ചിന്നമ്മു അനാഥയാണ്
അദ്ധ്യായം 27
രാത്രി കനം വച്ചു. കണ്ണന്‍ കുടിലിന്‍റെ മുന്‍വശത്ത് തിണ്ണമേല്‍ ചാരിയിരിപ്പുണ്ട്. അകത്തെരിയുന്ന റാന്തലിന്‍റെ നാളം കെടാറായി. അപ്പോഴും, ആയിരുപ്പിലും അവന്‍റെ കണ്ണുകള്‍ക്കുള്ളില്‍ തെളിയുന്നത് ഉയര്‍ന്നു നില്‍ക്കുന്ന ആ മണ്‍കൂന മാത്രമാണ്. എല്ലാമെല്ലാമായ തന്‍റെ പൊന്നോമന അന്തിയുറങ്ങുന്ന ആ കുഞ്ഞു മണ്‍കൂന. ചിന്തകള്‍ പടര്‍ന്നുകയറുമ്പോള്‍, കൈകാലുകള്‍ തളര്‍ന്നവന്‍ എരിയുവാന്‍ തുടങ്ങി. അതിനൊടുവില്‍ ഒരു തേങ്ങലായി അതുടഞ്ഞുവീണു.
തൊട്ടിലില്‍ കിടന്ന കുഞ്ഞു ഉണര്‍ന്നു കരഞ്ഞു. പാതിയടഞ്ഞ ജനലരുകില്‍ തല ചായ്ച്ച്, അന്തിയില്‍ വിരിഞ്ഞ പൊന്‍നക്ഷത്രങ്ങളെ നോക്കി തങ്കം തളര്‍ന്ന കണ്ണുകളോടെ ഇരിപ്പുണ്ട്. കുഞ്ഞിന്‍റെ കരച്ചില്‍ അവളില്‍ ഒരു ഞെട്ടലുണ്ടാക്കി. പിടഞ്ഞെഴുന്നേറ്റു അവള്‍ കുഞ്ഞിനെ താരാട്ടിയുറക്കി. കുഞ്ഞു വീണ്ടും ഉറക്കം പിടിച്ചപ്പോള്‍, തങ്കം ജനലരുകില്‍ ചേര്‍ന്ന് നിന്നു. അവളുടെ ദൃഷ്ടി അകലെ കണ്ണന്‍റെ കുടിലിനരുകിലേയ്ക്കു പാഞ്ഞു. അവള്‍ക്കവനെ കാണാം, അവ്യക്തമായി. അവളില്‍ അവനൊരു നൊമ്പരമുണര്‍ത്തിയ ഓര്‍മയായി. തങ്കം ചിന്തിച്ചു. എത്രയേറെ പറഞ്ഞതാണ് കണ്ണന്‍, എന്നിട്ടും കേള്‍ക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ല. പിന്നവള്‍ സ്വയം സമാധാനിച്ചു. ഞാന്‍ മാത്രമല്ലല്ലോ ഇതില്‍ തെറ്റുകാരി. കണ്ണനും തെറ്റുകാരനല്ലേ....ന്നാലും ചിന്നമ്മു എന്തിനീ അവിവേകം കാട്ടി. ഉത്തരം കണ്ടെത്താന്‍ കഴിയാത്ത കുറെ ചോദ്യങ്ങള്‍ അവളുടെ മനസ്സ് അവളോട് ചോദിച്ചു. മറുപടി കിട്ടാതെ നെഞ്ചില്‍ കിടന്ന് അത് നീറാന്‍ തുടങ്ങി. തങ്കം വിഷണ്ണയായി കസേരയിലേയ്ക്കിരുന്നു. ചിന്തകള്‍ അവളെ നോവിക്കുമ്പോഴും, കണ്ണന്‍ അവളില്‍ ഒരു വികാരമായി വീണ്ടും വീണ്ടും പടര്‍ന്നുകയറുകയാണ്. കണ്ണനെ തന്റേതുമാത്രമായി കാണാന്‍ ഇനിയെന്നാണ് ഒരവസരം കിട്ടുക. അങ്ങനെ ഒരു ചിന്തയും കൂടി അവളുടെ മനസ്സിനെ മഥിക്കാന്‍ തുടങ്ങി.
കണ്ണന്‍റെ കണ്ണുകളില്‍, അടുത്തേയ്ക്ക് നടന്നുവരുന്ന ഒരാള്‍ രൂപം തെളിഞ്ഞു തുടങ്ങി. കാല്‍മുട്ടുകളില്‍ വിശ്രമം പൂണ്ടിരുന്ന അവന്‍റെ മുഖം മെല്ലെയൊന്നുയര്‍ന്നു. വാസുവായിരുന്നു അത്.
"കണ്ണാ..." എന്താടാ...ഈ ഇരുട്ടില്‍ ഇങ്ങനെ നീ തനിച്ചിരിക്കാതെ, നിനക്കങ്ങട് വന്നൂടെ..?
ചോദിച്ചുകൊണ്ടയാള്‍ അവനരുകിലായി വന്നിരുന്നു. വാസു ചുറ്റുമൊന്ന് കണ്ണോടിച്ചു. അയാള്‍ ചിന്തിച്ചു. ചിന്നമ്മു ഉണ്ടായിരുന്നപ്പോള്‍ ഒരു ചെറ്റക്കുടില്‍ ആയിരുന്നിട്ടുകൂടി എത്ര ഭംഗിയായിരുന്നു ഇവിടം. ഇപ്പോഴിതാ ആളൊഴിഞ്ഞ അരങ്ങുപോലെ നിശബ്ദമാണവിടം. മുറ്റത്താകെ പഴുത്ത ഇലകള്‍ വീണു കിടക്കുന്നു. അകത്ത് ഒരു വെളിച്ചം പോലുമില്ല. വാസു അകത്തേയ്ക്ക് കയറി എരിഞ്ഞടങ്ങിയിരുന്ന റാന്തല്‍ തിരിനീട്ടി കത്തിച്ചുവച്ചു. എന്നിട്ടയാള്‍ വീണ്ടും കണ്ണന്‍റെയരുകില്‍ വന്നിരുന്നു.
കണ്ണന്‍ അപ്പോഴേയ്ക്കും വാസുവിനെ നോക്കി ഒന്ന് മന്ദഹസ്സിച്ചു. എന്നിട്ട് അടഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു ...
"വാസുവേട്ടാ... ങ്ങളെന്തിനാ ഈ രാത്രീല്... വേണ്ട വാസുവേട്ടാ എത്ര കാലംന്ന്വച്ചിട്ടാ ങ്ങളെനിക്ക് കൂട്ടിരിക്കാ... എന്‍റെ സൗഭാഗ്യങ്ങള്‍ എല്ലാം പോയി. ഇനിയെന്‍റെ ജീവിതം എന്‍റെ കണ്മുന്നില്‍ പകലുപോലെ തെളിയുകാ.. ഞാന്‍ മാത്രമായി,..വീണ്ടും ഞാന്‍ മാത്രമായി.
വാസുവിന് കലശലായ ദേഷ്യം വന്നു...
" നീ...നീ മാത്രമായതാണോ...? നീ സ്വയം വരുത്തിയതല്ലേ ഇതെല്ലാം. നോക്ക്, കണ്ണാ... നിന്നെ ഞാനിനി ശാസ്സിക്കില്ല. അതുകൊണ്ട് കാര്യമില്ല. നിനക്ക് എല്ലാം സ്വയം തിരിച്ചറിയാനുള്ള പ്രായമായി." അയാള്‍ പറഞ്ഞു നിര്‍ത്തി.
അവര്‍ക്കിടയില്‍ മൂകത തളം കെട്ടി.
അത് ഖണ്ഡിച്ചുകൊണ്ട് വാസു തന്നെ തുടര്‍ന്നു.
" ഇനീപ്പോ അതും ഇതും പറഞ്ഞു നേരം കളയണ്ട. നീ എഴുന്നേല്‍ക്ക്, നിനക്കും ചോറിട്ട് കാത്തിരിക്കുകാ അവള്... വാ" സ്നേഹത്തോടെ വാസു തന്‍റെ വീട്ടിലേയ്ക്ക് കണ്ണനെ വിളിച്ചുകൊണ്ട് പോയി.
വാസുവിന്‍റെയരുകില്‍, ചോറ്റുപാത്രം നോക്കി കണ്ണന്‍ അങ്ങിനെയിരുന്നു. കഴിക്ക് കണ്ണാ... വാസു നിര്‍ബന്ധിച്ച് അവനെകൊണ്ട് കുറച്ചു ഭക്ഷണം കഴിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞു പുറത്ത് നിലാവിനെ നോക്കിയവര്‍ വെറുതെയിരുന്നു. കണ്ണന്‍റെ വിരലുകള്‍ താഴെ പൂഴിമണ്ണില്‍ എന്തൊക്കെയോ പരതിക്കൊണ്ടിരുന്നു. വാസു അവനെത്തന്നെ നോക്കിയിരുന്നു. കണ്ണന്‍ ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടു. അപ്പോള്‍ വാസു അവനോടു പറഞ്ഞു.
"...കണ്ണാ.. ഇനി ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. ഒരു വീട്ടില്‍, നീയിങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിനോട് എനിക്കിപ്പോള്‍ താല്‍പര്യമില്ല. തല്‍ക്കാലം ആശുപത്രീലെ കാര്യങ്ങള്‍ ജനി നോക്കിക്കൊള്ളും. നമ്മുക്ക് എല്ലാ ദിവസോം ഉച്ചതിരിഞ്ഞ് ചിന്നമ്മുനെ പോയിക്കാണാം. അതുമതി. നാളെ രാവിലെ മുതല്‍ എനിക്ക് ജോലിയ്ക്ക് പോണം. നിനക്കറിയാല്ലോ... ഇന്നേയ്ക്ക് ഏഴു ദിവസമായി ഞാന്‍ തൂമ്പ കൈകൊണ്ടു എടുത്തിട്ട്. ഞാന്‍ ഇനിയും ജോലിയ്ക്ക് പോകാണ്ടിരുന്നാല്‍ കുടീല് പട്ടിണിയാകുമെടാ. അതുകൊണ്ട് നാളെ നീയും പോന്നോള്ളൂ. കണ്ണനെ ആകാംഷയോടെ നോക്കി വാസു പറഞ്ഞു.
"ശരി വാസുവേട്ടാ... ഞാനും അതിനെക്കുറിച്ച് ചിന്തിക്കുവായിരുന്നു. മുതലാളി പണം കൊടുത്താലും ഇന്നല്ലെങ്കില്‍ നാളെ ഞാനത് തിരികെകൊടുക്കണം. അപ്പോള്‍ പിന്നെ ഞാനത് ഇപ്പോഴേ ഉത്സാഹിക്കുന്നത് നല്ലതല്ലേ ..?
വാസു ചിന്തിച്ചതുപോലും ഇല്ല കണ്ണന്‍റെ മനസ്സ് പെട്ടെന്ന് ഇതിനു വഴങ്ങും എന്ന്. കണ്ണന്‍റെ പുഞ്ചിരി വാസുവില്‍ വല്ലാത്തൊരു ആശ്വാസം പടര്‍ത്തി.
കണ്ണന്‍ ഇരിക്കുന്നിടത്ത് നിന്നു മെല്ലെ എഴുന്നേറ്റു. വേഷ്ടിയില്‍ പറ്റിപ്പിടിച്ചിരുന്ന മണ്‍തരികള്‍ തട്ടിക്കളഞ്ഞ് അവന്‍ വാസുവിനെ നോക്കി പറഞ്ഞു. "ശെരി വാസുവേട്ടാ... ഞാന്‍ പോകുവാ. നാളെ പുലര്‍ച്ചെ കാണാം." അവര്‍ പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോഴേയ്ക്കും നിലാവിന്‍റെ കണ്ണുവെട്ടിച്ച് കട്ടപിടിച്ച ഇരുട്ട് ഒരു നിമിഷം ഭൂവിനെ തലയോളം വിഴുങ്ങി നിന്നു.
വീട്ടിലേയ്ക്ക് വരും വഴിയില്‍ കണ്ണന്‍ ചിന്നന്‍റെ കുഴിമാടത്തിനരുകില്‍ വന്നിരുന്നു. കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തേയ്ക്ക് വന്ന തിങ്കള്‍, ഭൂവില്‍ പ്രകാശം പരത്തുമ്പോഴേയ്ക്കും മുളച്ചുനിന്നിരുന്ന കുഞ്ഞുപുല്‍ചെടികള്‍ക്കിടയില്‍ തലചേര്‍ത്തു ആ കുഴിമാടത്തിനരുകില്‍ കണ്ണന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ