2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 16

നേരം വളരെയേറെ കഴിഞ്ഞുപോയി. സന്ധ്യ മയങ്ങി. പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങി. അവയുടെ കലപില ശബ്ദം കൊണ്ടവിടം മുഖരിതമാണ്. ഇരുണ്ട നീലാകാശത്തില്‍ പറന്നു നടക്കുന്ന ചെറുഷഡ്പദങ്ങളെ പാഞ്ഞടുത്ത് ഭക്ഷിക്കുകയാണ് ഒരു കൂട്ടംനരിച്ചീറുകള്‍

വാതില്‍ തുറന്നു ചിന്നമ്മു പുറത്തേയ്ക്ക് വന്നു. വിളക്ക് കൊളുത്താന്‍ കിണ്ടിയില്‍ വെള്ളമെടുത്തുകൊണ്ട് അകത്തേയ്ക്ക് കയറി. ചിന്നന്‍ പായയില്‍ കിടന്നു ഉറക്കം തുടങ്ങി. വിളക്ക് കത്തിച്ചുവച്ചവള്‍ വീണ്ടും പുറത്തേയ്ക്കിറങ്ങി. മനസ്സ് ശാന്തമാകുന്നില്ല. അവളോര്‍ത്തു മനസ്സിന് ഒരുതരം മരവിപ്പ് ബാധിച്ചു. മനസ്സില്‍ കോര്‍ത്തിണക്കിയ സ്നേഹമുത്തുകള്‍ ഓരോന്നായി ഇളകി നിലം പതിയ്ക്കുകയാണോ?

എന്നാലും ഇപ്പോഴും, ഉള്ളിന്റെയുള്ളില്‍ കണ്ണനോട് വല്ലാത്തൊരു സ്നേഹമുണ്ടവള്‍ക്ക്. എന്തൊക്കെയോ പറഞ്ഞുവെങ്കിലും അവനെ നഷ്ടപ്പെടുത്താന്‍ അവള്‍ ഒരുക്കമല്ല. കണ്ണനെ മാറ്റിയെടുക്കാം....അതിനു അവള്‍ക്കു കഴിയും എന്ന ഒരു ശുഭാപ്തിവിശ്വാസം അവള്‍ക്കുണ്ട് എന്നത് തന്നെ അതിനു കാരണം. ചിന്നമ്മുവിന്‍റെ കണ്ണുകളില്‍ വല്ലാത്ത വേവലാതി പടര്‍ന്നുതുടങ്ങി.

നേരം ശെരിക്കും ഇരുണ്ടു തുടങ്ങി. ഇടയ്ക്കിടെ, കാറ്റ് തഴുകുന്ന മരങ്ങളുടെ മൂളലുകള്‍ മാത്രം പുറത്തേയ്ക്ക്. താഴെ പാടത്തിന് ഇരുവശവും ഇരുന്നു മഴമേഘങ്ങളെ മാടിവിളിക്കുകയാണ് ഒരു കൂട്ടം തവളകള്‍, അവയ്ക്കൊപ്പം പാടത്തും, തൊടിയിലും, ചിന്നമ്മുവിന്റെ ചെട്ടക്കുടിലിലെ മറക്കെട്ടുകള്‍ക്കിടയിലും ഇരുന്ന്‍, തവളകളുടെ താളത്തിനു ഈണം പകരുന്ന രീതിയില്‍ ചിലയ്ക്കുകയാണ് ഒരുപറ്റം ചീവീടുകള്‍, ഇരുട്ടിന്‍റെ ശക്തി കൂടുന്നതിനനുസരിച്ച് ചിന്നമ്മുവിന്റെ മനസ്സിലെ ഭീതിയും വര്‍ദ്ധിച്ചു.

അവള്‍, ദൂരെ പാതയിലേയ്ക്കു കണ്ണും നട്ട് ഇരിക്കുകയാണ്. ഇരുട്ടില്‍, ശ്മശാനമൂകതയെ നടുക്കിക്കൊണ്ട് ഒരു കാലന്‍പട്ടി നീട്ടി വിളിച്ചു. ചിന്നന്‍ ഉറക്കത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ ഒരു മൂളലോടെ തിരിഞ്ഞുകിടന്നു. ചിന്നമ്മു നെടുവീര്‍പ്പുകളോടെ, എഴുന്നേറ്റു കതകടച്ചു. അകത്തെ പായയില്‍ വന്ന് അവള്‍ ചിന്നനൊപ്പം ചേര്‍ന്നുകിടന്നു.

കണ്ണന്‍ കവലയിലെ മദ്യശാലയുടെ മുന്നില്‍ നിന്നു. ഒരു നിമിഷത്തെ ചിന്തയില്‍ നിന്നുണര്‍ന്നവന്‍ ഓലകൊണ്ട് മറച്ച അതിനുള്ളിലേയ്ക്ക് കയറി. കൈയിലുണ്ടായിരുന്ന പണത്തിന്‍റെ മുക്കാല്‍പങ്കും അവന്‍ അന്നവിടെ ചിലവിട്ടു. ഒടുവില്‍, ചുവന്നു കലങ്ങിയ കണ്ണുകളുമായി അവന്‍ ബഞ്ചില്‍ നിന്നും എഴുന്നേറ്റു. പിച്ചവച്ചു നടക്കുന്നൊരു പിഞ്ചുകുഞ്ഞിനെപ്പോലെ വേച്ചുവേച്ച്‌ പുറത്തേയ്ക്കിറങ്ങി. സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ ആടിയാടി കണ്ണന്‍ തന്‍റെ വീടിനെ ലക്ഷ്യമാക്കി ആ കൂരിരുളിലൂടെ നടന്നു.

റോഡില്‍ നിന്നും വീട്ടിലേയ്ക്കുള്ള ഇടറോഡില്‍ അവന്‍ നിരങ്ങിയിറങ്ങി. അരയില്‍ തപ്പി ഒരു ബീഡി കൈക്കലാക്കി ചുണ്ടില്‍ വച്ചു. ഉറയ്ക്കാത്ത കൈകള്‍ കൊണ്ടവന്‍ തീപ്പെട്ടിക്കമ്പുകള്‍ ഉരസിനോക്കി. വളരെനേരത്തെ ശ്രമത്തിനൊടുവില്‍ അവനതു കത്തിച്ചു. അവസാനം കൂരിരുളില്‍, ഒരു മിന്നാമിന്നിയെപ്പോലെ ആ ചുവന്ന പ്രകാശം ഉയര്‍ന്നും താണും, ചരിഞ്ഞും തിരിഞ്ഞും വായുവിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ചിന്നമ്മു ഉറക്കത്തില്‍ പുറത്തെ പട്ടിയുടെ കരച്ചില്‍ കേട്ടുകൊണ്ട് ഞെട്ടിയുണര്‍ന്നു. പിടഞ്ഞെഴുന്നേറ്റ അവള്‍ ചെന്ന് ഓലവാതില്‍ മെല്ലെ തുറന്നു. വാതിലിനു വിടവിലൂടെ അവള്‍ അകലെനിന്നും വരുന്ന ആ ചുവന്ന പ്രകാശം കണ്ടു. കൈയെത്തുംദൂരത്തിരുന്ന ശരറാന്തല്‍ കൈയിലെടുത്ത്, തിരിനാളം അല്‍പ്പം കൂടി ഉയര്‍ത്തി റാന്തല്‍ അവള്‍ക്കുമുന്നിലേയ്ക്ക് തെളിച്ചുകൊണ്ട് കുറച്ചുകൂടി പുറത്തേയ്ക്കിറങ്ങി നിന്നു.

അപ്പോഴേയ്ക്കും കണ്ണന്‍ വീടിനടുത്തെത്തി. അവള്‍ അവനടുത്തേയ്ക്കു ചെന്നു. ഒറ്റനോട്ടത്തില്‍ അവന്‍ നന്നായി മദ്യപിച്ചുവെന്നു അവള്‍ക്കു ബോധ്യമായി. അതുകൊണ്ട് തന്നെ അവനെ പിടിക്കുവാനായി അവള്‍ കൈകള്‍ ഉയര്‍ത്തി. അവനാ കൈയ് തട്ടിമാറ്റി മുന്നോട്ടു നടന്നു. വിളക്ക് തെളിച്ചവള്‍ അവന്‍റെ പിന്നിലും. ഇടയ്ക്കവള്‍ കണ്ണന്‍റെ നിര്‍ജീവങ്ങളായ കണ്ണുകളെ കണ്ടു. അവ കണ്ണുനീര്‍ കൊണ്ട് നിറഞ്ഞിരുന്നു. മദ്യത്തിന്‍റെ മണം അവളെ വല്ലാതെ അലോസരപ്പെടുത്തുക തന്നെ ചെയ്തു. അവള്‍ മൂക്കുപൊത്തുകയും, ഇടയ്ക്ക് ഓര്‍ക്കാനിക്കുകയും ചെയ്തു.

ഒടുവില്‍, കണ്ണന്‍ വീട്ടിലേയ്ക്ക് കയറി. ഒരു നെടുവീര്‍പ്പോടുകൂടി അവന്‍ കിടക്കയിലേയ്ക്ക് വീണു. പുറത്തായി കിടന്നിരുന്ന അവന്‍റെ കാലുകള്‍ അവള്‍ ആയാസപ്പെട്ട്‌ അകത്തേയ്ക്ക് എടുത്തുവച്ചു. പിന്നീട് വന്നവള്‍ വാതില്‍ ചാരി ചിന്നന്‍റെ അടുക്കലായി ഇരുന്നു. കുറേനേരം അവള്‍ കണ്ണനെ തന്നെ നോക്കിയിരുന്നു. ഒരുതരം നിസംഗത അവളില്‍ പടര്‍ന്നുകയറി. കണ്ണന്‍റെ കൂര്‍ക്കംവലിയല്ലാതെ ഒന്നും കേള്‍ക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എവിടെനിന്നോ ഒരു പാതിരക്കോഴി നീട്ടിക്കൂകി. അവള്‍ റാന്തലിന്റെ തിരി താഴ്ത്തിവച്ചു. പതിയെ കുഞ്ഞിനോട് ചേര്‍ന്ന് കിടന്നു.

തങ്കം തിരിഞ്ഞും മറിഞ്ഞും കിടന്നു. അവള്‍ക്കു ഉറക്കം വരുന്നില്ല. അടുത്ത് മുതലാളി നല്ല ഉറക്കത്തിലാണ്. കുഞ്ഞു കരഞ്ഞപ്പോള്‍ തങ്കം കിടക്കവിട്ട് എഴുന്നേറ്റു. അരികെ തൊട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിനെയെടുത്തവള്‍ മുലയൂട്ടുവാന്‍ തുടങ്ങി. ഒപ്പം, അമ്മയുടെ തഴുകലില്‍ കുഞ്ഞു കരച്ചില്‍ നിര്‍ത്തി വീണ്ടും ഉറങ്ങാന്‍ തുടങ്ങി. തങ്കം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിട്ട് ജനലരുകിലേയ്ക്ക് വന്നു. തൂവെള്ള നിറത്തിലുള്ള വിരി അവള്‍ പതിയെ മാറ്റി. പുറത്ത് വെള്ളാരം കല്ലുകള്‍ പാകിയപോലെ നിലത്തെല്ലാം നിലാവ് ഒഴുകിനടക്കുന്നു. സസ്യലതാതികള്‍ മൗനവൃതത്തിലാണ്. അവള്‍ ജനല്‍പ്പാളികളില്‍ ഒന്ന് തുറന്നു. രാത്രിയില്‍ വിടര്‍ന്ന പാലപ്പൂവിന്‍റെ ലഹരി പകരുന്ന ഗന്ധം അവളുടെ നാസികത്തുമ്പത്ത് ഒഴുകിപ്പടര്‍ന്നു. അവള്‍ കണ്ണുകള്‍ പൂട്ടി അവ ആസ്വദിച്ച് മനം നിറച്ചു.


അങ്ങകലെ, കണ്ണന്‍റെ കുടിലില്‍ അവ്യക്തമായൊരു പ്രകാശം അവള്‍ക്കു കാണാം. തങ്കം വിജനതയിലേക്ക് അല്‍പനേരം കൂടിയങ്ങിനെ നോക്കിനിന്നു. പിന്നെ, കട്ടിലിനരുകില്‍ വന്ന് അതിന്‍റെ ഓരത്തായി മെല്ലെ കിടന്നു. തങ്കത്തിന്‍റെ കണ്ണുകള്‍ മുറിയില്‍ മേശമേല്‍ ഇരുന്ന ഘടികാരത്തിലേയ്ക്ക് പതിഞ്ഞു. മിഴികള്‍ ചിമ്മാതെ അലസമായി കിടക്കുന്ന തങ്കം ഒരു അപ്സരസ്സിനെപ്പോലെ തോന്നിച്ചു. തുറന്നുകിടന്ന ജനല്‍പ്പാളികളെ തഴുകി അപ്പോഴും പാലപ്പൂവിന്‍റെ സുഗന്ധം ആ മുറിയാകെ ആരെയോ തേടിനടന്നു... രാത്രിയവളുടെ കണ്‍പോളകളെ മെല്ലെ തഴുകിയടച്ചു...

ചിന്നമ്മു, വല്ലാത്തൊരു സ്വപ്നം കാണുകയായിരുന്നു. കരിനാഗങ്ങള്‍ക്കിടയിലൂടെ എങ്ങനെയോ ഇഴഞ്ഞവള്‍ വാതില്‍പ്പടിയില്‍ എത്തി. പെട്ടെന്നൊരു മൂര്‍ഖന്‍ അവളുടെ പാദങ്ങളില്‍ ദംശിച്ചു. ഭയത്തോടെ, ഞെട്ടിവിറച്ചുകൊണ്ടവള്‍ പായയില്‍ എഴുന്നേറ്റിരുന്നു. അന്ധകാരം പുലര്‍ച്ചയുടെ പടവുകളില്‍ അപ്പോഴേയ്ക്കും തലതല്ലിവീഴുകയായിരുന്നു....

(തുടരും)
ശ്രീ വര്‍ക്കല




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ