നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 21
പനീര്‍ കാമാവേശത്തോടെ കന്യകയുടെ തുടയില്‍ കൈവച്ചു. തന്‍റെ ശരീരത്തിലേറ്റ ചെറുസ്പര്‍ശനം അവളുടെ ഉറക്കം കെടുത്തി. പെട്ടെന്നവള്‍ കണ്ണുതുറന്നു. എന്താണ് ആ മുറിയിലെ ഇരുണ്ടവെളിച്ചത്തില്‍ നടക്കുന്നത് എന്നവള്‍ ഒരുനിമിഷം കൊണ്ട് മനസ്സിലാക്കി. തന്‍റെ മുറിയ്ക്കുള്ളില്‍, തന്‍റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുവെന്ന് തോന്നല്‍ ഉണ്ടായ അവള്‍ പെട്ടെന്ന് കാല്‍ തന്നിലേയ്ക്ക് വലിച്ചടുപ്പിച്ച് ആഞ്ഞുചവുട്ടി. അവളുടെ ചവിട്ട് നെഞ്ചിലേറ്റുവാങ്ങിയ പനീര്‍ പിന്നോക്കം മറിഞ്ഞു. അവന്‍റെ നെഞ്ച് ഒരുനിമിഷം നിലച്ചുപോയത്പോലെ തോന്നിയവന്. അപ്പോഴേയ്ക്കും കന്യക കിടക്കയുടെ മറുവശത്തേയ്ക്ക് ചാടി. പനീര്‍ വേദന മറന്നു ചാടിയെഴുന്നേറ്റു.
പെട്ടെന്നാണ് ദേവനന്ദനത്തിന്‍റെ മുറ്റത്തേയ്ക്ക് രാജശേഖറിന്‍റെ ജീപ്പ് ഇരച്ചുകയറി വന്നത്. പാതി തുറന്നുകിടന്ന മുന്‍വാതിലിലൂടെ കണ്ണഞ്ചിപ്പിക്കുന്ന പ്രാകാശം ആ വീട്ടിനുള്ളിലേയ്ക്ക് പതിച്ചു. ജീപ്പിനുള്ളില്‍ ഇരുന്നു തന്നെ രാജശേഖര്‍, അസമയത്ത് തുറന്നുകിടക്കുന്ന ആ വാതില്‍ കണ്ടു പരിഭ്രാന്തനായി. ജീപ്പ് നില്‍ക്കും മുന്‍പ് തന്നെ അയാള്‍ അതില്‍ നിന്നും ചാടിയിറങ്ങി.
കന്യകയുടെ മുന്നില്‍ നിന്നിരുന്ന പനീര്‍ ഭയന്നു വിറച്ചു. അയാള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു. പിന്നെ ഒരു നിമിഷം പോലും താമസം വരുത്താതെ മുറി വിട്ട് ഓടി. അപ്പോഴേയ്ക്കും രാജശേഖറും, രണ്ടു പോലീസുകാരും വീട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ചു. കന്യകയും ഹാളിലേയ്ക്ക് ഓടി വന്നു. പെട്ടെന്നവള്‍ അതിനുള്ളിലെ വിളക്ക് തെളിച്ചു. അതോടെ എല്ലാപേരും തറയില്‍ വീണു കിടക്കുന്ന പായിയമ്മയെ കണ്ടു. കന്യക പായീമ്മേ ന്നു വിളിച്ചുകൊണ്ട് അവര്‍ക്കരുകിലേയ്ക്ക് ഓടിവന്നു. അപ്പോഴേയ്ക്കും രാജശേഖറും അവര്‍ക്കരുകിലേയ്ക്ക് ഇരുന്നു. അവരുടെ നാഡി പിടിച്ചു നോക്കിയ അയാള്‍ പോലീസുകാരെ നോക്കി പറഞ്ഞു.
"വേഗം വണ്ടിയെടുക്ക്... ഇവര്‍ക്ക് ജീവനുണ്ട്. കൊണ്ടൊയ്ക്കോള്ളൂ ആശുപത്രിയിലേയ്ക്ക്..."
കന്യകയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ കരഞ്ഞുകൊണ്ട് ചുറ്റും പകപ്പോടെ നോക്കി. അവളുടെ മനസ്സിലൂടെ ഒരുപാട് സംശയങ്ങള്‍ മിന്നി മറഞ്ഞു. അടഞ്ഞുകിടന്ന ഈ കതകു എങ്ങിനെ അയാള്‍ തുറന്നു. അവള്‍ പെട്ടെന്ന് രാജശേഖറുടെ മുഖത്തേയ്ക്കു നോക്കി. അയാള്‍ അവിശ്വസനീയമായി അവളെയും നോക്കി. അപ്പോഴേയ്ക്കും പോലീസുകാര്‍ പായീമ്മയെ ജീപ്പിലേയ്ക്ക് എടുത്തു കിടത്തി. രാജശേഖറും, കന്യകയും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ജീപ്പ് അതിവേഗം പുറത്തേയ്ക്ക് നീങ്ങി.
രാജശേഖര്‍ കന്യകയോട് ചോദിച്ചു. "മോളെ... കന്യേ.. ഈ കതകു അടച്ചിരുന്നതല്ലേ..??
"അതെ... അങ്കിള്‍.." അവള്‍ ഭയത്തോടെ പറഞ്ഞു.
"അപ്പോള്‍ ആരോ ഇതിനകത്ത് കയറി. ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ട് രാജശേഖര്‍ അതിവേഗം കന്യക കിടന്ന മുറിയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറി. അവിടെയാരെയും കാണാത്തതിനാല്‍ അതിനുള്ളില്‍ നിന്നും പാഞ്ഞയാള്‍ ഹാളിലേയ്ക്കിറങ്ങി. പിന്നെ അടുക്കളയിലേയ്ക്ക് ഓടിക്കയറി. കന്യക ഭയന്നുകൊണ്ട് ഹാളിലെ ഭിത്തിയിലേയ്ക്ക് ചാരി. അടുക്കളയിലേയ്ക്ക് കടന്ന അയാള്‍ അത്യധികം ദേഷ്യത്തോടെ മുഷ്ടിചുരുട്ടി തുറന്നുകിടന്ന വാതിലില്‍ ഇടിച്ചു. ആ ശബ്ദം കേട്ട കന്യക മന്ദംമന്ദം അവിടേയ്ക്ക് വന്നു. അവള്‍ക്കു അവളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവളോര്‍ത്തു. കിടക്കാന്‍ പോകുംമുന്‍പ് പലതവണ, അടച്ചുവെന്നു നോക്കിയുറപ്പിച്ച വാതിലുകളാണ് ഇങ്ങനെ മലര്‍ക്കെ തുറന്നുകിടക്കുന്നത്.
"ഈശ്വരാ...." അവള്‍ വിളിച്ചുകൊണ്ട് നെറ്റിയില്‍ കൈവച്ച് ആ വാതിലില്‍ ചാരി നിന്നു. രാജശേഖര്‍ അടുക്കളമുറ്റത്തേയ്ക്കിറങ്ങി. നിലാവിന്‍റെ വെളിച്ചത്തില്‍ അയാള്‍ ചുറ്റും കണ്ണോടിച്ചു. ഭൂമി നിലാവില്‍ കുളിച്ചു കിടന്നു. രാജശേഖര്‍ സ്വയം പഴിയ്ക്കാന്‍ തുടങ്ങി. ഒന്നും നേരെയാവുന്നില്ല. എല്ലായിടത്തും താന്‍ ഒരു പരാജയമാവുകയാണോ..? പത്രക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ താന്‍ കൊടുത്ത വാക്കുകള്‍ തനിയ്ക്ക് പാലിക്കാന്‍ കഴിയാതെ വരുമോ..? അയാള്‍ ആ നിലാവിലും വിയര്‍ക്കാന്‍ തുടങ്ങി.
ഈ സമയം പനീര്‍ ഭയാക്രാന്തനായി ഓടുകയായിരുന്നു. ആ ഓട്ടത്തിനിടയിലും അവന്‍റെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു. ഒരു പനിനീര്‍പൂവ് പോലെ വിശുദ്ധയായ അവള്‍ തന്‍റെ കൈക്കുള്ളില്‍ നിന്നും രക്ഷപ്പെട്ട ആ നിമിഷം. അവന്‍ സ്വയം മനസ്സിനെ കുറ്റപ്പെടുത്തി. അകത്തു കടന്ന ഉടനെ മുന്‍വാതിലടയ്ക്കാന്‍ മറന്നതോര്‍ത്ത് അവന്‍ പരിതപിച്ചു. അല്ലെങ്കില്‍, പുറത്തെന്ത് നടന്നാലും അവള്‍ തന്‍റെ കൈക്കുള്ളില്‍കിടന്ന് പിടഞ്ഞേനെ. നാളെ കക്കിചേരി പുലരുന്നത് വീണ്ടും ഒരു പെണ്‍കുട്ടിയുടെ തകര്‍ച്ചയും ഒരു കൊലപാതക വാര്‍ത്തയുമൊക്കെയായിട്ടായിരുന്നേനെ. എല്ലാം തുലഞ്ഞു. എല്ലാം താന്‍ തുലച്ചു. ഇനി ഈവിധം ആ വീടിലേയ്ക്ക് അടുക്കുക അസാധ്യമാണ്. ഇങ്ങനെ ചിന്തിച്ചവന്‍ മുന്നോട്ട് ഓടുമ്പോള്‍ മുന്നില്‍ നിന്നും ഇരുട്ടില്‍ ഒരു കൂട്ടം തീപ്പന്തങ്ങള്‍ അവന്‍റെ നേര്‍ദിശയിലേയ്ക്ക് അടുത്തുകൊണ്ടിരുന്നു. പനീര്‍ ഒന്നും ചിന്തിക്കാതെ തിരികെ ഓടി. ഇടതൂര്‍ന്ന വള്ളിചെടികളുടെ ഇടയിലൂടെ ഓടിയവന്‍ മുന്നില്‍ കണ്ട പുഴയിലേയ്ക്ക് എടുത്തുചാടി. അതിനു പിന്നാലെ ആള്‍കൂട്ടം ഒച്ചയും ബഹളവുമായി മുന്നോട്ടു നീങ്ങി. ഒന്ന് മുങ്ങി നിവര്‍ന്ന അവന്‍ അവരുടെ ഒച്ചയില്‍ നിന്നും മനസ്സിലാക്കി. അവര്‍ തേടുന്നത് ഒരു യാചകനെയാണ്. ജിയാസ്സിനെ നശിപ്പിച്ച ആ യാചകനെ. അവന്‍ സ്വയം ചിന്തിച്ചു. അത് ഞാനാണോ..? അല്ല. അത് ഞാനല്ല. നിലാവ് വീണ ആ പുഴയുടെ ഓളങ്ങളില്‍ അവന്‍ ചലനമില്ലാതെ നോക്കി നിന്നു... പിന്നെ സ്വയം പിറുപിറുത്തു.
"അല്ല... അല്ലാ.. അത് ഞാനല്ല.... ഞാനല്ല..."
********
സ്റ്റേഷനില്‍ നിന്നും എത്തിയ അടുത്ത വണ്ടിയില്‍ വീടെല്ലാം പൂട്ടികെട്ടി കന്യക കയറിയിരുന്നു. രാജശേഖറെയും അവളെയും കൊണ്ട് ആ വണ്ടി ആ രാത്രി തന്നെ ആശുപത്രിയിലേയ്ക്ക് പാഞ്ഞു. പായീമ്മയെ ആശുപത്രിയില്‍ എത്തിച്ച് രാജശേഖറുടെ നിര്‍ദേശപ്രകാരം പോലീസുകാരന്‍ നന്ദനയെ മാത്രം വിവരം അറിയിച്ചു. പായീമ്മ അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തില്‍ ആയിരുന്നു. കന്യകയെ രാജശേഖര്‍ ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴെയ്ക്കും, അവളെയും കാത്ത് ആശുപത്രി മുറ്റത്ത് നിന്നിരുന്ന നന്ദന വിളറിവെളുത്തിരുന്നു. അതുവരെ അവളനുഭവിച്ച മാനസ്സിക സംഘര്‍ഷം ആര്‍ക്കുമറിയില്ല. ദേവനും പാറുവും ഇതൊന്നും അറിയാതെ അപ്പോഴും ഉറക്കമായിരുന്നു.
ജീപ്പില്‍ നിന്നിറങ്ങിയ കന്യക നന്ദനയെക്കണ്ടിട്ടും പൊട്ടിക്കരഞ്ഞില്ല. അവളുടെ നിസ്സഹായതയോടെയുള്ള നോട്ടം ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. തളര്‍ന്നുവീഴാറായൊരു ശരീരവും പേറി കന്യക തന്‍റെയടുത്തേയ്ക്ക് വരുന്നത് കണ്ട് നന്ദന ഓടി മകളുടെ അടുത്തേയ്ക്ക് ചെന്നു. കന്യക അമ്മയെ കെട്ടിപ്പിടിച്ചു. തന്നിലേയ്ക്കു തളര്‍ന്നു നിന്ന കന്യകയുടെ മുഖം കൈകളില്‍ ചേര്‍ത്ത്പിടിച്ച് നന്ദന ചോദിച്ചു.
"മോളെ..!! ന്‍റെ പൊന്നുമോള്‍ക്ക് എന്തെങ്കിലും പറ്റിയോ...??
"ഇല്ലമ്മേ..!! ഇല്ലാ ഞാനിപ്പോഴും എന്റമ്മേടെ പഴയ കന്യൂട്ടി തന്നാ....!!!" നിറഞ്ഞു തളര്‍ന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
"ന്‍റെ.. പൊന്നുമോളെ...!!! അമ്മേടെ പൊന്നുമോളെ..." നന്ദന ആവേശത്തോടെ അവളെ കെട്ടിപ്പിടിച്ചു.
രാജശേഖര്‍ ഇതെല്ലാം കണ്ടുകൊണ്ട് അവരുടെ അടുത്തു നിന്നിരുന്നു. ഒടുവില്‍ അയാള്‍ അവരുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു.
"നന്ദന... മോളേം കൂട്ടി അകത്തേയ്ക്ക് പൊയ്ക്കോള്ളൂ. ഇവിടെ നിന്ന് ഇനി കരഞ്ഞു ആളെക്കൂട്ടെണ്ടാ.... പൊയ്ക്കോള്ളൂ... രണ്ടാളും. സമാധാനമായി പോയി വിശ്രമിച്ചോളൂ."
നന്ദനയുടെയും, പായീമ്മയുടെയും ഒക്കെ സഹായത്തിനായി ഒരു പോലീസ്കാരനെ നിര്‍ത്തിയിട്ട് മറ്റുള്ള പോലീസുകാരുമായി രാജശേഖര്‍ പട്ടണത്തിലേയ്ക്ക് പോയി. പട്ടണത്തിലെ പ്രശസ്തമായ ബാറിന് മുന്നില്‍ രാജശേഖറിന്‍റെ ജീപ്പ് വന്നു നിന്നു. അതിന്‍റെ റിസപ്ഷനിലേയ്ക്ക് കയറിച്ചെന്ന രാജശേഖറെയും പോലീസുകാരെയും കണ്ട് അവര്‍ എഴുന്നേറ്റു നിന്നു. തന്‍റെ വലതുകൈയിലിരുന്ന ലാത്തിയുടെ മറഗ്രം ഇടതുകൈവെള്ളയില്‍ തിരുകിക്കൊണ്ട് രാജശേഖര്‍ അതിലൊരുവനോട് ചോദിച്ചു.
"എവിടെയാടാ.... കുടിയന്മാരെല്ലാം...????
അയാള്‍ ചൂണ്ടിക്കാണിച്ച ഇടത്തേക്ക് അവര്‍ ദ്രുതവേഗത്തില്‍ ചെന്നുകയറി. അരണ്ട വെളിച്ചത്തില്‍ കുടിച്ചുബോധമില്ലാതെ, മയങ്ങുന്ന കണ്ണുകളുമായി ഇരുന്ന ആളുകളുടെ ഇടയിലൂടെ അയാള്‍ നടന്നു. ഓരോ മേശയ്ക്ക് മുന്നിലും അയാള്‍ നിന്നു. അഗസ്റ്റിന്‍ മാത്രം അവിടെ ഉണ്ടായിരുന്നില്ല. തിരികെ വരുമ്പോള്‍ ബാറിനുള്ളിലെ കൌണ്ടറിനടുത്തേയ്ക്ക് രാജശേഖര്‍ ചെന്നു. മദ്യം ഗ്ലാസ്സുകളിലേയ്ക്ക് പകര്‍ന്നു നല്കിക്കൊണ്ടിരുന്ന ഒരുവന്‍റെ കൈയില്‍ രാജശേഖര്‍ പിടിച്ചു. അയാള്‍ മുഖമുയര്‍ത്തി രാജശേഖറെ നോക്കി. പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. ബഹുമാനത്തോടെ അയാള്‍ ചോദിച്ചു.
"എന്താ സാര്‍ ഈ അസമയത്ത്...ഇവിടെ ???
അയാളുടെ ചോദ്യത്തിന് രാജശേഖര്‍ തന്‍റെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടോ എടുത്തു അയാളുടെ നേരെ കാട്ടി ചോദിച്ചു.
"അറിയ്യോ... ഇയാളെ താന്‍...!! കണ്ടിട്ടുണ്ടോ.. ഇവിടെ വച്ച്..??
"ഉവ്വ്... സര്‍ ഇവിടെ വരാറുള്ള ആളാണ് ഇത്.. ഇന്നലേം വന്നിരുന്നു...!! എന്താ സര്‍.. ??? ഇനീം അയാള് വരും..!!!!
അയാളുടെ മറുപടി കേട്ട രാജശേഖറിന്‍റെ കണ്ണുകള്‍ കുറുകി. അയാള്‍ പിന്നില്‍ നിന്ന പോലീസുകാരെ നോക്കി.
അതേസമയം, കുടിച്ചു വശംകെട്ട അഗസ്റ്റിന്‍, ആ ഇരുളില്‍ കക്കിചേരിയിലെ ഒരു പാതയോരത്തില്‍ തളര്‍ന്നുവീണുകിടന്നു. അയാളില്‍ നിന്നും ഇടയ്ക്കിടെ ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് ഒഴുകിവന്ന ശര്‍ദ്ദിയില്‍ ചോനനുറുമ്പുകള്‍ അരിച്ചുനടന്നു. അരുകിലൊരു നായ അത് ഭഷിപ്പാനായി കാത്ത് നിന്നു. അരുകില്‍ നിന്ന മറ്റൊരു നായ അതിനെനോക്കി മുറുമുറുത്തുകൊണ്ടിരുന്നു. ഇടയ്ക്കിടെ നായ്ക്കള്‍ ആകാശത്തെ നിലാവിനെ നോക്കി ഓരിയിട്ടു.
**************
നന്ദനയും കന്യകയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നില്‍ പായീമ്മയ്ക്കായി കാവലിരുന്നു. ഒടുവില്‍, ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനിടയില്‍ അവര്‍ക്ക് ബോധം തെളിഞ്ഞു. വിവരമറിഞ്ഞ നന്ദനയും കന്യകയും അവരെക്കാണാന്‍ അതിനകത്തേയ്ക്ക് കയറി. കന്യക പായീമ്മേടെ അരുകിലെത്തിയപാടെ അവരുടെ വിറയാര്‍ന്ന കൈകള്‍ പിടിച്ചു. ക്ഷീണിച്ച കണ്ണുകളോടെ ആ വൃദ്ധ അവളോട് ചോദിച്ചു.
"ന്‍റെ... പൊന്നുമോള്‍ക്കൊന്നും പറ്റീല്ലല്ലോ.... അതുമതി പയീമ്മയ്ക്ക്. അതുമതി..." കന്യക അവരുടെ അരുകില്‍ നിന്നും നേര്‍ത്ത്‌നേര്‍ത്ത് തേങ്ങി. നന്ദന പയീമ്മയുടെ തലയ്ക്കരുകില്‍ നിന്നും അവരുടെ നരച്ചമുടികളിലൂടെ തഴുകി. പിന്നെയവള്‍ മെല്ലെ കൈയിലിരുന്ന ഫോണില്‍ രാജശേഖറെ വിളിച്ചു.
"സാര്‍... പായീമ്മയ്ക്ക് ബോധം വന്നിട്ടുണ്ട്. പായീമ്മ സംസാരിക്കുന്നുണ്ട്..."
നന്ദനയുടെ വാക്കുകള്‍ കേട്ട രാജശേഖര്‍ ഒരു പോലീസുകാരനെ ബാറില്‍ നിര്‍ത്തിയിട്ട് പെട്ടെന്ന് തന്നെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. കുറച്ചുസമയത്തിനുള്ളില്‍ രാജശേഖര്‍ ആശുപത്രിയില്‍ നന്ദനയുടെയും പായീമ്മയുടെയും കന്യകയുടെയും അരുകിലെത്തി. അയാള്‍ കന്യകയെ ആ മുറിയില്‍ നിന്നും പുറത്തേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നിട്ട് ചോദിച്ചു.
"മോളെ... കന്യകേ.. മോള് കണ്ടോ അവനെ..?? അവനാരാണെന്ന് മോള്‍ക്കറിയ്യോ...???
"ഇല്ല അങ്കിള്‍... എനിക്കറിയില്ല. ഇരുളില്‍ ഒരാണ്‍രൂപം. അതുമാത്രമെനിക്കറിയാം... അയാളെന്നെ തൊട്ടിരുന്നു... അപ്പോഴേയ്ക്കും അങ്കിള്‍ വന്നു. അയാള്‍ എങ്ങോട്ടോ ഓടിമറയുകേം ചെയ്തു.."
രാജശേഖര്‍ കന്യകയെ വിട്ട് പായീമ്മേടെ അടുത്തു ചെന്നു. കന്യകയും അയാള്‍ക്ക് പുറകെ അകത്തേയ്ക്ക് കയറി. നന്ദനയെയും, കന്യകയെയും മുന്നില്‍ നിര്‍ത്തി അയാള്‍ ചോദിച്ചു.
"അമ്മെ... അമ്മയ്ക്കറിയ്യോ... അവന്‍ ആരാണെന്ന്...?? അമ്മ ഒരിക്കലെങ്കിലും അവനെ കണ്ടിട്ടുണ്ടോ..??
രാജശേഖറിന്‍റെ ചോദ്യം കേട്ടു വിറയാര്‍ന്ന സ്വരത്തില്‍ അവര്‍ പറഞ്ഞു.
"ഞാനവനെ എവിടേം കണ്ടിട്ടില്ല മോനെ... ആദ്യായിട്ടാ കാണണേ...."
അവരുടെ വാക്കുകള്‍ അയാളെ തളര്‍ത്തി. കന്യകയില്‍ നിന്നും ഒരു നിശ്വാസം ഉതിര്‍ന്നു. നന്ദന, അരുകില്‍ പായീമ്മേടെ കിടക്കയ്ക്കരുകിലേയ്ക്ക് ഇരുന്നു. ഒരു നിമിഷത്തെ നിശബ്ദത. പിന്നെ പായീമ്മ മെല്ലെ പറഞ്ഞു.
"മോനെ... ഞാന്‍ കണ്ടത് ആരെയെന്നറിയില്ല. പക്ഷെ, ഞാന്‍ കേട്ട സ്വരം എനിക്കറിയാം. അത് ന്‍റെ നന്ദനമോളുടെ കൈയീന്ന് ദിവസോം ആഹാരം കഴിയ്ക്കണ തൊണ്ടേന്ന് വന്നതാ... അതെനിയ്ക്കുറപ്പാ...."
പായീമ്മയുടെ വാക്കുകള്‍ കേട്ടു ഒരു പിടയലോടെ നന്ദന എഴുന്നേറ്റു. രാജശേഖര്‍ അതാരന്നറിയാന്‍ നന്ദനയുടെ മുഖത്തേയ്ക്ക് നോക്കി. കന്യക കണ്ണുകള്‍ മെല്ലെയടച്ചു നിന്നു. രാജശേഖര്‍ നന്ദനയോട് ചോദിച്ചു.
"ആരാത്.... നന്ദനെ...???
അയാള്‍ക്ക് മറുപടി കൊടുക്കും മുന്‍പ് നന്ദന പായീമ്മയുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവള്‍ ചോദിച്ചു. "പായീമ്മ ആരെയാ ഉദ്ദേശിയ്ക്കുന്നെ..?? സേനനെയാണോ..??
"അതെ മോളെ... അവനാ പുറത്തൂന്ന് ന്നെ വിളിച്ചേ...??
"എന്തസംബന്ധമാ പായീമ്മേ നിങ്ങളീപ്പറയുന്നത്...?? എനിക്കറിയാവുന്ന കുട്ടിയാ അവന്‍. എന്‍റെ ഉപ്പും ചോറും തിന്നു വളര്‍ന്ന കുഞ്ഞ്. നിങ്ങള്‍ക്ക് ഇരുളില്‍ അങ്ങിനെ തോന്നിയതാവും. അവനല്ല അത്. ഒരിക്കലും അവനത് ചെയ്യില്ല... അവനത് ചെയ്യാന്‍ കഴിയില്ല...."
എന്നിട്ടവള്‍ രാജശേഖറെ നോക്കി പറഞ്ഞു.
"ഒരു സംശയത്തിന്‍റെ പേരില്‍ പോലും സാറവനെ അറസ്റ്റുചെയ്യരുത്. എന്‍റെ മോനെപ്പോലെയാ.. അവനെനിയ്ക്ക്...!!
രാജശേഖര്‍ അരുകിലെ കസേരയിലേയ്ക്കിരുന്നു. കന്യക അമ്മയെ നോക്കി മിണ്ടാതെ നിന്നു. പായീമ്മ ഒരു തെറ്റുകാരിയെപ്പോലെ തേങ്ങി. നിശബ്ദമായ നിമിഷങ്ങള്‍. ജനാലയില്‍ മെല്ലെ പാറിയ വിരിയില്‍ തൊട്ടുതലോടിപ്പോയ കാറ്റിന് അപ്പോള്‍ ചോരയുടെ ഗന്ധമായിരുന്നു. തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞ അഗസ്റ്റിന്റെ ചോരയുടെ ഗന്ധം...
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ