2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

കഥ

അച്ഛനും അമ്മയ്ക്കും പിന്നെ എന്‍റെ കുഞ്ഞുപെങ്ങള്‍ക്കും....

റെയില്‍പാതയെ അതിവേഗം താണ്ടി ആ ദീര്‍ഘദൂര റെയില്‍വണ്ടി പരക്കം പായുകയാണ്. ഇടമുറിയാതെ, കടന്നുപോകുന്ന തണല്‍ മരങ്ങള്‍ ഒന്നും തന്നെ കണ്ണുനീര്‍ തളം കെട്ടിയ കണ്ണുകള്‍ കൊണ്ടവന് കാണാന്‍ കഴിഞ്ഞിരുന്നില്ല. അവധികഴിഞ്ഞ് വീണ്ടും അതിര്‍ത്തിയിലെ വെടിയൊച്ചയിലേയ്ക്കാണ് അവന്‍ വരേണ്ടത്. അവന്‍ വിശ്വം. ഭാരതത്തിന്‍റെ കാവല്‍ഭടന്‍. നീണ്ട എട്ടു വര്‍ഷക്കാലം അവന്‍ പൊരുതി. ഒടുവില്‍, സ്വപ്നത്തില്‍ എന്നപോലെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദം കൊണ്ട് അലമുറയിട്ട നിരവധി പട്ടാളക്കാരില്‍ ഒരുവന്‍. ആകെയുണ്ടായിരുന്ന സ്വന്തം അച്ഛനും, അമ്മയും പിന്നെ അവന്‍റെ കുഞ്ഞുപെങ്ങളുമാണ്. ചിന്തകള്‍ അവനെ വളരെ ദൂരം പിറകിലേയ്ക്കാണ് കൊണ്ടുപോയത്.
ഉഗ്രകോപക്കാരനായിരുന്നു അവന്‍റെ അച്ഛന്‍. നിത്യവൃത്തികള്‍ പോലും വളരെ ചിട്ടയോടെ ചെയ്യുന്ന ഒരു തികഞ്ഞ മനുഷ്യന്‍. മീനവേനലോ, ഇടവപ്പാതിയോ അദ്ദേഹത്തിന് ഒരു തടസമേ ആയിരുന്നില്ല. നീണ്ട മണിക്കൂറുകള്‍ ഇടമുറിയാതെ പണിയെടുക്കുന്ന ഒരു ശുദ്ധമനുഷ്യന്‍. ഭര്‍ത്താവിനെ ജീവനു തുല്യം സ്നേഹിക്കുകയും അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അതുപോലെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന ഒരു സാധു സ്ത്രീയായിരുന്നു അവന്‍റെ അമ്മ. കുട്ടിക്കാലത്തെ മധുരമൂറുന്ന ഓര്‍മകളില്‍ പോലും അവന് വിഷാദത്തിന്റെ കയ്പ് നിറം കാണേണ്ടി വരും. കഷ്ടതകളില്‍ നിന്നു വീണ്ടും കഷ്ടതകളിലേയ്ക്കാണ് ആ കുടുംബം നീങ്ങിയത്. അര്‍ദ്ധപട്ടിണിയാണെങ്കില്‍ പോലും വിദ്യാഭ്യാസം അവന്‍ മുറതെറ്റാതെ ചെയ്തിരുന്നു.
ഒരു വേനലില്‍, ഭൂമിയാകെ ചുട്ടുപഴുത്തു കിടക്കുന്ന ഒരു നേരം. ക്ഷീണിച്ച കണ്ണുകളോടെ, വിശന്നു പൊരിയുന്ന വയറോടെ അവന്‍ ആ കുഞ്ഞുവീടിന്‍റെ പടികയറി. പുസ്തകസഞ്ചി ജനല്‍പാളിയ്ക്കരുകിലെ ജീര്‍ണിച്ചു വീഴാറായ ഒരു മേശമേല്‍ വച്ചിട്ടവന്‍ കയര്‍കൊണ്ട്‌ കെട്ടിവരിഞ്ഞ കട്ടിലിലേയ്ക്ക് ചാഞ്ഞു. അവന്‍ ദീര്‍ഘനിശ്വാസം ആ ചെറിയമുറിയില്‍ തെല്ലൊരു ശബ്ദമുണ്ടാക്കി.
"മോളെ, മണ്ണില്‍ കളിക്കരുതേ!!!
അച്ഛന്റെ സ്വരം കേട്ടവന്‍ ചാടിയെഴുന്നേറ്റു. കണ്ണുകളില്‍, എപ്പോഴോ വന്നു നിറഞ്ഞ രണ്ടു തുള്ളി കണ്ണുനീര്‍ കൈകൊണ്ടു തുടച്ചവന്‍ പുറത്തേയ്ക്കിറങ്ങി.
"ഉം...എന്താടാ...? നിന്‍റെ മുഖത്തിനൊരു ക്ഷീണം..? തെല്ലു പരുക്കന്‍ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
"ഗാന്ധിജീടെ പടമുള്ള സ്റ്റാമ്പ് ക്ലാസ്സില്‍ എല്ലാ കുട്ടികള്‍ക്കും ടീച്ചര്‍ കൊടുത്തു. എനിക്കും തന്നു. എന്നിട്ട് നാളെ വീട്ടില്‍ നിന്നും ഒരു ഉറുപ്പിക വാങ്ങി വരണം എന്ന് എല്ലാരോടും പറഞ്ഞു.".. അവന്‍ ഭയത്തോട് കൂടി പറഞ്ഞു.
കതകിന്‍റെ പുറം തടിയില്‍ ചാരിനിന്ന് ഇത് പറഞ്ഞ അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത് കണ്ടിട്ടാകണം അയാളുടെ കണ്ണുകളില്‍ പെട്ടെന്ന് ശോണിമ പടര്‍ന്നു.
"ഇനിയിപ്പോ അതിന്‍റെ ഒരു കുറവുകൂടിയേ ഉള്ളൂ."   അയാള്‍ പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക് കയറി.  എന്നിട്ട് തോളില്‍ കിടന്നിരുന്ന തോര്‍ത്ത്‌ മുണ്ട് എടുത്തു ഉറക്കെ കുടഞ്ഞുകൊണ്ട് അയാള്‍ വിളിച്ചു.
"എടീ..ശാന്തമ്മേ!!"
"എന്തോ..."   അടുക്കളയില്‍ നിന്നും നീട്ടി ഒരു വിളിയോട് കൂടി ഉമ്മറത്തേയ്ക്കുള്ള വാതിലിന്‍റെ ചവിട്ടു പടിയുടെ പിറകിലായി അവര്‍ വന്നു നിന്നു. അയാള്‍ അങ്ങോട്ടു തിരിഞ്ഞു.
"നീ ഇനി കേട്ടില്ലാന്നുണ്ടോ നിന്‍റെ പൊന്നുമോന്‍ പറഞ്ഞത്.. നാളെ സ്കൂളില്‍ പോകുമ്പോള്‍ ഒരു ഉറുപ്പിക അങ്ങട് കൊടുത്തേയ്ക്ക്."        ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ പഴകിയ ഒരു ചാരുകസേരയിലേയ്ക്കിരുന്നു. പിന്നെ കൈകളിലിരുന്ന തോര്‍ത്ത്‌ മുണ്ട് മടക്കി വീശിക്കൊണ്ടിരുന്നു.
ഋതുക്കള്‍ മുറതെറ്റാതെ വന്നണഞ്ഞു പോയ്മറഞ്ഞുകൊണ്ടിരുന്നു. ഇന്ന് അവന്‍ വലിയ ആണായി. അവന്‍റെ ശരീരത്തിലെ മാറ്റങ്ങള്‍ അവനില്‍ അത്ഭുതം വിടര്‍ത്തി. എന്നാലും വീടിന്‍റെ അവസ്ഥ ദിനംതോറും പരിതാപകരമായി തീരുകയായിരുന്നു. സാമ്പത്തിക ഞെരുക്കം പലപ്പോഴും അവന്‍റെ അച്ഛനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.
നിലാവുള്ള ഒരു രാവില്‍, മുറ്റത്തെ മുല്ലപ്പടര്‍പ്പിനടുത്ത് ആകാശത്തിലെ നക്ഷത്രങ്ങളെ അവന്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. ആകാശത്തിലെ ആ സ്വര്‍ണ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് പറന്നുപോകുകയാണ് ഒരു കൂട്ടം വാവലുകള്‍. അവന്‍ ചിന്തിച്ചു. ഇവര്‍ എത്ര സ്വതന്ത്രര്‍. അവര്‍ക്ക് സഞ്ചരിക്കാം. ഇഷ്ടംപോലെ. വിതയ്ക്കണ്ട. കൊയ്യണ്ട. കളപ്പുരകള്‍ നിറയ്ക്കണ്ട. സ്വാതന്ത്ര്യത്തിന്‍റെ സുഖമറിഞ്ഞു ജീവിക്കാം. ചിന്തകള്‍ അവനെ അസ്വസ്ഥനാക്കി. അവന്‍ പതിയെ എഴുന്നേറ്റു. മുറ്റത്തെ മണ്‍തരികളെ ഞെരിച്ചമര്‍ത്തി അവന്‍റെ നഗ്നപാദങ്ങള്‍ ചലിച്ചുകൊണ്ടേയിരുന്നു. പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടവന്‍ തിരിഞ്ഞു നോക്കി.
"ഉം...എന്താ.. നീ ഉറങ്ങുന്നില്ലേ വിശ്വം..?  അച്ഛനായിരുന്നു അത്.
"ഉറങ്ങണുണ്ട് അച്ഛാ..അച്ഛന്‍ കിടന്നോള്ളൂ.." അവന്‍റെ മറുപടി കേട്ടുകൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു.
പെട്ടെന്ന് വീടിന്‍റെ കിഴക്കുഭാഗത്ത്‌ നിന്നിരുന്ന അത്തിമരത്തിന്‍റെ ചില്ലകള്‍ ആടിയുലഞ്ഞു. അവന്‍ മുകളിലേയ്ക്ക് നോക്കി. ഒരുപറ്റം വാവലുകള്‍ അതിനുചുറ്റും പറന്നിരുന്നതായിരുന്നു. അവിടെയ്ക്ക് നോക്കി നിന്നു തന്നെ അവന്‍ ദീര്‍ഘനിശ്വാസം കൊണ്ട്.
"വിശ്വം..എന്താടാ ഈ രാവില്‍..ഉറങ്ങണില്ല്യയോ..?
അങ്ങകലെ ശ്രീകോവില്‍ താഴിട്ടുപൂട്ടി, കത്തിച്ച ഒരു ചെറിയ ഉണങ്ങിയ ഓലത്തുമ്പിന്‍റെ നിറം മങ്ങിയ വെളിച്ചത്തില്‍, വീട്ടിലേയ്ക്ക് മടങ്ങിപോകുന്ന പൂജാരിയാണയാള്‍.
"ഇല്ല തിരുമേനി.....കുറച്ചൂടി കഴിയും."  അവന്‍ പറഞ്ഞു.
അയാള്‍ നടന്നകലവേ, അവന്‍ ചിന്തിച്ചു. ഭഗവാനെ പൂജിയ്ക്കാതെ ആ മനുഷ്യന്‍ ജലപാനം പോലും നടത്തില്ല. ഭഗവാന് നേദിച്ച് കഴിഞ്ഞ ഒരിറ്റ് നിവേദ്യം കഴിച്ചു വിശപ്പടക്കുന്ന ഒരു സാധു ബ്രാഹ്മണന്‍. എന്നിട്ടും, ആ പട്ടിണിയിലും, ആ വിശപ്പിന്‍റെ വിളിക്കിടയിലും അയാള്‍ ഈശ്വരനെ നമിക്കുന്നു. എന്തു വിചിത്രം.. ക്ഷേത്രത്തിന്‍റെയോ, പള്ളികളുടെയോ പരിപാവനമായ മുറ്റത്ത് കയറാത്ത എത്രയോ കോടീശ്വരന്‍മാരുണ്ട്. വിശ്വം അറിയാതെ പറഞ്ഞുപോയി.
"ദൈവമേ നിന്‍റെയീ ചെയ്തികള്‍ വിചിത്രം തന്നെ. നടപ്പാതയിലെ അവസാന യാത്രക്കാരനാണ് അയാള്‍. ഇനി പുലര്‍ച്ചെ നാലുമണിക്ക് അയാള്‍ കുളിചീറനടുത്ത് ശ്രീകോവിലില്‍ വരും. അതുവരെ അവിടം വിജനമാണ്. രാത്രി അതിന്‍റെ മധ്യയാമത്തിലേയ്ക്ക് മെല്ലെ കാലെടുത്ത് വച്ച്. അന്തരീക്ഷത്തില്‍ മെല്ലെ മെല്ലെ ഒരു മൂകത തളം കെട്ടി. ചന്ദ്രന്‍ തന്‍റെ നഗ്നത മേഘമാകുന്ന വെള്ളമുണ്ടുകള്‍ കൊണ്ട് മറയ്ക്കാന്‍ തുടങ്ങി. നിലാവിന്‍റെ നിറം കെട്ടു. കുഞ്ഞിളം കാറ്റില്‍ എന്നപോലെ ആ മേഘത്തുണ്ടുകള്‍ നീങ്ങി മാറുമ്പോള്‍ ഇടയ്ക്കിടെ ചന്ദ്രന്‍റെ നഗ്നത നമ്മുക്ക് കാണാം.
മുറ്റത്തെ മരച്ചില്ലകളില്‍ രാപ്പക്ഷികളില്‍ ചിലത് ചിലയ്ക്കാന്‍ തുടങ്ങി. വിശ്വത്തിന്റെ ഉള്ളിലും വല്ലാത്തൊരു പരിഭ്രമം വന്നണഞ്ഞു. അവന്‍ വീടിലേയ്ക്ക്‌ നോക്കി. അച്ഛന്റെ മുറിയിലെ വിളക്ക് കെടുത്തിക്കഴിഞ്ഞു.  വിശ്വം മെല്ല വീടിന്‍റെ പൂമുഖത്തേയ്ക്ക് കയറി. ആ പൊടി നിറഞ്ഞ തറയില്‍ കൈകള്‍ തലയ്ക്കു പുറകിലായി പിണച്ചുവച്ചവന്‍ കിടന്നു. മച്ചിന്‍റെ മുകളില്‍ വാരിയ്ക്കിടയില്ലൂടെ ചിലച്ചുകൊണ്ടൊരു കുഞ്ഞെലി പാഞ്ഞുപോയി. അവന്‍ കണ്ണുകള്‍ മുറുകെയടച്ചു. ശിരസ്സിനുള്ളില്‍ ഒരു ചുവന്ന പ്രകാശം മിന്നിമറഞ്ഞു. അവന്‍ എഴുന്നേറ്റു. ചാരിക്കിടന്നിരുന്ന വാതില്‍ മെല്ലെ തുറന്നു. ഇരുളില്‍ തപ്പിത്തടഞ്ഞു ചെന്നവന്‍ മേശമേല്‍ പിടിച്ചു. അരുകില്‍ ഇരുന്നൊരു പുസ്തകം താഴേയ്ക്ക് വീണു. അവന്‍ മേശമേല്‍ കിടന്നിരുന്ന തീപ്പെട്ടി തപ്പിയെടുത്തു. ഒരു ചെറിയ മെഴുകുതിരി  കത്തിച്ചുവച്ചു. വിശ്വം അപ്പോഴേയ്ക്കും നന്നേ വിയര്‍ത്തിരുന്നു. ഇരുകൈകളും കൊണ്ട് മുഖം മെല്ലെ തുടച്ചു. കൈവിരലുകള്‍ നെറ്റിത്തടത്തിലൂടെ പരതി അവന്‍റെ നീണ്ട മുടിയിഴകളെ വലിച്ചുനീട്ടി. എന്നിട്ട്, മേശയ്ക്കരുകില്‍ കിടന്നൊരു കസേരയില്‍ ഇരുന്നു.
കുറേനേരം അങ്ങനെ ഇരുന്നിട്ടവന്‍ എഴുന്നേറ്റു. കട്ടിലിനരുകില്‍ കിടന്നിരുന്ന ഒരു പഴയസഞ്ചിയെടുത്ത് പതിയെ അതിലെ പൊടി തട്ടിക്കളഞ്ഞിട്ടവന്‍ അത് തുറന്നു. അയയില്‍ തൂക്കിയിട്ടുരുന്ന അവന്‍റെ തുണികളില്‍ ചിലത് എടുത്തവന്‍ അതിനുള്ളില്‍ വച്ചു. ഘടികാരം സമയം ഒന്നായെന്ന് അറിയിച്ചു. അതിന്‍റെ നാദം നിലച്ചപ്പോള്‍ അവന്‍ ഒന്ന് നിശ്വാസം കൊണ്ടു. സഞ്ചി തോളില്‍ തൂക്കി, ഉയര്‍ന്നിരുന്ന പടിവാതില്‍ മെല്ലെ മറികടന്നവന്‍ വാതില്‍പ്പാളി പിടിച്ച് പതിയെ അടച്ചു. പിന്നെയവന്‍ തെല്ലും ശബ്ദം ഉണ്ടാക്കാതെ നടന്ന് അച്ഛന്റെ മുറിയുടെ വാതിലിനരുകില്‍ നിന്നു. പിന്നെ പതിയെ ആ കതകു തുറന്നു. തോളില്‍ കിടന്ന സഞ്ചി ഒരു വശത്തേയ്ക്ക് വച്ചു. മാര്‍ജാരപാദപതനം പോലെ, ഒരു കുഞ്ഞു ശബ്ദം പോലും ഉണ്ടാകാതെ അവന്‍ അച്ഛന്‍റെ അരുകില്‍ ചെന്നു. ദിനം മുഴുവന്‍ പണിയെടുത്ത് ക്ഷീണിച്ചുറങ്ങിപോയ ആ മനുഷ്യന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അദ്ദേഹം ഒരു നിശ്ചിത താളത്തില്‍ കൂര്‍ക്കം വലിയ്ക്കുണ്ടായിരുന്നു. വിശ്വം കുനിഞ്ഞ്, അച്ഛന്റെ കാല്‍ തൊട്ടു വണങ്ങി. അപ്പോഴേയ്ക്കും, അവന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നു അച്ഛന്റെ പാദങ്ങളില്‍ പതിയ്ക്കാന്‍ തുടങ്ങി. വിശ്വം അമ്മയുടെ അടുത്തേയ്ക്ക് നീങ്ങി.  അവിടെയവന്‍, കുനിഞ്ഞിരുന്ന് അമ്മയുടെ പാദങ്ങളെ ചുംബിച്ചു. അവന്‍റെ ചുണ്ടുകള്‍ വിറച്ചു. ഉള്ളില്‍ നിറഞ്ഞു വന്ന തേങ്ങല്‍ ചുണ്ടുകളില്‍ കടിച്ചമര്‍ത്തി വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ പുറത്തിറങ്ങി. ആ പഴകി മുഷിഞ്ഞ തോള്‍സഞ്ചിയുമായി വിശ്വം മെല്ലെ വീടിന്‍റെ പടികള്‍ ഇറങ്ങി. നാലഞ്ചു ചുവടു വച്ചിട്ടവന്‍ തിരിഞ്ഞു നോക്കി... അവസാനമായി....
ആളൊഴിഞ്ഞ റെയില്‍പ്പാതയിലൂടെ അവന്‍ നടന്നു. രാത്രിയുടെ നിറത്തിന് കനം കൂടി. പാതയ്ക്കിരുവശവും നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ കാറ്റില്‍ ആടിയുലഞ്ഞു. പാലപ്പൂക്കളുടെ മദഗന്ധം അവനെ വല്ലാതെ തളര്‍ത്തി. ദൂരെ നിന്നൊരു റയില്‍വണ്ടിയുടെ ചൂളം വിളി കേട്ടു. അവന്‍ പതിയെ പാളത്തില്‍ നിന്നിറങ്ങി അതിന്റെ ഓരത്തായി നിന്നു. ആ പരിസരമാകെ കുലുക്കി വിറപ്പിച്ചുകൊണ്ടൊരു കാലന്‍വണ്ടി ചീറിപ്പാഞ്ഞുപോയി. അത് പോയ്ക്കഴിഞ്ഞപ്പോള്‍ വീണ്ടുമവന്‍ പാതയിലേയ്ക്കു കയറി നടന്നു. കുറച്ചകലെയുള്ള തീവണ്ടിയാപ്പീസ് ലക്ഷ്യമാക്കി അവന്‍ നടന്നു. പ്രഭാതം വന്നണയും മുന്‍പേ, ലക്ഷ്യമേതെന്നറിയാതെ, അവന്‍ ഒരു തീവണ്ടി മുറിയില്‍ കയറിയിരുന്നു. ഒടുവില്‍, ഇന്ദ്രപ്രസ്ഥത്തിലെത്തിയ ആ യാത്ര കഴിഞ്ഞിന്ന്‍ കാലം ഒരുപാട് കടന്നുപോയി.
                                                                     ************************
"സര്‍....."
അരുകിലെ വിളികേട്ട് വിശ്വം ഞെട്ടിത്തിരിഞ്ഞുനോക്കി.
"സര്‍..ടിക്കറ്റ്‌!!"...    പരിശോധകന്‍ ആയിരുന്നു അത്.
ടിക്കറ്റ്‌ നല്‍കിയശേഷം അവന്‍ പുറത്തേയ്ക്ക് നോക്കി. വേഗത്തില്‍ പിന്നിലേയ്ക്കോടുന്ന വള്ളിപ്പടര്‍പ്പുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍. ഏതോ സ്റ്റേഷനില്‍ നിര്‍ത്താറായതിനാല്‍ തീവണ്ടി മെല്ലെ ചലിയ്ക്കുവാന്‍ തുടങ്ങി. പിന്നെ മെല്ലെ മെല്ലെ പാളത്തിലുരസ്സി അതു ഒരു നേര്‍ത്ത മൂളലോടെ നിന്നു. പുറത്ത് നിന്നും ചിലര്‍ അകത്തേയ്ക്ക് കയറുന്നു. വണ്ടിയില്‍ ഉണ്ടായിരുന്ന ചിലര്‍ പുറത്തേയ്ക്കും. അകത്തേയ്ക്ക് കയറിയവരില്‍ ഒരു വൃദ്ധയും ഉണ്ടായിരുന്നു. അവര്‍ വിശ്വത്തിനടുത്തായി വന്നു നിന്നു. വളരെ ക്ഷീണിച്ച്, വിളറിയ കണ്ണുകളുമായി നില്‍ക്കുന്ന ആ പാവം അമ്മയെ കണ്ടപ്പോള്‍ അവനു വല്ലാത്ത നൊമ്പരം തോന്നി. തീവണ്ടിയുടെ ഉള്ളില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇരിയ്ക്കുന്നവരില്‍, ആരും തന്നെ ആ വൃദ്ധമാതാവിനെ ഒന്ന് നോക്കുക കൂടി ചെയ്തിരുന്നില്ല. ചിലര്‍ വല്ലാത്ത പത്ര വായനയില്‍ ആണ്. മറ്റു ചിലര്‍ കൈകള്‍ മുഖത്തിന്‌ താങ്ങായി നല്‍കി, പിന്നിലെയ്ക്കോടുന്ന പച്ചപ്പടര്‍പ്പിലേയ്ക്ക് നോക്കി ആകാംഷരായി ഇരിക്കുന്നു. വിശ്വം അവരുടെ കൈകളില്‍ പിടിച്ചു. മെലിഞ്ഞുണങ്ങിയ അവരുടെ കൈകളില്‍ തൊലി വല്ലാതെ ചുളുങ്ങി കാണപ്പെട്ടിരുന്നു. അവര്‍ മെല്ലെ അവനെ നോക്കി. വിശ്വം അവരെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അമ്മെ!... ഇരുന്നോള്ളൂ അമ്മെ ഈ ഓരത്തായി."..
അവര്‍ അപ്പോഴേയ്ക്കും അവന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. മെല്ലെ മുഖത്തേയ്ക്കു നോക്കി. ആ തീക്ഷ്ണതയറ്റ കണ്ണുകള്‍ നിറഞ്ഞിരുന്നു. വിശ്വം വിഷമത്തോടെ അവരെ നോക്കി ചോദിച്ചു.
"എന്താ അമ്മേയിത്... അമ്മ കരയുകയാണോ? ഇവിടിരുന്നോള്ളൂ അമ്മെ...!!"   ഇത്രയും പറഞ്ഞുകൊണ്ടവന്‍ നന്നായി ഒഴിഞ്ഞിരുന്നു. അവര്‍ വിശ്വത്തിനരുകിലായി ഇരുന്നപ്പോള്‍, അവന്‍ തന്‍റെ കൈകള്‍ അവരുടെ തോളിലൂടെയിട്ട് അവനിലേയ്ക്കു അവരെ ചേര്‍ത്തുപിടിച്ചു.
പകല്‍വെളിച്ചത്തിന്‍റെ തീവ്രത കുറഞ്ഞു വന്നു. പകലോന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ യാത്രയുടെ വഴിയിലാണ്. ഇരുവശവും ഉയര്‍ന്നു നില്‍ക്കുന്ന ചില മരച്ചില്ലകള്‍ക്ക് മേല്‍ കുങ്കുമ നിറം പടര്‍ന്നിട്ടുണ്ട്. ഉറക്കം നഷ്ടപ്പെട്ടവനെ പോലെ സൂര്യന്‍റെ കണ്ണുകള്‍ ചുവന്നു തുടുത്തു. കടന്നുപോയ ഒരു മൈതാനത്തിന് ചുറ്റും കുട്ടികള്‍ ആര്‍ത്ത് ഉല്ലസ്സിച്ചു കളിയ്ക്കുകയാണ്. ഒരു റോഡിന് സമാന്തരമായാണ്‌ തീവണ്ടി ഇപ്പോള്‍ ചലിയ്ക്കുന്നത്. ജനനിബിഡമായ അവിടം ശബ്ദമുഖരിതമാണ്. ആ ശബ്ദത്തെ മുറിച്ചുകൊണ്ട് വാഹനങ്ങളുടെ സൈറന്‍ മുഴങ്ങുന്നുണ്ട്. ഭൂമിയില്‍ മെല്ലെ ഇരുള്‍ പടര്‍ന്നു തുടങ്ങി. വൃദ്ധ ഇപ്പോഴും വിശ്വത്തിന്‍റെ കൈകളില്‍ ഭദ്രതയോടെ അവന്‍റെ തോളില്‍ തലചായ്ച്ച് ഉറങ്ങുകയാണ്. തീവണ്ടിയിലെ തെളിഞ്ഞ പ്രകാശത്തില്‍ അവന്‍ കണ്ടു അവരുടെ മുഖം. ആ മുഖത്ത് ഉറക്കത്തിലും സന്തോഷത്താല്‍ ചില ഭാവങ്ങള്‍ മിന്നിമറയുന്നു. അവന്‍ ആകാംഷയോടെ അത് കണ്ടിരുന്നു. ഇപ്പോള്‍ ഇരുള്‍ നന്നേ വ്യാപിച്ചിരിക്കുന്നു. രാത്രിയുടെ നിറം വളരെ പെട്ടെന്നാണ് കറുത്ത് ഇരുണ്ടത്. വിശ്വത്തിന്റെ കണ്ണുകളെയും ഉറക്കം മെല്ലെ തഴുകാന്‍ തുടങ്ങി. അവന്‍ പതിയെ കണ്ണുകള്‍ അടച്ച് ചാരിയിരുന്നു. അതിനിടയില്‍ എപ്പോഴോ അവന്‍ ഉറക്കത്തിലേയ്ക്കു മെല്ലെ നടന്നു കയറി. ഉണര്‍ന്നപ്പോള്‍ നേരം വെളുത്തു തുടങ്ങി. അപ്പോഴും, നേര്‍ത്ത മാഞ്ചില്ലകളെ തേടിനടക്കുന്ന ഒരു കാറ്റ് പോലെ ആ തീവണ്ടി മൂളിപ്പറന്നുകൊണ്ടിരുന്നു. വിശ്വം പെട്ടെന്ന് തിരിഞ്ഞ് നോക്കി. ആ വൃദ്ധയെ അവിടെ കാണാനുണ്ടായിരുന്നില്ല. രാത്രിയില്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങിയിട്ടുണ്ടാകും. അവന്‍ ചിന്തിച്ചു.
പ്രഭാത ഭക്ഷണത്തിനായി വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തി. കച്ചവടക്കാരുടെ ശബ്ദത്താല്‍ മുഖരിതമാണ് അവിടം. ബാത്ത്റൂമില്‍ പോയവന്‍ തിരികെ വന്നിരുന്നു. അകത്തേയ്ക്ക് കയറി അവനരുകില്‍ വന്നു നിന്നു ചായ വില്‍പ്പന ചെയ്യുകയായിരുന്ന ഒരാളില്‍ നിന്നും അവനൊരു ചായ വാങ്ങി കുടിച്ചു. അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത് തീവണ്ടിയുടെ അടുത്ത മുറിയില്‍ ചെറിയ ഒരാള്‍ക്കൂട്ടം. മെല്ലെ മെല്ലെ അത് വലുതാകാന്‍ തുടങ്ങി. ചിലര്‍ പുറത്ത് നിന്നും തല നീട്ടി ജനലിനകത്തേയ്ക്ക് നോക്കുന്നുണ്ട്. അതോടെ, അവിടെയെന്തെന്ന് അറിയുവാനുള്ള ആകാംഷയോടെ വിശ്വം പതിയെ എഴുന്നേറ്റു. ആരൊക്കെയോ ചിലരെ തള്ളി മാറ്റിക്കൊണ്ടവന്‍ അകത്തേയ്ക്ക് നോക്കി. ഒരു നിമിഷം, ഒന്ന് വല്ലാതെയായ അവനില്‍ ഒരു നൊമ്പരമുയര്‍ന്നു. രാത്രി മുഴുവന്‍ തന്‍റെ കരവലയത്തില്‍ സുരക്ഷിതമായി കിടന്നുറങ്ങിയ ആ അമ്മയാണല്ലോ ഈ നിശ്ചലമായി കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍ അവന്‍റെ ഹൃദയം വല്ലാതെ നീറുവാന്‍ തുടങ്ങി. അത് കാണാന്‍ കഴിയാതെ, ഒരു തേങ്ങലോടെ അവന്‍ അവിടെ നിന്നും പിന്മാറി. അപ്പോഴേയ്ക്കും ഒരു പറ്റം കാക്കിയുടുപ്പുകാര്‍ അവിടെയെത്തി.
"ഹും....മാറ്...മാറി നില്‍ക്ക് ..."  ആള്‍ക്കൂട്ടത്തിലേയ്ക്ക് നോക്കിയവര്‍ വിളിച്ചു പറഞ്ഞു.
"ആരുമില്ലേ.. ഇവരുടെ കൂടെ...?
ഒരുവന്‍ തെല്ലുച്ചത്തില്‍ ചോദിച്ചു. അപ്പോഴേയ്ക്കും ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ഇല്ല എന്ന് മറുപടി പറഞ്ഞു.
"രാത്രിയില്‍ എവിടെ നിന്നോ കയറിയതാണ് ഇവര്‍. ദേ ആ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു." .... ആരോ പറഞ്ഞു.
"സര്‍,.. അവരുടെ കൈയില്‍ എന്തോ ചുരുട്ടിപ്പിടിച്ചിരിക്കുന്നു."      കൂട്ടത്തില്‍ ഒരുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. "ഒരുപക്ഷേ, അതൊരു ടിക്കറ്റ്‌ ആണെങ്കില്‍! അതില്‍നിന്നെന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല." അയാള്‍ തുടര്‍ന്നു.
ഇത് കേട്ട് ഒരു പോലീസ് കാരന്‍ പറഞ്ഞയാളെ ഒന്ന് നോക്കി അമര്‍ത്തി ഒന്ന് മൂളി.
"ഉം... അത് തിരക്കാനാ ഞങ്ങളിവിടെ നില്‍ക്കുന്നെ."  എന്നിട്ടിങ്ങനെ പറഞ്ഞു.
അപ്പോഴേയ്ക്കും ഇത് പറഞ്ഞയാള്‍ എന്തോ വലിയ തെറ്റാണ് ഞാന്‍ പറഞ്ഞത് എന്ന ഭാവത്തില്‍ അവിടെ നിന്നും കുറച്ചു കൂടി പുറകിലേയ്ക്ക് മാറി നിന്നു. പോലീസ് കാരില്‍ ഒരാള്‍ കുനിഞ്ഞിരുന്ന് ആ വൃദ്ധയുടെ ചുരുട്ടിപ്പിടിച്ചിരുന്ന കൈകള്‍ തുറന്ന് ആ പേപ്പര്‍ കൈകളില്‍ എടുത്തു. ഏതോ പത്രത്തിലെ താളുകളിലൊന്നില്‍, എന്നോ വാര്‍ത്ത വന്നൊരു പഴകിയ പേപ്പര്‍ കഷണം ആയിരുന്നു അത്. അതില്‍ "അഞ്ചാം ചരമദിനം" എന്നെഴുതിയ, ഒരു പട്ടാളക്കാരന്‍റെ ഫോട്ടോയും   ജനനമരണ തീയതിയും ഉണ്ടായിരുന്നു. വിശ്വം അപ്പോഴേയ്ക്കും അവിടേയ്ക്ക് വീണ്ടും എത്തി നോക്കി. ആരോ പറഞ്ഞു മകനായിരിക്കാം മരിച്ചത്. അപ്പോഴും വിശ്വം വല്ലാതെ നൊമ്പരപ്പെട്ടു. മകന്‍റെ മരണത്തിനു രണ്ടു വര്‍ഷം പഴക്കം സമ്മാനിച്ച അതെ തീയതിയാണല്ലോ ഇന്ന്.!!! വിശ്വം ഓര്‍ത്തു കഴിഞ്ഞ രാവില്‍ ഉറക്കത്തില്‍ സന്തോഷത്താല്‍ അവരുടെ മുഖം വിളങ്ങിയത്. ഒരുപക്ഷെ, ഈ മകനെ കിനാവ്‌ കണ്ടതായിരിക്കും. അവന്‍ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്ക് അമ്മയെ കൂട്ടിക്കൊണ്ടുപോയതായിരിക്കും.
വിശ്വം തിരികെ ഇരിപ്പിടത്തില്‍ വന്നിരുന്നു. പോലീസ്കാര്‍ വൃദ്ധയുടെ മൃതദേഹം മെല്ലെ പുറത്തേയ്ക്ക് എടുത്തുകൊണ്ട് പോയി. തീവണ്ടി മെല്ലെ ചലിയ്ക്കുവാന്‍ തുടങ്ങി. വിശ്വം സീറ്റിലേയ്ക്ക് ചാരിയിരുന്നു. മണിക്കൂറുകള്‍ അവനറിയാതെ കടന്നു പോയി. വിശ്വത്തിന് ഇറങ്ങാറായിരുന്നു. അവന്‍ ബാഗുകള്‍ ബര്‍ത്തില്‍ നിന്നും എടുത്തു താഴേയ്ക്ക് വച്ചു. കുഞ്ഞുനാളിലെ ഓര്‍മ്മകള്‍ അവനില്‍ ഓടിയെത്തി. തീവണ്ടി ഇപ്പോള്‍ മെല്ലെമെല്ലെ ചലിയ്ക്കുകയാണ്. വിശ്വത്തിനറിയാം അവനെ സ്വീകരിക്കാന്‍ ആരും ഇല്ലെന്ന്. അച്ഛനും അമ്മയും അവന്‍റെ കുഞ്ഞുപെങ്ങളും ഒക്കെ ഇപ്പോള്‍ കരുതിയിട്ടുണ്ടാകും അവന്‍ മരിച്ചുവെന്ന്. കണ്ണില്‍ നിറഞ്ഞു വന്ന കണ്ണീര്‍ അവന്‍ മെല്ലെ തുടച്ചു. തീവണ്ടി വേഗത കുറഞ്ഞ് ചക്രങ്ങള്‍ പാളത്തില്‍ ഉരസി മെല്ലെ നിന്നു. ആരൊക്കെയോ ഇറങ്ങിയവരെ സ്വീകരിക്കാന്‍ വാതിലിനരുകിലേയ്ക്ക് ഓടിയെത്തി. പക്ഷേ, അവരിലാരും തന്നെ അവന്‍റെ അരുകിലേയ്ക്കായിരുന്നില്ല.
കൈകളില്‍ തൂങ്ങുന്ന ബാഗുമായി അവന്‍ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങി. ഓടിവന്നൊരു ചുമട്ടുകാരന്‍ പറഞ്ഞു.
"സര്‍, ഞാന്‍ സഹായിയ്ക്കാം..."
"വേണ്ട..വളരെ നന്ദി." ... അത് പറഞ്ഞുകൊണ്ട് വലിയ ബാഗ്‌ എടുത്തവന്‍ ഇരുകൈകളിലൂടെ തോളിലേയ്ക്കിട്ടു. മറ്റ് രണ്ടു ചെറിയ ബാഗുകള്‍ ഇരുകൈകളിലും തൂക്കി തീവണ്ടിയാപ്പീസ്സിന്‍റെ തിരക്കില്‍ നിന്നും ഒഴിഞ്ഞ് അവന്‍ അതിനു പുറകിലുള്ള ഒരു ചെറിയ റോഡിലൂടെ നടന്നു.
നേരം നന്നേ പുലര്‍ന്നിട്ടുണ്ട്. സൂര്യന്‍റെ പ്രഭയേറ്റ് വൃക്ഷങ്ങള്‍ തിളങ്ങി നില്‍ക്കുന്നു. കാഴ്ചകള്‍ കണ്ട് നടന്നവന്‍ ഒരു പാടത്തിനരുകിലെത്തി. കുറച്ചകലെ ആ വഴി തിരിയുന്നത് ക്ഷേത്രത്തിനടുത്താണ്. ആ ശ്രീകോവിലിന്‍റെ അങ്കണം ആയിരുന്നു അവന്‍റെ കുഞ്ഞുനാളിലെ കളിപ്പറമ്പ്. കുഞ്ഞുനാളിലെ ചിന്തകള്‍ അവന്‍റെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന് മുന്നിലൂടെ നടന്നവന്‍ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിഞ്ഞു. അപ്പോഴേയ്ക്കും വീടിനടുത്ത് ചെറിയൊരു ആള്‍ക്കൂട്ടം അവന്‍ കണ്ടു. അതോടെ അവന്‍ നടത്തത്തിന്‍റെ വേഗത കൂട്ടി. വീടിനടുത്ത് അണയുന്നതോടെ, ചിലര്‍ അവനെ നോക്കി പിറുപിറുക്കാന്‍ തുടങ്ങി. അവന്‍ വീടിന്‍റെ മുന്നിലെത്തി. ആ വീടിന്‍റെ മേല്‍ക്കൂര വളരെ താഴ്ന്ന് നില്‍ക്കുന്നത് പോലെ തോന്നിയവന്. അവന്‍റെ വളര്‍ച്ചയെ അവന്‍ തെല്ലുനേരം മറന്നുപോയി. വീടിന്‍റെ മുറ്റത്തേയ്ക്കവന്‍ കാലെടുത്തു വച്ചു.
"വിശ്വം...." എന്ന വിളി കേട്ട് അവന്‍ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞു നോക്കി.
"മോനെ വിശ്വം... നീ വന്നോടാ...?
അവന്‍റെ അമ്മാവനായിരുന്നു അത്. പൊട്ടിക്കരഞ്ഞുകൊണ്ട് ആ വൃദ്ധന്‍ അവന്‍റെ ദേഹത്തേയ്ക്ക് ചാഞ്ഞു. വിശ്വം അയാളെ കെട്ടിപ്പിടിച്ചു. അവന്‍റെ കണ്ണുകളില്‍ നോക്കി അയാള്‍ മെല്ലെ തളര്‍ന്നു വീണു. ആരോ ചിലര്‍ അയാളെ താങ്ങി മാറ്റി. വിശ്വം ബാഗുകളുമായി അയാളുടെ അരുകില്‍ നിലത്തേയ്ക്കിരുന്നു. അപ്പോഴേയ്ക്കും മുറിയുടെ ഉള്‍ക്കോണുകളില്‍ എവിടെയോ നിന്ന് ഒരു തേങ്ങല്‍ അവന്‍ കേട്ടു. വല്ലാത്തൊരു ഹൃദയമിടിപ്പോടെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു. മിഴികളില്‍ ഊറിയ നീര്‍ക്കണവുമായി അവന്‍ ആ ഉമ്മറപ്പടിയിലേയ്ക്ക് കാലെടുത്തുവച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി അവന്‍റെ കാഴ്ച മറച്ചു. വെള്ളത്തുണികളില്‍ പൊതിഞ്ഞ രണ്ടു ദേഹങ്ങള്‍. അവന്‍റെ കൈകളിലെ ബാഗുകള്‍ അവനറിയാതെ നിലം പതിച്ചു. തോളില്‍ തൂങ്ങിയ ഭരവുമായ് ഒരു തേങ്ങലോടെ അവന്‍ ആ ദേഹങ്ങള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.  അരുകിലിരുന്ന നിലവിളക്ക് ഒരു നിമിഷം തേങ്ങിയോ? കാറ്റില്‍ ഒന്ന് കെട്ടത് വീണ്ടും തെളിഞ്ഞു. വെള്ളത്തുണികള്‍ കൊണ്ട് പൊതിഞ്ഞ അച്ഛന്റെയും, അമ്മയുടെ കാല്‍പ്പാദങ്ങളില്‍ അവന്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു. അതിലേയ്ക്ക് മുഖമമര്‍ത്തി അവന്‍ കരയാന്‍ തുടങ്ങി. അത് നേര്‍ത്തു നേര്‍ത്ത്‌ തുടങ്ങി.. പിന്നെ ഉച്ചത്തിലായി. കരച്ചിലിന്‍റെ കരുത്തില്‍ അവന്‍റെ ഉറച്ച ശരീരം വിറയ്ക്കാന്‍ തുടങ്ങി.
മയക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മാവന്‍ അപ്പോഴേയ്ക്കും അവനരുകില്‍ എത്തി. തോളത്തു കൈവച്ച അയാളെ വിശ്വം തിരിഞ്ഞു നോക്കി. അയാളുടെ കൈകളില്‍ മുഖം ചേര്‍ത്തവന്‍ തേങ്ങി. ചിലര്‍ ചേര്‍ന്ന് അവനെ മുറിയ്ക്കുള്ളിലേയ്ക്ക് കൂട്ടികൊണ്ടു പോയി. കട്ടിലില്‍ ഇരുന്നവന്‍ ചുറ്റുപാടും നോക്കി. "എവിടെയാണവള്‍ എന്‍റെ എല്ലാമെല്ലാമായ കുഞ്ഞുപെങ്ങള്‍....?? അവന്‍ ചിന്തിച്ചു. അവള്‍ ഇപ്പോള്‍ വളര്‍ന്നിരിക്കില്ലേ! ഒരുപാട്. ഒരുപക്ഷെ, അവള്‍ എന്നെ തിരിച്ചറിയുന്നുണ്ടാവില്ല. അവന്‍ നെഞ്ച് തിരുമ്മി.
ഇരുപ്പുറയ്ക്കാതെ അവന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. അച്ഛന്റെയും അമ്മയുടെയും ദേഹത്തിന് ചുറ്റും കൂടിയിരുന്നവരെ അവന്‍ ആകാംഷയോടെ നോക്കി. അവന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശ്വം തിരിഞ്ഞു ദയനീയമായി അമ്മാവനെ നോക്കി. അയാള്‍ അവനെ കെട്ടിപ്പിടിച്ചു. അമ്മാവന്‍റെ ഉയരം കുറഞ്ഞ തോളിന് മുകളിലൂടെ അവന്‍ കണ്ടു. അരുകിലെ ചുവരില്‍ ആണിയടിച്ച് തൂക്കിയിട്ടിരുന്ന അവന്‍റെ കുഞ്ഞുപെങ്ങളുടെ രൂപം. ഉള്ളില്‍ വല്ലാത്തൊരാന്തലോടെ അവനാ ചിത്രത്തിനരുകിലേയ്ക്ക് നീങ്ങി. അതില്‍ തൂങ്ങിയിരുന്ന മാലയുടെ നിറം കെട്ടിരുന്നു. അവന്‍ തിരിഞ്ഞു അമ്മാവനെ നോക്കി. അവന്‍റെ നോട്ടം മനസ്സിലാക്കി അയാള്‍ പറഞ്ഞു.
"അവള് പോയി...വര്‍ഷങ്ങളായി."  അത് പറയുമ്പോള്‍ അയാള്‍ കരഞ്ഞിരുന്നു.
വിശ്വം കണ്ണുകള്‍ പൊത്തിപ്പിടിച്ചു അലറിക്കരഞ്ഞുകൊണ്ട് ആ നിലത്തേയ്ക്കിരുന്നു. വലിയ ബാഗ്‌ തുറന്നവന്‍ അവള്‍ക്കായി സ്വരുകൂട്ടി കൊണ്ടുവന്നിരുന്ന ഓരോരോ സാധനങ്ങള്‍ ആയി കരഞ്ഞുകൊണ്ട്‌ വലിച്ചു പുറത്തേയ്ക്ക് ഇടാന്‍ തുടങ്ങി. അതില്‍ കുഞ്ഞുനാള്‍ മുതല്‍ അവള്‍ക്കായി അവന്‍ ശേഖരിച്ച പാവ മുതല്‍ കുഞ്ഞുടുപ്പുകള്‍, കുഞ്ഞിപ്പൊട്ടുകള്‍, വളകള്‍ ഒക്കെ ഉണ്ടായിരുന്നു. തിരിഞ്ഞവന്‍ ഇത് വാരിയെടുത്ത് അവളുടെ ചില്ലിട്ട ചിത്രത്തില്‍ നോക്കിയിരുന്ന് വിതുമ്പി. കണ്ണിലെ കണ്ണീര്‍ക്കണങ്ങള്‍ക്ക് മുന്നിലൂടെ അവന്‍ നിശ്ചയിക്കുകയായിരുന്നു തന്‍റെ കുഞ്ഞുപെങ്ങള്‍ കത്തുന്നൊരു ചെറുവിളക്കിനു മുന്നില്‍ ഒരു കണ്ണാടിക്കൂട്ടിലെ വെറുമൊരു ചിത്രമായിരിക്കുന്നുവെന്ന്. വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ടവന്‍ അച്ഛന്റെയും അമ്മയുടെയും ദേഹം ചേര്‍ന്ന് തളര്‍ന്നു കിടന്നു. എത്രനേരം അങ്ങിനെ കിടന്നുവോ? ഓര്‍മയില്ല.
അമ്മയുടെയും അച്ഛന്റെയും ദേഹങ്ങള്‍ മറവു ചെയ്തപ്പോള്‍ ഇനിയെന്തിന് താന്‍ ഇവിടെ എന്ന ചിന്ത അവനെ വേട്ടയാടാന്‍ തുടങ്ങി. ദിനങ്ങള്‍ കൊഴിഞ്ഞുവീണു. വിശ്വം താടിയും മുടിയും വളര്‍ന്നു വല്ലാത്തൊരു കോലമായി മാറി. ഒടുവില്‍, കുഞ്ഞനുജത്തിയ്ക്കായി വാങ്ങിക്കൂട്ടിയതെല്ലാം അവളുറങ്ങുന്ന മണ്ണില്‍ ചേര്‍ത്തുവച്ച് തന്‍റെ ഭാരമില്ലാത്ത ബാഗുകള്‍ എടുത്തവന്‍ തോളിലിട്ടു. വീണ്ടും ആ വിജനമായ നടപ്പാതയിലൂടെ അവന്‍ തിരികെ നടന്നു. ഒരു കാഴ്ചയായി ആ വീട് കണ്ണുകളില്‍ നിന്നും മറയുന്ന നേരത്തവന്‍ തിരിഞ്ഞു നിന്ന് വീണ്ടും ആ വീട്ടിലേയ്ക്ക് നോക്കി. 
ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛനിരിയ്ക്കുന്നുവോ...? പാതി ചാരിയ പടിവാതിലില്‍ നിന്നും അച്ഛന്‍ പറയുന്നതൊക്കെ കേട്ട് അമ്മ മൂളുന്നുവോ...? കൊച്ചരിപ്പല്ലുകള്‍ കാട്ടി എന്നെ നോക്കി അവള്‍ ചിരിക്കുന്നുവോ? ഉവ്വ്... ഉണ്ട് ... എനിക്ക് കേള്‍ക്കാം അവളുടെ ചിരി എനിക്ക് കേള്‍ക്കാം.
വിശ്വം തിരിഞ്ഞോടി. അരയ്ക്കു താഴെ തളരുന്നത് പോലെ തോന്നിയവന്. വീടിനരുകില്‍ എത്തുമ്പോഴേയ്ക്കും അവന്‍ മുറ്റത്തായി തളര്‍ന്നു വീണു. ആ കിടപ്പില്‍ ഉമ്മറത്ത് അനാഥമായി കിടക്കുന്ന ചാരുകസേരയില്‍ നോക്കിയവന്‍ വിതുമ്പിപ്പറഞ്ഞു..
"അച്ഛാ... മാപ്പ്. എന്നെപ്പോലൊരു മകനെ നീ സ്നേഹിച്ചിരുന്നുവോ..? ഒരിക്കലെങ്കിലും എന്നെ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നുവോ? ഇല്ല അല്ലെ... സ്വയം നീറി നീയെരിയുന്നത്‌ ഞാന്‍ എത്രവട്ടം കണ്ടിരിക്കുന്നു.....ഒരു പാഴ്ജന്മം പോലെ ഞാനെന്തിനിനി ജീവിയ്ക്കണം. നീ എനിയ്ക്ക് വേണ്ടി കണ്ടിരുന്ന ഒരായിരം സ്വപ്നങ്ങളില്‍, പ്രതീക്ഷകളില്‍ ഒന്നെങ്കിലും എനിക്കാകാന്‍ കഴിഞ്ഞുവോ? അറിയില്ല.
അവന്‍ അവിടെ നിന്നും എഴുന്നേറ്റ് വേച്ചുവേച്ച്‌ നടന്നു. പാതി ചാരി കാറ്റിലാടിയിരുന്ന ചിതല്‍ വീണ വാതിലില്‍ അവന്‍ ചുണ്ടുകള്‍ ഉരച്ചു. അവന്‍റെ അമ്മയുടെ ഗന്ധം അതില്‍ നിറഞ്ഞു നിന്നിരുന്നത് പോലെ തോന്നിയവന്... തളര്‍ന്നവന്‍ ആ പടിവാതിലില്‍ ചാരിയിരുന്നു.

രചന: ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ