2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 29

ചിന്നമ്മുവിന്‍റെ നിര്‍ജീവമായ കണ്ണുകള്‍, അവളുടെ ഒഴുകിമറയുന്ന കണ്ണുനീര്‍, കാണ്‍കെ കാണ്‍കെ ജനി ഉരുകുകയായിരുന്നു... അവളുടെ ചിന്തകളില്‍ കണ്ണന്‍ വന്നുനിറഞ്ഞു. അവളോട്‌ തന്നെ അവള്‍ ചോദിച്ചു..."എങ്ങനെ കണ്ണേട്ടന് ഇങ്ങനെ മാറാന്‍ കഴിഞ്ഞു. അതും ഇതുപോലൊരു സ്നേഹമയിയായ പെണ്ണിനെ ദ്രോഹിച്ചിട്ട്." അവള്‍ക്കു തങ്കത്തിനോടും വല്ലാത്ത വെറുപ്പ്‌ തോന്നി.

അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി അടഞ്ഞുകിടന്ന വാതില്‍ തുറന്നു ഡോക്ടറും നഴ്സുമാരും കയറി വന്നു. ജനി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. ഡോക്ടര്‍ ചിന്നമ്മുവിന്‍റെ കൈനാഡികള്‍ പരിശോധിച്ച് കൈയിലിരിക്കുന്ന പാഡില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട്, നഴ്സുമാരോടായി ചര്‍ച്ചയായി. അവരെനോക്കി തലകുലുക്കിക്കൊണ്ട് ഡോക്ടര്‍ ജനിയെ നോക്കി പറഞ്ഞു.

"ഓക്കേ... അറിയാല്ലോ ഇതൊരു നോര്‍മല്‍ കേസ് അല്ല. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലെ ചില ഞരമ്പുകള്‍ക്കേറ്റ ക്ഷതമാണ് ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ഈ സ്ത്രീ എത്തപ്പെട്ടത്. ഇതുവരെയുള്ള ചികിത്സയില്‍ നമ്മെ കൊണ്ടാകാവുന്നത് എല്ലാം നാം ചെയ്തുകഴിഞ്ഞു. ഇനി, നിങ്ങള്‍ക്കിവരെ കൊണ്ടുപോകാം. മരുന്നും, വ്യായാമവും തുടര്‍ച്ചയായി ചെയ്‌താല്‍ ഇവര്‍ക്കൊരുപക്ഷേ പഴയ ഒരു സ്റ്റേജിലേയ്ക്ക് മടങ്ങുവാന്‍ കഴിയും. പക്ഷെ, അതിന് നിങ്ങള്‍ തന്നെ വിചാരിക്കണം. അവരെ സ്നേഹമായി പരിചരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.... ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

ഒരു നിമിഷത്തെ ചിന്തയ്ക്ക് ശേഷം ഡോക്ടര്‍ ചോദിച്ചു ..

"ഇവരുടെ ആരാണ് നിങ്ങള്‍"...???

"സഹോദരിയാണ്"... ജനി മറുപടി നല്‍കി.

ഓക്കേ... ഞാന്‍ കുറച്ചു ഗുളികകള്‍ എഴുതുന്നുണ്ട്. അത് മുടങ്ങാതെ കൊടുക്കണം, പിന്നെ ആരെയെങ്കിലും വീട്ടിലേയ്ക്ക് വിളിച്ചു ദിവസവും ചില വ്യായാമമുറകള്‍ ചെയ്യണം. ഞങ്ങളുടെ ഫിസിയോതെറാപ്പി യൂണിറ്റില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് അവര്‍ അത് പറഞ്ഞുതരും. ജനിയ്ക്കു ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ട് ഡോക്ടര്‍ പുറത്തേയ്ക്കുപോയി.

അങ്ങിനെ ചിന്നമ്മു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

കണ്ണന്‍ കുളിച്ച് വന്ന് ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്നാണ് മണിമാളികയില്‍ നിന്നും തങ്കത്തിന്‍റെ വേലക്കാരി കണ്ണനരുകിലേയ്ക്ക് നടന്നു വന്നത്. അവളെ കണ്ട കണ്ണന്‍ ചോദിച്ചു. "എന്താണ്?" തങ്കത്തിനെ അപ്പോഴേയ്ക്കും ഫോണ്‍ ചെയ്തു ജനി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതിന്‍ പ്രകാരം ഇക്കാര്യം കണ്ണനെ അറിയിക്കാനായി തങ്കം അയച്ചതാണ് അവളെ. കാര്യങ്ങള്‍ കേട്ട കണ്ണന്‍ വാസുവിന്‍റെ വീട്ടിലേയ്ക്ക് നടന്നു.

മുറ്റത്തേയ്ക്ക് നടന്നുവരുന്ന കണ്ണനെ കണ്ട് വാസു വെളിയിലേയ്ക്കു വന്നു. വെറുംകൈയോടെ മുറ്റത്ത് നിന്ന കണ്ണനെ കണ്ടു വാസു ചോദിച്ചു..

" എന്താ നീ ജോലിയ്ക്ക് വരുന്നില്ലേ..?

കണ്ണന്‍ വാസുവിനോട് കാര്യങ്ങള്‍ വിവരിച്ചു.

"എങ്കില്‍ ശെരി ഞാനൂടെ വരാം.." വാസു അവനോടു പറഞ്ഞു. വാസു പെട്ടെന്ന് തന്നെ വസ്ത്രം മാറി. അവര്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

ജനി സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തു. ഡോക്ടര്‍ എഴുതിയ മരുന്നുകള്‍ എല്ലാം വാങ്ങി അവള്‍ ഇടനാഴിയിലൂടെ വരുമ്പോള്‍ കണ്ണനും വാസുവും എതിരെ വരുന്നുണ്ടായിരുന്നു. ഒന്ന് നിന്ന അവര്‍ പരസ്പരം കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ചിന്നമ്മു കിടക്കുന്ന മുറിയിലേയ്ക്ക് കയറി.

അങ്ങനെ ചിന്നമ്മു വീണ്ടും കണ്ണന്‍റെ കുടിലിലേയ്ക്ക്‌ എത്തപ്പെട്ടു. മൂന്നുപേരും കൂടി ചിന്നമ്മുവിനെ കണ്ണന്‍റെ കട്ടിലിലേയ്ക്ക് കിടത്തി. ജനി സാധനങ്ങള്‍ ഒക്കെ പെറുക്കി വയ്ക്കുമ്പോഴെയ്ക്കും വാസു വസ്ത്രങ്ങള്‍ മാറിവരാം എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് പോയി. കണ്ണന്‍ ചിന്നമ്മുവിന്‍റെ അരുകിലായ് ചേര്‍ന്നിരുന്നു. അവളുടെ കൈകളില്‍ അവന്‍ തഴുകിക്കൊണ്ടിരുന്നു. ജനി അന്ന് വെയില്‍ താഴും വരെ ചിന്നമ്മുവിനടുത്തുണ്ടായിരുന്നു. അവളെ എങ്ങനെ നോക്കണം എന്ന് അതിനകം തന്നെ ജനി കണ്ണനോട് വിശദീകരിച്ചുകൊടുത്തു. പിന്നീട്, വാസുവും ജനിയുമൊക്കെ അവിടെനിന്ന് പോകുമ്പോഴേയ്ക്കും പകലിന്‍റെ നിറം മങ്ങിയിരുന്നു.

ഇപ്പോള്‍ കണ്ണന്‍റെ കുടിലില്‍ കണ്ണനും ചിന്നമ്മുവും മാത്രമാണ്. ചിന്നമ്മു ആ വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ അവള്‍ എന്തെല്ലാം വീട്ടില്‍ ഓടി നടന്നു ചെയ്തുവോ അതെല്ലാം മുറപോലെ കണ്ണനും ചെയ്യുന്നുണ്ടായിരുന്നു. അവന്‍ വിളക്ക് കൊളുത്തി അതില്‍ നിന്നും ഒരു നുള്ള് ചന്ദനം അവളുടെ നെറ്റിയില്‍ തൊട്ടു. റാന്തല്‍ കത്തിച്ച് അതിന്‍റെ തിരിനീട്ടി വച്ചു. ആ ദീപത്തിന്‍റെ വെളിച്ചത്തില്‍ അപ്പോഴും, ഈ അവസ്ഥയിലും അവളൊരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. മനസ്സ് നിറയെ ദുഃഖം തളം കെട്ടിയ ആ രാവില്‍ കണ്ണന്‍ അവള്‍ക്കരുകില്‍ താഴെയായി പായ വിരിച്ചു കിടന്നു.

നിലാവില്‍ അവിടമാകെ വല്ലാത്തൊരു സുഗന്ധം പാറിനടക്കുന്നുണ്ടായിരുന്നു. കണ്ണന് മനസ്സിലായി, അങ്ങകലെ ആറ്റിന്‍കരയിലെ പാലപൂത്തുലഞ്ഞിട്ടുണ്ടാകും. ഉറങ്ങാന്‍ കഴിയാതെ, ഇരുളില്‍ അവന്‍ ചെന്ന് വാതില്‍ തുറന്നു. ചാണകമെഴുകിയ നിലത്ത് വാതിലിനോടു ചേര്‍ന്ന് നിലാവിനെ നോക്കിയവന്‍ കിടന്നു. വീണ്ടും അവന്‍റെ കണ്ണുകളില്‍ ഉറക്കം തഴുകുമ്പോള്‍ ചിന്നമ്മു തളര്‍ന്നുകിടക്കുന്ന ഒന്‍പതാം ദിവസം മെല്ലെ പടിയിറങ്ങുകയായിരുന്നു.

പുലരി ഉണര്‍ന്ന് അവന്‍റെ കണ്ണുകളില്‍ തട്ടി വിളിച്ചു. അവന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ചിന്നമ്മുവിന്‍റെ അടുത്തേയ്ക്കാണ് അവന്‍ ആദ്യം ഓടിയെത്തിയത്. അവളുടെ മിഴികള്‍ അടഞ്ഞിരുന്നു. ചിന്നമ്മു നല്ല ഉറക്കത്തിലാണ്. കണ്ണന്‍ അവളുടെ അടുത്തു നിന്നു തിരിയുമ്പോഴേയ്ക്കും അവര്‍ക്കുള്ള പ്രഭാതഭക്ഷണവുമായി ജനി എത്തിയിരുന്നു. അവളുടെ നിര്‍ബന്ധപ്രകാരം കണ്ണന്‍ കുളിച്ച് ജോലിയ്ക്ക് പോകാനുള്ള ഒരുക്കത്തിലായി. ആഹാരം ഒക്കെ കഴിഞ്ഞ് കണ്ണന്‍ പോകുമ്പോഴേയ്ക്കും ചിന്നമ്മു ഉണര്‍ന്നിരുന്നു. ജനി സ്നേഹത്തോടെ അവളെ പരിചരിക്കുകയാണ്.

ദിവസങ്ങള്‍ മെല്ലെ കൊഴിഞ്ഞുവീണു. ഇപ്പോള്‍, ചിന്നമ്മുവിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കണ്ണന്‍ തന്നെയാണ്. ആവശ്യം എന്ന് കണ്ടാല്‍ അവന്‍ ജനിയെ വിളിയ്ക്കുമായിരുന്നു. അവനില്ലാത്ത സമയങ്ങളിലെല്ലാം അവള്‍ വന്ന് സഹായിക്കുകയും ചെയ്യും. അന്നും പതിവുപോലെ രാവ് രാപ്പാടികളുടെ പാട്ടില്‍ മയങ്ങി നില്‍ക്കുന്നു. മുറ്റത്തെ നിത്യമുല്ലയിലെ പൂക്കള്‍ വിരിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. കണ്ണന്‍ ചിന്നമ്മു ഉറങ്ങിയതിനു ശേഷം പുറത്തെ തിണ്ണയില്‍ വന്നിരുന്നു.

"കടയില്‍ പുതിയ ലോഡ് വന്നിട്ടുണ്ട്." മുതലാളി തങ്കത്തെ വിളിച്ചറിയിച്ചു. ഇനി അതെല്ലാം കഴിഞ്ഞു മുതലാളി എത്തുമ്പോള്‍ നേരം പുലരും. ഇങ്ങനെ ചിന്തിച്ചുകൊണ്ട് തങ്കം കിടക്കമേല്‍ വന്നിരുന്നു. അവള്‍ ചിന്തകളുടെ തേരിലേറി പറന്നു നടന്നു.

നിലാവില്‍, നടന്നുവരുന്ന തങ്കത്തിനെ കണ്ട് കണ്ണന്‍ വല്ലാതെ ഭയന്നു. അവന്‍ അറിയാതെ എഴുന്നേറ്റു നിന്നു. അവന്‍റെയടുക്കല്‍ എത്തി നില്‍ക്കുന്ന തങ്കത്തെ കണ്ട കണ്ണന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ തങ്കം കണ്ണനോട് കൂടുതല്‍ ചേര്‍ന്ന് നിന്നു. എന്നിട്ടവള്‍ ചോദിച്ചു...

" എന്താ ഭയായോ???

"ഉം..." അവനറിയാതെ മൂളി.

അവളവന്‍റെ വിരിഞ്ഞ നെഞ്ചില്‍ ചൂണ്ടുവിരല്‍ കൊണ്ടൊന്നു കുത്തി. എന്നിട്ട് അവള്‍ വീണ്ടും ചോദിച്ചു.

"കാരിരുമ്പ് പോലെ ഉറച്ച ഈ നെഞ്ചിനുള്ളില്‍ ഭയമോ? അവള്‍ ഒരു മദാലസയെപ്പോലെ അവന്‍റെ മുന്നില്‍ നിന്നു പൊട്ടിച്ചിരിച്ചു.

കണ്ണന്‍ പെട്ടെന്ന് വാതിലിനടുത്തേയ്ക്ക് നീങ്ങി ചിന്നമ്മുവിനെ നോക്കി. റാന്തലിന്‍റെ തെളിഞ്ഞ വെളിച്ചത്തില്‍ അവന്‍ കണ്ടു. ചിന്നമ്മു നല്ല ഉറക്കത്തിലാണ്.

(തുടരും)
ശ്രീവര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ