നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 23
ഒടുവില്‍ ബസില്‍ നിന്നിറങ്ങി പാറുവിന്‍റെ കോളേജ് അങ്കണത്തില്‍ കാലെടുത്തുവയ്ക്കുമ്പോഴേ പാറുവിന്‍റെ കൂട്ടുകാരികള്‍ കന്യകയുടെ അരുകിലേയ്ക്ക് ഓടിവന്നു. അവരില്‍ പലരും ആശങ്കയോടെയാണ് അവളെ നോക്കിയത്.
അവരുടെ മുഖഭാവം കണ്ട കന്യക ചോദിച്ചു. "എന്താ... എന്തുണ്ടായി..? എവിടെ ന്‍റെ പാറൂച്ചി..??
എല്ലാവരും അവളുടെ ചോദ്യം കേട്ട് പരസ്പരം നോക്കി. കന്യക വീണ്ടും ചോദിച്ചു. "ആരെങ്കിലും ഒന്ന് വായ തുറക്ക്. ന്‍റെ പാറൂച്ചിയ്ക്ക് എന്ത് സംഭവിച്ചു..??"
അപ്പോള്‍ അതിലൊരാള്‍ പറഞ്ഞു. "കന്യകേ..!! നീ വെറുതെ ഒച്ചയുണ്ടാക്കി എല്ലാരേം അറിയിക്കേണ്ട. ഇതിപ്പോള്‍ നമ്മള് കുറച്ചു കൂട്ടുകാര്‍ക്ക് മാത്രേ അറിയൂ...!!!
"എന്ത്...???? അവള്‍ അത്യന്തം ഉദ്ദ്വേഗത്തോടെ ചോദിച്ചു.
"പാറു കാലത്ത് പോയതാണ്. ഇതുവരെയും കോളേജില്‍ തിരിച്ചെത്തിയിട്ടില്ല...!!!"
"പാറൂച്ചി എവിടെപ്പോയെന്നാ നിങ്ങള് പറഞ്ഞുവരുന്നേ..? കന്യക തിടുക്കത്തില്‍ ചോദിച്ചു.
"അത്.... അത്..." ഒരാള്‍ വിക്കി..
"പറയൂ... എന്താണെങ്കിലും പറയൂ. എന്തും താങ്ങാനുള്ള കരുത്തിപ്പോള്‍ ഈ കന്യക്യ്ക്കുണ്ട്. മടിക്കേണ്ടാ നിങ്ങള് പറഞ്ഞോളൂ..." കന്യകയുടെ വാക്കുകളും കണ്ണുകളും നിര്‍ജീവങ്ങളായി. അവള്‍ ചിലത് മനസ്സിലുറപ്പിച്ച പോലെ അവരുടെ മുന്നില്‍ നിന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ തുടര്‍ന്നു.
"കന്യകേ... പാറു രാവിലെ പോയതാ ഇവിടുന്ന്. അവനാ.. സേനന്‍. അവനാ വിളിച്ചോണ്ട് പോയെ. അവര് തമ്മില് ഒരുപാട് നാളായി ഇഷ്ടത്തിലാ. ഇനീപ്പോ വല്ല രജിസ്റ്റര്‍ കച്ചേരിയിലും നോക്കിയാ മതിയാവും രണ്ടിനേം..." ഇങ്ങനെ പറഞ്ഞുകൊണ്ട് പറഞ്ഞവളും കൂടെയുണ്ടായിരുന്നവരും ചിരിച്ചു.
കന്യക... തളര്‍ന്ന് അരുകിലെ വൃക്ഷച്ചുവട്ടിലേയ്ക്കിരുന്നു. അവളുടെ കണ്ണുകള്‍ പൊടുന്നനെ നിറയാന്‍ തുടങ്ങി. അതോടെ പാറുവിന്‍റെ കൂട്ടുകാരികള്‍ അവള്‍ക്കൊപ്പം കൂടി. അവര് അവളെ സമാശ്വസിപ്പിച്ചു.
"കന്യകേ.. നീ വിഷമിക്കാണ്ടിരിക്ക്. ഇതെല്ലാം നാട്ടില്‍ നടപ്പല്ലേ. ഇഷ്ടോള്ളോന്‍റെ കൂടെ ജീവിക്കുന്നതിന് എന്തിനാ എല്ലാരും ഇങ്ങനെ തടസ്സം പിടിക്കണേ..."
"തടസ്സം പിടിക്കേ...??? ആരു തടസ്സം പിടിച്ച കാര്യാ നിങ്ങളീ പറയണേ..??? പാറൂച്ചിയ്ക്ക് ഇങ്ങനെ ഒരു ബന്ധമുള്ളത് നമ്മുക്കാര്‍ക്കും അറിയുക കൂടി ഇല്ല... പിന്നെങ്ങിനാ തടസം നിക്കണേ..??
"അപ്പോള്‍... നിനക്ക് പോലും ഈ ബന്ധം അറിയില്ല്യാന്നാണോ നീയീ പറേണേ..?? പക്ഷെ, പാറു അങ്ങിനല്ലല്ലോ നമ്മളോടൊക്കെ പറഞ്ഞേ...!!!
"എനിക്കൊരു സംശയം ഉണ്ടായിരുന്നു എന്ന് മാത്രം. എന്നാലും ഈ ബന്ധം ഇത്രത്തോളം വളരുമെന്ന് ഞാന്‍ നിരീച്ചതു കൂടിയില്ല..." അവള്‍ വിഷമത്തോടെ അകലേയ്ക്ക് നോക്കിപ്പറഞ്ഞു.
നേരം ഉച്ചയായി. മഴക്കാലം മറന്ന് സൂര്യന്‍ കത്താന്‍ തുടങ്ങി. കന്യക സങ്കടത്തോടെ അവിടം വിടാന്‍ തുടങ്ങി. നടന്നകലുമ്പോള്‍ അവള്‍ ചിന്തിച്ചത് എങ്ങിനെ അച്ഛനോടും അമ്മയോടും ഇത് പറയും എന്നത് മാത്രമായിരുന്നു. പിന്നെ ന്‍റെ പാറൂച്ചിയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയും. അവള്‍ പിന്നീട് സ്കൂളില്‍ പോയതേയില്ല. കിട്ടിയ ബസുകയറി കക്കിചേരിയിലെ പഞ്ചായത്ത് ജങ്ക്ഷനില്‍ എത്തുമ്പോഴേയ്ക്കും സമയം ഒന്ന് കഴിഞ്ഞിരുന്നു. പഞ്ചായത്ത് കെട്ടിടത്തിന് പുറകുവശത്തുള്ള ദേവിക്ഷേത്രത്തില്‍ അവള്‍ ആ ഉച്ചനേരത്ത് ചെന്നുകയറി. ചന്ദനത്തിരിയുടേയും കത്തിയമര്‍ന്ന കര്‍പ്പൂരത്തിന്‍റെയും സുഗന്ധം അവിടമാകെ പരന്നുനിന്നു. അവള്‍ താഴിട്ടിരുന്ന വാതിലിന് മുന്നില്‍ ചെന്നു ഇരുകൈകളും കൂപ്പി പറഞ്ഞു.
"അമ്മേ... മഹാമായേ..!! അറിവില്ലാതെ ന്‍റെ പാറൂച്ചി കാണിച്ച അവിവേകങ്ങള്‍ അമ്മ പൊറുക്കണേ. ആരുമറിയാതെ, ന്‍റെ പാറൂച്ചീയ്ക്ക് ഒന്നും സംഭവിപ്പിക്കാതെ, ഞങ്ങള്‍ക്ക് തിരികെ തരണേ. അങ്ങിനെ തരുകയാണെങ്കില്‍ ഈ ആയുസ്സു മുഴുവന്‍ അവിടുത്തെ ദാസിയായി, ഒരു കന്യകയായി മാത്രം ഈ ദേവകന്യക കഴിയുന്നതായിരിക്കും...."
എന്നിട്ടവള്‍ ആ വെളുത്ത് പരിശുദ്ധമായ മണലില്‍ മുട്ടുകുത്തിയിരുന്നു. ക്ഷേത്രത്തിനു പുറകിലെ ഒലട്ടി വൃക്ഷത്തിലിരുന്ന ഒരു നത്ത് അപ്പോള്‍ ഒന്ന് മൂളി. കന്യക നിറഞ്ഞ കണ്ണുകളോടെ, മുഖമുയര്‍ത്തി വീണ്ടും ദേവിയുടെ, അടഞ്ഞുകിടന്ന വാതില്‍ക്കലേയ്ക്ക് നോക്കി ഇപ്രകാരം പറഞ്ഞു.
"അതല്ല... ന്‍റെ പാറൂച്ചിയ്ക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഈ കന്യക്യ്ക്കൊരു ജീവിതമില്ല. അമ്മയുടെ ഈ തിരുനടയില്‍ ഞാനെന്‍റെ ജീവിതം ആടിതീര്‍ക്കും. അപ്പോള്‍ എന്‍റെ കൈകളില്‍ ന്‍റെ പാറൂച്ചിയെ നശിപ്പിച്ചവന്‍റെ ചോര പുരണ്ടിരിക്കും. ഇത് സത്യം. സത്യം. സത്യം.... "
പറഞ്ഞുകൊണ്ടവള്‍ ആ മണലിലേയ്ക്ക് മുഖം പൂഴ്ത്തി. ശ്രീകോവിലിനുള്ളിലൂടെ അതിവേഗം പറന്നു വന്നൊരു പ്രാവ്, പെട്ടെന്ന് നിലത്തൊരാള്‍ രൂപം കണ്ടു വഴിമാറി പറന്നു. അതിന്‍റെ ആ ലക്‌ഷ്യം തെറ്റിയ പറക്കലില്‍ ക്ഷേത്രമണിയുടെ ചരടില്‍ ചിറകടിച്ച് പതിയെ മണി മുഴങ്ങി. അസമയത്തെ മണിമുഴക്കം കേട്ട കന്യക മുഖമുയര്‍ത്തി. പിന്നെ പിന്തിരിഞ്ഞ് നോക്കാതെ അവള്‍ ആ ക്ഷേത്രാങ്കണം വിട്ടു. വീട്ടിലേയ്ക്കുള്ള യാത്രയില്‍ അവളെ ചിന്തകള്‍ വീണ്ടും വരിഞ്ഞുമുറുക്കി.
****************
സേനന്‍ പാറുവിനെ നോക്കി. അവന്‍ പറഞ്ഞു.
"എത്ര ദിവസായീന്നറിയോ.. നിന്നെ കാണാണ്ട്...???
അവള്‍ അനുരാഗത്തോടെ അവനെ നോക്കി. പിന്നെ അവന്റെയരുകിലേയ്ക്ക് അല്‍പ്പം കൂടി ചേര്‍ന്നിരുന്നു. എന്നിട്ട് ചോദിച്ചു.
"എവിടെയ്ക്കാ... ന്നെയീ കൊണ്ടുപോകാന്ന് പറയണേ.....???
"കൊല്ലാനല്ല.." അവന്‍ പറഞ്ഞു.
പാറു അവന്‍റെ വലതുകരത്തിലൂടെ അവളുടെ കൈചേര്‍ത്ത് പിടിച്ച് കുറച്ചുകൂടി അടുത്തിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു.
"ദേ... സമയം വല്ലാണ്ട് പോകുവാ കേട്ടോ. ഈ മാവിന്‍ചോട്ടില്‍ ഇങ്ങനെ എത്രനേരാ ഇരിക്കാന്‍ കഴിയുക. അതാ ഞാന്‍ പറഞ്ഞേ ആരേലും കാണും മുന്‍പേ നമ്മുക്ക് എവിടേലും സ്വസ്ഥമായി ഇരിക്കാം. സംസാരിക്കാം. പിന്നെ... പിന്നെ..."
"എന്ത് പിന്നെ..?? അവള്‍ ആകാംക്ഷയോടെ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. അവന്‍ അവളെയും. പരസ്പരം കഥകള്‍ പറഞ്ഞ അവരുടെ കണ്ണുകളെ സാക്ഷി നിര്‍ത്തി സേനന്‍ അവളുടെ ചുണ്ടുകളില്‍ അമര്‍ത്തിചുംബിച്ചു. പാറു കണ്ണുകള്‍ മുറുകെയടച്ചു. പെട്ടെന്നാണ് സേനന്‍റെ ഫോണിലേയ്ക്ക് ഒരു ഫോണ്‍ വന്നത്. ഒന്നിച്ച വേഗത്തില്‍ അവരിരുവരും ഞെട്ടിപ്പിടഞ്ഞ് മാറി. സേനന്‍ പതിയെ ചിലച്ചുകൊണ്ടിരുന്ന ഫോണുമായി എഴുന്നേറ്റു. പാറു അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ അവളില്‍നിന്നും കുറച്ചുമുന്നിലേയ്ക്ക് ചുവട് വച്ചു. പിന്നെ ഫോണിലൂടെ ആരോടോ ഒന്നുരണ്ട് വാക്ക് സംസാരിച്ച് തിരിച്ചുവന്നു. അവള്‍ക്കരുകിലെയ്ക്ക് വീണ്ടും ഇരുന്ന സേനനോട് പാറു ചോദിച്ചു.
"ആരാ വിളിച്ചേ...??
"ഒരു കൂട്ടുകാരനാ... ഇവിടെ അടുത്തിരുന്നു സംസാരിച്ചാല്‍ അവന് എന്തേലും സംശയം തട്ടിയാലോ...ന്നു വച്ചാ..." അവനത് പറഞ്ഞു തീരുമ്പോഴേയ്ക്കും പാറു അവനിലേയ്ക്കു ചേര്‍ന്നിരുന്നു. ഇപ്പോള്‍ അവളുടെ കണ്ണുകള്‍ ഒരു പ്രത്യേകരീതിയില്‍ തിളങ്ങിയിരുന്നു. അതുകണ്ടുകൊണ്ട് തന്നെ സേനന്‍ അവളോട് ചോദിച്ചു.
"പാറു... അപ്പോള്‍ പോകുവല്ലേ നമ്മള്‍..!! ഞാന്‍ പറഞ്ഞ ഇടത്തേയ്ക്ക്. സ്വസ്ഥമായി കുറേനേരം നമ്മുടേതായ നിമിഷങ്ങള്‍!!!!
"ഉം.." അവള്‍ മൂളി.
സേനന്‍ പാറുവിനെയും കൊണ്ട് പട്ടണത്തിലെ അധികമാരും അറിയാത്ത ഒരു ലോഡ്ജിലേയ്ക്ക് കയറി. പരിചയമുള്ളവനെ പോലെ അവന്‍ അവളെയും കൊണ്ട് അതിന്‍റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു. പിന്നെ പടികള്‍ കയറി തൊട്ടുമുകളിലത്തെ നിലയിലെത്തി. പോക്കെറ്റില്‍ കരുതിയിരുന്ന താക്കോല്‍ എടുത്ത് അവന്‍ ഒരു മുറി തുറന്നു. പാറു തെല്ല് സങ്കോചത്തോടെ ചുറ്റും നോക്കി. തീര്‍ത്തും വിജനമായ സ്ഥലം. അവിടെ അധികമാരും ഇല്ലെന്നവള്‍ സ്വയം സമാധാനിച്ചു. മുറിയ്ക്കുള്ളില്‍ കയറിയതോടെ സേനന്‍ വാതില്‍ താഴിട്ടു. പാറു മുറിയുടെ ചുറ്റും നോക്കി. പുറത്തു നിന്നു കാണുന്നത് പോലെയല്ല. മനോഹരമായ, നല്ല വര്‍ണ്ണങ്ങളുള്ള ജനാലവിരികളും, ഭിത്തികളും... അവള്‍ ജാലകത്തിനരുകിലേയ്ക്ക് വന്നു. പിന്നെ അതിന്‍റെ വിരി മാറ്റി താഴേയ്ക്ക് നോക്കി. ഇടയ്ക്കിടെ ഇടത്തേയ്ക്കും വലത്തേയ്ക്കും പോകുന്ന വാഹനങ്ങള്‍ അവള്‍ക്കു കാണാം. അവളങ്ങിനെ നോക്കി നില്‍ക്കെ, സേനന്‍ പുറകിലൂടെ ചെന്ന് അവളെ ചേര്‍ത്ത് പിടിച്ചു. അവളുടെ മാര്‍ദ്ദവമായ വയറിന് മേലെ അവന്‍ അമര്‍ത്തിപ്പിടിച്ചു. അവള്‍ ജനാലവിരി വിട്ട് അവനിലേയ്ക്കു തലചായ്ച് നിന്നു. സേനന്‍റെ മുഖം ഒരു നാഗത്തലപോലെ അവളുടെ കവിളിലൂടെ, കഴുത്തിലൂടെ ഇഴയാന്‍ തുടങ്ങി. പാറു നിയന്ത്രണം വിട്ട പോലെ വെട്ടിത്തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. സേനന്‍റെ കരങ്ങള്‍ അവളെ ആര്‍ത്തിയോടെ പിടിച്ചു. അവളുടെ ചുണ്ടുകള്‍ അവന്‍റെ പല്ലുകള്‍ക്കുള്ളില്‍ കിടന്നു ഞെരിയാന്‍ തുടങ്ങി. പാറു പ്രാണന്‍ പോകുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ സേനന്‍റെ കൈകളില്‍ക്കിടന്ന് പിടഞ്ഞു.
*************
കന്യക വീട്ടിലേയ്ക്ക് ചുവടുവച്ചു. മുറ്റത്ത് നിന്നും സിറ്റ്ഔട്ടില്‍ കാലെടുത്ത് വച്ചിട്ട് അവള്‍ ഒരുനിമിഷം ചിന്തിച്ചു. പിന്നെ കാള്ളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. അല്‍പനേരം നില്‍ക്കുമ്പോഴേയ്ക്കും ആ വാതില്‍ അവള്‍ക്കു മുന്നില്‍ തുറന്നു. അകത്തു നിന്നും നന്ദന തല പുറത്തേയ്ക്കിട്ട് നാലുപാടും നോക്കി. അപ്പോഴേയ്ക്കും നന്ദനയുടെ അരുക് ചേര്‍ന്ന് കന്യക അകത്തേയ്ക്ക് കയറി. പാറുവിനെ കൂടെക്കാണാഞ്ഞ്, കന്യകയോട് അവളെവിടെ എന്ന് ചോദിച്ചുകൊണ്ട് നന്ദന വാതില്‍ താഴിട്ടു കന്യകയുടെ പിന്നാലെ കൂടി.
"ചേച്ചീടെ പഠിത്തം കഴിഞ്ഞില്ലമ്മേ. എനിക്ക് നല്ല തലവേദന. ഞാന്‍ നേരത്തേ ഇങ്ങ് പോന്നു.."
അലക്ഷ്യമായി പറഞ്ഞുകൊണ്ട് അവള്‍ മുറിയിലേയ്ക്ക് കയറി. നന്ദന ഹാളില്‍ നിന്നും ബാം എടുത്തുകൊണ്ട് പെട്ടെന്ന് മുറിയിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും വസ്ത്രങ്ങള്‍ പോലും മാറാതെ കന്യക കിടക്കയിലേയ്ക്ക് കമിഴ്ന്ന് വീണിരുന്നു. നന്ദന അവളുടെ അരുകിലേയ്ക്ക് ചെന്നിരുന്നു. പിന്നെ കമിഴ്ന്ന് കിടക്കുകയായിരുന്ന അവളുടെ നെറ്റിയില്‍ ബാം പുരട്ടി. കന്യക നിശബ്ദം കിടന്നു. അവളുടെ മേലെ തട്ടിക്കൊണ്ട് മോള് കുറച്ചുനേരം സമാധാനമായി കിടന്നോള്ളൂ എന്ന് പറഞ്ഞു നന്ദന അടുക്കളയിലേയ്ക്ക് പോയി. അമ്മ മുറിവിട്ട് പോയി എന്നുറപ്പിച്ച കന്യക സ്വന്തം തലയിണയിലേയ്ക്ക് വായമര്‍ത്തി പൊട്ടിപൊട്ടിക്കരഞ്ഞു. അവളുടെ ആ നിയന്ത്രണം വിട്ട കരച്ചില്‍ ആ പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍ തപ്പിത്തടഞ്ഞു മൃതിയടഞ്ഞു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ