2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 20

ജിയാസ്സ് ഒരുപിടി ഓര്‍മകളായി മണ്ണില്‍ മറഞ്ഞു. ഇന്ദിര ആരുമില്ലാത്തവളെപ്പോലെ കിടയ്ക്കയുടെ കോണില്‍ ഒരിടത്ത് തേങ്ങിത്തേങ്ങിക്കിടന്നു. ആളുകള്‍ ഓരോന്നായി പിരിയാന്‍ തുടങ്ങി. എങ്കിലും ചുരുക്കം ചില ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍ ഒക്കെ അവള്‍ക്കരുകില്‍ തന്നെ ഉണ്ടായിരുന്നു. സമയം തിരക്കിട്ട യാത്രയില്‍ കളങ്ങള്‍ മാറിമാറി ചവുട്ടിയകന്നു പോയി. പകല്‍പോലെ വെളിച്ചം ജിയാസ്സിന്‍റെ വീടിനരുകില്‍ നിറയുമ്പോള്‍ കുറച്ചകലെ കറുത്തിരുണ്ട ഭൂമി പകച്ചുനിന്നു. ചീവീടുകള്‍ മഴമേളത്തിന് താളം പിടിക്കേ.. മാക്കാച്ചിത്തവളകള്‍ ഇണതേടിക്കരയാന്‍ തുടങ്ങി. അരുകിലെ കുടികളിലൊന്നില്‍ നിന്നും ഒരു പൈതലിന്‍റെ തേങ്ങല്‍. ഒരമ്മയുടെ താരാട്ടും. ജിയാസ്സിനെ അടക്കം ചെയ്ത മണ്‍കൂനയ്ക്കരുകില്‍ ഒരു ചെറുവെട്ടം കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചു ആടിക്കൊണ്ടിരുന്നു.

കക്കിചേരിയിലെ ഒരുപറ്റം ചെറുപ്പക്കാര്‍ കൈയില്‍ കിട്ടിയ വടിയും, റാന്തലുമൊക്കെയായി ദേശം മുഴുവന്‍ തേടിനടക്കാന്‍ ആരംഭിച്ചു. "പനീറിന്‍റെ" മുഖം ഓര്‍മയുള്ളവര്‍ പലതായി പിരിഞ്ഞു ഓരോ കൂട്ടത്തിനൊപ്പവും സഞ്ചരിച്ചു. യാചകര്‍ താവളമടിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം അവര്‍ അവനെ തേടിനടന്നു. തുണികൊണ്ട് മറച്ച കൂടാരങ്ങളിലും, കടത്തിണ്ണകളിലും, അമ്പലങ്ങളിലെ ആലിന്‍ചുവടുകളിലും, പള്ളികള്‍ക്ക് മുന്നിലും, ഒടുവില്‍ പട്ടണത്തിലെ പട്ടഷാപ്പുകളിലും വരെ അവര്‍ അയാളെ തിരഞ്ഞുകൊണ്ടേയിരുന്നു.

അതേസമയം അയാള്‍ മറ്റൊരു വഴിയിലൂടെ കക്കിചേരിയില്‍ പ്രവേശിച്ചിരുന്നു. അവന്‍റെ അടുത്ത ലക്‌ഷ്യം കന്യക തന്നെയായിരുന്നു. ആരും കാണാത്ത വഴികളിലൂടെ, കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ തെളിയുന്ന നിലാവിനെ സാക്ഷിനിര്‍ത്തി അവന്‍ മുന്നിലേയ്ക്ക് നീങ്ങി. കക്കിചേരിയിലെ ചെറുപ്പക്കാരില്‍ ചിലര്‍ തന്നെ തിരയുന്നുണ്ടെന്നു അവന്‍ ഒരിക്കലും കരുതിയില്ല.

ജിയാസ്സിന്‍റെ മരണത്തിന് ഉത്തരവാദി ദേവനെന്നു ലോകം വിശ്വസിച്ചത് മാത്രമാണ്, ഒളിച്ചുകഴിഞ്ഞിരുന്ന അവനെ വീണ്ടും കക്കിചേരിയിലേയ്ക്ക് ആകര്‍ഷിച്ചത്. തനിക്കെതിരെ ഒരു മരണമൊഴിപോലും അവള്‍ നല്‍കിയില്ലല്ലോ എന്നതും അയാളില്‍ അത്ഭുതമുണര്‍ത്തി. അതുകൊണ്ടാണല്ലോ കാര്യങ്ങളെല്ലാം തനിയ്ക്കനുകൂലമായത് എന്നവന്‍ ചിന്തിച്ചു. എങ്കിലും അവന് ഒരുകാര്യം ഉറപ്പായിരുന്നു. ജിയാസ്സിനെപ്പോലെ കന്യകയെ പ്രാപിക്കുക അത്ര എളുപ്പമല്ല. കാരണം അവളിലേയ്ക്കടുക്കാന്‍ പ്രത്യക്ഷത്തില്‍ ഒരു മാര്‍ഗവും ഇല്ല എന്നത് തന്നെ. എങ്കിലും അവളൊരു പച്ചപ്പെണ്ണ്‍ തന്നെയെന്നത് അവന് തെല്ല് ആശ്വാസം നല്‍കി. ഇന്നല്ലെങ്കില്‍ നാളെ അവളെയും ഏതുവിധേനയും തന്നിലേയ്ക്കടുപ്പിക്കണം. പിന്നെയെല്ലാം വളരെയെളുപ്പമാകും. മതിവരുവോളം അവളെ പ്രാപിക്കുക. എല്ലാം കഴിയുമ്പോള്‍, അഭിമാനികളായ പെണ്‍കുട്ടികള്‍ ഇരുചെവിയറിയാതെ, ആരോടും പറയാതെ ചിലപ്പോള്‍ സ്വയം ഒടുങ്ങും. ജിയാസ്സിനെപ്പോലെ. അതിലും ബുദ്ധിമതികള്‍ തങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം അങ്ങുറപ്പിച്ചു ജീവിക്കും. പെണ്‍കുട്ടികളുടെ മനസ്സ് മനപ്പാഠമാക്കിയവനെപ്പോലെ അവന്‍ ചിരിച്ചു. താനറിഞ്ഞിടത്തോളം കന്യക രണ്ടാമത്തേതാണ്. അതല്ല, ഇനി ഇതില്‍ രണ്ടായാലും താന്‍ പിടിക്കപ്പെടുകയില്ല. ജിയാസ്സിന്‍റെ മരണം അവനു നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. എന്തിനും മുന്നോട്ട് പോകുക തന്നെ. അവന്‍ സ്വയമുറപ്പിച്ചു. 
********************
കന്യക ഉറങ്ങാനായി കിടക്കമുറിയിലേയ്ക്ക് വന്ന് സമയം തെല്ല് കഴിഞ്ഞു. അവിടെ, അടഞ്ഞുകിടന്ന ജാനലയ്ക്കരുകില്‍ നിന്നവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു. പെട്ടെന്ന് ഒരു നിഴല്‍ ജനലിനരുകിലൂടെ കടന്നുപോയി. അവള്‍ ജാഗരൂകയായി. ഒപ്പം കന്യകയുടെ നെഞ്ചം അതിവേഗം മിടിയ്ക്കാന്‍ തുടങ്ങി. അവള്‍ ഹാളിലേയ്ക്ക് ഓടിച്ചെന്നു. അപ്പോഴേയ്ക്കും ഉറക്കം പിടിച്ചിരുന്ന പായിയമ്മയെ അവള്‍ മെല്ലെ തട്ടിവിളിച്ചു.

"പായീമ്മേ... പായീമ്മേ...!!! ദേ!! അവിടെ വെളിയില് വീണ്ടും ഒരു നിഴല് പോലെ..!!!"

ഉറക്കച്ചടവോടെ അവര്‍ പായയില്‍ എഴുന്നേറ്റിരുന്നു. എന്നിട്ടവര്‍ ചോദിച്ചു. "മോള് കണ്ടോ...?? ശരിയ്ക്കും മോള് കണ്ടോ...?? അതോ മോള്‍ക്കിനി തോന്നിയതാവുമോ..??

"ഇല്ല പായീമ്മേ തോന്നീതല്ല. ഞാന്‍ ശരിയ്ക്കും കണ്ടതാ...ഒരാള്‍രൂപം...."

പറഞ്ഞുകൊണ്ട് കന്യക പായിയമ്മയുടെ അരുകിലേയ്ക്കിരുന്നു. പകലില്‍ അവളില്‍ ഉണ്ടായിരുന്ന ആ ധൈര്യം അപ്പോഴും അവളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പായീമ്മ ധൈര്യത്തോടെ പായ വിട്ടെഴുന്നേറ്റു. അവര്‍ മുന്‍വാതിലിനരുകിലെ ജനാലയുടെ വിരി പതിയെ മാറ്റി നോക്കി. മുറ്റം ശൂന്യമായിരുന്നു. പിന്നെയവര്‍ മുറികളിലെയും അടുക്കളയിലെയും ജനലിനരുകില്‍ ചെന്ന് കാതോര്‍ത്തു. സംശയിക്കത്തതായി ഒന്നും തോന്നിയില്ല. അവര്‍ തിരികെ കന്യകയുടെ അരുകില്‍ വന്നിരുന്നു. പിന്നെ മെല്ലെ അവളുടെ മുടികളില്‍ തഴുകി  വാത്സല്യത്തോടെ അവളെ നോക്കി പറഞ്ഞു.

"ന്‍റെ മോളുടെ മനസ്സ് ശാന്തമല്ല. അതാ ഇങ്ങനെ ഒക്കെ തോന്നുന്നത്...!! വരൂ.. മോള് വരൂ. മോളുറങ്ങും വരെ പായീമ്മ കൂട്ടിരിക്കാം..."

അനുസരണയുള്ള ഒരു മകളെപ്പോലെ അവള്‍ എഴുന്നേറ്റു അവര്‍ക്കൊപ്പം നടന്നു. കന്യക കിടക്കയിലേയ്ക്ക് ചായുമ്പോള്‍ സ്നേഹത്തോടെ ആ അമ്മ അവള്‍ക്കരുകില്‍ അവളെ തഴുകിയിരുന്നു. ആ തഴുകലില്‍ അവള്‍ മെല്ലെമെല്ലെ കണ്ണുകളടച്ചു. മുറ്റത്ത് മാവിന്‍ചില്ലകള്‍ക്കിടയിലൂടെ അമ്പിളി ഒരു നിമിഷം ദേവനന്ദനത്തിലെ മുറ്റത്തേയ്ക്ക് കണ്ണോടിച്ചു. നിലത്തെ പഞ്ചാരവിരി പോലത്തെ മണ്‍തരികളില്‍ നിലാവെട്ടത്തെ മറച്ചുകൊണ്ട് ഒരാണ്‍രൂപത്തിന്‍റെ കറുത്ത നിഴല്‍ പതിച്ചു.       
*****************
എസ്. ഐ. രാജശേഖര്‍ ആ രാത്രി ഒരു തീരുമാനമെടുത്തു. എത്രയും പെട്ടെന്ന് പട്ടണത്തിലെ എല്ലാ മദ്യശാലകളും പരിശോധിക്കുക എന്ന്. കൂട്ടിനു രണ്ടു പോലീസുകാരെയും കൂട്ടി അയാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി. മറ്റൊരു കേസിലും അനുഭവിച്ചിട്ടില്ലാത്ത വിധം മാനസ്സിക സംഘര്‍ഷം അയാള്‍ ഈ കേസില്‍ അനുഭവിച്ചുകൊണ്ടിരുന്നു. ജീപ്പ് മെല്ലെ മുന്നോട്ടു നീങ്ങി. സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും അരക്കിലോമീറ്റര്‍ താണ്ടിയിട്ടുണ്ടാകും ആ വണ്ടി. രാജശേഖറിന്‍റെ ഫോണിലേയ്ക്ക് ദേവന്‍റെ വിളി വന്നു. അസമയത്ത് വന്ന ആ വിളിയില്‍ അയാള്‍ ഒരു അപകടം മണത്തത് പോലെ. രാജശേഖര്‍ തന്‍റെ  ഡ്രൈവറോട് വണ്ടി ഓരം നിര്‍ത്താന്‍ പറഞ്ഞു. എന്നിട്ട് വളരെ ശ്രദ്ധയോടെ അയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"രാജശേഖര്‍ സര്‍...  ഞാനാണ് നന്ദന..."

"പറഞ്ഞോളൂ നന്ദന... എന്തുപറ്റി..?? ഈ അസമയത്ത്..?? ആശുപത്രിയില്‍ എന്തെങ്കിലും...???

"ഇല്ല... ഇവിടെ ഒന്നുമില്ല. പക്ഷെ, എന്‍റെ മോള്‍ കന്യക വീട്ടില്‍ തനിച്ചാണ്. കണ്ണടച്ചിട്ടും എനിക്കുറങ്ങാന്‍ കഴിയുന്നില്ല. വല്ലാത്ത സ്വപ്നം കാണുന്നു. എനിക്കാകെ ഭയമാകുന്നു. എന്‍റെ മോളെ രക്ഷിയ്ക്കണം... വേറെ ആരുമില്ല ഞങ്ങളെ രക്ഷിയ്ക്കാന്‍..."

"ഒന്നും പേടിയ്ക്കണ്ട നന്ദന. ഞാനുണ്ടാവും അവിടെ..... !!! ഒന്നും ചിന്തിയ്ക്കാതെ ഉറങ്ങിക്കോളൂ..."

ഫോണ്‍ കട്ട് ചെയ്യാതെ തന്നെ രാജശേഖര്‍ ഡ്രൈവറോട് ദേവനന്ദനത്തിലേയ്ക്ക് വണ്ടി തിരിയ്ക്കാന്‍ പറഞ്ഞു. ജീപ്പ് അതിവേഗം മുന്നിലേയ്ക്ക് തിരിഞ്ഞു വളഞ്ഞു. കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് അത് ദേവനന്ദനത്തിലേയ്ക്ക് നീങ്ങി.
*****************
കന്യക ഉറങ്ങിയതോടെ പായീമ്മ ഹാളില്‍ തന്‍റെ പായയില്‍ വന്നിരുന്നു. അവര്‍ ചിന്തിച്ചു. എത്ര പെട്ടെന്നാണ് ജീവിതം മാറിമറിയുന്നത്. നെഞ്ചുവിരിച്ചു തന്റേടത്തോടെ നിന്ന ആണുങ്ങളെ സധൈര്യം വെല്ലുവിളിച്ച ഇവള്‍ ഒരു സാധാരണക്കാരിയാണോ..??? അതോ സാഹചര്യങ്ങളുടെ സമ്മര്‍ദം അവളെ അങ്ങിനെ ഒരു അസാധാരണക്കാരിയാക്കിയതാണോ..?? അങ്ങിനെ ചിന്തിച്ചുകൊണ്ടവര്‍ പായയില്‍ കിടന്നു. ഇടയ്ക്ക് അവര്‍ വാര്‍ധക്യത്തിന്‍റെ അസ്കിതയില്‍ ഒന്ന് ചുമച്ചു.

ഉറക്കം വരാതെ അങ്ങിനെ പായയില്‍ കിടക്കവേ, അകത്തു കിടക്കയില്‍ ശാന്തമായി ഉറങ്ങുന്ന കന്യകയോട്‌ വല്ലാത്തൊരു വാത്സല്യം തോന്നിയവര്‍ക്ക്. പായ വിട്ടെഴുന്നേറ്റു അവള്‍ക്കരുകില്‍ ചെന്ന്‍ അല്‍പനേരം അവളുടെ ദൈന്യതയാര്‍ന്ന മുഖം നോക്കി നിന്നു അവര്‍. പിന്നെ മുറിവിട്ട്‌ പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഒരു ചെറുചലനം പോലും അവളുടെ ഉറക്കം കെടുത്താന്‍ പാടില്ല എന്നവര്‍ക്കൊരു ഉള്‍വിളിയുണ്ടായപോലെ ഹാളിലേയ്ക്ക് പ്രവേശിച്ച അവര്‍ ആ മുറിയുടെ വാതില്‍ മെല്ലെയടച്ചു. പിന്നെ, മുന്നിലെ വാതിലിനരുകില്‍ വന്ന്, അതിനടുത്ത ജനാലവിരി മാറ്റി, നിലാവ് വീണ മണ്ണിലേയ്ക്ക് നോക്കി കുറച്ചുനേരം നിന്നിട്ടവര്‍ തന്‍റെ പായയില്‍ വന്നിരുന്നു. മെല്ലെമെല്ലെ ഉറക്കം വീണ്ടും ആ കണ്‍കളെ തഴുകുമ്പോള്‍ അവര്‍ പായയിലേയ്ക്ക് ചരിഞ്ഞുകിടന്നു. പെട്ടെന്നാണ് മുന്‍വാതിലിനരുകില്‍ ഒരു ചെറുചലനം അവര്‍ കണ്ടത്. പായിയമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു. അതോടെ കണ്ണുകളെ തഴുകിയ ഉറക്കം എവിടെയോ പോയിമറഞ്ഞു. പായയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ അവര്‍ മുന്നിലെ വാതിലിനരുകിലേയ്ക്ക് ചുവടുവച്ചു. ജാനലയുടെ ഓരം ചേര്‍ന്ന് നിന്നവര്‍, അതിന്‍റെ വിരി മാറ്റി മുറ്റം വീക്ഷിക്കാന്‍ തുടങ്ങി. ആരെയും കാണാതിരുന്ന അവര്‍ അവിടെ നിന്നും മടങ്ങിപ്പോകാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് ചിരപരിചിതമായൊരു സ്വരം അവരുടെ കാതില്‍ വീണത്.

"പായീമ്മേ...!!! ഇത് ഞാനാ സേനന്‍. ഞാനിപ്പോള്‍ ആശുപത്രീന്നാ വരുന്നേ.....!!!

"ങേ..!!! ആശുപത്രീന്നോ..?? അവരുടെ ഉള്ളം ഒന്ന് നടുങ്ങി. ജനാലമറവില്‍ നിന്നുകൊണ്ട് അവര്‍ ചോദിച്ചു.

"അതെ പായീമ്മേ........ നന്ദനയമ്മ....!!!

"നന്ദനയോ....?? എന്ത് പറ്റി ന്‍റെ മോള്‍ക്ക്‌...???

"അതൊക്കെ പറയാം. ഈ കതകു ഒന്ന് തുറന്നാട്ടെ. പുറത്തു നിന്നു പറഞ്ഞാല്‍ ആരേലും കേള്‍ക്കും..!!!

പായീമ്മ മറിച്ചൊന്നും ചിന്തിച്ചില്ല. എന്നും ഈ വീട്ടില്‍ നിന്നും ആഹാരം കഴിയ്ക്കുന്ന ആ നിഷ്കളങ്കനായ ചെറുപ്പക്കാരന്‍റെ മുഖം അവരുടെ മനസ്സില്‍ തെളിഞ്ഞുവന്നു. ഉണ്ട ചോറിന് നന്ദിയുള്ള അവന്‍ ആശുപത്രിയില്‍ പോയിട്ടുണ്ടാകാം. ദേവനെ കണ്ടിട്ടുണ്ടാകാം. അമ്മയുടെ സ്ഥാനം നല്‍കിയ നന്ദനമോളെയും കണ്ടിട്ടുണ്ടാകാം..... ചിന്തിച്ചുകൊണ്ട്‌ അവര്‍ വാതിലിനരുകില്‍ ചെന്നു നിന്നു. പിന്നെ കന്യക കിടക്കുന്ന മുറിയുടെ അടഞ്ഞുകിടന്ന വാതിലിലേയ്ക്ക് ഒന്ന് നോക്കി. വേണ്ടാ.. കന്യൂട്ടിയെ വിളിക്കണ്ട. അവള്‍ സ്വസ്ഥമായി ഉറങ്ങട്ടെ. അവര്‍ ആ വാതിലിന്‍റെ താഴുകള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി. ഒടുവില്‍, ആ വാതില്‍പാളി പാതി തുറന്നവര്‍ വെളിയിലേയ്ക്ക് നോക്കി. ഒരാള്‍ രൂപം അവരുടെ മുന്നില്‍ തിരിഞ്ഞു നിന്നിരുന്നു. വീടിന്‍റെയരുകില്‍ നിന്നും മറ്റൊരു നിഴല്‍ പെട്ടെന്ന് മറഞ്ഞപോലെ അവര്‍ക്ക് തോന്നി. ഒരുപക്ഷേ അത് തന്‍റെ തോന്നലാകാം. ചിന്ത വിട്ട അവര്‍ പറഞ്ഞു.

"മോനെ... എന്താണ് മോനെ ആശുപതിയില്‍...???

പെട്ടെന്ന് ആ രൂപം ഒന്ന് തിരിഞ്ഞു. പായീമ്മ വ്യക്തമായി ആ രൂപത്തെക്കണ്ടു. അത് സേനന്‍ അല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. വാതില്‍ തുറന്നത് അബദ്ധമായീന്ന് ചിന്തിച്ചുകൊണ്ടവര്‍ ഒരു വിറയലോടെ വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. അതിനുമുന്‍പ് തന്നെ പനീറിന്‍റെ ബലിഷ്ടമായ കരങ്ങള്‍ ആ വൃദ്ധയുടെ കഴുത്തില്‍ പിടിമുറുക്കിയിരുന്നു. അവ്യക്തമായി അവര്‍ "മോളെ... കന്യമോളെ"  എന്ന് വിളിച്ചു. പാതിചാരിയ വാതിലിനരുകില്‍ പനീറിന്‍റെ ഇരുകരങ്ങള്‍ക്കുമിടയില്‍ കിടന്നവര്‍ ശ്വാസം കിട്ടാതെ പുളഞ്ഞു. ഒടുവില്‍, പറക്കമുറ്റാത്ത ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ശ്വാസമടഞ്ഞ് അവനിലുരസി അവര്‍ താഴേയ്ക്ക് വീണു. പായീമ്മ മരിച്ചുവെന്ന് സ്വയം ഉറപ്പിച്ച പനീര്‍ പിന്നെ അടഞ്ഞുകിടന്ന വാതിലിനരുകിലേയ്ക്ക് നീങ്ങി. ഒട്ടും ശബ്ദമില്ലാതെ അവന്‍ ആ വാതില്‍ തുറന്നു. അതിനുള്ളിലെ,  മനോഹരമായ ആ കാഴ്ച വിശ്വസിക്കാന്‍ അവന്‍റെ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല. സ്ഥലകാലം മറന്ന പോലെ, അവന്‍ പെട്ടെന്ന് അവള്‍ക്കരുകിലേയ്ക്ക് നീങ്ങി. കിടക്കയ്ക്കരുകില്‍ നിന്നവന്‍ അവളുടെ സൗന്ദര്യം ഒരുനിമിഷം ഒന്നാസ്വദിച്ചു.  പതിനാറു വയസ്സ് മാത്രം പ്രായമുള്ള അവളുടെ ശരീരവടിവുകളില്‍ ഓരോന്നിലും പറ്റിചേര്‍ന്ന് കിടന്ന അവളുടെ നനുനനുത്ത വസ്ത്രം അവനിലെ കാമത്തിന് അഗ്നി തെളിച്ചു. അവന്‍ തന്‍റെ ഉടുപ്പിന്‍റെ ബട്ടനുകള്‍ മെല്ലെ വിടുവിക്കാന്‍ തുടങ്ങി. കന്യക അപ്പോഴും സ്വയം മറന്നുറങ്ങുകയായിരുന്നു.....  

 (തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ