2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


നിണമൊഴുകിയ വഴികള്‍......

അമ്മയറിയാതെ, അച്ഛനറിയാതെ ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളെ കൈക്കുമ്പിളില്‍ ഓടി നടന്നു ചേര്‍ത്തണച്ച ബാല്യകാലം...... കുഞ്ഞു മഴത്തുള്ളികളെയും, കുഞ്ഞിളം കാറ്റിനെയും പൂത്തുലഞ്ഞാടുന്ന ചില്ലകളെയും, വയല്‍വരമ്പിലെ തവളകളെയും അതിയായി സ്നേഹിചിരുന്നില്ലേ താന്‍,..... ഉവ്വ് സ്നേഹിച്ചിരുന്നു. ജയിലിനകത്തെ പൊട്ടിപ്പൊളിഞ്ഞ സിമന്റ്‌ തറയില്‍ തലചായ്ച്ചുകൊണ്ട് ആലോചനയിലാണ്ട അവന്‍ അറിയാതെ പുഞ്ചിരിച്ചു.

സ്കൂളില്‍ നിന്നും വീട്ടിലേയ്ക്കുള്ള വഴിയില്‍ പലപ്പോഴും ഇലത്തുമ്പുകളില്‍ വീണുടയാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന നീര്‍ത്തുള്ളികളെ കൈവിരല്‍ത്തുമ്പിനാല്‍ ഒപ്പിയെടുക്കും. വീട്ടിലെത്തുമ്പോഴേയ്ക്കും ദേഹം അപ്പാടെ നനഞ്ഞിരിക്കും. വീട്ടിലേയ്ക്ക് ഓടിയണയുന്ന തന്നെ ചേര്‍ത്തണയ്ക്കാന്‍ അമ്മ ഉണ്ടായിരുന്നുവോ? ഇല്ല. ഒരു സ്വപ്നം പോലെ അമ്മ വരാറുണ്ടായിരുന്നു. എന്നെ തഴുകാറും.

ഒരിക്കല്‍ സ്കൂളില്‍നിന്നും തൊട്ടടുത്ത വീട്ടിലെ ഇച്ചേച്ചി കൂട്ടികൊണ്ടുവന്നത് ഓര്‍മയില്‍ ഉണ്ട്. അന്നെനിക്ക് ഒരു വെളുവെളുത്ത പളുങ്കുപോലുള്ള ഉടുപ്പായിരുന്നു രാവിലെ അമ്മ അണിഞ്ഞുതന്നത്. അന്ന്, വരുന്ന വഴിനീളെ ഓര്‍ത്തു....ഉടുപ്പില്‍ അപ്പാടെ പുരണ്ട ചെമ്മണ്ണ്‍ ഇതെന്താടാ എന്ന് വാത്സല്യത്തോടെ ചോദിച്ചുകൊണ്ട് ഇരു കവിളുകളിലും, നെറ്റിയിലും ഒക്കെ അമ്മ വാരിയെടുത്ത് മുത്തം തരുമെന്ന്.

വീടിനോടടുത്തതും ഒരു ഉത്സവപ്പറമ്പിലെ ആള്‍ത്തിരക്കായിരുന്നു. ഇച്ചേച്ചി വഴിനീളെ കരഞ്ഞിരുന്നുവെന്നതും ഓര്‍മയില്‍ ഉണ്ട്. വീട്ടിന്‍റെ ഉമ്മറക്കോലായില്‍ അച്ചനിരുപ്പുണ്ട്. പക്ഷെ, അച്ഛന്‍ എന്നെ നോക്കിയതുപോലുമില്ല. എനിക്കതില്‍ വിഷമം തോന്നിയിരുന്നില്ല കാരണം അച്ഛന്‍ എന്നെ വാത്സല്യത്താല്‍ ചേര്‍ത്തണയ്ക്കാറുണ്ടായിരുന്നില്ല.
വല്ലാത്തൊരു ചന്ദനത്തിരിയുടെ മണമായിരുന്നു അവിടെല്ലാം. ഇന്നും ആ ചന്ദനത്തിരിയുടെ ഗന്ധം എന്‍റെ അമ്മയുടെ അവസാന ശ്വാസത്തിന്‍റെ ഗന്ധമായി പലപ്പോഴും ഉള്ളില്‍ വന്നു നിറയാറുണ്ട്.

അമ്മ മരിച്ചുവെന്നു മനസ്സിലാക്കാന്‍ അന്നെനിക്ക് സാധിച്ചില്ല. അന്ന്, ഒരുപാട് നേരം അമ്മയുടെ കൂടെ ഞാനുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ വല്ലാതെ സ്വരം ഉയര്‍ത്തി ആരോടോ അച്ഛന്‍ തട്ടിക്കയറുന്നത് ഞാന്‍ കണ്ടു.

"ഇല്ല, ദഹിപ്പിച്ചാല്‍ മതി. അവളുടെ ആഗ്രഹമായിരുന്നു അത്..." അച്ഛന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

"അതെങ്ങനെ സാധ്യമാകും...? പ്രായക്കൂടുതല്‍ ഉള്ളൊരു അപ്പൂപ്പന്‍ അച്ഛനോട് തിരിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
അവളുടെ അച്ഛനും അമ്മയും ജീവിച്ചിരിക്കെ അതെങ്ങനെ സാധ്യാകും. അത് നടപ്പില്ല. പക്ഷെ, അച്ഛന്റെ പിടിവാശി തന്നെ അവിടെയും ജയിച്ചു.

മാഞ്ചില്ലകള്‍ തെരുതെരെ താഴെവീഴുമ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു. അന്നും എന്‍റെ ചോറ്റുപാത്രത്തില്‍ എനിക്കേറെ ഇഷ്ടമുള്ളൊരു ഉപ്പിലിട്ട കുഞ്ഞുമാങ്ങ അമ്മ വച്ചിരുന്നു. അടുക്കളയിലെ ജനലരികലെ ഒഴിഞ്ഞ ഹോര്‍ലിക്ക്സ് കുപ്പിയില്‍ അപ്പോഴും വെളുത്ത പാടകള്‍ പറ്റി ആ കണ്ണിമാങ്ങകള്‍ ഉപ്പു വെള്ളത്തില്‍ കിടക്കുന്നുമുണ്ടായിരുന്നു. ഇത്രയേറെ എന്നെ സ്നേഹിച്ച എന്‍റെ തൈമാവിനെ അച്ഛന്‍റെ ഒറ്റവാക്കിനാല്‍ വെട്ടിതാഴെയിട്ടവനെ കൊല്ലണം എന്നെനിക്കു തോന്നി. അമ്മാവന്‍റെ കൈയില്‍ നിന്നും എന്‍റെ കൈ വലിച്ചൂരി അവനടുത്തെയ്ക്ക് പാഞ്ഞ എന്നെ ആരോ പൊക്കിയെടുത്ത് ചേര്‍ത്തണച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടുപോയി. എന്‍റെ കണ്മുന്നില്‍, അന്നു ഞാന്‍ കണ്ടവരെല്ലാം കരഞ്ഞിരുന്നു. അമ്മയപ്പോഴും എന്നോട് എന്തെന്ന് പോലും ചോദിക്കാതെ വെള്ളത്തുണിയും മൂടിക്കിടക്കുന്നുണ്ടായിരുന്നു.

"അമ്മയുടെ നേരെ കൈകള്‍ നീട്ടി ഞാന്‍ പറഞ്ഞിരുന്നില്ലേ... "പറയൂ അമ്മെ നമ്മുടെ മാവ് വെട്ടണ്ടാന്നു...... എന്‍റെ തേങ്ങല്‍ ഇടപ്പുരയുടെ ഭിത്തിയില്‍ തട്ടി അവിടെക്കിടന്നു. എന്നിട്ടും അവര്‍ ആ മാവ് വെട്ടി. ഒടുവില്‍ അമ്മ ഒരോര്‍മ്മയായി..... ആ അവസാനത്തെ കറുത്തപുകച്ചുരുകളായി എന്നെ തഴുകിപ്പോയി.

പിന്നീട് ഞാന്‍ ആ വെളുത്ത കുപ്പായം ധരിച്ചിരുന്നില്ല. എന്‍റെ ഇഷ്ടത്തിന് ഞാന്‍ ഓരോന്നും എടുത്തണിഞ്ഞ് സ്കൂളിലേയ്ക്ക് പോകും. ആരും എന്നെ നോക്കിയിരുന്നില്ല. ആരൊക്കെയോ ഉണ്ടായിരുന്നിട്ടും തികച്ചും അനാഥനെപ്പോലെയായി ഞാന്‍

ഒരു ദിവസം ഞാന്‍ വരുമ്പോള്‍ അമ്മൂമ്മയും, അപ്പൂപ്പനും വീട്ടിന്‍റെ മുറ്റത്ത്‌ നില്‍ക്കുണ്ടായിരുന്നു. അപ്പൂപ്പന്‍ ചേര്‍ത്തണച്ചു. അമ്മൂമ്മയുടെ മടിയിലിരുന്നു ഞാന്‍ മധുരം കഴിയ്ക്കുമ്പോള്‍ അമ്മൂമ്മ കരഞ്ഞിരുന്നു. അപ്പോഴെല്ലാം അമ്മ കരയുന്നത് പോലെ തോന്നി എനിക്ക്. ഒരു മാറ്റവും ഉണ്ടായിരുന്നില്ല ആ കരച്ചിലിന്... എനിക്കറിയാം എത്രയോ രാത്രികളില്‍ എന്നെ ചേര്‍ത്തുപിടിച്ചു അമ്മ കരയാറുണ്ടായിരുന്നു. ഞാന്‍ കണ്ണുനീര്‍ തുടയ്ക്കുമ്പോഴെല്ലാം ഇരട്ടിയായി അത് പുറത്തേയ്ക്ക് വന്നുകൊണ്ടിരുന്നു....രാവുകളില്‍ പലതും അമ്മയുടെ തലയിണകള്‍ കണ്ണീരു കൊണ്ട് കുതിര്‍ന്നിരുന്നു. എനിക്ക് എന്തെങ്കിലും ഒന്ന് മനസ്സിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അപ്പോഴേയ്ക്കും എന്നെ ശാസിക്കാന്‍ അച്ഛന്‍ ഒരമ്മയെ കൊണ്ടുവന്നിരുന്നു.

ഒരനുജന്‍ പിറന്നതോടെ ആ അമ്മയുടെ കൈവിരല്‍ എന്‍റെ കൈത്തണ്ടയിലും കവിളിലും പലപ്പോഴായി വേദനതരാന്‍ തുടങ്ങിയതോടെ എനിക്കവിടെ മടുത്തു. ഒരു ദിവസം, അമ്മ വല്ലാണ്ട് എന്നെ ഉപദ്രവിച്ച ആ ഒരുദിവസം... ഞാന്‍ കാത്തുനിന്നു. വീട്ടിലേയ്ക്കുള്ള വഴിവക്കില്‍ അച്ഛനെയും കാത്ത്. ഒടുവില്‍, ഞാന്‍ പറയുന്നതെല്ലാം കേട്ടുകൊണ്ട് അച്ഛന്‍ നടന്നതും, ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നുകൊണ്ട് അമ്മയെ വിളിച്ചതും... എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വേഗതയില്‍ അച്ഛനോട് എന്തൊക്കെയോ അമ്മ കരഞ്ഞുപറഞ്ഞതും... മതി വരുവോളം അച്ഛന്‍ എന്നെ തല്ലിയതും ഒക്കെ.

അച്ഛന്‍റെ കാല്‍പ്പാദങ്ങളില്‍ തൊട്ടു തലോടി ഒരു രാത്രി ഞാന്‍ വീടുവിട്ടു. ഉറക്കം വിട്ട് എഴുന്നേറ്റാല്‍ അച്ഛന്‍റെ പാദങ്ങളെ തൊട്ടെഴുന്നേല്‍ക്കുക ഇതായിരുന്നു അമ്മയുടെ ശീലം. ചോദിക്കുമ്പോള്‍, അമ്മ പറയും അച്ഛന് ദൈവത്തിന്‍റെ സ്ഥാനമാന്ന്.

പിന്നീടൊരുപാട് രാത്രികള്‍ അമ്മൂമ്മയുടെ കൂടെ. വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നതിനോടൊപ്പം ഞാന്‍ പലതും അറിഞ്ഞു. "അമ്മയെ അച്ഛന്‍ തൊഴിച്ചു കൊന്നതാത്രെ. മരിക്കുമ്പോള്‍ അമ്മയുടെ കാലുകളിലൂടെയും മൂക്കിലൂടെയും ഒക്കെ ചോരയൊഴുകിയിരുന്നുവെന്ന്. അമ്മയെ കുളിപ്പിക്കുമ്പോള്‍ ചിലര്‍ കണ്ടിരുന്നുവത്രെ!!. ചോദിച്ചവരോടൊക്കെ അന്ന്‍ അച്ഛന്‍ പറഞ്ഞുവത്രേ ഗോവണിയില്‍ നിന്നും അമ്മ തെന്നിവീണുവെന്നും, അന്ന് അമ്മ ഗര്‍ഭിണിയായിരുന്നുവെന്നും....

അമ്മയുടെ ഓര്‍മ്മകള്‍ വലിയൊരു നൊമ്പരമായി മാറുംതോറും, അച്ഛന്‍ എന്‍റെ ശത്രുവായി മാറാന്‍ തുടങ്ങിയതും ഞാനറിഞ്ഞു. അങ്ങനെയിരിക്കെ ഒരുനാള്‍ അമ്മയുടെ അവകാശം എനിക്കായി ചോദിച്ചുകൊണ്ട് അച്ഛന്‍ വന്നു. വളരെനേരത്തെ വാഗ്വാദങ്ങള്‍ക്കൊടുവില്‍, അച്ഛന്‍ ദേഷ്യത്തോടെ അമ്മൂമ്മയെ കടന്നുപിടിച്ചു. പിന്നെ, അമ്മൂമ്മയുടെ മുടികള്‍ ചേര്‍ത്തു പിടിച്ചുവലിച്ചു. തടയാന്‍ ചെന്ന അപ്പൂപ്പന്‍റെ തലപൊട്ടി ചോരയൊലിച്ചു. കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അടുക്കളയിലെ കറിക്കത്തി കൈക്കലാക്കി പാഞ്ഞുവന്ന ഞാന്‍ അമ്മൂമ്മയെ പിടിച്ചിരുന്ന അച്ഛന്റെ കൈയില്‍ ആഞ്ഞുവെട്ടി. അപ്രതീക്ഷിതമായ എന്‍റെ ആക്രമണത്തില്‍ പകച്ചുപോയ അച്ഛന്‍ ഇടതുകൈകൊണ്ട് മുറിവേറ്റ വലതുകൈയില്‍ പിടിച്ചുകൊണ്ടു എന്റെനേരെ പാഞ്ഞടുത്തപ്പോള്‍ എവിടുന്നു കിട്ടി എനിക്ക് ധൈര്യം എന്നറിയില്ല. കഴുത്തില്‍ ഏറ്റ ഒറ്റവെട്ടില്‍ അച്ഛന്‍ താഴെവീണു. പിന്നീട് കോടതിമുറികള്‍, ഇരുളടഞ്ഞ ജയില്‍ മുറികള്‍, പരിഹാസങ്ങള്‍

പിന്നീട്, വര്‍ഷങ്ങളുടെ കാത്തിരിപ്പിനുള്ളില്‍ പുറംലോകം കണ്ട ഞാന്‍ മറ്റാരോ ആയിരുന്നു. ചിന്തയില്‍ നിന്നുണര്‍ന്നപോലെ അവന്‍ കൈകളിലേയ്ക്ക് നോക്കി. ഒരുപാട് ചോരപുരണ്ടിരിക്കുന്നു .
കൊന്നതെല്ലാം ആര്‍ക്കോവേണ്ടി. കൊല്ലപ്പെട്ടതെല്ലാം പുരുഷന്മാര്‍, അതും ഭാര്യയെ കൊന്നവന്‍, സ്വത്തിനു തര്‍ക്കം ചെയ്തവന്‍, അമ്മയെ കൊന്നവന്‍ അങ്ങനെ പോകുന്നു നിരകള്‍

ഒടുവില്‍, അവസാനത്തെ ശിക്ഷയും കാത്ത് കോടതിമുറിയില്‍

ജഡ്ജിയുടെ വാക്കുകള്‍,......

അതിനിഷ്ടൂരമായ ഈ കൊലപാതകം ചെയ്ത പ്രതിയുടെ സ്വഭാവവിശേഷങ്ങളില്‍ കോടതിയ്ക്ക് ഭയമുണ്ട്. ഇനിയും, ഇതുപോലെ പ്രതി കുറ്റം ചെയ്യാനുള്ള സാധ്യതയും, പ്രതിയുടെ പൂര്‍വകാലചരിത്രവും പരിശോധിച്ച കോടതി, അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഈ കേസിനെ പരിഗണിച്ചു കൊണ്ട് പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു.

തൂക്കുകയറിലേയ്ക്കുള്ള അവസാനദിനവും കാത്തിരുന്ന അവനെ ആരും തേടിവന്നില്ല. അവന്‍ ചെയ്ത തെറ്റ് അത്രത്തോളം ഭീകരമായിരുന്നുവത്രേ. ആദ്യഭാര്യയിലെ കൗമാരക്കാരിയായ മകളെ സ്വന്തം അച്ഛന് പ്രാപിക്കാന്‍ കൂട്ടുനിന്ന രണ്ടാനമ്മയെ പട്ടാപ്പകല്‍ നാലാള് കാണ്‍കെ നടുറോഡില്‍ ഇട്ട് വെട്ടിക്കൊന്നു. പോലീസ് സ്റ്റേഷനില്‍ എത്തി രക്തംപുരണ്ട കത്തി തറയില്‍ വലിച്ചെറിഞ്ഞ് ജയിലിനകത്തേയ്ക്ക് സ്വമേധയാ കയറി നിന്നു....
അവന്‍റെ ചിത്രങ്ങള്‍ ചൂടോടെ ഒപ്പിയെടുക്കാന്‍ മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, അവന്‍റെ കുട്ടിക്കാലം മുതലുള്ള വളര്‍ച്ച, അമ്മയുടെ മരണം, അച്ഛന്റെ കൊലപാതകം, അവന്‍റെ പിന്നീടുള്ള ജീവിതം... അങ്ങിനെ പോകുന്നു. അവന്‍റെ ജീവിതം പരമ്പരകളായി സംപ്രേക്ഷണം ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ ശരിക്കും അത് ആഘോഷിക്കുകയായിരുന്നു.

ജീവിതത്തില്‍ ആദ്യമായി അവന്‍ ആത്മനിര്‍വൃതികൊണ്ടു. ഇതുവരെ ജീവിച്ചതിന് അവന്‍ ഒരര്‍ത്ഥം കണ്ടു..... കറുത്ത തുണികൊണ്ട് മൂടി, കൈകള്‍ പിന്നിലേയ്ക്ക് കൂട്ടിക്കെട്ടി, കാല്‍പാദങ്ങളിലെ തട്ട് വലിച്ചു മാറ്റപ്പെടുന്നത് വരെ... അമ്മ കൂടെയുണ്ടായിരുന്നു...അത് അവനറിഞ്ഞിരുന്നു. അവന്‍റെ ദേഹത്തെ പൊടിതട്ടിക്കളഞ്ഞുകൊണ്ട്......അവനെ ചേര്‍ത്തണച്ചുകൊണ്ട്, കവിളിലും നെറ്റിത്തടത്തിലും മുത്തം തന്നുകൊണ്ട്....
അവന്‍റെ കൂടെ......ഏതോ പളുങ്കുപാത്രത്തില്‍ അവന്‍റെ പ്രാണനും കൊണ്ടാകാം ആ അമ്മ പോയത്...

ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ