2014 ഡിസംബർ 31, ബുധനാഴ്‌ച




നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 30

ഒടുവില്‍ കന്യകയുടെ ചുവടുകള്‍ ബസിന്‍റെ വാതില്‍പ്പടിയില്‍ നിന്നും മണ്ണിലേയ്ക്ക് പതിച്ചു. അവളുടെ നെഞ്ചം പടപടാ മിടിക്കാന്‍ തുടങ്ങി. തന്‍റെ തീരുമാനം പിഴച്ചാല്‍, ഇനിയൊരു തിരിച്ചുപോക്ക് വയ്യ. കാമത്താല്‍ സ്വയം മറന്ന് നില്‍ക്കുന്ന, തടിമിടുക്കുള്ള ഒരാണിന്‍റെ മുന്നില്‍, എല്ലാം അറിഞ്ഞുകൊണ്ട് സ്വയം കയറിച്ചെന്ന് നശിക്കാന്‍ ഒരുങ്ങുന്ന ഒരു പെണ്‍കുട്ടി ലോകത്തില്‍ ഒരുപക്ഷെ താന്‍ മാത്രമായിരിക്കും. ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ നിരത്തിലെ കാളുന്ന വെയിലിലൂടെ അവള്‍ മുന്നിലേയ്ക്ക് നടന്നു. ഒടുവില്‍, പാറൂച്ചി പറഞ്ഞ ആ ലോഡ്ജ് അവള്‍ കണ്ടു.

ഇപ്പോളവള്‍ ആ വലിയ കെട്ടിടത്തിന്‍റെ നിഴലിലേയ്ക്ക് നടന്നടുത്തു. പിന്നെ മനസ്സില്ലാമനസ്സോടെ അതിനുള്ളിലേയ്ക്ക് നടക്കാന്‍ തുടങ്ങി. പുറത്തൊന്നും ആരെയും അവള്‍ കണ്ടില്ല. മടിച്ചു നില്‍ക്കാതെ, മെല്ലെ മെല്ലെ അവള്‍ ആ കെട്ടിടത്തിന്‍റെ ചവുട്ട് പടികള്‍ ഓരോന്നോരോന്നായി കയറാന്‍ തുടങ്ങി. കന്യകയുടെ കാലുകള്‍ സ്വയം വിറയ്ക്കാനും തുടങ്ങി. എങ്കിലും മനസ്സില്‍ ധൈര്യം സംഭരിച്ച് അവള്‍ ആ പടവുകള്‍ കയറിതീര്‍ത്തു. ഇടം വലം തിരിയാന്‍ ഒന്ന് ശങ്കിച്ച് നിന്നിട്ട് അവള്‍ ഇടതുവശത്തേയ്ക്ക് തന്നെ തിരിഞ്ഞു. പിന്നെ താണ്ടുന്ന ഓരോ വാതിലിന് മുകളിലും എഴുതിയിരിക്കുന്ന അക്കങ്ങള്‍ അവള്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി. ഒടുവില്‍ പനീര്‍ പറഞ്ഞ ആ മുറിയുടെ വാതിലിനരുകില്‍ അവള്‍ ഒന്നറച്ചു നിന്നു.

ഈസമയം, പനീര്‍ മുറിയ്ക്കുള്ളില്‍ ആകെ അസ്വസ്ഥനായിരുന്നു. കന്യക ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് അവന്‍ വല്ലാതെ ആശിച്ചു. ജീവിതത്തില്‍ ഉറ്റവരും ഉടയവരും ഉള്ളതും, ഇല്ലാത്തതുമായ എത്രയോ പെണ്‍കുട്ടികള്‍ തന്‍റെ കൈക്കുള്ളില്‍ കിടന്ന് നരകിച്ചിരിക്കുന്നു. എങ്കിലും ഏറെ ആശിച്ച ഒരു പെണ്‍കുട്ടി കന്യക തന്നെയാണ്. തന്‍റെ വിരല്‍ത്തുമ്പില്‍ നിന്നും അവള്‍ അകലേയ്ക്ക് വഴുതി മറഞ്ഞ ആ രാത്രി... പിന്നെ ഈശ്വരന്‍ തനിയ്ക്കായി കരുതിവച്ചപോലെ തന്‍റെയരുകിലേയ്ക്ക് തന്നെ അലസമായി നടന്നു വരുന്ന അവളുടെ രൂപം അവനെ ഉന്മാദഭരിതനാക്കി. അവന്‍ തന്‍റെ ഉടുമുണ്ടിന്‍റെ വശങ്ങളിലൂടെ,  വല്ലാത്ത വികാരത്തോടെ,  തന്‍റെ ബലിഷ്ടമായ തുടകളില്‍ തെരുപിടിച്ചു.

കന്യക വാതിലിന് മുന്നില്‍ നിന്നു അവസാനമായി തന്‍റെ ബാഗ് ഒന്നുകൂടി തുറന്ന് അതിലേയ്ക്ക് നോക്കി. പിന്നെയവള്‍ അതിന്‍റെ സിബ്ബ് വലിച്ചിട്ട ശേഷം പതിയെ ആ കതകില്‍ മുട്ടാന്‍ തുടങ്ങി. വാതിലില്‍ മുട്ടുന്ന ആ സ്വരം കേട്ട  പനീര്‍ ജനലരുകില്‍ നിന്നും ഭ്രാന്തമായ വേഗത്തോടെ വാതിലിനരുകിലേയ്ക്ക് വന്നു. പിന്നെ അതേവേഗം തന്നെ അവന്‍ ആ വാതില്‍ തുറന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന സുന്ദരിയായ കന്യകയെക്കണ്ട അവന്‍റെ കണ്ണുകള്‍ കാമാവേശത്താല്‍ വിടര്‍ന്നുലഞ്ഞു. എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചുകൊണ്ട് അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. കന്യക ഉള്‍ക്കിടിലത്തോടെ ആ മുറിയ്ക്കുള്ളിലേയ്ക്ക്‌ കയറി. പനീര്‍ നിമിഷനേരം കൊണ്ട് തന്നെ കതക് അടച്ച് താഴിട്ടു. തന്‍റെ പിന്നിലെ  ആ താഴ് വീണ സ്വരം കന്യകയില്‍ വല്ലാത്തൊരു ഞെട്ടലുണ്ടായി. പിന്നെ ഒരുനിമിഷം പോലും ക്ഷമിക്കാന്‍ പനീറിന് കഴിഞ്ഞില്ല.

കന്യക മുറിയുടെ നടുവിലായി നിശ്ചലം നിന്നു. പനീര്‍ അവളുടെ പിന്നില്‍ നിന്നും ആവേശത്തോടെ കന്യകയുടെ തോളില്‍ കൈവച്ചു. കന്യക ചുണ്ടുകള്‍ കടിച്ചുപിടിച്ചുകൊണ്ട് കണ്ണുകള്‍ പതിയെ അടച്ചു. അവളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ ജലമുകുരങ്ങള്‍ പൊടിച്ചുനിന്നു. പനീര്‍ തന്‍റെ ബലിഷ്ഠമായ കരം കൊണ്ട് അവളെ പിടിച്ച് തിരിച്ചു തന്നിലേയ്ക്കടുപ്പിച്ചു. പിന്നെ കണ്ണുകള്‍ പൂട്ടിനിന്ന കന്യകയുടെ മുന്നില്‍ നിന്നും അയാള്‍ തന്‍റെ മേല്‍വസ്ത്രങ്ങള്‍ ഓരോന്നായി ഊരി കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു. കണ്ണുകള്‍ തുറന്നതോടെ അവള്‍ തന്‍റെ മുന്നില്‍ അല്പവസ്ത്രം മാത്രം ധരിച്ച്, വെമ്പലോടെ നില്‍ക്കുന്ന അവനെക്കണ്ടു. അതോടെ കന്യകയുടെ കണ്ണുകളും ചുണ്ടുകളും വിറയ്ക്കാന്‍ തുടങ്ങി. പനീര്‍ അവന്‍റെ ചുണ്ടുകള്‍ കന്യകയുടെ ചുണ്ടുകളിലേയ്ക്കു അടുപ്പിച്ചു. ഒരു നിമിഷം അവള്‍ അവനില്‍ നിന്നും തെന്നിമാറി. പനീര്‍ വീണ്ടും അവളിലേയ്ക്ക് ആവേശത്തോടെ നടന്നടുത്തു. അയാളുടെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ അവന്‍ കന്യകയെ വാരിപ്പുണരാനായി മുന്നോട്ട് വന്നു. കന്യക തന്‍റെ കരമുയര്‍ത്തി അവനോടു യാചിച്ചു.

"ഞാന്‍....ഞാന്‍.. ഒരു കന്യകയാണ്‌. എന്നെ.... മറ്റുള്ള പെണ്‍കുട്ടികളോട് കാണിയ്ക്കുന്ന അതേ ആവേശം.... വേണ്ടാ... എനിയ്ക്ക് പേടി തോന്നുന്നു..."

അവളുടെ യാചന കേട്ട പനീറിന്‍റെ കണ്ണുകള്‍ കുറുകി. അവന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി. പിന്നെ പതിയെപതിയെ ചിരിയ്ക്കാന്‍ തുടങ്ങി. ആ ചിരി മെല്ലെ മെല്ലെ അട്ടഹാസമായി മാറി. കന്യകയുടെ എതിര്‍പ്പിനെ അവന്‍ വകവച്ചതേയില്ല. വീണ്ടും കന്യകയെ തന്നിലേയ്ക്കവന്‍ വലിച്ചടുപ്പിച്ചു. എന്നാല്‍ കന്യകയാകട്ടെ ഇക്കുറി എതിര്‍ത്തതേയില്ല. പനീറിന്‍റെ ചുണ്ടുകള്‍ അവളുടെ കഴുത്തിലൂടെ സഞ്ചരിയ്ക്കാന്‍ തുടങ്ങി. ഒരാണിന്‍റെ സ്പര്‍ശനം ഏതൊരു പെണ്ണിനെയുമെന്നപോലെ അവളിലെയും വികാരങ്ങള്‍ തട്ടിയുണര്‍ത്തി. പനീര്‍ ആവേശത്തിന്‍റെ കൊടുമുടിയിലേയ്ക്ക് ചുവട് വച്ചു. കന്യക തന്‍റെ കരങ്ങള്‍ രണ്ടും കൊണ്ട് പനീറിനെ വട്ടം പിടിച്ചു. പനീര്‍ സ്വയം മറന്നു നില്‍ക്കെ കന്യക ഇടതുവശത്ത് കിടന്ന തന്‍റെ ബാഗില്‍ നിന്നും വിരലോളം പോന്നൊരു കത്തി കൈകൊണ്ടെടുത്തു. പനീറിന്‍റെ വയറിനിടയിലൂടെ അവളത് തന്‍റെ വലതുകൈയിലേയ്ക്ക് മാറ്റി. പിന്നെ ശക്തിയായി അവനെ തലോടാന്‍ തുടങ്ങി. അവളുടെ കൈകള്‍ അവന്‍റെ നെഞ്ചിലൂടെ, തോളുകളിലൂടെ.... സഞ്ചരിച്ചു. ഒരു നിമിഷം ബ്ലേഡ് പോലെ മൂര്‍ച്ചയേറിയ അത് പനീറിന്‍റെ കഴുത്തിനു മുന്നിലൂടെ മിന്നിപാഞ്ഞു. അവന്‍റെ കഴുത്തില്‍ നിന്നും പൊടുന്നനെ അവളുടെ മുഖത്തേയ്ക്ക് ചീറ്റിത്തെറിച്ച ചോര, പിന്നെ നിലത്തേയ്ക്ക്  ചീറ്റാന്‍ തുടങ്ങി. പനീറിന്‍റെ കണ്ണുകള്‍ അവളെ തുറിച്ചുനോക്കി. അസഹ്യമായ വേദനയോടെ അയാള്‍ ഇരുകൈകളും കൊണ്ട് കഴുത്തില്‍ പൊത്തിപ്പിടിച്ചു. അവന്‍റെ വിരലുകള്‍ക്കിടയിലൂടെ ചുടുചോര അവന്‍റെ നെഞ്ചിലേയ്ക്ക് തന്നെ ഒഴുകിയിറങ്ങാന്‍ തുടങ്ങി. പനീറിന് പിന്നെ സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ അവളെത്തന്നെ ദയനീയമായി നോക്കി. പിന്നെ പിന്നിലേയ്ക്ക് ചുവട് വച്ച്,  ചുവട് വച്ച് കിടക്കയിലേയ്ക്ക് മറിഞ്ഞുവീണു.

കന്യക നിശ്ചലം അവനെ തന്നെ നോക്കി നിന്നു. അവന്‍റെ കാലുകള്‍ പിടഞ്ഞടിക്കുന്നതും, അവന്‍റെ കൈകള്‍ യാചിയ്ക്കുന്നതും അവള്‍ സാകൂതം നോക്കി. ഒടുവില്‍, അവന്‍റെ ദയനീയമായ കരച്ചില്‍ ആ മുറിയില്‍ മുഴങ്ങാന്‍ തുടങ്ങി. ജിയാസ്സെന്ന പാവം പെണ്ണിന്‍റെ നിലവിളി അകലങ്ങളിലേയ്ക്ക് അലിച്ചു ചേര്‍ത്ത അവിടുത്തെ കാറ്റ് ഇതും ചുണ്ടിലേറ്റി പാടിയകന്നു. പനീര്‍ ആ കിടക്കയില്‍ നിശ്ചലമാകും വരെ അവള്‍ കാത്തുനിന്നു. പിന്നെ ഒട്ടും ഭയമില്ലാതെ അവള്‍ കുളിമുറിയിലേയ്ക്ക് കയറി. സ്വയം കണ്ണാടിയുടെ മുന്നില്‍ നിന്നു നന്നായി തന്നെ നോക്കി. പിന്നെ മുഖത്ത് ചീറ്റിയ ചോരയും, കൈയിലിരുന്ന കത്തിയും അവള്‍ നന്നായി കഴുകി. പിന്നെ അവള്‍ അത് ബാഗിലേയ്ക്ക് വച്ചു. എന്നിട്ട്, അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പൊതിയെടുത്ത്‌ തുറന്ന് ആ കുളിമുറിയാകെ ചിതറിയിട്ടു. ഒടുവില്‍ വെള്ളം കൊണ്ടവള്‍ നന്നായി അവിടം കഴുകി. പിന്നെ ഒന്നുമറിയാത്തപോലെ ആ മുറിയില്‍ നിന്നും പുറത്തിറങ്ങി. വാതില്‍ ചാരി അതിവേഗം അവള്‍ അവിടെ നിന്നും താഴേയ്ക്ക് നടന്നകന്നു......
***********
പാറു തന്‍റെ മുറിയ്ക്കുള്ളില്‍ തന്നെയിരുന്നു. അവള്‍ക്ക് അസഹ്യമായ നൊമ്പരം ഉണ്ടായി. അവള്‍ ചിന്തിച്ചു. താനൊരാള്‍ കാരണം എല്ലാമെല്ലാമായ തന്‍റെ അനുജത്തി ഇപ്പോള്‍ ഒരു കാമക്കൊതിയന്‍റെ കൈക്കുള്ളില്‍ കിടന്നു നശിച്ചിരിക്കും. ഈവിധം ചിന്തകള്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍,  പലപ്പോഴും ശരീരത്തിലൂടെ ഒരു കുളിര് അവളില്‍ പടര്‍ന്നുകയറിയിറങ്ങാന്‍ തുടങ്ങി. അതിനൊടുവിലെന്നപോലെ, പാറു വീണ്ടും ആ കിടക്കയില്‍ കിടന്നു ശക്തിയായി ചര്‍ദ്ദിക്കാന്‍ തുടങ്ങി.

അടുക്കളയില്‍ നിന്നും ശക്തമായ ആ സ്വരം കേട്ട നന്ദന അവളുടെ മുറിയിലേയ്ക്ക് പാഞ്ഞടുത്തു. അപ്പോഴേയ്ക്കും പാറു കിടക്കയില്‍ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുകള്‍ ക്ഷീണം കൊണ്ട് വല്ലാതെ തളര്‍ന്നിരുന്നു. നന്ദന അവള്‍ക്കരുകിലേയ്ക്ക് വന്നു. പിന്നെ താഴെ വെള്ളപ്രതലത്തില്‍ മഞ്ഞ നിറത്തില്‍ കണ്ട ആ ചര്‍ദ്ദിയുടെ വിഴുപ്പിലേയ്ക്ക് നോക്കിയിട്ട് അവള്‍  മകളെ രൂക്ഷമായി നോക്കി. പാറു അമ്മയുടെ മുന്നില്‍ ചൂഴാന്‍ തുടങ്ങി. നന്ദനയുടെ കണ്ണുകള്‍ വല്ലാതെ കുറുകി. പിന്നെയവള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ചെന്നു വാതിലിന്‍റെ താഴിട്ടു. പിന്നെ പാറുവിന്‍റെ അരുകിലേയ്ക്ക് തന്നെ തിരിച്ചു വന്നു. പാറു ഭയത്തോടെ നന്ദനയെ നോക്കി കിടക്കയില്‍ നിന്നും എഴുന്നേറ്റു. പാറുവിന്‍റെ അരുകിലെത്തിയ നന്ദന നിറഞ്ഞ സംശയത്തോടെ അവളോട്‌ ചോദിച്ചു.

"പാറു... എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം...????

ഇനി അമ്മയോട് മറച്ചൊന്നും വയ്ക്കാന്‍ കഴിയാതെ പാറു തേങ്ങിക്കൊണ്ട്‌ പറഞ്ഞു.

"അമ്മെ.... ഞാന്‍....!!! അമ്മെ ഞാന്‍ നശിച്ചു അമ്മെ....!!! അമ്മെന്നോട് പൊറുക്കണേ...!!! പിന്നെയവള്‍ ഉറക്കെക്കരഞ്ഞുകൊണ്ട് നന്ദനയുടെ കാലുകളില്‍ വീണു. നന്ദന തന്‍റെ കാലുകള്‍ സ്വയം  അറിയാതെ പിന്നിലേയ്ക്ക് വലിച്ചു. പാറു ആ നിലത്ത് തന്നെ കിടന്നു. ഒരു നിമിഷത്തെ സംഭ്രമം വെടിഞ്ഞ നന്ദന പാറുവിന്‍റെ മുടികളില്‍ പിടിച്ചു വലിച്ചുയര്‍ത്തി. പിന്നെ അത്യധികം കോപത്താലും അതിലേറെ നൊമ്പരത്താലും അവളെ പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു.

"മോളെ... നിന്‍റെ പെറ്റമ്മയോട് തന്നെ വേണമായിരുന്നോടീ ഈ ചതി....!!!

പാറു അമ്മയെ നോക്കി കൈകള്‍ കൂപ്പി. നന്ദനയുടെ കണ്ണുകളില്‍ ഇരുട്ട് കയറി. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ പാറുവിനെ തലങ്ങും വിലങ്ങും അടിയ്ക്കാന്‍ തുടങ്ങി. പിന്നെ അവളെ ഇടംവലം  പിടിച്ചു വലിച്ചുലച്ചു. പിന്നെ ഒരു വിറയലോടെ കരഞ്ഞുകൊണ്ട്‌ അരുകിലെ കിടക്കയിലേയ്ക്കിരുന്നു. പാറു വിറയ്ക്കുന്ന ശരീരത്തോടെ അമ്മയുടെ മുന്നിലും.... നിമിഷങ്ങള്‍ നിശ്ചലം കടന്നു പോയി. പെട്ടെന്ന് മുറിയുടെ വാതിലിന് പുറത്ത് നിന്നും ദേവന്‍ വിളിച്ചു.

"നന്ദു.... ഈ വാതിലടച്ച്‌ എന്താടീ അകത്ത് അമ്മേം മോളും കൂടി...."

ആ വിളികേട്ട് നന്ദന ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു. പിന്നെയവള്‍ ദേഷ്യത്തോടെ പാറുവിനെ കുളിമുറിയിലേയ്ക്ക് പിടിച്ചുതള്ളി. പിന്നെ പെട്ടെന്ന് തന്‍റെ കണ്ണും മുഖവും തുടച്ചു. ഒപ്പം "ദേ വരുന്നു നന്ദേട്ടാ...!! " എന്ന് പറഞ്ഞുകൊണ്ട് വാതിലിനരുകിലേയ്ക്ക് ഓടി ചെന്നു നിന്നു. അവിടെനിന്നും ഒരുനിമിഷം ചിന്തിച്ചു കൊണ്ടവള്‍ ആ വാതില്‍ തുറന്നു. വാതില്‍ തുറന്നപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന ദേവനെക്കണ്ട അവളുടെ നെഞ്ചം വല്ലാതെ മിടിക്കാന്‍ തുടങ്ങി. അവള്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് തന്നെ ദേവന്‍ ചോദിച്ചു.

"ന്താ നന്ദു നിന്‍റെ മുഖം വല്ലാണ്ടിരിക്കണേ...?? മോള്‍ക്ക്‌ വീണ്ടും വയ്യാണ്ടായോ..."

"ഇല്ല ദേവേട്ടാ... ഒന്നൂല്യ... അവള്‍ക്കൊന്നും ഇല്ല്യ... ഒന്നും..."

പറഞ്ഞുകൊണ്ടവള്‍ ദേവനെ അകത്തേയ്ക്ക് കയറാന്‍ അനുവദിക്കാതെ ഹാളിലേയ്ക്ക് പിടിച്ചുകൊണ്ടു പോയി. ദേവന്‍ ഇവള്‍ക്കിത്‌ എന്തുപറ്റി എന്ന് ചിന്തിച്ചുകൊണ്ട് തന്നെ നന്ദനയ്ക്കൊപ്പം നടന്നു.

(തുടരും)
ശ്രീ വര്‍ക്കല



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 29

ആ രാവ് നോവുപേറി ഉറങ്ങിയത് കന്യകയുടെ നെഞ്ചകത്തിനുള്ളിലായിരുന്നു. അവളുടെ മനസ്സ് നിറയെ ആ രാവ് പോലെ തന്നെ കട്ടപിടിച്ച ഇരുട്ട് കൊണ്ട് മൂടി.  അവള്‍ക്കു പക്ഷെ ഉറങ്ങാനേ കഴിഞ്ഞില്ല. ഒരാവേശത്തിലോ, കുടുംബത്തിനോടുള്ള അടങ്ങാത്ത സ്നേഹത്തിലോ ആകാം കന്യക ഇത് സ്വയം തീരുമാനിച്ചത്. പക്ഷെ, പുലരാക്കോഴികള്‍ കൂവിത്തുടങ്ങുമ്പോള്‍ അവളില്‍ തെല്ല് പരിഭ്രമം വന്നണഞ്ഞുവോ...??? ഉണ്ടാകാം. അതുകൊണ്ടാകാം പലതവണ അവള്‍ അടച്ചിട്ട ജാലകത്തിനരുകില്‍ ചെന്നു നിന്നു. പിന്നെ വീണ്ടും വാതിലിനരുകില്‍ വരെ നടന്നു. അതിങ്ങനെ പുലരും വരെ തുടര്‍ന്നുകൊണ്ടേയിരുന്നു.

പുലരിവെട്ടം പൂഞ്ചില്ലകളെ തൊട്ടുതലോടിയുണര്‍ത്തി. കാറ്റ് കൈതചെടികളില്‍ നാദമുണര്‍ത്തിയാടിയൊഴിഞ്ഞു. ദേവനന്ദനത്തിലെ വാതില്‍പ്പടിയിലേയ്ക്ക് ദിനപത്രം വലിച്ചെറിഞ്ഞ് സൈക്കിളിന്‍റെ മണി ചിലപ്പിച്ച് ഒരാള്‍ ദൂരേയ്ക്ക് കടന്നുപോയി. പാല്‍വണ്ടി ഗേറ്റിനരുകില്‍ നിന്നു സൈറന്‍ മുഴക്കി. നന്ദന പാത്രവുമെടുത്ത് അടുക്കളയില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി. മക്കളുടെ മുറി കടന്നു പോകുമ്പോള്‍ അവള്‍ സ്വയം മുറുമുറുത്തു.

"നേരം ഇത്രേം ആയിട്ടും ഇവരെന്താ ഉണരാത്തെ...?? 

പാറു മിഴികള്‍ തുറന്നു. രാത്രിയില്‍ അനുജത്തിയോട് നടത്തിയ ആ പതംപറച്ചില്‍ അവളില്‍ ഒരു പുതുജീവന്‍ നല്‍കിയപോലെ. അതിന്‍റെ ഉണര്‍വോടെ അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. തുറന്നിട്ട ജാലകത്തിനരുകില്‍ പുറത്തേയ്ക്ക് കണ്ണുംനട്ട് നില്‍ക്കുന്ന കന്യകയ്ക്കരുകിലേയ്ക്ക് അവള്‍ പതിയെ ചെന്നു. അവളുടെ തോളില്‍ കൈവച്ചുകൊണ്ട് പാറു ചോദിച്ചു.

"മോളെ....കന്യേ..!! ചേച്ചി മനസ്സ് തുറന്നു ചോദിക്കുവാ..!!! ഇനിയും നിനക്ക് ചിന്തിക്കാന്‍ സമയം ഒരുപാടുണ്ട്. ചേച്ചിയ്ക്ക് വേണ്ടി, നമ്മുടെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ നാട്ടിന് വേണ്ടി എന്നൊക്കെ പറയാന്‍ വളരെ എളുപ്പാ. പക്ഷെ, അതിന് നിന്‍റെയീ പിഞ്ച് ശരീരം  ഒരാഭാസന് അടിയറവ് വച്ചിട്ട് വേണോ..??

കന്യക ഒന്നും മിണ്ടിയില്ല. അപ്പോള്‍ പാറു തുടര്‍ന്നു.

"കാരിരുമ്പിന്‍റെ കരുത്താ കന്യേ അവന്‍റെ ശരീരത്തിന്. മനസ്സിനോ അതിലേറെ കടുപ്പവും. പെണ്ണെന്നത് വെറുമൊരു ഭോഗവസ്തുവെന്ന് ചിന്തിക്കുന്ന ആ ആഭാസന്‍റെ മുന്നിലേയ്ക്ക് എന്‍റെ പൊന്നനുജത്തിയെ വിട്ടുകൊടുക്കാന്‍ ഈ ചേച്ചിയ്ക്ക് കഴിയണില്ല. അതുകൊണ്ട് തന്നെയാ ഞാനീ പറേണേ. ഞാനോ നശിച്ചു. ആരുമറിയാതെ, രണ്ടു പെണ്‍കുട്ട്യോള് നമ്മള്‍ എത്ര കാലം ന്നു വച്ചാലാ ഇങ്ങനെ മനസ്സ് നീറി ഇത് കൊണ്ട് നടക്കണേ...!! ചേച്ചീടെ അതിബുദ്ധി എന്ന് കരുതല്ലേ നീ..!! എങ്കില്‍ ഞാനൊരൂട്ടം പറയട്ടെ.

കന്യക മെല്ലെ പാറുവിനെ തിരിഞ്ഞു നോക്കി.

"നമ്മുക്ക്.. രാജശേഖരന്‍ അങ്കിളിനോട് പറഞ്ഞാലോ കന്യേ..!!! പാറു വീണ്ടും ചോദിച്ചു.

"വേണ്ടാ...!! എന്തിനാ പറയണേ..!! എന്താ ചേച്ചി പറയാന്‍ പോണേ..??? ചേച്ചി നശിചൂന്നോ..?അവനാണ് നശിപ്പിച്ചതെന്നോ..? നാളെ ഇത് ലോകം അറിയില്ല്യാന്നു ചേച്ചിയ്ക്ക് ഉറപ്പുണ്ടോ..??പാവം ജിയാസ്സേച്ചി മരിച്ചിട്ട് എത്ര നാളായീന്നറിയാമോ..? ഇവിടെ എന്ത് നടന്നു. ഒന്നും നടന്നില്ല. ഒന്നും നടക്കില്ല ചേച്ചീ. അത് കന്യകയ്ക്കറിയാം. സ്വന്തം വീടും, നാടും, പോലിസ് സ്റ്റേഷന്‍ വരെ പെണ്‍കുട്ട്യോള്‍ക്കിന്ന് കാമപ്പുരയായി. തെരുവില്‍ വ്യഭിച്ചരിച്ചു നടക്കുന്നവര്‍ എല്ലാര്‍ക്കും വേണ്ടപ്പെട്ടവരായി. ചേച്ചി കരുതുന്നുണ്ടോ ഇവിടെ പെണ്ണെന്ന വര്‍ഗം എന്നെങ്കിലും ആണിനൊപ്പം വളരുമെന്ന്. ഒരിക്കലുമില്ല. അങ്ങിനെ ആക്കിയെടുക്കേണ്ടത് പുരുഷനല്ലേ..?? അവന്‍ തന്നെ അവളെ അടിച്ചമര്‍ത്തുന്നു. കന്യകയ്ക്കറിയുവോളം ഇവിടെ ഒന്നും സ്വയം വളര്‍ന്നിട്ടില്ല. ലാഭേച്ചയില്ലാതെ ആരും വളര്‍ത്തിയിട്ടുമില്ല.

"നീ പറയുന്നത്...!!! എനിക്ക് മനസ്സിലാവണില്യ. നമ്മളെ വളര്‍ത്തി വലുതാക്കി എന്ത് ലാഭാ കന്യേ നമ്മുടെ അച്ഛനും അമ്മയും നേടുന്നേ...??? പാറു തെല്ലു നീരസത്തോടെ ചോദിച്ചു.

"അറിഞ്ഞും അറിയാതെയും അവരും ആഗ്രഹിക്കുന്നുണ്ട് ചേച്ചീ...!!! ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ അവര്‍ക്ക് തുണയാകും എന്നത്, നമ്മളിലൂടെ കുടുംബം വളരണം എന്നത്... ആ ആഗ്രഹങ്ങള്‍ ഒരു തരത്തില്‍ ലാഭേച്ചയല്ലേ ചേച്ചീ..!!

"നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല കന്യൂട്ടി. നീ വളരുകയാണ്. നിന്‍റെ ശരീരത്തെക്കാളും, നിന്‍റെ മനസ്സിനെക്കാളും ഒക്കെ നിന്‍റെ ചിന്തകളിലൂടെ നീ വളരുകയാണ്. പക്ഷെ, കഴിഞ്ഞ രാത്രി നീയെടുത്ത തീരുമാനം ഒരു കൂടപ്പിറപ്പെന്ന നിലയില്‍ എനിയ്ക്ക് സഹിയ്ക്കാന്‍ കഴിയണില്യ. നീ ഇനി പോയി വരുവോളം ഞാന്‍ തീതിന്നിവിടെ ഇരിക്കണ്ടേ. പിന്നെയവള്‍ കന്യകയുടെ അടുത്തേയ്ക്ക് കുറച്ചുകൂടി ചേര്‍ന്ന് നിന്നു. പിന്നെ അവളുടെ കണ്ണുകളിലേയ്ക്ക് ഉദ്ദ്വേഗത്തോടെ നോക്കി പറഞ്ഞു.

"നിനക്കെന്തേലും സംഭവിച്ചാല്‍, നീ തിരികെ വന്നില്ലേല്‍ പിന്നെ ഈ പാറൂച്ചി ജീവനോടെ കാണില്യയിവിടെ.... ഓര്‍മ വച്ചോ...!!!

കന്യക പാറുവിനെ കെട്ടിപ്പിടിച്ചു. പിന്നെയവള്‍ ചേച്ചീ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു.

നന്ദന വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ രണ്ടുപേരും പിന്മാറി. പാറു ചെന്നു വാതില്‍ തുറക്കുമ്പോള്‍ കന്യക കുളിമുറിയിലേയ്ക്ക് കയറിനിന്നു. നന്ദന പാറുവിനോട് ചോദിച്ചു. "എങ്ങനെയുണ്ട് മോളെ... ക്ഷീണം ഒക്കെ മാറിയോ...?? അവളെവിടെ കന്യ..???

"അവള് ബാത്ത്റൂമിലാ അമ്മേ...!!!!

നന്ദന അവളുടെ മുടിയിഴകളിലൂടെ തലോടി. പാറുവിന്‍റെ നെഞ്ച് വല്ലാതെ വേദനിച്ചു. അവള്‍ മനസ്സിലോര്‍ത്തു. ഈ അമ്മയുടെ സ്നേഹത്തിന് താന്‍ വിലകൊടുത്തില്ലല്ലോ..!! എന്തുപറ്റിയതാ തനിയ്ക്ക്. അറിയാതെ,  അറിയാതെ ഒരു പുരുഷന്‍റെ സ്പര്‍ശനം ഞാന്‍ ആഗ്രഹിച്ചു. പിന്നെ അവനില്‍ ലയിക്കണം എന്നാഗ്രഹിച്ചു. ഒടുവില്‍ പുരുഷന്മാരെ പേറി താന്‍..... അവള്‍ സ്വയം തന്നെ പറഞ്ഞു. "ഞാന്‍.. ഞാന്‍ എന്തൊരു വിഡ്ഢിയാണ്...അവള്‍ക്കു അവളോട്‌ തന്നെ പുശ്ചം തോന്നി. അവള്‍ ചിന്ത വിട്ടുണര്‍ന്നപ്പോഴേയ്ക്കും നന്ദന അടുക്കളയിലും കന്യക അവളുടെ അരുകിലും എത്തിയിരുന്നു.
******************
ഈ പുലരിയ്ക്ക് ഇത്രയും മാധുര്യമുണ്ടോ..??? പനീര്‍ വല്ലാത്ത ആവേശത്തിലായിരുന്നു. ഒരു പുതുമണവാളനെപ്പോലെ അവന്‍ ഒരുങ്ങാന്‍ തുടങ്ങി. പോലീസിനെയും കക്കിചേരിയിലെ നാട്ടാരെയും പേടിച്ച് നടന്ന അവന് ഈ പട്ടണത്തില്‍ ഇങ്ങനെ ഒരിടം തരപ്പെടുത്തി തന്ന സേനനോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ ദിവസം സേനനെ ഒന്ന് ഒഴിവാക്കിക്കിട്ടാന്‍ അവന്‍ ഒരുപാട് കള്ളങ്ങള്‍ മെനെഞ്ഞെടുത്തു. കന്യക തന്‍റെയടുത്തേയ്ക്ക് വരുന്നുവെന്നറിഞ്ഞ നിമിഷം തന്നെ അവന്‍ സേനനെ വിളിച്ചു. സ്വയം പരിഭ്രാന്തി അഭിനയിച്ചുകൊണ്ട് അവന്‍ സേനനോട് "ഇപ്പോള്‍ ഇവിടം പോലീസ് പരിശോധിച്ചുവെന്നും താന്‍ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നും, ഒരു രണ്ടുദിവസം എങ്ങോട്ടെങ്കിലും മാറി നില്‍ക്കണം എന്നും പറഞ്ഞു. അതില്‍ ഒരല്‍പം ഭയം തോന്നിയ സേനന്‍ പുലര്‍ച്ചെ വണ്ടിയ്ക്കു തന്നെ നാട്ടിലേയ്ക്ക് പാഞ്ഞു.  യാത്രയ്ക്കിടയില്‍ പനീര്‍ സേനനെ വിളിച്ച് അവന്‍ ഈ പട്ടണം വിട്ടെന്നത് ഉറപ്പിക്കുകയും ചെയ്തു.
*****************
പതിവ് പോലെ ദേവനന്ദനം തിരക്കിലേയ്ക്ക് നടന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ്, ചന്തയിലേയ്ക്കുള്ള സാധനങ്ങളും ആയി ദേവന്‍ വണ്ടിയില്‍ കയറിയിരുന്നു. കന്യക പതിവില്‍ നിന്നും വിപരീതമായി നന്ദനയെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. നന്ദന സന്തോഷത്തോടെ തിരിച്ചും. അവളെത്തന്നെ ഉറ്റുനോക്കിനിന്ന പായീമ്മയുടെ ഉണങ്ങിവലിഞ്ഞ കവിളില്‍ അവളൊരു മുത്തം നല്‍കി. അവര്‍ അവളെ സ്നേഹത്തോടെ ആശ്ലേഷിച്ചു. പാറു കിടക്ക വിട്ടു വെളിയിലേയ്ക്ക് വന്നതേയില്ല. തലയണയില്‍ മുഖമമര്‍ത്തി അവള്‍ തേങ്ങിത്തേങ്ങിക്കിടന്നു. ദേവന്‍ വണ്ടിയില്‍ ഇരുന്ന് ഹോണടിയ്ക്കുമ്പോള്‍ കന്യക മെല്ലെ വെളിയിലേയ്ക്ക് നടന്നു. അവള്‍ തോളില്‍ കിടന്ന ബാഗ് ഒന്നുകൂടി തുറന്നു നോക്കി. പിന്നെ അലസമായ മിഴികളോടെ, ഒരു ചെറുചിരിയോടെ അതിന്‍റെ സിബ്ബ് മൃദുവായി പിടിച്ചിട്ടു.

സമയം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. വണ്ടിയിലും പതിവിനു വിപരീതമായി അവള്‍ മിണ്ടാതെയിരുന്നു. അതുകൊണ്ട് തന്നെ കുറെദൂരം താണ്ടിയപ്പോള്‍ ദേവന്‍ ചോദിച്ചു.

"എന്താ ന്‍റെ മോള്‍ക്കിന്നു വല്ലാത്തൊരു മൌനം. ന്തു പറ്റീടാ...???

കന്യക അച്ഛനെ നോക്കി ചിരിച്ചു. അപ്പോള്‍ ദേവന്‍ പറഞ്ഞു.

"ദേ..!! അച്ഛനോട് പറയാന്‍ പറ്റാത്തതാണെങ്കില്‍ ന്‍റെ മോളൂട്ടി പറയണ്ട ട്ടോ...??

"ഹേയ്..!! അങ്ങിനെ ഒന്നും ഇല്ല്യച്ഛാ..." അവള്‍ പറഞ്ഞു.

"പിന്നെ... എന്തിനാടാ രാവിലെ തന്നെ ഈ മൂഡോഫ്..." അയാള്‍ വീണ്ടും ചോദിച്ചു.

"അച്ഛാ... ഞാന്‍ ഒന്ന് ചോദിച്ചോട്ടെ.. അച്ഛനോട്..?? അവള്‍ പറഞ്ഞു.

"പറഞ്ഞോളൂ മോളെ. അതിനെന്തിനാ ഈ മുഖവുര." അയാള്‍ ചോദിച്ചു.

"അച്ഛനെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. നമ്മള് രണ്ടു പെണ്‍കുട്ട്യോള് ഒരു ബാധ്യതയാണെന്ന്...??

കന്യകയുടെ ചോദ്യം ദേവനില്‍ ഒരു ഞെട്ടലുണ്ടാക്കി. അയാള്‍ക്ക്‌ തന്‍റെ നെഞ്ചകം നോവുംപോലെ തോന്നി. പെട്ടെന്നയാള്‍ ഒരു ക്ഷീണിതനെപ്പോലെ വണ്ടി റോഡിന്‍റെ ഓരം ചേര്‍ത്തുനിര്‍ത്തി. പിന്നെ ഒരല്‍പം കണ്ണുനീരാല്‍ നനഞ്ഞ കണ്ണുകളോടെ കന്യകയെ നോക്കി. കന്യക അച്ഛന്‍റെയരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. ദേവന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു. അവളുടെ നെറുകയില്‍ മുത്തം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു.

"എന്താ അച്ഛന്‍റെ മോള്‍ക്ക്‌ അങ്ങിനെ തോന്നാന്‍ കാരണം. അച്ഛനോ, അമ്മയോ മക്കളെ എപ്പോഴെങ്കിലും ഒന്ന് ശകാരിച്ചിട്ടുണ്ടോ..?? നിങ്ങളൊരു ബാധ്യതയാന്ന് പറഞ്ഞിട്ടുണ്ടോ..മോളെ..?? നിങ്ങളാണ് അച്ഛന്റേം അമ്മേടേം സര്‍വസ്വവും. അതങ്ങിനെ തന്നെ ആയിരിക്കും. മരണം വരെ..!!

ദേവന്‍റെ വാക്കുകള്‍ അവളില്‍ വല്ലാത്ത സംതൃപ്തിയുണ്ടാക്കി. അവള്‍ മെല്ലെ മിഴികളുയര്‍ത്തി അച്ഛനോട് ചോദിച്ചു.

"അച്ഛാ... ഞാനിന്ന് ഒരു കാര്യം ചെയ്യാന്‍ പോവുവാ. ഞാന്‍ അതില്‍ വിജയിക്കുമോ അച്ഛാ...??

"പിന്നെ ന്‍റെ മോള് വിജയിക്കാണ്ട്. എന്‍റെ മോള് ഇറങ്ങിത്തിരിയ്ക്കുന്ന ഒരു കാര്യത്തിലും പരാജയപ്പെടില്ല. നിന്‍റെ നാള്‍ അശ്വതിയാ. കക്കിചേരിയിലെ ദേവിയുടെ നാള്‍. അവള്‍ ദുര്‍ഗയായി നാട് നീളെ തുള്ളുന്ന നാള്‍.  ഒരു ശക്തിയ്ക്കും അവളെ കീഴ്പ്പെടുത്താന്‍ കഴിയാത്ത നാള്‍. സാക്ഷാല്‍ പരമശിവന്‍ പോലും ദേവിയുടെ മുന്നില്‍ ഭയന്നു നിന്ന നാള്‍. ന്‍റെ മോള് എന്ത് വിചാരിച്ചുവോ അത് നടക്കും. അവളോട്‌ എന്തെന്ന് പോലും ചോദിക്കാതെ ദേവന്‍ നന്ദനയുടെ ഫോണിലേയ്ക്ക് വിളിച്ചു. നന്ദന ഫോണെടുക്കുമ്പോള്‍ ദേവന്‍ ചോദിച്ചു.

"നന്ദനെ... നോക്കിയേടീ.. ആ ചുമരുംമേലെ കലണ്ടറില്‍ ഒന്ന് നോക്കിയേടീ. ഇന്ന് എന്ത് നാളെന്ന് ഒന്ന് നോക്കിയേടീ..."

കന്യക അച്ഛനെ അത്ഭുതത്തോടെ നോക്കിയിരുന്നു. പിന്നെ അയാളുടെ മുഖം സന്തോഷത്താല്‍ വിടരുന്നത് അവള്‍ കണ്ടു. ഫോണ്‍ സ്വന്തം പോക്കറ്റിലേയ്ക്ക് വച്ചുകൊണ്ട് അയാള്‍ ചിരിച്ചുകൊണ്ട് വണ്ടിയുടെ ഗീയര്‍ ഇട്ടു. അത് മുന്നിലേയ്ക്ക് നീങ്ങുമ്പോള്‍ മോളെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

"ഇന്ന് അശ്വതി നാളാ മോളെ. എന്‍റെ മോള് ധൈര്യമായി പൊയ്ക്കോ. എന്‍റെ മോള് മനസ്സില്‍ ചെയ്യാനുറച്ചത് എന്തായാലും ന്‍റെ മോളതില്‍ വിജയിക്കും. ഉറപ്പ്..."

കന്യകയുടെ സിരകളിലൂടെ രക്തം പാഞ്ഞുകയറി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സിനു വല്ലാത്ത ധൈര്യം വന്നത്പോലെ. കൈകളില്‍ വാളും,  മനസ്സില്‍ നിറഞ്ഞ ദീപവും, ദേവിയുടെ രൂപവും ഒക്കെ കൂടി അവളെ ഒരു വല്ലാത്ത സൗന്ദര്യം കൊണ്ട് പൊതിഞ്ഞു. ആ സുഖത്തില്‍ കന്യക മെല്ലെ കണ്ണുകള്‍ പൂട്ടി സീറ്റിലേയ്ക്ക് ചാരിയിരുന്നു.

"മോളെ... സ്കൂള്‍ എത്തി..."

ദേവന്‍ അത് പറയുമ്പോള്‍ കന്യക കണ്ണുകള്‍ തുറന്നു. പിന്നെ അച്ഛന്റെ കവിളില്‍ പതിവുപോലെ മുത്തം നല്‍കി അവള്‍ പുറത്തേയ്ക്കിറങ്ങി. കണ്ണില്‍ നിന്നും ആ വണ്ടി മറയുമ്പോള്‍ അവള്‍ റോഡ്‌ മുറിച്ചുകടന്നു. അതിനുശേഷം പട്ടണത്തിലേയ്ക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്റ്റാന്‍ഡില്‍ ചെന്നു. പിന്നെ പാറൂച്ചി പറഞ്ഞ സ്ഥലത്തേയ്ക്കുള്ള ബസില്‍ അവള്‍ കയറിയിരുന്നു. അതില്‍ ചാരിയിരിക്കുമ്പോള്‍ അവളുടെ മനസ്സ് നിറയെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു.

"നിന്‍റെ നാള്‍ അശ്വതിയാ. കക്കിചേരിയിലെ ദേവിയുടെ നാള്‍. അവള്‍ ദുര്‍ഗയായി നാട് നീളെ തുള്ളുന്ന നാള്‍.  ഒരു ശക്തിയ്ക്കും അവളെ കീഴ്പ്പെടുത്താന്‍ കഴിയാത്ത നാള്‍. സാക്ഷാല്‍ പരമശിവന്‍ പോലും ദേവിയുടെ മുന്നില്‍ ഭയന്നു നിന്ന നാള്‍. ന്‍റെ മോള് എന്ത് വിചാരിച്ചുവോ അത് നടക്കും...."

(തുടരും)
ശ്രീ വര്‍ക്കല



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 28

കന്യക അടുക്കളയില്‍ നിന്നും തന്‍റെ മുറിയിലേയ്ക്ക് വരുമ്പോള്‍ പാറു കിടക്കയില്‍ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. അവള്‍ ചേച്ചിയുടെ അരുകില്‍ വന്നിരുന്നു. എന്നിട്ട് ചോദിച്ചു.

"ചേച്ചീ... എങ്ങിനുണ്ടിപ്പോള്‍,...?? സുഖം തോന്നുന്നില്ലേ..???

പാറു കന്യകയുടെ നേരെ മുഖം തിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എങ്കിലും അനുജത്തിയുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു.

"ഒന്നൂല്യ... കന്യൂട്ടി.. ഒക്കെ ശെരിയാവും. ചേച്ചിയും അത് തന്നാ ചിന്തിക്കണേ...!!

"എന്ത്...? ചേച്ചി എന്താ ചേച്ചി ഈ പറേണേ...?? എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്താ ചേച്ചീടെ പ്രശ്നം...? എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞൂടേ ചേച്ചിയ്ക്ക്...!!

പറഞ്ഞുകൊണ്ടവള്‍ പാറുവിന്‍റെ മുഖത്തേയ്ക്കു നോക്കി. അവള്‍ക്കു തന്നോട് എന്തോ പറയാനുണ്ടെന്നു എന്ന് കന്യകയ്ക്ക് തോന്നി. അതുകൊണ്ട് തന്നെ അവള്‍ പാറുവിന്‍റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു. പിന്നെ ചേച്ചിയുടെ കൈകള്‍ പിടിച്ച് കൊണ്ട് ചോദിച്ചു.

"ചേച്ചീ... എന്താ ചേച്ചീ..  ഒന്ന് തുറന്ന് പറയ്‌...!!!

അപ്പോള്‍ പാറു പറഞ്ഞു.... "മോളെ, കന്യൂട്ടി നീ കതകൊന്നടയ്ക്ക്....

കന്യക പാറുവിനെ തന്നെ തുറിച്ചുനോക്കി. പിന്നെയവള്‍ മെല്ലെ എഴുന്നേറ്റു മുറിയുടെ കതകടച്ചു. ആ മുറിയ്ക്കുള്ളില്‍ ഇപ്പോള്‍ കന്യകയും, പാറുവും പിന്നെ അവളുടെയുള്ളിലെ കുറെ രഹസ്യങ്ങളും മാത്രം. കന്യക ചേച്ചിയുടെ അരുകിലേയ്ക്ക് തിരികെ വന്നിരുന്നു. പാറു അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. കന്യകയെ അങ്ങിനെ നോക്കിയിരിക്കെ പാറു വിതുമ്പാന്‍ തുടങ്ങി. കന്യക പാറുവിന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. പാറു ഒരു വിങ്ങലോടെ പറഞ്ഞു.

"മോളെ... കന്യകേ..!!! ഞാനിനി പറയാന്‍ പോകുന്ന വാക്കുകള്‍ കേട്ട് നീ ഒരിക്കലും ഈ ചേച്ചിയെ വെറുക്കരുത്. ഐശ്വര്യത്തോടെ കഴിഞ്ഞുപോന്ന നമ്മുടെ കുടുംബത്തിന് ഇന്നൊരു അധികപറ്റായ ചേച്ചിയെക്കുറിച്ച് നീ സഹതപിക്കുകയും അരുത്. ആരോടും പറയാതെ എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ ഞാന്‍ കൊണ്ടുനടന്ന വേദനകള്‍ ഇന്നെനിയ്ക്ക് പറയണം. നിന്നോട് മാത്രം. കാരണം ഞാന്‍ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് പോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നീയെന്നെ തിരിച്ചറിഞ്ഞു. നിന്‍റെ വാക്കുകള്‍ ഈ ചേച്ചിയ്ക്ക് അന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ചേച്ചിയുടെ മനസ്സ് എന്തിന്‍റെയൊക്കെയോ പിന്നാലെ അലയുകയായിരുന്നു. പക്ഷെ, ഇന്നെനിയ്ക്ക് അതിനുള്ള ശിക്ഷ കിട്ടി... കിട്ടി കന്യേ. ഒരിക്കലും നിന്‍റെ പഴയ പാറൂച്ചിയായി തിരികെ വരാന്‍ പറ്റാത്ത വിധം ഞാന്‍ മറ്റാരോ ആയിപ്പോയി.

"എന്താച്ചീ.... ന്‍റെ ചേച്ചിയ്ക്ക് എന്താ ഉണ്ടായെ...??? ഇത്രത്തോളം മനസ്സില്‍ നൊമ്പരം വരാന്‍ ചേച്ചിയ്ക്കെന്താ ഉണ്ടായേ..? എങ്ങിനാ ചേച്ചി നമ്മുക്കെല്ലാം അധികപ്പറ്റാവുന്നെ..? അങ്ങിനെ എന്തിനാ ചിന്തിക്കണേ...?? ഓരോ തവണ ചേച്ചി എന്നെ ആട്ടിപ്പായിക്കുമ്പോഴും ഞാന്‍ ചേച്ചിയെ വെറുത്തിരുന്നില്ലല്ലോ..??  ആരോടും കന്യ പരാതിപ്പെട്ടിട്ടില്ലല്ലോ...?? ആ ഞാന്‍ ഇപ്പോള്‍ എന്നെയിങ്ങനെ ന്‍റെ ചേച്ചി സ്നേഹിയ്ക്കുമ്പോള്‍, വീണ്ടും നല്ലൊരു ജീവിതത്തിലേയ്ക്ക് ചേച്ചി തിരിച്ചുവരുമ്പോള്‍ ഞാന്‍ എങ്ങിനാ വെറുക്കണേ..?? അതിനു ഈ കന്യൂട്ടിയ്ക്ക് കഴിയ്യോ ചേച്ചീ..??

"ന്‍റെ മോളെ.... ഇന്ന് നീ കരുതുന്നത് പോലെ നിന്‍റെ ചേച്ചി ഒരു പരിശുദ്ധയല്ല... ഇനിയെനിക്ക് അതൊട്ട്‌ ആകാനും കഴിയില്ല. ആരോ ഭക്ഷിച്ച്‌ വലിച്ചെറിഞ്ഞ ഒരു എച്ചിലില പോലെ.....ഞാന്‍... ഞാന്‍ നശിച്ചു പോയി മോളെ.... ?

പാറു പറഞ്ഞുകൊണ്ട് കന്യകയുടെ നെഞ്ചിലേയ്ക്ക് വീണു. കന്യക സ്വയം തകര്‍ന്നു ചേച്ചിയെ കെട്ടിപ്പിടിച്ചു. കന്യകയുടെ കണ്ണുനീര്‍ വീണ് പാറുവിന്‍റെ നെറുക നനയാന്‍ തുടങ്ങി. ഇരുവരും നിശബ്ദം കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, കരഞ്ഞുകൊണ്ട്‌ കന്യക പാറുവിന്‍റെ മുഖം ഉയര്‍ത്തി. എന്നിട്ടവള്‍ ധൈര്യപൂര്‍വ്വം അവളുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"ചേച്ചി വിഷമിക്കണ്ടാ... സംഭവിച്ചത് സംഭവിച്ചു. ഇനിയാരും ഇതറിയാന്‍ പാടില്ല. നമ്മുടെ അമ്മ പോലും. ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. ചേച്ചിയ്ക്കറിയില്ലേ ഈ ലോകത്തെക്കുറിച്ച്. ജനിയ്ക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നറിഞ്ഞാല്‍, ജനിച്ചത് പെണ്‍കുഞ്ഞ് എന്നറിഞ്ഞാല്‍ എല്ലാം നഷ്ടപ്പെട്ടത് പോലെ ജീവിക്കുന്നവരുടെ ഇടയില്‍,  വെറുപ്പോടെ അവരെ കാണുന്ന സമുദായത്തിനിടയില്‍, അവരൊന്ന് വളര്‍ന്ന് വരുന്നത് വരെപ്പോലും ക്ഷമിക്കാന്‍ കഴിവില്ലാത്ത കാമക്കൊതിയന്‍മാര്‍ക്കിടയില്‍, നമ്മളെ രണ്ടു പെണ്‍കുട്ട്യോളെ പ്രസവിച്ച് ഇത്രയിടം വരെ വളര്‍ത്തിയ അച്ഛനും അമ്മയ്ക്കും കൊടുക്കാന്‍ പോവുകാണോ നമ്മളീ സമ്മാനം. ഇതെല്ലാം അറിയുമ്പോള്‍, സ്നേഹിച്ച് ലാളിച്ച് വളര്‍ത്തിയ പെണ്മക്കള്‍ നശിച്ച് മുന്നില്‍ വന്നു നില്‍ക്കുന്നത് കാണുമ്പോള്‍, അവര് തളര്‍ന്ന് വീഴുന്നത് കാണാന്‍ കഴിയ്യോ നമ്മളെക്കൊണ്ട്...??

ഇത്രയും പറഞ്ഞിട്ട് അവള്‍ ഒരു നിമിഷം മൗനമായി. എന്നിട്ട് വീണ്ടും തുടര്‍ന്നു. "എല്ലാം സംഭവിച്ചിട്ട്‌ ഇനി ഞാന്‍ ചേച്ചിയെക്കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ, ഒന്നോര്‍ത്തോ ചേച്ചീ... ഒന്നും നഷ്ടപ്പെടാന്‍ അവനുണ്ടായിരുന്നില്ല. അവന്‍ ആഗ്രഹിച്ചത് അവന്‍ നേടി. ചേച്ചിയോ...?? എല്ലാം നഷ്ടപ്പെട്ടു. ഇനി പ്രാര്‍ഥിക്കുക. ഇതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ലല്ലോ..?? ദേവി കാത്തു. ഇപ്പോഴെങ്കിലും ചേച്ചിയ്ക്ക് തിരിച്ചറിവ് ഉണ്ടായല്ലോ..?? അത് മതി. അത് മാത്രം മതി. ഇനി ഇതേക്കുറിച്ച് ഒന്നും ആലോചിച്ചു മനസ്സ് പുണ്ണാക്കുകേം വേണ്ട.... ഇവിടം കൊണ്ട് തീരണം ഇത്. ആ ഒരു ഉറപ്പു ചേച്ചിയ്ക്ക് എനിക്ക് തരണം.

കന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പാറു പൊട്ടിക്കരഞ്ഞു. കന്യക വീണ്ടും അത്ഭുതത്തോടെ ചേച്ചിയെ നോക്കി. അപ്പോള്‍ പാറു കന്യകയുടെ കരം ഗ്രഹിച്ചു. പിന്നെ തന്‍റെ വയറില്‍ ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവളെ നോക്കി വിങ്ങിപ്പൊട്ടി... കന്യക മരവിച്ചപോലെ പാറുവിനെ നോക്കിയിരുന്നു. അവള്‍ക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അവള്‍ക്കു പാറുവിനോട് അടങ്ങാതെ വെറുപ്പ്‌ തോന്നി. എങ്കിലും ഒരു കതകിനപ്പുറം രണ്ടു മനസ്സുകള്‍ ഉണ്ടെന്നുള്ള ഓര്‍മ അവളെ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ നിന്നും വരിഞ്ഞുമുറുക്കി. എങ്കിലും ചേച്ചിയുടെ ചെവിയിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ത്ത് വച്ച് അവള്‍ പറഞ്ഞു.

"അപ്പോള്‍ ഇതിനര്‍ത്ഥം സ്നേഹം എന്നായിരുന്നില്ല അല്ലെ..?? കാമമായിരുന്നു ല്ലെ..?? ചേച്ചീടെ മനസ്സ് നിറയെ കാമമായിരുന്നു ല്ലെ...? ശേ... ഒരു ആണിന് പെണ്ണിനെ അറിയാനും ആണിനെ പെണ്ണിനറിയാനും ഭോഗിക്കണം എന്നാര് പറഞ്ഞു ചേച്ചിയോട്. എനിക്കിപ്പോള്‍ ചേച്ചിയോട് തോന്നുന്നത് സ്നേഹമല്ല ചേച്ചി... മറിച്ച് വെറുപ്പാണ് ചേച്ചി... വെറുപ്പ്‌.."

പിന്നെയവള്‍ പാറുവിനെ വിട്ട് കിടക്കയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. അഭിമാനം തകര്‍ന്നപ്പോള്‍ ഉയിര് വിട്ട പെണ്‍കുട്ട്യോള് ഉള്ള നാട്ടിന് ചേച്ചി ഒരു ശാപാ ചേച്ചി... തീര്‍ത്താല്‍ തീരാത്ത ശാപം. ഒരാളെ സ്നേഹിക്കുന്നത് തെറ്റാണെന്ന് കന്യ പറയില്ല. പക്ഷെ, ചേച്ചി ഇപ്പോള്‍ ഈ ഇരിക്കുന്ന അവസ്ഥയോട് എനിക്കൊട്ടും യോജിക്കാന്‍ കഴിയില്ല....പിന്നെയവള്‍ അത്യധികം സങ്കടത്തോടെ പറഞ്ഞു... ന്‍റെ ദൈവമേ..!! നീ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു... ???

കന്യകയുടെ വാക്കുകള്‍ മുള്‍മുന പോലെ പാറുവിന്‍റെ നെഞ്ചില്‍ കുത്തിയിറങ്ങി. അവള്‍ കിടക്കയിലേയ്ക്ക് തളര്‍ന്നു കിടന്നു. കന്യക മുറിയില്‍ ഇടതും വലതും നടക്കാന്‍ തുടങ്ങി. പാറുവിന്‍റെ ഉടല്‍ തേങ്ങലോടെ വിറയ്ക്കാന്‍ തുടങ്ങി. ഇത്രയേറെ പറഞ്ഞുവെങ്കിലും കിടക്കയില്‍ സങ്കടപ്പെട്ടു കിടക്കുന്ന ചേച്ചിയെ നോക്കുന്തോറും അവളുടെ മനസ്സ് അലിയാന്‍ തുടങ്ങി. വീണ്ടും അവള്‍ ആ കിടക്കയിലേയ്ക്ക് വന്നിരുന്നു. പിന്നെ കൈതട്ടി അവളെ വിളിച്ചു.

"ചേച്ചീ... പാറൂച്ചി... എന്നോട് ക്ഷമിക്ക് ചേച്ചീ...!!! എന്നോട് ക്ഷമിക്ക്. എനിക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അച്ഛന്‍ പറേണ പോലെ ഞാന്‍ അത്രയ്ക്കും അങ്ങട് വലുതായിട്ടില്ലല്ലോ... ചേച്ചീ..."

പാറു കിടക്കയില്‍ വീണ്ടും എഴുന്നേറ്റിരുന്നു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.....

"ഇല്ല മോളെ... നീയാണ് ശെരി..!! ഒരായിരം ശെരി..." പിന്നെയവള്‍ കന്യകയുടെ നേരെ കൈകൂപ്പി. കന്യക പെട്ടെന്ന് അവളുടെ കൈകളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. "ഒന്നും ഉണ്ടായിട്ടില്ല ചേച്ചി. എല്ലാത്തിനും ഈശ്വരന്‍ ഒരു വഴികാണിച്ചു തരും. ന്നാലും എന്ത് സംഭവിച്ചാലും ഇതിനി ചേച്ചി ആരോടും പറയണ്ട. എന്തുവേണോന്ന് ഞാന്‍ ഒന്നാലോജിക്കട്ടെ..."

കന്യക അങ്ങിനെ ഇരിക്കുമ്പോള്‍ തന്നെ പാറു പറഞ്ഞു. "കന്യേ... ഒരു സേനനെക്കൊണ്ട് തീരുന്നതല്ല ചേച്ചീടെ പ്രശ്നം..."

"പിന്നെ..???." അവളുടെ കണ്ണുകള്‍ കുറുകി. പാറു ഭയപ്പാടോടെ അനുജത്തിയുടെ കൈകള്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു. "ഞാന്‍ പറയുന്നത് മൊത്തം മോള് കേള്‍ക്കണം... ഇനിയെങ്കിലും എനിക്ക് ഞാനായിട്ട് ജീവിക്കണം. ജിയാസ്സിനെപ്പോലെ മരിക്കാന്‍ ചേച്ചിയ്ക്ക് ധൈര്യമില്ലാഞ്ഞിട്ടല്ല. പക്ഷെ, അതിനും കക്കിചേരി കണ്ടുപിടിക്കുന്ന കഥകള്‍ പോലും നമ്മുടെ കുടുംബം തകരും. അറിവില്ലാതെ ഞാന്‍ പെട്ടുപോയി... പെട്ടുപോയി. ഒരിക്കലും കരകയറാന്‍ കഴിയാത്ത വിധം അവരെന്നെ കുരുക്കി. ഇനി ആരു വിചാരിച്ചാലും ചേച്ചിയ്ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.... കഴിയില്ല.."

"ചേച്ചി... പറയ്‌... ഇതുവരെ നടന്നതെല്ലാം എന്നോട് പറയ്. അത് കഴിഞ്ഞു നമ്മുക്ക് തീരുമാനിക്കാം രക്ഷപ്പെടാന്‍ കഴിയ്യോ... കഴിയൂല്ലേ ന്നു..."

കന്യക കാതുകള്‍ കൂര്‍പ്പിച്ചിരുന്നു. പാറു അവളുടെ മാറില്‍ തളര്‍ന്നുകിടന്ന് അതുവരെ നടന്നത് എല്ലാം പറഞ്ഞു. ഒടുവില്‍, വീണ്ടും അവിടേയ്ക്ക് പോകാന്‍ അവള്‍ സമ്മതിച്ചത് വരെ. എല്ലാം കേട്ടു കഴിഞ്ഞു കന്യക തളര്‍ന്നിരുന്നു. അവളുടെ ചിന്ത മുഴുവന്‍ ഈ തീരാക്കുരുക്കില്‍ നിന്നും എങ്ങിനെ ചേച്ചിയെ രക്ഷപ്പെടുത്താം, അതിലൂടെ അച്ഛന്റെയും അമ്മയുടെയും അഭിമാനം നിലനിര്‍ത്താന്‍ എങ്ങിനെ സാധിക്കും എന്ന് തന്നെയായിരുന്നു. ഒടുവില്‍, കതകിനരുകില്‍ നന്ദനയുടെ മുട്ടും.....

"എന്തെടുക്കുവാ... ചേച്ചീം അനുജത്തീം കൂടി മുറിയടച്ചിരുന്നു..." എന്നുള്ള വിളിയും കേട്ടുകൊണ്ട് അവര്‍ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു.

"ദേ..!! വന്നൂമ്മേ...!!! മറുപടി പറഞ്ഞുകൊണ്ട് കന്യക കുളിമുറിയിലേയ്ക്ക് ഓടിക്കയറി. തിടുക്കത്തില്‍ മുഖം കഴുകിത്തുടച്ചുവന്ന് അവള്‍ കതകിനരുകിലേയ്ക്ക് നീങ്ങുമ്പോള്‍ പാറു കുളിമുറിയിലേയ്ക്ക് കയറി. വാതില്‍ തുറന്ന കന്യകയുടെ ഇടയിലൂടെ നന്ദന മുറിയ്ക്കകത്തേയ്ക്ക് ഒന്നേന്തിവലിഞ്ഞ് നോക്കി. പാറുവിനെ കാണാഞ്ഞ് കന്യകയുടെ നേരെ അവളൊന്ന് നോക്കി. അമ്മയുടെ തോളില്‍ കൈയിട്ട് "ചേച്ചി കുളിക്കുവാമ്മേ.. " എന്ന് പറഞ്ഞുകൊണ്ട് അവള്‍ നന്ദനയെയും കൊണ്ട് അടുക്കളയിലേയ്ക്ക് പോയി. ഒടുവില്‍, പാറു ആര്‍ക്കും സംശയം തട്ടാത്ത രീതിയില്‍ ഭക്ഷണം കഴിച്ചുവെന്നു വരുത്തി. പിന്നെ തീന്മേശയില്‍ നിന്നും അത്താഴം കഴിഞ്ഞ് ആ കുടുംബം മെല്ലെ പിരിഞ്ഞു.

ദേവനന്ദനത്തിലെ വിളക്കുകള്‍ ഓരോന്നായി അണഞ്ഞു. കന്യകയും പാറുവും കിടക്കയിലേയ്ക്ക് ചാഞ്ഞു. പാറുവിന്‍റെ മനസ്സില്‍ പാതി വിഷമം മാറിയ പോലെ. എങ്കിലും നാളെ വീണ്ടും അവരുടെ അടുത്തേയ്ക്ക് പോകണമല്ലോ എന്നാലോചിച്ചപ്പോള്‍ അവള്‍ക്കു ഒത്തിരി ഭയമായി. അതുകൊണ്ട് തന്നെ അവള്‍ അരുകില്‍ കിടന്ന കന്യകയോട്‌ ചോദിച്ചു.

"കന്യേ... ഉറങ്ങിയോ നീ..??

"ഇല്ലെച്ചീ... എന്തേ...?? കന്യക മെല്ലെ മറുപടി പറഞ്ഞു.

"നിന്നോട് പറഞ്ഞപ്പോള്‍ ചേച്ചീടെ മനസ്സിന് കുറച്ചാശ്വാസമായി. എങ്കിലും നാളെ.... അവര്‍ വിളിച്ചിടത്ത് പോയില്ലെങ്കില്‍...."

"ഹും... പോയില്ലെങ്കില്‍...."

"പോയില്ലെങ്കില്‍... മോളെ അവരീ കുടുംബം തകര്‍ക്കും. പിന്നെ അവര് പറഞ്ഞത് പോലെ ന്‍റെ കന്യൂട്ടിയെ അവര് ഏതേലും വിധേനെ...??? പാറു സങ്കടത്തോടെ പറഞ്ഞു.

"ന്‍റെ പാറൂച്ചി.... ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. ആരും ആരേം ഒന്നും ചെയ്യാനും പോകുന്നില്ല. പിന്നെ, ചേച്ചി ഇനി ഒരിടത്തും പോകുന്നില്ല. ഇനി മുതല്‍ ചേച്ചി ഈ ഫോണ്‍ ഉപയോഗിക്കേം വേണ്ടാ... അത് ഞാന്‍ ഉപയോഗിച്ചോളാം. അത്രേം മാത്രം മതി. ഇനിയെന്ത് ചെയ്യണോന്നു കന്യകയ്ക്കറിയാം. അവര്‍ക്ക് വേണ്ടത് ഒരു പെണ്ണിനെയല്ലേ..?? എന്തുവന്നാലും നേരിടുന്ന ചങ്കുറപ്പുള്ള ഒരു പെണ്ണിനെ...?? അവര് വിളിക്കുന്ന ഇടത്തെല്ലാം ഓടിനടന്ന് അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം നിന്നുകൊടുക്കുന്ന ഒരു പെണ്ണിനെ. അതിനു ചേച്ചിയെപ്പോലെ മനസ്സിന് ധൈര്യോല്ലാത്ത ഒരു പെണ്ണിന് കഴിയില്ല....!! കന്യക പറഞ്ഞു.

"നീയെന്താ യീ പറഞ്ഞുവരണേ...?? എനിക്കൊന്നും മനസ്സിലാവണില്യ...!!! " പാറു അത്യധികം ആധിയോടെ ചോദിച്ചു.

"ചേച്ചി ഉറങ്ങിയാട്ടെ... മനസ്സ് ശാന്തമാക്കി സ്വസ്ഥമായി ഉറങ്ങിയാട്ടെ. ന്‍റെ ചേച്ചിയ്ക്ക് വേണ്ടിയും കക്കിചേരിയിലെ വളര്‍ന്നു വരുന്ന പാവപ്പെട്ട പെണ്‍കുട്ട്യോള്‍ക്ക് വേണ്ടിയും കന്യ പോകുവാ... നാളെ അവരുടെ അടുത്തേയ്ക്ക്. അവര്‍ക്കാവശ്യമുള്ളതെല്ലാം നല്‍കാന്‍...!! ഇനിയൊരിക്കലും ഒരു പെണ്‍കുട്ട്യോളേം ഇതിനുവേണ്ടി തേടിപ്പോകാന്‍ അവര്‍ക്ക് തോന്നരുത്. ഒരു പെണ്ണിന് എന്തെല്ലാം ഒരാണിന് നല്‍കാന്‍ കഴിയുമോ അതെല്ലാം നല്‍കിയെ ഞാന്‍ നാളെ തിരികെവരൂ. എന്നെയല്ലാതെ, ഞാനല്ലാതെ കക്കിചേരിയിലെ ഒരു പെണ്‍കുട്ട്യോളും അവര്‍ക്ക് വേണ്ടിയിനി മടിയഴിക്കരുത്. അതിന് ഇടവരരുത്.... ഇതെന്‍റെ തീരുമാനാ... ഒടുക്കത്തെ തീരുമാനം...!!!

"കന്യേ... മോളെ എന്താ നീയീ പറയണേ...?? നീ പോവ്വേ...?? അവരുടെ ആഗ്രഹങ്ങള്‍ക്ക് നീ വഴങ്ങുവേ...??  അവരെപ്പറ്റി നിനക്കറിയാന്‍ പാടില്ലാത്തോണ്ടാ...?? പെണ്ണിന്‍റെ ശരീരത്തിന് ആണ് കൊടുക്കേണ്ട ഒരു വിലയും അറിയാത്ത അവരെ നീ എങ്ങിനെ നേരിടാനാ...?? ഇതിനായിരുന്നുവെങ്കില്‍ നിന്നോടിത് ഞാന്‍ പറയില്ലായിരുന്നല്ലോ..?? നിന്നെ രക്ഷിക്കാന്‍ വേണ്ടിയല്ലേ ചേച്ചി പോകാന്ന് പറഞ്ഞേ... !! എന്നിട്ടിപ്പോള്‍ നീ സ്വയം ഈ ചേച്ചിയ്ക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നശിക്കുവേ..?? അതിനു കഴിയ്യോ ന്‍റെ മോള്‍ക്ക്‌..?? എന്തിനാ  നീയിങ്ങനെയൊക്കെ സംസാരിക്കുന്നത്...!!!  ഇതാ എനിക്ക് മനസ്സിലാവാത്തെ..??

"ചേച്ചി ഇനി ഒന്നും മനസ്സിലാക്കണ്ട. ഇനി ഞാന്‍ പറയുന്നത് മാത്രം ചേച്ചി കേട്ടാല്‍ മതി. മറിച്ചായാല്‍... ഞാനും അച്ഛനും അമ്മയും ചേച്ചീടെ മുന്നില്‍ മരിയ്ക്കും... ഈ ജന്മം മുഴുവന്‍ ഞങ്ങളെയോര്‍ത്ത് ചേച്ചി പശ്ചാത്തപിക്കും. അതിനൊന്നിനും കന്യയെ ചേച്ചി നിര്‍ബന്ധിക്കല്ലേ..?? പ്ലീസ്.. ചേച്ചി... ഒന്നുറങ്ങണ്‌ണ്ടോ... ചേച്ചീ..."

പറഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു. നിശബ്ദമായി നിമിഷങ്ങള്‍ കടന്നുപോയി. കന്യക ഉറങ്ങിയില്ല. അരുകില്‍ പാറു മെല്ലെമെല്ലെ ഉറക്കത്തിലേയ്ക്കു വഴുതിവീണു. പുറത്ത് രാവും, കാറ്റുമുറങ്ങി. മുറിയ്ക്കകത്ത് മച്ചിലെ ഫാന്‍ ഭ്രാന്തമായി കറങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് കന്യകയുടെ കൈയിലിരുന്ന പാറുവിന്‍റെ ഫോണ്‍ നിശബ്ദമായി മിന്നാന്‍ തുടങ്ങി. അതുംകൊണ്ട് അവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. പിന്നെ പരിചയമില്ലാത്ത ആ നമ്പര്‍ അവള്‍ അറ്റന്‍ഡ് ചെയ്തു.

മറുതലയ്ക്കലെ ഓരോ കേള്‍വിയ്ക്കും അവള്‍ മൂളിമൂളി മറുപടി പറഞ്ഞു. ഒടുവില്‍ സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.

"ഞങ്ങളുടെ കുടുംബം നശിപ്പിക്കല്ലേ നിങ്ങള്..!! നിങ്ങള് വിളിക്കുന്നിടത്തൊന്നും ഇനിയെന്‍റെ ചേച്ചി വരില്ല..!!! അതിനു ന്‍റെ ചേച്ചിയ്ക്കിനി കഴിയില്ല. പകരം... ഞാന്‍... ഞാന്‍ വരാം നിങ്ങളു പറയുന്ന ഇടത്തേയ്ക്ക്."

നീയാരാ..? എന്ന അവന്‍റെ ചോദ്യത്തിന്  അവള്‍ "പാറൂച്ചിയുടെ അനുജത്തി കന്യകയാ ഞാന്‍". പക്ഷെ, പതിനാറ് വയസ്സുമാത്രോള്ള ഒരു കൊച്ചുപെണ്ണാ ഞാന്‍.. നിങ്ങള് രണ്ടുപേര്..?? ആദ്യായിട്ടാ ഞാന്‍.. ഇങ്ങനെ..!!!  എന്നൊക്കൊണ്ട് കഴിയില്ല. നിങ്ങള് ഒരാള്‍ക്ക്‌ മാത്രം ഞാന്‍ വഴങ്ങാം. ദൈവത്തെയോര്‍ത്ത് ഇതെങ്കിലും സമ്മതിയ്ക്കണം..."

കന്യകയുടെ വാക്കുകള്‍ കേട്ടു പനീര്‍ ആവേശം കൊണ്ടുയര്‍ന്നു. ഒട്ടും പ്രതീക്ഷിക്കാതെ,  അവള്‍ വീണ്ടും തന്‍റെ കൈകള്‍ക്കുള്ളില്‍ വന്നു വീഴുന്ന അവളെ ഓര്‍ത്ത് അവന്‍റെ ശരീരം ഒന്നാകെ പെരുക്കാന്‍ തുടങ്ങി. തന്‍റെ ഭാഗ്യമോര്‍ത്ത്  അവന്‍റെ കണ്ണുകള്‍ വിജ്രുംബിച്ചു. അവന്‍ തിടുക്കത്തോടെ പറഞ്ഞു.

"കന്യേ...!!! അവനു തെരിയാത്... അവങ്കിട്ട നാന്‍ സൊല്ലാത്... നാന്‍ മട്ടുംതാം കാണുവേ... അതപ്പറ്റി നീ കവലപ്പെടവേണ്ട തങ്കമേ...!! നീ വന്നാ മട്ടും പോതും...അതും മട്ടും പോതും എനക്ക്.."

ആ ഫോണിനൊടുക്കം പനീര്‍ അത്യധികം ആഹ്ലാദചിത്തനായി നടന്നു. അവന്‍റെ ഉറക്കം എവിടേയ്ക്കോ ഓടിമറഞ്ഞു. നാളെ എന്നൊരു ദിവസത്തിനായി അവന്‍ ആശയോടെ, അതിലേറെ അക്ഷമയോടെ കാത്തിരിക്കാന്‍ തുടങ്ങി....പക്ഷെ, കന്യക മൂകയായി കിടക്കയില്‍ വന്നിരുന്നു. അവള്‍ തളര്‍ന്നുറങ്ങുന്ന ചേച്ചിയെ നോക്കി. അപ്പോഴും ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്നു പാറു. അവളുടെ മുടിയിഴകള്‍ ഫാനിന്‍റെ കാറ്റില്‍ മുഖത്തേയ്ക്ക് പാറി വീണു. കന്യക കിടക്കയുടെ തലയ്ക്കല്‍ ചാരിയിരുന്നു. അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന് വീണ ഒരു തുള്ളി കണ്ണുനീര്‍ അവളുടെ നിറഞ്ഞ മാറില്‍ വീണുടഞ്ഞു. അത് മെല്ലെമെല്ലെ ഒഴുകി അവളുടെ മാറിനെ പൊതിഞ്ഞിരുന്ന തുണിയ്ക്കുള്ളില്‍ അലിഞ്ഞുമറഞ്ഞു.
 
(തുടരും)
ശ്രീ വര്‍ക്കല

2014 ഡിസംബർ 18, വ്യാഴാഴ്‌ച




ശ്രീ വര്‍ക്കല
നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 27

അല്‍പനേരം നന്ദന ഒന്നും മിണ്ടിയില്ല. പാറുവിനെ തന്‍റെ മാറിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ ശിലപോലെയിരുന്നു. ആ നെഞ്ചിന്‍റെ ചൂടില്‍ കിടക്കുമ്പോള്‍ പാറുവറിയാതെ തന്നെ അവളിലെ നോവും, അതില്‍ നിന്നുണ്ടായ തേങ്ങലും കുറഞ്ഞുവന്നു. എങ്കിലും അപ്പോഴും അവള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു..."തന്‍റെ ഒരു വാക്ക് മതി ഈ കുടുംബം തകരാന്‍... അച്ഛന്റെയും അമ്മയുടെയും ഈ കുടുംബത്തിന്‍റെയൊന്നാകെ അഭിമാനം തകരാന്‍. പിന്നെ തന്‍റെ അനുജത്തിയുടെ മേല്‍ കരിനിഴല്‍ വീഴാന്‍......പറയരുത്..അമ്മയോട് ഇപ്പോള്‍ ഒന്നും പറയരുത്. അവളുടെ മനസ്സ് അവളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു."

"മോളെ......പാറു.. എന്തിനാ മോള് കരയണേ..!!!  ഒരു ചര്‍ദ്ദിയ്ക്ക് ഇങ്ങനെ കരയേണ്ടതുണ്ടോ..? അതും അമ്മയിങ്ങനെ കൂടെയിരിക്കുമ്പോള്‍..!! അയ്യേ..!!! ഇതൊന്നും സാരമില്ല മോളെ. ഇനിയും മോള് ചര്‍ദ്ദിച്ചാല്‍ അമ്മതന്നെ മോളെ ആശുപത്രിയില്‍ കൊണ്ടുപോകാം. ഒന്നുമോര്‍ത്ത് മോള് വിഷമിക്കേണ്ട. സ്വസ്ഥായി കുറച്ചുനേരം കിടന്നോള്ളൂ..." നന്ദന പറഞ്ഞു.

പറഞ്ഞുകൊണ്ട് പാറുവിന്‍റെ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ ഒക്കെ ഒരു കുഞ്ഞു തുണികൊണ്ട് ഒപ്പിയെടുത്ത് മകളുടെ നെറുകയില്‍ അവളൊരു മുത്തം നല്‍കി. പാറു കണ്ണുകള്‍ പൂട്ടിയിരുന്നു. അപ്പോഴും അവളുടെ കണ്‍കോണുകളില്‍ നീര്‍ത്തുള്ളികള്‍ പടന്നിരുന്നു. ഒടുവില്‍, പാറുവിനെ കിടക്കയിലേയ്ക്ക് പിടിച്ചുകിടത്തി നന്ദന കിടക്കവിട്ട് എഴുന്നേറ്റു. അവിടെനിന്നും പോകുന്നതിന് മുന്‍പ് അവള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു.

"മോളെ... എന്തേലും അസ്വസ്ഥത തോന്നിയാല്‍ അമ്മയെ വിളിക്കാന്‍ മറക്കല്ലേ..."

പാറു നന്ദനയെ നോക്കി തലകുലുക്കിയെങ്കിലും ആ മുറിവിട്ട്‌ അമ്മ പോകുമ്പോള്‍ അവള്‍ മനസ്സുരുകി ചിന്തിച്ചു. ഇന്നല്ലെങ്കില്‍ നാളെ എല്ലാരും ഇതറിയും. ഒളിച്ചുവയ്ക്കാന്‍ കഴിയാത്തവിധം തന്‍റെയുള്ളില്‍ ഇത് വളര്‍ന്നുവരും. ലോകം തന്‍റെ നേരെയും, തന്‍റെ കുടുംബത്തിന്‍റെ നേരെയും പല്ലിളിച്ചു കാട്ടാന്‍ തുടങ്ങും. അച്ഛന്‍റെയും അമ്മയുടെയും അഭിമാനം, ഞങ്ങളിലൂടെ അവര്‍ കണ്ടിരുന്ന സ്വപ്നം എല്ലാം നിമിഷം കൊണ്ട് ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. പക്ഷെ, എന്നാലും ഇതെങ്ങിനെ താന്‍ മുന്നോട്ടുകൊണ്ടുപോകും.  ഒരിക്കല്‍ അവര്‍ ഇതറിഞ്ഞാല്‍ തന്നെ, നാട്ടാരു നാണം കെടുത്തുമ്പോള്‍, മനസ്സാകെ എരിഞ്ഞു നില്‍ക്കുന്ന അച്ഛനും അമ്മയ്ക്കും സാന്ത്വനം നല്‍കി,  ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരില്ല. നാലാള് കാണ്‍കെ, ഇവള്‍ ഞാന്‍ സ്നേഹിക്കുന്ന പെണ്ണാണ്, അവളുടെ വയറ്റില്‍ വളരുന്നത് എന്‍റെ കുഞ്ഞാണ് എന്ന് പറഞ്ഞ് എന്‍റെ കൈപിടിക്കാന്‍ ആരാ ഇനി ഉണ്ടാവുക. അല്ലെങ്കില്‍ തന്നെ താന്‍ ആരുടെ പേര് പറയും. തന്‍റെ വയറ്റില്‍ മുളപൊട്ടിയത് ആരുടെ കുഞ്ഞാവും. സേനന്‍റെയോ അതോ പനീറിന്‍റെയോ...?

പനീറിനെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്കു ഉടലാകെ വിറയ്ക്കാന്‍ തുടങ്ങി. സേനനോട് ഒരിക്കലും തോന്നാത്ത വിധം വെറുപ്പും തോന്നി. ഇത്രമേല്‍ സ്നേഹിച്ചൊരു പെണ്ണിനെ നിഷ്കരുണം മറ്റൊരു ആണിന് കാഴ്ചവയ്ക്കാന്‍ അവനു കഴിഞ്ഞുവെങ്കില്‍ അവന്‍ തീര്‍ച്ചയായും കന്യകയെയും, അതുപോലെ അതിലൂടെ തന്‍റെ കുടുംബത്തേയും തകര്‍ക്കും. ഓര്‍ക്കുന്തോറും അവള്‍ക്ക് ഭയം വര്‍ദ്ധിച്ചു. നോവുന്ന മനസ്സോടെ അവള്‍ പലത്തവണ തന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചു. എന്നിട്ടും ഒന്നും സാധിക്കാതെ അവള്‍ കിടക്കയില്‍  തിരിഞ്ഞും മറിഞ്ഞും കിടന്നു....

സമയം ഉച്ചയോടടുത്തു. അടുക്കള ജോലിയെല്ലാം ഒതുക്കി നന്ദന വീണ്ടും പാറുവിന്‍റെയരുകില്‍ വന്നു. അപ്പോഴേയ്ക്കും പാറു കിടക്ക വിട്ട് എഴുന്നേറ്റിരുന്നു. പിന്നീട് അവള്‍ക്കു അസ്വസ്ഥതകള്‍ ഒന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ മുറിയുടെ ജനാലയ്ക്കരുകില്‍ അകലേയ്ക്ക് മിഴികള്‍ അര്‍പ്പിച്ച് അവള്‍ നിന്നു. അമ്മ അരുകില്‍ എത്തിയത് പോലും അറിയാതെ നിന്ന അവളെ നന്ദന തൊട്ടു വിളിച്ചു. പാറു തിരിഞ്ഞ് നന്ദനയെ നോക്കി. നന്ദന അവളോട്‌ ചോദിച്ചു.

"മോളെ..!! ന്‍റെ മോള് ആശുപത്രിയില്‍ അച്ഛന് കൂട്ടിരിക്കാന്‍ വന്ന അന്നുമുതല്‍ അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ. ന്‍റെ മോളെ എന്തോ ചിന്ത അലട്ടുന്നുണ്ട്. ഒരമ്മയോട് പറയാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഒന്നും പെണ്‍കുട്ട്യോള്‍ക്ക് ഉണ്ടാവരുത്. അങ്ങിനെ ഉണ്ടായാല്‍ അതിനര്‍ത്ഥം മോള്‍ക്കറിയ്യോ..? അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും വിട്ട്, മറ്റേതോ ലോകത്തില്‍ അവളുടെ മനസ്സ് സഞ്ചരിക്കുന്നു എന്നര്‍ത്ഥം. എന്തുണ്ടായാലും ഇതുവരെ മോളും കന്യകയും, അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ ഇപ്പോള്‍ മാത്രം മോള്‍ എന്തോ അമ്മയില്‍ നിന്നും ഒളിക്കുന്നു. എന്‍റെ പെണ്മക്കളെക്കുറിച്ച് ഞാന്‍ നല്ലത് മാത്രം ചിന്തിക്കുന്നു. കാരണം നിങ്ങള്‍ പെണ്‍കുട്ട്യോള്‍ക്ക് പിഴക്കുന്ന ഓരോ ചുവടിനും നാടും നാട്ടാരും പഴിയ്ക്കുന്നത് അമ്മയെ മാത്രമാണ്.  അതാണ്‌ ഇതുവരെയുള്ള നാട്ടുനടപ്പും. ഇത്രയും പറഞ്ഞിട്ട് നന്ദന അവളുടെ മറുപടിയ്ക്കായി കാത്തുനിന്നു. പക്ഷെ, പാറുവില്‍ നിന്നും അവള്‍ക്കു ഒരു മറുപടിയും ലഭിച്ചില്ല. ഒടുവില്‍, നന്ദന വീണ്ടും ചോദിച്ചു.

"മോളിനിയെങ്കിലും ഈ ചിന്തയൊക്കെ കളഞ്ഞ് ഒരുപിടി വറ്റ് എങ്കിലും വന്നു കഴിയ്ക്ക്..!!! ഇങ്ങനെ പട്ടിണിയിരുന്നാലോ മോളെ....???? അല്ലെങ്കില്‍ ന്‍റെ മോള് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ് നമ്മുക്ക് ആശുപത്രിയില്‍ പോകാം.."

പെട്ടെന്ന് പാറു പറഞ്ഞു. "വേണ്ടമ്മേ...!! ഇപ്പോള്‍ എനിക്ക് അസ്വസ്ഥത ഒന്നും തോന്നുന്നില്ല.."

പിന്നെ അവള്‍ അമ്മയെ നോക്കി മെല്ലെ മന്ദഹസ്സിച്ചു. അതോടെ നന്ദന അവളെയും കൂട്ടി അടുക്കളയിലേയ്ക്ക് പോയി. പിന്നെ അവളുടെ ഇഷ്ടപ്രകാരം, അവളാവിശ്യപ്പെട്ട കറികള്‍ ഒക്കെ കൂട്ടി മാത്രം ഭക്ഷണം വാരി കൊടുത്തു. ഭക്ഷണം കഴിഞ്ഞ പാറു സ്വന്തം മുറിയിലേയ്ക്ക് തന്നെ വന്നു. അപ്പോഴേയ്ക്കും ചന്തയില്‍ നിന്നും ദേവനും തിരിച്ചെത്തി. വന്നപാടെ അയാള്‍ നന്ദനയോട് പാറുവിന്‍റെ കാര്യങ്ങള്‍ ഒക്കെ തിരക്കി. അവള്‍ക്കു സുഖം എന്നറിഞ്ഞതോടെ അയാള്‍ക്ക് സമാധാനമായി. ഒടുവില്‍, മകളുടെ അരുകില്‍ കിടക്കയില്‍ അല്‍പനേരം ഇരുന്നിട്ട് അയാളും പോയി.

പാറു കിടക്കയില്‍ അങ്ങിനെ ചിന്താമഗ്നയായി കിടക്കുമ്പോള്‍ അവളുടെ ഫോണ്‍ മെല്ലെ ശബ്ദിക്കാന്‍ തുടങ്ങി. പാറു തന്‍റെ ഫോണ്‍ എടുത്തുനോക്കി. അതില്‍ പേര് ഉണ്ടായിരുന്നില്ലെങ്കിലും അത് സേനന്‍റെ നമ്പര്‍ ആണെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ പെട്ടെന്ന് തന്നെ ഫോണ്‍ സൈലന്റ് മോഡിലേയ്ക്കിട്ടു. ഒരിക്കല്‍ ശബ്ദിച്ചു നിന്ന ഫോണിലേയ്ക്ക് വീണ്ടും ഒച്ചയില്ലാതെ വിളി വന്നുകൊണ്ടിരുന്നു. ഒടുവില്‍, ആ വിളി അവള്‍ക്കു അസഹ്യമായതോടെ മുറിയുടെ കതക് താഴിട്ട് അവളാ ഫോണ്‍വിളി അറ്റന്‍ഡ് ചെയ്തു. സേനന്‍റെ വാക്കുകള്‍ പ്രതീക്ഷിച്ച അവളെ വരവേറ്റത് പക്ഷെ പനീറിന്‍റെ തമിഴ് വാക്കുകള്‍ ആയിരുന്നു.

"പാറു.....എപ്പടിയിരുക്ക്..സൗഖ്യമാണോ.....?

പാറു ശബ്ദിക്കാതെ അത് കേട്ടു നിന്നു. അപ്പോള്‍ മറുതലയ്ക്കല്‍ നിന്നും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു. ഒരിറ്റു ശൌര്യത്തോടെ....

"എന്നടീ... യേ നീ പേസാമയിരുക്ക്...?? നാന്‍ കേട്ടത് ഉനക്ക് പുരിയലയാ...?

അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. അപ്പോള്‍ വീണ്ടും പനീര്‍ തന്‍റെ പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു.

"അപ്പോ നീ പേസാത്....? വേണാ..നീ പേസവേണ്ട....എന്ന പണ്ണണോന്ന്‍ എനക്ക് തെരിയും. ഓന്‍ തങ്കച്ചിയില്ലയാ ...അന്ത കിളുന്ത് പെണ്ണ് അവളെ നാന്‍ ഇങ്കെ കൊണ്ട് വരട്ടുമാ...?? അപ്പൊ നീ പേസുമേ..."

പെട്ടെന്ന് സ്ഥലകാലം മറന്ന് അവള്‍ വിളിച്ചു. "അയ്യോ...!! ഞാന്‍ മിണ്ടാം. നിങ്ങള് ചോദിക്കുന്നതിനൊക്കെ ഞാന്‍ സമാധാനോം പറയാം. ന്‍റെ അനുജത്തി....!!!  അവളെ നിങ്ങള് ഒന്നും ചെയ്യല്ലേ...?

ഓ.. അപ്പൊ ഉന്നാലെ പേസ മുടിയും....??? ഉം..നാന്‍ സൊല്ലണത് തെളിവാ കേട്ടുക്കോ..!!! നാളേയ്ക്ക് നീ ഇങ്ക വരവേണം... എന്ത എടമെന്ന് തെര്യോല്ലെ..?? .. നീ എന്‍ കൂടെ പടുത്ത അതെ എടത്തുക്ക്...!!!

"ഇല്ല ഞാന്‍ വരില്ല.... ഞാന്‍ വരില്ല... സത്യായും ഞാന്‍ വരില്ല. എന്നെ ഇനിയെങ്കിലും വിട്ടേര്. ഞങ്ങളെ ജീവിക്കാന്‍ വിട്ടേര്. നിങ്ങള്‍ ആഗ്രഹിച്ചത് നിങ്ങള്‍ നേടിയെടുത്തില്ലേ..? പറഞ്ഞുകൊണ്ട് അവള്‍ തേങ്ങിതേങ്ങി കരയാന്‍ തുടങ്ങി. അത് കേട്ടിട്ടും ഒരു മനസ്സലിവും ഇല്ലാത്ത അവന്‍ പറഞ്ഞു.

"അപ്പോള്‍ ശെരി.. നീ വരവേണാ... ഞാന്‍ സൊല്ലിയ പടി ഓന്‍ തങ്കച്ചിയെ ഇങ്കെ വിട്ടിട്.!! ഇങ്ക പാര്‍... നാന്‍ സൊല്ലിയ പടി താന്‍ നടക്കണം. നീ അരുമയാന ഒരു കടിതം മാതിരി. എത്തിണ വാട്ടി പഠിച്ചാലും മതിവരാത ഒരു കാതല്‍ കടിതം മാതിരി... ഹാ...!!! ഉന്നെ എനക്ക് ഇനിയും പഠിക്കണം.. നെറയെ നെറയെ പഠിക്കണം....!!!

പാറു ആകെ വിഷമിച്ചു. അവള്‍ നിശബ്ദയായി നിന്നു. ഒടുവില്‍ അവന്‍ വീണ്ടും വീണ്ടും ചോദിച്ചു.

"നീ വരവേണം. അത് താന്‍ എന്‍ മുടിവ്. ഇന്ത മാറ്റര്‍ നീ യാര്‍ക്കിട്ടാവത് സൊല്ലിയാല്‍ നീ എനക്കൊപ്പം പടുത്ത പോട്ടം ഇന്ത ഊരില് എല്ലാരുമേ പാക്കും. ഒന്‍ അപ്പാവും അമ്മാവും കൂടെതാന്‍ അത് പാക്കപ്പോനെ. കടസ്സിയാ ഇനി നീയെ മുടിവെടുത്ത്ക്കോ..!!

അവള്‍ അല്‍പനേരം നിശ്ചലയായി നിന്നു. പിന്നെ പതറുന്ന സ്വരത്തില്‍ പറഞ്ഞു.

"ഞാന്‍ ... വരാം... നിങ്ങള് പറയുന്ന ഇടത്തൊക്കെ വരാം. നിങ്ങള് പറയുന്നതെല്ലാം ചെയ്യാം. എന്‍റെ അച്ഛനും അമ്മയും അനിയത്തിയേം വെറുതെ വിടണേ...!!! വെറുതെ വിടണേ...!!

അതോടെ മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തു. പാറു ഫോണ്‍ കൈയില്‍ വച്ചുകൊണ്ട് കിടക്കയിലേയ്ക്ക് ഇരുന്നു. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ടു. പിന്നെയവള്‍ ഇരുകൈകളും കൊണ്ട് മുഖം പൊത്തി കിടക്കയിലേയ്ക്ക് വീണു..  അങ്ങിനെ കിടക്കുമ്പോള്‍ മനസ്സ് നിറയെ അപ്പോള്‍ കന്യകയെക്കുറിച്ചുള്ള ചിന്തകള്‍ ഓടിവന്നു. അവള്‍ വേദനയോടെ വീണ്ടും വീണ്ടും അവന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മിച്ചു. നാളെ താന്‍ ചെന്നില്ലെങ്കില്‍ ഒരുപക്ഷെ അവള്‍ കന്യകയെ... അയ്യോ ന്‍റെ കന്യേ.... ന്‍റെ പൊന്നുമോളെ..." ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ടവള്‍ ആ കിടക്കയില്‍ തലയിട്ടടിച്ചു കരഞ്ഞു.

"ചേച്ചീ... പാറൂച്ചി... കതകു തുറക്ക്..."

പുറത്ത് കന്യകയുടെ സ്വരം കേട്ട അവള്‍ സന്തോഷത്തോടെ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. പിന്നെ വാതിലിനരുകിലേയ്ക്ക് ഓടിയടുത്തു. അവള്‍ വാതില്‍ തുറന്നതോടെ കന്യക ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും പാറു വാതില്‍ താഴിട്ടു. കന്യക മുറിയ്ക്കുള്ളില്‍ കയറിയ ഉടനെതന്നെ ചേച്ചീടെ മുഖം കരഞ്ഞുക്ഷീണിച്ചിരിക്കുന്നത് കണ്ടു. ബാഗ് കിടക്കയിലേയ്ക്കിട്ടു അവള്‍ പാറുവിനോട് ചോദിച്ചു.

"എന്താ പാറൂച്ചീ.... എന്തുപറ്റി ന്‍റെ ചേച്ചിയ്ക്ക്. എന്തുണ്ടെങ്കിലും ഈ കന്യൂട്ടിയോട് പറഞ്ഞൂടെ..."

പാറു മനസ്സില്‍ ചിന്തിച്ചു. കന്യകയോട് പറയണോ...?? പറഞ്ഞാല്‍ അവള്‍ അമ്മയോട് പറയുമോ..? അല്ലെങ്കില്‍ തന്നെ പറയാതിരുന്നിട്ട് എന്ത് ഫലം. നാളെ എല്ലാരും ഇതറിയില്ലേ..?

പാറുവിങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോള്‍ കന്യക ചോദിച്ചു. "എന്താ ചേച്ചി... ചേച്ചിയെന്താ ആലോചിക്കുന്നത്...?

"ങേ..!! ഒന്നൂല്ല. ഒന്നൂല്ല മോളെ...!! മോള് പോയി ഭക്ഷണം കഴിച്ചോളൂ...!!

അതോടെ കന്യക വസ്ത്രം മാറി ശുദ്ധിയായി അടുക്കളയിലേയ്ക്ക് പോയി. പാറു കിടക്കയില്‍ തന്നെയിരുന്നു ചിന്തിച്ചു. താന്‍ അവന്‍ പറയുന്നത് കേള്‍ക്കാതിരുന്നാല്‍ തന്‍റെ അനുജത്തിയെയും അവര്‍ നശിപ്പിക്കും. അത് വേണ്ടാ... എന്തായാലും ഞാന്‍ നശിചില്ലേ? ഇനിയെനിക്ക് എന്ത് നോക്കാന്‍... അവരുടെ ആഗ്രഹങ്ങള്‍..!!! മതിവരുവോളം അവര്‍ ആസ്വദിക്കട്ടെ. ഒടുവില്‍, ഈ ജന്മം അവസാനിപ്പിക്കാന്‍ ഒരു തീവണ്ടിപ്പാതയോ, ഒരു തുടം കയറോ...!! അതുമതി. എനിക്കത് മതി... എന്‍റെ തെറ്റുകള്‍ എന്നില്‍ തന്നെ വെന്തൊടുങ്ങട്ടെ.... അവള്‍ തന്‍റെ തീരുമാനം ബലപ്പെടുത്തി. പിന്നെ മെല്ലെ കിടക്കയിലേയ്ക്ക് ചാഞ്ഞു.    

  (തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 26

ഓരോ ദിനവും ഓരോരോ ഓര്‍മ്മകള്‍ മാറ്റിവച്ച് കടന്നുപോകുമ്പോഴും, കണ്മുന്നില്‍ തെളിഞ്ഞുകത്തിയ പല ഓര്‍മകളും മായുമ്പോഴും പാറുവിന്‍റെ മനസ്സ് തളര്‍ന്നുപോയത് തന്‍റെ തകര്‍ച്ച ഓര്‍ത്തു തന്നെയാണ്. തന്‍റെ വീട്ടുകാരോ, നാട്ടുകാരോ ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നത് മാത്രമായിരുന്നു അവളുടെ ഒരേ ഒരു ആശ്വാസം. കന്യകയാകട്ടെ സന്തോഷവതിയായി ദിവസങ്ങള്‍ നീക്കി. ദേവനന്ദനത്തില്‍ മെല്ലെമെല്ലെ സന്തോഷം കളിയാടാനും തുടങ്ങി. കാരണം ഇപ്പോള്‍ ദേവന്‍ നല്ല ആരോഗ്യവും വീണ്ടെടുത്തു കഴിഞ്ഞു. നന്ദന സ്വന്തം മക്കളെ അവളെക്കാളും സ്നേഹിയ്ക്കാനും ഇഷ്ടപ്പെടാനും തുടങ്ങി. അവരൊന്ന് തളരുന്നത് കാണാന്‍ അവള്‍ക്കായില്ല. പ്രത്യേകിച്ച് ജിയാസ്സ് അവള്‍ക്കു നല്‍കിയ അവസാന ഓര്‍മ്മകള്‍ അത്രയേറെ ഭയാനകമായിരുന്നു. കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും പലനാളുകളിലും അവള്‍ കണ്ടത് ആ രൂപമായിരുന്നു. ആ സ്ഥാനത്ത് സ്വന്തം പെണ്മക്കളെ അവളോര്‍ത്തു. ആശുപത്രിക്കിടക്കയില്‍ ദേവനൊപ്പം കൂട്ടിരിയ്ക്കുമ്പോള്‍ പാറുവിന് പാതിരാവില്‍ വന്ന ആ ഫോണ്‍ കാള്‍ അവള്‍ അറിഞ്ഞിട്ടും, മകളോട്‌ ചോദിക്കാന്‍ അവസരം കാത്തിരുന്നിട്ടും, ഒടുവില്‍ നന്ദനയെ ആ ഉദ്യമത്തില്‍ നിന്നും ജിയാസ്സ് വലിച്ചെറിഞ്ഞത് ആയിരം കാതങ്ങള്‍ അകലെയാണ്. ഇനിയൊരിക്കലും പാറുവിനോട് നന്ദനയ്ക്ക് അത് ചോദിക്കാനും കഴിയില്ല.

അന്ന്, രാവിലെ അടുക്കളയില്‍ നന്ദനയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ പായിയമ്മയാണ് അവളോട്‌ ഇങ്ങനെ ചോദിച്ചത്.

"മോളെ...!!! ദേവനെ ആശുപത്രീന്ന് കൊണ്ടുവന്നിട്ടിപ്പോള്‍ മാസം ഒന്നായില്ലേ...? എന്നും ഈ വീട്ടുമുറ്റത്ത് മുടങ്ങാതെ വന്നിരുന്ന സേനന്‍ ഇപ്പോഴെന്തേ വരുന്നില്ല. ഈ വീടുമായി അവന്‍ പുലര്‍ത്തിയ ബന്ധം അത്രത്തോളം അടുപ്പമുള്ളതായിരുന്നില്ലേ. പിന്നെന്താ ഇപ്പോള്‍ ഇങ്ങനെ.."

പായീമ്മയുടെ ചോദ്യം കേട്ടു നന്ദന മുഖത്ത് ഒരു ഭാവഭേദവും വരുത്താതെ അതിനു മറുപടി നല്‍കി.

"പായീമ്മേ...!!! പായീമ്മയ്ക്കും അറിയാവുന്നതല്ലേ..!! അവന്‍ ഇന്നാട്ടുകാരന്‍ അല്ലെന്നുള്ള കാര്യം. ഇടയ്ക്കൊക്കെ അവന്‍ ഇവിടം വിട്ടു നില്‍ക്കാറുള്ളതും അറിയില്ലേ..? അന്നൊന്നും നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലല്ലോ... പായീമ്മേ...? പിന്നെ ഇപ്പോഴതിന്‍റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ന്‍റെ പായീമ്മേ,  പുലര്‍ച്ച മുതല്‍ രാവേറെ കഴിയും വരെ ഈ വീട്ടിലെയും പുറത്തേയും കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ നന്ദനയ്ക്ക് കഴിയുന്നുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്‍റെയും കുട്ട്യോളുടെയും തുണി തേയ്ക്കുന്നതിന് ഇനി അവന്‍റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല..."

നന്ദനയുടെ വാക്കുകള്‍ കേട്ടു പിന്നെ പായിയമ്മ ഒന്നും മിണ്ടിയില്ല.  കന്യകയും പാറുവും പതിവുപോലെ പുലര്‍ച്ചെ പഠിയ്ക്കുവാന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എങ്കിലും പാറു രണ്ടുമൂന്നു ദിവസായി ഉല്‍സ്സാഹവതിയല്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പഠിയ്ക്കുമ്പോഴും ഒക്കെ അവളുടെ മുഖം ഒരു വല്ലാത്ത സങ്കടത്തില്‍ തന്നെയാണ്. ദേവന്‍ പച്ചക്കറിതോട്ടത്തില്‍ നിന്നും, വീടിനരുകില്‍ ഉള്ള പൈപ്പിലെ വെള്ളത്തില്‍ കൈകാല്‍ കഴുകി വീട്ടിനുള്ളിലേയ്ക്ക് കയറി. പതിവ്പോലെ അയാള്‍ നീട്ടിവിളിച്ചു.

"നന്ദൂ... ഭക്ഷണം എടുത്തു വച്ചോളൂ... ചന്തയില്‍ പോകാന്‍ സമയമായി...? എന്നിട്ട് ഹാളിലേയ്ക്ക് നടന്നടുത്ത അയാള്‍ മക്കളുടെ മുറി നോക്കി വിളിച്ചു.

"പാറൂട്ടി...... മോളെ.. നീയൊരുങ്ങിയോ...??

"ഒരുങ്ങീച്ചാ....ദാ..!!! വരുന്നു. അച്ഛന്‍ ഇരുന്നോള്ളൂ..." പാറു മറുപടി പറയുമ്പോഴേയ്ക്കും കന്യക തന്‍റെ തുണികളുമായി കുളിമുറിയിലേയ്ക്ക് ഓടിക്കയറി. ഉടന്‍ തന്നെ ദേവന്‍റെ വിളി വന്നു.

"മോളെ കന്യൂട്ടി.. ന്‍റെ മോള് റെഡിയായോ....??

"ഞാന്‍ കുളിക്കുവാ അച്ഛാ... അച്ഛനും ചേച്ചീം ഇരുന്നോള്ളൂ... ഞാനിതാ വരുന്നൂട്ടോ..."

അപ്പോഴേയ്ക്കും ദേവന് പ്രഭാതഭക്ഷണവുമായി നന്ദന ഊണുമേശയ്ക്കരുകില്‍ എത്തിയിരുന്നു. ദേവന്‍റെ മുന്നില്‍ ഭക്ഷണം വച്ചിട്ട് നന്ദന നിഗൂഡമായി ചിരിച്ചു. ദേവനും നന്ദനയെ നോക്കി ചിരിച്ചു. പിന്നെ അയാള്‍ ചുണ്ടിന് കീഴെ പറഞ്ഞു.

"ഒരു പൊട്ടിപ്പെണ്ണ്‍....."

നന്ദന ദേവനരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. ദേവന്‍ തന്‍റെ ഇടതുകരം അവളുടെ അരക്കെട്ടിലൂടെ ചേര്‍ത്തുപിടിച്ചു. പിന്നെ തന്‍റെ പാത്രത്തില്‍ നിന്നും ഭക്ഷണം ഒരു നുള്ള് വാരിയെടുത്ത് അവളുടെ വായിലേയ്ക്ക് വച്ചു. സന്തോഷത്തോടെ നന്ദന അത് കഴിച്ചു. അമ്മയും അച്ഛനും തമ്മിലുള്ള ഈ സ്നേഹം കണ്ടുകൊണ്ടാണ് പാറു ഹാളിലേയ്ക്ക് വന്നത്. വന്നപാടെ മേശമേല്‍ ഇരുന്ന ചൂടുവെള്ളം അല്‍പ്പം എടുത്തവള്‍ കുടിച്ചു. എന്നിട്ട് ക്ഷീണിതയെപ്പോലെ അതിനരുകില്‍ നിന്നു.

അവളെക്കണ്ട് ദേവന്‍ ചോദിച്ചു.

"ന്തു..പറ്റീ.. ന്‍റെ മോള്‍ക്ക്‌...? മോള് ഭക്ഷണം കഴിയ്ക്കുന്നില്ലേ...?

"വേണ്ടച്ഛാ....എനിക്ക് കഴിക്കണോന്നു തോന്നുന്നില്ല...." അവള്‍ പറഞ്ഞു.

"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനാ പാറൂ. എന്തേലും കഴിച്ചിട്ട് പോയാല്‍ മതി നീ...!! എത്ര നേരോന്നു വച്ചാ പട്ടിണി ഇരിക്കണേ... ഹും... അതൊന്നും പാടില്ല. കഴിച്ചിട്ട് പോയാല്‍ മതി...!!!" നന്ദന ശഠിച്ചു.

അപ്പോള്‍ അസ്വസ്ഥതയോടെ അവള്‍ വീണ്ടും പറഞ്ഞു.

"വേണ്ടമ്മേ...!! സത്യായിട്ടും എനിക്ക് വേണ്ടാ. ഇന്നമ്മ എന്നെ ഇങ്ങനെ നിര്‍ബന്ധിക്കല്ലേ...!!!"

അതോടെ ദേവന്‍ പറഞ്ഞു. "നന്ദു.. വേണ്ടാ... നീയിങ്ങനെ അവളെ വിഷമിപ്പിക്കാതെ. എന്നിട്ട് പാറുവിനോട് പറഞ്ഞു. "മോള് അടുക്കളയില്‍ പോയി  കുറച്ചു പാലോ, ഫ്രൂട്ട്സോ, എന്തെങ്കിലും കഴിച്ചിട്ട് വന്നോള്ളൂ.."

അതോടെ നന്ദനയ്ക്ക് കോപം വന്നു. അവള്‍ ദേവന്‍റെ കൈക്കുള്ളില്‍ നിന്നും കുതറിമാറി. എന്നിട്ടവള്‍ പരിഭവത്തോടെ പറഞ്ഞു.

"ഞാനെപ്പോഴും പറയാറുള്ളതാ...!! ദേവേട്ടന്‍ ഒരാളാ... ഇവരെ ഇങ്ങനെ വഷളാക്കണേ..!! അല്ലേലും ഞാന്‍ ആരാ ഇവിടെ..? എല്ലാരുടേം ഒരു വേലക്കാരി. അപ്പനും മക്കളും ഈ വീട്ടില്‍ എന്തേലും വില തരുന്നുണ്ടോ എനിയ്ക്ക്...??

പറഞ്ഞിട്ടവള്‍ വിഷമത്തോടെ നിന്നു. ദേവന്‍ അപ്പോഴേയ്ക്കും കൈകഴുകി അവളുടെ അടുത്തേയ്ക്ക് വന്നു. അവളുടെ കൈയില്‍ പിടിയ്ക്കുമ്പോള്‍ സ്നേഹത്തോടെ അവളാ കൈതട്ടി മാറ്റി. എന്നിട്ട് പറഞ്ഞു.

"എന്നെ... ആരും സ്നേഹിയ്ക്കണ്ടാ... ആരും... ഹും..."

അപ്പോഴേയ്ക്കും കന്യക അവിടേയ്ക്ക് വന്നു. അച്ഛന്റേം അമ്മയുടെയും സ്നേഹവും പിണക്കോം കണ്ടവള്‍ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"ആരെക്കാണിക്കാനാ ന്‍റെ നന്ദൂ...ഇത്...?? ഞാന്‍ കണ്ടതല്ലേ.. ന്‍റെമ്മച്ചീ.. അച്ഛനൊന്ന് വയ്യാണ്ടായപ്പോള്‍ അമ്മ കാട്ടിയ വിഷമോല്ലാം... ഹ ഹ .."

അവളുടെ ചിരി കണ്ടു നന്ദന മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞു. "കളിയാക്കണ്ട നീയ്... നാളെ ന്‍റെ മോളും ഇങ്ങനെ ഒക്കെ തന്നെയായിരിക്കും..."

അതുകേട്ടുകൊണ്ട് കന്യക പാറുവിന്‍റെ അടുത്തേയ്ക്ക് തിരിഞ്ഞു. എന്നിട്ട് തളര്‍ന്നു നില്‍ക്കുന്ന അവളോട്‌ ചോദിച്ചു.

"പാറൂച്ചി.. കഴിച്ചോ...? ഇല്ലെന്നവള്‍ തലയാട്ടി. എന്നിട്ട് പറഞ്ഞു. "വിശപ്പില്ല കന്യൂട്ടി..."

ചേച്ചിയുടെ ഉത്തരത്തിന് അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ ധൃതിയില്‍ ആഹാരം വാരിക്കഴിച്ചു. അപ്പോഴേയ്ക്കും ദേവന്‍ വസ്ത്രം മാറി വണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങി. അടുക്കളയില്‍ നിന്നും നന്ദന പാറുവിനെ വിളിച്ചു.

"പാറു... ദേ.. വന്നേ... വന്നീ പാലെങ്കിലും എടുത്തുകുടിയ്ക്ക്..."

അമ്മയുടെ വാക്കുകള്‍ കേട്ടു പാറു മടിച്ചുമടിച്ച് അടുക്കളയിലേയ്ക്ക് ചെന്നു. നന്ദന കൊടുത്ത പാല്‍ കൈയില്‍ വാങ്ങി അവള്‍ മുഖത്തേയ്ക്കു മെല്ലെ അടുപ്പിച്ചു. അപ്പോഴേയ്ക്കും കന്യക ഭക്ഷണം കഴിഞ്ഞു വായ കഴുകുകയായിരുന്നു. പാറുവിന് തൊട്ടുമുന്നിലൂടെ പായീമ്മ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളയിലേയ്ക്ക് കയറി വന്നു. ഒരു നിമിഷം....!!  ചുണ്ടില്‍ വച്ച് വെറുപ്പോടെ കുടിച്ചുകൊണ്ടിരുന്ന പാല്‍ അതിശക്തിയായി അവള്‍ ചര്‍ദ്ദിച്ചു. നന്ദന പെട്ടെന്ന് അവളെ തിരിഞ്ഞുനോക്കി. കന്യക ഹാളില്‍ നിന്നും തോളിലേയ്ക്ക്‌ എടുത്തിട്ട ബാഗുമായി അടുക്കളയിലേയ്ക്ക് പാഞ്ഞെത്തി. പാറുവിന്‍റെ കൈയിലിരുന്ന ഗ്ലാസ് മെല്ലെ വഴുതിതാഴെവീണു. അവള്‍ക്കു തനിയ്ക്ക് മുന്നിലുള്ളതെല്ലാം ചുറ്റുന്നത് പോലെ തോന്നിച്ചു. കന്യക ചേച്ചിയുടെ കണ്ണുകള്‍ കറങ്ങുന്നത് കണ്ടു അവളെ ചേര്‍ത്ത്പിടിച്ചു. അപ്പോഴേയ്ക്കും പാറു എല്ലാവരെയും കൊണ്ട് നിലത്തെയ്ക്കിരുന്നു. പായീമ്മ പെട്ടെന്ന് അവളുടെ മുഖത്തേയ്ക്കു വെള്ളം കുടഞ്ഞു. അവള്‍ കണ്ണുകള്‍ മിഴിച്ച് എല്ലാവരെയും മാറിമാറി നോക്കിയിരുന്നു. ബഹളം കേട്ടു ദേവനും അടുക്കളയിലേയ്ക്ക് ഓടിക്കയറി. വന്നപാടെ അയാള്‍ നിലത്തെയ്ക്കിരുന്നു. പിന്നെ പാറുവിനെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ചോദിച്ചു.

"ന്തു... പറ്റി അച്ഛന്‍റെ മോള്‍ക്ക്‌...? എന്നിട്ടയാള്‍ നന്ദനയെ തിരിഞ്ഞു നോക്കി ശകാരിച്ചു.

"ന്താടീ ഇത്...? രാത്രീലെ ഭക്ഷണം അവള്‍ക്കു ദഹിച്ചിട്ടുണ്ടാവില്ല. അതാ... !! മോള് ഇന്ന് കോളേജില്‍ പോകണ്ട. നന്നായി റസ്റ്റ്‌ എടുക്ക്. അല്ലെങ്കില്‍ അച്ഛന്‍ ആശുപത്രീല്‍ കൊണ്ടുപോകാം..."

അപ്പോള്‍ പാറു കൈയെടുത്തു വേണ്ടാന്ന് വിലക്കി. അതോടെ നന്ദന പാറുവിന്‍റെ അരുകിലിരുന്നു അവളുടെ നെഞ്ച് തലോടാന്‍ തുടങ്ങി. പിന്നെ എല്ലാരും കൂടി അവളെ പിടിച്ചുകൊണ്ടുവന്നു മുറിയില്‍ കിടത്തി. നന്ദന അവള്‍ക്കരുകിലിരുന്നു വീശിക്കൊടുത്തു. പാറു, കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അമ്മ കാണാതെ ചരിഞ്ഞുകിടന്നു. അല്‍പസമയം അവളുടെ അടുക്കല്‍ നിന്നിട്ട് കന്യകയും ദേവനും യാത്രയായി. നന്ദന മകളുടെ നെറ്റിയിലും നെഞ്ചത്തും തടവിതടവി അരുകിലിരുന്നു. അപ്പോള്‍ പാറു ഉള്ളുകൊണ്ട് പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു...  അവളുടെ മുന്നില്‍ ഒരു വലിയ ലോകം പോലെ മച്ചിലെ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു.... അത് കണ്ടങ്ങിനെ കിടക്കെ അവളുടെ മനസ്സ് സഞ്ചരിച്ചത് മൊത്തം കൂരിരുള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു...അവിടെയവള്‍ രാക്കിളികളുടെ പാട്ടുകള്‍ കേട്ടില്ല, നിലാവും നീര്‍ത്തടങ്ങളും കണ്ടില്ല....മറിച്ച് കറ പിടിച്ചൊരു പല്ലുമായൊരു ഭീകരരൂപം...അതിനരുകില്‍ തന്നെ കൈകാട്ടിവിളിക്കുന്ന മറ്റൊരു രൂപം, അവര്‍ക്കിരുവര്‍ക്കുമിടയില്‍ മുടിയഴിച്ചിട്ട കന്യകയുടെ ഭ്രാന്തമായ നിലവിളി.... !!

പൊടുന്നനെ അവള്‍ കിടക്കയില്‍ നിന്നുമുയര്‍ന്നു..പാറുവിന്‍റെ ശരീരം തളിരിലപോല്‍ വിറയ്ക്കാന്‍ തുടങ്ങി. ഞെട്ടി, മകളെ നോക്കിയ നന്ദനയെ അവള്‍ കെട്ടിപ്പിടിച്ചു...പിന്നെ പൊട്ടിക്കരഞ്ഞു...  നന്ദന ഒന്നുമറിയാതെ അമ്പരന്നുകൊണ്ട് പാറുവിനെ തന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത്പിടിച്ചു.... 

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 25

പിന്നെയും, സമയം ഏറെക്കഴിഞ്ഞിട്ടും പാറു കുളിമുറിയില്‍ നിന്നും പുറത്തുവന്നതേയില്ല. ദേവന്‍ പച്ചക്കറിതോട്ടത്തില്‍ നിന്നും വീട്ടിലേയ്ക്ക് കയറി. കന്യക അമ്മയ്ക്കൊപ്പം കുറേസമയം കൂടി പങ്കിട്ടിട്ട്, തങ്ങളുടെ മുറിയിലേയ്ക്ക് വന്നു. സമയം നന്നേ ഇരുണ്ടിരുന്നു. അവള്‍ കുളിമുറിയുടെ വാതില്‍ക്കലേയ്ക്ക് വന്ന് അതില്‍ ചെവി ചേര്‍ത്തുവച്ചു. ഉള്ളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ അവള്‍ മെല്ലെ വാതിലില്‍ മുട്ടി. പിന്നെ സ്വരം താഴ്ത്തി വിളിച്ചു.

"പാറൂച്ചീ.... പാറൂച്ചി... എന്തെടുക്കുവാ അവിടെ..? എത്ര നേരായി...??? വിളിച്ചിട്ട് അവള്‍ മറുപടിയ്ക്കായി കാതോര്‍ത്തു നിന്നു.

കുളിമുറിയുടെ മൂലയില്‍ സര്‍വ്വതും നഷ്ടപ്പെട്ടുവെന്ന ചിന്തയില്‍ ചാരിനിന്നിരുന്ന പാറു ഒരു ഞെട്ടലോടെ കന്യകയുടെ വിളികേട്ടു. പെട്ടെന്നവള്‍ ധൈര്യം സംഭരിച്ചു മറുപടി പറഞ്ഞു.

"വരുന്നു പാറൂ... കഴിഞ്ഞൂ.... ദേ വരുന്നു ഞാന്‍...."

ചേച്ചിയുടെ മറുപടി കേട്ടതോടെ പാറു ഉത്സാഹത്തോടെ കിടക്കയിലേയ്ക്ക് വന്നിരുന്നു. അല്‍പ്പസമയം കൂടി കഴിയുമ്പോഴേയ്ക്കും പാറു കുളിമുറിയുടെ വാതില്‍ മെല്ലെ തുറന്നു. പാതിതുറന്ന വാതിലിന് പിന്നില്‍ അര്‍ദ്ധനഗ്നയായി  നിന്ന് അവള്‍ അനിയത്തിയോട് മാറിയുടുക്കാന്‍ വസ്ത്രം ചോദിച്ചു. കന്യക പെട്ടെന്ന് തന്നെ കിടക്കവിട്ടെഴുന്നേറ്റ് ചേച്ചിയ്ക്കുള്ള വസ്ത്രങ്ങളും എടുത്തുകൊണ്ടു കുളിമുറിയുടെ വാതില്‍ക്കല്‍ ചെന്നു എന്നിട്ട് ചോദിച്ചു...

"ന്ത്.. പറ്റി ന്‍റെ ചേച്ചിയ്ക്ക്...??? മാറിയുടുക്കാനുള്ള വസ്ത്രം പോലും മറന്നിരിക്കുന്നു...."

പാറു അതിനു മറുപടി ഒന്നും പറയാതെ, കന്യകയുടെ കയ്യില്‍ നിന്നും വസ്ത്രങ്ങളും വാങ്ങി വീണ്ടും കതകടച്ചു. കന്യക വീണ്ടും കിടക്കയില്‍ വന്നിരുന്നു. അതിലിരുന്നവള്‍ ഈണത്തില്‍ പാടുകയും, കാലാട്ടുകയും ഒക്കെ ചെയ്തു. കുറച്ചുസമയം കൂടി കഴിയവേ പാറു പുതിയവസ്ത്രങ്ങളും ധരിച്ചു കുളിമുറിയില്‍ നിന്നും പുറത്തേയ്ക്ക് വന്നു. പിന്നെ കന്യകയുടെ മുന്നിലൂടെ അവള്‍ നിലക്കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. അതുവരെ ദുഃഖം ഉള്ളിലൊതുക്കിപ്പിടിച്ചിരുന്ന അവള്‍ അതില്‍ സ്വന്തം മുഖം നോക്കുമ്പോഴേയ്ക്കും തേങ്ങിപ്പോയി. കന്യക ചേച്ചിയെ മെല്ലെമെല്ലെ ശ്രദ്ധിക്കാനും തുടങ്ങി. പാറുവിലെ മാറ്റം എപ്പോഴോ അവള്‍ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും താന്‍ ചേച്ചിയെ ഏതെങ്കിലും വിധേന സംശയിക്കുന്നുവെന്ന് ചേച്ചിയ്ക്കൊരിക്കലും തോന്നരുതെന്ന് മനസ്സുകൊണ്ടുറപ്പിച്ചുള്ള പെരുമാറ്റം ആയിരുന്നു അവളുടേത്‌. എങ്കിലും പാറുവിന്‍റെ ഒരു തേങ്ങല്‍ അവളുടെ സര്‍വ്വ നിയന്ത്രണവും തെറ്റിച്ചു. കിടക്കവിട്ടവള്‍ ഓടി ചേച്ചിയുടെ അടുത്തു ചെന്നു. പിന്നെ ബലം പിടിച്ച് അവളെ തന്നിലേയ്ക്ക് തിരിച്ചു. പാറുവിന്‍റെ നിറഞ്ഞ കണ്ണുകള്‍ നോക്കി അവള്‍ അക്ഷമയോടെ ചോദിച്ചു.

"എന്താ പാറൂച്ചി... ഇതിന്‍റെയൊക്കെയര്‍ത്ഥം...??

"എന്ത്....? കരച്ചിലോടെ പാറു ചോദിച്ചു.

"പിന്നെ... ന്താ വെറുതെ ആരേലും കരയുമോ...?? എന്നിട്ടവള്‍ പാറുവിന്‍റെ കണ്ണുകളില്‍ നോക്കിത്തന്നെ പറഞ്ഞു. "ന്‍റെ പാറൂച്ചി... ഒന്നും കന്യൂട്ടിയോട് ഒളിക്കണ്ട. ചേച്ചി ഇന്ന് കോളേജ് വിട്ടു പോയത് ഞാനറിഞ്ഞു. ആരോടൊപ്പമാണ് പാറൂച്ചി പോയേന്നും ഈ കന്യക്കറിയാം...!!!

കന്യകയുടെ വാക്കുകള്‍ നെഞ്ചില്‍ കുത്തിയിറങ്ങുമ്പോഴും പാറു ഒന്നും ഉരിയാടിയില്ല. കന്യക പലതവണ ചോദിച്ചിട്ടും പാറു ഒന്നും പറയാന്‍ കൂട്ടാക്കിയതും ഇല്ല. അതുകൊണ്ട് തന്നെ കന്യക സ്വയം കണ്ടുപിടിച്ചപോലെ പാറുവിനോട് പറഞ്ഞു.

"ന്‍റെ.. പാറൂച്ചി.. ചേച്ചിയെപ്പോലെ പ്രായോം, പക്വതേം ഒന്നും കന്യകയ്ക്കില്ലായിരിക്കാം. പക്ഷെ, ഓരോന്നിന്റെയും വരും വരായ്കകള്‍ നന്നായി എനിക്കറിയാം. ചേച്ചി എന്നോടിനി ഒന്നും പറയണ്ട. ചേച്ചി ഈ ബന്ധം തുടങ്ങുമ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ചേച്ചി... ഒരീസം, ഇതിലും സൗന്ദര്യോള്ളോരുത്തിയെക്കാണുമ്പോള്‍ അവന്‍ പോകുംന്ന്... നാടും വീടും അറിയാതെ എവിടെന്നോ വന്ന ഒരുത്തനെ ന്‍റെ ചേച്ചി സ്നേഹിയ്ക്കുക... ഒന്നും മനസ്സിലാവണില്യ ചേച്ചീ.. എനിക്കൊന്നും മനസ്സിലാവണില്യ. നമ്മളെ വളര്‍ത്തിയതില്‍ എവിടെയാ നമ്മുടെ പാവം അച്ഛനും അമ്മയ്ക്കും തെറ്റ് പറ്റീതെന്ന് ഒരുപിടീം കിട്ടണില്ല്യ.  ഒന്നോര്‍ത്താല്‍ അവര്‍ക്കെവിടെയാ ചേച്ചീ തെറ്റീത്..?? എവിടേം തെറ്റിയിട്ടില്ല. തെറ്റീത് മുഴുവനും ചേച്ചിയ്ക്കാണ്. ഇനീപ്പോ, അവന്‍ പോയേല് പോകട്ടെ. നടന്നതൊന്നും ആരും അറിയണ്ട. ചേച്ചി എല്ലാം മറക്കണം. അച്ഛനും അമ്മേം ഇതൊന്നും അറിഞ്ഞാല്‍ പിന്നെ താങ്ങുകേല്ല. ശേഷിച്ച കാലോങ്കിലും പാവങ്ങള് സമാധാനത്തോടെ ജീവിച്ചോട്ടെ. അവരുടെ സമാധാനം നമ്മളായിട്ട് കെടുത്തണോ ചേച്ചീ... വേണ്ടാ. അതാ എന്‍റെ തീരുമാനം. ചേച്ചി കണ്ണു തുടച്ചേ. ഇത്തിരി താമസ്സിച്ചപ്പോള്‍ തന്നെ അമ്മയ്ക്ക് എത്ര സങ്കടായിന്നറിയ്യോ പാറൂച്ചി. ഇനി ഈ കണ്ണീരൂടി കണ്ടാല്‍ ആ പാവങ്ങള്‍ തകര്‍ന്നുപോകും...

കന്യകയുടെ വാക്കുകള്‍ കേട്ടു പാറു കണ്ണുകള്‍ മെല്ലെ തുടച്ചു. അതോടെ കന്യക പാറുവിനെ വിട്ടു മുറിയുടെ പുറത്തേയ്ക്ക് പോകാനായി തിരിഞ്ഞു. സ്വന്തം അനുജത്തിയുടെ വാക്കുകള്‍ക്ക് മുന്നില്‍ താന്‍ എത്രത്തോളം ചെറുതായി എന്നവള്‍ക്ക് മനസ്സിലായി. എത്രയോ തവണ ഹൃദയം നോവുന്ന വാക്കുകള്‍ കൊണ്ട് താന്‍ അവളെ ക്രൂരമായി ശകാരിച്ചു. അമ്മയോട് അവളെക്കുറിച്ച് എത്രത്തോളം കളവ് പറഞ്ഞിരിക്കുന്നു. എന്നിട്ടും അവള്‍..... അവള്‍.... എന്നെ....!!!! ഹൃദയവേദന താങ്ങാന്‍ കഴിയാതെ പാറു കന്യകയെ വിളിച്ചു.

"കന്യൂട്ടി.... ഈ ചേച്ചിയോട്..... നീ പൊറുക്കടീ.....മോളെ..."

മുറിവിട്ട്‌ പുറത്തേയ്ക്ക് പോകുകയായിരുന്ന കന്യക തിരിഞ്ഞുനിന്നു. നിറകണ്ണുകളോടെ തന്‍റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പാറുവിന്‍റെ രൂപം അവളുടെ നെഞ്ചില്‍ പതിഞ്ഞ് കൊളുത്തിവലിച്ചു. പെട്ടെന്നവള്‍ പാറുവിനരുകിലേയ്ക്ക് നടന്നടുത്തു. ചേച്ചിയുടെ കരം പിടിച്ചവള്‍ സ്വന്തം മാറിലേയ്ക്ക് ചേര്‍ത്ത് പിടിച്ചു. പിന്നെ കന്യക എന്തെങ്കിലും ഉരിയാടും മുന്‍പേ പാറു അനുജത്തിയുടെ മാറിലേയ്ക്ക് മുഖമമര്‍ത്തി. കന്യക ചേച്ചിയെ കെട്ടിപ്പിടിച്ചു.
******************
പട്ടണത്തിലെ ഒഴിഞ്ഞൊരു കോണില്‍ അന്നത്തെ ദിവസം ആഘോഷിക്കുകയായിരുന്നു പനീറും സേനനും. പൊട്ടിച്ചുവച്ച മദ്യക്കുപ്പികള്‍ക്ക് മുന്നില്‍ തങ്ങളുടെ സന്തോഷം പരസ്പരം പങ്കുവയ്ക്കുന്നതിനിടയില്‍ പനീര്‍ തന്‍റെ ബുദ്ധി സേനനോട് പറഞ്ഞു.

"ഇത്തനനാളും ഊര് തെണ്ടി നാന്‍ എന്ന സമ്പാദിച്ചതെന്ന് എനക്കെ പുരിയിലടാ.. ഇപ്പൊ കടവുളാ കാട്ട്രതാണ്ടാ ഇന്തവഴി... കാലയിലിരുന്ത് സായന്തനം വരേയ്ക്കും വീടോരം നടന്ന നീ എന്ന സമ്പാദിച്ചടാ...??? ഇനി നമ്മ എന്നതുക്ക് യോസിക്കണം. യോസിക്ക തേവയെയില്‍ട്ര... അവള ഇനീം നമ്മ കൂപ്പിടണം... ഇനിമേ നമ്മ നെനയ്ക്കിന്ട്ര മാതിരിയേ അവള് നടക്കണം. അവള് പണം താടാ പണം...."

പനീറിന്‍റെ വാക്കുകള്‍ കേട്ടു സേനന്‍ പറഞ്ഞു.

"നീ നെനയ്ക്കിന്ട്ര മാതിരി അത് നടക്കുമാന്നു എനക്ക് തെരിയിലടാ. അവളപ്പടിപ്പെട്ട ഒരു പെണ്ണ് കെടയാത്...."

"ഏടാ...സെന്റിമെന്ടാ.....അവളമ്മ പോട്ട ശാപ്പാട് സെന്ടിമെന്ടാ...." പറഞ്ഞിട്ടവന്‍ പൊട്ടിച്ചിരിച്ചു. പിന്നെ അവനെത്തന്നെ നോക്കിയിരുന്ന സേനനോട് വീണ്ടും പറഞ്ഞു.

"ഹേയ്..! ഒണ്ണ്‍മാകാത് ... യാര്‍ക്കിട്ടേടാ..?? യാര്‍ക്കിട്ട ചൊല്ലൂടാ അന്ത പൊണ്ണ്‍... യാര്‍ക്കിട്ടേം സൊല്ലാത്. ഒനക്ക്‌ പെണ്ണെപ്പറ്റി തെരിയാത്... അതാം നീയിപ്പടി കവലപ്പെടറെ...

സേനന്‍ അവന്‍റെ വാക്കുകള്‍ എല്ലാം മൂളിമൂളികേട്ടു. ഒടുവില്‍, കള്ളിന്‍റെ ലഹരിയില്‍ ആരും കാണാത്ത ആ കല്‍പ്പടവിനടിയില്‍ ഇരുന്ന് അവര്‍ ഇങ്ങനെ ഉരുവിട്ടുകൊണ്ട് തളര്‍ന്നുകിടന്നു.

"കൂപ്പിടണം... അവള ഇനീം കൂപ്പിടണം...അവളവച്ച് എനക്ക് സമ്പാദിക്കണം... നെറെ സമ്പാദിക്കണം.."
**********************
പിന്നെയും മൂന്നു നാല് ദിനങ്ങള്‍ മിന്നിമറഞ്ഞു. കക്കിചേരിയില്‍ ജിയാസ്സും അഗസ്റ്റിനും ഒക്കെ ഒരോര്‍മ്മ മാത്രമായി മാറുന്നു. എസ്. ഐ. രാജശേഖര്‍ അസ്വസ്ഥനായിത്തന്നെ കാണപ്പെട്ടു. ഇന്ദിരയുടെ ദുഃഖം ആരും കണ്ടതേയില്ല. കണ്മുന്നില്‍ പൊന്നുമകള്‍ മരണത്തിലേയ്ക്ക് പതിയ്ക്കുന്ന കാഴ്ച കണ്ട ആ അമ്മ സമനിലതെറ്റിയപോലെ ജീവിക്കാന്‍ തുടങ്ങി. ഒടുവില്‍, കക്കിചേരിയിലെ ദേവിയുടെ മുന്നില്‍ അവര്‍ സര്‍വതും അര്‍പ്പിച്ചു. ചുവന്ന പട്ടുകൊണ്ട് മൂടിയ ദേവിയും കൈനിറയെ കാണിക്ക ഇടുന്നവരെ സ്നേഹിയ്ക്കാന്‍ തുടങ്ങിയോ എന്നുമറിയില്ല. ജിയാസ്സിന്‍റെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ പിടിക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു. കക്കിചേരിയിലെ നല്ലവരായ ഒരു കൂട്ടം ജനങ്ങള്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും സമരവുമായി മുന്നോട്ടു തന്നെ പോയി.
***********************
ദിനങ്ങള്‍ ഓരോന്നും കൊഴിഞ്ഞുവീണു. കന്യകയും പാറുവും വീണ്ടും തങ്ങളുടെ പഠനം തുടര്‍ന്നു. ഉള്ളു കത്തുമ്പോഴും, അതിന്‍റെ നീറ്റലില്‍ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴും പാറു സങ്കടം ഉള്ളില്‍ തന്നെ കടിച്ചമര്‍ത്തി. മറക്കാന്‍ മനസ്സനുവദിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ആ ദിനം അവളെ ഒരിക്കലും വിട്ടു പിരിയില്ല എന്നവള്‍ ഉറപ്പിച്ചിരുന്നു. മനസ്സില്‍ നെയ്തെടുത്ത വിചാരങ്ങള്‍ അവളില്‍ത്തന്നെയവള്‍ അടക്കിയിട്ടു. തന്‍റെ മരണം സംഭവിച്ചാലും ആരോടും തനിക്കു സംഭവിച്ചത് ഒന്നും പറയരുതെന്ന് അവള്‍ ഉറപ്പിച്ചു തന്നെ ജീവിച്ചു. കാരണം ഒടുവില്‍, അവന്‍ പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ എഴുതിവച്ചപോലെ മനസ്സുകൊണ്ട് അവള്‍ ഉച്ചരിച്ചുകൊണ്ടേയിരുന്നു.

"..........ഇന്ത മാറ്റര്‍ ഇങ്കെ മുടിയണം. ഇങ്കെ. ഇന്ത റൂമുക്കുള്ളെ..!! ഇതുക്ക് മേലെ യാര്‍ക്കാവത് ഇന്ത മാറ്റര്‍ തെരിഞ്ചാ.. അവളതാന്‍....ഇന്ത എടത്തില് നീ മട്ടുമലൈ. അന്ത ചിന്നപൊണ്ണ്‍... ഓന്‍ തങ്കച്ചി. അവളും ഇങ്ക വരുവേ...അല്ലെങ്കില്‍ പനീര്‍ വരുത്തുവേം..!!"... 

ക്ലാസ്സിലിരുന്നവള്‍ അതോര്‍ത്ത് ഒന്ന് ഞെട്ടി. തന്‍റെ പൊന്നനുജത്തി... തന്‍റെ പരമ്പരയിലെ ഇപ്പോഴത്തെ അവസാന കന്യക. പതിവ്രതയായ ഒരു ഭാര്യയായി ഭര്‍ത്താവിന്‍റെ കൈപിടിക്കും വരെ അവള്‍ കന്യക തന്നെയായിരിക്കണം. അതിനിനി ഈ പാറൂന്‍റെ ജന്മം തുലഞ്ഞാലും....

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 24

പാറു കാമത്തിന്‍റെ ലഹരിയില്‍ തന്നത്താന്‍ മറന്നു. പരിചിതമല്ലാത്തൊരു ലോഡ്ജ് മുറിയില്‍, തന്നെ അതിരറ്റ് സ്നേഹിക്കുന്നവന്‍ എന്ന വിശ്വാസത്തില്‍ അവള്‍ തന്‍റെ സര്‍വതും വീണ്ടും അവനില്‍ അര്‍പ്പിച്ചു. അടര്‍ന്നു വീഴുന്ന ഓരോ നിമിഷവും അവരുടെ ശ്വാസനിശ്വാസങ്ങളിലൂടെ മാത്രം കടന്നുപോയി. ഒടുവില്‍, ദാഹാര്‍ത്തനായ അവന്‍ അവളുടെ മുന്നില്‍ തളര്‍ന്നിരുന്നു. പാറു കൈനീട്ടി കിടക്കയ്ക്കരുകില്‍ ഇരുന്ന വെള്ളമെടുത്ത് അവനു കുടിയ്ക്കാന്‍ കൊടുത്തു. അവന്‍റെ തൊണ്ടയ്ക്ക് താഴെ അതങ്ങിനെ ചെറുശബ്ദത്തോടെ പോകുന്നത് അവള്‍ നിര്‍ന്നിമേഷം നോക്കിയിരുന്നു. പിന്നെയവന്‍ വച്ചുനീട്ടിയ ദാഹജലം അവള്‍ കുടിയ്ക്കുമ്പോള്‍ സേനന്‍ കിടക്കവിട്ട് എഴുന്നേറ്റു. ചുവരില്‍ തൂക്കിയിരുന്ന വസ്ത്രങ്ങള്‍ അവന്‍ എടുത്തണിഞ്ഞു. പാറു തന്‍റെ വസ്ത്രങ്ങള്‍ നേരെയാക്കി കിടക്കവിട്ട് എഴുന്നേറ്റു. അപ്പോള്‍ സേനന്‍ പറഞ്ഞു.

"വിശ്രമിച്ചോളൂ പാറൂ... ഞാനെന്തെങ്കിലും വാങ്ങിക്കൊണ്ടുവരാം. അതൂടി കഴിച്ചിട്ട് ഞാന്‍ കൊണ്ടുപോയി വിടാം നിന്നെ..."

പാറു പെട്ടെന്ന് തന്‍റെ വാച്ചിലേയ്ക്ക് നോക്കി. എന്നിട്ടവള്‍ വിഷമത്തോടെ പറഞ്ഞു.

"വേണ്ടാ ട്ടോ... കോളേജ് വിടുന്ന സമയം അങ്ങ് വീട്ടിലെത്തണം. അല്ലെങ്കില്‍ അറിയാല്ലോ..? അവള്‍ക്ക് ഒത്തിരി സംശയം തട്ടിയാല്‍ മതി. പിന്നെ നമ്മുടെ ഈ കള്ളക്കളികള്‍ ഒക്കെ പൊളിയും..."

സേനന്‍ അവളുടെ അരുകിലേയ്ക്ക് വന്നു. പിന്നെ അവളെ ചേര്‍ത്ത്പിടിച്ചുകൊണ്ട് പറഞ്ഞു.

"എനിക്കറിയാം പാറൂ. എല്ലാം എനിക്കറിയാം. നിനക്കൊരാപത്തും വരുത്താതെ, എനിക്കറിയാം കൊണ്ട് വിടാന്‍..!!!

അവള്‍ അവനിലേയ്ക്കു ചേര്‍ന്ന് നിന്നു. തന്നെക്കാളും, തന്‍റെ അച്ഛനമ്മമാരെക്കാളും, അനുജത്തിയെക്കാളും അപ്പോള്‍ അവള്‍ അവനെയാണോ സ്നേഹിക്കുന്നത് എന്നുപോലും അവള്‍ക്കു സംശയമായി. പാറു സ്വപ്നലോകത്തില്‍ എന്നപോലെ മിഴിച്ചുനില്‍ക്കെ സേനന്‍ മെല്ലെ അവളെ വിട്ടു. അവന്‍ വാതില്‍ വിട്ടു പുറത്തുപോകുമ്പോള്‍ അവള്‍ അത് അകത്തുനിന്നും താഴിട്ടു.
***************
കന്യക ചുവരിലെ വാച്ചിലേയ്ക്ക് നോക്കി. സമയം നാലിനോടടുത്തുതുടങ്ങി. അവള്‍ മെല്ലെയെഴുന്നേറ്റു. പിന്നെ മന്ദംമന്ദം ചുവടുവച്ച്‌ അവള്‍ ഹാളിലെത്തി. അടുക്കളയില്‍ അമ്മയും പായീമ്മയും ഉണ്ട്. ദേവന്‍ മെല്ലെമെല്ലെ ചുവടുകള്‍ വച്ച് തന്‍റെ പച്ചക്കറിതോട്ടത്തില്‍ നടക്കുകയാണ്. കന്യക അടുക്കളയിലേയ്ക്ക് ചെന്നു. പതിവുപോലെ അമ്മയെ ചേര്‍ന്നവള്‍ അല്‍പ്പസമയം നിന്നു. നന്ദന അവളെ മെല്ലെ തഴുകി. എന്നിട്ട് ചോദിച്ചു.

"മോള്‍ക്കെങ്ങിനെ തോന്നുന്നു. വേദന കുറഞ്ഞോ...???

"കുറഞ്ഞമ്മേ..!! നല്ല ആശ്വാസം തോന്നുന്നു.." കന്യക നന്ദനയ്ക്ക് മറുപടി നല്‍കി. പെട്ടെന്ന് പായീമ്മ പറഞ്ഞു. "ന്നാലും മോളിന്ന് തല കുളിക്കണ്ട ട്ടോ..."

"ഉവ്വ്... പായീമ്മേ..!! അവള്‍ നന്ദനയെ വിട്ടു പായീമ്മയുടെ അടുത്തേയ്ക്ക് നീങ്ങി. അവരവളെ ഒന്ന് തഴുകി നില്‍ക്കുമ്പോള്‍, അതില്‍ വല്ലാത്തൊരു സ്നേഹം അവളറിഞ്ഞു.  അമ്മയുടെയും, പായീമ്മയുടെയും അടുത്ത് ഇങ്ങനെയൊക്കെ അവള്‍ നില്‍ക്കുമ്പോഴും കന്യകയുടെ നെഞ്ചം നിറയെ വേദനയായിരുന്നു. അവള്‍ക്കറിയാം ഒരു മണിക്കൂറുകൂടി കഴിഞ്ഞാല്‍, പാറുവിനെ കാണാതായ വിവരം അറിയുമ്പോള്‍ ഈ വീട്ടിലുണ്ടാകുന്ന അവസ്ഥ. ഹൃദയം ഒന്നാകെ ഇളകിവീഴുന്ന പോലെ തോന്നിയവള്‍ക്ക്‌.

വീണ്ടും നന്ദനയും, പായീമ്മയും അടുക്കളജോലികളില്‍ മുഴുകുമ്പോള്‍ കന്യക അവരെ വിട്ടു മെല്ലെ ഹാളിലേയ്ക്ക് വന്നു. ചുവരിലെ ഘടികാരം നാലെന്നടിച്ചു. ഇപ്പോള്‍ കോളേജ് വിട്ടിട്ടുണ്ടാകും. ഇനി കോളേജില്‍ നിന്നും ബസ്‌ സ്റ്റോപ്പ്‌ വരെയും പിന്നെ അവിടുന്ന് കക്കിചേരിയിലെ പഞ്ചായത്ത് ജങ്ക്ഷന്‍ വരെയും പിന്നെ വീടുവരെയും എത്തുന്നതിന് ഒക്കെയുള്ള സമയം അവള്‍ കണക്കുകൂട്ടി. മുഖത്ത് ഒരു ഭാവഭേദവും കാട്ടാതെ അവള്‍ ഫോണ്‍ കൈയിലെടുത്തു. പാറുവിന്‍റെ നമ്പരിലേയ്ക്ക് വിളിച്ചവള്‍ കാതോര്‍ത്തുനിന്നു.
***************
പാറു ബാഗിനുള്ളിലിരുന്നു ചിലയ്ക്കുന്ന ഫോണ്‍ ഒരു ചങ്കിടിപ്പോടെ വെളിയിലേയ്ക്ക് എടുത്തു. ദേവനന്ദനം എന്നു കണ്ടതോടെ അവളുടെ നെഞ്ചം അതിവേഗം മിടിക്കാന്‍ തുടങ്ങി. അവള്‍ മനസ്സിലോര്‍ത്തു. അമ്മയാകും. ഈ സമയം എന്തിനാവും അമ്മ വിളിക്കുന്നത്. അങ്ങിനെ വിളിക്കാറുള്ളതല്ലല്ലോ..!!! അവളൊരു നിമിഷം ഒന്നാലോചിച്ച് നില്‍ക്കെ അത് നിലച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അത് ചിലയ്ക്കവേ, അവള്‍ അത് അറ്റന്‍ഡ് ചെയ്തു.

"പാറൂച്ചീ.... ഇത് ഞാനാ കന്യൂട്ടി... !! എവിടെയാ പാറൂച്ചി. എന്നോടെങ്കിലും ഒന്ന് പറയാരുന്നില്ലേ. ഇനീപ്പോള്‍ ഇത് അച്ഛനും അമ്മേം അറിയുമ്പോ.. ന്താകും ഇവിടത്തെ സ്ഥിതി. അതാലോചിച്ചോ പാറൂച്ചി..." കന്യക വളരെ സ്വരം താഴ്ത്തി പറഞ്ഞ വാക്കുകള്‍ ആണെങ്കിലും പാറു വളരെ ശ്രദ്ധയോടെയാണ് അത് കേട്ടത്.. അവളുടെ രക്തം തിളച്ചുമറിഞ്ഞു. അരിശത്തോടെ അവള്‍ പറഞ്ഞു.

"ന്‍റെ കന്യകേ...!! നീ പറയുന്നത് പോലെ ഒന്നുമില്ല. ഞാനിപ്പോ, ഞാനിപ്പോളങ്ങ് വീട്ടില്‍ എത്തില്ലേ..!! ഞാന്‍ വീട്ടിലേയ്ക്ക് വരുവാ....!!

പറഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
*********************
ദേവനന്ദനത്തില്‍ കന്യകയും ഒരാശ്വാസത്തോടെ ഫോണ്‍ വച്ചു. വല്ലാത്തൊരു ഉന്മേഷം അപ്പോഴവള്‍ക്കുണ്ടായി. സ്വന്തം മുറിയിലേയ്ക്ക് നടക്കുമ്പോള്‍ അവള്‍ മനസ്സിലുറപ്പിച്ചു. ഇനിയിത് മനസ്സില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല. എത്രയും പെട്ടെന്ന് അമ്മയോട് പറയണം. ഒന്നുകില്‍, പാറൂച്ചിയുടെ ഇഷ്ടം പോലെ അവരത് നടത്തികൊടുക്കും. അല്ലെങ്കില്‍ പാറൂച്ചിയുടെ ഈ സ്നേഹബന്ധം ഇവിടെയവസാനിയ്ക്കും. പിന്നെയവള്‍ തിടുക്കത്തില്‍ കുളിമുറിയിലേയ്ക്ക് കയറി. 
*********************
മുറിയ്ക്കുള്ളിലെ കാള്ളിംഗ് ബെല്‍ അടിയ്ക്കുമ്പോള്‍ പാറു ഉത്സാഹത്തോടെ എഴുന്നേറ്റു. അവള്‍ ചെന്നു വാതില്‍ മെല്ലെ തുറന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളെക്കണ്ടവള്‍ ഒന്നമ്പരന്നു. മനസ്സിലൂടെ വെള്ളിടി പോലെ ആ രൂപം അവളിലേയ്ക്ക് ചാഞ്ഞിറങ്ങി. മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ കതക് വലിച്ചടയ്ക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ, പുറത്തുനിന്നുള്ള ശക്തമായ തള്ളലില്‍ ആ കതക് മലര്‍ക്കെ തുറന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പനീര്‍ മുറിയ്ക്കുള്ളിലേയ്ക്ക്‌ പാഞ്ഞുകയറി. പിന്‍കാലുകൊണ്ട്‌ അയാള്‍ വാതില്‍ ശക്തിയായി ചവുട്ടിയടച്ചു. പിന്നെയത് താഴിട്ടു. പാറു ഭയന്നു നിലവിളിച്ചുകൊണ്ട് മുറിയുടെ കോണിലേയ്ക്കോടി. അമ്പരന്നു നിന്ന അവളുടെ നിലവിളി ആ മുറിയ്ക്കുള്ളില്‍ തട്ടി പ്രതിധ്വനിച്ചു. ഒടുവില്‍ ഒരു നിസ്സഹായയെപ്പോലെ അവള്‍ മുറിയുടെ മൂലയിലേയ്ക്ക് ചാരി നിന്നു.

പനീര്‍ അവള്‍ക്കരുകിലേയ്ക്ക് നീങ്ങുമ്പോള്‍ സ്വന്തം കൈകള്‍ മാറില്‍ പിണച്ചുവച്ചുകൊണ്ടവള്‍ കണ്ണുകള്‍ മുറുകെയടച്ചു. ഒടുവില്‍, അവന്‍റെ കൈക്കരുത്തിനുള്ളില്‍ എല്ല് നുറുങ്ങുന്ന വേദനയോടെ പാറു പിടഞ്ഞു. അവളുടെ മൃദുലമായ ചുണ്ടുകളിലൂടെ അവന്‍റെ ചുണ്ടുകള്‍ പരക്കം പാഞ്ഞു. അവളുടെ നിലവിളികളും, ശൌര്യവും ആ മുറിയ്ക്കുള്ളില്‍ ആ കോണില്‍ നിന്ന് മെല്ലെമെല്ലെ തളര്‍ന്നു തുടങ്ങി. അവളുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞുതുളുമ്പിയ അശ്രുക്കള്‍ നിലത്ത് വീണു ചിതറി. അവളുടെ കണ്ണുനീരിലെ ഉപ്പിന്‍റെ നനവ് അവന്‍റെ നാവുകള്‍ രുചിച്ചെടുത്തു. തളര്‍ന്നുനിന്ന അവളെ അവന്‍ കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു. തന്‍റെ നാശം അവള്‍ തിരിച്ചറിഞ്ഞു. അവളുടെ സ്വപ്നങ്ങള്‍ ആ കിടക്കയില്‍ വീണുടഞ്ഞു. ഒരു പ്രതികാര ദാഹിയെപോലെ അവന്‍ അവളെ കശക്കിയെറിഞ്ഞു. പനീര്‍ അവളില്‍ നിന്നും പിന്മാറുമ്പോള്‍ അവളുടെ ഉടല്‍ ഒന്നാകെ വിറക്കാന്‍ തുടങ്ങി. അവള്‍ വളരെ വിഷമത്തോടെ എഴുന്നേറ്റ്  കിടക്കയിലേയ്ക്ക് ഒരു വശത്തേക്ക് നീങ്ങിയിരുന്നു. അവന്‍ മുറിയിലെ ജനാലയ്ക്കരുകിലേയ്ക്ക് നടന്നടുത്തു. പിന്നെ അതിന്‍റെ വിരിമാറ്റി അവന്‍ പുറത്തേയ്ക്ക് നോക്കി. പാറു തന്‍റെ മുഖം കാല്‍മുട്ടുകളില്‍ അമര്‍ത്തി വിതുമ്പിയിരുന്നു. ഒടുവില്‍, ഒരു കൊടുങ്കാറ്റുപോലെ അവള്‍ക്കരുകിലേയ്ക്ക് തന്നെ തിരിഞ്ഞു വന്നുനിന്ന്, അവളുടെ തലമുടി ഒന്നാകെ പിടിച്ചവന്‍ അവളുടെ മുഖമുയര്‍ത്തി. പാറു അത്യധികം ഭയത്തോടെ, അതിലേറെ വേദനയോടെ അവനെ നോക്കി. പനീര്‍ കുനിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് മുഖമടുപ്പിച്ചു. എന്നിട്ട് പറഞ്ഞു.

"എന്നടീ നീ മൊരച്ചുപാക്കിറെ...  നാന്‍ യാരെന്ന് തെരിയുവാടീ...??  അന്ത പൊണ്ണ്‍ എരന്തത് എതുക്കെന്നു തെരിയുവാടീ. നാന്‍ താടീ.. നാന്‍ താ.... ഇപ്പൊ നീ ഒരു കാര്യം മട്ടും ഞാപകം വച്ചുക്കോ. ഇന്ത മാറ്റര്‍ ഇങ്കെ മുടിയണം. ഇങ്കെ. ഇന്ത റൂമുക്കുള്ളെ..!! ഇതുക്ക് മേലെ യാര്‍ക്കാവത് ഇന്ത മാറ്റര്‍ തെരിഞ്ചാ.. അവളതാന്‍....ഇന്ത എടത്തില് നീ മട്ടുമലൈ. അന്ത ചിന്നപൊണ്ണ്‍... ഓന്‍ തങ്കച്ചി. അവളും ഇങ്ക വരുവേ...അല്ലെങ്കില്‍ പനീര്‍ വരുത്തുവേം..!!"... 

ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ അവളുടെ മുടിയുടെ പിടിവിട്ടു. പിന്നെ അതിവേഗം വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി. പാറു ഭയത്തോടെ ചാടിയെഴുന്നേറ്റു. പിന്നെയവള്‍ ഒന്നും ചിന്തിച്ചില്ല. തുറന്നുകിടന്ന വാതില്‍ ഓടിവന്ന് താഴിട്ടു. കുളിമുറിയ്ക്കുള്ളില്‍ കയറി നന്നായി മുഖം കഴുകി, വൃത്തിയായി മുടിയൊതുക്കി, ഒന്നും സംഭവിക്കാത്ത പോലെ, അതില്‍ നിന്നും പുറത്തേയ്ക്ക് വന്നു. പിന്നെ കിടക്കയില്‍ കിടന്ന തന്‍റെ ബാഗ് എടുത്തു തോളത്തേയ്ക്കിട്ടു. അതിവേഗം വാതില്‍ തുറന്നു അവള്‍ പുറത്തേയ്ക്കോടി. പാറു പുറത്തേയ്ക്ക് ഓടിയിറങ്ങുന്നത് തൊട്ടകലെ അല്‍പ്പം മുന്നിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു ചുവരിന് കീഴെ നിന്നു സേനനും പനീറും കാണുന്നുണ്ടായിരുന്നു. അവരിരുവരും കൈയിലടിച്ചു ആഹ്ലാദം പങ്കിട്ടു. റോഡിലേയ്ക്കിറങ്ങി പാറു വേഗം നടന്നു. ശരീരം കൊത്തിനുറുക്കുന്ന വേദനയിലും അവള് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു.

"ഒന്നും സംഭവിച്ചിട്ടില്ല. തനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല".

ധൃതിയില്‍ നടന്നവള്‍ അരുകിലെ ബസ്സ്റ്റോപ്പില്‍ എത്തി. വാച്ചില്‍ നോക്കുംതോറും അവളുടെ നെഞ്ചം മിടിയ്ക്കാന്‍ തുടങ്ങി. ഇനി വീട്ടിലെത്താന്‍ വെറും പതിനഞ്ച് മിനിറ്റ് മാത്രം ബാക്കി. ഇവിടെ നിന്നും എത്ര ദൂരം ഉണ്ടാകും എന്നുപോലും അവള്‍ക്കറിയില്ല. എങ്കിലും വന്നുനിന്നൊരു ബസില്‍ കയറി അവളിരുന്നു. അതിന്‍റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന് കക്കിചേരിയിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ അവളോര്‍ത്തു. വെറും പതിനാറു വയസ്സ് മാത്രം പ്രായമുള്ള കന്യക. അവള്‍ തന്നെക്കാള്‍ എത്രയോ കാതം മുന്നിലാണ്. ഒരുപക്ഷെ, അറിവില്‍ അമ്മയെക്കാളും. ഓരോ തവണ അവള്‍ ഉപദേശിക്കുമ്പോഴും അവളെ താന്‍ പുശ്ചിച്ചു. അപമാനിച്ചു. ഇനി അവളുടെ ജീവിതം...അതുകൂടി നശിക്കാന്‍ പാടില്ല. അതുകൊണ്ട്.... ഇല്ല ഇതാരും അറിയണ്ട. ആരെയും അറിയിക്കണ്ട...  ചിന്തിച്ചുകൊണ്ടവള്‍ ദുഃഖിതയായി അതിനുള്ളില്‍ ഇരുന്നു. സമയം മെല്ലെമെല്ലെ കടന്നുപോയി.

"കക്കിചേരി.... കക്കിചേരി..."

വിളികേട്ടവള്‍ ഞെട്ടലോടെ ഉണര്‍ന്നു. നേരം ഇരുളാന്‍ തുടങ്ങിയിരുന്നു. ബസില്‍ നിന്നിറങ്ങി അവള്‍ അതിവേഗം നടന്നു. ഒടുവില്‍ അഞ്ചരയോടെ അവള്‍ ദേവനന്ദനത്തിന്‍റെ മതില്‍ക്കെട്ടിനടുത്തെത്തി. പുറത്ത് അമ്മയും കന്യകയും നില്‍ക്കുന്നത് അവള്‍ക്ക് കാണാമായിരുന്നു. അതോടെ പാറുവിന്‍റെ നടത്തത്തിന്‍റെ വേഗത പെട്ടെന്ന് കുറഞ്ഞു. എന്നിട്ടും, രണ്ടും കല്‍പ്പിച്ച് തെല്ലു ഭയത്തോടെ അവള്‍ അതിനുള്ളിലേയ്ക്ക് ചുവട് വച്ചു. നന്ദന പിണക്കം നിഴലിട്ട മുഖത്തോടെ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കന്യക പെട്ടെന്ന് പടവുകള്‍ ഇറങ്ങി പാറുവിനരുകിലേയ്ക്ക് ചെന്നു. പിന്നെ ചേച്ചിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു.

"ന്‍റെ പാറൂച്ചി... നീ ഞങ്ങളെ ഒത്തിരി നേരം കൊണ്ട് കൊല്ലാക്കൊല ചെയ്തൂല്ലോ...!!!

കന്യകയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പാറുവിന്‍റെ നെഞ്ചിനുള്ളില്‍ സങ്കടം വിങ്ങിപ്പൊട്ടി. എങ്കിലും ഒരിറ്റ് കണ്ണീരുപോലും പുറത്തേയ്ക്കൊഴുക്കാതെ അവള്‍ അനുജത്തിയ്ക്കൊപ്പം ചുവട് വച്ചു. വീടിനുള്ളിലേയ്ക്ക് കയറുമ്പോഴും, മുറിയില്‍ കയറുമ്പോഴും അവള്‍ തളര്‍ന്നില്ല. പക്ഷെ, ബാഗ് കിടക്കയിലേയ്ക്കിട്ട് കുളിമുറിയിലേയ്ക്ക് കയറുമ്പോള്‍, അവളുടെ നെഞ്ചിനുള്ളിലെ സങ്കടമെല്ലാം അപ്പാടെ പുറത്തുവന്നു. ഷവര്‍ തുറന്നുവച്ച് അതിന് കീഴെ നിന്നവള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു... ഇടമുറിയാതെ വീണുകൊണ്ടിരുന്ന ആ തണുത്ത വെള്ളത്തില്‍ അവളുടെ കണ്ണീര്‍ അലിഞ്ഞലിഞ്ഞില്ലാതായി....

അപ്പോള്‍ കന്യക അമ്മയോട് ചേച്ചിയ്ക്കായി അപേക്ഷിയ്ക്കുവായിരുന്നു.

"വേണ്ടമ്മേ...!!! ഇപ്പോള്‍ ഒന്നും വേണ്ടാ.. ചേച്ചി വന്നൂലോ.. ഇത്തിരി താമസ്സിച്ചുപോയീന്നല്ലേ ഉള്ളൂ. ഞാന്‍ ചോദിക്കാം ചേച്ചിയോട്..."

നന്ദന പിണക്കത്തോടെ കന്യകയെ ഒന്ന് നോക്കുകമാത്രം ചെയ്തു. പിന്നെ മെല്ലെ മെല്ലെ അവളിലെ പിണക്കം മാറുന്നത് കന്യക കണ്ടു.        

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 23

ഒടുവില്‍ ബസില്‍ നിന്നിറങ്ങി പാറുവിന്‍റെ കോളേജ് അങ്കണത്തില്‍ കാലെടുത്തുവയ്ക്കുമ്പോഴേ പാറുവിന്‍റെ കൂട്ടുകാരികള്‍ കന്യകയുടെ അരുകിലേയ്ക്ക് ഓടിവന്നു. അവരില്‍ പലരും ആശങ്കയോടെയാണ് അവളെ നോക്കിയത്.

അവരുടെ മുഖഭാവം കണ്ട കന്യക ചോദിച്ചു. "എന്താ... എന്തുണ്ടായി..? എവിടെ ന്‍റെ പാറൂച്ചി..??

എല്ലാവരും അവളുടെ ചോദ്യം കേട്ട് പരസ്പരം നോക്കി. കന്യക വീണ്ടും ചോദിച്ചു. "ആരെങ്കിലും ഒന്ന് വായ തുറക്ക്. ന്‍റെ പാറൂച്ചിയ്ക്ക് എന്ത് സംഭവിച്ചു..??"

അപ്പോള്‍ അതിലൊരാള്‍ പറഞ്ഞു. "കന്യകേ..!! നീ വെറുതെ ഒച്ചയുണ്ടാക്കി എല്ലാരേം അറിയിക്കേണ്ട. ഇതിപ്പോള്‍ നമ്മള് കുറച്ചു കൂട്ടുകാര്‍ക്ക് മാത്രേ അറിയൂ...!!!

"എന്ത്...???? അവള്‍ അത്യന്തം ഉദ്ദ്വേഗത്തോടെ ചോദിച്ചു.

"പാറു കാലത്ത് പോയതാണ്. ഇതുവരെയും കോളേജില്‍ തിരിച്ചെത്തിയിട്ടില്ല...!!!"

"പാറൂച്ചി എവിടെപ്പോയെന്നാ നിങ്ങള് പറഞ്ഞുവരുന്നേ..? കന്യക തിടുക്കത്തില്‍ ചോദിച്ചു.

"അത്.... അത്..." ഒരാള്‍ വിക്കി..

"പറയൂ... എന്താണെങ്കിലും പറയൂ. എന്തും താങ്ങാനുള്ള കരുത്തിപ്പോള്‍ ഈ കന്യക്യ്ക്കുണ്ട്. മടിക്കേണ്ടാ നിങ്ങള് പറഞ്ഞോളൂ..." കന്യകയുടെ വാക്കുകളും കണ്ണുകളും നിര്‍ജീവങ്ങളായി. അവള്‍ ചിലത് മനസ്സിലുറപ്പിച്ച പോലെ അവരുടെ മുന്നില്‍ നിന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ തുടര്‍ന്നു.

"കന്യകേ... പാറു രാവിലെ പോയതാ ഇവിടുന്ന്. അവനാ.. സേനന്‍. അവനാ വിളിച്ചോണ്ട് പോയെ. അവര് തമ്മില് ഒരുപാട് നാളായി ഇഷ്ടത്തിലാ. ഇനീപ്പോ വല്ല രജിസ്റ്റര്‍ കച്ചേരിയിലും നോക്കിയാ മതിയാവും രണ്ടിനേം..." ഇങ്ങനെ പറഞ്ഞുകൊണ്ട് പറഞ്ഞവളും കൂടെയുണ്ടായിരുന്നവരും ചിരിച്ചു.

കന്യക... തളര്‍ന്ന് അരുകിലെ വൃക്ഷച്ചുവട്ടിലേയ്ക്കിരുന്നു. അവളുടെ കണ്ണുകള്‍ പൊടുന്നനെ നിറയാന്‍ തുടങ്ങി. അതോടെ പാറുവിന്‍റെ കൂട്ടുകാരികള്‍ അവള്‍ക്കൊപ്പം കൂടി. അവര് അവളെ സമാശ്വസിപ്പിച്ചു.

"കന്യകേ.. നീ വിഷമിക്കാണ്ടിരിക്ക്. ഇതെല്ലാം നാട്ടില്‍ നടപ്പല്ലേ. ഇഷ്ടോള്ളോന്‍റെ കൂടെ ജീവിക്കുന്നതിന്‌ എന്തിനാ എല്ലാരും ഇങ്ങനെ തടസ്സം പിടിക്കണേ..."

"തടസ്സം പിടിക്കേ...??? ആരു തടസ്സം പിടിച്ച കാര്യാ നിങ്ങളീ പറയണേ..??? പാറൂച്ചിയ്ക്ക് ഇങ്ങനെ ഒരു ബന്ധമുള്ളത് നമ്മുക്കാര്‍ക്കും അറിയുക കൂടി ഇല്ല... പിന്നെങ്ങിനാ തടസം നിക്കണേ..??

"അപ്പോള്‍... നിനക്ക് പോലും ഈ ബന്ധം അറിയില്ല്യാന്നാണോ നീയീ പറേണേ..?? പക്ഷെ, പാറു അങ്ങിനല്ലല്ലോ നമ്മളോടൊക്കെ പറഞ്ഞേ...!!!

"എനിക്കൊരു സംശയം ഉണ്ടായിരുന്നു എന്ന് മാത്രം. എന്നാലും ഈ ബന്ധം ഇത്രത്തോളം വളരുമെന്ന് ഞാന്‍ നിരീച്ചതു കൂടിയില്ല..." അവള്‍ വിഷമത്തോടെ അകലേയ്ക്ക് നോക്കിപ്പറഞ്ഞു.

നേരം ഉച്ചയായി. മഴക്കാലം മറന്ന് സൂര്യന്‍ കത്താന്‍ തുടങ്ങി. കന്യക സങ്കടത്തോടെ അവിടം വിടാന്‍ തുടങ്ങി. നടന്നകലുമ്പോള്‍ അവള്‍ ചിന്തിച്ചത് എങ്ങിനെ അച്ഛനോടും അമ്മയോടും ഇത് പറയും എന്നത് മാത്രമായിരുന്നു. പിന്നെ ന്‍റെ പാറൂച്ചിയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയും. അവള്‍ പിന്നീട് സ്കൂളില്‍ പോയതേയില്ല. കിട്ടിയ ബസുകയറി കക്കിചേരിയിലെ പഞ്ചായത്ത് ജങ്ക്ഷനില്‍ എത്തുമ്പോഴേയ്ക്കും സമയം ഒന്ന് കഴിഞ്ഞിരുന്നു. പഞ്ചായത്ത് കെട്ടിടത്തിന് പുറകുവശത്തുള്ള ദേവിക്ഷേത്രത്തില്‍ അവള്‍ ആ ഉച്ചനേരത്ത് ചെന്നുകയറി. ചന്ദനത്തിരിയുടേയും കത്തിയമര്‍ന്ന കര്‍പ്പൂരത്തിന്‍റെയും സുഗന്ധം അവിടമാകെ പരന്നുനിന്നു. അവള്‍ താഴിട്ടിരുന്ന വാതിലിന് മുന്നില്‍ ചെന്നു ഇരുകൈകളും കൂപ്പി പറഞ്ഞു.

"അമ്മേ... മഹാമായേ..!! അറിവില്ലാതെ ന്‍റെ പാറൂച്ചി കാണിച്ച അവിവേകങ്ങള്‍ അമ്മ പൊറുക്കണേ. ആരുമറിയാതെ, ന്‍റെ പാറൂച്ചീയ്ക്ക് ഒന്നും സംഭവിപ്പിക്കാതെ,  ഞങ്ങള്‍ക്ക് തിരികെ തരണേ. അങ്ങിനെ തരുകയാണെങ്കില്‍ ഈ ആയുസ്സു മുഴുവന്‍ അവിടുത്തെ ദാസിയായി, ഒരു കന്യകയായി മാത്രം ഈ ദേവകന്യക കഴിയുന്നതായിരിക്കും...."

എന്നിട്ടവള്‍ ആ വെളുത്ത് പരിശുദ്ധമായ മണലില്‍ മുട്ടുകുത്തിയിരുന്നു. ക്ഷേത്രത്തിനു പുറകിലെ ഒലട്ടി വൃക്ഷത്തിലിരുന്ന ഒരു നത്ത് അപ്പോള്‍ ഒന്ന് മൂളി. കന്യക നിറഞ്ഞ കണ്ണുകളോടെ, മുഖമുയര്‍ത്തി വീണ്ടും ദേവിയുടെ, അടഞ്ഞുകിടന്ന വാതില്‍ക്കലേയ്ക്ക് നോക്കി ഇപ്രകാരം പറഞ്ഞു.

"അതല്ല... ന്‍റെ പാറൂച്ചിയ്ക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഈ കന്യക്യ്ക്കൊരു ജീവിതമില്ല. അമ്മയുടെ ഈ തിരുനടയില്‍ ഞാനെന്‍റെ ജീവിതം  ആടിതീര്‍ക്കും. അപ്പോള്‍ എന്‍റെ കൈകളില്‍ ന്‍റെ പാറൂച്ചിയെ നശിപ്പിച്ചവന്‍റെ ചോര പുരണ്ടിരിക്കും. ഇത് സത്യം. സത്യം. സത്യം.... "

പറഞ്ഞുകൊണ്ടവള്‍ ആ മണലിലേയ്ക്ക് മുഖം പൂഴ്ത്തി.  ശ്രീകോവിലിനുള്ളിലൂടെ അതിവേഗം പറന്നു വന്നൊരു പ്രാവ്, പെട്ടെന്ന് നിലത്തൊരാള്‍ രൂപം കണ്ടു വഴിമാറി പറന്നു. അതിന്‍റെ ആ ലക്‌ഷ്യം തെറ്റിയ പറക്കലില്‍ ക്ഷേത്രമണിയുടെ ചരടില്‍ ചിറകടിച്ച് പതിയെ മണി മുഴങ്ങി. അസമയത്തെ മണിമുഴക്കം കേട്ട കന്യക മുഖമുയര്‍ത്തി. പിന്നെ പിന്തിരിഞ്ഞ് നോക്കാതെ അവള്‍ ആ ക്ഷേത്രാങ്കണം വിട്ടു. വീട്ടിലേയ്ക്കുള്ള യാത്രയില്‍ അവളെ ചിന്തകള്‍ വീണ്ടും വരിഞ്ഞുമുറുക്കി.
****************
സേനന്‍ പാറുവിനെ നോക്കി. അവന്‍ പറഞ്ഞു.

"എത്ര ദിവസായീന്നറിയോ.. നിന്നെ കാണാണ്ട്...???

അവള്‍ അനുരാഗത്തോടെ അവനെ നോക്കി. പിന്നെ അവന്റെയരുകിലേയ്ക്ക് അല്‍പ്പം കൂടി ചേര്‍ന്നിരുന്നു. എന്നിട്ട് ചോദിച്ചു.

"എവിടെയ്ക്കാ... ന്നെയീ കൊണ്ടുപോകാന്ന് പറയണേ.....???

"കൊല്ലാനല്ല.." അവന്‍ പറഞ്ഞു.

പാറു അവന്‍റെ വലതുകരത്തിലൂടെ അവളുടെ കൈചേര്‍ത്ത്‌ പിടിച്ച് കുറച്ചുകൂടി അടുത്തിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു.

"ദേ... സമയം വല്ലാണ്ട് പോകുവാ കേട്ടോ. ഈ മാവിന്‍ചോട്ടില്‍ ഇങ്ങനെ എത്രനേരാ ഇരിക്കാന്‍ കഴിയുക. അതാ ഞാന്‍ പറഞ്ഞേ ആരേലും കാണും മുന്‍പേ നമ്മുക്ക് എവിടേലും സ്വസ്ഥമായി ഇരിക്കാം. സംസാരിക്കാം. പിന്നെ... പിന്നെ..."

"എന്ത് പിന്നെ..?? അവള്‍ ആകാംക്ഷയോടെ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. അവന്‍ അവളെയും. പരസ്പരം കഥകള്‍ പറഞ്ഞ അവരുടെ കണ്ണുകളെ സാക്ഷി നിര്‍ത്തി സേനന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തിചുംബിച്ചു. പാറു കണ്ണുകള്‍ മുറുകെയടച്ചു. പെട്ടെന്നാണ് സേനന്‍റെ ഫോണിലേയ്ക്ക് ഒരു ഫോണ്‍ വന്നത്. ഒന്നിച്ച വേഗത്തില്‍ അവരിരുവരും ഞെട്ടിപ്പിടഞ്ഞ് മാറി. സേനന്‍ പതിയെ ചിലച്ചുകൊണ്ടിരുന്ന ഫോണുമായി എഴുന്നേറ്റു. പാറു അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ അവളില്‍നിന്നും കുറച്ചുമുന്നിലേയ്ക്ക് ചുവട് വച്ചു. പിന്നെ ഫോണിലൂടെ ആരോടോ ഒന്നുരണ്ട് വാക്ക് സംസാരിച്ച് തിരിച്ചുവന്നു. അവള്‍ക്കരുകിലെയ്ക്ക് വീണ്ടും ഇരുന്ന സേനനോട് പാറു ചോദിച്ചു.

"ആരാ വിളിച്ചേ...??

"ഒരു കൂട്ടുകാരനാ... ഇവിടെ അടുത്തിരുന്നു സംസാരിച്ചാല്‍ അവന് എന്തേലും സംശയം തട്ടിയാലോ...ന്നു വച്ചാ..." അവനത് പറഞ്ഞു തീരുമ്പോഴേയ്ക്കും പാറു അവനിലേയ്ക്കു ചേര്‍ന്നിരുന്നു. ഇപ്പോള്‍ അവളുടെ കണ്ണുകള്‍  ഒരു പ്രത്യേകരീതിയില്‍ തിളങ്ങിയിരുന്നു. അതുകണ്ടുകൊണ്ട് തന്നെ സേനന്‍ അവളോട്‌ ചോദിച്ചു.

"പാറു... അപ്പോള്‍ പോകുവല്ലേ നമ്മള്‍..!! ഞാന്‍ പറഞ്ഞ ഇടത്തേയ്ക്ക്. സ്വസ്ഥമായി കുറേനേരം നമ്മുടേതായ നിമിഷങ്ങള്‍!!!!

"ഉം.." അവള്‍ മൂളി.

സേനന്‍ പാറുവിനെയും കൊണ്ട് പട്ടണത്തിലെ അധികമാരും അറിയാത്ത ഒരു ലോഡ്ജിലേയ്ക്ക് കയറി. പരിചയമുള്ളവനെ പോലെ അവന്‍ അവളെയും കൊണ്ട് അതിന്‍റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു. പിന്നെ പടികള്‍ കയറി തൊട്ടുമുകളിലത്തെ നിലയിലെത്തി. പോക്കെറ്റില്‍ കരുതിയിരുന്ന താക്കോല്‍ എടുത്ത് അവന്‍ ഒരു മുറി തുറന്നു. പാറു തെല്ല് സങ്കോചത്തോടെ ചുറ്റും നോക്കി. തീര്‍ത്തും വിജനമായ സ്ഥലം. അവിടെ അധികമാരും ഇല്ലെന്നവള്‍ സ്വയം സമാധാനിച്ചു. മുറിയ്ക്കുള്ളില്‍ കയറിയതോടെ സേനന്‍ വാതില്‍ താഴിട്ടു. പാറു മുറിയുടെ ചുറ്റും നോക്കി. പുറത്തു നിന്നു കാണുന്നത് പോലെയല്ല. മനോഹരമായ, നല്ല വര്‍ണ്ണങ്ങളുള്ള ജനാലവിരികളും, ഭിത്തികളും... അവള്‍ ജാലകത്തിനരുകിലേയ്ക്ക് വന്നു. പിന്നെ അതിന്‍റെ വിരി മാറ്റി താഴേയ്ക്ക് നോക്കി. ഇടയ്ക്കിടെ ഇടത്തേയ്ക്കും വലത്തേയ്ക്കും പോകുന്ന വാഹനങ്ങള്‍ അവള്‍ക്കു കാണാം. അവളങ്ങിനെ നോക്കി നില്‍ക്കെ, സേനന്‍ പുറകിലൂടെ ചെന്ന് അവളെ ചേര്‍ത്ത് പിടിച്ചു. അവളുടെ മാര്‍ദ്ദവമായ വയറിന് മേലെ അവന്‍ അമര്‍ത്തിപ്പിടിച്ചു. അവള്‍ ജനാലവിരി വിട്ട് അവനിലേയ്ക്കു തലചായ്ച് നിന്നു. സേനന്‍റെ മുഖം ഒരു നാഗത്തലപോലെ അവളുടെ കവിളിലൂടെ, കഴുത്തിലൂടെ ഇഴയാന്‍ തുടങ്ങി. പാറു നിയന്ത്രണം വിട്ട പോലെ വെട്ടിത്തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. സേനന്‍റെ കരങ്ങള്‍ അവളെ ആര്‍ത്തിയോടെ പിടിച്ചു. അവളുടെ ചുണ്ടുകള്‍ അവന്‍റെ പല്ലുകള്‍ക്കുള്ളില്‍ കിടന്നു ഞെരിയാന്‍ തുടങ്ങി. പാറു പ്രാണന്‍ പോകുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ സേനന്‍റെ കൈകളില്‍ക്കിടന്ന് പിടഞ്ഞു.
*************
കന്യക വീട്ടിലേയ്ക്ക് ചുവടുവച്ചു. മുറ്റത്ത് നിന്നും സിറ്റ്ഔട്ടില്‍ കാലെടുത്ത് വച്ചിട്ട് അവള്‍ ഒരുനിമിഷം ചിന്തിച്ചു. പിന്നെ കാള്ളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. അല്‍പനേരം നില്‍ക്കുമ്പോഴേയ്ക്കും ആ വാതില്‍ അവള്‍ക്കു മുന്നില്‍ തുറന്നു. അകത്തു നിന്നും നന്ദന തല പുറത്തേയ്ക്കിട്ട് നാലുപാടും നോക്കി. അപ്പോഴേയ്ക്കും നന്ദനയുടെ അരുക് ചേര്‍ന്ന് കന്യക അകത്തേയ്ക്ക് കയറി. പാറുവിനെ കൂടെക്കാണാഞ്ഞ്, കന്യകയോട്‌ അവളെവിടെ എന്ന് ചോദിച്ചുകൊണ്ട് നന്ദന വാതില്‍ താഴിട്ടു കന്യകയുടെ പിന്നാലെ കൂടി. 

"ചേച്ചീടെ പഠിത്തം കഴിഞ്ഞില്ലമ്മേ. എനിക്ക് നല്ല തലവേദന. ഞാന്‍ നേരത്തേ ഇങ്ങ് പോന്നു.."

അലക്ഷ്യമായി പറഞ്ഞുകൊണ്ട് അവള്‍ മുറിയിലേയ്ക്ക് കയറി. നന്ദന ഹാളില്‍ നിന്നും ബാം എടുത്തുകൊണ്ട് പെട്ടെന്ന് മുറിയിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും വസ്ത്രങ്ങള്‍ പോലും മാറാതെ കന്യക കിടക്കയിലേയ്ക്ക് കമിഴ്ന്ന് വീണിരുന്നു. നന്ദന അവളുടെ അരുകിലേയ്ക്ക് ചെന്നിരുന്നു. പിന്നെ കമിഴ്ന്ന് കിടക്കുകയായിരുന്ന അവളുടെ നെറ്റിയില്‍ ബാം പുരട്ടി. കന്യക നിശബ്ദം കിടന്നു. അവളുടെ മേലെ തട്ടിക്കൊണ്ട് മോള് കുറച്ചുനേരം സമാധാനമായി കിടന്നോള്ളൂ എന്ന് പറഞ്ഞു നന്ദന അടുക്കളയിലേയ്ക്ക് പോയി. അമ്മ മുറിവിട്ട്‌ പോയി എന്നുറപ്പിച്ച കന്യക സ്വന്തം തലയിണയിലേയ്ക്ക് വായമര്‍ത്തി പൊട്ടിപൊട്ടിക്കരഞ്ഞു. അവളുടെ ആ നിയന്ത്രണം വിട്ട കരച്ചില്‍ ആ പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍ തപ്പിത്തടഞ്ഞു മൃതിയടഞ്ഞു.   

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 22

ഒടുവില്‍ രാജശേഖര്‍ ആ മുറിവിട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ നന്ദന ദീര്‍ഘമായി നിശ്വാസം കൊണ്ടുകൊണ്ട് അരുകിലെ കസേരയിലേയ്ക്ക് ഇരുന്നു. കന്യക അമ്മയുടെ അരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. അതോടെ നന്ദന മകളുടെ ശരീരത്തിലേയ്ക്ക് ചാരിയിരുന്നു. അമ്മയുടെ മുടിയിഴകളെ തഴുകി നിന്ന കന്യക നിറമിഴികളോടെ പായീമ്മയെ നോക്കി. അപ്പോള്‍, തളര്‍ന്നു വിറങ്ങലിച്ച അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ആ വൃദ്ധമാതാവിന്‍റെ വിതുമ്പല്‍ കന്യകയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ സങ്കടത്തോടെ അവരെ നോക്കി വിളിച്ചു.

"പായീമ്മേ...!!! അമ്മ പറഞ്ഞതോര്‍ത്ത് സങ്കടപ്പെടല്ലേ...!! അമ്മയ്ക്കതേ കഴിയൂ പായീമ്മേ..!!!

കന്യകയുടെ ആ വാക്കുകള്‍ അവരെ ഒരുനിമിഷം ചിന്തിപ്പിച്ചുവോ..? അതെ ചിന്തിപ്പിച്ചിട്ടുണ്ടാകും അവര്‍ തെല്ലു വിടര്‍ന്ന കണ്ണുകളോടെ കന്യകയെ നോക്കി. നന്ദന അപ്പോഴും മകളെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. കന്യക ദയനീയമായ ഒരു നോട്ടത്തോടെ പായീമ്മയോട് പറഞ്ഞു.

"അമ്മ നമ്മുടെ കൂട്ടത്തില്‍ ഒരാളായിട്ടേ പായീമ്മേനെ കണ്ടിട്ടുള്ളൂ. ഇനിയും അങ്ങിനെ തന്നെയായിരിക്കും. ഇതിപ്പോള്‍ നമ്മള് രണ്ടു പെണ്‍കുട്ട്യോളുടെ ഇനിയുള്ള സുരക്ഷയെക്കരുതിയാവും അമ്മ അങ്ങിനെ പറഞ്ഞേ. അല്ലെങ്കില്‍ പായീമ്മ ഒന്ന് ചിന്തിച്ചേ, നാളെ കക്കിചേരിയിലെ ജനങ്ങള്‍ എന്താകും പറയുക....????

പായീമ്മ ഒരുനിമിഷം അവളുടെ വാക്കുകളെക്കുറിച്ച് ചിന്തിച്ചു. അതോടെ മെല്ലെ മെല്ലെ അവരുടെ സങ്കടം കുറഞ്ഞുവന്നു. അവളുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടപോലെ അവര്‍ നിശബ്ദയായി കിടന്നു. തുടര്‍ന്നുള്ള നിമിഷങ്ങള്‍ നിശബ്ദം കടന്നുപോയി. ഒടുവില്‍ കന്യകയെ പായീമ്മയുടെ അടുക്കല്‍ നിര്‍ത്തിയിട്ട് നന്ദന അവിടെനിന്നും എഴുന്നേറ്റ് ദേവന്‍റെയടുത്തേയ്ക്ക് പോയി.

നന്ദന മുറി തുറന്നു അകത്തേയ്ക്ക് കയറുമ്പോള്‍ ദേവന്‍ ഉണര്‍ന്നു കിടപ്പുണ്ടായിരുന്നു. അയാള്‍ അതുവരെയും നന്ദനയെ കാണാതെ പരിഭ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിഭവത്തോടെ അയാള്‍ ചോദിച്ചു.

"ന്‍റെ നന്ദു... എങ്ങോട്ടെങ്കിലും പോയാല്‍ നിനക്കൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ..? ഞാന്‍ എന്ത് മാത്രം സങ്കടപ്പെട്ടൂന്നു നിനക്കറിയാവോ...?

നന്ദന ദേവന്‍റെ വാക്കുകള്‍ക്ക് മറുപടിയൊന്നും പറയാതെ അയാളുടെ കിടക്കയ്ക്ക് അരുകിലുള്ള കസേരയിലേയ്ക്കിരുന്നു. പിന്നെയും ഒന്നും ഉരിയാടാതെ അയാളുടെ വലതുകരം തന്‍റെ മുഖത്തേയ്ക്കു പിടിച്ചടുപ്പിച്ചു. പിന്നെ ഒരു തേങ്ങലോടെ ആ കൈയും ചേര്‍ത്ത് കട്ടിലിലേയ്ക്ക് മുഖമമര്‍ത്തി. ദേവന്‍ എന്ത് നടന്നതെന്നറിയാതെ ആകെ പരിഭ്രമിച്ചു. അയാള്‍ കിടക്കയില്‍ നിന്നും അവളുടെ സമീപത്തേക്ക് മെല്ലെ തിരിയാന്‍ ഒരു വിഫലശ്രമം നടത്തി. കഴിയാതെ വന്നപ്പോള്‍ വളരെ പണിപ്പെട്ട് തന്‍റെ ഇടതുകരം എടുത്ത് നന്ദനയുടെ മുടികളിലൂടെ തഴുകി. നന്ദന അപ്പോഴും തേങ്ങുന്നുണ്ടായിരുന്നു. അയാള്‍ പിന്നെയും അവളെ തഴുകിക്കൊണ്ടിരുന്നു. ആ നിശബ്ദതയ്ക്കൊപ്പം രാവും മെല്ലെമെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
**************
സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും, രാവേറെ കഴിഞ്ഞിട്ടും രാജശേഖര്‍ ചിന്താമഗ്നനായിരുന്നു. വിളമ്പി വച്ച ആഹാരത്തിനു മുന്നില്‍ ഇരുന്നപ്പോഴും അയാള്‍ക്ക്‌ വല്ലാത്ത ഒരു മനസ്താപം പോലെ. ഒരു രീതിയിലും അടുക്കാന്‍ കഴിയാത്ത പോലെ ചില ചങ്ങലകണ്ണികള്‍ പരസ്പരം തന്നില്‍ നിന്നും അകന്നകന്ന് പോകുന്നത് പോലെ. എവിടെയെങ്കിലും താന്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ആരോ അവിടെ നിന്നും തന്നെയും ദൂരേയ്ക്ക് വലിച്ചിഴയ്ക്കുന്നു. ആദ്യം അഗസ്റ്റിന്‍, പിന്നെ ദേവന്‍, ജിയാസ്, പനീര്‍, കന്യക, പായീമ്മ.. പിന്നെ ദേ ഒടുവില്‍ ഇപ്പോള്‍ നന്ദനയും.... അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി. തന്‍റെ മുന്നിലിരുന്ന ഭക്ഷണം ഒന്ന് തൊട്ടുപോലും നോക്കാതെ അയാള്‍ എഴുന്നേറ്റു. കൈകഴുകി, തൊട്ടുമുന്നിലെ ടൌവലില്‍ കൈ തുടച്ചുകൊണ്ട് അയാള്‍ മുന്‍വാതില്‍ തുറന്നു മുറ്റത്തേയ്ക്കിറങ്ങി. നല്ല നിലാവില്‍ അയാള്‍ ഇടംവലം നടന്നു. പിന്നെ എന്തോ ചിന്തിച്ചുറപ്പിച്ച പോലെ പെട്ടെന്ന് വീട്ടിനകത്തേക്ക് വന്നു. പിന്നെ ഫോണ്‍ എടുത്ത് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല്‍ കേട്ട സ്വരത്തിനോട് അയാള്‍ പറഞ്ഞു.

"സ്റ്റേഷനില്‍ ഒരു പി.സി. യെ നിര്‍ത്ത്‌. എന്നിട്ട് പോ... ഇപ്പോള്‍തന്നെ.. ഈ രാത്രി തന്നെ സേനനെ പിടിക്ക്. പിന്നെ ഒരു കാര്യം അവനെ കസ്റ്റഡിയില്‍ എടുക്കുന്നത് ആരും അറിയണ്ട. അവനെ സ്റ്റേഷനില്‍ കൊണ്ട് വന്നിട്ട് എന്നെ വിളിക്ക്. അതുപോലൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അവനെ കൊണ്ടുവരുന്നത് ആരും കാണരുത്....ഉം... പോ.. സമയം കളയണ്ട.

അത്രയും പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ അയാള്‍ക്ക്‌ തെല്ല് ആശ്വാസം വന്നപോലെ തോന്നിച്ചു.  മുന്‍വാതില്‍ താഴിട്ട്, ഹാളിലെ നനുനനുത്ത സീറ്റിലേയ്ക്ക് വന്നയാള്‍ ചാരിയിരുന്നു. ആ ഇരുപ്പില്‍ ക്ഷീണം കൊണ്ട് സ്വയം മറന്നയാള്‍ ഉറങ്ങി.

അപ്പോഴും രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഇരുളില്‍ സേനനെ തേടി നടന്നു. ഒടുവില്‍ നഗരത്തില്‍ നിന്നും കക്കിചേരിയിലേയ്ക്ക് തിരിയുന്ന റോഡിലേയ്ക്ക് അവരുടെ ജീപ്പ് കയറി. അതങ്ങനെ മെല്ലെമെല്ലെ നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍, ദൂരേയ്ക്ക് വീണ വെളിച്ചത്തില്‍ ആ പാതയോരത്ത് കടിപിടികൂട്ടുന്ന നായക്കൂട്ടത്തേയും കടന്നത്‌ മുന്നോട്ടുപോയി. ജീപ്പിന്‍റെ പുറകിലെ സീറ്റിലിരുന്ന പോലീസ്കാരില്‍ ഒരാള്‍ പെട്ടെന്നാണ് പിന്നിലേയ്ക്ക് നോക്കിയത്. അവ്യക്തമായ ആ കാഴ്ചയില്‍ അയാള്‍ പോലീസ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നെയത് മെല്ലെമെല്ലെ പിന്നിലേയ്ക്ക്, ആ നായ്ക്കൂട്ടത്തിന്നരുകിലേയ്ക്ക് വന്നു. അരുകിലേയ്ക്ക് വന്നു നിന്ന ജീപ്പിനെ നോക്കി നായ്ക്കൂട്ടം മുറുമുറുത്തു. ചിലവ ഉച്ചത്തില്‍ കുരച്ചുകൊണ്ട് പിന്നിലേയ്ക്കോടി. ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ പോലീസുകാരന്‍ ആ കാഴ്ചകണ്ട്‌ സ്വന്തം കഴുത്തില്‍ കൈകള്‍ മുറുകെപ്പിടിച്ചു. എന്നിട്ടും അയാള്‍ക്ക് സ്വന്തം മനസ്സിനെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരൊച്ചയോടെ, രാത്രി കഴിച്ച ഭക്ഷണം അപ്പാടെ അയാള്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ പിന്നാലെ വന്ന പോലീസുകാര്‍ എല്ലാപേരും ആ കാഴ്ച കാണുവാന്‍ കഴിയാതെ മുഖം പൊത്തി. നായ്ക്കൂട്ടം കടിച്ചുവലിച്ച ഒരു മനുഷ്യശരീരം തോല്‍സഞ്ചിപോലെ കിടക്കുന്നു. പോലീസുകാരന്‍ വിറയലോടെ ഫോണ്‍ എടുത്തു. അയാള്‍ രാജശേഖറെ വിളിച്ചു. അപ്പോഴും മോന്തായം നിറയെ ചോരയുമായി നായ്ക്കൂട്ടം അവരെ നോക്കി കുരച്ചുകൊണ്ടിരുന്നു.

രാജശേഖര്‍ ഫോണ്‍ ബെല്ലടിയ്ക്കുന്നത് കേട്ടു ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം അയാള്‍ സ്വയം മറന്നിരുന്നു. പിന്നെ അതിവേഗം ഫോണിനടുത്തേയ്ക്ക് വന്നു. ഫോണ്‍ ഉയര്‍ത്തി മയങ്ങുന്ന കണ്ണുകളോടെ അയാള്‍ നിന്നു. പിന്നെ പിന്നെ അയാളുടെ മുഖം ഉദ്വേഗം കൊണ്ട് ചുവക്കാന്‍ തുടങ്ങി. കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. പിന്നെ അയാള്‍ ഫോണിലൂടെ മറുപടി നല്കി.

"ഉവ്വ്... ഞാനിതാ വരുന്നു..."

മിനുട്ടുകള്‍ക്കുള്ളില്‍ രാജശേഖര്‍ ഒരുങ്ങിവന്നു. അപ്പോഴേയ്ക്കും അയാള്‍ക്കായി ഒരു ജീപ്പ് മുറ്റത്തേക്ക് വന്നു നിന്നു. ഒടുവില്‍, ആ മനുഷ്യദേഹം കണ്ട പാതയോരം ചേര്‍ന്ന് നിന്ന ജീപ്പില്‍ നിന്നും രാജശേഖര്‍ പുറത്തിറങ്ങി. ആ മൃതദേഹത്തിനരുകില്‍ അയാള്‍ അല്‍പ്പനേരം നിന്നു. പിന്നെ തലയില്‍ നിന്നും തൊപ്പി ഊരി കൈയില്‍ പിടിച്ചുകൊണ്ടു അയാള്‍ ജീപ്പിനടുത്തേയ്ക്ക് നീങ്ങി. അപ്പോഴേയ്ക്കും ആ പാത താണ്ടിയെത്തിയ വണ്ടികളില്‍ പലതും  അവിടെ നിന്നുതുടങ്ങി. പലരും അഗസ്റ്റിനെ തിരിച്ചറിഞ്ഞു. കാറ്റ് പോലെ ആ വാര്‍ത്തയും കാതങ്ങള്‍ താണ്ടി. മകള്‍ മരിച്ച ദുഃഖം താങ്ങാന്‍ കഴിയാതെ തളര്‍ന്നുകിടന്ന ഇന്ദിര നിശബ്ദമായി മാത്രം ശ്രവിച്ച് ആ വാര്‍ത്ത തള്ളി. 

നേരം പുലര്‍ന്നു. കക്കിചേരിയിലെ കാട്ടുവള്ളികളില്‍ തൂക്കണംകുരുവികളും, തെങ്ങോലകളില്‍ കാകനും ചിലച്ചുയര്‍ന്നു. അഗസ്റ്റിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് കക്കിചേരിയിലെത്തുമ്പോള്‍ ആ ദേഹം മറവുചെയ്യാന്‍ രണ്ടു സമുദായക്കാരും എതിര്‍പ്പുകളുമായി മുന്നിട്ടു നിന്നു. ഒരു ക്രിസ്ത്യന്‍ സമുദായക്കാരനെ എങ്ങിനെ സ്വന്തം വീട്ടില്‍ അടക്കം ചെയ്യും എന്ന് ഹിന്ദുക്കളും, ഇത്രയും നാളും ഒരു ഹിന്ദുസ്ത്രീയോടൊപ്പം ജീവിച്ച ഇയാളെ എങ്ങിനെ ക്രിസ്തീയ ആചാരപ്രകാരം അടക്കം ചെയ്യും എന്ന് സ്വന്തം സമുദായക്കാരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ അഗസ്റ്റിന്‍ ഗതികിട്ടാത്ത ആത്മാവ് പോലെ ആംബുലന്‍സിനുള്ളില്‍ ഇരുന്നു വിറങ്ങലിച്ചു. ഒടുവില്‍, കക്കിചേരിയിലെ നല്ലവരായ ചില നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്തിലെ പൊതുസ്മശാനത്തിന്‍റെ ആറടിമണ്ണില്‍ അയാളൊടുങ്ങി.

സേനനും, പനീറും ബാക്കി മാത്രമായ ആ കേസില്‍ രാജശേഖര്‍ തന്‍റെ പരാജയം തുറിച്ചുനോക്കി. മേലാളന്‍മാരുടെ ഇഷ്ടപാത്രമായിരുന്ന അയാള്‍ അവരുടെ തന്നെ ശാസനകള്‍ ഏറ്റു വാങ്ങാന്‍ തുടങ്ങി. അതുമൂലം ഉണ്ടായ മാനസ്സികസംഘര്‍ഷം അയാളെ ഏറെ തളര്‍ത്തുകയും ചെയ്തു. കക്കിചേരിയിലെ ചെറുപ്പക്കാരും, പോലീസും ഒക്കെ ശ്രമിച്ചിട്ടും സേനനെയും പനീറിനെയും പിടിയ്ക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഈ ദേശം വിട്ടുവെന്ന വാര്‍ത്ത മാത്രം കക്കിചേരിയില്‍ പടര്‍ന്നു.

ദിനങ്ങള്‍ പോയി മറയവേ കക്കിചേരി വീണ്ടും പഴയത് പോലെ ചരിക്കാന്‍ തുടങ്ങി. നീണ്ട പതിനഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ദേവനും നന്ദനയും പാറുവും കന്യകയും പായിയമ്മയും ദേവനന്ദനത്തില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി ക്ലാസ്സുകള്‍ നഷ്ടമായ കന്യകയും, പാറുവും വീണ്ടും കോളേജില്‍ പോകാന്‍ തുടങ്ങി. പക്ഷെ ദേവന്‍ ഇല്ലാതെയായിരുന്നു അത് എന്ന് മാത്രം. വീട്ടില്‍ നിന്നും കക്കിചേരിയിലെ പഞ്ചായത്ത് ഓഫിസ്‌ ജങ്ക്ഷന്‍ വരെയും പിന്നെ അവിടെ നിന്നു ബസിലുമായിരുന്നു അവരുടെ സ്ഥിരം യാത്ര.

അന്നും പതിവ് പോലെ കന്യകയും പാറുവും കോളേജില്‍ പോയി. സമയം പതിനൊന്നിനോടടുത്തു. കന്യകയുടെ ക്ലാസ്സിലേയ്ക്ക് പ്യൂണില്‍ ഒരാള്‍ വന്നു പറഞ്ഞു.

"ദേവകന്യകയ്ക്ക് ഒരു ഫോണ്‍ കാള്‍ ഉണ്ട്. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ വരുക."

കന്യക ക്ലാസ്സ്‌ ടീച്ചറുടെ അനുവാദത്തോടുകൂടി പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ ചെന്നു. അവള്‍ മേശയില്‍ വച്ചിരുന്ന ഫോണ്‍ എടുത്തു മെല്ലെ കാതിലേയ്ക്ക്‌ ചേര്‍ത്തുവച്ചു. നിമിഷങ്ങള്‍ മിന്നിമറയുമ്പോഴേയ്ക്കും അവളുടെ കണ്ണുകള്‍ നൂറായിരം ഭാവങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അവള്‍ പറഞ്ഞു.

"ഞാനിതാ വരുന്നു.....ഞാന്‍ വന്നിട്ട് മതി എന്തും...."

കന്യക സ്വന്തം സ്കൂള്‍ അധികൃതരുടെ സമ്മതത്തോടെ പാറുവിന്‍റെ സ്കൂളിലേയ്ക്ക് യാത്ര തിരിച്ചു. ബസിനുള്ളിലിരുന്നു അവള്‍ തന്‍റെ കൈവിരല്‍ ഞെട്ടകള്‍ വേഗത്തില്‍ ഞൊടിച്ചുകൊണ്ടിരുന്നു.......    

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 21

പനീര്‍ കാമാവേശത്തോടെ കന്യകയുടെ തുടയില്‍ കൈവച്ചു. തന്‍റെ ശരീരത്തിലേറ്റ ചെറുസ്പര്‍ശനം അവളുടെ ഉറക്കം കെടുത്തി. പെട്ടെന്നവള്‍ കണ്ണുതുറന്നു. എന്താണ് ആ മുറിയിലെ ഇരുണ്ടവെളിച്ചത്തില്‍ നടക്കുന്നത് എന്നവള്‍ ഒരുനിമിഷം കൊണ്ട് മനസ്സിലാക്കി. തന്‍റെ മുറിയ്ക്കുള്ളില്‍, തന്‍റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുവെന്ന്  തോന്നല്‍ ഉണ്ടായ അവള്‍ പെട്ടെന്ന് കാല്‍ തന്നിലേയ്ക്ക് വലിച്ചടുപ്പിച്ച് ആഞ്ഞുചവുട്ടി. അവളുടെ ചവിട്ട് നെഞ്ചിലേറ്റുവാങ്ങിയ പനീര്‍ പിന്നോക്കം മറിഞ്ഞു. അവന്‍റെ നെഞ്ച് ഒരുനിമിഷം നിലച്ചുപോയത്പോലെ തോന്നിയവന്. അപ്പോഴേയ്ക്കും കന്യക കിടക്കയുടെ മറുവശത്തേയ്ക്ക് ചാടി.  പനീര്‍ വേദന മറന്നു ചാടിയെഴുന്നേറ്റു.

പെട്ടെന്നാണ് ദേവനന്ദനത്തിന്‍റെ മുറ്റത്തേയ്ക്ക് രാജശേഖറിന്‍റെ ജീപ്പ് ഇരച്ചുകയറി വന്നത്. പാതി തുറന്നുകിടന്ന മുന്‍വാതിലിലൂടെ കണ്ണഞ്ചിപ്പിക്കുന്ന പ്രാകാശം ആ വീട്ടിനുള്ളിലേയ്ക്ക് പതിച്ചു. ജീപ്പിനുള്ളില്‍ ഇരുന്നു തന്നെ രാജശേഖര്‍,  അസമയത്ത് തുറന്നുകിടക്കുന്ന ആ വാതില്‍ കണ്ടു പരിഭ്രാന്തനായി. ജീപ്പ് നില്‍ക്കും മുന്‍പ് തന്നെ അയാള്‍ അതില്‍ നിന്നും ചാടിയിറങ്ങി.

കന്യകയുടെ മുന്നില്‍ നിന്നിരുന്ന പനീര്‍ ഭയന്നു വിറച്ചു. അയാള്‍  എന്ത് ചെയ്യണം എന്നറിയാതെ പകച്ചു. പിന്നെ ഒരു നിമിഷം പോലും താമസം വരുത്താതെ മുറി വിട്ട് ഓടി. അപ്പോഴേയ്ക്കും രാജശേഖറും, രണ്ടു പോലീസുകാരും വീട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ചു. കന്യകയും ഹാളിലേയ്ക്ക് ഓടി വന്നു. പെട്ടെന്നവള്‍ അതിനുള്ളിലെ വിളക്ക് തെളിച്ചു. അതോടെ എല്ലാപേരും തറയില്‍ വീണു കിടക്കുന്ന പായിയമ്മയെ കണ്ടു. കന്യക പായീമ്മേ ന്നു വിളിച്ചുകൊണ്ട് അവര്‍ക്കരുകിലേയ്ക്ക് ഓടിവന്നു. അപ്പോഴേയ്ക്കും രാജശേഖറും അവര്‍ക്കരുകിലേയ്ക്ക് ഇരുന്നു. അവരുടെ നാഡി പിടിച്ചു നോക്കിയ അയാള്‍ പോലീസുകാരെ നോക്കി പറഞ്ഞു.

"വേഗം വണ്ടിയെടുക്ക്... ഇവര്‍ക്ക് ജീവനുണ്ട്. കൊണ്ടൊയ്ക്കോള്ളൂ ആശുപത്രിയിലേയ്ക്ക്..."

കന്യകയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ കരഞ്ഞുകൊണ്ട്‌ ചുറ്റും പകപ്പോടെ നോക്കി. അവളുടെ മനസ്സിലൂടെ ഒരുപാട് സംശയങ്ങള്‍ മിന്നി മറഞ്ഞു. അടഞ്ഞുകിടന്ന ഈ കതകു എങ്ങിനെ അയാള്‍ തുറന്നു. അവള്‍ പെട്ടെന്ന് രാജശേഖറുടെ മുഖത്തേയ്ക്കു നോക്കി. അയാള്‍ അവിശ്വസനീയമായി അവളെയും നോക്കി. അപ്പോഴേയ്ക്കും പോലീസുകാര്‍ പായീമ്മയെ ജീപ്പിലേയ്ക്ക് എടുത്തു കിടത്തി. രാജശേഖറും, കന്യകയും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ജീപ്പ് അതിവേഗം പുറത്തേയ്ക്ക് നീങ്ങി.

രാജശേഖര്‍ കന്യകയോട്‌ ചോദിച്ചു. "മോളെ... കന്യേ.. ഈ കതകു അടച്ചിരുന്നതല്ലേ..??

"അതെ... അങ്കിള്‍.." അവള്‍ ഭയത്തോടെ പറഞ്ഞു.

"അപ്പോള്‍ ആരോ ഇതിനകത്ത് കയറി. ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ട് രാജശേഖര്‍ അതിവേഗം കന്യക കിടന്ന മുറിയ്ക്കുള്ളിലേയ്ക്ക്‌ ഓടിക്കയറി. അവിടെയാരെയും കാണാത്തതിനാല്‍ അതിനുള്ളില്‍ നിന്നും പാഞ്ഞയാള്‍ ഹാളിലേയ്ക്കിറങ്ങി. പിന്നെ അടുക്കളയിലേയ്ക്ക് ഓടിക്കയറി. കന്യക ഭയന്നുകൊണ്ട്‌ ഹാളിലെ ഭിത്തിയിലേയ്ക്ക്‌ ചാരി. അടുക്കളയിലേയ്ക്ക് കടന്ന അയാള്‍ അത്യധികം ദേഷ്യത്തോടെ മുഷ്ടിചുരുട്ടി തുറന്നുകിടന്ന വാതിലില്‍ ഇടിച്ചു. ആ ശബ്ദം കേട്ട കന്യക മന്ദംമന്ദം അവിടേയ്ക്ക് വന്നു. അവള്‍ക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവളോര്‍ത്തു. കിടക്കാന്‍ പോകുംമുന്‍പ് പലതവണ, അടച്ചുവെന്നു നോക്കിയുറപ്പിച്ച വാതിലുകളാണ് ഇങ്ങനെ മലര്‍ക്കെ തുറന്നുകിടക്കുന്നത്.

"ഈശ്വരാ...." അവള്‍ വിളിച്ചുകൊണ്ട് നെറ്റിയില്‍ കൈവച്ച് ആ വാതിലില്‍ ചാരി നിന്നു. രാജശേഖര്‍ അടുക്കളമുറ്റത്തേയ്ക്കിറങ്ങി. നിലാവിന്‍റെ വെളിച്ചത്തില്‍ അയാള്‍ ചുറ്റും കണ്ണോടിച്ചു. ഭൂമി നിലാവില്‍ കുളിച്ചു കിടന്നു. രാജശേഖര്‍ സ്വയം പഴിയ്ക്കാന്‍ തുടങ്ങി. ഒന്നും നേരെയാവുന്നില്ല. എല്ലായിടത്തും താന്‍ ഒരു പരാജയമാവുകയാണോ..? പത്രക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ താന്‍ കൊടുത്ത വാക്കുകള്‍ തനിയ്ക്ക് പാലിക്കാന്‍ കഴിയാതെ വരുമോ..? അയാള്‍ ആ നിലാവിലും വിയര്‍ക്കാന്‍ തുടങ്ങി.

ഈ സമയം പനീര്‍ ഭയാക്രാന്തനായി ഓടുകയായിരുന്നു. ആ ഓട്ടത്തിനിടയിലും അവന്‍റെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു. ഒരു പനിനീര്‍പൂവ് പോലെ വിശുദ്ധയായ അവള്‍ തന്‍റെ കൈക്കുള്ളില്‍ നിന്നും രക്ഷപ്പെട്ട ആ നിമിഷം. അവന്‍ സ്വയം മനസ്സിനെ കുറ്റപ്പെടുത്തി. അകത്തു കടന്ന ഉടനെ മുന്‍വാതിലടയ്ക്കാന്‍ മറന്നതോര്‍ത്ത് അവന്‍ പരിതപിച്ചു. അല്ലെങ്കില്‍, പുറത്തെന്ത് നടന്നാലും അവള്‍ തന്‍റെ കൈക്കുള്ളില്‍കിടന്ന് പിടഞ്ഞേനെ. നാളെ കക്കിചേരി പുലരുന്നത് വീണ്ടും ഒരു പെണ്‍കുട്ടിയുടെ തകര്‍ച്ചയും ഒരു കൊലപാതക വാര്‍ത്തയുമൊക്കെയായിട്ടായിരുന്നേനെ. എല്ലാം തുലഞ്ഞു. എല്ലാം താന്‍ തുലച്ചു. ഇനി ഈവിധം ആ വീടിലേയ്ക്ക്‌ അടുക്കുക അസാധ്യമാണ്. ഇങ്ങനെ ചിന്തിച്ചവന്‍ മുന്നോട്ട് ഓടുമ്പോള്‍ മുന്നില്‍ നിന്നും ഇരുട്ടില്‍ ഒരു കൂട്ടം തീപ്പന്തങ്ങള്‍ അവന്‍റെ നേര്‍ദിശയിലേയ്ക്ക് അടുത്തുകൊണ്ടിരുന്നു. പനീര്‍ ഒന്നും ചിന്തിക്കാതെ തിരികെ ഓടി. ഇടതൂര്‍ന്ന വള്ളിചെടികളുടെ ഇടയിലൂടെ ഓടിയവന്‍ മുന്നില്‍ കണ്ട പുഴയിലേയ്ക്ക് എടുത്തുചാടി. അതിനു പിന്നാലെ ആള്‍കൂട്ടം ഒച്ചയും ബഹളവുമായി മുന്നോട്ടു നീങ്ങി. ഒന്ന് മുങ്ങി നിവര്‍ന്ന അവന്‍ അവരുടെ ഒച്ചയില്‍ നിന്നും മനസ്സിലാക്കി. അവര്‍ തേടുന്നത് ഒരു യാചകനെയാണ്. ജിയാസ്സിനെ നശിപ്പിച്ച ആ യാചകനെ. അവന്‍ സ്വയം ചിന്തിച്ചു. അത് ഞാനാണോ..? അല്ല. അത് ഞാനല്ല. നിലാവ് വീണ ആ പുഴയുടെ ഓളങ്ങളില്‍ അവന്‍ ചലനമില്ലാതെ നോക്കി നിന്നു... പിന്നെ സ്വയം പിറുപിറുത്തു.

"അല്ല... അല്ലാ.. അത് ഞാനല്ല.... ഞാനല്ല..."
********
സ്റ്റേഷനില്‍ നിന്നും എത്തിയ അടുത്ത വണ്ടിയില്‍ വീടെല്ലാം പൂട്ടികെട്ടി കന്യക കയറിയിരുന്നു. രാജശേഖറെയും അവളെയും കൊണ്ട് ആ വണ്ടി ആ രാത്രി തന്നെ ആശുപത്രിയിലേയ്ക്ക് പാഞ്ഞു. പായീമ്മയെ ആശുപത്രിയില്‍ എത്തിച്ച് രാജശേഖറുടെ നിര്‍ദേശപ്രകാരം പോലീസുകാരന്‍ നന്ദനയെ മാത്രം വിവരം അറിയിച്ചു. പായീമ്മ അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തില്‍ ആയിരുന്നു. കന്യകയെ രാജശേഖര്‍ ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴെയ്ക്കും, അവളെയും കാത്ത് ആശുപത്രി മുറ്റത്ത്‌ നിന്നിരുന്ന നന്ദന വിളറിവെളുത്തിരുന്നു. അതുവരെ അവളനുഭവിച്ച മാനസ്സിക സംഘര്‍ഷം ആര്‍ക്കുമറിയില്ല. ദേവനും പാറുവും ഇതൊന്നും അറിയാതെ അപ്പോഴും ഉറക്കമായിരുന്നു.

ജീപ്പില്‍ നിന്നിറങ്ങിയ കന്യക നന്ദനയെക്കണ്ടിട്ടും പൊട്ടിക്കരഞ്ഞില്ല. അവളുടെ നിസ്സഹായതയോടെയുള്ള നോട്ടം ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. തളര്‍ന്നുവീഴാറായൊരു ശരീരവും പേറി കന്യക തന്‍റെയടുത്തേയ്ക്ക് വരുന്നത് കണ്ട് നന്ദന ഓടി മകളുടെ അടുത്തേയ്ക്ക് ചെന്നു. കന്യക അമ്മയെ കെട്ടിപ്പിടിച്ചു. തന്നിലേയ്ക്കു തളര്‍ന്നു നിന്ന കന്യകയുടെ മുഖം കൈകളില്‍ ചേര്‍ത്ത്പിടിച്ച് നന്ദന ചോദിച്ചു.

"മോളെ..!! ന്‍റെ പൊന്നുമോള്‍ക്ക് എന്തെങ്കിലും പറ്റിയോ...??

"ഇല്ലമ്മേ..!! ഇല്ലാ ഞാനിപ്പോഴും എന്റമ്മേടെ പഴയ കന്യൂട്ടി തന്നാ....!!!" നിറഞ്ഞു തളര്‍ന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.

"ന്‍റെ.. പൊന്നുമോളെ...!!! അമ്മേടെ പൊന്നുമോളെ..."   നന്ദന ആവേശത്തോടെ അവളെ കെട്ടിപ്പിടിച്ചു.

രാജശേഖര്‍ ഇതെല്ലാം കണ്ടുകൊണ്ട് അവരുടെ അടുത്തു നിന്നിരുന്നു. ഒടുവില്‍ അയാള്‍ അവരുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു.

"നന്ദന... മോളേം കൂട്ടി അകത്തേയ്ക്ക് പൊയ്ക്കോള്ളൂ. ഇവിടെ നിന്ന് ഇനി കരഞ്ഞു ആളെക്കൂട്ടെണ്ടാ.... പൊയ്ക്കോള്ളൂ... രണ്ടാളും. സമാധാനമായി പോയി വിശ്രമിച്ചോളൂ."

നന്ദനയുടെയും, പായീമ്മയുടെയും ഒക്കെ സഹായത്തിനായി ഒരു പോലീസ്കാരനെ നിര്‍ത്തിയിട്ട് മറ്റുള്ള പോലീസുകാരുമായി രാജശേഖര്‍ പട്ടണത്തിലേയ്ക്ക് പോയി.  പട്ടണത്തിലെ പ്രശസ്തമായ ബാറിന് മുന്നില്‍ രാജശേഖറിന്‍റെ ജീപ്പ് വന്നു നിന്നു. അതിന്‍റെ റിസപ്ഷനിലേയ്ക്ക് കയറിച്ചെന്ന രാജശേഖറെയും പോലീസുകാരെയും കണ്ട് അവര്‍ എഴുന്നേറ്റു നിന്നു. തന്‍റെ വലതുകൈയിലിരുന്ന ലാത്തിയുടെ മറഗ്രം ഇടതുകൈവെള്ളയില്‍ തിരുകിക്കൊണ്ട്‌ രാജശേഖര്‍ അതിലൊരുവനോട് ചോദിച്ചു.

"എവിടെയാടാ.... കുടിയന്മാരെല്ലാം...????

അയാള്‍ ചൂണ്ടിക്കാണിച്ച ഇടത്തേക്ക് അവര്‍ ദ്രുതവേഗത്തില്‍ ചെന്നുകയറി. അരണ്ട വെളിച്ചത്തില്‍ കുടിച്ചുബോധമില്ലാതെ, മയങ്ങുന്ന കണ്ണുകളുമായി ഇരുന്ന ആളുകളുടെ ഇടയിലൂടെ അയാള്‍ നടന്നു. ഓരോ മേശയ്ക്ക് മുന്നിലും അയാള്‍ നിന്നു. അഗസ്റ്റിന്‍ മാത്രം അവിടെ ഉണ്ടായിരുന്നില്ല. തിരികെ വരുമ്പോള്‍ ബാറിനുള്ളിലെ കൌണ്ടറിനടുത്തേയ്ക്ക് രാജശേഖര്‍ ചെന്നു. മദ്യം ഗ്ലാസ്സുകളിലേയ്ക്ക് പകര്‍ന്നു നല്കിക്കൊണ്ടിരുന്ന ഒരുവന്‍റെ കൈയില്‍ രാജശേഖര്‍ പിടിച്ചു. അയാള്‍ മുഖമുയര്‍ത്തി രാജശേഖറെ നോക്കി. പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. ബഹുമാനത്തോടെ അയാള്‍ ചോദിച്ചു.

"എന്താ സാര്‍ ഈ അസമയത്ത്...ഇവിടെ ???

അയാളുടെ ചോദ്യത്തിന് രാജശേഖര്‍ തന്‍റെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടോ എടുത്തു അയാളുടെ നേരെ കാട്ടി ചോദിച്ചു.

"അറിയ്യോ... ഇയാളെ താന്‍...!! കണ്ടിട്ടുണ്ടോ.. ഇവിടെ വച്ച്..??

"ഉവ്വ്... സര്‍ ഇവിടെ വരാറുള്ള ആളാണ്‌ ഇത്.. ഇന്നലേം വന്നിരുന്നു...!! എന്താ സര്‍.. ??? ഇനീം അയാള് വരും..!!!!

അയാളുടെ മറുപടി കേട്ട രാജശേഖറിന്‍റെ കണ്ണുകള്‍ കുറുകി. അയാള്‍ പിന്നില്‍ നിന്ന പോലീസുകാരെ നോക്കി.

അതേസമയം, കുടിച്ചു വശംകെട്ട അഗസ്റ്റിന്‍, ആ ഇരുളില്‍ കക്കിചേരിയിലെ ഒരു പാതയോരത്തില്‍ തളര്‍ന്നുവീണുകിടന്നു. അയാളില്‍ നിന്നും ഇടയ്ക്കിടെ ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് ഒഴുകിവന്ന ശര്‍ദ്ദിയില്‍ ചോനനുറുമ്പുകള്‍ അരിച്ചുനടന്നു. അരുകിലൊരു നായ അത് ഭഷിപ്പാനായി കാത്ത് നിന്നു. അരുകില്‍ നിന്ന മറ്റൊരു നായ അതിനെനോക്കി മുറുമുറുത്തുകൊണ്ടിരുന്നു. ഇടയ്ക്കിടെ നായ്ക്കള്‍ ആകാശത്തെ നിലാവിനെ നോക്കി ഓരിയിട്ടു.
**************
നന്ദനയും കന്യകയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നില്‍ പായീമ്മയ്ക്കായി കാവലിരുന്നു. ഒടുവില്‍, ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനിടയില്‍ അവര്‍ക്ക് ബോധം തെളിഞ്ഞു. വിവരമറിഞ്ഞ നന്ദനയും കന്യകയും അവരെക്കാണാന്‍ അതിനകത്തേയ്ക്ക് കയറി. കന്യക പായീമ്മേടെ അരുകിലെത്തിയപാടെ അവരുടെ വിറയാര്‍ന്ന കൈകള്‍ പിടിച്ചു. ക്ഷീണിച്ച കണ്ണുകളോടെ ആ വൃദ്ധ അവളോട്‌ ചോദിച്ചു.

"ന്‍റെ... പൊന്നുമോള്‍ക്കൊന്നും പറ്റീല്ലല്ലോ.... അതുമതി പയീമ്മയ്ക്ക്. അതുമതി..." കന്യക അവരുടെ അരുകില്‍ നിന്നും നേര്‍ത്ത്‌നേര്‍ത്ത്‌ തേങ്ങി. നന്ദന പയീമ്മയുടെ തലയ്ക്കരുകില്‍ നിന്നും അവരുടെ നരച്ചമുടികളിലൂടെ തഴുകി. പിന്നെയവള്‍ മെല്ലെ കൈയിലിരുന്ന ഫോണില്‍ രാജശേഖറെ വിളിച്ചു.

"സാര്‍... പായീമ്മയ്ക്ക് ബോധം വന്നിട്ടുണ്ട്. പായീമ്മ സംസാരിക്കുന്നുണ്ട്..."

നന്ദനയുടെ വാക്കുകള്‍ കേട്ട രാജശേഖര്‍ ഒരു പോലീസുകാരനെ ബാറില്‍ നിര്‍ത്തിയിട്ട് പെട്ടെന്ന് തന്നെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. കുറച്ചുസമയത്തിനുള്ളില്‍ രാജശേഖര്‍ ആശുപത്രിയില്‍ നന്ദനയുടെയും പായീമ്മയുടെയും കന്യകയുടെയും അരുകിലെത്തി. അയാള്‍ കന്യകയെ ആ മുറിയില്‍ നിന്നും പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നിട്ട് ചോദിച്ചു.

"മോളെ... കന്യകേ.. മോള് കണ്ടോ അവനെ..??  അവനാരാണെന്ന് മോള്‍ക്കറിയ്യോ...???

"ഇല്ല അങ്കിള്‍... എനിക്കറിയില്ല. ഇരുളില്‍ ഒരാണ്‍രൂപം. അതുമാത്രമെനിക്കറിയാം... അയാളെന്നെ തൊട്ടിരുന്നു... അപ്പോഴേയ്ക്കും അങ്കിള്‍ വന്നു. അയാള്‍ എങ്ങോട്ടോ ഓടിമറയുകേം ചെയ്തു.."

രാജശേഖര്‍ കന്യകയെ വിട്ട് പായീമ്മേടെ അടുത്തു ചെന്നു. കന്യകയും അയാള്‍ക്ക്‌ പുറകെ അകത്തേയ്ക്ക് കയറി. നന്ദനയെയും, കന്യകയെയും മുന്നില്‍ നിര്‍ത്തി അയാള്‍ ചോദിച്ചു.

"അമ്മെ... അമ്മയ്ക്കറിയ്യോ... അവന്‍ ആരാണെന്ന്...?? അമ്മ ഒരിക്കലെങ്കിലും അവനെ കണ്ടിട്ടുണ്ടോ..??

രാജശേഖറിന്‍റെ ചോദ്യം കേട്ടു വിറയാര്‍ന്ന സ്വരത്തില്‍ അവര്‍ പറഞ്ഞു.

"ഞാനവനെ എവിടേം കണ്ടിട്ടില്ല മോനെ... ആദ്യായിട്ടാ കാണണേ...."

അവരുടെ വാക്കുകള്‍ അയാളെ തളര്‍ത്തി. കന്യകയില്‍ നിന്നും ഒരു നിശ്വാസം ഉതിര്‍ന്നു. നന്ദന, അരുകില്‍ പായീമ്മേടെ കിടക്കയ്ക്കരുകിലേയ്ക്ക് ഇരുന്നു. ഒരു നിമിഷത്തെ നിശബ്ദത. പിന്നെ പായീമ്മ മെല്ലെ പറഞ്ഞു.

"മോനെ... ഞാന്‍ കണ്ടത് ആരെയെന്നറിയില്ല. പക്ഷെ, ഞാന്‍ കേട്ട സ്വരം എനിക്കറിയാം. അത് ന്‍റെ നന്ദനമോളുടെ കൈയീന്ന് ദിവസോം ആഹാരം കഴിയ്ക്കണ തൊണ്ടേന്ന് വന്നതാ... അതെനിയ്ക്കുറപ്പാ...."

പായീമ്മയുടെ വാക്കുകള്‍ കേട്ടു ഒരു പിടയലോടെ നന്ദന എഴുന്നേറ്റു. രാജശേഖര്‍ അതാരന്നറിയാന്‍ നന്ദനയുടെ മുഖത്തേയ്ക്ക് നോക്കി. കന്യക കണ്ണുകള്‍ മെല്ലെയടച്ചു നിന്നു. രാജശേഖര്‍ നന്ദനയോട് ചോദിച്ചു.

"ആരാത്.... നന്ദനെ...???

അയാള്‍ക്ക്‌ മറുപടി കൊടുക്കും മുന്‍പ് നന്ദന പായീമ്മയുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവള്‍ ചോദിച്ചു. "പായീമ്മ ആരെയാ ഉദ്ദേശിയ്ക്കുന്നെ..?? സേനനെയാണോ..??

"അതെ മോളെ... അവനാ പുറത്തൂന്ന് ന്നെ വിളിച്ചേ...??

"എന്തസംബന്ധമാ പായീമ്മേ നിങ്ങളീപ്പറയുന്നത്...?? എനിക്കറിയാവുന്ന കുട്ടിയാ അവന്‍. എന്‍റെ ഉപ്പും ചോറും തിന്നു വളര്‍ന്ന കുഞ്ഞ്. നിങ്ങള്‍ക്ക് ഇരുളില്‍ അങ്ങിനെ തോന്നിയതാവും. അവനല്ല അത്. ഒരിക്കലും അവനത് ചെയ്യില്ല... അവനത്‌ ചെയ്യാന്‍ കഴിയില്ല...."

എന്നിട്ടവള്‍ രാജശേഖറെ നോക്കി പറഞ്ഞു.

"ഒരു സംശയത്തിന്‍റെ പേരില്‍ പോലും സാറവനെ അറസ്റ്റുചെയ്യരുത്. എന്‍റെ മോനെപ്പോലെയാ.. അവനെനിയ്ക്ക്...!!

രാജശേഖര്‍ അരുകിലെ കസേരയിലേയ്ക്കിരുന്നു. കന്യക അമ്മയെ നോക്കി മിണ്ടാതെ നിന്നു. പായീമ്മ ഒരു തെറ്റുകാരിയെപ്പോലെ തേങ്ങി. നിശബ്ദമായ നിമിഷങ്ങള്‍. ജനാലയില്‍ മെല്ലെ പാറിയ വിരിയില്‍ തൊട്ടുതലോടിപ്പോയ കാറ്റിന് അപ്പോള്‍ ചോരയുടെ ഗന്ധമായിരുന്നു. തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞ അഗസ്റ്റിന്റെ ചോരയുടെ ഗന്ധം...      

(തുടരും)
ശ്രീ വര്‍ക്കല