ശ്രീ വര്‍ക്കല
നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 27
അല്‍പനേരം നന്ദന ഒന്നും മിണ്ടിയില്ല. പാറുവിനെ തന്‍റെ മാറിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ ശിലപോലെയിരുന്നു. ആ നെഞ്ചിന്‍റെ ചൂടില്‍ കിടക്കുമ്പോള്‍ പാറുവറിയാതെ തന്നെ അവളിലെ നോവും, അതില്‍ നിന്നുണ്ടായ തേങ്ങലും കുറഞ്ഞുവന്നു. എങ്കിലും അപ്പോഴും അവള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു..."തന്‍റെ ഒരു വാക്ക് മതി ഈ കുടുംബം തകരാന്‍... അച്ഛന്റെയും അമ്മയുടെയും ഈ കുടുംബത്തിന്‍റെയൊന്നാകെ അഭിമാനം തകരാന്‍. പിന്നെ തന്‍റെ അനുജത്തിയുടെ മേല്‍ കരിനിഴല്‍ വീഴാന്‍......പറയരുത്..അമ്മയോട് ഇപ്പോള്‍ ഒന്നും പറയരുത്. അവളുടെ മനസ്സ് അവളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു."
"മോളെ......പാറു.. എന്തിനാ മോള് കരയണേ..!!! ഒരു ചര്‍ദ്ദിയ്ക്ക് ഇങ്ങനെ കരയേണ്ടതുണ്ടോ..? അതും അമ്മയിങ്ങനെ കൂടെയിരിക്കുമ്പോള്‍..!! അയ്യേ..!!! ഇതൊന്നും സാരമില്ല മോളെ. ഇനിയും മോള് ചര്‍ദ്ദിച്ചാല്‍ അമ്മതന്നെ മോളെ ആശുപത്രിയില്‍ കൊണ്ടുപോകാം. ഒന്നുമോര്‍ത്ത് മോള് വിഷമിക്കേണ്ട. സ്വസ്ഥായി കുറച്ചുനേരം കിടന്നോള്ളൂ..." നന്ദന പറഞ്ഞു.
പറഞ്ഞുകൊണ്ട് പാറുവിന്‍റെ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ ഒക്കെ ഒരു കുഞ്ഞു തുണികൊണ്ട് ഒപ്പിയെടുത്ത് മകളുടെ നെറുകയില്‍ അവളൊരു മുത്തം നല്‍കി. പാറു കണ്ണുകള്‍ പൂട്ടിയിരുന്നു. അപ്പോഴും അവളുടെ കണ്‍കോണുകളില്‍ നീര്‍ത്തുള്ളികള്‍ പടന്നിരുന്നു. ഒടുവില്‍, പാറുവിനെ കിടക്കയിലേയ്ക്ക് പിടിച്ചുകിടത്തി നന്ദന കിടക്കവിട്ട് എഴുന്നേറ്റു. അവിടെനിന്നും പോകുന്നതിന് മുന്‍പ് അവള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു.
"മോളെ... എന്തേലും അസ്വസ്ഥത തോന്നിയാല്‍ അമ്മയെ വിളിക്കാന്‍ മറക്കല്ലേ..."
പാറു നന്ദനയെ നോക്കി തലകുലുക്കിയെങ്കിലും ആ മുറിവിട്ട് അമ്മ പോകുമ്പോള്‍ അവള്‍ മനസ്സുരുകി ചിന്തിച്ചു. ഇന്നല്ലെങ്കില്‍ നാളെ എല്ലാരും ഇതറിയും. ഒളിച്ചുവയ്ക്കാന്‍ കഴിയാത്തവിധം തന്‍റെയുള്ളില്‍ ഇത് വളര്‍ന്നുവരും. ലോകം തന്‍റെ നേരെയും, തന്‍റെ കുടുംബത്തിന്‍റെ നേരെയും പല്ലിളിച്ചു കാട്ടാന്‍ തുടങ്ങും. അച്ഛന്‍റെയും അമ്മയുടെയും അഭിമാനം, ഞങ്ങളിലൂടെ അവര്‍ കണ്ടിരുന്ന സ്വപ്നം എല്ലാം നിമിഷം കൊണ്ട് ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. പക്ഷെ, എന്നാലും ഇതെങ്ങിനെ താന്‍ മുന്നോട്ടുകൊണ്ടുപോകും. ഒരിക്കല്‍ അവര്‍ ഇതറിഞ്ഞാല്‍ തന്നെ, നാട്ടാരു നാണം കെടുത്തുമ്പോള്‍, മനസ്സാകെ എരിഞ്ഞു നില്‍ക്കുന്ന അച്ഛനും അമ്മയ്ക്കും സാന്ത്വനം നല്‍കി, ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരില്ല. നാലാള് കാണ്‍കെ, ഇവള്‍ ഞാന്‍ സ്നേഹിക്കുന്ന പെണ്ണാണ്, അവളുടെ വയറ്റില്‍ വളരുന്നത് എന്‍റെ കുഞ്ഞാണ് എന്ന് പറഞ്ഞ് എന്‍റെ കൈപിടിക്കാന്‍ ആരാ ഇനി ഉണ്ടാവുക. അല്ലെങ്കില്‍ തന്നെ താന്‍ ആരുടെ പേര് പറയും. തന്‍റെ വയറ്റില്‍ മുളപൊട്ടിയത് ആരുടെ കുഞ്ഞാവും. സേനന്‍റെയോ അതോ പനീറിന്‍റെയോ...?
പനീറിനെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്കു ഉടലാകെ വിറയ്ക്കാന്‍ തുടങ്ങി. സേനനോട് ഒരിക്കലും തോന്നാത്ത വിധം വെറുപ്പും തോന്നി. ഇത്രമേല്‍ സ്നേഹിച്ചൊരു പെണ്ണിനെ നിഷ്കരുണം മറ്റൊരു ആണിന് കാഴ്ചവയ്ക്കാന്‍ അവനു കഴിഞ്ഞുവെങ്കില്‍ അവന്‍ തീര്‍ച്ചയായും കന്യകയെയും, അതുപോലെ അതിലൂടെ തന്‍റെ കുടുംബത്തേയും തകര്‍ക്കും. ഓര്‍ക്കുന്തോറും അവള്‍ക്ക് ഭയം വര്‍ദ്ധിച്ചു. നോവുന്ന മനസ്സോടെ അവള്‍ പലത്തവണ തന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചു. എന്നിട്ടും ഒന്നും സാധിക്കാതെ അവള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു....
സമയം ഉച്ചയോടടുത്തു. അടുക്കള ജോലിയെല്ലാം ഒതുക്കി നന്ദന വീണ്ടും പാറുവിന്‍റെയരുകില്‍ വന്നു. അപ്പോഴേയ്ക്കും പാറു കിടക്ക വിട്ട് എഴുന്നേറ്റിരുന്നു. പിന്നീട് അവള്‍ക്കു അസ്വസ്ഥതകള്‍ ഒന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ മുറിയുടെ ജനാലയ്ക്കരുകില്‍ അകലേയ്ക്ക് മിഴികള്‍ അര്‍പ്പിച്ച് അവള്‍ നിന്നു. അമ്മ അരുകില്‍ എത്തിയത് പോലും അറിയാതെ നിന്ന അവളെ നന്ദന തൊട്ടു വിളിച്ചു. പാറു തിരിഞ്ഞ് നന്ദനയെ നോക്കി. നന്ദന അവളോട് ചോദിച്ചു.
"മോളെ..!! ന്‍റെ മോള് ആശുപത്രിയില്‍ അച്ഛന് കൂട്ടിരിക്കാന്‍ വന്ന അന്നുമുതല്‍ അമ്മ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ. ന്‍റെ മോളെ എന്തോ ചിന്ത അലട്ടുന്നുണ്ട്. ഒരമ്മയോട് പറയാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഒന്നും പെണ്‍കുട്ട്യോള്‍ക്ക് ഉണ്ടാവരുത്. അങ്ങിനെ ഉണ്ടായാല്‍ അതിനര്‍ത്ഥം മോള്‍ക്കറിയ്യോ..? അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും വിട്ട്, മറ്റേതോ ലോകത്തില്‍ അവളുടെ മനസ്സ് സഞ്ചരിക്കുന്നു എന്നര്‍ത്ഥം. എന്തുണ്ടായാലും ഇതുവരെ മോളും കന്യകയും, അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ ഇപ്പോള്‍ മാത്രം മോള്‍ എന്തോ അമ്മയില്‍ നിന്നും ഒളിക്കുന്നു. എന്‍റെ പെണ്മക്കളെക്കുറിച്ച് ഞാന്‍ നല്ലത് മാത്രം ചിന്തിക്കുന്നു. കാരണം നിങ്ങള്‍ പെണ്‍കുട്ട്യോള്‍ക്ക് പിഴക്കുന്ന ഓരോ ചുവടിനും നാടും നാട്ടാരും പഴിയ്ക്കുന്നത് അമ്മയെ മാത്രമാണ്. അതാണ് ഇതുവരെയുള്ള നാട്ടുനടപ്പും. ഇത്രയും പറഞ്ഞിട്ട് നന്ദന അവളുടെ മറുപടിയ്ക്കായി കാത്തുനിന്നു. പക്ഷെ, പാറുവില്‍ നിന്നും അവള്‍ക്കു ഒരു മറുപടിയും ലഭിച്ചില്ല. ഒടുവില്‍, നന്ദന വീണ്ടും ചോദിച്ചു.
"മോളിനിയെങ്കിലും ഈ ചിന്തയൊക്കെ കളഞ്ഞ് ഒരുപിടി വറ്റ് എങ്കിലും വന്നു കഴിയ്ക്ക്..!!! ഇങ്ങനെ പട്ടിണിയിരുന്നാലോ മോളെ....???? അല്ലെങ്കില്‍ ന്‍റെ മോള് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ് നമ്മുക്ക് ആശുപത്രിയില്‍ പോകാം.."
പെട്ടെന്ന് പാറു പറഞ്ഞു. "വേണ്ടമ്മേ...!! ഇപ്പോള്‍ എനിക്ക് അസ്വസ്ഥത ഒന്നും തോന്നുന്നില്ല.."
പിന്നെ അവള്‍ അമ്മയെ നോക്കി മെല്ലെ മന്ദഹസ്സിച്ചു. അതോടെ നന്ദന അവളെയും കൂട്ടി അടുക്കളയിലേയ്ക്ക് പോയി. പിന്നെ അവളുടെ ഇഷ്ടപ്രകാരം, അവളാവിശ്യപ്പെട്ട കറികള്‍ ഒക്കെ കൂട്ടി മാത്രം ഭക്ഷണം വാരി കൊടുത്തു. ഭക്ഷണം കഴിഞ്ഞ പാറു സ്വന്തം മുറിയിലേയ്ക്ക് തന്നെ വന്നു. അപ്പോഴേയ്ക്കും ചന്തയില്‍ നിന്നും ദേവനും തിരിച്ചെത്തി. വന്നപാടെ അയാള്‍ നന്ദനയോട് പാറുവിന്‍റെ കാര്യങ്ങള്‍ ഒക്കെ തിരക്കി. അവള്‍ക്കു സുഖം എന്നറിഞ്ഞതോടെ അയാള്‍ക്ക് സമാധാനമായി. ഒടുവില്‍, മകളുടെ അരുകില്‍ കിടക്കയില്‍ അല്‍പനേരം ഇരുന്നിട്ട് അയാളും പോയി.
പാറു കിടക്കയില്‍ അങ്ങിനെ ചിന്താമഗ്നയായി കിടക്കുമ്പോള്‍ അവളുടെ ഫോണ്‍ മെല്ലെ ശബ്ദിക്കാന്‍ തുടങ്ങി. പാറു തന്‍റെ ഫോണ്‍ എടുത്തുനോക്കി. അതില്‍ പേര് ഉണ്ടായിരുന്നില്ലെങ്കിലും അത് സേനന്‍റെ നമ്പര്‍ ആണെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ പെട്ടെന്ന് തന്നെ ഫോണ്‍ സൈലന്റ് മോഡിലേയ്ക്കിട്ടു. ഒരിക്കല്‍ ശബ്ദിച്ചു നിന്ന ഫോണിലേയ്ക്ക് വീണ്ടും ഒച്ചയില്ലാതെ വിളി വന്നുകൊണ്ടിരുന്നു. ഒടുവില്‍, ആ വിളി അവള്‍ക്കു അസഹ്യമായതോടെ മുറിയുടെ കതക് താഴിട്ട് അവളാ ഫോണ്‍വിളി അറ്റന്‍ഡ് ചെയ്തു. സേനന്‍റെ വാക്കുകള്‍ പ്രതീക്ഷിച്ച അവളെ വരവേറ്റത് പക്ഷെ പനീറിന്‍റെ തമിഴ് വാക്കുകള്‍ ആയിരുന്നു.
"പാറു.....എപ്പടിയിരുക്ക്..സൗഖ്യമാണോ.....?
പാറു ശബ്ദിക്കാതെ അത് കേട്ടു നിന്നു. അപ്പോള്‍ മറുതലയ്ക്കല്‍ നിന്നും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചു. ഒരിറ്റു ശൌര്യത്തോടെ....
"എന്നടീ... യേ നീ പേസാമയിരുക്ക്...?? നാന്‍ കേട്ടത് ഉനക്ക് പുരിയലയാ...?
അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. അപ്പോള്‍ വീണ്ടും പനീര്‍ തന്‍റെ പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു.
"അപ്പോ നീ പേസാത്....? വേണാ..നീ പേസവേണ്ട....എന്ന പണ്ണണോന്ന്‍ എനക്ക് തെരിയും. ഓന്‍ തങ്കച്ചിയില്ലയാ ...അന്ത കിളുന്ത് പെണ്ണ് അവളെ നാന്‍ ഇങ്കെ കൊണ്ട് വരട്ടുമാ...?? അപ്പൊ നീ പേസുമേ..."
പെട്ടെന്ന് സ്ഥലകാലം മറന്ന് അവള്‍ വിളിച്ചു. "അയ്യോ...!! ഞാന്‍ മിണ്ടാം. നിങ്ങള് ചോദിക്കുന്നതിനൊക്കെ ഞാന്‍ സമാധാനോം പറയാം. ന്‍റെ അനുജത്തി....!!! അവളെ നിങ്ങള് ഒന്നും ചെയ്യല്ലേ...?
ഓ.. അപ്പൊ ഉന്നാലെ പേസ മുടിയും....??? ഉം..നാന്‍ സൊല്ലണത് തെളിവാ കേട്ടുക്കോ..!!! നാളേയ്ക്ക് നീ ഇങ്ക വരവേണം... എന്ത എടമെന്ന് തെര്യോല്ലെ..?? .. നീ എന്‍ കൂടെ പടുത്ത അതെ എടത്തുക്ക്...!!!
"ഇല്ല ഞാന്‍ വരില്ല.... ഞാന്‍ വരില്ല... സത്യായും ഞാന്‍ വരില്ല. എന്നെ ഇനിയെങ്കിലും വിട്ടേര്. ഞങ്ങളെ ജീവിക്കാന്‍ വിട്ടേര്. നിങ്ങള്‍ ആഗ്രഹിച്ചത് നിങ്ങള്‍ നേടിയെടുത്തില്ലേ..? പറഞ്ഞുകൊണ്ട് അവള്‍ തേങ്ങിതേങ്ങി കരയാന്‍ തുടങ്ങി. അത് കേട്ടിട്ടും ഒരു മനസ്സലിവും ഇല്ലാത്ത അവന്‍ പറഞ്ഞു.
"അപ്പോള്‍ ശെരി.. നീ വരവേണാ... ഞാന്‍ സൊല്ലിയ പടി ഓന്‍ തങ്കച്ചിയെ ഇങ്കെ വിട്ടിട്.!! ഇങ്ക പാര്‍... നാന്‍ സൊല്ലിയ പടി താന്‍ നടക്കണം. നീ അരുമയാന ഒരു കടിതം മാതിരി. എത്തിണ വാട്ടി പഠിച്ചാലും മതിവരാത ഒരു കാതല്‍ കടിതം മാതിരി... ഹാ...!!! ഉന്നെ എനക്ക് ഇനിയും പഠിക്കണം.. നെറയെ നെറയെ പഠിക്കണം....!!!
പാറു ആകെ വിഷമിച്ചു. അവള്‍ നിശബ്ദയായി നിന്നു. ഒടുവില്‍ അവന്‍ വീണ്ടും വീണ്ടും ചോദിച്ചു.
"നീ വരവേണം. അത് താന്‍ എന്‍ മുടിവ്. ഇന്ത മാറ്റര്‍ നീ യാര്‍ക്കിട്ടാവത് സൊല്ലിയാല്‍ നീ എനക്കൊപ്പം പടുത്ത പോട്ടം ഇന്ത ഊരില് എല്ലാരുമേ പാക്കും. ഒന്‍ അപ്പാവും അമ്മാവും കൂടെതാന്‍ അത് പാക്കപ്പോനെ. കടസ്സിയാ ഇനി നീയെ മുടിവെടുത്ത്ക്കോ..!!
അവള്‍ അല്‍പനേരം നിശ്ചലയായി നിന്നു. പിന്നെ പതറുന്ന സ്വരത്തില്‍ പറഞ്ഞു.
"ഞാന്‍ ... വരാം... നിങ്ങള് പറയുന്ന ഇടത്തൊക്കെ വരാം. നിങ്ങള് പറയുന്നതെല്ലാം ചെയ്യാം. എന്‍റെ അച്ഛനും അമ്മയും അനിയത്തിയേം വെറുതെ വിടണേ...!!! വെറുതെ വിടണേ...!!
അതോടെ മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തു. പാറു ഫോണ്‍ കൈയില്‍ വച്ചുകൊണ്ട് കിടക്കയിലേയ്ക്ക് ഇരുന്നു. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ടു. പിന്നെയവള്‍ ഇരുകൈകളും കൊണ്ട് മുഖം പൊത്തി കിടക്കയിലേയ്ക്ക് വീണു.. അങ്ങിനെ കിടക്കുമ്പോള്‍ മനസ്സ് നിറയെ അപ്പോള്‍ കന്യകയെക്കുറിച്ചുള്ള ചിന്തകള്‍ ഓടിവന്നു. അവള്‍ വേദനയോടെ വീണ്ടും വീണ്ടും അവന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മിച്ചു. നാളെ താന്‍ ചെന്നില്ലെങ്കില്‍ ഒരുപക്ഷെ അവള്‍ കന്യകയെ... അയ്യോ ന്‍റെ കന്യേ.... ന്‍റെ പൊന്നുമോളെ..." ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ടവള്‍ ആ കിടക്കയില്‍ തലയിട്ടടിച്ചു കരഞ്ഞു.
"ചേച്ചീ... പാറൂച്ചി... കതകു തുറക്ക്..."
പുറത്ത് കന്യകയുടെ സ്വരം കേട്ട അവള്‍ സന്തോഷത്തോടെ കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. പിന്നെ വാതിലിനരുകിലേയ്ക്ക് ഓടിയടുത്തു. അവള്‍ വാതില്‍ തുറന്നതോടെ കന്യക ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും പാറു വാതില്‍ താഴിട്ടു. കന്യക മുറിയ്ക്കുള്ളില്‍ കയറിയ ഉടനെതന്നെ ചേച്ചീടെ മുഖം കരഞ്ഞുക്ഷീണിച്ചിരിക്കുന്നത് കണ്ടു. ബാഗ് കിടക്കയിലേയ്ക്കിട്ടു അവള്‍ പാറുവിനോട് ചോദിച്ചു.
"എന്താ പാറൂച്ചീ.... എന്തുപറ്റി ന്‍റെ ചേച്ചിയ്ക്ക്. എന്തുണ്ടെങ്കിലും ഈ കന്യൂട്ടിയോട് പറഞ്ഞൂടെ..."
പാറു മനസ്സില്‍ ചിന്തിച്ചു. കന്യകയോട് പറയണോ...?? പറഞ്ഞാല്‍ അവള്‍ അമ്മയോട് പറയുമോ..? അല്ലെങ്കില്‍ തന്നെ പറയാതിരുന്നിട്ട് എന്ത് ഫലം. നാളെ എല്ലാരും ഇതറിയില്ലേ..?
പാറുവിങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോള്‍ കന്യക ചോദിച്ചു. "എന്താ ചേച്ചി... ചേച്ചിയെന്താ ആലോചിക്കുന്നത്...?
"ങേ..!! ഒന്നൂല്ല. ഒന്നൂല്ല മോളെ...!! മോള് പോയി ഭക്ഷണം കഴിച്ചോളൂ...!!
അതോടെ കന്യക വസ്ത്രം മാറി ശുദ്ധിയായി അടുക്കളയിലേയ്ക്ക് പോയി. പാറു കിടക്കയില്‍ തന്നെയിരുന്നു ചിന്തിച്ചു. താന്‍ അവന്‍ പറയുന്നത് കേള്‍ക്കാതിരുന്നാല്‍ തന്‍റെ അനുജത്തിയെയും അവര്‍ നശിപ്പിക്കും. അത് വേണ്ടാ... എന്തായാലും ഞാന്‍ നശിചില്ലേ? ഇനിയെനിക്ക് എന്ത് നോക്കാന്‍... അവരുടെ ആഗ്രഹങ്ങള്‍..!!! മതിവരുവോളം അവര്‍ ആസ്വദിക്കട്ടെ. ഒടുവില്‍, ഈ ജന്മം അവസാനിപ്പിക്കാന്‍ ഒരു തീവണ്ടിപ്പാതയോ, ഒരു തുടം കയറോ...!! അതുമതി. എനിക്കത് മതി... എന്‍റെ തെറ്റുകള്‍ എന്നില്‍ തന്നെ വെന്തൊടുങ്ങട്ടെ.... അവള്‍ തന്‍റെ തീരുമാനം ബലപ്പെടുത്തി. പിന്നെ മെല്ലെ കിടക്കയിലേയ്ക്ക് ചാഞ്ഞു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ