2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....12

കന്യകയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ക്ക് അത് മനസ്സിലാകുമായിരുന്നു. സങ്കടം ഉള്ളിലൊതുക്കി അരുകിലിരുന്ന നന്ദനയോട് അവള്‍ പറഞ്ഞു.

"അമ്മേ..!! പാറൂച്ചി ഫോണ്‍ എടുക്കണില്ല്യ....."

"അവള്‍ ഉറങ്ങീട്ടുണ്ടാകും മോളെ..... ഇനി ഏതിനും നേരം വെളുക്കട്ടെ ദേവേട്ടാ... ഇവിടെ ഞാനും കന്യമോളും ഉണ്ടല്ലോ...!!!" നന്ദന പറഞ്ഞു.

അവളുടെ വാക്കുകള്‍ കേട്ട് ദേവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പതിഞ്ഞ സ്വരത്തില്‍ അവളോട്‌ പറഞ്ഞു.

"നന്ദു..!!! എനിക്കാകെ പേടി തോന്നുന്നു. ഈ രാവു പുലരും വരെ ഞാനുണ്ടാകുമോ നന്ദു..? ഞാന്‍ കണ്ട സ്വപ്നങ്ങളിലെല്ലാം എന്‍റെ മരണം കാത്ത് അരുകിലിരിക്കുന്ന കഴുകന്മാരെ ഞാന്‍ കാണുന്നു. അവരെന്‍റെ ദേഹത്തിനായി കലപില കൂട്ടുന്നു... ജീവിതത്തില്‍, എവിടെയോ, ദേവന് പിഴച്ചുവെന്ന് തോന്നുന്നു..... എനിക്ക് എവിടെയോ പിഴച്ചുപോയി.... നന്ദു.. പിഴച്ചുപോയി..."

"ദേവേട്ടാ... എന്തിനിങ്ങനെ വേണ്ടാത്തതൊക്കെ ചിന്തിക്കണു. എന്‍റെ ദേവേട്ടന് ഒന്നും സംഭവിക്കില്ല. അങ്ങിനെ ഞങ്ങളെ ഇട്ടേച്ച് പോയാല്‍ ഞങ്ങള്‍ക്കാരുണ്ട്.... ആരുമില്ല. അത് ദേവേട്ടനും അറിവുള്ളതല്ലേ. ഒന്നും സംഭവിക്കില്ല... ഒന്നും. അങ്ങിനെതന്നെ ചിന്തിച്ച് മനസ്സ് ശാന്തമാക്കിക്കൊള്ളൂ...." ഇങ്ങനെ പറഞ്ഞുകൊണ്ട് നന്ദന കിടക്കയ്ക്ക് കുറച്ചുകൂടി അരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. പിന്നെ ദേവന്‍റെ കരം കവര്‍ന്ന് തന്‍റെ കവിളിലേയ്ക്ക് ചേര്‍ത്ത് പിടിച്ചു.

ഇതേസമയം, അമ്മയും അച്ഛനും പരസ്പരം പറയുന്നതൊന്നും പക്ഷെ കന്യ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് പാറുവിനെ കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് നിറഞ്ഞു. അവള്‍ക്കറിയാം. മാസങ്ങളോളമായി ചേച്ചിയെ അവള്‍ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. എവിടെയോ ഒരു മാറ്റം പാറുവില്‍ അവള്‍ കണ്ടുതുടങ്ങിയിരുന്നു. അതിനു കാരണം എന്താവും...? സേനനോടൊരു ഇഷ്ടം അവള്‍ക്കുണ്ടെന്നുള്ളത് മാത്രം കന്യയ്ക്കറിയാം. പലതവണ അവളെ ആ ഇഷ്ടത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവള്‍ ശ്രമിച്ചിട്ടുള്ളതും ആണ്. ദേവന്‍റെ മക്കള്‍ ഒരിക്കലും അങ്ങിനെ ഒരു ചതിക്കുഴിയില്‍ വീഴില്ലെന്നും, ആര്‍ക്കും വീഴ്ത്താന്‍ കഴിയില്ലാ എന്നും അവള്‍ മനസ്സില്‍ ഒരു ഉറപ്പ് സമ്പാദിച്ചിട്ടുണ്ടായിരുന്നു.... എന്നിട്ടും എവിടെയെങ്കിലും പിഴച്ചുവോ..??

"മോളെ...!!! നീയെന്താണിങ്ങനെ ചിന്തിക്കുന്നത്...????

ദേവന്‍റെ പതിയെയുള്ള ചോദ്യം കേട്ടു പൊടുന്നനെ അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അച്ഛന്റെ കിടക്കയ്ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ അയാളുടെ നെറ്റിയില്‍ തഴുകി. നിശബ്ദം കരയുന്ന കന്യ, ദേവന്‍റെ നെഞ്ചില്‍ ഒരു നോവായി പടര്‍ന്നു തുടങ്ങി. അയാള്‍ സ്വയം മനസ്സിന്‍റെ ധൈര്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു.  "തോറ്റ് പിന്മാറാന്‍ പാടില്ല. പറക്കമുറ്റാതെ കുഞ്ഞുങ്ങളെയും, ആരും തുണയില്ലാത്ത ഒരു പെണ്ജന്മത്തെയും ഒറ്റക്കീ ലോകത്തില്‍ നരകിക്കാന്‍ വിട്ടിട്ട് ഞാനെന്തിന് പോകണം..?? എവിടേയ്ക്ക് പോകണം..? ഇല്ല എനിക്കൊന്നും സംഭവിക്കില്ല...അത്രയും നേരം ഉള്ളം കൊണ്ടുരുകുകയായിരുന്ന അയാളില്‍ എവിടെനിന്നോ വന്നെത്തിയതുപോല്‍ ഒരു ശക്തി കാണുമാറായി. അതയാളുടെ സിരകളിലൂടെ പടര്‍ന്നുകയറാന്‍ തുടങ്ങി... ദേവന്‍ കണ്ണുകള്‍ പൂട്ടി കിടന്നു. എങ്കിലും മരുന്നിന്‍റെ ലഹരിയില്‍ അയാള്‍ മെല്ലെ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. അരുകില്‍,  കട്ടിലിന്‍റെ ഓരം ചേര്‍ന്ന് നന്ദനയും കണ്ണുകള്‍ പൂട്ടി. പക്ഷെ, ഒരിക്കലും ഉറങ്ങാത്ത മനസ്സുമായി അകലെ പടര്‍ന്നു നില്‍ക്കുന്ന കൂരിരുട്ടിലേയ്ക്ക് കണ്ണും നട്ട് കന്യ മാത്രം ഉണര്‍ന്നിരുന്നു.
******************
രാജശേഖര്‍ ഇരുളിന്‍റെ മറപറ്റി വണ്ടി റോഡിന് ഓരം ചേര്‍ത്ത് നിര്‍ത്തി. അതില്‍ നിന്നിറങ്ങി അയാള്‍ ഒരു സിഗരറ്റ് ചുണ്ടില്‍ വച്ച് തീകൊളുത്തി. ഒന്ന് ചിന്തിച്ചു നിന്നശേഷം, ജിയാസ്സില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വച്ച് അയാള്‍ മെല്ലെ പടര്‍ന്നുകിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ നടന്നകത്തേയ്ക്ക് കയറി. അവളെ, ആ പെണ്‍കുരുന്നിനെ ഞെരിഞ്ഞുടച്ച വള്ളിപ്പടര്‍പ്പിനരുകില്‍ നിന്നയാള്‍ ചിന്തിച്ചു. ഇരുളിന്‍റെ മറപറ്റി, ആരും അറിയാതെ എങ്ങിനെ ഒരു അന്വേഷണം നടത്തും. ഒന്ന് പോലിസ് നായയെ കൊണ്ടുവരണം എങ്കില്‍ പോലും പകല്‍ വേണം അത് ചെയ്യാന്‍. അപ്പോള്‍ ചോദ്യങ്ങളേറെ ഉണ്ടാകും. എത്ര ഒളിച്ചുവച്ചാലും എങ്ങിനെയും മാധ്യമങ്ങള്‍ ഇത് കുത്തിപ്പൊക്കും... ഒരു കുടുംബം അപ്പാടെ നാണക്കേടില്‍ മുങ്ങും. ഒരുപക്ഷെ, അവര്‍ ആത്മഹത്യപോലും ചെയ്തേക്കാം...!! ആരുമറിയാതെ എങ്ങിനെ..? എങ്ങിനെ ഇത് ചെയ്യാം...!!! അയാള്‍ തലപുകഞ്ഞാലോചിച്ചു....
******************
പാറു സേനന്‍റെ മാത്രമായ നിമിഷങ്ങള്‍. രതിയുടെ സര്‍വസൗന്ദര്യവും ആസ്വദിച്ചുകൊണ്ട് ഒരു യാത്ര. എല്ലാം കഴിഞ്ഞ് അവളെവിട്ടു പോകാനൊരുങ്ങിയ അവനെ അവള്‍ വീണ്ടും തന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് കിടത്തി. യൗവനത്തിന്‍റെ തീക്ഷ്ണതയില്‍, അവളുടെ മാറ് പകര്‍ന്ന ചൂടിന്‍റെ സുഖത്തില്‍ ഈ രാവ് പുലരാതിരുന്നെങ്കില്‍ എന്നവന്‍ ആശിച്ചു. വീണ്ടും ഒരു നാഗത്തെപ്പോലെ അവളെ ചുറ്റിവളച്ച് തന്‍റെ കരവലയത്തില്‍ ചേര്‍ത്തവന്‍ അവളുടെ തളിരിളം മേനിയെ തച്ചുടച്ചു. ഒടുവില്‍, തളര്‍ന്നവന്‍ കിടക്കയിലേയ്ക്ക് ചായുമ്പോള്‍ പാറുവിന് ദേഹമാസകലം വേദനിച്ചു. അതിന്‍റെ ആലസ്യത്തില്‍ അവള്‍ക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അവനെ പുണര്‍ന്നുകിടന്ന അവളെ, അവന്‍ തട്ടിവിളിച്ചു.

"പാറു... നേരം പുലരാറായി. ഇനി ഞാനിവിടെ നിന്നാല്‍...!!! നിനക്കറിയാല്ലോ..?

സേനന്‍റെ വാക്കുകള്‍ കേട്ട് അവള്‍ ചുവരിലെ ഘടികാരത്തിലേയ്ക്ക് നോക്കി. ശരിയാണ്. സമയം ഏറെ കഴിഞ്ഞിരിക്കുന്നു. അവള്‍ പെട്ടെന്ന് തന്നെ കിടക്ക വിട്ടെഴുന്നേറ്റു. ഒപ്പം അവനും. പിന്നെ, അവന്‍ അവള്‍ക്കൊപ്പം തന്നെ കുളിച്ചു. കുളികഴിഞ്ഞ് അവന്‍ പോകാനൊരുങ്ങി. പാറു വീണ്ടും നല്ല വസ്ത്രങ്ങള്‍ ധരിച്ച് മുറിയില്‍ വന്നു. പിന്നെ ഒട്ടും ശബ്ദമുണ്ടാക്കാതെ അവള്‍ മുറിയുടെ വാതില്‍ തുറന്നു. അവിടെനിന്നും ഹാളിലേയ്ക്കിറങ്ങിയ അവള്‍ പായിയമ്മ ഉണര്‍ന്നില്ല എന്നുറപ്പ് വരുത്തി, വാതിലിനരുകില്‍ ഒളിച്ചു നിന്ന സേനനെ വിളിച്ചു. ആരുമറിയാതെ, വന്നപോലെ അവന്‍ അവളോട്‌ യാത്ര പറഞ്ഞിറങ്ങി. സേനന്‍ അവിടെ നിന്നും പോയിയെന്ന് ഉറപ്പുവരുത്തിയ പാറു, തിരികെ ചെന്ന് കിടക്കയിലേയ്ക്ക് തളര്‍ന്ന് കിടന്നു.  ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ അവള്‍ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുകയും ചെയ്തു.
*************
നേരം പുലര്‍ന്നു. ഉറക്കത്തിന്‍റെ ക്ഷീണത്തില്‍ പാറു അതൊന്നുമറിഞ്ഞില്ല. പായിയമ്മ പതിവുപോലെ അടുക്കളയില്‍ തന്നെയാണ്. നന്ദന ഇല്ലാത്തതിനാല്‍ അവര്‍ക്കിന്ന് പതിവില്‍ കൂടുതല്‍ ജോലിയുണ്ട്. ആശുപത്രിയില്‍ നിന്നും കന്യക വീട്ടിലേയ്ക്ക് വരാനുള്ള ഒരുക്കത്തിലാണ്. അവള്‍ മുഖം നന്നായി കഴുകി, തുടച്ച് അച്ഛന്റെയും അമ്മയുടെയും അരുകിലെത്തി. പിന്നെ മെല്ലെ കിടക്കയിലേയ്ക്ക് കുനിഞ്ഞവള്‍ അച്ഛന്റെ നെറ്റിയില്‍ ഒരു മുത്തം നല്‍കി. ദേവന്‍ അവളുടെ കൈകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.

"പോകുമ്പോള്‍.. മോള്... സൂക്ഷിക്കണം...ഒറ്റയ്ക്കാണ് യാത്ര എന്നതെപ്പോഴും ഓര്‍മ വേണം..!!!

അവള്‍ അച്ഛന് നേരെ തലകുലുക്കി. നന്ദന എഴുന്നേറ്റു കന്യകയുടെ മുടി മാടിയൊതുക്കി. പിന്നെ വാത്സല്യത്തോടെ പറഞ്ഞു.

"ഇന്നിനി ഇവിടേയ്ക്ക് മോള് വരണ്ട. അമ്മ പറഞ്ഞ സാധനങ്ങളൊക്കെ എടുത്ത് കൊടുത്ത് പാറൂട്ടിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടാല്‍ മതി. ഇന്നൊരു ദിവസം പാറു അച്ഛന്റെ അടുത്തു നില്‍ക്കട്ടെ... മോള് കുളിച്ച്, ഭക്ഷണം കഴിച്ച് ഇന്ന് നന്നായി ഉറങ്ങിക്കൊള്ളൂ.."

അമ്മയുടെ നേരെ അനുസരണയോടെ തലകുലുക്കി, അവരോട് യാത്രപറഞ്ഞ്‌ കന്യക അവിടെ നിന്നും നടന്നകന്നു. കന്യക പോയതിന് ശേഷം ദേവന്‍ അതുവരെ ഉണ്ടായ കാര്യങ്ങള്‍ ഒക്കെ നന്ദനയോട് പറഞ്ഞു. അവള്‍ക്കാകെ ആധിയായി. ജിയാസ്സിനെപ്പോലെ രണ്ടു പെണ്‍കുട്ടികളുടെ അമ്മയല്ലേ നന്ദനയും. ദേവന്‍റെ വാക്കുകള്‍ അവളെ വളരെയധികം ആകുലയാക്കി. അവള്‍ ദേവനോട് പറഞ്ഞു.

"ദേവേട്ടാ..!! എന്തിനും പാറൂട്ടി ഒന്നിങ്ങോട്ട് വന്നോട്ടെ. ജിയാസ്സ് മോളെ എനിക്കൊന്ന് കാണണം. ഒന്നൂല്ലങ്കിലും പലവട്ടം എന്നെ അമ്മാന്നു വിളിച്ചിട്ടുള്ള മോളല്ലേ അവള്.. ഇപ്പോള്‍, ഈയൊരവസ്ഥയില്‍ ഞാന്‍ പോയില്ലേല്‍ പിന്നെ എപ്പോഴാ...."

എന്നിട്ടവള്‍ തുടര്‍ന്നു. "ഇത്രയും നടന്നിട്ടും അയാളോടൊരു വാക്ക് എപ്പോഴെങ്കിലും അവള്‍ക്ക് പറയാരുന്നില്ലേ. എത്ര കുടിയനാണേലും ഇന്ദിരയ്ക്ക് അയാളോട് പറയാരുന്നു. ഒന്നൂല്ലേലും ജിയാസ്സ് മോളുടെ അച്ഛനല്ലേ അയാള്‍..!! ദേവേട്ടന് തോന്നുന്നുണ്ടോ സ്വന്തം മോള്‍ക്ക്‌ ഇങ്ങനെയൊന്ന് സംഭവിക്കുമ്പോള്‍ ലോകം മുഴുവന്‍ പാടി നടക്കാന്‍ അയാള്‍ക്ക്‌ കഴിയോ..? മദ്യമില്ലാത്തപ്പോള്‍ ഒരിക്കലെങ്കിലും അയാള്‍ സ്വന്തം രക്തത്തെ തിരിച്ചറിയാതെ പോവ്വോ... ഇല്ല ദേവേട്ടാ ഒരിക്കലും ഇല്ല.."

"നന്ദു... നീ പറയുന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, അവിടെ ശരിക്കും എന്താണ് നടന്നതെന്നറിയാന്‍ അവനു ബാധ്യതയില്ലേ..? ആ മോളുടെ അച്ഛനോളം പ്രായമുള്ള എന്നെ ചേര്‍ത്തവന്‍ ഇങ്ങനെ അലറിവിളിക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും അവനു ചിന്തിക്കാരുന്നില്ലേ..? ഒരു കൂടപ്പിറപ്പിനെ പോലെ അവനെ കണ്ട എന്നോട് ഒടുവില്‍ അവന്‍ ചെയ്തത് നീ കണ്ടില്ലേ..?? ഒരുപക്ഷെ, ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ നീ ആരുടെ പക്ഷം നില്‍ക്കുമായിരുന്നു നന്ദു... ആരുടെ പക്ഷം നില്‍ക്കുമായിരുന്നു..??

പറഞ്ഞുകൊണ്ട് ദേവന്‍ നന്ദനയുടെ മുഖത്തേയ്ക്ക് നോക്കി. അവള്‍ മറുപടി ഇല്ലാതെ കുനിഞ്ഞിരുന്നു.
**************
വീടിന് മുന്നില്‍ വണ്ടി നില്‍ക്കുമ്പോള്‍ കന്യക ഉത്സാഹത്തോടെ പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി. ബസിന്‍റെ വാതിലില്‍, ഇറങ്ങുന്ന സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ഒന്നുരഞ്ഞുകിട്ടാന്‍ വാതിലില്‍ തന്നെ നില്‍ക്കുന്ന ക്ലീനറോട് അവള്‍ താഴേയ്ക്കിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. അവന്‍ അവളെ ക്രുദ്ധനായി നോക്കി. അവള്‍ കൂസലന്യേ ആദ്യ പടിക്കെട്ടില്‍ നിന്നുകൊണ്ട് അവനോടു ചോദിച്ചു.

"താന്‍ പുറത്തേയ്ക്കിറങ്ങുന്നോ..? അതോ ഞാന്‍ അകത്തു തന്നെ പോയി തിരികെ ഇരിക്കണോ...???

കന്യകയുടെ നോട്ടം, അവളുടെ കണ്ണുകളില്‍ നിറഞ്ഞ ഭാവം അവനെ മെല്ലെ താഴെയിറക്കി. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി ഓരം ചേര്‍ന്ന് നടന്നു പോകുമ്പോള്‍ അയാള്‍ അവളെ ഒളികണ്ണിട്ടു നോക്കി. വീടിന്‍റെ പടികടന്നവള്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയിട്ട് വാതിലിനരുകില്‍ ചേര്‍ന്ന് നിന്നു. പായിയമ്മ വന്നു കതകു തുറന്നു. കന്യക ക്ഷീണത്തോടെ കൈയിലിരുന്ന കവര്‍ അവരെ ഏല്‍പ്പിച്ചു. അവര്‍ അത് കൈകളില്‍ വാങ്ങി അവളെ നോക്കി. അകത്തേയ്ക്ക് കയറി, വാതില്‍ താഴിട്ടു അവള്‍ അവരോടൊപ്പം അടുക്കളയിലേയ്ക്ക് നടന്നു. പിന്നെ അടുക്കളയുടെ സ്ലാബില്‍ കയറിയിരുന്നു ആശുപത്രിയിലെ കാര്യങ്ങള്‍ അവരോട് വിശദമായി പറഞ്ഞു. അതുവരെ ദേവന് കുത്തേറ്റു എന്നറിയാതിരുന്ന അവര്‍ കവിളില്‍ വിരല്‍ ചേര്‍ത്ത് നിന്ന് മൂകയായി.... പെട്ടെന്ന് കന്യ ചോദിച്ചു.

"പായീമ്മേ... പാറൂച്ചി ഇതുവരേം ഉണര്‍ന്നില്ലേ...???

ഇങ്ങനെ ചോദിച്ചുവെങ്കിലും, അവരുടെ മറുപടിയ്ക്ക് കാതോര്‍ക്കാതെ അവള്‍ ചേച്ചിയുടെ മുറിയിലേയ്ക്ക് ചെന്നു. തളര്‍ന്നുറങ്ങുന്ന അവളുടെ അരുകില്‍ ഒത്തിരി നേരം നിന്നിട്ട്, ശല്യം ചെയ്യാതെ അവള്‍ അവിടെ കുളിമുറിയിലേയ്ക്ക് കയറി. വലിയ കണ്ണാടിയുടെ മുന്നില്‍ നിന്നവള്‍ സാകൂതം അവളെ തന്നെ നോക്കി. ആ നോട്ടത്തിനൊടുവില്‍, കുളിമുറിയുടെ മൂലയില്‍ വെള്ള നിറമുള്ള ബക്കറ്റില്‍ മുങ്ങിക്കിടക്കുന്ന കിടക്കവിരിയില്‍ അലക്ഷ്യമായി അവളുടെ കണ്ണുകള്‍ പാഞ്ഞു. നേര്‍ത്ത ചുവന്ന നിറമുള്ള അതിനുള്ളിലെ വെള്ളം അവളെ അങ്ങോട്ടേയ്ക്കാകര്‍ഷിച്ചു. ഒരു ചുവന്നപൊട്ടുപോലുമില്ലാത്ത ആ വെള്ളവിരിയിലെ നിറം...ഒരു ചോദ്യചിഹ്നമായി അവളില്‍ അവശേഷിച്ചു.

അതിനരുകിലെത്തിയ കന്യക മെല്ലെ കുനിഞ്ഞ് ആ തുണി വെള്ളത്തില്‍ നിന്നും ഉയര്‍ത്തി... ഒരു നിമിഷം അവളുടെ മനസ്സ് നിശ്ചലമായി. കഴിഞ്ഞ പകലും, പിന്നെ അവളുടെ വിളികള്‍ക്ക് മറുപടിയില്ലാതിരുന്ന ആ രാവും, അവളുടെ മനസ്സില്‍ ഉറഞ്ഞുനിന്നു. തുണി തിരികെ ബക്കറ്റിലേയ്ക്കിട്ടുകൊണ്ട് കന്യ കുളിമുറിയുടെ വാതില്‍ക്കല്‍ വന്നു നിന്നു. അവള്‍ക്ക് വിപരീതമായി കിടന്നുറങ്ങുകയായിരുന്ന പാറുവിന്‍റെ വടിവൊത്ത മേനി നോക്കിത്തന്നെ കന്യക പാറുവിനരുകില്‍ ചെന്നു നിന്നു. പിന്നെയവള്‍ മെല്ലെ പാറുവിന്‍റെ തോളില്‍ കൈവച്ചു. അവളുടെ സ്പര്‍ശനം കൊണ്ടൊന്നും പാറുവിന്‍റെ ഉറക്കത്തെ തടസ്സപ്പെടുത്താനായില്ല. മനസ്സില്‍ എന്തോ തീരുമാനിച്ചപോലെ കന്യക പാറുവിനെ ബലമായി പിടിച്ചുകുലുക്കി.

"പാറൂച്ചി..... ടീ പാറൂച്ചി... ദേ നേരം വെളുത്തുച്ചയായി.... നീയെന്താ എഴുന്നേല്‍ക്കാത്തെ.....????

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ