നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം...1
കക്കിചേരി ഒരു ഗ്രാമമാണ്. കാട്ടാറും കാട്ടുകൈതയും ഒക്കെയുള്ള, ഒരു തനി ഉള്‍നാടന്‍ ഗ്രാമം. ശരിക്കും ഒരു പച്ചപിടിച്ച ഭൂമി. അവിടേയ്ക്ക് എത്തുംമുന്‍പ് ആ ദേശത്തെക്കുറിച്ചൊന്നു മനസ്സിലാക്കാം. കക്കിചേരിയിലേയ്ക്ക് പോകുന്ന പ്രധാനനിരത്തില്‍ നിന്നും, തിരിഞ്ഞ്, മൂന്നു കിലോമീറ്റര്‍ താണ്ടിയാല്‍ ഒരു കവല കാണാം. തീവെട്ടി കവല എന്നാണ് അവിടം അറിയപ്പെടുന്നത്. അങ്ങിനെ ഒരു പേര് വരാന്‍ ഒരു കാരണവും ഉണ്ട്. കവലയ്ക്ക് തൊട്ടരുകില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്‍റെ പുറകിലായി ഒരു ദേവീക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ദേവീപ്രീതിയ്ക്കുവേണ്ടി "തീവെട്ടി എടുക്കല്‍" എന്നത്. ഉല്‍സവകാലത്ത്, അശ്വതി നാളില്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന തീവെട്ടി പലയിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ എത്തിനില്‍ക്കുന്നതും, പെണ്‍കുട്ടികള്‍ തായമ്പകയുടെ താളത്തിനൊത്ത് തീവെട്ടിയുമായി അനിയന്ത്രിതമായി തുള്ളുന്നതും ഈ കവലയില്‍ വച്ചാണ്. അങ്ങിനെയാണ് അവിടം തീവെട്ടിക്കവല എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
പഞ്ചായത്ത് കെട്ടിടത്തിനും, ക്ഷേത്രത്തിനും മുന്നിലൂടെ പോകുന്ന ഒരു ചെറിയ റോഡുണ്ട്. തീവെട്ടിക്കവലയില്‍ നിന്നും പത്ത് മിനുട്ട് കാല്‍നടയായി ഈ റോഡിലൂടെ യാത്രചെയ്താല്‍ ചെന്നെത്തുന്നത് കക്കിചേരി എന്ന ഗ്രാമത്തില്‍ ആണ്. അവിടെയാണ് ഈ കഥ നടക്കുന്നത്. ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു മദ്യവില്‍പ്പനശാലപോലും ഇല്ല എന്നതാണ് ആ പ്രത്യേകത. അങ്ങിനെ ഒന്നിന് അവിടുത്തെ സ്ത്രീകള്‍ സമ്മതിച്ചിരുന്നില്ല എന്ന് പറയുന്നതാണ് ശരി. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തുടര്‍ച്ചയായ സമരമാര്‍ഗങ്ങളിലൂടെ അവര്‍ കക്കിചേരിയെ ഒരു സമ്പൂര്‍ണ മദ്യവിരുദ്ധഗ്രാമമായി മാറ്റിയിരുന്നു. തൊണ്ണൂറു ശതമാനം കുടുംബങ്ങളും സ്വന്തമായി അവരവര്‍ക്കാവശ്യമായ പച്ചക്കറികള്‍ പോലും ഉല്‍പാദിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ അവിടെയുള്ളവര്‍ മറ്റു ദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഒരു മാതൃകയായിരുന്നു. മദ്യം ഉപയോഗിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉള്ളവര്‍ കക്കിചേരി വിട്ട് പുറത്തുപോയിട്ടായിരുന്നു എപ്പോഴും അത് ഉപയോഗിച്ചിരുന്നത്.
കക്കിചേരിയിലെ പ്രധാന വ്യക്തികളില്‍ ഒരാളാണ് "ദേവനന്ദനം" എന്ന വീട്ടില്‍ താമസിക്കുന്ന ദേവാനന്ദ് എന്ന ദേവന്‍. വയസ്സ് നാല്പത്തഞ്ച്. ഭാര്യ നന്ദനയ്ക്ക് മുപ്പത്തിയെട്ട്. ദേവനും നന്ദനയ്ക്കും കൂടി രണ്ട് പെണ്‍കുട്ടികള്‍. മൂത്തവള്‍ പതിനെട്ട് വയസ്സുള്ള, പാറു എന്ന് വിളിപ്പേരുള്ള പാര്‍വതി. രണ്ടാമത്തെയാള്‍ പതിനാറു വയസുള്ള കന്യക എന്ന് വിളിപ്പേരുള്ള ദേവകന്യക. രണ്ടുപേരും വിദ്യാര്‍ത്ഥിനികള്‍. പാറു നഗരത്തിലെ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനും, കന്യക അതിനടുത്ത് തന്നെയുള്ള സ്കൂളില്‍ പ്ലസ് വണ്ണിനും പഠിയ്ക്കുന്നു.
സഞ്ചരിയ്ക്കുന്ന തേപ്പു(ഇസ്തിരി)വണ്ടിയുമായി, പുലര്‍ച്ചെ ഓരോ വീടിന്‍റെ മുറ്റത്തും വന്നിരുന്ന "സേനന്‍" കക്കിചേരിയില്‍ ഏവരും അറിയപ്പെടുന്ന ഒരു യുവാവാണ്. സല്‍സ്വഭാവി. സംഗീതത്തില്‍ നല്ല കമ്പമുള്ള, സുമുഖനായ അവന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനുമാണ്. തമിഴ്‌നാട്ടില്‍ നിന്ന് പണ്ടെങ്ങോ എത്തിയ ഒരു അനാഥബാലന്‍. അതുപോലെതന്നെ, ഒരു കൂലിവേലക്കാരന്‍ എന്നതിലുപരി ഓരോ വീട്ടിലും അവനൊരു സ്ഥാനവും ഉണ്ടായിരുന്നു. ഭാഷ കൊണ്ട് അവനിന്ന് ഒരു തനി മലയാളി തന്നെയായിരുന്നു. എന്നും പുലര്‍ച്ചെ ഏഴരയോടെ ദേവാനന്ദിന്‍റെ വീട്ടിലെത്തുന്ന അവന് നന്ദനയുടെ വക പ്രഭാതഭക്ഷണവും ഉണ്ടാവും.
എന്നും ഏഴരയാകാന്‍ പാറു കാത്തുനില്‍കാറുണ്ട്. ഇസ്തിരിയിടാനുള്ള തുണികള്‍ അവന് മുന്നില്‍ എത്തിയ്ക്കുമ്പോള്‍ പാടാനറിയില്ലെങ്കിലും അവള്‍ ഒരു മൂളിപ്പാട്ടെങ്കിലും പാടും. അവന് മുന്നില്‍ പാറു കാണിക്കുന്ന ഈ രീതികളോട് ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ അനുജത്തി ദേവകന്യക തന്നെയാണ്. തുണികള്‍ സേനന്‍റെ കൈയില്‍ കൊടുത്ത് തിരികെ വരുന്ന പാറുവിനോട് ഒട്ടും മടിക്കാതെ തന്നെ അവള്‍ ചോദിക്കും.
"പാറൂച്ചി.... ഇത് ശരിയാണന്നു തോന്നുന്നുണ്ടോ ചേച്ചിയ്ക്ക്...???
"എന്ത്....??? പാറു ഒന്നും അറിയാത്ത പോലെ ചോദിക്കും.
"ഓ... ഇപ്പോള്‍ അങ്ങിനെയായോ..? അപ്പോള്‍ കന്യക തുടരും. ഉപദേശിക്കാന്‍ ഞാനാളല്ല എന്നെനിക്കറിയാം. എന്നെക്കാളും രണ്ടു വയസ്സ് മൂത്ത പാറൂച്ചിയെ ഉപദേശിക്കുന്നത് അത്ര നല്ല കാര്യോല്ലാന്നും അറിയാം.... ന്നാലും അയാളുടെ നാടേത്, വീടേത് എന്നറിയാതെ ചേച്ചി ഈ ചിന്തിക്കണത് തെറ്റ് തന്നെയാ...!!! "
അപ്പോള്‍ പാറു പറയും.
"എന്‍റെ കന്യേ.... നീ വിചാരിക്കണ പോലെ ഒന്നൂല്യ.... എന്നെ നോക്കാന്‍ എനിക്കറിയാം.."
"നമ്മളെ അച്ഛന്‍ വളര്‍ത്തുന്നത് അങ്ങിനെയല്ലല്ലോ പാറൂച്ചി. പെണ്ണാണ് ഞാനും ചേച്ചിയും അത് മറക്കണ്ട. ഏതു നാട്ടുകാരന്‍ ആയാലും ആണ് എന്നും ആണ് തന്നെയാ... പെണ്ണ് പെണ്ണും. ഒന്ന് സംഭവിക്കാന്‍ അധിക നേരം വേണ്ടാ...."
കന്യകയുടെ ഈ വാക്കുകള്‍ കേട്ടു പാറുവിന് ദേഷ്യം വരും. അവള്‍ ഉള്ളിലെ കോപം അടക്കാതെ തന്നെ പറയും.
"നീയെന്തിനാ എന്നും രാവിലെ ഇതും പറഞ്ഞെന്നോട് കൂടണേ. നിനക്ക് വേറെ പണിയൊന്നുമില്ലേ? കുളിച്ച് രാവിലെ ക്ലാസ്സില്‍ പോകാന്‍ നോക്ക് നീയ്...."
ഇതും പറഞ്ഞു തുള്ളിക്കൊണ്ടവള്‍ കുളിച്ചു മാറാനുള്ള വസ്ത്രങ്ങളും എടുത്ത് കുളിമുറിയിലേയ്ക്ക് കയറി. പാറു കുളിമുറിയില്‍ കയറി വാതിലടയ്ക്കുമ്പോള്‍ കന്യകയുടെ മനസ്സില്‍ എന്തോ അകാരണമായ ഭീതി ജനിച്ചു. അവള്‍ മുറിവിട്ട് നേരെ അടുക്കളയില്‍ ചെന്നു. ചെന്നപാടെ അടുക്കളയിലെ സ്ലാബില്‍ ഒന്നിന്‍റെ മുകളിലേയ്ക്ക് അവള്‍ ഒന്നുന്തിക്കയറിയിരുന്നു. അമ്മ നന്ദന അടുക്കളയില്‍ പ്രഭാതഭക്ഷണം ഒരുക്കാനുള്ള തിരക്കിലാണ്. അച്ഛന്‍ ദേവാനന്ദ് അടുക്കളയ്ക്ക് വെളിയിലെ പച്ചക്കറി തോട്ടത്തിലും. അവിടെയിരുന്നുവെങ്കിലും അവളുടെ മുഖം മ്ലാനമായിരുന്നു. അതുകണ്ട് അടുക്കളയില്‍ അമ്മയുടെ സഹായത്തിനായി നിന്നിരുന്ന പായിയമ്മ ചോദിച്ചു.
"എന്താ കന്യൂട്ടി നിന്‍റെ മുഖം വല്ലാണ്ടിരിക്കുന്നെ...???
പായിയുടെ ചോദ്യം കേട്ടപ്പോഴാണ് നന്ദന അവളെ ശ്രദ്ധിച്ചത്. ശ്രദ്ധിച്ചപ്പോള്‍ പായി പറഞ്ഞത് ശരിയാണെന്ന് നന്ദനയ്ക്കും തോന്നി.
"ഹും... എന്താടീ... ??? ഈ പെണ്ണിന് ഇതെന്തിന്‍റെ കേടാ...!!! ഇങ്ങനെ നീറു കടിച്ച മുഖവുമായി എന്നും രാവിലെ അടുക്കളയില്‍ വന്നിരിക്കുക. നിനക്കെന്നെങ്കിലും ഒന്നും സന്തോഷായി ഇരുന്നൂടെ ന്‍റെ കന്യൂട്ടിയെ..??
അമ്മയുടെ വാക്കുകള്‍ക്ക് മറുപടിയായി അവള്‍ ചിറി ഒരു വശത്തേയ്ക്ക് കോട്ടി കാണിച്ചു. അതുകണ്ടപ്പോള്‍ നന്ദന പറഞ്ഞു.
"എല്ലാം ഞങ്ങടെ തെറ്റാടീ... രണ്ടാമതൊന്ന് കൂടി പെണ്ണായപ്പോള്‍ അച്ഛനിങ്ങനെ ആണായി കൊഞ്ചിച്ച്കൊഞ്ചിച്ചു പെണ്ണ് വഷളായി. ആരേം അനുസരിക്കേം ഇല്ല. ആരേം വിശ്വസ്സിക്കുകേം ഇല്ല..."
ഇതെല്ലാം കേട്ടുകൊണ്ടിരുന്നിട്ട് പെട്ടെന്ന് കന്യക അമ്മയോട് ചിണുങ്ങാന്‍ തുടങ്ങി. അവള്‍ പറഞ്ഞു.
"അമ്മേ..!!! വിശക്കണു....!!! ഹും മ് മ് മ് മ് ..
അപ്പോഴേയ്ക്കും പാറു കുളിച്ച് അവിടേയ്ക്ക് വന്നു. അതുകണ്ട് നന്ദന കന്യകയോട് പറഞ്ഞു.
"കണ്ടോ നീ അവളെ??? പെണ്‍കുട്ട്യോളായാല്‍ ഇങ്ങനെ വേണം...? പോയി കുളിച്ചിട്ട് വാടീ. എന്നിട്ടേ ഇന്നീ വീട്ടീന്ന് നിനക്കെന്തേലും ഉള്ളൂ..."
അപ്പോഴേയ്ക്കും തുണികള്‍ തേച്ചുതീര്‍ന്നുവെന്ന മണിയടി കേട്ടു. അതുകേട്ട് തിടുക്കത്തില്‍ അങ്ങോട്ടേയ്ക്ക് പോകാന്‍ തിരിഞ്ഞ പാറുവിനെ പെട്ടെന്ന് തള്ളിമാറ്റി കന്യക അടുക്കള വിട്ട് പുറത്തേയ്ക്ക് നടന്നു. പാറു അവളെ ദേഷ്യത്തോടെ നോക്കി. കന്യക പടികടന്ന് മുറ്റത്തുകൂടി വേഗം നടന്നു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ