2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 31

പറമ്പില്‍ വിഷണ്ണനായി നാലുപാടും ചുറ്റിത്തിരിഞ്ഞു നോക്കുന്ന ബാലനെക്കണ്ട വാസു അവനോട് കാര്യം തിരക്കി. അവന്‍ ദുഃഖിതനായി പറഞ്ഞു.

"ദേ! ഞാനൊരു ഒറ്റ മൈനയെ കണ്ടു. ഇന്ന് വിഷമോള്ള കാര്യാകും ഉണ്ടാവ്വാ..."

വാസു ചിരിച്ചു കൊണ്ട് പറഞ്ഞു..."ഹേയ്! അങ്ങിനെയൊന്നും ഉണ്ടാവില്ല. അതെല്ലാം വെറുതെയല്ലേ..!!! മോന്‍ ധൈര്യമായി സ്കൂളില്‍ പോയാട്ടെ."

അവന്‍ ആ വാക്കില്‍ തൃപ്തിയില്ലാതെ നടന്നു പോകുന്നതും നോക്കി വാസു ആ ബാലന്‍ പറഞ്ഞ ഇടത്തേയ്ക്ക് നോക്കി. അയാള്‍ ചിന്തിച്ചു.. "ശരിയാണ്.....ഒരു ഒറ്റ മൈന. ഇനിയതില്‍ എന്തെങ്കിലും ശരിയുണ്ടാകുമോ? ഹേയ്! ഉണ്ടാവില്ല. അയാള്‍ സ്വയം സമാധാനിച്ചു, ചിരിച്ചു, ഒരു പ്രത്യേകതാളത്തില്‍ തലകുലുക്കിക്കൊണ്ട് നടന്നകന്നു.

വാസു ഇപ്പോള്‍ കണ്ണന്‍റെ കുടിലിനു മുന്നിലാണ്. കണ്ണനെ പുറത്തു കാണാഞ്ഞത് കൊണ്ടും, വാതില്‍ ചാരിക്കിടന്നതിനാലും വാസു കതകില്‍ കൈകൊണ്ടു മെല്ലെ തട്ടി തെല്ല് ഉറക്കെ വിളിച്ചു.

"കണ്ണാ......എടാ....കണ്ണാ, നേരം എത്രായീന്നാ... നീ ജോലിയ്ക്ക് വരണില്ലെ??
പക്ഷെ, ആരും വിളികേട്ടില്ല. തീര്‍ത്തും നിശബ്ദത.

"ഇവനിതെവിടെ പോയി..? വാസു ആത്മഗതം ചെയ്തു. നേരം ഒരുപാടായല്ലോ എന്ന് പിറുപിറുത്തുകൊണ്ട്‌ അയാള്‍ വാതില്‍ മെല്ലെ തുറന്നു.

വെളിച്ചത്തില്‍ നിന്നും കയറിവന്നതിനാല്‍ ഒരുനിമിഷം അകത്തെ ഇരുള്‍ പൊടുന്നനെ അയാളുടെ കാഴ്ച്ചയെ മറച്ചു. വാസു കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മമാക്കി കണ്ണാ എന്ന് വിളിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി. വാസുവിന്‍റെ കാലില്‍ പെട്ടെന്ന് എന്തോ തടഞ്ഞു. അയാള്‍ അടിതെറ്റി താഴേയ്ക്ക് കൈകള്‍ കുത്തി വീണു. ആ വീഴ്ചയില്‍, മുറിയ്ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ കണ്ട കാഴ്ചയില്‍ വാസു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

ഒരു വികൃതരൂപിയെപ്പോലെ കണ്ണന്‍ കട്ടിലിന്‍റെ ഓരത്തായി, കട്ടിലിലേയ്ക്ക് ചാഞ്ഞ് വീണുകിടക്കുന്നു. അവന്‍റെ അരക്കെട്ടില്‍ ഇടതുകരം കൊണ്ട് ചുറ്റിപ്പിടിച്ച് കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി ചിന്നമ്മു കിടക്കുന്നുണ്ട്. അപ്പോഴാണ്‌ വാസു ശ്രദ്ധിച്ചത് അവന്‍റെ കഴുത്തില്‍ ചുറ്റി നീണ്ടൊരു തുണിത്തുണ്ട് മച്ചിലവസാനിക്കുന്നത്. വാസു ഞെട്ടി പിന്നിലേയ്ക്ക് മാറി. ഒരുനിമിഷം, തേങ്ങലോടെ അയാള്‍ കണ്ണനരുകിലേയ്ക്ക് വീണു.

"കണ്ണാ....ന്‍റെ കണ്ണാ..." എന്ന് വിളിച്ചയാള്‍ അവന്‍റെ ശരീരത്തെ പിടിച്ചുകുലുക്കി. അപ്പോഴും അവന്‍റെ ശരീരത്തിലെ ചൂട് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. വാസു ഒരുനിമിഷം ചിന്തിച്ചു പുറത്തേയ്ക്ക് ഓടി. വാതിലിനരുകില്‍ നിന്നുകൊണ്ടയാള്‍ നാലുപാടും നോക്കി നിലവിളിച്ചു. ആരൊക്കെയോ ഓടിവന്നു. അവര്‍ കണ്ണന്‍റെ കഴുത്തിലെ കുരുക്കഴിച്ചു. കണ്ണന്‍റെ ശരീരം കുഴഞ്ഞ് ഒരു വശത്തേയ്ക്ക് ചരിഞ്ഞു വീണു. അവര്‍ കണ്ണന്‍റെ ശരീരം താങ്ങി അരുകില്‍ ഉണ്ടായിരുന്ന പായയിലേയ്ക്ക് കിടത്തി.

ചിന്നമ്മു നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു. കണ്ണന്‍റെ കുടില്‍ പുരുഷാരം കൊണ്ട് നിറഞ്ഞു. സ്ത്രീകള്‍ ചിന്നമ്മുവിനരുകിലിരുന്നു തേങ്ങി. കാര്‍ത്യായനിയമ്മ കണ്ണന്‍റെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു.

"ന്‍റെ പൊന്നുമോനെ കണ്ണാ... നീയെന്തിനിത് ചെയ്തു.."

ജനിയുടെ കണ്ണുനീര്‍ നിലത്തേയ്ക്ക് വീണില്ല. അവ നിറഞ്ഞുതുളുമ്പി വീഴാന്‍ ഒരവസരം കാത്തുനില്‍ക്കുന്നതുപോലെ ഉരുണ്ട് കീഴ്പ്പോളയില്‍ നിലയുറച്ചു.

മണിമാളികയില്‍ നിന്ന് കണ്ണന്‍റെ കുടിലിനരുകില്‍ പാഞ്ഞെത്തിയ തങ്കം മുറ്റത്ത് എത്തിയതോടെ ഒന്നറച്ചു. ദുഃഖം കടിച്ചമര്‍ത്തി പുറത്തെ തിണ്ണയില്‍ ഇരിക്കുന്ന വാസുവിനോട് അവള്‍ വെപ്രാളത്തോടെ ചോദിച്ചു..

"എന്തുണ്ടായി... വാസുവേട്ടാ എന്തുണ്ടായി..? വാസു തങ്കത്തിന്‍റെ മുഖത്തേയ്ക്ക് നോക്കി, പിന്നെ കരഞ്ഞുകൊണ്ട്‌ ഇടതുകരം വാതിലിലേയ്ക്ക് ചൂണ്ടി വിറയാര്‍ന്ന വാക്കുകള്‍ കൊണ്ട് അവളോട്‌ പറഞ്ഞു...

"അകത്തുണ്ട്...പോയി നോക്ക്..!!!"

തങ്കം വല്ലാതെ പരിഭ്രമിച്ചു പതിയെ വാതിലിനരുകില്‍ ചെന്ന് അകത്തേയ്ക്ക് നോക്കി. അവള്‍ ഞെട്ടിത്തരിച്ചുപോയി. ഓടിയകത്തേയ്ക്ക് കയറിയ അവള്‍ കണ്ണന്‍റെ നിശ്ചലമായ ശരീരത്തിനരുകില്‍ മുട്ടുകുത്തിയിരുന്നു. അവള്‍ അവനെ തൊട്ടില്ല. നിറഞ്ഞ കണ്ണുകളുമായി അവന്‍റെ അരുകിലിരുന്ന അവളുടെ പെണ്‍ബുദ്ധി ഉണര്‍ന്നു. അവള്‍ മെല്ലെ എഴുന്നേറ്റു. വാതില്‍ തുറന്നു മണിമാളിക ലക്ഷ്യമാക്കി അവള്‍ നടന്നകന്നു.

വഴിയില്‍ കണ്ടവരോടൊന്നും അവള്‍ ഒന്നും ഉരിയാടിയില്ല. അപ്പോഴേയ്ക്കും അവളുടെ കുഞ്ഞ് ഉണര്‍ന്നു കരയുന്നുണ്ടായിരുന്നു. തങ്കം ഓടിവന്ന് കുഞ്ഞിനെ വാരിയെടുത്തു. അതിനെ തെരുതെരെ ഉമ്മവച്ചു. ആ കുഞ്ഞിനേയും കൊണ്ടവള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് കട്ടിലിലേയ്ക്ക് ചാഞ്ഞു. തേങ്ങലിനിടയില്‍, അവള്‍ പിറുപിറുത്തു..

" ന്‍റെ കണ്ണന്‍റെ സമ്മാനം... എനിക്ക് മാത്രമായി... ന്‍റെ കണ്ണന്‍റെ സമ്മാനം. മറ്റാരുമില്ലാതിരുന്ന ആ വീട്ടില്‍, കണ്ണന്‍ അവളെ സ്നേഹിച്ച ആ പട്ടുമെത്തയില്‍ മുഖമമര്‍ത്തി അവള്‍ മതിയാവോളം കരഞ്ഞു. ആ കരച്ചിലിനൊടുവില്‍, വിങ്ങലായി അവള്‍ വിറകൊള്ളവേ, കണ്ണന്‍ മരിച്ചത് ആരോ പറഞ്ഞറിഞ്ഞ് മുതലാളി അവളുടെയരുകില്‍ വന്നിരുന്നു. അവളുടെ ശരീരത്തയാള്‍ കൈത്തലം അമര്‍ത്തുമ്പോള്‍, കുഞ്ഞിനെ വിട്ടവള്‍ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. മുതലാളി ചോദിച്ചു..

" നീ പോയോ കണ്ണനെ കാണാന്‍,...?" അവള്‍ അയാളുടെ നെഞ്ചില്‍ക്കിടന്നുകൊണ്ട് മൂളി.

"സാരോല്ല... മരണം അതാര്‍ക്കും തടയാന്‍ കഴിയില്ല. എനിക്കറിയാം നിനക്കും എനിക്കും കണ്ണന്‍ ഈ വീടംഗത്തെപ്പോലെയായിരുന്നു". അയാള്‍ അവളെ ചേര്‍ത്തണച്ചുകൊണ്ടു കുറച്ചു സമയം അവിടെയിരുന്നു.

ഒടുവില്‍ അവളെ കട്ടിലില്‍ കരയാന്‍ വിട്ട്, അയാള്‍ കണ്ണന്‍റെ കുടില്‍ ലക്ഷ്യമാക്കി നടന്നകന്നു. മുറ്റത്തെല്ലാം ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. മുതലാളി വരുന്നത് കണ്ടു വാസു ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. സ്ഥലത്തെ ചില പ്രമാണികള്‍ ഒക്കെ ചേര്‍ന്ന്, പോലീസില്‍ അറിയിക്കണോ എന്ന ചര്‍ച്ചയില്‍ ആയി. അപ്പോള്‍ വാസു പറഞ്ഞു..

"വേണ്ട അവനെയിനി വെട്ടിക്കീറണ്ട. ആരുമില്ല അവന്. അതിങ്ങനെ പോകട്ടെ. വാസുവിന്‍റെ തേങ്ങലോടെയുള്ള ഈ പറച്ചില്‍ കേട്ട് വന്നവര്‍ അയാളുടെ പക്ഷം ചേര്‍ന്നു. പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. ചിന്നന്‍റെ കുഴിമാടത്തിനരുകിലായി കണ്ണന്‍ അന്ത്യവിശ്രമം കൊണ്ടു.

അപ്പോഴും ചിന്നമ്മുവിന്‍റെ ഉടല്‍ വിറച്ചുകൊണ്ടിരുന്നു. കഴിഞ്ഞുപോയ ഒരു രാത്രി അവള്‍ക്ക് സമ്മാനിച്ചത്‌ ഒരു ഭാര്യയും കാണാന്‍ ആഗ്രഹിയ്ക്കാത്ത കാഴ്ചകള്‍ മാത്രമായിരുന്നു. കണ്ണന്‍റെ ഓരോ പിടച്ചിലും അവളുടെ കണ്മുന്നില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അവന്‍റെ ശ്വാസം പതിയെപതിയെ നിലയ്ക്കുന്നത് അവള്‍ കണ്ടിരുന്നു. ഒരു ജന്മം മുഴുവന്‍ അനുഭവിക്കാന്‍ കണ്മുന്നില്‍ കാഴ്ചകള്‍ നല്‍കി അവന്‍ മറഞ്ഞുപോയിരിക്കുന്നു... അവളോളം പാപി ആരുണ്ടാകും ഈ ലോകത്തില്‍,..? വിഫലമെങ്കിലും അവനെയൊന്ന് രക്ഷിക്കാന്‍ പോലും അവളെക്കൊണ്ട് കഴിഞ്ഞില്ല. എന്തിന്...ഒന്നുറക്കെ കരയാന്‍ പോലും.

ദിവസങ്ങള്‍ ആരെയും കാത്തുനില്‍ക്കാതെ ഓരോനാളും അഭിനയിച്ച് അരങ്ങൊഴിഞ്ഞുകൊണ്ടിരുന്നു. തങ്കം മെല്ലെ മെല്ലെ പഴയ അവസ്ഥയിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു.മുതലാളി കടയിലെ തിരക്കുമായി രാവും പകലും അലഞ്ഞുകൊണ്ടിരുന്നു. വാസു പാടത്തെ ജോലികളില്‍ മുഴുകിയിരുന്നു. ജനി ജോലി കഴിഞ്ഞു വന്ന് ചിന്നമ്മുവിനെ ശുശ്രൂഷിക്കും.

ഒടുവില്‍ ഒരു ദിവസം കാര്‍ത്തൂന്‍റെ ചെക്കന്‍ കല്യാണ ആലോചനയുമായി ജനിയെ സമീപിക്കുമ്പോള്‍ കരക്കാര് കൂടി. അപ്പോള്‍ ഒരാള്‍ പറഞ്ഞു..

"ഇവളിങ്ങനെ ചിന്നമ്മൂനെ നോക്കിയിരുന്നാല്‍ ഇവള്‍ക്കൊരു ജീവിതം വേണ്ടേ..?

ജനിയുടെ എതിര്‍പ്പിനെ ആരും പരിഗണിച്ചില്ല. ആ ചെക്കനുമായി അവളുടെ വിവാഹം ഉറപ്പിച്ചു. വയല്‍ക്കരയിലെ ദേവതാക്ഷേത്രത്തില്‍ വച്ച് ജനിയുടെ കഴുത്തില്‍ മിന്നു വീണു. എല്ലാരോടും യാത്ര പറഞ്ഞ് അവള്‍ കണ്ണന്‍റെ കുടിലിന് മുന്നില്‍ എത്തി. അപ്പോള്‍ ഒരു കാര്‍ അവിടെ മുറ്റത്ത്‌ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനരുകില്‍ മുതലാളിയും നാട്ടുകാരില്‍ ചിലരും ഉണ്ടായിരുന്നു.

ജനി ഏവരെയും തൊഴുതുകൊണ്ട് കുടിലിനകത്തേയ്ക്ക് കയറി. ചിന്നമ്മു കട്ടിലില്‍ കിടപ്പുണ്ട്. അവളുടെയരുകില്‍ വെള്ള വസ്ത്രങ്ങള്‍ ധരിച്ചു രണ്ടു മാലാഖമാര്‍,... ജനി ചിന്നമ്മുവിന്‍റെ പാദങ്ങളില്‍ ചേര്‍ത്ത് പിടിച്ചു. ഒരു നിമിഷം അവളൊന്നു തേങ്ങി. പിന്നെ അവളുടെ അരുമയാര്‍ന്ന മുഖം കൈകളില്‍ ചേര്‍ത്ത് നെറ്റിയിലും കവിളുകളിലും മുത്തം നല്‍കി. അപ്പോഴെല്ലാം, ജനിയുടെ നെറുകയില്‍ ഇടതു കൈതലമമര്‍ത്തി ചിന്നമ്മു നിശബ്ദം കരഞ്ഞു, . അവളുടെ സങ്കടം കാണാന്‍ കഴിയാതെ ജനി അവിടെനിന്നും ഇറങ്ങിയോടി.

പുരുഷാരം നോക്കി നില്‍ക്കെ, ചിന്നമ്മുവിനെ ചിലര്‍ ചേര്‍ന്ന് താങ്ങിയെടുത്തു കാറിനകത്തേയ്ക്ക് കിടത്തി. അവളെയും കൊണ്ട് പൊടിപടര്‍ത്തി ആ കാര്‍ നഗരത്തിലെ ആരോരുമില്ലാത്ത ജീവനുകള്‍ അന്തിയുറങ്ങുന്ന ആലയത്തിലേയ്ക്ക് പോയി.

വയല്‍ക്കരഗ്രാമത്തില്‍ പിന്നെയും പ്രഭാതങ്ങള്‍ എത്തി. സന്ധ്യകളും വന്നു മറഞ്ഞു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴെ കണ്ണനും, ചിന്നമ്മുവും ചിന്നനും ഓര്‍മ്മകള്‍ മാത്രമായി. തങ്കം പാതി തുറന്ന ജനല്‍പ്പാളിയിലൂടെ കണ്ണന്‍റെ കുടില്‍ നിന്നിടത്തേയ്ക്ക് നോക്കി. മഴയും മഞ്ഞും വെയിലുമേറ്റ് നിലംപതിച്ച ആ കുടിലിന് മുന്നില്‍ മുറ്റത്ത് നില്‍ക്കുന്ന പ്ലാവിന്‍റെ ശിഖരങ്ങള്‍ പൊഴിച്ച പഴുത്ത ഇലകളപ്പോള്‍ കാറ്റില്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
രചന: ശ്രീവര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ