നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ....8
എങ്കിലും, എങ്ങിനെയോ ഒടുവില്‍ ചില വാക്കുകള്‍ അയാളില്‍ നിന്നും പുറത്തുവന്നു.
"അത് ഏമാനേ... ഞാനിവിടെ വരുമ്പോള്‍..!!
"ഉറക്കെ പറയടാ നായിന്‍റെമോനെ..!!!
പറഞ്ഞുകൊണ്ട് അയാളുടെ ഉടുപ്പിന്‍റെ കോളറില്‍ പിടിച്ചുയര്‍ത്തി എസ്. ഐ. കൈയിലിരുന്ന ലാത്തി ചുറ്റും കൂടിനില്‍ക്കുന്നവരുടെ ഇടയിലേയ്ക്ക് ചൂണ്ടിക്കൊണ്ട് ഇടിവെട്ടും പോലെ പറഞ്ഞു.
"ഇവര്.... ഇവര് കേള്‍ക്കെ പറയണം. എന്നിട്ട് കുനിഞ്ഞ് അയാളുടെ മുഖത്തേയ്ക്ക് മുഖമടുപ്പിച്ചുകൊണ്ട് പറഞ്ഞു. "ഇവിടെ നടന്നത്... ഇവിടെ നടന്നത്... നീ കണ്ടത്.. നീ കണ്ടത് മാത്രം പറയണം. നീ പറയുന്നതില്‍ എന്തെങ്കിലും മാറ്റം വന്നാല്‍, നിന്‍റെ ശവമടക്കിന്ന്‍.. ഇവിടെ നടക്കും... ഇവിടെ.. !! അയാള്‍ ലാത്തി മണ്ണിലേയ്ക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അതോടെ നിയന്ത്രണം വിട്ട അഗസ്റ്റിന്‍ ഒറ്റശ്വാസത്തില്‍ നടന്നതെല്ലാം പറഞ്ഞു. അതും ഉച്ചത്തില്‍. പൊതുജനം കഴുതകളെപ്പോലെ എല്ലാം കേട്ടു ശ്വാസമടക്കിപ്പിടിച്ച് നിന്നു. എസ്.ഐ. അഗസ്റ്റിന്‍റെ ഉടുപ്പില്‍ നിന്നും പിടിവിട്ടു. എന്നിട്ട് വീണ്ടും ചോദിച്ചു.
"നീ മദ്യപിച്ചിട്ടുണ്ടോടാ....?
അഗസ്റ്റിന്‍ അതെ എന്ന ഉത്തരംപോലെ വായപൊത്തി നിന്നു. നിമിഷങ്ങള്‍ക്കകം എസ്. ഐയുടെ അടികൊണ്ട അയാള്‍ ദൂരേയ്ക്ക് തെറിച്ചുവീണു. അതോടെ, പോലീസുകാരില്‍ ഒരാള്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് നോക്കി വിളിച്ചുചോദിച്ചു.
"കേട്ടല്ലോ അയാള് പറഞ്ഞത്. എന്നിട്ടയാള്‍ ആള്‍ക്കൂട്ടത്തെ നോക്കി തന്നെ ഉച്ചത്തില്‍ ചോദിച്ചു. "ഏത് പൊലയാടീമോനാടാ ഈ വാതില് താഴിട്ടത്...?
ഓരോരുത്തരും അവനാണ്, ഇവനാണ് എന്ന മട്ടില്‍ മാറിയും തിരിഞ്ഞും നോക്കാന്‍ തുടങ്ങി. അതിനിടയില്‍ എവിടെ നിന്നോ പോലീസുകാരുടെ ഇടയിലേയ്ക്ക് ഒരു താക്കോല്‍കൂട്ടം വന്നുവീണു. പോലീസുകാരില്‍ ഒരാള്‍ കുനിഞ്ഞ് അത് കൈയിലെടുത്തു. എസ്.ഐ. അയാളുടെ കൈയില്‍ നിന്നും അത് വാങ്ങി വീടിന്‍റെ പടികടന്ന് വാതിലിനടുത്ത് ചെന്നു. എന്നിട്ട്, അയാള്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കി. അപ്പോഴേയ്ക്കും നാല് പോലീസുകാര്‍ മണ്ണില്‍ ചുറ്റും നാലിടത്തായി കുത്തിനിറുത്തിയ ലാത്തിയ്ക്കരുകില്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും നടക്കാന്‍ തുടങ്ങി. ആരാണന്ന് പോലും അറിയാതെ തിരക്ക് കൂട്ടി എന്തൊക്കെയോ കാട്ടിക്കൂട്ടിയ ജനങ്ങള്‍ തങ്ങള്‍ക്ക് എവിടെയൊക്കെയോ തെറ്റുപറ്റിയെന്ന വീണ്ടുവിചാരം പോലുമില്ലാതെ അപ്പോഴും മുറുമുറുത്തുകൊണ്ടിരുന്നു.
രാജശേഖര്‍ മെല്ലെ ആ വാതില്‍ തുറന്നു. മുറിയ്ക്കുള്ളിലേയ്ക്ക് പ്രകാശം കുറച്ചുകൂടി കയറി. അതിനൊപ്പം അയാളും. ദേവനും, ഇന്ദിരയും അദ്ദേഹത്തെക്കണ്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങി. അപ്പോള്‍ ദേവന്‍റെ തോളില്‍ കൈവച്ച് അവിടിരുന്നോള്ളൂ എന്നാംഗ്യം കാണിച്ചുകൊണ്ട് അടുത്തുകിടന്ന കസേരയിലേയ്ക്ക് അദ്ദേഹമിരുന്നു. എന്നിട്ടയാള്‍ ഇന്ദിരയോട് വാതില്‍ താഴിടാന്‍ പറഞ്ഞു. അവര്‍ക്കരുകിലിരുന്ന് അയാള്‍ എല്ലാം കേട്ടു. ഇരുവരേയും ആശ്വസ്സിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് വന്ന് വാതില്‍ തുറന്നു. പുറത്ത് നിന്ന പോലീസുകാരില്‍ ഒരാളെ കൈകാട്ടി വിളിച്ചു. പോലീസുകാരന്‍ അകത്തേയ്ക്ക് കയറുമ്പോള്‍ വാതില്‍ വീണ്ടും താഴിട്ട് അയാളോടായി പറഞ്ഞു.
"സ്റ്റേഷനില്‍ വിളിക്കണം. വനിതാ പി.സി ഒരു രണ്ടുപേരെ വരാന്‍ പറയണം. പെട്ടെന്ന്..., ഉം... അദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് പുറത്തേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന അയാളെ വീണ്ടും വിളിച്ചു പറഞ്ഞു. ഒരു പി.സിയോട് അകത്തേയ്ക്ക് വരാന്‍ പറയൂ..."
"ശരി സാര്‍..." അയാള്‍ പറഞ്ഞുകൊണ്ട് വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി. അല്‍പ്പസമയത്തിനുള്ളില്‍ അടുത്ത പോലീസുകാരന്‍ അകത്തേയ്ക്ക് വന്നു.
"ആ...... സാജന്‍ നിങ്ങളിപ്പോള്‍ വനിതാ പി.സിമാര് വരുന്ന വണ്ടിയില്‍ സ്റ്റേഷനില്‍ പോകണം. പിന്നെ കിട്ടാവുന്ന ഫോഴ്സ് ഉപയോഗിക്കാം. കോളേജിനും, സ്കൂളിനും മുന്‍പില്‍ എന്നുവേണ്ടാ ഈ കക്കിചേരിയില്‍ കറങ്ങിനടക്കുന്ന എല്ലാ ഭിക്ഷക്കാരെയും കസ്റ്റഡിയിലെടുക്കണം. എനിക്ക് വേണം അവന്മാരെ എല്ലാം ഇന്ന്..."
"സാര്‍... ആണും പെണ്ണും...??? എല്ലാം...??
"എന്താടോ സാജന്‍...? എല്ലാരും എന്ന് പറഞ്ഞാല്‍ എല്ലാരും. സ്റ്റേഷനീന്ന് ബാക്കിയുള്ള വനിതാ പി. സി മാരെയും കൂട്ടിക്കോള്ളൂ...
എസ്. ഐ യെ സല്യൂട്ട് അടിച്ച് അയാളും പുറത്തേയ്ക്ക് പോയി.
സമയം മെല്ലെ നീങ്ങാന്‍ തുടങ്ങി. പുറത്ത് കൂടിനിന്നവരുടെ കണ്ണുകളില്‍ അകത്ത് എന്ത് നടക്കുന്നുവെന്നറിയാനുള്ള ആകാംക്ഷ നിഴലിട്ടു നിന്നു. അപ്പോഴേയ്ക്കും രണ്ടു വനിതാപോലീസുകാരെയും കൊണ്ട് അടുത്ത പോലീസ് വാഹനം വീടിനു മുറ്റത്തേയ്ക്കെത്തി. ഇന്ദിര അപ്പോഴേയ്ക്കും വേഷം മാറി വന്നു. എസ്. ഐ. ദേവനോട് പറഞ്ഞു.
"ഇതുവരെ നടന്നതെല്ലാം ഇങ്ങനെ തന്നെ നില്‍ക്കട്ടെ. മോളുടെ ഭാവി നമ്മള് നോക്കണ്ടേ. പിന്നെ ഇപ്പോള്‍ അവള്‍ക്കു വേണ്ടത് ശരിക്കും പരിചരണമാണ്. അതാണവള്‍ക്ക് ഇപ്പോള്‍ കിട്ടേണ്ടത്. പിന്നെ നിങ്ങളുടെ നല്ല സപ്പോര്‍ട്ടും. ബാക്കിയെല്ലാം ഞാന്‍ രഹസ്യമായി കൈകാര്യം ചെയ്തോളാം. ഈ പെണ്‍കുട്ടീടെ ജീവിതം വച്ച് എനിക്കൊരു മീഡിയയിലും വലിയാളാവേണ്ട..."
അയാള്‍ തുടര്‍ന്നു. "ദേവന്‍ കക്കിചേരിയില്‍ ഒരു ഔദ്യോഗിക ജീവിതം എന്‍റെ സ്വപ്നമായിരുന്നു. എങ്ങിനെയോ.. എവിടെയോ ഇനിയും മാറാത്ത ചില കറകള്‍ ഇവിടെ എവിടെയോ ഉണ്ട്. അത് നമ്മുക്ക് തൂത്തെറിയണം. നിങ്ങള്‍ മദ്യശാലകള്‍ നിര്‍ത്തിയപോലെ, ആണെന്ന അഹങ്കാരത്തില്‍ എന്തും കാട്ടിക്കൂട്ടുന്നവന്മാരുടെ ഉയര്‍ച്ചകള്‍ നമ്മുക്കരിഞ്ഞു വീഴ്ത്തണം. നിങ്ങളുടെ ശത്രുക്കള്‍ ഇവിടുത്തെ ഇനിയും അടങ്ങാത്ത മദ്യപന്‍മാര്‍ തന്നെയാണ്. ഇന്നാട്ടിലെ സ്ത്രീകള്‍ വഴി നിങ്ങള്‍ നേടിയെടുത്ത ഈ വിജയം, അഗസ്റ്റിനെപ്പോലൊരു കള്ളുകുടിയന്‍റെ, അല്ലെങ്കില്‍ മദ്യത്തിന് വശംകെട്ട് എല്ലാം മറക്കുന്ന ഒരു മദ്യപന്‍റെ മുന്നില്‍ മങ്ങരുത്. ഞാനുണ്ട് കൂടെ.... ഇവിടുള്ളിടത്തോളം കാലം......
ദേവന്‍ നന്ദിയോടെ രാജശേഖറുടെ നേരെ കൈകള്‍ കൂപ്പി. അയാള്‍ ആ കൈകള്‍ ചേര്‍ത്തുപിടിച്ചു. അപ്പോഴേയ്ക്കും വനിതാ പി.സി മാര്‍ അകത്തേയ്ക്ക് വന്നു. എസ്. യുടെ നിര്‍ദേശപ്രകാരം ജിയാസിനെ അവര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു പുറത്തുകിടന്ന ജീപ്പിലേയ്ക്ക് കയറ്റി ഇരുത്തി. അവര്‍ക്കൊപ്പം ഇന്ദിരയും അതില്‍ ചെന്നു കയറി. അവരെയും കൊണ്ടാ വണ്ടി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് നീങ്ങി.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ