2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 5

അവളുടെ അഴിഞ്ഞുലഞ്ഞ വാര്‍മുടികള്‍ കാറ്റില്‍ പാറിപ്പറന്നു. കാമാര്‍ത്തനായ ഒരു പ്രണയിതാവിനെപ്പോലെ നിലാവ് ഭൂവിന്‍റെ ഉടലാകെ തലോടിനടന്നു. പക്ഷെ, അന്ധകാരം വൃക്ഷച്ചുവടുകളില്‍ പതിയിരുന്നു. 

നിലാവിലൂടെ പാഞ്ഞു വരുന്ന ലയാനയെ തിങ്കള്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

"ഇവളെന്താണീ ചെയ്യുന്നത്... നദിക്കരയില്‍, ഈ അസമയത്ത് ഇവളെന്തിനു വന്നു....?? ഇല്ല, തീര്‍ച്ചയായും ഇതൊരു ശുഭകാര്യമല്ല. തിങ്കള്‍ അത് തീര്‍ച്ചപ്പെടുത്തി...".

ഇനി സാഹേലിനെപ്പോലെ ലയാനയും വൈഗരയുടെ ഓളങ്ങളില്‍ മറയുകയാണോ? അതോ അവളീ പിഞ്ചുകുഞ്ഞിനെ...." ചിന്ത മുഴുമിക്കാനാകാതെ , ആ കാഴ്ച കാണുവാന്‍ ശക്തിയില്ലാതെ തിങ്കള്‍ കാര്‍മേഘങ്ങള്‍ വാരി കണ്ണുപൊത്തി.

പൊടുന്നനെ അന്ധകാരം കണ്ണുകളില്‍ പടര്‍ന്നു. ലയാന കിതച്ചുകൊണ്ട് നിന്നു. പിന്നെ അവള്‍ പതിയെപതിയെ പാദങ്ങള്‍ മുന്നോട്ടു വച്ചു. ലയാനയുടെ തോട്ടത്തിലെ കുടമുല്ലപ്പൂക്കളുടെ സുഗന്ധം അവിടമാകെ ഒഴുകി നടന്നു.

ഒടുവില്‍, വൈഗരയുടെ തീരത്തെത്തിയ അവള്‍ ചുറ്റുപാടും നോക്കി. വിജനമായിരുന്നു അവിടമാകെ. വെള്ളനൂലുകള്‍ കൊണ്ട് ഭംഗിയായി തുന്നിയൊരു തുണിക്കഷണത്തില്‍
പൊതിഞ്ഞു അവള്‍ ആ കുഞ്ഞിനെ വൈഗര നദിയുടെ തീരത്തായി കിടത്തി. പിന്നെ നനഞ്ഞ മണലില്‍ മുട്ടുകളൂന്നി നിലത്തേയ്ക്ക് കുനിഞ്ഞ് ലിയാത്തിന്‍റെ നെറ്റിയില്‍ ഉമ്മവച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവ ലിയാത്തിന്‍റെ നെറ്റിത്തടത്തിലൂടെ വീണ് മുടിയിഴകളിലൂടെ നിലത്തേയ്ക്ക് പതിച്ചു.

ലയാന എഴുന്നേറ്റു. പിന്‍തിരിഞ്ഞു നോക്കാതെ അവള്‍ മുന്നിലേയ്ക്ക് നടന്നു. തീരത്തെത്തിയ അവളെ നോക്കി ആ നദി ഒന്ന് നിലച്ചിരുന്നുവോ..? ഉണ്ടാകാം. അല്ലെങ്കില്‍ അവള്‍ ആ നദിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഓളങ്ങള്‍ ഇളകുമായിരുന്നില്ലേ..!!! വൈഗരയുടെ ആഴങ്ങളിലേയ്ക്ക് ലയാന നടന്നിറങ്ങുകയായിരുന്നു. ഒരുവേള, മുങ്ങിയവള്‍ പൊങ്ങിവന്നു. ലിയാത്തിനു നേരെയവള്‍ കൈകള്‍ വീശി യാത്ര ചൊല്ലി. വൈഗര നദി അപ്പോള്‍ തേങ്ങുകയായിരുന്നു. പിന്നെയും അവള്‍ ഒഴുകി. പക്ഷെ, അവള്‍ തനിച്ചായിരുന്നില്ല.

ആ രാവ് മുഴുവന്‍ വൈഗരയുടെ അഗാധങ്ങളില്‍, അവളെ ഒളികണ്ണിട്ടു നോക്കിയ മുത്തുകളില്‍ തട്ടിത്തട്ടി ലയാന നീങ്ങുകയായിരുന്നു. ഒടുവില്‍, നീറ്റിലേയ്ക്കിറങ്ങി പടര്‍ന്നു നില്‍ക്കുന്നൊരു കൂറ്റന്‍ മരത്തിന്‍റെ വേരുകള്‍ക്കിടയില്‍ കുരുങ്ങി അവള്‍ നിശ്ചലമായി. അവളുടെ പൂക്കള്‍ തുന്നിച്ചേര്‍ത്ത പാവാട ഞൊറികള്‍ ഒഴുക്കിലേയ്ക്ക് നീങ്ങാന്‍ വെമ്പല്‍ കൊണ്ടിരുന്നു.

കരയില്‍ ലിയാത്തപ്പോഴും കൈകാലിട്ടടിച്ചു കളിയ്ക്കുകയാണ്. അവനു ചുറ്റും കാറ്റില്‍ പാറി വന്ന കുടമുല്ല പൂക്കളില്‍ ചിലത് അവനിലേയ്ക്കു പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

നിശ്ചലമായ രാവ്. ഒടുവില്‍, ഇവിടെ നടന്ന കഥയറിയാതെ, ദിശയറിയാതെ വന്നൊരു കാറ്റ് മരച്ചില്ലകളെ തെല്ലുയര്‍ത്തി. അപ്പോഴേയ്ക്കും ലയാനയുടെ കുടമുല്ലത്തോട്ടത്തിലെ സുഗന്ധം ലിയാത്തിന് ചുറ്റും അദൃശ്യമായി പരന്നൊഴുകാന്‍ തുടങ്ങി. തിങ്കള്‍ കാര്‍മേഘത്തുണ്ടുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നോക്കി. ഏകാനായ് കിടന്നിരുന്ന ലിയാത്തിന്‍റെ മുഖത്തേയ്ക്കവന്‍ വെട്ടം തെളിച്ചു. ലയാനയെ കാണാതെ തിങ്കള്‍ ദുഃഖിതനായി. എന്നിട്ടും ലിയാത്തിന് ചുറ്റും.... നിറഞ്ഞ നിലാവുമായവന്‍ കാവല്‍ നിന്നു.

(തുടരും)
രചന: ശ്രീ വര്‍ക്കല



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ