്‍ന്നുതുടങ്ങിയിരുന്നു.

തുടക്കത്തില്‍, കണ്ണന്‍ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും, നെഞ്ചിലേറ്റ അവളുടെ ചുടുശ്വാസം അവനെ മെല്ലെ മെല്ലെ തളര്‍ത്തി. ക്രമേണ അവന്‍ തങ്കത്തിന് കീഴ്പ്പെടുകയായിരുന്നു. ഒടുവില്‍, അവന്‍റെ നിശ്വാസം അവളുടെ ശരീരമാകെ അലഞ്ഞുനടന്നു.

നിലത്തുവിരിച്ച പായമേല്‍ തങ്കത്തെയും കൊണ്ടവന്‍ ചായുമ്പോള്‍, ചിന്നമ്മുവിന്‍റെ തളര്‍ന്ന കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. വല്ലാത്തൊരു വീര്‍പ്പുമുട്ടലോടെ അവള്‍ സ്വരമടക്കി തേങ്ങിക്കൊണ്ടിരുന്നു. പരസ്പരം സ്നേഹിച്ച് പടര്‍ന്നുകയറിയ തങ്കവും, കണ്ണനും ഇതൊന്നും അറിയുന്നുപോലുമുണ്ടായിരുന്നില്ല.

സമയം ഏറെ കഴിഞ്ഞു. കണ്ണന്‍ തങ്കത്തിനോട് ചോദിച്ചു..

"കുഞ്ഞു ഉണര്‍ന്നാല്‍ എന്ത് ചെയ്യും...? നിന്നെ കാണാതെ അവള്‍ കരയില്ലേ..."?

തങ്കം അവന്‍റെ ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. അവളവനെ കെട്ടിപ്പുണര്‍ന്നു കിടന്നു.
അന്തരീക്ഷം പതിയെപതിയെ നിശബ്ദമായി വന്നുകൊണ്ടിരിക്കെ, കണ്ണന്‍റെ കാതുകളില്‍ ഒരു ചെറിയ ഞരക്കത്തിന്‍റെ സ്വരം വന്നണഞ്ഞു. നെഞ്ചിലൂടെ കിടന്നിരുന്ന തങ്കത്തിന്‍റെ ഇടതുകൈതലം അവന്‍ മെല്ലെ പിടിച്ചുമാറ്റി. തല മെല്ലെ ഉയര്‍ത്തി നോക്കവേ കണ്ണന്‍ ഞെട്ടിത്തരിച്ചുപോയി. ചിന്നമ്മുവിന്‍റെ കണ്ണുകള്‍ മച്ചില്‍ എവിടെയോ സൂക്ഷ്മതയോടെ നോക്കുന്നു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നു. അവന്‍ വളരെയധികം സ്വരം താഴ്ത്തി തങ്കത്തെ തട്ടി വിളിച്ചു.

"തങ്കം...തങ്കം...ദേ! ചിന്നമ്മു.... അവന്‍ പകുതിയില്‍ നിര്‍ത്തി.

തങ്കം പായമേല്‍ എഴുന്നേറ്റിരുന്നു. അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടി അവള്‍ ചിന്നമ്മുവിനെ നോക്കി. എന്നിട്ട് കണ്ണനെ നോക്കി പറഞ്ഞു..

"കണ്ണാ...നീ ബേജാറാവേണ്ട...അവള്‍ക്കൊന്നും അറിയില്ല."

കണ്ണന് തല്‍ക്കാലം മനസ്സ് തണുത്തുവെങ്കിലും, ബോധമില്ലെങ്കില്‍ പിന്നെ അവള്‍ കരഞ്ഞതെന്തിനു എന്ന ചോദ്യം അവനില്‍ വല്ലാത്ത സംശയം ഉണ്ടാക്കി. തങ്കം പോകാനായി എഴുന്നേറ്റു. കണ്ണന്‍ അവള്‍ക്കു പിന്നാലെ പോയി. അവള്‍, നടന്നകന്ന്, മണിമാളികയുടെ പടികടന്ന് വാതിലിന്‍റെ ഓടാമ്പല്‍ ഇടുന്നത് വരെ കണ്ണന്‍ മുറ്റത്ത്‌ തന്നെ നിന്നിരുന്നു.

തിരികെ, മുറിയ്ക്കുള്ളിലേയ്ക്ക് പതര്‍ച്ചയോടെയാണ് കണ്ണന്‍ കയറിവന്നത്. എങ്കിലും നടന്നു വന്നു ചിന്നമ്മുവിന്‍റെ കട്ടിലിനരുകില്‍ ചേര്‍ന്നിരുന്നു. അപ്പോഴേയ്ക്കും അവളുടെ മാറ് വല്ലാതെ ഉയര്‍ന്നു താഴാന്‍ തുടങ്ങി. കണ്ണന്‍ അത്ഭുത പരവശനായി. അവന്‍ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. ചിന്നമ്മുവിന്‍റെ തേങ്ങല്‍ ഉച്ചത്തിലാകാന്‍ തുടങ്ങിയിരുന്നു. അവളുടെ ഇടതുകരം മെല്ലെ ചലിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. ചിന്നമ്മുവിന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ ഒരുതരം നിസംഗത അവന് കാണാന്‍ കഴിഞ്ഞു. പിന്നെയത് ഒരു ദയനീയഭാവമായി മാറി. അവളുടെ കണ്ണുകളില്‍ നോക്കി നില്‍ക്കെ അവയില്‍ രൗദ്രഭാവം നിറഞ്ഞു.

കണ്ണുകള്‍ നിറഞ്ഞൊഴുകവെ, ചലിക്കുന്ന ഇടതുകരം കൊണ്ടവള്‍ മാറിലെ വസ്ത്രത്തിന്‍റെ ഹൂക്കുകള്‍ ഒന്നൊന്നായി അഴിച്ചിട്ടു. കണ്ണന്‍ ഒന്നും മനസ്സിലാകാതെ വിളറി നിന്നു. അവനെ വിറയ്ക്കാന്‍ തുടങ്ങി. പിന്നെയവളുടെ കൈയ് അരക്കെട്ടിലേയ്ക്ക് നീങ്ങി. ഉടുത്തിരുന്ന വേഷ്ടിയവള്‍ ഒരു കൈകൊണ്ട് അഴിച്ചുമാറ്റി. അവള്‍ തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി. നഗ്നയായി കിടക്കുന്ന ചിന്നമ്മുവിനെ കണ്ടവന്‍ കണ്ണുകള്‍ കരതലം കൊണ്ട് മറച്ചു. അവന്‍ കരഞ്ഞുകൊണ്ടവളുടെ വസ്ത്രങ്ങള്‍ പഴയത് പോലെയാക്കി.

കണ്ണന്‍റെ ബലിഷ്ഠമായ ശരീരം കരച്ചിലിന്‍റെ ശക്തിയില്‍ ഉലയാന്‍ തുടങ്ങി. ചിന്നമ്മു അപ്പോഴും ശാന്തമായി കരഞ്ഞുകൊണ്ടിരുന്നു. കുടിലിന്‍റെ ഓരത്ത് എല്ലാം തകര്‍ന്നവനെപ്പോലെ, അവളുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുവാന്‍ പോലും ത്രാണിയില്ലാതെ അവന്‍ ചരിഞ്ഞു വീണു കിടന്നു. രാവ് മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

കണ്ണന്‍ എഴുന്നേറ്റ് ചിന്നന്‍റെ കുഴിമാടത്തിനരികെ ചെന്നു. അതില്‍ എള്ളിന്‍പൂവുകള്‍ വിടര്‍ന്നു നിന്നിരുന്നു. കാറ്റില്‍ ഒരു കുഞ്ഞുകൈതലം അവനെ തലോടുന്നത് പോലെ തോന്നിയവന്. അറിയാതെ കരഞ്ഞുപോയ അവന്‍റെ മുഖത്തെ പൊടിഞ്ഞ രോമതുണ്ടുകളില്‍ കാറ്റ് സ്പര്‍ശിക്കുമ്പോള്‍ കണ്ണന്‍ മുട്ടുകുത്തി മുഖമമര്‍ത്തി ആ മണ്ണിലേയ്ക്കു വീണു.

നേരം പുലര്‍ന്നു തുടങ്ങി. പുലരാക്കോഴി കൂകുമ്പോള്‍ അവന്‍ അവിടം വിട്ടെഴുന്നേറ്റു. മുറിയിലേയ്ക്ക് കയറി വന്ന അവന്‍ കരിപുരണ്ട റാന്തലിന്‍റെ തിരി ഒന്നുകൂടി നീട്ടിവച്ചു. ചിന്നമ്മു അപ്പോഴും ഉണര്‍ന്നു കിടക്കുകയാണ്. അവളുടെ കണ്ണുനീര്‍ അപ്പോഴും തോര്‍ന്നിട്ടുണ്ടായിരുന്നില്ല. കണ്ണന്‍ മെല്ലെ ആ കട്ടിലിനരുകില്‍ ഇരുന്നു. ചുണ്ടത്ത് ഒരു ബീഡി വച്ചവന്‍ അത് കത്തിച്ചു. കണ്ണന്‍ നന്നേ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. അവന്‍റെ ചിന്തകള്‍ അവന്‍റെ ശരീരത്തെ തളര്‍ത്തുന്നുവെന്ന് കണ്ടാല്‍ നമ്മുക്ക് മനസ്സിലാവും. പകുതിയെരിഞ്ഞ ബീടിത്തുണ്ട് അലക്ഷ്യമായി അവന്‍ വാതിലിലൂടെ വലിച്ചെറിഞ്ഞു.

കിഴക്കന്‍ ചക്രവാളത്തില്‍ പുലരിയുടെ ചെറു വെട്ടം പടര്‍ന്നു തുടങ്ങി. ഭൂമിയില്‍ പ്രകാശം വീഴുന്നുണ്ടായിരുന്നില്ല. ചന്ദ്രന്‍ പകുതിമറഞ്ഞ മുഖവുമായി ഒളിഞ്ഞു നിന്നു പ്രപഞ്ചത്തെ വീക്ഷിക്കുകയാണ്.

പ്രഭാതത്തിലെ ചെറുകുളിര്‍കാറ്റ് അവിടമാകെ ഓടിനടന്നു. മുറ്റത്ത് എവിടെയോ ഇരുന്നൊരു പുള്ള് ചിലച്ചു. അമ്പലത്തില്‍ പ്രഭാത പൂജയ്ക്കായി മണിയടി തുടങ്ങി. കണ്ണന്‍ ചിന്നമ്മുവിന്‍റെ തകരപ്പെട്ടി കട്ടിലിനടിയില്‍ നിന്നും വലിച്ചെടുത്തു. അത് തുറന്ന് അവളുടെ വിവാഹസാരി അവന്‍ പുറത്തേയ്ക്ക് എടുത്തു. കണ്ണുനീരോടെ കട്ടിലിന്‍റെ ഓരത്തായി കയറിനിന്നവന്‍ മച്ചിലെ ഉത്തരത്തില്‍ കെട്ടി. ചിന്നമ്മു ഇടതുകരം കൊണ്ടവന്‍റെ കാലുകളില്‍ സ്പര്‍ശിച്ചു. കണ്ണന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

നേരം പുലരന്നു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നുയര്‍ന്നു. വാസു എഴുന്നേറ്റ് മുഖം കഴുകി. വൃക്ഷങ്ങള്‍ എല്ലാം ചലനമറ്റ് നില്‍ക്കുകയാണ്. അകലെ വരമ്പില്‍ നിന്നൊരു നായ വിണ്ണിലേയ്ക്ക് നോക്കി നീട്ടി മൂളി. വാസു വല്ലാത്തൊരു അസ്വസ്ഥതയോടെ നായയെ എറിഞ്ഞു തുരത്തി. അകത്തേയ്ക്ക് കയറിയ അയാള്‍ ഭാര്യയോടു വിളിച്ചു പറഞ്ഞു.

"എടീ... നീ കാപ്പിയെടുത്തു വയ്ക്ക് രണ്ടാള്‍ക്കും. ഞാനപ്പോഴേയ്ക്കും പോയി കണ്ണനെ കൂട്ടികൊണ്ട് വരാം..."

ഇതുപറഞ്ഞുകൊണ്ട് വാസു കണ്ണന്‍റെ ചെറ്റക്കുടില്‍ ലക്ഷ്യമാക്കി നടന്നകന്നു.

(തുടരും)
ശ്രീവര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 29

ചിന്നമ്മുവിന്‍റെ നിര്‍ജീവമായ കണ്ണുകള്‍, അവളുടെ ഒഴുകിമറയുന്ന കണ്ണുനീര്‍, കാണ്‍കെ കാണ്‍കെ ജനി ഉരുകുകയായിരുന്നു... അവളുടെ ചിന്തകളില്‍ കണ്ണന്‍ വന്നുനിറഞ്ഞു. അവളോട്‌ തന്നെ അവള്‍ ചോദിച്ചു..."എങ്ങനെ കണ്ണേട്ടന് ഇങ്ങനെ മാറാന്‍ കഴിഞ്ഞു. അതും ഇതുപോലൊരു സ്നേഹമയിയായ പെണ്ണിനെ ദ്രോഹിച്ചിട്ട്." അവള്‍ക്കു തങ്കത്തിനോടും വല്ലാത്ത വെറുപ്പ്‌ തോന്നി.

അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി അടഞ്ഞുകിടന്ന വാതില്‍ തുറന്നു ഡോക്ടറും നഴ്സുമാരും കയറി വന്നു. ജനി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. ഡോക്ടര്‍ ചിന്നമ്മുവിന്‍റെ കൈനാഡികള്‍ പരിശോധിച്ച് കൈയിലിരിക്കുന്ന പാഡില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട്, നഴ്സുമാരോടായി ചര്‍ച്ചയായി. അവരെനോക്കി തലകുലുക്കിക്കൊണ്ട് ഡോക്ടര്‍ ജനിയെ നോക്കി പറഞ്ഞു.

"ഓക്കേ... അറിയാല്ലോ ഇതൊരു നോര്‍മല്‍ കേസ് അല്ല. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലെ ചില ഞരമ്പുകള്‍ക്കേറ്റ ക്ഷതമാണ് ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ഈ സ്ത്രീ എത്തപ്പെട്ടത്. ഇതുവരെയുള്ള ചികിത്സയില്‍ നമ്മെ കൊണ്ടാകാവുന്നത് എല്ലാം നാം ചെയ്തുകഴിഞ്ഞു. ഇനി, നിങ്ങള്‍ക്കിവരെ കൊണ്ടുപോകാം. മരുന്നും, വ്യായാമവും തുടര്‍ച്ചയായി ചെയ്‌താല്‍ ഇവര്‍ക്കൊരുപക്ഷേ പഴയ ഒരു സ്റ്റേജിലേയ്ക്ക് മടങ്ങുവാന്‍ കഴിയും. പക്ഷെ, അതിന് നിങ്ങള്‍ തന്നെ വിചാരിക്കണം. അവരെ സ്നേഹമായി പരിചരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.... ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

ഒരു നിമിഷത്തെ ചിന്തയ്ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു ..

"ഇവരുടെ ആരാണ് നിങ്ങള്‍"...???

"സഹോദരിയാണ്"... ജനി മറുപടി നല്‍കി.

ഓക്കേ... ഞാന്‍ കുറച്ചു ഗുളികകള്‍ എഴുതുന്നുണ്ട്. അത് മുടങ്ങാതെ കൊടുക്കണം, പിന്നെ ആരെയെങ്കിലും വീട്ടിലേയ്ക്ക് വിളിച്ചു ദിവസവും ചില വ്യായാമമുറകള്‍ ചെയ്യണം. ഞങ്ങളുടെ ഫിസിയോതെറാപ്പി യൂണിറ്റില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് അവര്‍ അത് പറഞ്ഞുതരും. ജനിയ്ക്കു ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ട് ഡോക്ടര്‍ പുറത്തേയ്ക്കുപോയി.

അങ്ങിനെ ചിന്നമ്മു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

കണ്ണന്‍ കുളിച്ച് വന്ന് ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്നാണ് മണിമാളികയില്‍ നിന്നും തങ്കത്തിന്‍റെ വേലക്കാരി കണ്ണനരുകിലേയ്ക്ക് നടന്നു വന്നത്. അവളെ കണ്ട കണ്ണന്‍ ചോദിച്ചു. "എന്താണ്?" തങ്കത്തിനെ അപ്പോഴേയ്ക്കും ഫോണ്‍ ചെയ്തു ജനി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതിന്‍ പ്രകാരം ഇക്കാര്യം കണ്ണനെ അറിയിക്കാനായി തങ്കം അയച്ചതാണ് അവളെ. കാര്യങ്ങള്‍ കേട്ട കണ്ണന്‍ വാസുവിന്‍റെ വീട്ടിലേയ്ക്ക് നടന്നു.

മുറ്റത്തേയ്ക്ക് നടന്നുവരുന്ന കണ്ണനെ കണ്ട് വാസു വെളിയിലേയ്ക്കു വന്നു. വെറുംകൈയോടെ മുറ്റത്ത് നിന്ന കണ്ണനെ കണ്ടു വാസു ചോദിച്ചു..

" എന്താ നീ ജോലിയ്ക്ക് വരുന്നില്ലേ..?

കണ്ണന്‍ വാസുവിനോട് കാര്യങ്ങള്‍ വിവരിച്ചു.

"എങ്കില്‍ ശെരി ഞാനൂടെ വരാം.." വാസു അവനോടു പറഞ്ഞു. വാസു പെട്ടെന്ന് തന്നെ വസ്ത്രം മാറി. അവര്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

ജനി സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തു. ഡോക്ടര്‍ എഴുതിയ മരുന്നുകള്‍ എല്ലാം വാങ്ങി അവള്‍ ഇടനാഴിയിലൂടെ വരുമ്പോള്‍ കണ്ണനും വാസുവും എതിരെ വരുന്നുണ്ടായിരുന്നു. ഒന്ന് നിന്ന അവര്‍ പരസ്പരം കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ചിന്നമ്മു കിടക്കുന്ന മുറിയിലേയ്ക്ക് കയറി.

അങ്ങനെ ചിന്നമ്മു വീണ്ടും കണ്ണന്‍റെ കുടിലിലേയ്ക്ക്‌ എത്തപ്പെട്ടു. മൂന്നുപേരും കൂടി ചിന്നമ്മുവിനെ കണ്ണന്‍റെ കട്ടിലിലേയ്ക്ക് കിടത്തി. ജനി സാധനങ്ങള്‍ ഒക്കെ പെറുക്കി വയ്ക്കുമ്പോഴെയ്ക്കും വാസു വസ്ത്രങ്ങള്‍ മാറിവരാം എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് പോയി. കണ്ണന്‍ ചിന്നമ്മുവിന്‍റെ അരുകിലായ് ചേര്‍ന്നിരുന്നു. അവളുടെ കൈകളില്‍ അവന്‍ തഴുകിക്കൊണ്ടിരുന്നു. ജനി അന്ന് വെയില്‍ താഴും വരെ ചിന്നമ്മുവിനടുത്തുണ്ടായിരുന്നു. അവളെ എങ്ങനെ നോക്കണം എന്ന് അതിനകം തന്നെ ജനി കണ്ണനോട് വിശദീകരിച്ചുകൊടുത്തു. പിന്നീട്, വാസുവും ജനിയുമൊക്കെ അവിടെനിന്ന് പോകുമ്പോഴേയ്ക്കും പകലിന്‍റെ നിറം മങ്ങിയിരുന്നു.

ഇപ്പോള്‍ കണ്ണന്‍റെ കുടിലില്‍ കണ്ണനും ചിന്നമ്മുവും മാത്രമാണ്. ചിന്നമ്മു ആ വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അവള്‍ എന്തെല്ലാം വീട്ടില്‍ ഓടി നടന്നു ചെയ്തുവോ അതെല്ലാം മുറപോലെ കണ്ണനും ചെയ്യുന്നുണ്ടായിരുന്നു. അവന്‍ വിളക്ക് കൊളുത്തി അതില്‍ നിന്നും ഒരു നുള്ള് ചന്ദനം അവളുടെ നെറ്റിയില്‍ തൊട്ടു. റാന്തല്‍ കത്തിച്ച് അതിന്‍റെ തിരിനീട്ടി വച്ചു. ആ ദീപത്തിന്‍റെ വെളിച്ചത്തില്‍ അപ്പോഴും, ഈ അവസ്ഥയിലും അവളൊരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. മനസ്സ് നിറയെ ദുഃഖം തളം കെട്ടിയ ആ രാവില്‍ കണ്ണന്‍ അവള്‍ക്കരുകില്‍ താഴെയായി പായ വിരിച്ചു കിടന്നു.

നിലാവില്‍ അവിടമാകെ വല്ലാത്തൊരു സുഗന്ധം പാറിനടക്കുന്നുണ്ടായിരുന്നു. കണ്ണന് മനസ്സിലായി, അങ്ങകലെ ആറ്റിന്‍കരയിലെ പാലപൂത്തുലഞ്ഞിട്ടുണ്ടാകും. ഉറങ്ങാന്‍ കഴിയാതെ, ഇരുളില്‍ അവന്‍ ചെന്ന് വാതില്‍ തുറന്നു. ചാണകമെഴുകിയ നിലത്ത് വാതിലിനോടു ചേര്‍ന്ന് നിലാവിനെ നോക്കിയവന്‍ കിടന്നു. വീണ്ടും അവന്‍റെ കണ്ണുകളില്‍ ഉറക്കം തഴുകുമ്പോള്‍ ചിന്നമ്മു തളര്‍ന്നുകിടക്കുന്ന ഒന്‍പതാം ദിവസം മെല്ലെ പടിയിറങ്ങുകയായിരുന്നു.

പുലരി ഉണര്‍ന്ന് അവന്‍റെ കണ്ണുകളില്‍ തട്ടി വിളിച്ചു. അവന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ചിന്നമ്മുവിന്‍റെ അടുത്തേയ്ക്കാണ് അവന്‍ ആദ്യം ഓടിയെത്തിയത്. അവളുടെ മിഴികള്‍ അടഞ്ഞിരുന്നു. ചിന്നമ്മു നല്ല ഉറക്കത്തിലാണ്. കണ്ണന്‍ അവളുടെ അടുത്തു നിന്നു തിരിയുമ്പോഴേയ്ക്കും അവര്‍ക്കുള്ള പ്രഭാതഭക്ഷണവുമായി ജനി എത്തിയിരുന്നു. അവളുടെ നിര്‍ബന്ധപ്രകാരം കണ്ണന്‍ കുളിച്ച് ജോലിയ്ക്ക് പോകാനുള്ള ഒരുക്കത്തിലായി. ആഹാരം ഒക്കെ കഴിഞ്ഞ് കണ്ണന്‍ പോകുമ്പോഴേയ്ക്കും ചിന്നമ്മു ഉണര്‍ന്നിരുന്നു. ജനി സ്നേഹത്തോടെ അവളെ പരിചരിക്കുകയാണ്.

ദിവസങ്ങള്‍ മെല്ലെ കൊഴിഞ്ഞുവീണു. ഇപ്പോള്‍, ചിന്നമ്മുവിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കണ്ണന്‍ തന്നെയാണ്. ആവശ്യം എന്ന് കണ്ടാല്‍ അവന്‍ ജനിയെ വിളിയ്ക്കുമായിരുന്നു. അവനില്ലാത്ത സമയങ്ങളിലെല്ലാം അവള്‍ വന്ന് സഹായിക്കുകയും ചെയ്യും. അന്നും പതിവുപോലെ രാവ് രാപ്പാടികളുടെ പാട്ടില്‍ മയങ്ങി നില്‍ക്കുന്നു. മുറ്റത്തെ നിത്യമുല്ലയിലെ പൂക്കള്‍ വിരിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. കണ്ണന്‍ ചിന്നമ്മു ഉറങ്ങിയതിനു ശേഷം പുറത്തെ തിണ്ണയില്‍ വന്നിരുന്നു.

"കടയില്‍ പുതിയ ലോഡ് വന്നിട്ടുണ്ട്." മുതലാളി തങ്കത്തെ വിളിച്ചറിയിച്ചു. ഇനി അതെല്ലാം കഴിഞ്ഞു മുതലാളി എത്തുമ്പോള്‍ നേരം പുലരും. ഇങ്ങനെ ചിന്തിച്ചുകൊണ്ട് തങ്കം കിടക്കമേല്‍ വന്നിരുന്നു. അവള്‍ ചിന്തകളുടെ തേരിലേറി പറന്നു നടന്നു.

നിലാവില്‍, നടന്നുവരുന്ന തങ്കത്തിനെ കണ്ട് കണ്ണന്‍ വല്ലാതെ ഭയന്നു. അവന്‍ അറിയാതെ എഴുന്നേറ്റു നിന്നു. അവന്‍റെയടുക്കല്‍ എത്തി നില്‍ക്കുന്ന തങ്കത്തെ കണ്ട കണ്ണന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ തങ്കം കണ്ണനോട് കൂടുതല്‍ ചേര്‍ന്ന് നിന്നു. എന്നിട്ടവള്‍ ചോദിച്ചു...

" എന്താ ഭയായോ???

"ഉം..." അവനറിയാതെ മൂളി.

അവളവന്‍റെ വിരിഞ്ഞ നെഞ്ചില്‍ ചൂണ്ടുവിരല്‍ കൊണ്ടൊന്നു കുത്തി. എന്നിട്ട് അവള്‍ വീണ്ടും ചോദിച്ചു.

"കാരിരുമ്പ് പോലെ ഉറച്ച ഈ നെഞ്ചിനുള്ളില്‍ ഭയമോ? അവള്‍ ഒരു മദാലസയെപ്പോലെ അവന്‍റെ മുന്നില്‍ നിന്നു പൊട്ടിച്ചിരിച്ചു.

കണ്ണന്‍ പെട്ടെന്ന് വാതിലിനടുത്തേയ്ക്ക് നീങ്ങി ചിന്നമ്മുവിനെ നോക്കി. റാന്തലിന്‍റെ തെളിഞ്ഞ വെളിച്ചത്തില്‍ അവന്‍ കണ്ടു. ചിന്നമ്മു നല്ല ഉറക്കത്തിലാണ്.

(തുടരും)
ശ്രീവര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 28

പൂമരങ്ങളില്‍ കാറ്റു കളിപറഞ്ഞു. നൊമ്പരം മണ്ണില്‍ വീണുറങ്ങിയ ആ രാവില്‍ ഏതോ ചില്ലയിലിരുന്നൊരു രാക്കിളി തേങ്ങി........

തുറന്നുകിടന്ന ജനലിനുള്ളിലൂടെ തണുപ്പ് അരിച്ചുകയറി. തങ്കം ഉറങ്ങാതെ കിടക്കുകയാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഒരു പിഞ്ചു പൈതല്‍ തേങ്ങുന്നപോലെ. അവളുടെ മനസ്സിലും വല്ലാത്തൊരു ഭീതി നിഴലിട്ടു. അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അരുകില്‍ കുഞ്ഞു നല്ല ഉറക്കത്തിലാണ്. നിശബ്ദതയില്‍ മുതലാളിയുടെ കൂര്‍ക്കം വലിയുടെ താളം മാത്രം കേള്‍ക്കാം. തങ്കം മെല്ലെ കിടക്ക വിട്ടെഴുന്നേറ്റു.

പുറത്തു നിലാവ് പരന്നൊഴുകുകയാണ്. ജനല്‍വിരികള്‍ക്കിടയിലൂടെ അവള്‍ക്കു കാണാം കണ്ണന്‍റെ കുടില്‍,... പെട്ടെന്നാണവള്‍ അത് കണ്ടത്. ഇരുളിലൂടെ ഒരു രൂപം കണ്ണന്‍റെ കുടിലിനടുത്തേയ്ക്ക് നടക്കുന്നു. അവള്‍ ആകാംഷയോടെ നോക്കി.

"ആരാണത്? അവളുടെ മനസ്സ് ചോദിച്ചു. ഇപ്പോളവള്‍ക്ക് അവിടം തെളിഞ്ഞുകാണാം.
പെട്ടെന്നവളുടെ മനസ്സ് വീണ്ടും മന്ത്രിച്ചു. "കണ്ണന്‍"...",.."
അവള്‍ ചിന്തിച്ചു... "ഈ ഇരുളില്‍ എന്താണിങ്ങനെ..??? അവന്‍റെ മനസ്സ് നോവുന്നുണ്ട് അതവള്‍ക്കറിയാം. അവനരുകിലേയ്ക്ക് ഒന്നെത്തിയെങ്കില്‍!!! അവള്‍ വല്ലാതെ ആഗ്രഹിച്ചു. അവനെ ഒന്ന് സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍,..!!!!

അവളുടെ മനസ്സ് കൂടുവിട്ടു പറക്കാന്‍ തുടങ്ങി. തങ്കം കട്ടിലില്‍ നോക്കി. മുതലാളി നല്ല ഉറക്കമാണ്. അവള്‍ അനക്കമുണ്ടാക്കാതെ മുറിവിട്ടു. അടുക്കളയുടെ ഓടാമ്പല്‍ ഇളക്കി മെല്ലെ മെല്ലെ, ആ നിലാവില്‍ അവള്‍ കണ്ണനരുകിലേയ്ക്ക് നടന്നു.

കണ്ണന്‍ ഇരുകൈകളും വക്ഷസ്സില്‍ ഒളിപ്പിച്ചു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഇരുളില്‍, നിലാവിനെ നോക്കി ഒരു കാലന്‍ നായ കുരച്ചു. മണ്ണിലെ നിഴലും, ചെറുചലനവും കൊണ്ട് അവന്‍റെ ദൃഷ്ടികള്‍ ആ ദിശയിലേയ്ക്ക് തിരിഞ്ഞു. അവനു അവനെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തങ്കം അവന്‍റെ മുന്നില്‍ വന്നു നില്‍ക്കുകയാണ്.
പരിഭ്രമം മറയ്ക്കാതെ തന്നെ അവന്‍ ചോദിച്ചു...

"തങ്കം...നീയിവിടെ..? നീ ഇത് എന്ത് ഭാവിച്ചാണ് തങ്കം." ..?

അപ്പോള്‍ അവളവനരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. അവന്‍റെ പകച്ചു നില്‍ക്കുന്ന കണ്ണുകളില്‍ നോക്കിയവള്‍ ചോദിച്ചു...

" ഇത്ര ദിവസമായില്ലേ... ന്നെ നിനക്ക് ഒന്ന് കാണണ്ടേ കണ്ണാ.... എനിക്ക് കണ്ണനെ ഒന്ന് കാണണ്ടേ...??? അവള്‍ തുടര്‍ന്നു. കണ്ണനറിയ്യോ..!! ഈ ഏഴു രാവുകള്‍,.... ഈ ഏഴു രാവുകള്‍ ഞാന്‍ ഉറങ്ങാതെ കഴിയ്ക്കുകയായിരുന്നു. കാണാതിരിക്കാന്‍ എനിക്കിനി കഴിയില്ല. നീയെന്നെ സ്പര്‍ശിക്കാതെ എനിക്കൊന്നുറങ്ങാന്‍ പോലും കഴിയുന്നില്ല.

"വേണ്ട... വേണ്ട തങ്കം.... എന്നെക്കൊണ്ടാവില്ല. നിനക്കറിയാല്ലോ ഞാനിങ്ങനെ ഉരുകുകയാ.. ഒരു നിമിഷം നീയൊന്നു ചിന്തിക്ക്. എന്‍റെ ചിന്നമ്മു... അവളിന്ന് ഒന്ന് മിണ്ടാതെ, ഒന്നും കഴിയ്ക്കാതെ, ഒന്ന് ചലിയ്ക്കാതെ...എനിക്കത് ചിന്തിക്കാനേ കഴിയില്ല.. കണ്ണന്‍റെ വാക്കുകള്‍ മുറിഞ്ഞുവീണു.

ഇത് കേട്ട് തങ്കം ചോദിച്ചു...

" അപ്പോള്‍ ഞാന്‍,...??? എന്നെക്കുറിച്ച് കണ്ണന്‍ ചിന്തിക്കുന്നുണ്ടോ? അവള്‍ അവനരുകിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നു. അവന്‍റെ കവിളുകളില്‍ കൈകള്‍ ചേര്‍ത്ത് അവനെ ഉലച്ചുകൊണ്ട്‌ ചോദിച്ചു.

"നിനക്കെന്നെ... നിനക്കെന്നെ വേണ്ടേ..? നീ പറയ്‌.. ഞാനും ചിന്നമ്മൂനെപ്പോലെ ആകണോ നിനക്ക്...????

ഇത് കേള്‍ക്കെ കണ്ണന്‍ തകര്‍ന്നടിയുകയായിരുന്നു... അവന്‍ ഇരുകൈകളും കൊണ്ട് ചെവികള്‍ പൊത്തി.
"തങ്കം... തങ്കം"... അവനറിയാതെ പറഞ്ഞുപോയി.." ഈശ്വരാ എന്തൊരു പരീക്ഷണമാണിത്."

തങ്കത്തിന്‍റെ മിഴികള്‍ സജലങ്ങളായി. കണ്ണന്‍ തിണ്ണയിലേയ്ക്കിരുന്നു. മുട്ടുകളില്‍ കൈകളൂന്നി മുഖം മറച്ചവന്‍ തേങ്ങി. തങ്കം അവന്‍റെ മുന്നിലായി മുട്ടുകുത്തിയിരുന്നു. പിന്നെ അവന്‍റെ മുട്ടുകളില്‍ തലചായ്ച്ചു അവള്‍ കരയാന്‍ തുടങ്ങി.
പെട്ടെന്നവന്‍ ചോദിച്ചു...

"തങ്കം,... രാത്രിയേറെയായി...മുതലാളി എഴുന്നേറ്റിട്ട് ഉണ്ടാവില്ലേ..? ഉണര്‍ന്നാല്‍ നിന്നെ തേടില്ലേ.."? അവന്‍റെ ചോദ്യം കേട്ടവള്‍ മിഴിനീരു തുടച്ചു. കണ്ണന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തങ്കം അവനെ പുണര്‍ന്നു. അവന്‍ അവളെയും...എത്ര നേരം അവര്‍ അങ്ങിനെ നിന്നുവെന്നറിയില്ല.

ഉറക്കത്തില്‍ മുതലാളി ഒന്നുണര്‍ന്നു തിരിഞ്ഞുകിടന്നു. അയാള്‍ കൈകള്‍ നീട്ടി തങ്കത്തിനെ പിടിക്കുമ്പോള്‍ അവള്‍ കിടന്നിടം ശൂന്യം. അയാള്‍ ആത്മഗതം കൊണ്ടു.

"ഇവളിത് എവിടെപ്പോയി."

അയാള്‍ ഹാളിനോട് ചേര്‍ന്നിരുന്ന കുളിറൂമിനരുകില്‍ ചെന്നു. വാതില്‍ താഴിട്ടിരുന്നില്ല. അയാള്‍ മെല്ലെ ആ വാതില്‍ തുറന്നു. തങ്കത്തിനെ അവിടെയും കണ്ടില്ല. ഒടുവില്‍ അയാള്‍ അടുക്കളയിലെത്തി. ലൈറ്റ് തെളിയ്ക്കുമ്പോള്‍ തങ്കം അകത്ത്, അടഞ്ഞുകിടന്ന വാതിലിനരുകില്‍ ചേര്‍ന്നിരിക്കുകയാണ്. മുറിയില്‍ പ്രകാശം പരന്നതോടെ തങ്കം അയാളെ നോക്കി. അവളുടെ കണ്ണുകള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു.
അയാള്‍ അവള്‍ക്കരുകിലേയ്ക്കിരുന്നു. സ്നേഹത്തോടെ അയാള്‍ ചോദിച്ചു...

"എന്ത് പറ്റി നിനക്ക്...? എന്താ ഇങ്ങനെ ഒറ്റയ്ക്ക്..ഇവിടെ???" തങ്കം പ്രേമപൂര്‍വ്വം അയാളെ നോക്കി.

"കിടന്നിട്ട് ഉറക്കം വരുന്നില്ല. ങ്ങളെ ശല്യം ചെയ്യണ്ടാന്ന് കരുതി. അവള്‍ അയാളോട് ചേര്‍ന്നിരുന്നു....അയാള്‍, അവളുടെ മടിയില്‍ തലചായ്ച്ചു കിടന്നു. തങ്കത്തിന്‍റെ വിരലുകള്‍ പ്രിയതമന്‍റെ മുടിയിഴകള്‍ തഴുകിക്കൊണ്ടിരുന്നു.

രാവ് മെല്ലെ മാഞ്ഞു. നിലാവിന്‍റെ നിറം കെട്ടു. അര്‍ക്കന്‍റെ കിരണങ്ങള്‍ വീണു പുല്‍നാമ്പുകള്‍ തലയുയര്‍ത്തിത്തുടങ്ങി. കണ്ണന്‍ തന്‍റെ കട്ടിലില്‍ ഒന്ന് തിരിഞ്ഞുകിടന്നു. ഓലയിലെ സുക്ഷിരങ്ങള്‍ക്കിടയിലൂടെ വന്ന പ്രകാശമണികളെ ഭയന്നു അവന്‍ പുതപ്പുകൊണ്ട്‌ മൂടിക്കിടന്നു.

ചിന്നമ്മുവിന്‍റെ കിടക്കയ്ക്കരുകില്‍ തലചായ്ച്ചിരുന്ന ജനി മേല്ലെയുണര്‍ന്നു. അവള്‍ ചിന്നമ്മുവിനെ നോക്കി. അവളുടെ കണ്ണുകള്‍ തുറന്നിരുന്നു. അത് മേല്‍ക്കൂരയില്‍ പതിഞ്ഞിരിക്കുകയാണ്. ജനിയെഴുന്നേറ്റു ഫ്ലാസ്കില്‍ ഇരുന്ന ചെറുചൂടുവെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് പകര്‍ന്നു, അതില്‍ ഒരു നേര്‍ത്ത തുണി മുക്കി ചിന്നമ്മുവിന്‍റെ മുഖം തുടച്ചു. അപ്പോഴാണ്‌ അവളതു കണ്ടത്. ചിന്നമ്മുവിന്‍റെ തലയിണ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. ജനിയവളെ സൂക്ഷിച്ചു നോക്കി. അപ്പോഴവള്‍ കണ്ടു ചിന്നമ്മുവിന്‍റെ കണ്ണുകളില്‍ നിന്ന് നീര്‍മണികള്‍ ഒന്നൊന്നായി മെല്ലെ മെല്ലെ പുറത്തേയ്ക്ക് ഒഴുകുന്നു. ജനി അവളുടെ വലതുകരം ചിന്നമ്മുവിന്‍റെ കരം ചേര്‍ത്തമര്‍ത്തി. കുനിഞ്ഞ് അവളുടെ നെറുകയില്‍ ചുംബിക്കുമ്പോഴേയ്ക്കും ജനി പൊട്ടിക്കരഞ്ഞുപോയി.

(തുടരും)
ശ്രീ വര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 27

രാത്രി കനം വച്ചു. കണ്ണന്‍ കുടിലിന്‍റെ മുന്‍വശത്ത് തിണ്ണമേല്‍ ചാരിയിരിപ്പുണ്ട്. അകത്തെരിയുന്ന റാന്തലിന്‍റെ നാളം കെടാറായി. അപ്പോഴും, ആയിരുപ്പിലും അവന്‍റെ കണ്ണുകള്‍ക്കുള്ളില്‍ തെളിയുന്നത് ഉയര്‍ന്നു നില്‍ക്കുന്ന ആ മണ്‍കൂന മാത്രമാണ്. എല്ലാമെല്ലാമായ തന്‍റെ പൊന്നോമന അന്തിയുറങ്ങുന്ന ആ കുഞ്ഞു മണ്‍കൂന. ചിന്തകള്‍ പടര്‍ന്നുകയറുമ്പോള്‍, കൈകാലുകള്‍ തളര്‍ന്നവന്‍ എരിയുവാന്‍ തുടങ്ങി. അതിനൊടുവില്‍ ഒരു തേങ്ങലായി അതുടഞ്ഞുവീണു.

തൊട്ടിലില്‍ കിടന്ന കുഞ്ഞു ഉണര്‍ന്നു കരഞ്ഞു. പാതിയടഞ്ഞ ജനലരുകില്‍ തല ചായ്ച്ച്, അന്തിയില്‍ വിരിഞ്ഞ പൊന്‍നക്ഷത്രങ്ങളെ നോക്കി തങ്കം തളര്‍ന്ന കണ്ണുകളോടെ ഇരിപ്പുണ്ട്. കുഞ്ഞിന്‍റെ കരച്ചില്‍ അവളില്‍ ഒരു ഞെട്ടലുണ്ടാക്കി. പിടഞ്ഞെഴുന്നേറ്റു അവള്‍ കുഞ്ഞിനെ താരാട്ടിയുറക്കി. കുഞ്ഞു വീണ്ടും ഉറക്കം പിടിച്ചപ്പോള്‍, തങ്കം ജനലരുകില്‍ ചേര്‍ന്ന് നിന്നു. അവളുടെ ദൃഷ്ടി അകലെ കണ്ണന്‍റെ കുടിലിനരുകിലേയ്ക്കു പാഞ്ഞു. അവള്‍ക്കവനെ കാണാം, അവ്യക്തമായി. അവളില്‍ അവനൊരു നൊമ്പരമുണര്‍ത്തിയ ഓര്‍മയായി. തങ്കം ചിന്തിച്ചു. എത്രയേറെ പറഞ്ഞതാണ് കണ്ണന്‍, എന്നിട്ടും കേള്‍ക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ല. പിന്നവള്‍ സ്വയം സമാധാനിച്ചു. ഞാന്‍ മാത്രമല്ലല്ലോ ഇതില്‍ തെറ്റുകാരി. കണ്ണനും തെറ്റുകാരനല്ലേ....ന്നാലും ചിന്നമ്മു എന്തിനീ അവിവേകം കാട്ടി. ഉത്തരം കണ്ടെത്താന്‍ കഴിയാത്ത കുറെ ചോദ്യങ്ങള്‍ അവളുടെ മനസ്സ് അവളോട്‌ ചോദിച്ചു. മറുപടി കിട്ടാതെ നെഞ്ചില്‍ കിടന്ന് അത് നീറാന്‍ തുടങ്ങി. തങ്കം വിഷണ്ണയായി കസേരയിലേയ്ക്കിരുന്നു. ചിന്തകള്‍ അവളെ നോവിക്കുമ്പോഴും, കണ്ണന്‍ അവളില്‍ ഒരു വികാരമായി വീണ്ടും വീണ്ടും പടര്‍ന്നുകയറുകയാണ്. കണ്ണനെ തന്റേതുമാത്രമായി കാണാന്‍ ഇനിയെന്നാണ് ഒരവസരം കിട്ടുക. അങ്ങനെ ഒരു ചിന്തയും കൂടി അവളുടെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി.

കണ്ണന്‍റെ കണ്ണുകളില്‍, അടുത്തേയ്ക്ക് നടന്നുവരുന്ന ഒരാള്‍ രൂപം തെളിഞ്ഞു തുടങ്ങി. കാല്‍മുട്ടുകളില്‍ വിശ്രമം പൂണ്ടിരുന്ന അവന്‍റെ മുഖം മെല്ലെയൊന്നുയര്‍ന്നു. വാസുവായിരുന്നു അത്.

"കണ്ണാ..." എന്താടാ...ഈ ഇരുട്ടില്‍ ഇങ്ങനെ നീ തനിച്ചിരിക്കാതെ, നിനക്കങ്ങട് വന്നൂടെ..?

ചോദിച്ചുകൊണ്ടയാള്‍ അവനരുകിലായി വന്നിരുന്നു. വാസു ചുറ്റുമൊന്ന് കണ്ണോടിച്ചു. അയാള്‍ ചിന്തിച്ചു. ചിന്നമ്മു ഉണ്ടായിരുന്നപ്പോള്‍ ഒരു ചെറ്റക്കുടില്‍ ആയിരുന്നിട്ടുകൂടി എത്ര ഭംഗിയായിരുന്നു ഇവിടം. ഇപ്പോഴിതാ ആളൊഴിഞ്ഞ അരങ്ങുപോലെ നിശബ്ദമാണവിടം. മുറ്റത്താകെ പഴുത്ത ഇലകള്‍ വീണു കിടക്കുന്നു. അകത്ത് ഒരു വെളിച്ചം പോലുമില്ല. വാസു അകത്തേയ്ക്ക് കയറി എരിഞ്ഞടങ്ങിയിരുന്ന റാന്തല്‍ തിരിനീട്ടി കത്തിച്ചുവച്ചു. എന്നിട്ടയാള്‍ വീണ്ടും കണ്ണന്‍റെയരുകില്‍ വന്നിരുന്നു.

കണ്ണന്‍ അപ്പോഴേയ്ക്കും വാസുവിനെ നോക്കി ഒന്ന് മന്ദഹസ്സിച്ചു. എന്നിട്ട് അടഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു ...

"വാസുവേട്ടാ... ങ്ങളെന്തിനാ ഈ രാത്രീല്... വേണ്ട വാസുവേട്ടാ എത്ര കാലംന്ന്വച്ചിട്ടാ ങ്ങളെനിക്ക് കൂട്ടിരിക്കാ... എന്‍റെ സൗഭാഗ്യങ്ങള്‍ എല്ലാം പോയി. ഇനിയെന്‍റെ ജീവിതം എന്‍റെ കണ്മുന്നില്‍ പകലുപോലെ തെളിയുകാ.. ഞാന്‍ മാത്രമായി,..വീണ്ടും ഞാന്‍ മാത്രമായി.

വാസുവിന് കലശലായ ദേഷ്യം വന്നു...

" നീ...നീ മാത്രമായതാണോ...? നീ സ്വയം വരുത്തിയതല്ലേ ഇതെല്ലാം. നോക്ക്, കണ്ണാ... നിന്നെ ഞാനിനി ശാസ്സിക്കില്ല. അതുകൊണ്ട് കാര്യമില്ല. നിനക്ക് എല്ലാം സ്വയം തിരിച്ചറിയാനുള്ള പ്രായമായി." അയാള്‍ പറഞ്ഞു നിര്‍ത്തി.
അവര്‍ക്കിടയില്‍ മൂകത തളം കെട്ടി.
അത് ഖണ്ഡിച്ചുകൊണ്ട് വാസു തന്നെ തുടര്‍ന്നു.

" ഇനീപ്പോ അതും ഇതും പറഞ്ഞു നേരം കളയണ്ട. നീ എഴുന്നേല്‍ക്ക്, നിനക്കും ചോറിട്ട് കാത്തിരിക്കുകാ അവള്... വാ" സ്നേഹത്തോടെ വാസു തന്‍റെ വീട്ടിലേയ്ക്ക് കണ്ണനെ വിളിച്ചുകൊണ്ട് പോയി.

വാസുവിന്‍റെയരുകില്‍, ചോറ്റുപാത്രം നോക്കി കണ്ണന്‍ അങ്ങിനെയിരുന്നു. കഴിക്ക് കണ്ണാ... വാസു നിര്‍ബന്ധിച്ച് അവനെകൊണ്ട് കുറച്ചു ഭക്ഷണം കഴിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞു പുറത്ത് നിലാവിനെ നോക്കിയവര്‍ വെറുതെയിരുന്നു. കണ്ണന്‍റെ വിരലുകള്‍ താഴെ പൂഴിമണ്ണില്‍ എന്തൊക്കെയോ പരതിക്കൊണ്ടിരുന്നു. വാസു അവനെത്തന്നെ നോക്കിയിരുന്നു. കണ്ണന്‍ ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടു. അപ്പോള്‍ വാസു അവനോടു പറഞ്ഞു.

"...കണ്ണാ.. ഇനി ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. ഒരു വീട്ടില്‍, നീയിങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിനോട് എനിക്കിപ്പോള്‍ താല്‍പര്യമില്ല. തല്‍ക്കാലം ആശുപത്രീലെ കാര്യങ്ങള്‍ ജനി നോക്കിക്കൊള്ളും. നമ്മുക്ക് എല്ലാ ദിവസോം ഉച്ചതിരിഞ്ഞ് ചിന്നമ്മുനെ പോയിക്കാണാം. അതുമതി. നാളെ രാവിലെ മുതല്‍ എനിക്ക് ജോലിയ്ക്ക് പോണം. നിനക്കറിയാല്ലോ... ഇന്നേയ്ക്ക് ഏഴു ദിവസമായി ഞാന്‍ തൂമ്പ കൈകൊണ്ടു എടുത്തിട്ട്. ഞാന്‍ ഇനിയും ജോലിയ്ക്ക് പോകാണ്ടിരുന്നാല്‍ കുടീല് പട്ടിണിയാകുമെടാ. അതുകൊണ്ട് നാളെ നീയും പോന്നോള്ളൂ. കണ്ണനെ ആകാംഷയോടെ നോക്കി വാസു പറഞ്ഞു.

"ശരി വാസുവേട്ടാ... ഞാനും അതിനെക്കുറിച്ച് ചിന്തിക്കുവായിരുന്നു. മുതലാളി പണം കൊടുത്താലും ഇന്നല്ലെങ്കില്‍ നാളെ ഞാനത് തിരികെകൊടുക്കണം. അപ്പോള്‍ പിന്നെ ഞാനത് ഇപ്പോഴേ ഉത്സാഹിക്കുന്നത് നല്ലതല്ലേ ..?

വാസു ചിന്തിച്ചതുപോലും ഇല്ല കണ്ണന്‍റെ മനസ്സ് പെട്ടെന്ന് ഇതിനു വഴങ്ങും എന്ന്. കണ്ണന്‍റെ പുഞ്ചിരി വാസുവില്‍ വല്ലാത്തൊരു ആശ്വാസം പടര്‍ത്തി.

കണ്ണന്‍ ഇരിക്കുന്നിടത്ത് നിന്നു മെല്ലെ എഴുന്നേറ്റു. വേഷ്ടിയില്‍ പറ്റിപ്പിടിച്ചിരുന്ന മണ്‍തരികള്‍ തട്ടിക്കളഞ്ഞ് അവന്‍ വാസുവിനെ നോക്കി പറഞ്ഞു. "ശെരി വാസുവേട്ടാ... ഞാന്‍ പോകുവാ. നാളെ പുലര്‍ച്ചെ കാണാം." അവര്‍ പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോഴേയ്ക്കും നിലാവിന്‍റെ കണ്ണുവെട്ടിച്ച് കട്ടപിടിച്ച ഇരുട്ട് ഒരു നിമിഷം ഭൂവിനെ തലയോളം വിഴുങ്ങി നിന്നു.

വീട്ടിലേയ്ക്ക് വരും വഴിയില്‍ കണ്ണന്‍ ചിന്നന്‍റെ കുഴിമാടത്തിനരുകില്‍ വന്നിരുന്നു. കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തേയ്ക്ക് വന്ന തിങ്കള്‍, ഭൂവില്‍ പ്രകാശം പരത്തുമ്പോഴേയ്ക്കും മുളച്ചുനിന്നിരുന്ന കുഞ്ഞുപുല്‍ചെടികള്‍ക്കിടയില്‍ തലചേര്‍ത്തു ആ കുഴിമാടത്തിനരുകില്‍ കണ്ണന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 26

വാസു തിരികെ വന്നു. കണ്ണനെയും കൊണ്ടയാള്‍ ആശുപത്രിയില്‍ എത്തി. ചിന്നമ്മുവിന്‍റെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. അപകട നില തരണം ചെയ്ത അവളെ മുറിയിലേയ്ക്ക് മാറ്റിയിരുന്നു. അടഞ്ഞുകിടന്ന ആ മുറിയുടെ മുന്നില്‍ കണ്ണന്‍ നിന്നു. വാസു മെല്ലെ ആ വാതില്‍ തുറന്നു. അയാള്‍ അകത്തേയ്ക്ക് കയറുമ്പോള്‍ കണ്ണന്‍ പുറത്തെ ചുവരില്‍ പരതുകയായിരുന്നു. അവന്‍റെ ഉള്ളം ആകെ വിറയ്ക്കാന്‍ തുടങ്ങി. വാസു മുറിയ്ക്കുള്ളില്‍ നിന്നു വാതിലിലൂടെ തല പുറത്തേയ്ക്കിട്ട് കണ്ണനോട് പറഞ്ഞു...

"വാ കണ്ണാ, അകത്തേയ്ക്ക് കയറി വാ". കണ്ണന്‍ മടിച്ചുമടിച്ച് അകത്തേയ്ക്ക് കാല്‍വച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. കണ്ണന്‍ കട്ടിലില്‍ കിടക്കുന്ന ചിന്നമ്മുവിനെ ഒന്ന് പാളി നോക്കി. അവന്‍ സ്തംഭിച്ചു പോയി. അത് ചിന്നമ്മുവെന്നു പറയുക അസാധ്യം.അവളുടെ ഇടതൂര്‍ന്ന മുടികള്‍ അപ്പാടെ മുറിച്ചു കളഞ്ഞിരിക്കുന്നു. വേദനയോടെ അവന്‍ അവളുടെ അടുത്തേയ്ക്കിരുന്നു. അവളുടെ തലയില്‍ ചുറ്റിയിരുന്ന മരുന്ന് പുരണ്ട തുണിയിലൂടെ അവന്‍ തലോടി. അവള്‍ കണ്ണുകള്‍ അടച്ചിരുന്നു.

മുറിയുടെ ഒരു മൂലയില്‍ മേശമേല്‍ നിറയെ മരുന്നുകള്‍ ഉണ്ടായിരുന്നു. കണ്ണന്‍ വാസുവിനെ നോക്കി. കണ്ണന്‍റെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയ വാസു പറഞ്ഞു. " ജനിയുണ്ടിവിടെ... അവളാണ് മരുന്ന് ഒക്കെ നല്‍കുന്നത്. കണ്ണന് താന്‍ വളരെ വളരെ, ഒരു ഉറുമ്പിനോളം ചെറുതായിപ്പോയതായി തോന്നി.

അപ്പോള്‍ പുറത്തുനിന്നും ജനി അകത്തേയ്ക്ക് വന്നു. ജനി കണ്ണനെക്കണ്ടതോടെ അകത്തെ ചുവരിലേയ്ക്ക് ചേര്‍ന്ന് നിന്നു. അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് കണ്ണനോടു ചോദിച്ചു...

"കുറച്ചു നേരായോ കണ്ണേട്ടാ വന്നിട്ട്?

"ഉം....അവന്‍ അവളെനോക്കാതെ കുനിഞ്ഞിരുന്നു മറുപടിയായി മൂളി.

കണ്ണന്‍ തളര്‍ന്നുകിടന്നിരുന്ന ചിന്നമ്മുവിന്‍റെ ഇടതുകരം ഒന്ന് തഴുകി. പക്ഷെ, അവള്‍ കണ്ണു തുറന്നില്ല. കണ്ണന്‍ ജനിയേയും വാസുവിനേയും മാറിമാറി നോക്കി. ആരും ഒന്നും മിണ്ടിയില്ല. അതുകൊണ്ടുതന്നെ അവന്‍ അവളുടെ ചെവിയോട് ചുണ്ടുകള്‍ ചേര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ വിളിച്ചു...

"ചിന്നമ്മു,..ന്‍റെ ചിന്നമ്മു...!!

വിളിച്ചു തീരുമ്പോഴേയ്ക്കും അവന്‍ തേങ്ങിപ്പോയിരുന്നു. എന്നിട്ടും അവള്‍ മിണ്ടിയില്ല. അതോടെ കണ്ണന്‍ പരിഭ്രാന്തനായി. വാസു അവന്‍റെ തോളില്‍ കൈവച്ചു. അവന്‍ തിരിഞ്ഞുനോക്കുമ്പോള്‍ വാസു പറഞ്ഞു.

"അവള്‍ സംസാരിക്കില്ല. അവള്‍ക്കു ഒന്നും അറിയില്ലടാ....ഇനിയുള്ള കാലം എങ്ങനെ എന്ന് ഡോക്ടര്‍ക്ക് പോലും നിശ്ചയം ഇല്ല. എല്ലാം നിന്‍റെ ഭാഗ്യം പോലെയിരിക്കും. നീ വിഷമിക്കേണ്ട, എനിക്ക് വിശ്വാസം ഉണ്ട്. അവള്‍ സംസാരിക്കും, നിന്നെ തിരിച്ചറിയും. എല്ലാം നേരെയാകും... വാസു അവനെ സന്ത്വനിപ്പിച്ചുകൊണ്ടിരുന്നു.

കണ്ണന്‍ കട്ടിലിന്‍റെ ഓരത്തായി തലചേര്‍ത്തു കരയുകയായിരുന്നു. കണ്ണന്‍റെ തേങ്ങല്‍ അല്ലാതെ അവിടം നിശബ്ദമായിരുന്നു. വാസുവും ജനിയും നെടുവീര്‍പ്പിട്ടു.

അപ്പോഴേയ്ക്കും ചാരിയിരുന്ന വാതിലില്‍ മുട്ടു കേട്ടു. ജനി ചെന്ന് വാതില്‍ തുറന്നു. മുതലാളിയും തങ്കവും കുഞ്ഞും ആയിരുന്നു. ജനി അവരെ അകത്തേയ്ക്ക് വിളിച്ചു. അവര്‍ അകത്തേയ്ക്ക് കയറുമ്പോള്‍ കണ്ണന്‍ അവിടെ നിന്നും മെല്ലെ എഴുന്നേറ്റു. മുതലാളി വാസുവിനോടും പിന്നെ കണ്ണനോടും കുശലം നടത്തി. അപ്പോഴേയ്ക്കും തങ്കത്തിന്റെ കൈയില്‍ നിന്നും ജനി കുഞ്ഞിനെ വാങ്ങി. അവള്‍ ആ കുഞ്ഞിനെനോക്കി എന്തൊക്കെയോ പറഞ്ഞു. മുതലാളി വാസുവിനോട് പറഞ്ഞു
"മോളെയും കൊണ്ട് വരേണ്ട ദിവസമായിരുന്നു. അതും പിന്നെ നിങ്ങളെയും കണ്ടിട്ട് പോകാം എന്ന് കരുതി. ഇനീപ്പോ ചിന്നമ്മുവിന്‍റെ ഡോക്ടറെ ഒന്ന് കാണണം"... എന്നിട്ടയാള്‍ കണ്ണന് നേരെ നോക്കി. അവന്‍റെ തോളില്‍ കൈവച്ചു അയാള്‍ പറഞ്ഞു.

"കണ്ണാ നീ വിഷമിക്കേണ്ട. എല്ലാം ശെരിയാവും. എന്നിട്ട് വാസുവിനോടും, ജനിയോടുമായി പറഞ്ഞു...

"വാസു, ജനി ചിന്നമ്മുവിന്റെ ചികിത്സയ്ക്ക് ഒരു കുറവും വരരുത്. ഞാന്‍ തന്ന പണം തീര്‍ന്നാല്‍ ചോദിക്കാനും മടിക്കരുത്".

ജനിയും, കണ്ണനും വാസുവും അയാളെ ഭവ്യതയോടെ നോക്കി നിന്നു. തങ്കം ഇതിനിടയില്‍ കണ്ണനെ ഒന്ന് പാളി നോക്കി. അവളുടെ കണ്ണുകളിലെ സങ്കടം വാസു ശ്രദ്ധിച്ചു. യാത്ര പറഞ്ഞവര്‍ ഇറങ്ങുമ്പോള്‍ കണ്ണന്‍ വാസുവിനോട് ചോദിച്ചു...

"ഇതൊക്കെ ഞാന്‍ എങ്ങനെ വീട്ടും വാസുവേട്ടാ..."

"നീയിപ്പോള്‍ അതിനെ കുറിച്ച് ഒന്നും ചിന്തിക്കണ്ട.... ആദ്യം എല്ലാം ഒന്ന് ശരിയാവട്ടെ.." വാസു പറഞ്ഞു.
അന്ന് വൈകും വരെ കണ്ണനും വാസുവും അവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ വീട്ടിലേയ്ക്ക് പോയ ജനി വൈകിട്ട് തിരിച്ചെത്തി. അതോടെ വാസുവും കണ്ണനും പോകാനുള്ള ഒരുക്കത്തിലായി.

വാതില്‍ തുറക്കുമ്പോഴേയ്ക്കും ഒരു പോലീസുകാരന്‍ അവിടേയ്ക്ക് കയറി വന്നു. അയാള്‍ അവരെ നോക്കി ചിരിച്ചു.
കണ്ണന്‍ സംശയത്തോടെ പോലീസുകാരനെ നോക്കി. എന്നിട്ട് ചോദിച്ചു...

"സര്‍, ഇവിടെ???

അപ്പോഴേയ്ക്കും വാസു അവനോട് പറഞ്ഞു. ചിന്നമ്മുവിന്റെ പേരില്‍ കേസുണ്ട്. അവളൊരു കൊലപാതകിയാണിപ്പോള്‍,... സ്വന്തം കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന അമ്മ. കണ്ണന്‍ ദയനീയമായി വാസുവിനെയും പോലിസുകാരനെയും നോക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞങ്ങള്‍ എന്ത് ചെയ്യാന്‍ നിയമം നിയമത്തിന്‍റെ വഴിയേ..!!! " ശെരി ഞാന്‍ നാളെ വരാം"... അവരോടു ഇങ്ങനെ പറഞ്ഞുകൊണ്ട് പോലീസുകാരന്‍ പുറത്തേയ്ക്ക് പോയി. അപ്പോള്‍ ജനി കണ്ണനോട് പറഞ്ഞു.

"അയാള്‍ എന്നും വരും. ചിന്നമ്മുവിന്‍റെ സുഖവിവരം തിരക്കും. ഡോക്ടറെ കാണും..."

കണ്ണന് ഉരുകിയൊലിച്ചു താഴെ പതിക്കുകയാണോ താന്‍ എന്ന് തോന്നിപ്പോയി. അവിടെ നിന്നും ഇറങ്ങി ആശുപതിയുടെ ഇടനാഴികള്‍ താണ്ടുമ്പോഴെല്ലാം അവന്‍റെ മനസ്സ് അവനോടു കയര്‍ത്തുകൊണ്ടിരുന്നു. "നീ... നീ കാരണമാ ഇതെല്ലാം. നിന്‍റെ തെറ്റ്, നീ അനുഭവിച്ച സുഖം... അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നതീ ഹതഭാഗ്യയും. അവന്‍ അറിയാതെ കരഞ്ഞുപോയി. കണ്ണന്‍ പെട്ടെന്ന് നിന്നു.

"വാസുവേട്ടാ... ന്‍റെ ചിന്നമ്മു... എനിക്കവളെ കാണണം... ഇപ്പോള്‍ ഈ നിമിഷം. ഇത് പറഞ്ഞുകൊണ്ടവന്‍ ആ ഇടനാഴിയിലൂടെ തിരിഞ്ഞോടി. കതകു തള്ളിത്തുറന്നവന്‍ അകത്തേയ്ക്ക് പാഞ്ഞുകയറി. ചിന്നമ്മുവിനു മരുന്ന് കൊടുത്തിട്ട് പുറത്തേയ്ക്ക് വരികയായിരുന്ന നഴ്സിനെ കൂട്ടിയിടിച്ചു അവന്‍ താഴെവീണു. ചാടിയെഴുന്നേറ്റ അവള്‍ അവനു നേരെ ആക്രോശിച്ചു.

"നാശം... എവിടുന്നു വരുന്നു ഇവനൊക്കെ... കണ്ണില്ലേടോ തനിക്കൊന്നും. മരുന്ന് ട്രേയും കുനിഞ്ഞെടുത്ത് അമര്‍ത്തിച്ചവുട്ടി അവര്‍ പുറത്തേയ്ക്ക് പോയി. അപ്പോഴേയ്ക്കും വാസു അവിടെ എത്തിയിരുന്നു. ഒരു വിധം അവനെ പറഞ്ഞു സമാധാനിപ്പിച്ചു അയാള്‍ അവിടെ നിന്നും കൂട്ടികൊണ്ടു പോയി.

(തുടരും)
ശ്രീ വര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 25

മണിക്കൂറുകള്‍ കഴിഞ്ഞു... പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ചിന്നന്‍റെ തുന്നിക്കെട്ടിയ ശരീരം വാസു ഏറ്റുവാങ്ങി. ആശുപത്രിയില്‍ കൂടിനിന്ന അയല്‍വാസികളില്‍ ചിലര്, അവന്‍റെ മൃതദേഹം കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. വാസു നിറകണ്ണുകളോടെ അപ്പോഴും ആശുപത്രിയുടെ വരാന്തയില്‍ നില്‍ക്കുകയാണ്. കാരണം ചിന്നമ്മു ഇപ്പോഴും കണ്ണുകള്‍ തുറന്നിട്ടില്ല. കൃത്രിമവായു അവളെ അങ്ങിനെ ജീവനോടെ നിലനിര്‍ത്തുകയാണ്. ഡോക്ടര്‍മാരുടെ കണക്കുകള്‍ പ്രകാരം അവളുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുമോ എന്നറിയാന്‍ ഏറെനേരം കാത്തിരിക്കേണ്ടി വരും. വിവരങ്ങള്‍ അറിഞ്ഞു മുതലാളി ആശുപത്രിയില്‍ എത്തി. വാസുവിനെ കണ്ട മാത്രയില്‍ അയാള്‍ ചോദിച്ചു...

" കണ്ണന്‍ ???? അവനൊന്നും പറ്റിയില്ലല്ലോ അല്ലെ? പിന്നെ അയാള്‍ ഡോക്ടര്‍മാരോട് ചിന്നമ്മുവിന്‍റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. പുറത്തിറങ്ങിയ അയാള്‍ വാസുവിനോട് പറഞ്ഞു..

"വാസൂ...അവനുവേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അവന്‍റെ ചിന്നമ്മൂന് ഒന്നും സംഭവിക്കാന്‍ പാടില്ല. അയാളുടെ വാക്കുകള്‍ സ്നേഹത്തിന്‍റെ വല്ലാത്തൊരു വേദനയായി ആഴ്ന്നിറങ്ങുകയായിരുന്നു വാസുവിന്‍റെ നെഞ്ചിലേയ്ക്ക്.....

ചിന്നന്‍റെ ശരീരം കണ്ണന്‍റെ കുടിലിന് മുന്നില്‍ കൊണ്ടുവന്നു. കണ്ണന്‍ ഇരിയ്ക്കുന്നിടത്ത് നിന്നും അനങ്ങിയില്ല. കാല്‍മുട്ടുകളില്‍ തലതല്ലി, ഓലച്ചുമരില്‍ ചേര്‍ന്നിരുന്നു കേഴുന്ന അവന്‍റെ അടഞ്ഞ സ്വരം നമ്മുക്ക് കേള്‍ക്കാം. അവന്‍റെ ശരീരത്തിന്‍റെ കുലുക്കത്തില്‍ ആ ഓലച്ചുമര്‍ കുലുങ്ങാന്‍ തുടങ്ങി. ചിന്നന്‍റെ കുഞ്ഞു ശരീരം കണ്ടവര്‍ കണ്ടവര്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഓമനത്തമുള്ള അവന്‍റെ കുഞ്ഞുമുഖത്തിന് കരിനിഴല്‍ ബാധിച്ചിട്ടുണ്ട്. അവനെ ചുറ്റിക്കെട്ടി പുതച്ചിരുന്ന വെള്ളതുണിക്കെട്ടില്‍ അവിടവിടെ ചോരപ്പാടുകള്‍ ചെറുതായി പടര്‍ന്നിരുന്നു.

ആളുകളെക്കൊണ്ട് ആ കുഞ്ഞുമുറ്റം നിറഞ്ഞുകവിഞ്ഞു. കുടിലിന്‍റെ തെക്കേകോണില്‍ ഒരിടത്തായി ഒരു കുഴി തീരുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ നീങ്ങവേ,.... ദുഃഖം മറകെട്ടിയ മുഖങ്ങളില്‍ ചിന്നമ്മുവിന്‍റെ അസാന്നിധ്യം നല്‍കിയ വേദന ചെറുതല്ല. ചിന്നമ്മുവിനു അവസാനമായി കുഞ്ഞിനെ ഒരു നോക്കു കാണാന്‍ കഴിയുന്നില്ലല്ലോ എന്ന വ്യസനം ഏവരിലും നിഴലിച്ചു നിന്നു. ഒടുവില്‍ ഔസേപ്പ് കണ്ണന്‍റെ അടുക്കലേയ്ക്ക് വന്നു. അവന്‍റെ തോളില്‍ കൈവച്ച് അയാള്‍ പറഞ്ഞു..

" കണ്ണാ.... മോനെ സമയമായി. അവനെ പുറത്തേയ്ക്ക് എടുക്കണം. കണ്ണന്‍റെ കരച്ചില്‍ ഉച്ചത്തിലായത് പൊടുന്നനെയായിരുന്നു. അപ്പോഴേയ്ക്കും രണ്ടുപേര്‍ ചേര്‍ന്ന് കുഞ്ഞിന്‍റെ ശരീരം താങ്ങി പുറത്തുകൊണ്ടുവന്ന് കിടത്തി. അതോടെ കണ്ണന്‍ ചാടിയെഴുന്നേറ്റു. അവന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങീ...

"ചിന്നാ... ന്‍റെ പൊന്നുമോനെ...അവന്‍ നിലവിളിച്ചു. ചിലര്‍ ചേര്‍ന്ന് അവനെ ബലമായി പിടിച്ചു. നിറകണ്ണുകളോടെ അവരുടെ നേരെ യാചനയോടെ നോക്കി അവന്‍ പറഞ്ഞു..

"ഞാന്‍,... ഞാന്‍ അവസാനമായി ഞാനെന്‍റെ മോന് ഒന്ന് മുത്തം കൊടുത്തോട്ടെ..." അവരറിയാതെ പിടിവിട്ടു.

മുട്ടുകുത്തി നിലത്തേയ്ക്കിരുന്നവന്‍ കുഞ്ഞിന്‍റെ നെറ്റിയില്‍ മുത്തം നല്‍കി. അവന്‍റെ മുഖത്തേയ്ക്കു ചേര്‍ന്ന് കിടന്ന അവനെ പണിപ്പെട്ടാണ് അവര്‍ പിടിച്ചു മാറ്റിയത്... അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാലും, പ്രായപൂര്‍ത്തി ആകാത്തതിനാലും ചിന്നന്‍റെ ശരീരം ചെറുകര്‍മങ്ങള്‍ക്ക് ശേഷം അടക്കം ചെയ്യാനായി എടുത്തു. അത് കൊണ്ട് പോകുന്ന വഴിനീളെ കണ്ണന്‍ കരഞ്ഞുകുഴഞ്ഞു ചിലരുടെ കൈകളില്‍ താങ്ങി നീങ്ങി.

ഒടുവില്‍ ചിന്നന്‍റെ ശരീരം ആ കുഴിയിലേയ്ക്ക് വച്ചു. ഒരു കുഞ്ഞു പെട്ടിയ്ക്കുള്ളില്‍ അവന്‍ അങ്ങിനെ വിറങ്ങലിച്ചു കിടന്നു. പെട്ടിയുടെ മുകളില്‍ മണ്ണ് വീഴുന്ന ശബ്ദം ഭീകരനാദം പോലെ കണ്ണന്‍റെ കാതിനെ പൊതിഞ്ഞു. അവന്‍റെ ഇനിയുള്ള ജീവിതത്തില്‍ ആ സ്വരം ഒരു നൊമ്പരമായി നിലകൊള്ളും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല... കാരണം പിന്നീട് തിരികെ വരുന്ന വഴിയില്‍ അവന്‍ ഇരുകരങ്ങളും കൈകള്‍ കൊണ്ട് ചെവികള്‍ പൊത്തിയിരുന്നു. കുറച്ചുസമയം കൊണ്ട് അവിടെ ഒരു ചെറിയ മണ്‍കൂന ഉയര്‍ന്നു. കണ്ണന്‍ ചെറ്റക്കുടിലില്‍ ചാരി ആ മണ്‍കൂന നോക്കിയിരുന്നു.

അപ്പോഴേയ്ക്കും ആശുപത്രിയിലെ വിവരങ്ങള്‍ അവന്‍റെ കാതില്‍ ആരോ വന്ന് പറഞ്ഞിരുന്നു. അവന്‍, തളര്‍ന്ന കണ്ണുകളോടെ അവരെ നോക്കിയിരുന്നു. ആശുപത്രിയില്‍ ചിന്നമ്മു ബോധമില്ലാത്ത അവസ്ഥ തുടരുകയാണ്. കണ്ണന്‍ ആശുപത്രിയില്‍ പോകാനോ, ചിന്നമ്മുവിനെ കാണാനോ കൂട്ടാക്കിയില്ല. എങ്കിലും വാസുവും അവന്‍റെ സുഹൃത്തുക്കളും ഒക്കെ ആശുപത്രിയില്‍ മാറി മാറി നിന്നിരുന്നു.

ആറു ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. കണ്ണന്‍റെ കുടിലില്‍ പലരും വന്നു. അവനെ സാന്ത്വനപ്പെടുത്തി. ആരുടേയും വാക്കുകള്‍ക്ക് അവന്‍റെയുള്ളിലെ തീയണയ്ക്കാന്‍ കഴിഞ്ഞില്ല. പകരം അവരുടെ സാന്ത്വനവാക്കുകള്‍ അവനിലെ തീ ആളിപ്പടര്‍ത്തുകതന്നെ ചെയ്തു.

അടുത്ത ദിവസം വാസു ആശുപത്രിയില്‍ നിന്നും കണ്ണനെ കാണാന്‍ വന്നു. അയാള്‍ അവനടുത്തായി വന്ന് ഇരുന്നു. എന്നിട്ട് പറഞ്ഞു..

"കണ്ണാ... നടന്നത് നടന്നു. ഇനീപ്പോ നീയ് തീ തിന്നതുകൊണ്ട് എന്തു കാര്യം. എന്‍റെ വാക്കുകള്‍ കൊണ്ട് നിന്‍റെ നെഞ്ചം തണുക്കില്ല. അതെനിക്കറിയാമെടാ. എന്നാലും നീ അവളെ കാണാന്‍ വരുന്നില്ലേ. നിനക്ക് ഒരുനോക്ക് കാണണ്ടേടാ അവളെ...???

കണ്ണന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വാസുവിന്‍റെ തോളിലേയ്ക്ക്‌ ചാഞ്ഞു.

" വാസുവേട്ടാ... ഞാനെങ്ങനാ അവളെ കാണുന്നെ..? എന്നെക്കൊണ്ട് കഴിയില്ല വാസുവേട്ടാ... ഞാന്‍ കാരണാ അവള്... ഇങ്ങനെ... അവന്‍റെ വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു വീണു.
വാസു അവനെ സാന്ത്വനിപ്പിച്ചു...

"ശരിയാവൂടാ... എല്ലാം ശരിയാവും....നമ്മുക്ക് ഇന്ന് ആശുപത്രിയില്‍ പോണം. ഞാനില്ലെ നിന്‍റെ കൂടെ. ഇത് കേട്ട് വാസുവിന്‍റെ മുഖത്തേയ്ക്കു നോക്കിയ കണ്ണനോട് വാസു പറഞ്ഞു..

"ഉണ്ടാവും... ഞാനെന്നുമുണ്ടാകും നിന്‍റെ കൂടെ".

കണ്ണന്‍ വാസുവിനെ ചാരി കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ വാസു പറഞ്ഞു...."നീ ഒന്ന് കുളിയ്ക്ക്‌, എന്നിട്ട് ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒക്കെ മാറി റെഡിയാക് അപ്പോഴേയ്ക്കും ഞാന്‍ എത്താം... ഇത് പറഞ്ഞുകൊണ്ട് വാസു അവിടെ നിന്നും പോകുമ്പോള്‍ കണ്ണനെ മറ്റുചിലര്‍ ചേര്‍ന്ന് കുളിപ്പുരയിലേയ്ക്ക് കയറ്റി.

(തുടരും)
ശ്രീ വര്‍ക്കല


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 24

ചിന്നമ്മു കരയുന്ന കുഞ്ഞിനെ മാറത്തേയ്ക്ക് ചേര്‍ത്തണച്ചു. ഭ്രാന്തിയെപ്പോലെ മുറ്റത്തേയ്ക്ക് ഓടിയിറങ്ങിയ ചിന്നമ്മുവിനെ കണ്ട ജനി എന്തുചെയ്യണം എന്നറിയാതെ ഒന്ന് പകച്ചു. ചിന്നമ്മുവിനു ആ സമയം തന്നെ ധാരാളമായിരുന്നു. പരിസരം മറന്നവള്‍ കിണറ്റിനരുകിലേയ്ക്ക് ഓടി. ജനി കരഞ്ഞുകൊണ്ട്‌ ചിന്നമ്മുവിന്റെ പുറകെയോടി. എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കാതെ ചിന്നമ്മുവിന്റെ പുറകെ ഓടുമ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞു...

"ചിന്നമ്മു വേണ്ട ചിന്നമ്മു, നീ അബദ്ധമൊന്നും കാണിക്കല്ലേ ചിന്നമ്മു".

പക്ഷെ, ജനിയുടെ വിളികേള്‍ക്കാന്‍ ചിന്നമ്മു കൂട്ടാക്കിയില്ല. അവള്‍ ഓടിവന്നു ആ കിണറ്റിനുള്ളിലേയ്ക്ക് കുതിച്ചുചാടി. "ചിന്നമ്മൂ.....ഒരലര്‍ച്ചയോടെ ജനി ചിന്നമ്മുവിന്‍റെ ഒരു കരം കവര്‍ന്നു. പക്ഷെ, ചിന്നമ്മുവിന്‍റെ കരം ജനിയുടെ കരത്തില്‍ നിന്നൂര്‍ന്ന്, ആ കിണറ്റിലേയ്ക്കവള്‍ പതിയ്ക്കുക തന്നെ ചെയ്തു.

ജനി കിണറ്റിന്‍റെ കരയില്‍ നിന്നും ഉറക്കെവിളിച്ചു. അതിന്‍റെ കല്‍ഭിത്തിയില്‍ പിടിച്ച് ഒന്ന് നോക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളു. പ്രാണവേദനയില്‍ പിടയുന്ന രണ്ട് ശരീരങ്ങള്‍, ആ കിണറ്റിന്‍റെ കരയില്‍ നിന്നും നാലുപാടും നോക്കിയവള്‍ അലറിക്കരഞ്ഞു. "കണ്ണേട്ടാ....അയ്യോ ആരെങ്കിലും ഒന്നോടിവരണേ..!!!

വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന കണ്ണനും, വീട്ടിനുള്ളിലേയ്ക്ക് കയറിയ തങ്കവും ജനിയുടെ അലമുറ കേട്ട് ഞെട്ടി. ഓടിവന്ന വേലക്കാരി തങ്കത്തെ കണ്ടു പുച്ഛത്തോടെ മുഖം തിരിച്ചു. അത് കണ്ട തങ്കം, ഇവിടെ നടന്നതെല്ലാം ഒരുവേള അവള്‍ കണ്ടിരിക്കാം എന്ന് ശങ്കിച്ചു. ഒന്ന് പകച്ചുവെങ്കിലും, വിളി കേട്ട ദിശ നോക്കി കണ്ണന്‍ ഓടി. ജനിയുടെ വിളിയപ്പോഴും ഉച്ചത്തിലായിരുന്നു. വിളി കേള്‍ക്കുന്നത് തന്‍റെ കുടിലിന്‍റെയരുകില്‍ നിന്നാണെന്നു ഇതിനകം മനസ്സിലാക്കിയ കണ്ണന്‍ അവിടേയ്ക്ക് ഓടിയടുത്തു. ജനിയെകണ്ടവന്‍ വിളിച്ചു ചോദിച്ചു.

"ജനീ....എന്താ എന്തുണ്ടായി????

"കണ്ണേട്ടാ... ദേ! ചിന്നമ്മു...ദേ ചിന്നമ്മു... കിണറ്റിലേയ്ക്ക് ചൂണ്ടിയവള്‍ പൊട്ടിക്കരഞ്ഞു. കണ്ണന്‍ കിണറ്റിനരുകിലേയ്ക്ക് ഓടിയെത്തി. കിണറ്റിനുള്ളിലേയ്ക്ക് നോക്കിയ അവന്‍ പെട്ടെന്ന് കിണറ്റിലേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും ആളുകള്‍ അവിടേയ്ക്ക് എത്തിത്തുടങ്ങി. കണ്ണന്‍റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. കൈകള്‍ കുഴഞ്ഞു. താഴെ, വെള്ളത്തില്‍ കൈകളിട്ടടിക്കുന്ന ചിന്നമ്മുവിനെ നിറകണ്ണുകളോടെ നോക്കിയവന്‍,.

അതേസമയം മുകളില്‍ ജനി ബോധശൂന്യയായി നിലംപതിച്ചു. ആളുകള്‍ അവളെ കണ്ണന്‍റെ ചെറ്റക്കുടിലിനു മുന്നിലെ തിണ്ണയിലേയ്ക്ക് എടുത്തുകിടത്തി. താഴേയ്ക്ക് എത്തുംതോറും കണ്ണന്‍റെ കാലുകള്‍ കുഴഞ്ഞു. എങ്കിലും ഒരുവിധം അവന്‍ കിണറ്റിനടിയില്‍ എത്തി.

മുങ്ങിപ്പൊങ്ങുകയായിരുന്ന ചിന്നമ്മുവിന്‍റെ മുടിയിഴകളില്‍ പിടിച്ചവന്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അവളുടെ മരണപിടയല്‍ അവന്‍റെ കരങ്ങള്‍ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അതോടെ, അവന്‍ വിറയലോടെ തെന്നി വെള്ളത്തിലേയ്ക്ക് വീണു. അപ്പോഴേയ്ക്കും ആരൊക്കെയോ രണ്ടു മൂന്നുപേര്‍ കിണറ്റിനുള്ളിലേയ്ക്ക് ഇറങ്ങിയിരുന്നു. കണ്ണന്‍ വ്യസനം സഹിയ്ക്കാന്‍ കഴിയാതെ ചിന്നമ്മുവിന്‍റെ മുടിയിഴകളില്‍ കൈകള്‍ ചുറ്റി തളര്‍ന്നുവീണു.

ആളുകള്‍ ചേര്‍ന്ന് ചിന്നനെയും, ചിന്നമ്മുവിനെയും, കണ്ണനെയും കിണറ്റിന് പുറത്തേയ്ക്ക് എടുത്തു. ചിന്നന്‍ കിണറ്റിന്‍റെ തൊടിയുടെ കോണിലെവിടെയോ തലയടിച്ചു മരിച്ചുകഴിഞ്ഞിരുന്നു. അവന്‍റെ കുഞ്ഞുമുഖം ചോരകൊണ്ട് ചുവന്നിരുന്നു.

കിണറ്റിന്‍കരയില്‍ നിന്നും ചിന്നമ്മുവിന്‍റെ ശരീരം താങ്ങിയെടുത്ത് കൊണ്ടുവരുമ്പോള്‍ അവളുടെ അഴിഞ്ഞുവീണ മുടികളില്‍ നിന്നും വെള്ളത്തോടൊപ്പം ഇറ്റ് വീണുകൊണ്ടിരുന്ന ചോരപതിച്ചു ആ വഴിയാകെ ചുവന്നു. അവളുടെ നനഞ്ഞ മാറിടങ്ങള്‍ക്കിടയില്‍ രക്തം നിറഞ്ഞുനിന്ന് അതിങ്ങനെ ഉടുപ്പിനു മുകളിലൂടെ ഒഴുകാന്‍ തുടങ്ങി. പെട്ടെന്ന്, ആരോ വിളിച്ചുപറഞ്ഞു.... "ചിന്നമ്മൂന് ജീവനുണ്ട്...ചിന്നമ്മൂന് ജീവനുണ്ട്.

ജനി ഞെട്ടിയെഴുന്നേറ്റു. ഓടിവന്നവള്‍ ചിന്നമ്മുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കണ്‍പൂട്ടി കിടന്നിരുന്ന ചിന്നമ്മുവിനെ അവള്‍ കുലുക്കി വിളിച്ചു. ചിന്നമ്മുവിന്റെ ശരീരം ഉലച്ചുകൊണ്ടവള്‍ വീണ്ടും വീണ്ടും കരഞ്ഞു. വന്നവരുടെയും, നിന്നവരുടെയും കണ്ണുകള്‍ ജലാര്‍ദ്രങ്ങളായി. അപ്പോഴേയ്ക്കും കണ്ണനും കണ്ണുകള്‍ തുറന്നു. അവന്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വാസു അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. രണ്ടുകരങ്ങളും കൊണ്ടവന്‍ മുഖം പൊത്തി. ചിന്നമ്മുവിനെ നോക്കി തേങ്ങിക്കരഞ്ഞ അവന്‍ അപ്പോഴാണ്‌ അവള്‍ക്കരുകില്‍ ചോരവാര്‍ന്നു കിടന്നിരുന്ന ചിന്നനെ കണ്ടതു. ഒരലര്‍ച്ചയായിരുന്നു അവന്‍റെയുള്ളില്‍ നിന്നും അപ്പോള്‍ പുറത്തുവന്നത്. അപ്പോഴേയ്ക്കും അവിടേയ്ക്ക് ഒരു കാര്‍ പാഞ്ഞെത്തി. ചിന്നമ്മുവിനെയും, കുഞ്ഞിനേയും ആരൊക്കെയോ ചേര്‍ന്ന് കാറിനുള്ളില്‍ കിടത്തി. അത് അതിവേഗത്തില്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

കണ്ണന്‍ അവരോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതുമൂലം പോലീസ് അവിടെയെത്തി. അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ്, ജനിയെയും ചോദ്യം ചെയ്തു... ഒപ്പം കണ്ണനെയും.

പോലീസ് പോയപ്പോള്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തങ്കം...വിവശയായി പുറത്തേയ്ക്ക് വന്നു. അവള്‍ നന്നേ വിറച്ചിരുന്നു. മുഖം പൊത്തി കരയുന്ന കണ്ണനെ കാണാനുള്ള ശക്തി അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍, മണിമാളികയിലേയ്ക്ക് തിരിഞ്ഞോടി.

നേരം കടന്നു പോയി. ആശുപത്രിയുടെ അത്യാഹിത വാര്‍ഡിന് മുന്നില്‍ നിന്നു വാസു തേങ്ങി. ചിന്നന്‍റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. വാസു നിറകണ്ണുകളോടെ നിന്നു. അപ്പോള്‍, അയല്‍വാസികളില്‍ ചിലര്‍ വാസുവിന് അടുത്തെത്തി ചോദിച്ചു..

"വാസുവേട്ടാ... ഇനീപ്പോ എങ്ങനാ...?കുഞ്ഞിന്‍റെ ശരീരം കൊണ്ടുവരുമ്പോള്‍ ആരെങ്കിലും വേണ്ടേ അതേറ്റുവാങ്ങാന്‍ ??.. ബന്ധുക്കളായി അവര്‍ക്കാരും ഇല്ലല്ലോ".

വാസു ചോദിച്ചു... "ഞാനെന്താ ചെയ്ക നിങ്ങള് തന്ന പറ. അവനെ ഇവിടെ കൊണ്ടുവന്നാല്‍ എങ്ങനാ..? ഇതെല്ലാം കണ്ടുകൊണ്ടു അവന്‍ എങ്ങനാ ഇവിടെ നില്‍ക്കുന്നത്..?

വാസു ഒന്നാലോചിച്ചു. എന്നിട്ട് പറഞ്ഞു. അതുമല്ല കണ്ണന്‍ ഇവിടെ വന്നാല്‍ പിന്നെ അവിടെ എങ്ങനാ... അവിടെയും ആരേലും വേണ്ടേ??കുഞ്ഞിന്‍റെ മൃതദേഹം അടക്കം ചെയ്യണ്ടേ... എനിക്ക് ഒന്നും പിടികിട്ടുന്നില്ല. വാസു നെഞ്ച് അമര്‍ത്തിത്തടവി നിന്നു. നേരം കഴിയുംതോറും അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.

(തുടരും)