നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ....2
സേനന്‍റെ അരുകിലെത്തി അവള്‍ തുണികള്‍ വാങ്ങിച്ചു. പാറുവിനെ കാണാഞ്ഞ് അവന്‍ ഒളികണ്ണിട്ടു അകത്തേയ്ക്ക് ഒന്ന് നോക്കി. അതുകണ്ട കന്യക സേനനോട് പറഞ്ഞു.
"നോക്കണ്ടാ ഇങ്ങനെ..!!! ഇനി മുതല്‍ അവള് വരില്ല്യ. ഞാനാ വരണേ..!!! "
അപ്പോള്‍ സേനന്‍ അവളെ കണ്ണ് മുഴപ്പിച്ച് ഒന്ന് നോക്കി. പെട്ടെന്ന് തുണിയുമായി തിരിഞ്ഞ അവള്‍ അവിടെ നിന്നു. എന്നിട്ട് മുഖം അല്‍പ്പം മുന്നോട്ടാക്കി അവനോടു ചോദിച്ചു.
"എന്താ.... ന്താ..? ന്താ..? അങ്ങിനെ നോക്കണേ..?? തുണി തേയ്ക്കാന്‍ വന്നാല്‍ അത് ചെയ്തിട്ട് പോയാല്‍ മതി... "
"ഹോ...!!! സേനന്‍ ഇഷ്ടമല്ലാത്ത രീതിയില്‍ അവളോട് പ്രതികരിച്ചു. പിന്നെ അവന്‍ അമര്‍ഷത്തോടെ വണ്ടിയും തള്ളി ഗേറ്റിന് പുറത്തേയ്ക്ക് പോയി. കന്യക തിരിച്ചും. അപ്പോഴേയ്ക്കും പച്ചക്കറി തോട്ടത്തില്‍ നിന്നും കയറി, വീടിനരുകിലെ പൈപ്പിലെ വെള്ളത്തില്‍ കാലുകഴുകി മുറ്റത്തേയ്ക്ക് വന്ന ദേവാനന്ദ് അവളെ ചേര്‍ത്ത് പിടിച്ചു. അച്ഛനെ ചേര്‍ന്ന് കന്യക അകത്തേയ്ക്ക് കയറി. ദേവാനന്ദ് അകത്തേയ്ക്ക് കയറിയ ഉടനെ വിളിച്ചു.
"നന്ദനേ... എടീ ഭക്ഷണം റെഡിയായോ? എങ്കില്‍ എടുത്തുവയ്ക്ക്. ഇന്നിത്തിരി നേരത്തേ ചന്തയ്ക്കു പോകണം. തിങ്കളാഴ്ചയല്ലേ? മോളെ പാറു മക്കള് റെഡിയായോ?
"ഞാന്‍ റെഡിയായി അച്ഛാ.... !!! പാറു അടുക്കളയില്‍ നിന്നും വിളിച്ചുപറഞ്ഞു. ചേച്ചിയോട് ചോദിച്ചിട്ട് അച്ഛന്‍ തന്നോടാകും അടുത്ത ചോദ്യം ചോദിക്കുക എന്ന് മനസ്സിലാക്കി തേച്ചു മടക്കിയ തുണി പെട്ടെന്ന് ഹാളിലെ കസേരയില്‍ ഒന്നില്‍ വച്ചിട്ട് അവള്‍ മുറിയിലേയ്ക്ക് ഓടിക്കയറി, കുളിച്ചുമാറാനുള്ള വസ്ത്രവും എടുത്ത് തിരികെ ഓടി കുളിമുറിയിലേയ്ക്ക് കയറി. വാതിലടയ്ക്കും മുന്‍പ് ദേവാനന്ദ് വിളിച്ചു.
"മോളെ കന്യൂട്ടിയെ.... മോള് റെഡിയായോ?
ഒന്നും അറിയാത്തപോലെ അവള്‍ കുളിമുറിയുടെ വാതിലിനരുകില്‍ നിന്നും വിളിച്ചു പറഞ്ഞു.
"കുളിയ്ക്കുവാ അച്ഛാ ഞാന്‍...."
ഇതുകേട്ട് അടുക്കളയില്‍ നിന്നും നന്ദനയും, പായിയും, പാറുവും അമര്‍ത്തിചിരിച്ചു. അപ്പോഴേയ്ക്കും ദേവാനന്ദ് കൈകഴുകി ഊണ്മേശയ്ക്കരുകില്‍ വന്നിരുന്നു. സന്തോഷത്തോടെ നന്ദന ദേവാനന്ദിന് ഭക്ഷണം കൊണ്ട് വച്ചു. അതോടെ പാറുവും മേശയ്ക്കരുകില്‍ വന്നിരുന്നു. പെട്ടെന്ന് കുളി കഴിഞ്ഞ് ഈറനോടെ, തണുക്കുന്നതായി അഭിനയിച്ച് കന്യകയും അവിടേയ്ക്ക് വന്നു. സേനന്‍ പ്രഭാതഭക്ഷണം കഴിയ്ക്കാതെ പോയതേക്കുറിച്ച് നന്ദന ആരോടെന്നില്ലാതെ പറഞ്ഞു. കന്യക ഒന്നും അറിയാത്ത ഭാവത്തില്‍ കസേരയില്‍ വന്നിരുന്നു. പാറു അവളെ ഒളികണ്ണിട്ടു നോക്കി. അവരുടെ കണ്ണുകള്‍ പരസ്പരം ചോദിച്ച ചോദ്യങ്ങള്‍ ദേവാനന്ദും നന്ദനയും കണ്ടതുമില്ല. നിശബ്ദമായെങ്കിലും, അവര്‍ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
**************
ദേവാനന്ദിന് ഒരു വണ്ടിയുണ്ട്. ഒരു ഡബിള്‍ ഡക്ക് പിക്ക്അപ്പ്. ചന്തയിലേയ്ക്ക് പച്ചക്കറികള്‍ കൊണ്ടുപോകാനും വീട്ടാവശ്യത്തിനും ഒക്കെ കൂടി വാങ്ങിയതാണത്. ഭക്ഷണം കഴിഞ്ഞു വസ്ത്രങ്ങള്‍ മാറി അയാള്‍ ചന്തയിലേയ്ക്കാവശ്യമുള്ള പച്ചക്കറികള്‍ ഒക്കെ കയറ്റിവച്ചതോടെ പാറുവും, കന്യകയും വേഷം മാറി, തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളും ഒക്കെയായി മുറ്റത്തേയ്ക്ക് വന്നു. അച്ഛനും മക്കളും പോകാന്‍ തിടുക്കപ്പെട്ടതോടെ അടുക്കളയിലെ വേലയെല്ലാം വിട്ട് നന്ദനയും വീട്ടുപടിക്കല്‍ വന്നു. അവര്‍ വണ്ടിയില്‍ക്കയറി യാത്രയാകുമ്പോള്‍ നന്ദന കൈവീശി അവരെ യാത്രയാക്കി.
തീവെട്ടിക്കവലയും താണ്ടി ആ വണ്ടി പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന്, എന്തോ ആലോചിച്ചപോലെ പാര്‍വതി പറഞ്ഞു.
"അച്ഛാ...!!! "
"എന്താ മോളെ..??? ദേവന്‍ വിളികേട്ടു.
"ഞാന്‍ മറന്നൂച്ഛാ..."
"എന്താ മോളെ..." ദേവന്‍ ചോദിച്ചു.
"ജിയാസ്സിന്‍റെ വീട്ടിന്‍റെ മുന്നില് വണ്ടി നിര്‍ത്തണമായിരുന്നു... ഇപ്പോഴാ ഞാനത് ഓര്‍ത്തേ. അവളെന്നോട് ഇന്നലെ പറഞ്ഞിരുന്നുച്ഛാ...."
"അതിനെന്താ നിര്‍ത്താല്ലോ..!! എന്താ അവളും വരുന്നുണ്ടോ ഇന്ന്...?
"ആ... അച്ഛാ... അവളുടെ ടുവീലര്‍ ഇന്നവിടെ ഇല്ലാ. അത് കേടാ....!!!
"ഹും..." അയാള്‍ മൂളി.
ദേവന്‍ വണ്ടി മെല്ലെ തിരിച്ചു. കുറച്ചുദൂരം കൂടി മുന്നിലേയ്ക്ക് വണ്ടി നീങ്ങുമ്പോള്‍ വഴിയരുകില്‍ ജിയാസ്സിന്‍റെ വീട് കാണുമാറായി. വീടിന് വെളിയില്‍ റോഡരുകില്‍ ദേവന്‍ വണ്ടി നിര്‍ത്തി. ഒറ്റത്തവണ അത് ഹോണ്‍ മുഴക്കുമ്പോള്‍ തന്നെ അവള്‍ വെളിയിലേയ്ക്ക് ഓടിവന്നു. വണ്ടിയില്‍ കയറിയ പാടെ അവള്‍ ഇരുന്നു കിതയ്ക്കാന്‍ തുടങ്ങി. ദേവന്‍ വണ്ടി മെല്ലെ മുന്നിലേയ്ക്കെടുത്തു തിരിച്ചു.
അച്ഛനൊപ്പം വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുന്ന കന്യകയാണ് വീണ്ടും സംസാരത്തിന് തുടക്കമിട്ടത്...!!!
"എന്തായീ ജിയേച്ചീ.... ഇന്നലെയും അഗസ്റ്റിന്‍ പപ്പ പുറത്തുപോയാ....????
"ഉവ്വ്... കന്യേ... പോയി. ഇതുവരേം തിരിച്ചെത്തീട്ടില്ല്യ...." പറഞ്ഞിട്ടവള്‍ അല്പം മൌനം പൂണ്ടു...
"ഇവനിത് എന്തിനുള്ള പുറപ്പാടാ....??? ദേവന്‍ പറഞ്ഞുകൊണ്ട് നെടുവീര്‍പ്പിട്ടു.
പാര്‍വതിയുടെ സഹപാഠിയാണ് ജിയാസ്സ്. എല്ലാരോടും നല്ല സ്നേഹമുള്ള ഒരു പെണ്‍കുട്ടി. അച്ഛന്‍ അഗസ്റ്റിന്‍ ഒരു മുഴുക്കുടിയന്‍. അമ്മ ഇന്ദിര ഒരു സാധുസ്ത്രീ. ഇവര്‍ മിശ്രവിവാഹിതര്‍. ഇന്ദിരയുടെ അച്ഛന്‍ അനന്തന്‍റെ പണമിടപാട് സ്ഥാപനത്തിലെ കണക്കന്‍ ആയിരുന്നു അഗസ്റ്റിന്‍റെ അച്ഛന്‍ സേവ്യര്‍. വല്ലാത്ത സൗഹൃദമായിരുന്നു ഇരുകുടുംബങ്ങളും തമ്മില്‍.
അച്ഛന്‍ സേവ്യറിനൊപ്പം ഇന്ദിരയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന അഗസ്റ്റിനും ഇന്ദിരയും എപ്പോഴോ പ്രണയിക്കാന്‍ തുടങ്ങി. സൗഹൃദം എന്നതിലുപരി അതൊരു വിവാഹബന്ധം വരെ എത്തും എന്നായപ്പോള്‍, അനന്തന്‍ ആ വിവാഹത്തെ എതിര്‍ത്തു. അച്ഛന്‍ സേവ്യര്‍ മകനെ ഗുണദോഷിച്ചു. പക്ഷെ, അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. എല്ലാവരെയും ധിക്കരിച്ച് ഒരു രാത്രി അവര്‍ വീടുവിട്ടിറങ്ങി വിവാഹിതരായി.
അതോടെ, നല്ല സുഹൃത്തുക്കള്‍ ആയിരുന്ന അനന്തനും, സേവ്യറും ശത്രുക്കള്‍ ആയി. അതുവഴി, ഒരു കുടുംബം പോലെയായിരുന്ന അവര്‍, ഒരു വാക്കേറ്റത്തോടെ രണ്ടായി പിരിഞ്ഞു. സേവ്യറിന് അവിടുത്തെ ജോലിയും നഷ്ടമായി. അഗസ്റ്റിന്‍ ലോറിയോടിച്ചു കൊണ്ടുവരുന്ന വരുമാനത്തില്‍ ആ കുടുംബം മുഴുവനും കഴിയുക ദുഷ്ക്കരമായിരുന്നു. ഒടുവില്‍ വര്‍ഷം ഒന്ന് കഴിയുമ്പോഴേയ്ക്കും ജിയാസ്സും ആ കുടുംബത്തിലേയ്ക്ക് വന്നു.
നന്നായി സാമ്പത്തികഞെരുക്കം അനുഭവിച്ചതോടെ അഗസ്റ്റിന് സ്വന്തം അച്ഛനും അമ്മയും ഒരു ഭാരമായി മാറാന്‍ തുടങ്ങി. അയാള്‍ കുറേശ്ശെ മദ്യം ഉപയോഗിക്കാനും തുടങ്ങി. മെല്ലെ മെല്ലെ ആ കുടുംബം നിത്യപ്പട്ടിണിയിലേയ്ക്കും വീണു. പിന്നെപ്പിന്നെ, അഗസ്റ്റിന്‍ കുടിച്ചുവശംകെട്ടു സേവ്യറെയും അമ്മയെയും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ സ്വന്തം കിണറ്റില്‍ ചാടി അവര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ സംഭവത്തില്‍ നിന്നും, അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും, മോചിതനാകാന്‍ പിന്നീട് അയാള്‍ക്ക് കഴിഞ്ഞില്ല.
പിന്നീടൊരിക്കല്‍ പോലും അയാള്‍ കുടിനിര്‍ത്തിയിട്ടില്ല. മദ്യത്തിന് അടിമപ്പെട്ട അയാള്‍ നാശത്തില്‍ നിന്നും നാശത്തിലേയ്ക്ക് വഴുതിവീണു. കുടിച്ചു മത്തുപിടിച്ചുറങ്ങുന്ന അയാളുടെ പോക്കറ്റില്‍ ബാക്കിയാവുന്ന തുക കൊണ്ട് ജീവിക്കുകയാണ് ഇന്ന് ജിയാസ്സും അമ്മ ഇന്ദിരയും.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ