2014 ഫെബ്രുവരി 16, ഞായറാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 24

ചിന്നമ്മു കരയുന്ന കുഞ്ഞിനെ മാറത്തേയ്ക്ക് ചേര്‍ത്തണച്ചു. ഭ്രാന്തിയെപ്പോലെ മുറ്റത്തേയ്ക്ക് ഓടിയിറങ്ങിയ ചിന്നമ്മുവിനെ കണ്ട ജനി എന്തുചെയ്യണം എന്നറിയാതെ ഒന്ന് പകച്ചു. ചിന്നമ്മുവിനു ആ സമയം തന്നെ ധാരാളമായിരുന്നു. പരിസരം മറന്നവള്‍ കിണറ്റിനരുകിലേയ്ക്ക് ഓടി. ജനി കരഞ്ഞുകൊണ്ട്‌ ചിന്നമ്മുവിന്റെ പുറകെയോടി. എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാക്കാതെ ചിന്നമ്മുവിന്റെ പുറകെ ഓടുമ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞു...

"ചിന്നമ്മു വേണ്ട ചിന്നമ്മു, നീ അബദ്ധമൊന്നും കാണിക്കല്ലേ ചിന്നമ്മു".

പക്ഷെ, ജനിയുടെ വിളികേള്‍ക്കാന്‍ ചിന്നമ്മു കൂട്ടാക്കിയില്ല. അവള്‍ ഓടിവന്നു ആ കിണറ്റിനുള്ളിലേയ്ക്ക് കുതിച്ചുചാടി. "ചിന്നമ്മൂ.....ഒരലര്‍ച്ചയോടെ ജനി ചിന്നമ്മുവിന്‍റെ ഒരു കരം കവര്‍ന്നു. പക്ഷെ, ചിന്നമ്മുവിന്‍റെ കരം ജനിയുടെ കരത്തില്‍ നിന്നൂര്‍ന്ന്, ആ കിണറ്റിലേയ്ക്കവള്‍ പതിയ്ക്കുക തന്നെ ചെയ്തു.

ജനി കിണറ്റിന്‍റെ കരയില്‍ നിന്നും ഉറക്കെവിളിച്ചു. അതിന്‍റെ കല്‍ഭിത്തിയില്‍ പിടിച്ച് ഒന്ന് നോക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളു. പ്രാണവേദനയില്‍ പിടയുന്ന രണ്ട് ശരീരങ്ങള്‍, ആ കിണറ്റിന്‍റെ കരയില്‍ നിന്നും നാലുപാടും നോക്കിയവള്‍ അലറിക്കരഞ്ഞു. "കണ്ണേട്ടാ....അയ്യോ ആരെങ്കിലും ഒന്നോടിവരണേ..!!!

വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന കണ്ണനും, വീട്ടിനുള്ളിലേയ്ക്ക് കയറിയ തങ്കവും ജനിയുടെ അലമുറ കേട്ട് ഞെട്ടി. ഓടിവന്ന വേലക്കാരി തങ്കത്തെ കണ്ടു പുച്ഛത്തോടെ മുഖം തിരിച്ചു. അത് കണ്ട തങ്കം, ഇവിടെ നടന്നതെല്ലാം ഒരുവേള അവള്‍ കണ്ടിരിക്കാം എന്ന് ശങ്കിച്ചു. ഒന്ന് പകച്ചുവെങ്കിലും, വിളി കേട്ട ദിശ നോക്കി കണ്ണന്‍ ഓടി. ജനിയുടെ വിളിയപ്പോഴും ഉച്ചത്തിലായിരുന്നു. വിളി കേള്‍ക്കുന്നത് തന്‍റെ കുടിലിന്‍റെയരുകില്‍ നിന്നാണെന്നു ഇതിനകം മനസ്സിലാക്കിയ കണ്ണന്‍ അവിടേയ്ക്ക് ഓടിയടുത്തു. ജനിയെകണ്ടവന്‍ വിളിച്ചു ചോദിച്ചു.

"ജനീ....എന്താ എന്തുണ്ടായി????

"കണ്ണേട്ടാ... ദേ! ചിന്നമ്മു...ദേ ചിന്നമ്മു... കിണറ്റിലേയ്ക്ക് ചൂണ്ടിയവള്‍ പൊട്ടിക്കരഞ്ഞു. കണ്ണന്‍ കിണറ്റിനരുകിലേയ്ക്ക് ഓടിയെത്തി. കിണറ്റിനുള്ളിലേയ്ക്ക് നോക്കിയ അവന്‍ പെട്ടെന്ന് കിണറ്റിലേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും ആളുകള്‍ അവിടേയ്ക്ക് എത്തിത്തുടങ്ങി. കണ്ണന്‍റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. കൈകള്‍ കുഴഞ്ഞു. താഴെ, വെള്ളത്തില്‍ കൈകളിട്ടടിക്കുന്ന ചിന്നമ്മുവിനെ നിറകണ്ണുകളോടെ നോക്കിയവന്‍,.

അതേസമയം മുകളില്‍ ജനി ബോധശൂന്യയായി നിലംപതിച്ചു. ആളുകള്‍ അവളെ കണ്ണന്‍റെ ചെറ്റക്കുടിലിനു മുന്നിലെ തിണ്ണയിലേയ്ക്ക് എടുത്തുകിടത്തി. താഴേയ്ക്ക് എത്തുംതോറും കണ്ണന്‍റെ കാലുകള്‍ കുഴഞ്ഞു. എങ്കിലും ഒരുവിധം അവന്‍ കിണറ്റിനടിയില്‍ എത്തി.

മുങ്ങിപ്പൊങ്ങുകയായിരുന്ന ചിന്നമ്മുവിന്‍റെ മുടിയിഴകളില്‍ പിടിച്ചവന്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അവളുടെ മരണപിടയല്‍ അവന്‍റെ കരങ്ങള്‍ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അതോടെ, അവന്‍ വിറയലോടെ തെന്നി വെള്ളത്തിലേയ്ക്ക് വീണു. അപ്പോഴേയ്ക്കും ആരൊക്കെയോ രണ്ടു മൂന്നുപേര്‍ കിണറ്റിനുള്ളിലേയ്ക്ക് ഇറങ്ങിയിരുന്നു. കണ്ണന്‍ വ്യസനം സഹിയ്ക്കാന്‍ കഴിയാതെ ചിന്നമ്മുവിന്‍റെ മുടിയിഴകളില്‍ കൈകള്‍ ചുറ്റി തളര്‍ന്നുവീണു.

ആളുകള്‍ ചേര്‍ന്ന് ചിന്നനെയും, ചിന്നമ്മുവിനെയും, കണ്ണനെയും കിണറ്റിന് പുറത്തേയ്ക്ക് എടുത്തു. ചിന്നന്‍ കിണറ്റിന്‍റെ തൊടിയുടെ കോണിലെവിടെയോ തലയടിച്ചു മരിച്ചുകഴിഞ്ഞിരുന്നു. അവന്‍റെ കുഞ്ഞുമുഖം ചോരകൊണ്ട് ചുവന്നിരുന്നു.

കിണറ്റിന്‍കരയില്‍ നിന്നും ചിന്നമ്മുവിന്‍റെ ശരീരം താങ്ങിയെടുത്ത് കൊണ്ടുവരുമ്പോള്‍ അവളുടെ അഴിഞ്ഞുവീണ മുടികളില്‍ നിന്നും വെള്ളത്തോടൊപ്പം ഇറ്റ് വീണുകൊണ്ടിരുന്ന ചോരപതിച്ചു ആ വഴിയാകെ ചുവന്നു. അവളുടെ നനഞ്ഞ മാറിടങ്ങള്‍ക്കിടയില്‍ രക്തം നിറഞ്ഞുനിന്ന് അതിങ്ങനെ ഉടുപ്പിനു മുകളിലൂടെ ഒഴുകാന്‍ തുടങ്ങി. പെട്ടെന്ന്, ആരോ വിളിച്ചുപറഞ്ഞു.... "ചിന്നമ്മൂന് ജീവനുണ്ട്...ചിന്നമ്മൂന് ജീവനുണ്ട്.

ജനി ഞെട്ടിയെഴുന്നേറ്റു. ഓടിവന്നവള്‍ ചിന്നമ്മുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കണ്‍പൂട്ടി കിടന്നിരുന്ന ചിന്നമ്മുവിനെ അവള്‍ കുലുക്കി വിളിച്ചു. ചിന്നമ്മുവിന്റെ ശരീരം ഉലച്ചുകൊണ്ടവള്‍ വീണ്ടും വീണ്ടും കരഞ്ഞു. വന്നവരുടെയും, നിന്നവരുടെയും കണ്ണുകള്‍ ജലാര്‍ദ്രങ്ങളായി. അപ്പോഴേയ്ക്കും കണ്ണനും കണ്ണുകള്‍ തുറന്നു. അവന്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വാസു അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. രണ്ടുകരങ്ങളും കൊണ്ടവന്‍ മുഖം പൊത്തി. ചിന്നമ്മുവിനെ നോക്കി തേങ്ങിക്കരഞ്ഞ അവന്‍ അപ്പോഴാണ്‌ അവള്‍ക്കരുകില്‍ ചോരവാര്‍ന്നു കിടന്നിരുന്ന ചിന്നനെ കണ്ടതു. ഒരലര്‍ച്ചയായിരുന്നു അവന്‍റെയുള്ളില്‍ നിന്നും അപ്പോള്‍ പുറത്തുവന്നത്. അപ്പോഴേയ്ക്കും അവിടേയ്ക്ക് ഒരു കാര്‍ പാഞ്ഞെത്തി. ചിന്നമ്മുവിനെയും, കുഞ്ഞിനേയും ആരൊക്കെയോ ചേര്‍ന്ന് കാറിനുള്ളില്‍ കിടത്തി. അത് അതിവേഗത്തില്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

കണ്ണന്‍ അവരോടൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതുമൂലം പോലീസ് അവിടെയെത്തി. അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ്, ജനിയെയും ചോദ്യം ചെയ്തു... ഒപ്പം കണ്ണനെയും.

പോലീസ് പോയപ്പോള്‍, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തങ്കം...വിവശയായി പുറത്തേയ്ക്ക് വന്നു. അവള്‍ നന്നേ വിറച്ചിരുന്നു. മുഖം പൊത്തി കരയുന്ന കണ്ണനെ കാണാനുള്ള ശക്തി അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍, മണിമാളികയിലേയ്ക്ക് തിരിഞ്ഞോടി.

നേരം കടന്നു പോയി. ആശുപത്രിയുടെ അത്യാഹിത വാര്‍ഡിന് മുന്നില്‍ നിന്നു വാസു തേങ്ങി. ചിന്നന്‍റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയിരുന്നു. വാസു നിറകണ്ണുകളോടെ നിന്നു. അപ്പോള്‍, അയല്‍വാസികളില്‍ ചിലര്‍ വാസുവിന് അടുത്തെത്തി ചോദിച്ചു..

"വാസുവേട്ടാ... ഇനീപ്പോ എങ്ങനാ...?കുഞ്ഞിന്‍റെ ശരീരം കൊണ്ടുവരുമ്പോള്‍ ആരെങ്കിലും വേണ്ടേ അതേറ്റുവാങ്ങാന്‍ ??.. ബന്ധുക്കളായി അവര്‍ക്കാരും ഇല്ലല്ലോ".

വാസു ചോദിച്ചു... "ഞാനെന്താ ചെയ്ക നിങ്ങള് തന്ന പറ. അവനെ ഇവിടെ കൊണ്ടുവന്നാല്‍ എങ്ങനാ..? ഇതെല്ലാം കണ്ടുകൊണ്ടു അവന്‍ എങ്ങനാ ഇവിടെ നില്‍ക്കുന്നത്..?

വാസു ഒന്നാലോചിച്ചു. എന്നിട്ട് പറഞ്ഞു. അതുമല്ല കണ്ണന്‍ ഇവിടെ വന്നാല്‍ പിന്നെ അവിടെ എങ്ങനാ... അവിടെയും ആരേലും വേണ്ടേ??കുഞ്ഞിന്‍റെ മൃതദേഹം അടക്കം ചെയ്യണ്ടേ... എനിക്ക് ഒന്നും പിടികിട്ടുന്നില്ല. വാസു നെഞ്ച് അമര്‍ത്തിത്തടവി നിന്നു. നേരം കഴിയുംതോറും അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.

(തുടരും)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ