2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 23

പ്രഭാതത്തിന്‍റെ ചെറുമഞ്ഞവെളിച്ചം ഓരോ പുല്‍ക്കൊടിയെയും ചുംബിച്ചുണര്‍ത്തി. തെക്കേ മുറ്റത്തെ ചെറുപടര്‍പ്പിനിടയില്‍ കുഞ്ഞിക്കിളികളുടെ കലപിലശബ്ദം. പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ക്ക് പതിവിലും കൂടുതല്‍ താപം.കണ്ണന്‍ ഉണര്‍ന്നു മുറ്റത്തേയ്ക്കിറങ്ങി. കിണറ്റിന്‍ കരയിലേയ്ക്ക് നടക്കുമ്പോള്‍ അവന്‍റെ ദൃഷ്ടി മണിമാളികയിലേയ്ക്ക് പാഞ്ഞു. തങ്കത്തിന്‍റെ ഓര്‍മ്മകള്‍ അവനെ വേട്ടയാടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അടര്‍ത്തിയെറിയാന്‍ കഴിയാത്തൊരു ലതപോലെ അവന്‍റെ നെഞ്ചിന്‍ കൂടിലവള്‍ ചുറ്റിപ്പിണര്‍ന്നു കിടന്നു.

ചിന്നമ്മു അപ്പോഴാണ്‌ അടുക്കളയില്‍ നിന്നും കിടപ്പുമുറിയിലേയ്ക്ക് വന്നത്. കണ്ണനെ കാണാതെ അവള്‍ പുറത്തേയ്ക്ക് വന്നു. കിണറ്റിന്‍ കരയില്‍ അവനെ കണ്ട അവള്‍ ഒന്നു നെടുവീര്‍പ്പിട്ടു. ഇതിനിടയില്‍, കണ്ണന്‍ അവളെ കാണുകയും ചെയ്തു. ചിന്നമ്മു അടുക്കളയിലേയ്ക്ക് തിരിയുന്നത് കണ്ടവന്‍ വേഗത്തില്‍ മുഖം കഴുകി. പിന്നെ അതേവേഗത്തില്‍ തന്നെ അകത്തേയ്ക്ക് കയറി വേഷം മാറി, ചിന്നമ്മു കാണാതെ പുറത്തേയ്ക്കിറങ്ങി. മണിമാളിക ലക്ഷ്യമാക്കി അവന്‍ നടന്നു. ഒടുവില്‍ മണിമാളികയുടെ മുന്നിലെത്തിയ അവന്‍ സ്വരം താഴ്ത്തി തങ്കത്തിനെ വിളിച്ചു.

"തങ്കം....തങ്കം...."

പെട്ടെന്നാണ് ആ വാതില്‍ തുറന്നത്. മുതലാളി അവന്‍റെ മുന്നില്‍ നിന്നു ചിരിച്ചു. എന്നിട്ടയാള്‍ ചോദിച്ചു.." എന്താ കണ്ണാ അതിരാവിലെ???

"കണ്ണന്‍റെ ഉള്ളം കിടുങ്ങി. അവനൊന്നു പകച്ചു. പെട്ടെന്നവന്‍ സംഭ്രമം മറച്ചുവച്ചുകൊണ്ട് പറഞ്ഞു.

" പാടത്ത്.....പാടത്ത് പോകും മുന്‍പ് ഇവിടെ വരെ ഒന്ന് വരാന്‍ പറഞ്ഞു..." അവന്‍ തലയുടെ പിന്‍ഭാഗത്ത്‌ കൈചൊറിഞ്ഞുകൊണ്ട് ബഹുമാനത്തോടെ പറഞ്ഞു.

മുതലാളി അകത്തേയ്ക്ക് നോക്കി വിളിച്ചു.. "തങ്കം... എടീ തങ്കം. ദേ! കണ്ണന്‍ വന്നു നില്‍ക്കുന്നു.."

അപ്പോഴേയ്ക്കും തങ്കം കടയിലേയ്ക്കുള്ള കൈബാഗ് എടുത്തുകൊണ്ടു അയാള്‍ക്കരികിലേയ്ക്ക് വന്നു. കണ്ണനെ കണ്ടയവള്‍ കൂസലന്യേ അവനോടു പറഞ്ഞു. "കണ്ണാ.. ഒത്തിരി പണിയുണ്ടിവിടെ. ഒന്ന് നില്‍ക്കണേ.. ഞാന്‍ ഇതാ വരുന്നു.

മുതലാളിയ്ക്കൊപ്പം പുറത്തേയ്ക്ക് ഇറങ്ങിയ തങ്കം അയാളെ കൈവീശി യാത്രയാക്കി. അയാളുടെ വാഹനം കണ്ണില്‍ നിന്നും മറയുംവരെ അവള്‍ കൈവീശിക്കൊണ്ടിരുന്നു. തിരിഞ്ഞു വന്ന തങ്കം കണ്ണന്‍റെ മുന്‍പില്‍ പകപ്പോടെ ഒന്ന് നിന്നു. എന്നിട്ട് ചോദിച്ചു..

"എന്താ രാവിലെ തന്നെ".... അവളൊരു ഗൂഡസ്മിതം അവനു നേരെയെറിഞ്ഞു. ഒപ്പം അവനെ നോക്കി അകത്തേയ്ക്ക് വരാന്‍ ആഗ്യം കാണിച്ചുകൊണ്ട് അവള്‍ അകത്തേയ്ക്ക് കയറി. കണ്ണന്‍ അവളെ അനുഗമിച്ചു.

"കഴിയണില്ല തങ്കം...കണ്ണടച്ചാലും തുറന്നാലും നീയാണ് മുന്നില്‍,.. പലപ്പോഴും ഞാന്‍ എന്നെത്തന്നെ മറന്നുപോകുന്നു." കണ്ണന്‍ അവളുടെ കണ്ണുകളിലേയ്ക്ക് മാറിമാറി നോക്കി. അവളുടെ അരികിലേയ്ക്ക് നിന്നു. തങ്കം അത്ഭുതപരവശയായി. അവള്‍ കണ്ണന്‍റെ കണ്ണുകളില്‍ കാമാര്‍ദ്രയായി നോക്കി. പരിസരം മറന്നവള്‍ അവനെ ചുറ്റിപ്പുണര്‍ന്നു. അവന്‍റെ നെഞ്ചില്‍ അമര്‍ത്തിചുംബിച്ചു. കണ്ണന്‍റെ മിഴിയിണകള്‍ മിന്നിയടഞ്ഞു. അവന്‍റെ ബലിഷ്ടമായ കരങ്ങള്‍ അവളെ ഇറുകെപ്പുണര്‍ന്നു. തുറന്നുകിടന്ന വാതില്‍ കണ്ണന്‍ പിന്‍കാലു കൊണ്ട് പതിയെ അടച്ചു.

പതിവുപോലെ, മണിമാളികയില്‍ തങ്കത്തിനെ പുറം ജോലിയില്‍ സഹായിക്കാനായി ജനി വീട്ടില്‍ നിന്നും ഇറങ്ങി. വഴിമധ്യേ അവള്‍ കണ്ണന്‍റെ വീട്ടിലേയ്ക്ക് നോക്കി. കണ്ണനെ തൊട്ടരുകില്‍ കണ്ടുനടന്ന പകലുകള്‍, സ്വപ്നംകണ്ട് കിടന്ന രാവുകള്‍,... ചിന്തകളുടെ കൂട്ടുമായി അവള്‍ മണിമാളികയുടെ മുറ്റത്ത് വന്നു. മുന്‍വാതില്‍ തുറന്നുകിടന്നത് കണ്ടവള്‍ അകത്തേയ്ക്ക് നോക്കി ചോദിച്ചു..

"ആരുമില്ലേ ഇവിടെ?..കൊച്ചമ്മേ!....

ജനിയുടെ വിളികേട്ട തങ്കം കണ്ണന്‍റെ കൈകളില്‍ നിന്നും ചാടി പിന്നിലേയ്ക്ക് മാറി. കണ്ണന്‍ ഒന്നുലഞ്ഞു. അവള്‍ വേഗത്തില്‍ മുറിവിട്ട്‌ പുറത്തേയ്ക്ക് വന്നു. മുറ്റത്തേയ്ക്കിറങ്ങി വന്ന തങ്കം ജനിയോടു അടുക്കളവാതില്‍ക്കലേയ്ക്ക് വരാന്‍ പറഞ്ഞു. ജനി പുറകിലേയ്ക്ക് പോയെന്ന് ഉറപ്പുവരുത്തിയ തങ്കം ഹാളിനകത്തേയ്ക്കു വന്നു. ഒപ്പം മുറിക്കുള്ളില്‍ നിന്ന് കണ്ണനും. അവള്‍ കണ്ണനെ പോകാന്‍ അനുവദിച്ചു. അവന്‍ തങ്കത്തെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു അധരങ്ങളെ ചുംബിച്ചു. തങ്കം പുളഞ്ഞുപോയി.

ഇതേസമയം, അടുക്കളവാതിലിലേയ്ക്ക് തിരിഞ്ഞ ജനി, പുറകുവശത്തെ ഭിത്തിയുടെ അരുകിലൂടെ നടന്നു. ആ വഴിയില്‍, ഹാളിലെ ജനല്‍വിരികള്‍ കാറ്റിലൊന്നുലഞ്ഞ മാത്രയില്‍ കണ്ട കാഴ്ച അവളുടെ കണ്ണുകള്‍ക്ക്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ജനി അടുക്കളവാതിലിനരുകില്‍ ഇരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വല്ലാത്ത മനസ്താപത്തോടെയവള്‍ അവിടെനിന്നും എഴുന്നേറ്റു. അടുക്കളവാതില്‍ തുറന്ന തങ്കം അവിടെ ജനിയെ കണ്ടില്ല. പുറത്തേയ്ക്കുള്ള വഴിയില്‍ ജനി അപ്പോഴേയ്ക്കും ബഹുദൂരം പിന്നിട്ടിരുന്നു.

ചിന്നമ്മു അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് വന്നു. അവള്‍ എല്ലായിടത്തും കണ്ണനെ തേടി. പക്ഷെ കണ്ടില്ല. അപ്പോഴാണവള്‍ മണിമാളികയില്‍ നിന്നും നടന്നു വരുന്ന ജനിയെക്കണ്ടത്. ജനി കണ്ണന്‍റെ വീടിലേയ്ക്ക്‌ തിരിയുന്ന വഴിയരുകില്‍ എത്തിയതോടെ ചിന്നമ്മു അവള്‍ക്കുനേരെ ഒരു കുഞ്ഞുപുഞ്ചിരി സമ്മാനിച്ചു. എന്നിട്ടവള്‍ ചോദിച്ചു.

"എന്താ ജനി എവിടെപ്പോയതാ?

"മണിമാളികയില്‍,...തങ്കത്തെക്കാണാന്‍ "... അവള്‍ മറുപടി നല്‍കി കൊണ്ട് ചിരിച്ചു.

"ചിന്നമ്മു എന്താ പുറത്ത്...രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞോ? മോന്‍ ഉണര്‍ന്നില്ലേ??? ജനി ചോദിച്ചു.

"കഴിഞ്ഞു.. ഇല്ല അവന്‍ ഉണര്‍ന്നില്ല.. കണ്ണേട്ടന്‍ വന്നാലേ അവനുണരൂ....അതൊക്കെപ്പോട്ടെ ജനി നീ കണ്ണേട്ടനെ കണ്ടോ? ചിന്നമ്മു ചോദിച്ചു.

"ഉവ്വല്ലോ, ചിന്നമ്മു കണ്ണേട്ടന്‍ മണിമാളികയില്‍ ഉണ്ട്.!! ജനി മറുപടി പറഞ്ഞു.

പെട്ടെന്നാണ് ചിന്നമ്മുവിന്റെ മുഖഭാവം മാറിയത്. ജനി അമ്പരന്നുപോയി. ചിന്നമ്മു ഓടിയകത്തേയ്ക്ക് കയറി. ഞൊടിയിടയിലവള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ വലിച്ചെടുത്തു. കുഞ്ഞു അപ്രതീക്ഷിത വേദനയോടെ അലറിവിളിച്ചു.

(തുടരും)

ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ