2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 2

ലിയാത്തിനെ കുറിച്ച് പറയുകയാണെങ്കില്‍ അതിവിശിഷ്ടമാണ്. ജനിക്കുമ്പോള്‍ തന്നെ അച്ഛന്‍റെ ജീവന്‍ പിടിച്ചുവാങ്ങി ജന്മം കൊണ്ടൊരു കുരുന്ന്. അവന്‍ കുഞ്ഞിക്കണ്ണുകള്‍ തുറന്ന് ഭൂവില്‍ പരതുമ്പോള്‍, വൈഗര നദിയില്‍ മുങ്ങിത്താണ് മരണത്തിന്‍റെ മുത്തുകള്‍ ശേഖരിച്ച് അതിന്‍റെ ആഴങ്ങളില്‍ ഉറങ്ങുകയായിരുന്നു അവന്‍റെ അച്ഛന്‍ "സാഹേല്‍ ,..." 

ലിയാത്തിന്‍റെ നേരമ്മാവന്‍ ഗബിലിന്‍റെ അഭിപ്രായത്തില്‍, ഭൂവ് മുടിയ്ക്കാന്‍ പിറന്നൊരു അസുരജന്മമാണ് ലിയാത്ത്. അത് പറയാന്‍ അയാള്‍ക്ക്‌ ഒരു കാരണം കൂടിയുണ്ട്. ഒരു ജ്യോതിഷിയുടെ വാക്കുകള്‍,.... അതിങ്ങനെയാണ്.

ലിയാത്തിന്‍റെ ജനനവും, അവന്‍റെ അച്ഛന്‍റെ അകാലമരണവും ഗബിലിനെ കൊണ്ടെത്തിച്ചത് അന്നാട്ടിലെ അറിയപ്പെടുന്നൊരു കൈനോട്ടക്കാരന്‍ കൂടിയായ ജ്യോതിഷിയുടെ അടുത്താണ്.
ഭവ്യതയോടെ നിന്ന ഗബിലിനോട് അയാള്‍ ഇരിക്കാന്‍ പറഞ്ഞു.

ചുവന്നു തടിച്ച ചുണ്ടുകളും, വളഞ്ഞു കണ്ണുകളിലേയ്ക്കിറങ്ങുന്ന കറുത്ത വലിയ രോമങ്ങളോട് കൂടിയ പുരികങ്ങളും ഉള്ള അയാള്‍, വെളുത്ത് നീണ്ട ഗബിലിന്‍റെ കൈപിടിച്ചുകൊണ്ട്‌ അവന്‍റെ ഉള്ളം കൈയിലേയ്ക്ക് നോക്കി ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു.

"നാശം.... നാശമാണ് എല്ലാം. കൊണ്ടുപോകും അവനിനിയും....... ഒന്നല്ല...."

ഒന്ന് നിര്‍ത്തി, ചിന്തിച്ചയാള്‍ വലതുകൈയിലെ മൂന്ന് വിരലുകള്‍ നിവര്‍ത്തിക്കൊണ്ട്‌ വീണ്ടും പറഞ്ഞു.

"മൂന്നു പേരെ. മൂന്നു പേരുടെ ജീവനും കൂടി എടുക്കുമവന്‍,."

ഗബിലിന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ചെറിയൊരു ഭയപ്പാടോടെ അവന്‍ ചോദിച്ചു.

"ആരാണവര്‍...? ആരാണാ മൂന്നുപേര്‍? അവന്‍ ആകെ അസ്വസ്ഥനായി.

കൈനോട്ടക്കാരന്‍റെ മൗനം കണ്ട ഗബില്‍ വീണ്ടും ചോദിച്ചു...

"അറിയുമോ ആരാണാ മൂന്നുപേര്‍,..?

മ്..മ്..ഹ്... ഇല്ലെന്നയാള്‍ മൂളിക്കൊണ്ട് തലയാട്ടി.

(തുടരും)
രചന: ശ്രീ പനയറ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ