2014 ഫെബ്രുവരി 4, ചൊവ്വാഴ്ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 17

പുലര്‍കാലം വീണ്ടും വയല്‍ക്കരഗ്രാമത്തെ തൊട്ടുണര്‍ത്തി. പണിയായുധങ്ങളും എടുത്ത് ഓരോരുത്തരും പണിസ്ഥലങ്ങളിലേയ്ക്ക് പോയിത്തുടങ്ങി. ചിന്നമ്മു ഉണര്‍ന്നു കുഞ്ഞിനുള്ള ആഹാരം തയ്യാറാക്കുന്നുണ്ട്. കണ്ണന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നിട്ടില്ല. ചിന്നന്‍ ചിന്നമ്മുവിന്റെ വസ്ത്രതുമ്പില്‍ പിടിച്ചു അവളുടെ അടുക്കല്‍ നില്‍ക്കുകയാണ്. എടുക്കാന്‍ ചിണുങ്ങുകയായിരുന്ന കുഞ്ഞിനേയും എടുത്തുകൊണ്ടു അവള്‍ പുറത്തേയ്ക്കുപോയി.

കിതച്ചെതിയ കാറ്റില്‍ വാതില്‍ പതിയെയടഞ്ഞു. ആ ചെറിയ ശബ്ദം കണ്ണന്‍റെ ഉറക്കം കെടുത്തി. അവന്‍ ഉണര്‍ന്നു കിടക്കമേല്‍ ഒന്ന് നടുനിവര്‍ത്തി. ചരിഞ്ഞു മേശമേല്‍ ഇരുന്ന ഘടികാരത്തിലേയ്ക്ക് നോക്കിയവന്‍, ഉറക്കത്തില്‍ ഊര്‍ന്നുപോയ മുണ്ട് വാരിയുടുത്തുകൊണ്ട് എഴുന്നേറ്റു. ചുവരിലെ നിലക്കണ്ണാടിയില്‍ നോക്കി മുടിയിഴകളില്‍ കൈകള്‍ തെരുപിടിച്ചു. ഈ സമയം ചിന്നമ്മു അകത്തേയ്ക്ക് വന്നു. ഉണര്‍ന്നയുടന്‍ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ തിരിഞ്ഞു പിരിഞ്ഞും നിന്ന് സ്വയം മുഖസൗന്ദര്യം ആസ്വദിക്കുന്ന കണ്ണനെ കണ്ടവള്‍ ഒന്നമര്‍ത്തി മൂളി അടുക്കളയിലേയ്ക്ക് നടന്നു.

"ചിന്നമ്മു.....കണ്ണന്‍ വിളിച്ചു.
ചിന്നമ്മു നിന്നു. മെല്ലെ തിരിഞ്ഞു നോക്കി. ചിന്നന്‍ നിലത്തേയ്ക്ക് ഇറങ്ങാനായി ബഹളം വച്ചപ്പോള്‍ അവള്‍ അവനെ നിലത്താക്കി.

"ചിന്നമ്മൂ.... എന്നോട് പിണക്കം മാറീട്ടില്ല നിനക്ക്...? അവന്‍ നേര്‍ത്തസ്വരത്തില്‍ ചോദിച്ചുകൊണ്ട് അവളുടെ അരികിലെത്തി. അവളൊന്നും മിണ്ടിയില്ല. ചിന്നന്‍ കണ്ണന്‍റെ കാലില്‍ പിടിച്ചു മുഖത്തേയ്ക്കു നോക്കി. ചിന്നമ്മു ആലോചിച്ച് ഒരുനിമിഷം നിന്നശേഷം കുഞ്ഞിനെ വലിച്ചെടുത്തുകൊണ്ട് അടുക്കളയിലേയ്ക്ക് പാഞ്ഞു. കണ്ണന്‍ സ്വയം ശപിക്കുംപോലെ എന്തൊക്കെയോ പിറുപിറുത്തു.

"കണ്ണാ......" പുറത്ത് നിന്നും വാസുവായിരുന്നു അത്.
കണ്ണന്‍ വിളികേട്ടുകൊണ്ട് വാതില്‍ തുറന്നു പുറത്തേയ്ക്ക് വന്നു.
"എന്താ കണ്ണാ ഇങ്ങനെ? എത്ര ദിവസമെന്ന് വച്ചാ... ഇന്ന് നീ കൂടെപ്പോര് ജോലിയ്ക്ക്. തനിച്ച് പണിയെടുക്കാന്‍ പ്രയാസം തന്നെയാടാ. അതല്ലാതെ, നീയിങ്ങനെ പുരയടച്ചിരുന്നാല്‍ ഉണ്ടായ ദെണ്ണം തീരുവോ? ഒക്കെ ശരിയാവും കണ്ണാ. നീ ഇങ്ങട് വന്നാട്ടെ...വാസു സ്നേഹത്തോടെ കണ്ണനെ നോക്കി പറഞ്ഞു.

"ചിന്നമ്മൂ... കുറച്ചു കൂടി വാതിലിനടുത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് വാസു അകത്തേയ്ക്ക് നോക്കി വിളിച്ചു.
"എന്തോ... ചിന്നമ്മു വിളികേട്ടു. പിന്നെ എന്താ വാസുവേട്ടാ എന്ന് ചോദിച്ചവള്‍ അവരുടെ അരികിലേയ്ക്ക് വന്നു.
വാസു ചിന്നമ്മുവിനെ നോക്കിപ്പറഞ്ഞു.

" ദേ! ചിന്നമ്മു സംഭവിച്ചത് സംഭവിച്ചു. ഇനിയിപ്പോ രണ്ടുപേരും ഇതങ്ങട് മനസ്സില്‍ വച്ച് എന്തെങ്കിലും പ്രശ്നമുണ്ടാക്കി നാട്ടാരെക്കൂടി അറിയിച്ചാല്‍ അതിന്‍റെ കുറവ് നിങ്ങള്‍ക്ക് തന്നെയാണ്. പ്രത്യേകിച്ച്, മോളെ നിനക്കും ഈ കുഞ്ഞിനും. ഞാനാരോടും ഒന്നും പറഞ്ഞിട്ടില്ല. കണ്ണനെ തിരക്കിയവരോടെല്ലാം സുഖമില്ല എന്നേ ഞാന്‍ പറഞ്ഞോള്. നമ്മുടെയൊക്കെ മനസ്സ് കനല്‍ക്കട്ടകള്‍ കൂട്ടിയിട്ടൊരു അടുപ്പാണ് ചിന്നമ്മുവേ. ഒരു ചെറിയ കാറ്റ് മതി അതിങ്ങനെ ചുവന്നുതുടുത്ത് എരിയാന്‍ തുടങ്ങും. അത് ചൂടുപിടിക്കുന്നതും നീറുന്നതും ഒക്കെ നിങ്ങടെ ഉള്ളിലാ. ആ കനല്‍ അങ്ങിനെയങ്ങ് കൊടുംതീയായി പടരാതെ നോക്കേണ്ടത് നമ്മള്‍ തന്നെയാ. ആദ്യം നമ്മളെ നാം അറിയുക. പിന്നീട് മറ്റുള്ലൊരു. അതാ അതിന്റെ ശെരി. കണ്ണന്‍ ചെയ്ത തെറ്റിനെ വാസുവേട്ടന്‍ ന്യായീകരിയ്ക്കുകയാണ് ചെയ്യുന്നത് എന്ന് നീ ധരിക്കരുത്. പരസ്പരം ഒരുപാടിഷ്ടമുള്ള ഭാര്യഭര്‍ത്താക്കന്മാര്‍ ഒരിക്കലും ഈ പണിയ്ക്ക് പോകില്ല. എന്നിട്ടും, ഇങ്ങനെയൊക്കെ സംഭവിച്ചു. ഇനീപ്പോ പരസ്പരം പഴിചാരി ഉള്ള സന്തോഷം കളയണ്ട രണ്ടുപേരും.

ചിന്നമ്മുവിന്റെ കണ്ണുകള്‍ നിറഞ്ഞു. വാസു പറയുന്നതെല്ലാം തന്നെ അനുസരണയുള്ള ഒരു മകളെപ്പോലെ അവള്‍ കേട്ടുനിന്നു. ഈ സമയം കണ്ണന്‍ അകത്തേയ്ക്കുപോയി. അവന്‍ ഷര്‍ട്ട് എടുത്തിട്ടു. ചിന്നമ്മു അടുക്കളയിലേയ്ക്ക് പോയി. വാസു പുറത്തേയ്ക്ക്, അങ്ങ് വിദൂരതയിലേയ്ക്ക് നോക്കി നില്‍പ്പാണ്. കണ്ണന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു കൈകള്‍ തെറുത്തുവയ്ക്കുകയാണ്. ചിന്നമ്മു രണ്ടു ഗ്ലാസ്സുകളില്‍ ചായ പകര്‍ന്നുകൊണ്ട് വന്നു. അതിലൊന്ന് വാസുവിന് നല്‍കിയവള്‍ തിരിഞ്ഞു കണ്ണന്‍റെയടുക്കല്‍ വന്നു.
"കണ്ണേട്ടാ.. ചായ!! അവള്‍ പതിയെ പറഞ്ഞു. അവളുടെ വിളികേട്ട് തിരിഞ്ഞപ്പോള്‍ കണ്ണന്‍റെ കണ്ണുകളിലെ തിളക്കം അവള്‍ കണ്ടു. അവന്‍ അതിയായ സന്തോഷം കൊണ്ട് ആ ചായ വാങ്ങിക്കുടിച്ചു. പിന്നെ വാസുവിനോപ്പം പുറത്തേയ്ക്കുപോയി.

നടന്നുനീങ്ങുമ്പോള്‍ വാസു കണ്ണനോട് ചോദിച്ചു. ഞാനന്നെ പറഞ്ഞില്ലായിരുന്നോ കണ്ണാ നിന്നോട്? എന്നിട്ടും നീ നിര്‍ത്തിയില്ല. ഞാനോര്‍ക്കുവാ... എന്ത് നല്ലവളാ ചിന്നമ്മൂന്ന്‍. സ്വന്തം ഭര്‍ത്താവിനെ മറ്റൊരുവളുടെ കിടപ്പറയില്‍ അവള്‍ക്കൊപ്പം കണ്ടിട്ട്പോലും ആ സാധുപെണ്ണ് ക്ഷമിച്ചു. സത്യമാ കണ്ണാ... ആ പെങ്കൊച്ച് നിന്‍റെ ദേവതയാ. നീ സ്വപ്നം കാണുന്നെങ്കില്‍ അവളെ കാണണം. നിന്‍റെ ശ്വാസം പതിയ്ക്കേണ്ടത് അവളുടെ ദേഹത്താണ്. നാം നടന്നുപോകുന്ന വഴികളില്‍, നമ്മുടെ പാദങ്ങള്‍ക്കടിയില്‍ എത്രയോ കൂര്‍ത്തകല്ലുകള്‍ ഉണ്ട്. എപ്പോഴും അത് നമ്മുടെ പാദങ്ങളെ വേദനിപ്പിക്കാറില്ല. പക്ഷെ, നാം അറിഞ്ഞുകൊണ്ട് നടന്നുപോകുന്ന ചില വഴികള്‍ ഉണ്ട്. കൂര്‍ത്തമുള്ളുകള്‍ നിറഞ്ഞ ചില വഴികള്‍,.. ഒടുവില്‍, നമ്മളെ പൊയ്ക്കാലുകളില്‍ നടത്തിയ്ക്കും ആ വഴികള്‍,..അതോര്‍ക്കുക നീ എന്നും.
ഇനിയെങ്കിലും എല്ലാം മറന്നു നിങ്ങള്‍ സ്നേഹിക്കണം....അത് കാണണം എനിക്ക്. വാസു പറഞ്ഞു നിര്‍ത്തി.
"ഒക്കെ ഞാന്‍ ചിന്തിക്കുന്നുണ്ട് വാസുവേട്ടാ. പക്ഷെ, എന്‍റെ കുഞ്ഞിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍,..... കണ്ണന്‍ ഇത്രയും പറഞ്ഞുകൊണ്ട് പകുതിയില്‍ നിര്‍ത്തിയപ്പോള്‍ വാസു തുടര്‍ന്നു.
"അതെന്താ അങ്ങിനെ? ചിന്നനും നിന്‍റെ മകനല്ലേ? അവന്‍റെ നന്മ നീയാഗ്രഹിക്കുന്നില്ലേ...? അവനും ചിന്നമ്മുവിനും നീ മാത്രേ ഉള്ളൂ എല്ലാത്തിനും. തങ്കത്തിന്റെ കാര്യവും, അവളുടെ കുഞ്ഞിന്‍റെ കാര്യവും അതല്ല.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ