2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ചെറുകഥ

ഗായത്രിക്ക് പറയുവാനുള്ളത്....

പാതവക്കിലെ എന്‍റെ വീടിന് മുന്നില്‍, ചിറകുവിരിച്ച് പടര്‍ന്നു നില്‍ക്കുന്ന ചുവന്ന പുഷ്പങ്ങളോട് കൂടിയ ഒരു പൂമരം നിന്നിരുന്നു. അതിന്‍റെ ചുവട്ടില്‍ പൊഴിഞ്ഞുവീഴുന്ന രക്തവര്‍ണ്ണ പൂക്കളുടെ ഇടയില്‍ ഇരുന്നാണ് അവന്‍ എന്നും പുലര്‍ച്ചെ പത്രക്കെട്ടുകള്‍ അടുക്കിപ്പെറുക്കാറുള്ളത്. പിന്നീട് അവിടെനിന്നും ഒരു സൈക്കളില്‍ ദേശം മുഴുവന്‍ പാഞ്ഞു പത്രമിടുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍, അവനെ നമുക്ക് സാജു എന്ന് വിളിക്കാം.

പുലര്‍ച്ചെ മുറ്റമടിക്കുമ്പോഴും, മുറ്റത്ത്‌ ഞാന്‍ നട്ട റോസചെടികള്‍ നനയ്ക്കുമ്പോഴുമെല്ലാം ഞാനവനെ ശ്രദ്ധിച്ചിരുന്നു. ഒരിക്കലും, അരുകില്‍ ഒരു വീടുള്ളതായോ, ഒരു പെണ്‍കുട്ടി അവനെ ശ്രദ്ധിക്കാറുള്ളതോ അവന്‍ അറിഞ്ഞത് പോലും ഉണ്ടായിരുന്നില്ല. അതെനിക്കറിയാം. കാരണം എന്നെ അവന്‍ ഒന്ന് നോക്കിയിട്ട് കൂടിയുണ്ടായിരുന്നില്ല.
പക്ഷെ, ദിവസേനെ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു.

എന്നെ നിങ്ങള്‍ ഗായത്രി എന്ന് വിളിച്ചോള്ളൂ. പഠനം നഗരത്തിലെ പ്രമുഖ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദത്തിന്. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ ചില ഓര്‍മകളുടെ മിന്നലാട്ടം മനസ്സില്‍ ഉണ്ട് താനും. അതെന്താ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പലരും അച്ഛനെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ മുഖം കുനിച്ചു വീട്ടിലെത്തും. അമ്മയോട് പറഞ്ഞു കരയും. ചോദിക്കുമ്പോള്‍, ആളോള്‍ക്ക് എന്തോ സുഖമുള്ളത് പോലെ. അമ്മ പറഞ്ഞ ഓര്‍മകളിലും, ചുവരിലെ അച്ഛന്റെ ചിത്രങ്ങളും എനിക്ക് തന്ന നേര്‍ത്തു നനുത്ത ചില ഓര്‍മ്മകള്‍ ഞാന്‍ പറയാം.

അച്ഛന്‍ വല്ലാതെ മദ്യപിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി അച്ഛന്‍റെ കൂട്ടുകാരില്‍ ചിലര്‍ വീട്ടില്‍ വന്നു. വന്നപാടെ അവര്‍ അമ്മയോട് ചോദിച്ചു..

"ദാസന്‍ ഇതുവരെ എത്തിയില്ലയോ രമണീ".

കയര്‍ ലോഡിംഗ് തൊഴിലാളിയായ അച്ഛന്‍ പലപ്പോഴും താമസിച്ചാണ് വീട്ടില്‍ എത്താറുള്ളത്. അതുകൊണ്ട് തന്നെ അമ്മ പറഞ്ഞു. "വരാന്‍ നേരമാകുന്നതെ ഉള്ളൂ" എന്ന്. അപ്പോള്‍ വന്നവരില്‍ ഒരാള്‍ പറഞ്ഞു..

"ശെരി എങ്കില്‍ നിങ്ങളൊന്ന് വസ്ത്രങ്ങള്‍ മാറി വന്നേ, ആശുപത്രി വരെ ഒന്ന് പോകണം". അന്ധാളിപ്പോടെ അമ്മ അവരോടു ചോദിച്ചു.

"എന്താണ് കാര്യം എന്തുപറ്റി".

അവര്‍ പറഞ്ഞു.."അങ്ങനെ പേടിക്കാനായി ഒന്നും ഇല്ല, വൈകിട്ട് അച്ഛന്‍ ഒന്ന് തലകറങ്ങി വീണു എന്ന്. ഞങ്ങളെ രണ്ടുപേരെയും അയല്‍വക്കത്തെ വീട്ടില്‍ ഏല്‍പ്പിച്ചു അമ്മ അവരോടൊപ്പം ആശുപത്രിയില്‍ പോയി. ആശുപത്രി വരാന്തയില്‍ അച്ഛനെ കൂടാതെ ഒരുപാട് പേരെ കിടത്തിയിട്ടുണ്ടായിരുന്നുവത്രേ. അതില്‍ ചിലരെ പനംപായയില്‍ പൊതിഞ്ഞിട്ടുണ്ടായിരുന്നു. അവരെ അമ്മ തിരിച്ചറിഞ്ഞില്ല. കുറെ പേര്‍ ആശുപത്രിയുടെ മുന്നിലെ വരാന്തയുടെ മുന്നില്‍ കിടപ്പുണ്ടായിരുന്നുത്രേ. അതില്‍ ഒന്നില്‍ അച്ഛനും ഉണ്ടായിരുന്നു. അമ്മ അരുകിലേയ്ക്ക് ഓടിയണയുമ്പോള്‍ തല ചരിഞ്ഞു കിടന്നിരുന്ന അച്ഛന്‍റെ വായില്‍ നിന്നും ചോരയൊഴുകി കവിളിലൂടെ പായയില്‍ പരന്നിരുന്നുവത്രേ.

അച്ഛന്റെ മരണം ഒരോര്‍മയായി ചേച്ചി ഇപ്പോഴും പറയുമായിരുന്നു. ചേച്ചിയ്ക്കെപ്പോഴും ആ ചന്ദനത്തിരിയുടെ ഗന്ധം അച്ഛന്‍റെ പനംപായയിലെ അന്തിയുറക്കത്തിന്‍റെ ഓര്‍മ്മകള്‍ കൊണ്ടുവരുമായിരുന്നു. എന്‍റെ കുഞ്ഞുനാളില്‍ പല ദിവസങ്ങളിലും ബോധം മറയും വരെ മദ്യപിച്ചു കൊണ്ട് അച്ഛന്‍ വീട്ടില്‍ കയറി വന്നിട്ടുണ്ട്.

അച്ഛന്‍ മരിക്കുന്നതിനും കുറച്ചു ദിവസങ്ങള്‍ മുന്‍പ്. ഞാനും എന്‍റെ എട്ടു വയസ്സുകാരി ചേച്ചിയും (ഗീത) അച്ഛന്‍റെ വരവും കാത്തിരുന്നു. അച്ഛന്‍റെ കൈയില്‍, ഞങ്ങള്‍ക്കായി എണ്ണയില്‍ മൂപ്പിച്ച മരച്ചീനി മുറുക്കുകള്‍ ഉണ്ടായിരുന്നു. സ്നേഹത്തോടെ അച്ഛന്റെ മടിയില്‍ ഞങ്ങള്‍ അതിരുന്നു തിന്നുമ്പോള്‍ അച്ഛന്‍ ചാരുകസേരയില്‍ ചാരി ഉറങ്ങിപ്പോയി.. അമ്മ അച്ഛന്‍റെ മടിയില്‍ നിന്നും ഞങ്ങളെ പിടിച്ചിറക്കി അകത്തു പായയില്‍ കിടത്തി ഞങ്ങള്‍ ഉറക്കുമ്പോഴേയ്ക്കും അച്ഛന്‍ ഒരുറക്കം കഴിഞ്ഞു ഉണര്‍ന്ന് മുറ്റത്ത്‌ ഉലാത്തും.

രാത്രിയുടെ യാമങ്ങളില്‍ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങലും, അച്ഛന്‍റെ "ഇനി ഞാന്‍ കുടിക്കില്ലടീ" എന്ന സ്നേഹത്തോടെയുള്ള ഉറപ്പും ഞങ്ങള്‍ കേട്ടിരുന്നു. എന്നിട്ടും അച്ഛന്‍ മദ്യപാനം നിര്‍ത്തിയിരുന്നില്ല. പലപ്പോഴും ഇതിന്‍റെ പേരില്‍ അമ്മ അച്ഛനോട് വഴക്കടിക്കും. അപ്പോള്‍ അച്ഛന്‍ പറയും.

" ഞാന്‍ കുടിച്ചെങ്കില്‍ എന്താ ഇല്ലെങ്കില്‍ നിനക്കെന്താ ന്ന്..നിന്നേം, കുഞ്ഞുങ്ങളേം ഞാന്‍ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ എന്ന്."

അച്ഛന്‍ പോയതില്‍ പിന്നെ ഞങ്ങളുടെ കാര്യം വല്ലാത്ത കഷ്ടത്തിലായി. എല്ലാരും ഉണ്ടെങ്കിലും സ്വന്തമെന്ന് പറയാന്‍ എനിക്ക് അമ്മയും ചേച്ചിയും അമ്മയ്ക്ക് ഞങ്ങള്‍ രണ്ടുപേരും മാത്രമായിരുന്നു. അച്ഛന് സ്വന്തം എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് അമ്മ പറഞ്ഞത്.

നാട്ടിലെ പ്രമാണിയായ കയര്‍ മുതലാളിയായിരുന്നു അപ്പൂപ്പന്‍, 35 എണ്ണത്തോളം വണ്ടിച്ചക്രം ഉണ്ടായിരുന്നുവത്രേ അപ്പൂപ്പന് സ്വന്തമായി. അത്രയും പ്രമാണിയായ അച്ഛന്‍റെ മകള്‍, ആരോരുമില്ലാത്ത ഒരു ലോഡിംഗ് തൊഴിലാളിയെ പ്രേമിച്ചു പടിയിറങ്ങിയപ്പോള്‍, അപ്പൂപ്പന്‍ അമ്മയെ പടിയടച്ചു പിണ്ഡം വച്ചു. ന്നാലും അഭിമാനിയായിരുന്നു എന്‍റെ അമ്മ. അതുകൊണ്ടുതന്നെ അമ്മ പിന്നെ ആ വഴിയ്ക്ക് പോയിട്ടേയില്ല. അച്ഛന്‍ പലപ്പോഴും അമ്മയെ ഉപദേശിച്ചിരുന്നു.

"നീ പോണം. അച്ഛനെയും അമ്മയെയും കാണണം. അവരുടെ ശാപം നീ തലയിലേല്‍ക്കരുത്. നമ്മുക്ക് രണ്ടു പെണ്‍കുട്ട്യോളാ... നാളെ, നമ്മുടെ മക്കള്‍ നമ്മോടു കാട്ടിയാല്‍ നമ്മളിത് പൊറുക്കുമോ ന്ന്... "

"എന്‍റെ അച്ഛന്‍ നിങ്ങളെ അടിച്ചിറക്കിയത് എന്‍റെ മുന്നില്‍ വച്ചല്ലേ... നമ്മളവരുടെ പണം ചോദിച്ചോ...ഇല്ലല്ലോ? തലചായ്ക്കാന്‍ ഒരിടം. അത് തന്നില്ല. ഞാനും നിങ്ങളും കൂടി അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാതെ എത്ര നാള്‍, അമ്മയിതു പറയുമ്പോള്‍ വിങ്ങിപ്പൊട്ടുമായിരുന്നു..

"കരയണ്ട... ശെരി നിന്‍റെ ഇഷ്ടം ന്നു പറഞ്ഞു അച്ഛന്‍ പിന്മാറും. അതായിരുന്നു ഞാന്‍ കണ്ട എന്‍റെ അച്ഛന്‍,...

പിന്നീട് അമ്മ വീടുതോറും നടന്നു പച്ചക്കറികള്‍ വിറ്റ് ഞങ്ങളെ വളര്‍ത്തി. ഒരിക്കല്‍, ഒരു വൈകുന്നേരം ചേച്ചീ കുളിപ്പുരയില്‍ നിന്ന് എന്നെ വിളിച്ചു.

"ഗായത്രീ.. നീ ഒന്നിങ്ങ് വന്നേ.."

ഓല കൊണ്ട് മറച്ച ആ കുളിപ്പുരയില്‍ ഞാനോടിയെത്തി. ചേച്ചിയുടെ അഴിച്ചിട്ട വസ്ത്രത്തില്‍ പടര്‍ന്ന കുഞ്ഞു ചോരത്തുള്ളികള്‍ കണ്ടു ഞങ്ങള്‍ ഭയന്നിരുന്നു. പെട്ടെന്ന് കുളിച്ച്, കുളിപ്പുരയില്‍ നിന്നും ചേച്ചിയെ ഞാന്‍ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി. അമ്മ വരുന്നതും കാത്ത് ഞങ്ങള്‍ നെഞ്ചിടിപ്പോടെയിരുന്നു. അമ്മ വന്നിത് ഞങ്ങളില്‍ നിന്നു കേള്‍ക്കുമ്പോള്‍, വല്ലാത്തൊരു ചിരിയോടെ ചേച്ചിയെ ചേര്‍ത്തണച്ചു. പിന്നീട് ഞാന്‍ ഋതുമതിയാകുമ്പോള്‍ ചേച്ചി തന്ന ആ ഓര്‍മ്മകള്‍ തന്നെ എനിക്ക് ധാരാളമായിരുന്നു അത് മനസ്സിലാക്കാന്‍,...

ഞങ്ങള്‍ വലുതാകുമ്പോഴും ഋതുമതിയായപ്പോഴും ചിരിച്ചതിനെക്കാള്‍ ഏറെ അമ്മ കരയുകയായിരുന്നു. അയല്‍വക്കത്തെ ശാന്തേച്ചിയോട് അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് കൊണ്ട് പറഞ്ഞു.

"എനിക്കറിയില്ല ശാന്തേ! പെണ്‍കൊച്ചുങ്ങള് ഇപ്പം ദേന്നങ്ങു വളരും. എന്ത് ചെയ്യണം ന്നു ഒരു പിടീം കിട്ടുന്നില്ലാ.." ന്നു.

"അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും രമണീ... നീയിങ്ങനെ ആധിപിടിച്ചു അസുഖക്കാറിയായാല്‍ പിന്നെ അവര്‍ക്ക് ആരുണ്ട്‌. എല്ലാം ശെരിയാകും നീ സമാധാനിക്ക്" എന്ന്.

ഞങ്ങള്‍ വളര്‍ന്നു. ഞങ്ങളുടെ മോഹങ്ങളും. എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറയാറുള്ള ചേച്ചി പക്ഷെ, അവളുടെ പ്രണയത്തെക്കുറിച്ച് മാത്രം എന്നോട് പറഞ്ഞിരുന്നില്ല. ഞാനത് അറിഞ്ഞതുമില്ല. ഒടുവില്‍, അടുക്കളയോട് ചേര്‍ന്ന ചായ്പ്പിന്റെ ഉത്തരക്കൂടില്‍ തൂങ്ങി ചേച്ചി യാത്രയാകുമ്പോള്‍ ഞാന്‍ ഇരുപതിന്‍റെ പടി കടന്നിരുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു തെക്കേ മുറ്റത്ത്‌ അച്ഛനോട് ചേര്‍ന്ന് ചേച്ചി അന്തിയുറങ്ങുമ്പോള്‍ മുറിയില്‍ നമ്മുടെ കട്ടിലില്‍ ഞാന്‍ ഒറ്റയ്ക്കായി. ആരുടെയോ കുഞ്ഞിനെ രണ്ടു മാസം വയറ്റില്‍ ചുമന്നാണ് ചേച്ചി യാത്രയായത്. നാട്ടാരുടെ ചോദ്യവും, അമ്മയുടെ സങ്കടവും എന്‍റെ സമനില തെറ്റിയ്ക്കുമോന്നു ഞാനും ഭയന്നു. അമ്മ പറഞ്ഞു.

" ഞാനിനി എങ്ങും പോണില്ല. പട്ടിണി കിടന്നാലും സാരമില്ല... നമ്മുക്ക് ഇവിടെ മരിക്കാം... ഇവിടെ കിടന്നു മരിക്കാം".. എന്ന്.

ഞാന്‍ അരുകില്‍ ഇരുന്നു അമ്മയെ സാന്ത്വനപ്പെടുത്തി.

"സാരമില്ല അമ്മെ... എല്ലാം ശെരിയാവും."

അമ്മ പറയും. "നീ കുഞ്ഞാ... ഒരാളുടെ വായ അടയ്ക്കാന്‍ എന്നെ കൊണ്ട് കഴിയണില്ല.. പിന്നെങ്ങനാടീ ഈ പഞ്ചായത്ത് മുഴുവന്‍,.".

ഒടുവില്‍, ചന്തയുടെ മുന്നിലെ വലിയ കടകളുടെ മുറ്റം തൂപ്പുകാരി വിവാഹം കഴിഞ്ഞു പോകുമ്പോള്‍, ആ ജോലി ഞാന്‍ തരപ്പെടുത്തി. പിന്നീടങ്ങോട്ട് ആ കടകളില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനതിലായി ഞങ്ങളുടെ ജീവിതം. ഒപ്പം എന്‍റെ പഠനവും.

അവിടെയ്ക്ക് യാത്രയാകാനുള്ള തിരക്കിലാണ് ഞാന്‍ എന്നും പുലര്‍ച്ചെയുള്ള മുറ്റമടി. എന്നും സാജുവിനെ കണ്ടിരുന്ന ഞാന്‍,.. ഞാന്‍ പോലുമറിയാതെ അവനെ സ്നേഹിച്ചു. അവനെ കാത്തിരുന്ന ദിനങ്ങള്‍, അവന്‍ വരാതാകുമ്പോള്‍ ഞാന്‍ തകര്‍ന്നുപോകും. ഒടുവില്‍, ഒരു രാത്രി ഉറങ്ങാന്‍ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ ചിന്തിച്ചു. നാളെ പുലര്‍ച്ചെ എങ്ങനെയെങ്കിലും അവനോട് എന്‍റെ ഇഷ്ടം പറയുക തന്നെ. പതിവുപോലെ അവന്‍ ആ മരച്ചുവട്ടില്‍ വന്നു. പത്രക്കെട്ടുകള്‍ അടുക്കി സൈക്കളില്‍ കയറുമ്പോഴേയ്ക്കും ഞാന്‍ അവനെ പിന്നില്‍ നിന്നും പലയാവര്‍ത്തി സ്വരം താഴ്ത്തി വിളിച്ചു. അവന്‍ വിളികേട്ടില്ല. എനിക്ക് വല്ലാതെ വിഷമമായി. എല്ലാ ദിവസങ്ങളിലും ഇങ്ങനെ ഞാന്‍ വിളിച്ചുകൊണ്ടിരുന്നു. അവന്‍ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അകന്നുകൊണ്ടിരുന്നു.

മാസങ്ങള്‍ക്കൊടുവില്‍, ഒരു ദിവസം അവന്‍ എന്നെ തിരിഞ്ഞു നോക്കി. ചിരിച്ചു. ഞാന്‍ അന്ന് വല്ലാത്ത സന്തോഷത്തിലായി. മൂകമായി ഞങ്ങളുടെ പ്രണയം ഓരോ ദിനവും തള്ളി നീക്കി.

ഒടുവില്‍, ഒരു നാള്‍ എന്‍റെ വീട്ടില്‍ അമ്മയുമായി അവനെത്തി. ഞാന്‍ കൊടുത്ത ചായ കുടിക്കുമ്പോഴെല്ലാം അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. സാജുവിന്‍റെ അമ്മ എന്നെ നോക്കി ചോദിച്ചു.

"മോളെ... ന്‍റെ മോനെ നിനക്കിഷ്ടാണോ? ഞാന്‍ ആ അമ്മയെ നോക്കി ചിരിച്ചു.

"ഇഷ്ടാ അമ്മെ എനിക്കൊരുപാട് ഇഷ്ടാ... ഞാന്‍ പറഞ്ഞു.

"ന്നാലും ഞങ്ങളുടെ കാര്യം മോളറിയണം." അവര്‍ തുടര്‍ന്നു

"അവന് അച്ഛനില്ല. ഓരോ ദിവസവും എങ്ങനെ കഴിയണ് ന്ന് കൂടി അറിയില്ല. പത്രം ഇടുന്ന കാശും അല്ലറചില്ലറ കൂലിവേലയും ചെയ്താ അവനെന്നെ പോറ്റുന്നെ. ഇനിയും ഉണ്ട് എനിക്ക് അവനെക്കുറിച്ചു എനിക്ക് പറയാന്‍,.."

ആ അമ്മയിതു പറയുമ്പോള്‍ ഞാനും അമ്മയും ഒരുമിച്ചായിരുന്നു പറഞ്ഞത്...

" വേണ്ട ഒന്നും പറയണ്ട.. ഞങ്ങള്‍ക്ക് ഒന്നും കേള്‍ക്കുകയും വേണ്ട. ഞങ്ങളും പാവങ്ങളാ.. നിങ്ങളെപ്പോലെ ആരോരുമില്ലാത്തോര്.... എന്‍റെ അമ്മ തുടര്‍ന്നു..."ഇനീപ്പോ ഒന്നും ചിന്തിക്കാനില്ല. അവര് പരസ്പരം ഇഷ്ടപ്പെട്ടില്ലേ, പരസ്പരം അറിയില്ലേ..." അത് മതി. അങ്ങിനെ അവന്‍ എന്നെ നോക്കി വശ്യതയോടെ ചിരിച്ചുകൊണ്ട് യാത്രയായി.

ഞങ്ങളുടെ കല്യാണം പെട്ടെന്ന് നടന്നു. ഞാനന്ന് രാവ് വരെ വല്ലാതെ സന്തോഷിച്ചു. സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കുക, അതും അമ്മമാരുടെ ആശീര്‍വാദത്തോടെ. ആദ്യരാത്രിയില്‍ ഞാന്‍ അവനായി കാത്തിരുന്നു.

ഒടുവില്‍, മനോഹരമായി വസ്ത്രം ധരിച്ചവന്‍ മുറിയിലെത്തി. തുറന്നുകിടന്നിരുന്ന ജനല്‍പ്പാളികളിലൂടെ അരികിലെ വയന പൂത്ത ഗന്ധം മുറിയിലേയ്ക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവന്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ നാണിച്ച് എഴുന്നേറ്റു. മേശയില്‍ ഇരുന്ന പാലുമായി ഞാന്‍ അവനരുകില്‍ എത്തി. നാണത്തോടെ അവന് കൊടുത്തു. അവന്‍ പാതി കുടിച്ചിട്ട് എന്‍റെ മുന്നിലേയ്ക്ക് അത് വച്ച് നീട്ടി കുടിക്കാന്‍ ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കുടിച്ചു. ആ രാത്രി പുലരും മുന്‍പേ ഞാനറിഞ്ഞു.. അവന് നാക്കുകള്‍ ചലിപ്പിക്കാന്‍ കഴിയില്ലാന്ന സത്യം. അതെ അവന്‍ സംസാരിക്കില്ലായിരുന്നു. ഞാന്‍ അവനോട് അത് ചോദിച്ചപ്പോള്‍ അവന്‍ കുനിഞ്ഞിരുന്നു കരഞ്ഞു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്‍റെ കരച്ചിലിന്‍റെ ശക്തി കൂടുമ്പോള്‍ അവന്‍ അരുകില്‍ ഇരുന്ന ഒരു ബുക്ക്‌ എടുത്ത് അതിലെ അന്നത്തെ ഡേറ്റ് ഇട്ട പേജില്‍ ഇങ്ങനെ എഴുതി.

"എന്‍റെ ഗായത്രീ... അന്ന് വീട്ടില്‍ വരുമ്പോള്‍ എന്‍റെ അമ്മ ഇതെല്ലാം പറയുവാന്‍ ഒരുങ്ങുകയായിരുന്നു."

അവന്‍ എന്‍റെ നേരെ ആ ബുക്ക്‌ വച്ച് നീട്ടി. അത് വായിച്ചു ഞാന്‍ മിണ്ടാതെ കുനിഞ്ഞിരുന്നു. പിന്നീട് ഞാന്‍ അവനെ സ്നേഹിച്ചു. എന്നെക്കാളും, എന്‍റെ ജീവനേക്കാളും. നാല് വര്‍ഷം ഞങ്ങള്‍ ജീവിച്ചു. ഞങ്ങള്‍ ഒരു കുഞ്ഞു വീട് വച്ചു. ഞങ്ങള്‍ക്കൊരു മകന്‍ പിറന്നു. ഞങ്ങള്‍ അവനെ വിനയ് എന്ന് വിളിച്ചു. എന്നെയും മോനെയും അവന്‍ പൊന്നുപോലെ നോക്കി.

ഓരോ രാത്രിയും എന്‍റെ നെഞ്ചില്‍ കിടന്നായിരുന്നു അവന്‍ ഉറങ്ങിയത്. എന്‍റെ നെഞ്ചിന്‍റെ താളം ഒന്ന് തെറ്റിയാല്‍, അതിന്‍റെ വേഗം ഒന്നധികരിച്ചാല്‍ അവന്‍ വല്ലാതെ ഭയക്കുമായിരുന്നു. അങ്ങിനെ ഇരിക്കെ മകന്‍റെ ജന്മദിനം വന്നു. സാജു ബുക്കില്‍ എഴുതി എന്നോട് കാണിച്ചു....

"മോനെയും കൂട്ടി നമ്മുക്കിന്ന് ദേവിക്ഷേത്രത്തില്‍ പോകണം. ഒന്ന് തൊഴണം. എത്ര നാളായി". ഞാനും സമ്മതിച്ചു. എന്‍റെ ചുരിദാര്‍ അവന്‍റെ മുന്നില്‍ ഇസ്തിരിയിടാന്‍ ഏല്‍പ്പിച്ച് മകനെ തൊട്ടിലില്‍ ഉറക്കി കിടത്തി ഞാന്‍ കുളിക്കാന്‍ പോയി. തിരകെ വരുമ്പോള്‍ എന്‍റെ സാജു കട്ടിലിനരുകില്‍ നിലത്തേയ്ക്ക് തെറിച്ചു വീണു കിടപ്പുണ്ടായിരുന്നു. അവന്‍റെ മൂക്കിലൂടെ ഒഴുകിയ ചോരയ്ക്ക് കറുപ്പ് നിറമായിരുന്നു. എല്ലാരും എന്നെ ശപിച്ചു.

"നീയെവിടെ പോയി കിടക്കുകയായിരുന്നെടീ ന്നു..." എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. രാവും പകലും ഞാന്‍ കരഞ്ഞു. എനിക്കറിയാം അവന്‍ എന്നെ വിളിക്കാന്‍ ശ്രമിച്ചിരിക്കും. അത് തീര്‍ച്ച. അരുകില്‍ ഇരുന്ന ബുക്കില്‍ അന്നാദ്യമായ്‌ അവന്‍ എഴുതിയില്ല. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് എങ്ങിനെ അവന്‍ എഴുതാനാ... ഇരുളില്‍ ഇരുന്ന് ഞാനിപ്പോഴും കരയും.

"ഞാനെന്തിനാ അവന്‍റെ കൂടെ കൂടിയതെന്ന്... എനിക്കറിയില്ലാ അതിന്‍റെ ഉത്തരമിന്നും... "അമ്മെ..വയറു വിശക്കുന്നു..." എന്‍റെ നേരെ മകന്‍ വച്ച് നീട്ടിയ ബുക്ക്‌ വാങ്ങി നോക്കി ഞാന്‍ എഴുന്നേറ്റു..

രചന: ശ്രീ വര്‍ക്കല.


1 അഭിപ്രായം:

  1. "ഞാനെന്തിനാ അവന്‍റെ കൂടെ കൂടിയതെന്ന്... എനിക്കറിയില്ലാ അതിന്‍റെ ഉത്തരമിന്നും...

    മറുപടിഇല്ലാതാക്കൂ