നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 15
സേനന്‍റെ വിളി വീണ്ടും വീണ്ടും കാതില്‍ വീഴുമ്പോള്‍ കന്യകയുടെ ഉള്ളിലെ ഭയം വര്‍ദ്ധിച്ചു. ആ ഇരുപ്പില്‍, സ്വരം അടക്കിപ്പിടിച്ചിരുന്ന അവളുടെ മനസ്സാകെ വിറപൂണ്ടു. ഒന്ന് ഒച്ചയെടുത്താല്‍ ഇതിന്‍റെ പരിണിതഫലമെന്തായി തീരും. അവള്‍ ചിന്തിച്ചു. പായീമ്മ ഉണരും. സേനന്‍ ഇതിന് മുന്‍പും ഇവിടെ വന്നിട്ടുണ്ടായിരുന്നു എന്നത് നിഷ്പ്രയാസം അവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ചേച്ചിയുടെയും, അതുവഴി താനുള്‍പ്പെടുന്ന ഈ കുടുംബത്തിന്‍റെയും ഭാവി എന്താകും. താനല്ലാതെ, മറ്റാരെങ്കിലുമിതറിഞ്ഞാല്‍, എത്ര മറച്ചുവെച്ചാലും ഇന്നല്ലെങ്കില്‍ നാളെ ഒരുനാള്‍ ഇത് ലോകമറിയും..... അയ്യോ!!! അമ്മെ... ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അവളിങ്ങനെ ഒരു നിമിഷം ചിന്തിച്ചിരിക്കെ സേനന്‍ വീണ്ടും വിളിച്ചു.
"പാറൂ.... നീയൊന്ന് കതകു തുറക്കുന്നുണ്ടോ..?? എന്ത് പറ്റി നിനക്കിന്ന്...?? ഇവിടെ, ഈ തണുപ്പില് എന്‍റെ മേലാകെ കുളിരുന്നു പാറൂട്ടി..!!! എത്ര നേരംന്നു വച്ചാലാ ഈ തണുപ്പില്‍ നില്‍ക്കണേ...!!
കന്യക, കൈകള്‍ രണ്ടും കൊണ്ട് മുഖം പൊത്തി. അവള്‍ നിശബ്ദയായി തന്നെ, ആ ജനലരുകിലിരുന്നു എല്ലാം കേട്ടു. നിമിഷങ്ങള്‍ മെല്ലെ മെല്ലെ കടന്നുപോയി. പുറത്തെ കാല്‍പ്പെരുമാറ്റവും വിളിയും നിലച്ചു. അവള്‍ പതിയെ മുഖം മറച്ചുപിടിച്ചിരുന്ന കൈകള്‍ സ്വതന്ത്രമാക്കി. പിന്നെ സൂക്ഷ്മതയോടെ തന്‍റെ ചെവികള്‍ കൂര്‍പ്പിച്ചു. അതെ, യാതൊരുവിധ അനക്കവും കേള്‍ക്കുന്നില്ല. അവള്‍ ഉറപ്പുവരുത്തി. അതോടെ കന്യകയ്ക്ക് സമാധാനമായി. വാതില്‍ തുറന്നാലോ, ഒച്ചയെടുത്താലോതന്നെ സേനനെ ഒറ്റയ്ക്ക് നേരിടാന്‍ തനിയ്ക്ക് കഴിയില്ല എന്നവള്‍ക്ക് നിശ്ചയമായിരുന്നു. പിന്നെ അയല്‍ക്കാരറിഞ്ഞാലോ..?? നാളെ ഈ ലോകം മുഴുവന്‍ ദേവനന്ദനത്തിലെ പെണ്‍കുട്ടികളുടെ വ്യഭിചാരകഥകള്‍ പറഞ്ഞു ചിരിക്കും. അമ്മയും അച്ഛനും താനും പാറൂച്ചിയും അടങ്ങുന്ന കുടുംബം അപമാനം സഹിക്കാണ്ട് ആത്മഹത്യ ചെയ്യും. അങ്ങിനെ വരാന്‍ താന്‍ അവസരമുണ്ടാക്കരുത്. സേനനെന്ന വരുത്തനെക്കുറിച്ച് ചിന്തിക്കുന്നതിലപ്പുറം സ്വന്തം ചേച്ചിയെ ഉപദേശിക്കുന്നതോ, നിയന്ത്രിക്കുന്നതോ ആകും നല്ലതെന്ന് അവള്‍ക്കു തോന്നി.
പിന്നീട്, ചിന്തയാല്‍ ഭാരിച്ച അവളുടെ മനസ്സുമായി, ഒരു ചെറുസ്വരം പോലും കേള്‍പ്പിക്കാതെ അവള്‍ തന്‍റെ കിടക്കയ്ക്കരുകില്‍ വന്നിരുന്നു. പിന്നെയും നീറുന്ന മനസ്സുമായി കുറേനേരം അവളാ കിടക്കയില്‍ തന്നെയിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, പാറുവിലും ആ മുറിയ്ക്കുള്ളിലും കണ്ട കാര്യങ്ങളും ഇതും കൂട്ടിവായിച്ചപ്പോള്‍ തന്‍റെ പ്രിയപ്പെട്ട പാറൂച്ചി നശിച്ചുവെന്ന് മനസ്സിലാക്കാന്‍ ഇതില്‍പ്പരം അവള്‍ക്ക് ഒരു തെളിവും വേണ്ടിയിരുന്നില്ല. ഒരിക്കലും നടക്കരുതേ എന്ന് താന്‍ കരുതിയതിലും അപ്പുറം കാര്യങ്ങള്‍ പോയല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് സങ്കടം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. പാറൂച്ചിയെക്കുറിച്ചും, കഴിഞ്ഞ രണ്ടുനാളില്‍ ഇവിടെ നടന്നതൊക്കെയും ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സ് വീണ്ടും വീണ്ടും തേങ്ങാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് അവള്‍ ആ കിടക്കയിലേയ്ക്ക് ചാഞ്ഞു. ഒടുവില്‍, കന്യകയുടെ സങ്കടം നിയന്ത്രണമില്ലാത്ത വിങ്ങലായി ആ മുറിയാകെ വെട്ടിവെട്ടിപാറിമറഞ്ഞു.
കുറെയധികം നേരം കഴിഞ്ഞിട്ടും മുറിയ്ക്കുള്ളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ സേനന്‍ പുറത്ത്, ജനാലയ്ക്കരുകില്‍ നിന്നും മാറി നിന്ന് ആലോചിച്ചു. അകത്തു നിന്നും ജനലരുകില്‍ കണ്ട നിഴല്‍ ഒരുപക്ഷെ, തനിയ്ക്ക് തോന്നിയതാകുമോ..? അതുമല്ലെങ്കില്‍ ഇനി ഒരുപക്ഷെ, കഴിഞ്ഞ രാത്രിയിലെ ഉറക്കക്ഷീണം കൊണ്ട് അവള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകുമോ...?? കഴിഞ്ഞ രണ്ടു ദിവസമായി പാറുവില്‍ നിന്നുമവന് കിട്ടിയ രതിസുഖം അവന്‍റെ മനസ്സിനെ അവിടെനിന്ന്‍ പിന്തിരിയുന്നതില്‍ നിന്നും തടഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍, രണ്ടും കല്‍പ്പിച്ച് അവന്‍ തന്‍റെ കൈയിലിരുന്ന ഫോണ്‍ എടുത്തു. പിന്നെ പാറുവിന്‍റെ ഫോണിലേയ്ക്ക് വിളിച്ചു.
പാറുവിന്‍റെ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട്, ദേവന്‍റെ കിടക്കയ്ക്കരുകില്‍ തലചായ്ച്ചുറങ്ങുകയായിരുന്ന നന്ദന മെല്ലെ കണ്ണുതുറന്നു. അവള്‍ക്കരുകില്‍ വലതുവശത്തായി കിടന്ന ആളില്ലാത്ത കട്ടിലില്‍, ഒരുവശം ചെരിഞ്ഞ് കിടന്ന് പാറു നല്ല ഉറക്കത്തിലാണ്. അവളുടെ തലയണക്കീഴില്‍ നിന്നും വെളിച്ചം മിന്നിച്ചുകൊണ്ട് പാറുവിന്‍റെ ഫോണ്‍ വീണ്ടും നിര്‍ത്താതെ ശബ്ദിച്ചു. "ആരാ...ഈ രാത്രീല് വിളിക്കുന്നതെന്ന്" സ്വയം പിറുപിറുത്തുകൊണ്ട് നന്ദന ആ ഫോണ്‍ എടുത്തു. അതിലെ പരിചയമില്ലാത്ത നമ്പര്‍ കണ്ട അവള്‍ ഒത്തിരിനേരം അതില്‍ത്തന്നെ നോക്കിയിരുന്നു. പിന്നെ ചിന്തിച്ചു. ഇനി ആരെങ്കിലും നമ്പര്‍ മാറി വിളിച്ചതാകുമോ. അങ്ങിനെ അവള്‍ ചിന്തിച്ചിരിക്കെ അത് നിലച്ചു. അവള്‍ ഫോണിലേയ്ക്ക് നോക്കി. നിരവധി തവണ വിളിച്ചിരിക്കുന്നു. ഒരു നിമിഷം പിന്നിട്ടപ്പോഴേയ്ക്കും അത് വീണ്ടും ശബ്ദിച്ചു. ഇത്തവണ നന്ദന വിരല്‍കൊണ്ട് ആ വിളി തൊട്ട് ഫോണ്‍ തന്‍റെ കാതിലേയ്ക്ക് ചേര്‍ത്ത് വച്ചു.
"ഹലോ.... ആരാണ് ഈ രാത്രീല്...ഹലോ...ഹലോ.." അവള്‍ ആ വിളി ആവര്‍ത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും ആ ഫോണ്‍ കട്ടായിരുന്നു. നന്ദന ഒരു നെടുവീര്‍പ്പോടെ ഫോണ്‍ ദേവന്‍റെ കിടയ്ക്കരുകില്‍ വച്ചിട്ട് അതിലേയ്ക്ക് ചാഞ്ഞു. ഒത്തിരിനേരം അങ്ങിനെ കിടന്നുവെങ്കിലും അവള്‍ക്ക് ഉറക്കം വന്നില്ല. അങ്ങിനെ കിടക്കെ അവളുടെ മനസ്സിലൂടെ പെട്ടെന്ന് ചില ചിന്തകള്‍ മാറിമറിഞ്ഞു. നന്ദന മെല്ലെ നിവര്‍ന്നിരുന്നു. പിന്നെ അരുകിലിരുന്ന പാറുവിന്‍റെ ഫോണ്‍ കൈയിലെടുത്തു. അതിന്‍റെ കാള്‍ ലിസ്റ്റ് അവള്‍ ഒന്നൊന്നായി നീക്കി നോക്കി. ഇല്ല. പ്രത്യേകിച്ച് മറ്റൊരു നമ്പറും അവള്‍ കണ്ടില്ല. പിന്നെ ഇപ്പോള്‍ വന്ന കാള്‍ ആകട്ടെ ഇന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. അതിപ്പോള്‍ പലതവണ. ഒരുപക്ഷെ, തെറ്റായി വന്ന കാള്‍ ആകാം. ഉദ്ദേശിച്ച ആളുടെ സ്വരമല്ല കേട്ടതെന്ന് മനസ്സിലാക്കി, ഒരു പക്ഷെ ഫോണ്‍ കട്ട് ചെയ്തതാകാം... സ്വന്തം മകളെ സംശയിക്കാന്‍ തക്കതൊന്നുമില്ലാതെ നന്ദന വീണ്ടും കിടക്കയ്ക്കരുകിലേയ്ക്ക് ചാഞ്ഞു. മെല്ലെയവള്‍ ഉറക്കത്തിലേയ്ക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു.
***************
നേരം പുലര്‍ന്നു. ജനലരുകിലെ പച്ചോലകളിലിരുന്ന് കാക്കയും അന്നാറക്കണ്ണന്‍മാരും ചിലച്ചുതുടങ്ങി. നന്ദന മെല്ലെ കണ്ണുകള്‍ തുറന്നു. അവള്‍ പിന്നിലേയ്ക്ക് നോക്കുമ്പോള്‍ അവള്‍ക്കരുകിലെ കിടക്ക ശൂന്യമായിരുന്നു. നന്ദന ചുറ്റിലും മിഴികള്‍ പായിച്ചു. തൊട്ടപ്പുറത്തെ വരാന്തയിലെ കമ്പിവലയ്ക്കിടയിലൂടെ പാറു ആകാശത്തിലേയ്ക്ക് നോക്കി നില്‍പ്പാണ്. വരാന്തയിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്ന ആരെയും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. നന്ദന ദേവന്‍റെ കിടക്കയ്ക്കരുകിലിരുന്ന അവളുടെ ഫോണിലേയ്ക്ക് നോക്കി. അതവിടെ തന്നെ ഇരിക്കുന്നതില്‍ അവള്‍ക്ക് സന്തോഷമായി. ഒപ്പം മനസ്സില്‍ ചെറിയ വിഷമവും. എങ്ങുനിന്നോ വഴിതെറ്റിവന്ന ആ വിളിയില്‍ ഒരുനിമിഷം എന്‍റെ മോളെ ഞാന്‍ ശങ്കിച്ചല്ലോ എന്നതോര്‍ത്ത്. നന്ദന തിരികെ ദേവനിലേയ്ക്ക് കണ്ണുകള്‍ പാറിച്ചു. ദേവന്‍ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു.
"എന്താ നന്ദു.. രാവിലെ തന്നെ നീ ഗൗരവമായ ചിന്തയിലാണല്ലോ..." ദേവന്‍ ചോദിച്ചു.
"ഹേയ്..!! ഒന്നുമില്ല ദേവേട്ടാ... ഞാനിങ്ങനെ ചിന്തിക്കുവായിരുന്നു. നമ്മുടെ മോള്‍ക്ക് പ്രായം പതിനെട്ടായി. അവളുടെ ഈ പ്രായത്തില്‍, ഞാന്‍ ദേവേട്ടന്‍റെ പെണ്ണായി. രണ്ടുവര്‍ഷം കഴിയട്ടെ നീ കുഞ്ഞാണെന്ന് പറഞ്ഞ് എന്‍റെ ആദ്യ പ്രസവം നീണ്ടില്ലായിരുന്നുവെങ്കില്‍ നമ്മുടെ മോളിപ്പോള്‍ ഒരു കുഞ്ഞിനെ നമ്മുടെ കൈയില്‍ പെറ്റ് തന്നേനെ... ല്ലെ ദേവേട്ടാ...??? അവള്‍ ചെറുചിരിയോടെ ദേവനോട് പറഞ്ഞു.
"നീയെന്തൊക്കെയാ ന്‍റെ നന്ദു ചിന്തിച്ചുകൂട്ടണേ. അവള് കുഞ്ഞല്ലേ...?? പഠിക്കട്ടെ ന്‍റെ മോള്.. അവള്‍ക്കു മതിയാകും വരെ അവള് പഠിക്കട്ടെ. അവളൊരു ജോലി വാങ്ങണം. ഒരാള്‍ മാത്രം വാങ്ങുന്ന ശമ്പളം കൊണ്ട് ഇപ്പോഴത്തെ കാലത്ത് എങ്ങനാ നന്ദു ജീവിക്കണേ. ഇപ്പോള്‍ നമ്മുടെ കാര്യം തന്നെ എടുത്താല്... നീ ചിന്തിക്കുന്നുണ്ടോ..? ഈ കുത്തുകൊണ്ട് എനിക്കെന്തേലും സംഭവിച്ചാല്‍ ഒരു ജോലിയുമില്ലാതെ എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന നിന്‍റെ അവസ്ഥ എന്തായേനെ നന്ദു...."
ദേവന്‍റെ ഈ വാക്കുകള്‍ കേട്ടതോടെ പതിവുപോലെ നന്ദന തലകുനിച്ചു. അവളില്‍ നിന്നുമുയര്‍ന്ന നെടുവീര്‍പ്പ് പോലെ ദേവനില്‍ നിന്നും നെടുവീര്‍പ്പുയര്‍ന്നു. പിന്നെയും അയാള്‍ തന്നെ തുടര്‍ന്നു. "നന്ദു നീ സങ്കടപ്പെടാന്‍ വേണ്ടി പറഞ്ഞതല്ല ഞാന്‍. നമ്മുടെ പെണ്മക്കള്‍ക്ക് ഒരു നല്ല ജീവിതം വേണം. നമ്മള് കഷ്ടപ്പെടുന്ന പോലെ അവര്‍ കഷ്ടപ്പെടാന്‍ ഇടവരരുത്. അവര് രണ്ടു പേരും പഠിയ്ക്കണം. അവര്‍ക്ക് മതിയാവോളം. ഒരച്ഛനെന്ന നിലയില്‍ അതാണെന്‍റെ ആദ്യ കര്‍ത്തവ്യം എന്ന് ഞാന്‍ കരുതുന്നു. പിന്നെയെല്ലാം അതിന്‍റെതായ സമയം... വഴി..!!! പിന്നെ അതിലപ്പുറം ഈശ്വരന്‍ നിശ്ചയിക്കുമ്പോലെ ഒരു വിധി....!!! നമ്മുടെ മക്കള്‍ക്ക് നല്ലത് വരുത്തുവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.. അത്ര തന്നെ നന്ദനാ....
ദേവന്‍റെ വാക്കുകള്‍ക്കു നന്ദന ഈവിധം മറുപടി നല്കി.
"ഒന്നും ചിന്തിക്കാതിരുന്നിട്ടല്ല ദേവേട്ടാ... !! നമ്മള്‍പോലുമറിയാതെ നമ്മുടെ മക്കള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം അവരുടെ ചിന്തകളും വളരുകയാണ്. പതിനാറു വയസ്സ് മാത്രമുള്ള കന്യക ചിന്തിക്കുന്ന വഴിയും അവളുടെ വാക്കുകളും പ്രവൃത്തികളും ഒക്കെ എന്നെ നീറ്റുകയാണ്. പാറൂട്ടിയെക്കണ്ടോ ദേവേട്ടാ... അവളുടെ മനസ്സ് നീറുകാ... അവള്‍ പറഞ്ഞ വാക്കുകള്‍ കേട്ടു ഞാനും...
"നീ എന്താ പറഞ്ഞുവരുന്നത് നന്ദൂ... എനിക്കങ്ങട് മനസ്സിലാവുന്നില്ല..."
നന്ദന കഴിഞ്ഞ രാത്രിയില്‍ പാറു പറഞ്ഞ കാര്യങ്ങള്‍ അതേപോലെ ദേവനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് ദേവന്‍ പാറുവിനെ അരുകിലേയ്ക്ക് വിളിച്ചു. അച്ഛന്‍റെ വിളികേട്ട്, ചിന്തകളില്‍ നിന്നുണര്‍ന്ന് പാറു ദേവന്‍റെയരുകില്‍ വന്നു നിന്നു. അയാള്‍ തന്‍റെ വലതുകരം നീട്ടി അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു.
"അച്ഛന്‍റെ പൊന്നുമോളിവിടെ ഇരിക്ക്... അച്ഛന്‍ പറയട്ടെ..!!!
പാറു അച്ഛന്റെ കിടക്കയ്ക്കരുകിലായിരുന്നു. അവളുടെ മുഖത്തെ വൈകാരികഭാവം മറഞ്ഞിരുന്നു. കണ്ണുകള്‍ തളര്‍ന്നപോലെ തോന്നിച്ചു. അതുകണ്ട് ദേവന്‍ അവളുടെ കവിളുകളില്‍ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു.
"എന്തായിത്... ന്തു പറ്റി അച്ഛന്റെ പൊന്നുമോള്‍ക്ക്...!!! എടീ മണ്ടീ.. കന്യൂട്ടി പറഞ്ഞത് കേട്ടാണോ നീയീ സങ്കടപ്പെടണേ..!!! അയ്യയ്യേ!! എന്ത് മോശാണ് മോളെ ഇതെല്ലാം... അവള്‍ക്കെന്താടാ വയസ്സ്. അവളൊരു പൊട്ടി. അതുപോലാണോ അച്ഛന്റെ പൊന്നുമോള്. മോളൊന്നും ഓര്‍ക്കണ്ട. ഇപ്പോള്‍ മനസ്സില് വേണ്ടതെന്താ...?? പഠിത്തം.!! അതില് മാത്രാവണം മോളുടെ ശ്രദ്ധ. അല്ലെങ്കില്‍ തന്നെ എന്തിനാ നിങ്ങള് രണ്ടാളും കൂടി വഴക്കിടുന്നെ...?? നാളെ മോളെ ഒരിടത്ത് കൊണ്ട്പോകുമ്പോള്‍ ഈ പറഞ്ഞ അനുജത്തിയെ കാണാണ്ടിരിക്കുമ്പോള്‍ സഹിയ്ക്കുമോ ന്‍റെ പൊന്നുമോള്‍ക്ക്. ഇല്ല അതാണ് മോളെ കൂടെപ്പിറപ്പ്. അച്ഛന്റെ മോള് ഒന്നുമോര്‍ത്ത് സങ്കടപ്പെടണ്ട. ഇന്നവളിവിടെ വരട്ടെ അച്ഛന്‍ ചോദിക്കണുണ്ട്... മോള് വിഷമിക്കണ്ട ട്ടോ..." ഇങ്ങനെ ആശ്വാസവാക്കുകള്‍ പറഞ്ഞുകൊണ്ട് ദേവന്‍ വീണ്ടും അവളുടെ കവിളില്‍ തട്ടി. അച്ഛനരുകില്‍ അല്‍പ്പനേരം കൂടി ഇരുന്നിട്ട് അവള്‍ വീണ്ടും എഴുന്നേറ്റു ജനാലയ്ക്കരുകിലേയ്ക്ക് പോയി..
അപ്പോഴേയ്ക്കും പ്രാഭാത റൌണ്ട്സിനു ഡോക്ടര്‍മാര്‍ ദേവനരുകില്‍ എത്തി. നന്ദന അതിന്‍റെ തിരക്കില്‍ പെട്ടുപോയി. ഡോക്ടര്‍മാര്‍ ദേവന്റെയരുകില്‍ നിന്നും പോകുമ്പോഴും അകലേയ്ക്ക് മിഴിപായിച്ച് നിന്ന പാറുവിനെ നന്ദന അരുകിലേയ്ക്ക് വിളിച്ചു. അവള്‍ അരുകിലെത്തിയപ്പോള്‍ ദേവന്റെയരുകില്‍ അവളെ ഇരുത്തി നന്ദന ഇന്ദിരയുടെ അരുകിലേയ്ക്ക് യാത്രയായി. നന്ദന പോയിക്കഴിഞ്ഞപ്പോള്‍ പാറു അച്ഛന്റെ തലയണയ്ക്കരുകില്‍ വച്ചിരുന്ന തന്‍റെ ഫോണ്‍ എടുത്തു. പിന്നെ യാതൊരു ഭാവമാറ്റവും വരാതെ അതവള്‍ നോക്കിക്കൊണ്ടിരുന്നു. അതിന്‍റെ കാള്‍ ലിസ്റ്റിലൂടെ കണ്ണുകള്‍ ഓടിച്ചപ്പോള്‍ പാറുവിന്‍റെ ഉടല്‍ ഒന്നാകെ വിറയ്ക്കാന്‍ തുടങ്ങി. അച്ഛന്‍ കാണാതെ കാണാക്കണ്ണ്‍കളില്‍ നോട്ടമെറിഞ്ഞ അവള്‍ രാത്രിയില്‍ വന്ന സേനന്‍റെ ആ വിളി ആരോ അറ്റന്‍ഡ് ചെയ്തിരിക്കുന്നു എന്ന് തീര്‍ച്ചപ്പെടുത്തി. എങ്കില്‍ അതാരാവും. അമ്മ.. ???അതോ അച്ഛന്‍..?? അവളുടെ ഉള്ളം ചൂടേറ്റ വെള്ളം പോലും തിളക്കാന്‍ തുടങ്ങി. തന്‍റെ ശരീരം മുഴുവന്‍ ആ താപം ഏല്‍ക്കും മുന്‍പ് അതറിയണം. അവളിലെ കുബുദ്ധി ഉണര്‍ന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ ദേവനോട് ചോദിച്ചു.
"ആരാ അച്ഛാ.. രാത്രി എന്‍റെ ഫോണില് വിളിച്ചിരിക്കണേ...??? എനിക്കറിയാത്ത നമ്പര്‍ ആണല്ലോ..!!! അവള്‍ ആശ്ചര്യമൂറുന്ന കണ്ണുകളോട് കൂടി ദേവനോട് ചോദിച്ചു.
ദേവന്‍ മകളെ നോക്കി. എന്നിട്ട് പറഞ്ഞു. "അറിയില്ല മോളെ, ഒരുപക്ഷെ, അമ്മയാകും ഫോണെടുത്തത്. അച്ഛന്‍ ഇതൊന്നും അറിഞ്ഞത് കൂടിയില്ല...!!
പാറുവിന് ആ വാക്കുകള്‍ ഒട്ടും ആശ്വാസം നല്‍കിയില്ല. അപ്പോള്‍ അമ്മയാണ് എടുത്തതെങ്കില്‍ ഒരു പക്ഷെ, സേനന്‍റെ സ്വരം അമ്മ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..??? ഉണ്ടെങ്കില്‍..!! ഹോ.. ഭഗവാനെ..!! അവള്‍ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എങ്കിലും അച്ഛന്‍റെ മുന്നില്‍ ഒന്നും സംഭവിക്കാത്ത പോലെ അവളിരുന്നു.
************
ജിയാസ്സ് സുഖം പ്രാപിച്ചുവന്നു. അവളെ കിടത്തിയിരിക്കുന്ന മുറിയിലേയ്ക്ക് കടക്കുംമുന്‍പ് തന്നെ നന്ദന സ്വയം മനസ്സുകൊണ്ട് ചിലതുറപ്പിച്ചിരുന്നു. താനും രണ്ടു പെണ്മക്കളുടെ അമ്മയാണ്. ഏതാണ്ട് ഒരേപ്രായം തന്നെയാണ് പാറുവിനും ജിയാസ്സിനും. അവര്‍ക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും താന്‍ ഇവിടെ ചോദിക്കാനും പറയാനും പാടില്ല. ജിയാസ്സിന്‍റെ കിടക്കയ്ക്കരുകില്‍ വന്ന നന്ദന മെല്ലെ കിടക്കമേല്‍ തലചായ്ചിരുന്ന ഇന്ദിരയുടെ തോളില്‍ കൈവച്ചു. അവര്‍ മെല്ലെ നന്ദനയെ തിരിഞ്ഞുനോക്കി. നന്ദനയെ കണ്ടതും ഒരുനിമിഷം പോലും വേണ്ടിവന്നില്ല. ഇന്ദിരയുടെ കണ്ണുകള്‍ നിറഞ്ഞു. മറ്റൊന്നും ചിന്തിക്കാതെ ഇന്ദിര നന്ദനയുടെ വയറിലേയ്ക്ക് തലചായ്ച്ചു. അതോടെ, ഇതുവരെയും ആരോടും പറയാതെ ഉള്ളിന്റെയുള്ളില്‍ അടക്കിവച്ചിരുന്ന സങ്കടം അണപൊട്ടിയൊഴുകുന്ന ഒരു നദിപോലെ അവരില്‍ നിന്നും പാഞ്ഞൊഴുകി. നന്ദന എന്ത് ചെയ്യണം എന്നറിയാതെ വിഷണ്ണയായി നിന്നു. നന്ദനയുടെ വയറില്‍ തലചായ്ച്ച് അവളുടെ നിറഞ്ഞ മിഴികളിലേയ്ക്ക് നോക്കി ഇന്ദിര പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
"പോയി നന്ദു... എല്ലാം പോയി. ഇത്രയുംകാലം ഞാന്‍ കാത്തുസൂക്ഷിച്ച ന്‍റെ പൊന്നുമോള്... ഒരു നിമിഷം കൊണ്ട്...!!! എനിക്ക് സഹിക്കാന്‍ കഴിയണില്ല നന്ദു. രാവും പകലും അയാളുടെ കാല്‍കീഴില്‍ കിടന്നു ഞാന്‍ ചവിട്ടും അടിയുമേറ്റ് ജീവിച്ചത് എന്‍റെ കുട്ടിയ്ക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടുമല്ലോ എന്നോര്‍ത്തായിരുന്നു. എന്‍റെ മോള്‍ക്ക് വേണ്ടിയായിരുന്നു നന്ദു ഇത്രയും കാലം ഞാന്‍ ജീവിച്ചത് പോലും. ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം. എന്തിനുവേണ്ടി ജീവിക്കണം. എന്‍റെ മകളെപ്പോലെ ഒരു പെണ്‍കുട്ടിയ്ക്കും കക്കിചേരിയില്‍ ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാകരുത്...നന്ദു... ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകരുത്...
ഇന്ദിര, നന്ദനയെ ചേര്‍ന്ന് വിങ്ങിവിങ്ങി കരഞ്ഞു. അതോടെ നന്ദന പതിയെ കട്ടിലില്‍ ഇന്ദിരയ്ക്കരുകിലായിരുന്നു. സ്വന്തം മകളെപ്പോലെ നന്ദനയും ജിയാസിനെ സ്നേഹിക്കുന്നുണ്ടെന്ന് ഇന്ദിരയ്ക്കറിയാം. കണ്ണീരോടെയെങ്കിലും, ഇന്ദിരയെ ആശ്വാസവാക്കുകള്‍ കൊണ്ട് നന്ദന പൊതിയുമ്പോള്‍.. കണ്മുന്നില്‍ തന്‍റെ എല്ലാമെല്ലാമായ അമ്മ തന്നെയോര്‍ത്ത് ഒരു കടലോളം കണ്ണീരില്‍ മുങ്ങുന്നത് കാണാന്‍ ജിയാസ്സിനായില്ല. അതും താന്‍ കാരണം. അവളറിയാതെ തന്നെ അവളുടെ കണ്ണുകള്‍ നീര്ചാലുകളായി. ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. തലച്ചോറില്‍ എവിടെനിന്നോ മിന്നിത്തുടങ്ങിയ ഭീതിതമായ പ്രകാശം അവളുടെ കണ്ണുകളിലൂടെ പുറത്തുവന്നത്പോലെ. സ്ഥലകാലബോധം നഷ്ടമായൊരു ഭ്രാന്തിയെപ്പോലെ അവള്‍ കിടക്ക വിട്ടെഴുന്നേറ്റു. പിന്നെ മറ്റൊന്നിനെക്കുറിച്ചും ബോധവതിയല്ലാത്തപോല്‍ മുന്നിലേയ്ക്ക് നടന്ന അവളുടെ കൈയില്‍ കോര്‍ത്തിരുന്ന ഗ്ലൂക്കോസ് ഡ്രിപ്പിന്‍റെ സൂചി വലിഞ്ഞുതിരിഞ്ഞൂരി നിലത്തേയ്ക്ക് തൂങ്ങി. ഒപ്പം കിടയ്ക്കരുകില്‍ നിശ്ചലം നിന്ന സ്റ്റാന്‍ഡില്‍ കിടന്ന ഗ്ലൂക്കോസ് ബോട്ടില്‍ വളരെവേഗം ആടാന്‍ തുടങ്ങി. ശബ്ദം കേട്ടു നന്ദനയും, നന്ദനയുടെ കാലില്‍ നിന്നും മുഖമുയര്‍ത്തിയ ഇന്ദിരയും ഒരേപോലെ ജിയാസ്സിനെ തിരിഞ്ഞുനോക്കി. അപ്പോഴേയ്ക്കും ജിയാസ് ആ മുറിയുടെ ജനലരുകില്‍ എത്തിയിരുന്നു. ഇന്ദിര, ലക്കില്ലാതെ ജനലിനരുകിലേയ്ക്ക് നടക്കുന്ന ജിയാസ്സിനെക്കണ്ട് പെട്ടെന്ന് ഇരിപ്പിടം വിട്ടെഴുന്നേറ്റു. ഒപ്പം നന്ദനയും. ഇരുവരും അവളുടെയരുകിലേയ്ക്ക് ഓടാന്‍ തുടങ്ങി. നന്ദനയും ഇന്ദിരയും അവള്‍ക്കരുകിലേയ്ക്ക് ഓടിയെത്തുംമുന്പേ തന്നെ ജിയാസ് തുറന്നുകിടന്ന ജാലകത്തിലൂടെ താഴേയ്ക്കെടുത്തുചാടി. അവളുടെ വസ്ത്രത്തില്‍ കിടന്നിരുന്ന മഞ്ഞനിറത്തിലുള്ള ഷാള്‍ ജനലിന്‍റെ കൊളുത്തുകളിലൊന്നില്‍ കുടുങ്ങി കാറ്റില്‍ പാറി. അതുകണ്ട് ഒരലര്‍ച്ചയോടെ ഇന്ദിരയും ജനലിനരുകിലേയ്ക്ക് നീങ്ങി. നന്ദന സര്‍വശക്തിയുമെടുത്ത് അവളെ പിടിച്ചുവലിച്ചു. താഴെ ജിയാസ്സിന്‍റെ ചിതറിത്തെറിച്ച തലച്ചോറില്‍ നിന്നും രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി. മുകളില്‍ ഓടിക്കൂടിയ ആള്‍ക്കൂട്ടം ഇന്ദിരയെ ബലമായിപിടിച്ചുനിര്‍ത്തി..... ചേതനയറ്റ മകളുടെ ശരീരം നിര്‍ഭാഗ്യവതിയായ ആ അമ്മ കാണാതിരിക്കാന്‍..... !!!!
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ