2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


അദ്ധ്യായം 19

ചിന്നമ്മു സന്തോഷത്തോടെ അവനടുത്തേയ്ക്ക് ചെന്നു. അവള്‍ അവന്‍റെ മുഖത്തേയ്ക്കു സാകൂതം നോക്കി. വല്ലാതിരിക്കുന്ന കണ്ണന്‍റെ മുഖം അവള്‍ കൈവിരലുകളാല്‍ തഴുകി കൊണ്ട് ചോദിച്ചു..

" എന്ത് പറ്റി കണ്ണേട്ടാ... എന്താ പെട്ടെന്ന് മുഖത്തിന്‌ ഒരു ക്ഷീണം." അവന്‍ നടന്നതെല്ലാം അവളോട്‌ പറഞ്ഞു. അവള്‍ക്കു സങ്കടമായി. "എനിക്കറിയാം, എത്ര ദിവസമായി നിങ്ങള്‍ ശരിക്കും ഒന്ന് ഭക്ഷണം കഴിച്ചിട്ട്..!!! പോട്ടെ, കണ്ണേട്ടാ.... നമ്മള്‍ രണ്ടുപേരും പരസ്പരം ക്ഷമിച്ചല്ലോ? ഇനി ഏട്ടന്‍ അങ്ങനെ വിഷമിക്കണ്ട ട്ടോ... ചിന്നമ്മു ഏട്ടന്‍റെയാ...ഏട്ടന്‍റെത് മാത്രം. അതുപോലെ ഏട്ടനും ചിന്നമ്മുവിന്റേതു മാത്രമാകണം.
നമ്മുക്ക് ജീവിക്കണം. മതിവരുവോളം ഇങ്ങനെ സ്നേഹിച്ചു ജീവിക്കണം. ഇതു പറഞ്ഞുകൊണ്ട് അവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു. കണ്ണന്‍റെ കൈകള്‍ അവളെ തഴുകിക്കൊണ്ടിരുന്നു.

"ചിന്നമ്മൂ...." ന്‍റെ ചിന്നമ്മൂ... കണ്ണന്‍ വിളിച്ചു.

"ഉം.... അവള്‍ വിളികേട്ടു.

"അവന്‍ പറഞ്ഞു.." ഞാന്‍ വിചാരിക്കുവായിരുന്നു.

"എന്ത്???" അവന്‍റെ നെഞ്ചില്‍ നിന്നും തെല്ലുയര്‍ന്നു അവള്‍ ചോദിച്ചു.

"നമ്മുക്കിവിടുന്നു താമസം മാറിയാലോ ചിന്നമ്മു....

" എന്തിനു? അവള്‍ ചോദിച്ചു. എന്നിട്ടവള്‍ തുടര്‍ന്നു.."വേണ്ട കണ്ണേട്ടാ...എന്തിനാ അങ്ങിനെയൊക്കെ." കണ്ണേട്ടന്‍ ഒന്നും ചിന്തിക്കണ്ട. ങ്ങളെ മനസ്സ് നോവുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയണില്ല....ഒന്നും വേണ്ട ഒന്നും. ഇങ്ങനെ എന്നും എന്‍റെ കണ്ണേട്ടന്‍റെ നെഞ്ചില്‍ എനിക്ക് ചേര്‍ന്ന് കിടക്കണം. അതുമതി അതുമാത്രം മതി കണ്ണേട്ടാ. അവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് കൂടുതല്‍ മുഖം ചേര്‍ത്തു. കണ്ണന്‍ നിര്‍വൃതിയില്‍ ആണ്ടുനില്‍ക്കെ.....

"കണ്ണാ....ചിന്നമ്മു....? പുറത്തുനിന്നും നീട്ടിയുള്ള വാസുവിന്‍റെ വിളികേട്ട് അവര്‍ പെട്ടെന്ന് പിടിവിട്ടു.
"ദേ..വരുന്നു വാസുവേട്ടാ... "കണ്ണനാണ് അത് പറഞ്ഞത്. "അപ്പോള്‍ സ്വരം താഴ്ത്തി ചിന്നമ്മു കണ്ണനോട് ചോദിച്ചു. "എവിടെയ്ക്കാ??

കണ്ണന്‍ വാതിലിനടുത്തേയ്ക്ക് നീങ്ങുമ്പോള്‍ ചിന്നമ്മുവും അവനൊപ്പം നടന്നുചെന്നു. ചെവികള്‍ക്ക് മുകളിലൂടെ വീണുകിടന്ന മുടി കൈവിരല്‍ കൊണ്ട് മെല്ലെ ഒതുക്കി വാസുവിനോടായി അവള്‍ ചോദിച്ചു.

"എന്താ വാസുവേട്ടാ എങ്ങടാ രണ്ടുപേരും കൂടി.??

"കവല വരെ ചിന്നമ്മു". രാവിലെ പോയത് അതിനായിരുന്നു. കണ്ണന് വയ്യാണ്ടായപ്പോള്‍ തിരികെപ്പോന്നതാ.

"നീയെന്താടാ ഈ കുപ്പായം മാറീല്ലേ? വാസു കണ്ണനോട് ചോദിച്ചു.

" ദേ! വരുന്നു വാസുവേട്ടാ... കണ്ണന്‍ അകത്തേയ്ക്കുപോയി കുപ്പായം മാറി പുറത്തേയ്ക്ക് വന്നു. അവര്‍ പോകുന്നതും നോക്കി നിന്ന ശേഷം ചിന്നമ്മു അകത്തേയ്ക്ക് പോയി.

മണിമാളികയില്‍ തങ്കം ശയനമുറിയുടെ ജനലരികില്‍ ഒരു അപ്സരസ്സിനെപ്പോലെ നില്‍ക്കുകയാണ്. സുന്ദരിയാണെങ്കിലും, അവളുടെ മനസ്സിനെ എന്തോ വല്ലാതെ അലട്ടുകയാണ് എന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ ജനലിന്റെ കമ്പിയില്‍ ഒന്നിലേയ്ക്കു നെറ്റി ചേര്‍ത്തു. അവള്‍ ചിന്തിച്ചു. അന്ന്, ചിന്നമ്മു കണ്ടതില്‍ പിന്നെ കണ്ണനെ കണ്ടിട്ടില്ല. അവിടെ അതിനുശേഷം എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കൂടി അവള്‍ക്കു അറിയുവാന്‍ കഴിഞ്ഞില്ല. അവള്‍ ചിന്തിച്ചു. ഒരു കുഞ്ഞു പോലുമറിയാതെ ഇത്രയും നാള്‍ കടന്നുപോയി. ഇനിയും ആരും അറിയാന്‍ പാടില്ല. പക്ഷെ, കണ്ണനെ എനിക്ക് വേണം. എന്‍റെ നെഞ്ചിലിഴയുന്ന ചുടുനിശ്വാസം അവന്റെത്‌ മാത്രമാകണം. ഈ ചിന്തകള്‍ അവളെ വല്ലാതെ അസ്വസ്ഥയാക്കി.

ഹോ! അവള്‍ നെറ്റി പതിയെ ജനല്‍ക്കമ്പിയില്‍ ചേര്‍ത്തുരസ്സി.
അവളുടെ ചിന്തകള്‍ അവളെയും കൊണ്ട് തേരിലേറി. വയല്‍ക്കര ഗ്രാമത്തിലെ മണ്ണും മഴയും പുഴയും നെല്‍പ്പാടവും ഒരു നിമിഷം അവളുടെ നെഞ്ചിനുള്ളിലൂടെ കയറിയിറങ്ങി. അതോടെ, തങ്കത്തിന്റെ കണ്ണുകള്‍ ചെറുതായി. അവള്‍ സ്വയം എന്തൊക്കെയോ പിറുപിറുത്തു.

കണ്ണനെ കാണാത്ത, കണ്ണന്‍റെ കരതലോടല്‍ ഏല്‍ക്കാത്ത ഒരു ദിവസത്തെക്കുറിച്ചിപ്പോള്‍ അവള്‍ക്കു ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവളുടെ ചിന്തകള്‍ക്ക് അതിരുകള്‍ ഉണ്ടായിരുന്നില്ല..... അവള്‍ ചിന്തിച്ചു..ഇനി ആരെയെങ്കിലും പറഞ്ഞയച്ചാല്‍ ചിന്നമ്മുവിന്റെ പ്രതികരണം എന്താകും... വേണ്ട.. മനസ്സ് സ്വയം അവളുടെ ചിന്തകളെ പിടിച്ചുകെട്ടി. ഇല്ല വഴിയുണ്ട്. കണ്ണനെ കാണാന്‍ വഴിയുണ്ട്. അവള്‍ അടുത്തുകിടന്ന കസേരയിലേയ്ക്കു പതിയെ ഇരുന്നു. അവളുടെ മുഖം പ്രസന്നമായി. തൊട്ടിലില്‍ കിടന്നു കുഞ്ഞു മെല്ലെ കരയാന്‍ തുടങ്ങി.

കണ്ണനും, വാസുവും കവലയില്‍ എത്തി. നീണ്ട റോഡില്‍ നിന്നും മാറിപ്പോകുന്ന ചെറിയ ഇടറോഡിന്‍റെ ഇടതുവശത്തായി ഓലയാല്‍ മേഞ്ഞൊരു ചെറുകടയില്‍ വാസുവിന്‍റെ പണിയായുധങ്ങള്‍ പണിതീര്‍ത്തു വച്ചിട്ടുണ്ട്. കണ്ണനും വാസുവും കടയിലേയ്ക്ക് കയറിച്ചെന്നു. കുശാലാന്വേഷണങ്ങള്‍ക്ക് ശേഷം പണം നല്‍കി പണിയായുധങ്ങള്‍ വാങ്ങി അവര്‍ തിരികെയിറങ്ങി. അവര്‍ വീടുകള്‍ ലക്ഷ്യമാക്കി നടന്നുതുടങ്ങി.

വാച്ചിലേയ്ക്ക് നോക്കി കണ്ണന്‍ പറഞ്ഞു.."വാസുവേട്ടാ... സമയം പതിനൊന്നായി. ഇനീപ്പോ നിങ്ങള് ജോലിയ്ക്ക് പോകുന്നുണ്ടാ...??

പോകുന്നുണ്ട് കണ്ണാ... ഒത്തിരി താമസ്സിച്ചാലും സാരമില്ല. പാടത്തിലെ പണിയല്ലേ.. ഉച്ച ഒരുമണി എന്നുള്ളതിന്നു രണ്ടായാലും സാരമില്ല. സംസാരിച്ചുകൊണ്ടവര്‍ വീടുകളിലേയ്ക്കടുത്തു. എങ്കില്‍ ഞാനും പോയി തൂമ്പയെടുത്തേച്ചും വരാം. കണ്ണന്‍ പറഞ്ഞു. വാസു മുന്നോട്ടു നടന്നു. കണ്ണന്‍ വീടിലേയ്ക്ക്‌ ഓടിപ്പോയി.

ചിന്നമ്മു മുറ്റത്ത് കിളിര്‍ത്ത ചെറുപുല്‍നാമ്പുകള്‍ കൈകൊണ്ടു പിഴുതു കളയുകയായിരുന്നു. ഒപ്പം കാറ്റില്‍ പറന്നു വീണ ഇലകളും. കണ്ണന്‍ ഓടിവരുന്നത്‌ കണ്ടവള്‍ മുഖമുയര്‍ത്തി ചോദിച്ചു.

"ജോലിക്ക് പോവുവാണോ കണ്ണേട്ടാ..? അവള്‍ക്കു നേരെ മൂളിക്കൊണ്ട് അവന്‍ ചെന്ന് തൂമ്പയെടുത്തു. പുറത്തെ അയയില്‍ കഴുകിയുണക്കാന്‍ ഇട്ടിരുന്ന തോര്‍ത്തെടുത്ത് തലയില്‍ കെട്ടി. അപ്പോഴേയ്ക്കും ചിന്നന്‍ നടന്നുവന്നു അവന്‍റെ ഉടുമുണ്ടില്‍ പിടിച്ചു.

കണ്ണന്‍ തൂമ്പ താഴെവച്ച് ചിന്നനെ എടുത്തുയര്‍ത്തി. പിന്നെ നെഞ്ചോട്‌ ചേര്‍ത്ത് കെട്ടിപ്പിടിച്ചു തെരുതെരെ മുത്തം നല്‍കി. അച്ഛന്‍ ജോലിയ്ക്ക് പോയിട്ട് വരട്ടെ. മോന്‍ ചായ കുടിച്ചോടാ.?? കണ്ണന്‍റെ ചോദ്യത്തിന് അവന്‍ അവ്യക്തമായി എന്തോ പറഞ്ഞു. കണ്ണന്‍ മെല്ലെ കുഞ്ഞിനെ നിലത്താക്കി. നിവര്‍ന്നപ്പോള്‍ ചിന്നമ്മു ചോദിച്ചു..

" കണ്ണേട്ടാ ഇന്ന് പടത്താണോ പണി?

അതെയെന്നു കണ്ണന്‍ മറുപടി പറഞ്ഞു. പോട്ടെ.. വാസുവേട്ടന്‍ ഇപ്പോള്‍ ഇറങ്ങീട്ടുണ്ടാകും. അവന്‍ ചിന്നമ്മുവിനോടിത് പറഞ്ഞുകൊണ്ട്, കുഞ്ഞിനു നേരെ കൈവീശി നടന്നകന്നു.

കണ്ണന്‍ നടന്നകന്നപ്പോള്‍ ചിന്തയില്‍ നിന്നുണര്‍ന്നപോലെ പെട്ടെന്നവള്‍ വിളിച്ചു പറഞ്ഞു...

"കണ്ണേട്ടാ... പെട്ടെന്ന് വരണേ ങ്ങള്..!!!"

കണ്ണന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെയലകള്‍ ഉയര്‍ന്നു. അവന്‍ അവളെ തിരിഞ്ഞു നോക്കി. അവള്‍ക്കു നേരെ തലകുലുക്കിക്കൊണ്ട് അവന്‍ കൈകളുയര്‍ത്തി യാത്ര പറഞ്ഞു. നടന്നുപോകുന്ന വഴിയില്‍ അവന്‍ ചിന്തിച്ചു. എന്‍റെ ചിന്നമ്മു... അവള്‍ എല്ലാം പൊറുത്തിരിക്കുന്നു. ഈശ്വരാ നിനക്കു നന്ദി. അപ്പോഴേയ്ക്കും അവന്‍റെ കണ്ണില്‍ കണ്ണീരിന്‍റെ ചെറുനനവ് പടര്‍ന്നിരുന്നു.

(തുടരും)

ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ