നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ....13
കന്യകയുടെ ശക്തമായ കുലുക്കിയുള്ള വിളിയില്‍, പാറു ഉണര്‍ന്ന്, അസഹ്യമായ ദേഷ്യത്തോടെ കന്യകയുടെ നേരെ തുറിച്ചുനോക്കി. പിന്നെ ഈര്‍ഷ്യയോടെ, മനസ്സില്‍ കൂട്ടിവച്ച വെറുപ്പോടെ അവള്‍ പറഞ്ഞു.
"നിനക്കെന്താണ് കന്യേ... എന്നെയിഷ്ടല്യാന്നുണ്ടോ...?
"എന്താ പാറൂച്ചി... ഇങ്ങനെ സംസാരിക്കണേ..? കന്യക തിരിച്ചു ചോദിച്ചു.
"പിന്നെ.......!!!! നിന്‍റെയീ പ്രവൃത്തി കണ്ടാല്‍ ഞാനെന്ത് കരുതണം. എല്ലാറ്റിനും ഒരു പരിധീണ്ട് ട്ടോ. അതിപ്പോള്‍ ആരെപ്പറയാനാ..!! അച്ഛനൊരാളാ നിന്നെയിങ്ങനെ വഷളാക്കണേ....!!! പെണ്ണ് പെണ്ണായിട്ട് തന്നെ വളരണം..." പറഞ്ഞുകൊണ്ട് അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. പിന്നെ അഴിഞ്ഞുവീണ മുടി കെട്ടിവയ്ക്കാന്‍ തുടങ്ങി. കന്യക പാറുവിനെ തന്നെ തുറിച്ചുനോക്കി.
"എന്താ നീയിങ്ങനെ തുറിച്ചുനോക്കണെ...?? ആദ്യായിട്ട് കാണുമ്പോലെ..." വീണ്ടും കന്യകയെക്കൊണ്ട് സഹികെട്ടപോലെ പാറു ചോദിച്ചു.
അപ്പോള്‍ കന്യക ചിരിച്ചുകൊണ്ട് ചോദിച്ചു. "അല്ല.. ഞാനോര്‍ക്കുവായിരുന്നു പാറൂച്ചി..."
"എന്ത്...? പാറു അതിശയത്തോടെ ചോദിച്ചു.
"എങ്ങിനെ ചേച്ചിക്കിങ്ങനെ മാറാന്‍ കഴിയുന്നുന്ന്..? കന്യ പറഞ്ഞു.
"എന്താ നിന്‍റെ മനസ്സില്... ആളോള്‍ക്ക് മനസ്സിലാവണ രീതിയില്‍ പറയുന്നുണ്ടോ നീ...?? പാറു ചോദിച്ചു.
അപ്പോള്‍ മനസ്സിലായില്ല്യ... അല്ലെ ചേച്ചിയ്ക്ക്..? ചേച്ചിയ്ക്കത് മനസ്സിലാവില്യ ചേച്ചി. കാരണം ചേച്ചി ആരെയും സ്നേഹിയ്ക്കുന്നില്ല. ചേച്ചിയെപ്പോലും. അങ്ങിനെ അല്ലായിരുന്നുവെങ്കില്‍ ചേച്ചിയ്ക്കിങ്ങനെ ആകുവാന്‍ കഴിയുമായിരുന്നില്ല... ഒരിക്കലും കഴിയുമായിരുന്നില്ല.....
കന്യകയുടെ വാക്കുകള്‍ പാറുവിന്‍റെ നെഞ്ചില്‍ കനലിലേയ്ക്കെറിഞ്ഞ എള്ളിന്‍ മണികള്‍ പോലെ പൊട്ടി പുകയാന്‍ തുടങ്ങി. അവള്‍ ചിന്തിച്ചു. ഇവള്‍ എന്തോ അറിഞ്ഞപോലെയാണല്ലോ സംസാരിക്കുന്നത്. അങ്ങിനെയെങ്കില്‍ ജീവന്‍ പോയാലും പിടി കൊടുക്കരുത്. ഇവള്‍ക്കൊരിക്കലും ഒരു പാറുവാകാന്‍ കഴിയില്ല. അതെ, ആണും പെണ്ണുമല്ല, ഇതുരണ്ടുമല്ലാത്തൊരു നശിച്ച ജന്മാ ഇവള്..... എന്താണ് ഇവളോടിനി സംസാരിക്കുക...!!!!!
പാറു ഈവിധം ചിന്തിച്ചിരിക്കെ കന്യക ചോദിച്ചു.
"എന്താ പാറൂച്ചീ.. ഇത്രേം ആലോചിക്കണേ...?? ഒന്നൂല്ലേലും നമ്മുടെ അച്ഛനല്ലായിരുന്നോ? ഒന്ന് ഫോണെടുക്കാരുന്നു ചേച്ചിയ്ക്ക്.. അച്ഛനോട് ഒരു വാക്ക് മിണ്ടാരുന്നു. പാവം, എന്നെക്കാളും അച്ഛനിഷ്ടം പാറൂച്ചിയോടാ. "എന്‍റെ മോള്... ന്‍റെ മോള് ന്നൊരുപാട് തവണ പറഞ്ഞു. രാത്രി തന്നെ പാറൂച്ചിയെ കാണണോന്ന് ശഠിക്കുകേം ചെയ്തു. എത്ര തവണയാ ഞാന്‍ ചേച്ചിയെ വിളിച്ചേ... നമ്മുടെ അച്ഛന്‍ ഇത്രേം അവശതയിലായിട്ടും ചേച്ചി ഒന്ന് തിരക്കുകപോലും ചെയ്തില്ലല്ലോന്നോര്‍ക്കുമ്പോള്‍......
"അവശതയിലോ.... എന്തവശത..? അങ്ങിനെയെന്നോട് ആരും പറഞ്ഞില്ല്യാല്ലോ...!! എന്താ..?? എന്താ നമ്മുടെ അച്ഛന് പറ്റിയേ...???
പാറുവിന്‍റെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയുംമുന്‍പ് കന്യക ഒരുനിമിഷം ഒന്ന് ചിന്തിച്ചു. ശരിയാണ്. പാറൂച്ചി പറയുന്നത് ശരിയാണ്. താനും ചേച്ചിയെ വിളിച്ചപ്പോള്‍ അച്ഛനൊരു വയ്യായ്ക എന്ന് മാത്രേ പറഞ്ഞിരുന്നുള്ളൂ. ഒറ്റയ്ക്കിരിക്കുന്ന പാറൂച്ചി വിഷമിക്കണ്ടാന്നു കരുതി തന്നെയാ അങ്ങിനെ പറഞ്ഞതും. പിന്നെന്തിനാ ഞാന്‍ പാറൂച്ചിയോട് ഇക്കാര്യോം പറഞ്ഞ് കയര്‍ക്കുന്നത്...???
"എന്താ കന്യൂട്ടിയെ... നീ ഒന്നും മിണ്ടാത്തെ..? നമ്മുടെ അച്ഛനെന്താ പറ്റിയെ...?
പാറുവിന്‍റെ വീണ്ടുമുള്ള ആ ചോദ്യം കന്യകയെക്കൊണ്ട് അതുവരെ നടന്നത് മുഴുവന്‍ പറയിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നെ ഇരുവരും കുറച്ചു നേരം മൗനത്തിലായി. അല്‍പനേരത്തെ ആ നിശബ്ദതയെ മുറിച്ചുകൊണ്ട് കന്യകയില്‍ നിന്നു പുറത്തുവന്ന അടുത്ത ചോദ്യം വെള്ളിടി പോലെ പാറുവിന്‍റെ നെഞ്ചില്‍ വീണ്ടും പതിച്ചു.
"എന്താ പാറൂച്ചി...ഇത്...? ചേച്ചീടെ ഈ ചുണ്ടെങ്ങനെ മുറിഞ്ഞു....? ചോദിച്ചുകൊണ്ട് അവള്‍ തന്‍റെ കൈവിരല്‍ പാറുവിന്‍റെ ചുണ്ടിനു നേരെ കൊണ്ടുചെന്നു. പാറു പെട്ടെന്ന് കന്യകയുടെ കൈ തട്ടി മാറ്റി. ഒന്ന് പതറിയ പാറു, പിന്നെ അറച്ചറച്ച് പറഞ്ഞു...
"എന്ത്...? ചുണ്ടോ..? മുറിഞ്ഞെന്നോ..? ഞാനറിഞ്ഞില്ല്യാല്ലോ....? പറഞ്ഞുകൊണ്ടവള്‍ ഒന്നുമറിയാത്തപോലെ കിടക്കയില്‍ നിന്നും എഴുന്നേറ്റു. പിന്നെ അരുകിലെ അലമാരയുടെ നീണ്ട കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു സ്വയം ചുണ്ട് പിടിച്ചു നോക്കി. പിന്നെ അലക്ഷ്യമായി പറഞ്ഞു.
"ഹാ..!!! എന്ത് പറ്റിയോ ആവോ... ഞാനറിഞ്ഞില്ല കന്യേ. സത്യായിട്ടും അറിഞ്ഞില്ല. ഇപ്പോള്‍ നീ പറഞ്ഞപ്പോഴാ ഞാന്‍ ഇത് കാണണ തന്നെ...."
പാറുവിന്‍റെ മറുപടി കേട്ടു കന്യക "ഉം...." എന്നമര്‍ത്തി മൂളി...." എന്നിട്ടവള്‍ വീണ്ടും ചോദിച്ചു.
"അപ്പോള്‍ പിന്നെ ആ ബക്കറ്റിലെ വെള്ളത്തില്‍ ചോര കലര്‍ന്നിരിക്കണതോ...?? അതും പാറൂച്ചി അറിഞ്ഞില്ല്യാന്നാണോ പറഞ്ഞു വരുന്നത്...?
"നിനക്കെന്ത് പറ്റി കന്യേ...? വന്ന സമയം മുതല്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുവാ....!!! നിനക്കെന്താ ഭ്രാന്ത് പിടിച്ചോ...? അല്ല ഞാനറിയാഞ്ഞിട്ട് ചോദിക്കുവാ... അച്ഛനും അമ്മയും നിന്നെ ചുമതലപ്പെടുത്തീട്ടുണ്ടോ എന്‍റെ കാര്യങ്ങളൊക്കെ നോക്കാന്‍. എനിക്കേ വയസ്സ് പതിനെട്ട് കഴിഞ്ഞു. എന്‍റെ കാര്യങ്ങള് നോക്കാന്‍ എനിക്കറിയാം. ഇനിയും നീയെന്നെ ഇങ്ങനെ സംശയിക്കാനും, ശല്യപ്പെടുത്താനും തുടങ്ങിയാല്‍ ഞാന്‍ അച്ഛനോട് പറയും. ഓര്‍ത്തോ...!!! ചുണ്ടും, ചോരയും...ശ്ശൊ... അവള്‍ കടുത്ത ഭാഷയില്‍ കന്യകയോട് പറഞ്ഞു.
കന്യക പിന്നീടൊന്നും പറഞ്ഞില്ല. അത് പാറുവിന്‍റെ ഭീക്ഷണിയില്‍ ഭയന്നത് കൊണ്ടായിരുന്നില്ല. മറിച്ച്, അപ്പോള്‍ അവളുടെ മനസ്സ് നിറയെ അച്ഛനായിരുന്നു. ഈയവസ്ഥയില്‍ അച്ഛനെ വിഷമിപ്പിക്കണ്ട. എന്ത് തന്നെയായാലും സാവധാനം അമ്മയോട് പറയുക തന്നെ.. എന്നവള്‍ മനസ്സിലുറപ്പിച്ചു. കന്യക ഇങ്ങനെ ചിന്തിച്ചു നിന്ന സമയം പാറു അവിടെ നിന്നും മെല്ലെ കുളിമുറിയിലേയ്ക്ക് കയറി. പെട്ടെന്ന് തന്നെ ബക്കറ്റിലെ വെള്ളം അവള്‍ നിലത്തേയ്ക്ക് ചരിച്ചൊഴിച്ചു. പിന്നെ അതിന്‍റെ വാതില്‍ താഴിട്ട്, ചോര പടര്‍ന്ന ആ തുണിയവള്‍ കഴുകിയെടുത്തു. പിന്നെയവള്‍ അതിനകത്തെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ചുണ്ട് മെല്ലെ പിടിച്ചു നോക്കി. ശരിയാണ്. വ്യക്തമായി അത് കാണാം. അതിലേയ്ക്ക് തന്നെ നോക്കി നില്‍ക്കെ അവളുടെ മനസ്സ് കുളിരണിഞ്ഞു. മനസ്സുകൊണ്ട് സേനനെ അവള്‍ സ്നേഹത്തോടെ ശാസിച്ചു.
"കള്ളന്‍.... എന്തൊരു കൊതിയാ... കണ്ടില്ലേ... ചെയ്തു വച്ചിരിക്കണേ...!!! ഹോ, ആ അസത്തിന്‍റെ കൈയില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടു ന്നു പറഞ്ഞാല്‍ മതീല്ലോ..!!!
പിന്നെ സര്‍വ ദൈവങ്ങളെയും വിളിച്ചുകൊണ്ട് അവള്‍ കുളിമുറി തുറന്നു പുറത്തിറങ്ങി.
"ഈശ്വരാ... കാത്തുകൊള്ളണേ..."
പാറു പുറത്തുവന്നിട്ടും പിന്നീട് കന്യക അവളോട് ഒന്നും മിണ്ടിയില്ല. എങ്കിലും പാറുവിന്‍റെ ഉള്ളില്‍ ഒരു നെരിപ്പോട് പുകഞ്ഞുതുടങ്ങിയിരുന്നു. ഇനി സൂക്ഷിക്കണം. കന്യകയുടെ സ്വഭാവം പാറുവിന് ശരിക്കറിയാം. അവള്‍ക്ക് ശരിയായ ഒരു മറുപടി കിട്ടാത്ത സ്ഥിതിയ്ക്ക് അവള്‍ അതിനുത്തരം സ്വയം കണ്ടെത്താന്‍ ശ്രമിക്കും. അതുറപ്പ്. അത് തനിക്കുണ്ടാക്കുന്നത് ദോഷം മാത്രമായിരിക്കും. ഇനിയുള്ള ഓരോ ചുവടും ആലോചിച്ച് വയ്ക്കേണ്ടിയിരിക്കുന്നു. അവള്‍ മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു. "ഇവിടെ എന്ത് തന്നെ സംഭവിച്ചാലും സേനന്‍ തനിയ്ക്കുള്ളതാണ്... അവനെ പിരിഞ്ഞൊരു ജീവിതം തനിയ്ക്കിനി അസാധ്യമാണ്. തന്നോട് മനസ്സ് നിറയെ അവനു സ്നേഹമാണ്. ഏതു രാവും തന്നെ തേടി വരാന്‍ അവന്‍ കാണിക്കുന്ന ആര്‍ജ്ജവം അവളില്‍ ഉന്മാദമുണര്‍ത്തി. അവള്‍ മുറിയിലെ ജനാലയ്ക്കരുകിലെയ്ക്ക് നടന്നു. മെല്ലെ ജനല്‍പ്പാളി വെളിയിലേയ്ക്ക് തുറന്നിട്ടു. പിന്നെ അതിന്റെ ഓരം ചേര്‍ന്നവള്‍ വിദൂരതയിലേയ്ക്ക് നോക്കി നിന്നു.
അപ്പോഴേയ്ക്കും കന്യക പാറുവിനെ ശ്രദ്ധിക്കാതെ പുതിയ വസ്ത്രങ്ങളും എടുത്തു കുളിമുറിയിലേയ്ക്ക് കയറി. പിന്നീട് കുളികഴിഞ്ഞ് വന്ന്, പ്രഭാത ഭക്ഷണവും കഴിച്ചുകൊണ്ടവള്‍ അച്ഛന്‍ കാത്തുസൂക്ഷിച്ച് കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടത്തിലൂടെ നടന്നു. മണിക്കൂറുകള്‍ അവള്‍ അതിനുള്ളില്‍ തന്നെ ചിലവഴിച്ചു. നട്ടും നനച്ചും ആ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവിടെയെല്ലാം അച്ഛന്‍റെ ഗന്ധം അവള്‍ തിരിച്ചറിഞ്ഞു. മനസ്സുകൊണ്ട് പലതവണ അവള്‍ക്കാ ഗന്ധം അനുഭവിച്ചറിയാന്‍ കഴിയുന്നു. അവിടെയെല്ലാം അച്ഛന്റെ അദൃശ്യമായ ഒരു വലയം തന്‍റെ ചുറ്റും ഉള്ളത് പോലെ. മനസ്സിലേറ്റ ആ സുഖത്തോടെ അവള്‍ നനഞ്ഞ ആ മണ്ണിലേയ്ക്കിരുന്നു. പൂത്തു നില്‍ക്കുന്ന തക്കാളിചെടികള്‍ അവളെ ചേര്‍ന്ന് നിന്നു. അതിന്‍റെ ഇലകള്‍ പകര്‍ന്ന് നല്‍കിയ സുഗന്ധത്തില്‍ അവള്‍ ലയിച്ചിരുന്നു. ആ ഇരുപ്പില്‍, അച്ഛന്റെ ഓര്‍മകളില്‍ കണ്ണുകള്‍ ഈറനണിയുമ്പോള്‍, അച്ഛനെന്ന വലിയ തണലില്‍ ജീവിക്കുന്ന സ്നേഹമയിയായ ഒരു മകളായി മാറാനവള്‍ക്കു കഴിഞ്ഞു.. ആ ഓര്‍മകളോടെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ അവള്‍ ചിന്തിച്ചു. ഒരു പകല്‍ മായുമ്പോള്‍ തന്നെ തങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ഒരുക്കുന്നു ആ അച്ഛന്‍. അപ്പോള്‍ എത്രയോ പകലും രാത്രിയും തങ്ങള്‍ക്കുവേണ്ടി ആ അച്ഛന്‍ സ്വന്തം ജീവിതം എത്രമാത്രം ഉഴിഞ്ഞുവച്ചിട്ടുണ്ടാകും, എന്നിട്ട് ഒരു രാവ് പോലും അച്ഛന് വേണ്ടി ജീവിക്കാന്‍ കഴിയാത്ത മകളോ.....!!! കന്യക കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി വിതുമ്പാന്‍ തുടങ്ങി... ഒടുവില്‍ എത്ര നേരം അങ്ങിനെ ഇരുന്നുവെന്നറിയില്ല.
"മോളെ..!!! കന്യൂട്ടി.. ഇവിടെ വന്നിരിക്കുവാ നീയ്...??? ഞാനെവിടെയെല്ലാം തിരഞ്ഞു മോളെ.." പായിയമ്മയായിരുന്നു അത്.
പായിയമ്മയുടെ വിളികേട്ട് കന്യക തുളുമ്പി നിന്ന കണ്ണുനീര് തുടച്ചുകൊണ്ട് അവരെ തിരിഞ്ഞു നോക്കി. അതുകണ്ട് പായിയമ്മ അവളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് ചോദിച്ചു.
"മോള്... കരയുകയാ....?? എന്താ മോളെ ഇത്..??
അവരുടെ ചോദ്യം കേട്ടുകൊണ്ട് അവള്‍ എഴുന്നേറ്റു. പിന്നീട് ഒന്നും മിണ്ടാതെ അവള്‍ അവിടെ നിന്നും അകത്തേയ്ക്ക് നടന്നു. അവര്‍ക്ക് അവളുടെ മുഖഭാവം കണ്ടു വല്ലാതെ വിഷമം തോന്നി. അവള്‍ക്ക്, അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം മറ്റാരേക്കാളും അവര്‍ക്കറിയാമായിരുന്നു. പായിയമ്മ കന്യകയ്ക്കു പുറകെ നടന്നകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും കന്യക വീടുനുള്ളില്‍ കടന്നു ഹാളിലെ സോഫയില്‍ ചെന്നിരുന്നു കഴിഞ്ഞിരുന്നു. അടുക്കളയില്‍ നിന്നും അവളെ ശ്രദ്ധിച്ച അവര്‍ പിന്നീടൊന്നും അവളോട് പറയാന്‍ കൂട്ടാക്കിയില്ല. അവിടെയിരുന്നവള്‍ ചിന്തിച്ചു ചിന്തിച്ച് ഒടുവില്‍ അതിന്‍ മേല്‍ തളര്‍ന്നുറങ്ങി. അപ്പോഴും, അകലെ നിറഞ്ഞ സൂര്യന്‍റെ തെളിഞ്ഞ വെളിച്ചത്തില്‍ മയങ്ങിനില്‍ക്കുന്ന മരച്ചില്ലകളില്‍ കണ്ണും നട്ട് പാറു സേനന്‍റെ ഓര്‍മകളില്‍ സ്വയം മറന്നു നിന്നു.
*************
ദേവന്‍ കുത്തേറ്റു വീണിട്ട് ഒരു രാവ് പുലര്‍ന്നു. ഇപ്പോള്‍ സമയം ഉച്ചയായി. നേരത്തോടു നേരമായിട്ടും അഗസ്റ്റിനെക്കുറിച്ചൊരു വിവരവും കിട്ടാതെ പോലീസുകാര്‍ വലഞ്ഞു. ജിയാസ്സകട്ടെ അപമാനിയ്ക്കപ്പെട്ടത്തിന്‍റെ രണ്ടാം നാളും. ഇനിയൊരു രാവ് കൂടി കഴിഞ്ഞാല്‍...!!! രാജശേഖറിന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകാന്‍ തുടങ്ങി. അയാള്‍ ചിന്തിച്ചു. ദേവന് കുത്തേറ്റു എന്നല്ലാതെ ആരു ചെയ്തു എന്നിതുവരെ താന്‍ ദേവനോട് ചോദിച്ചില്ല. തന്‍റെ സഹപ്രവര്‍ത്തകരില്‍ ആരോ പറഞ്ഞൊരു ഊഹം. അത് മാത്രമേ തനിയ്ക്ക് മുന്നില്‍ തെളിവായുള്ളൂ. അപ്പോള്‍, അയാളല്ലാതെ മറ്റാരെങ്കിലും...??? താനെന്തൊരു വിഡ്ഢിയാണ്. "ശ്ശെ...."
പെട്ടെന്ന് തന്നെ അയാള്‍ ദേവന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല്‍ നന്ദനയുടെ സ്വരം കേട്ടയാള്‍ അവളോട് ദേവനെക്കുറിച്ചു തിരക്കി. നന്ദന ഫോണ്‍ ദേവന്‍റെ കാതിലേയ്ക്ക് വച്ചു. ഫോണിലൂടെ ദേവന്‍ പറഞ്ഞ വാക്കുകള്‍ ഓരോന്നും അയാള്‍ വ്യക്തമായി കേട്ടു. അഗസ്റ്റിന്‍ തന്നെയിത് ചെയ്തതെന്ന് ഉറപ്പായതോടെ രാജശേഖര്‍ അവിടെ നിന്നും എഴുന്നേറ്റു. കൂട്ടിനൊരു പോലിസുകാരനെയും വിളിച്ചുകൊണ്ടയാള്‍ സ്റ്റേഷന് പുറത്തേയ്ക്ക് വന്നു. പിന്നെ ജീപ്പില്‍ കയറി പുറത്തേയ്ക്ക് പോയി.
********
നേരം ഉച്ചയായതോടെ കന്യക ഞെട്ടിയുണര്‍ന്നു. അവള്‍ തിടുക്കത്തില്‍ അടുക്കളയിലേയ്ക്കോടി. അപ്പോഴും പായിയമ്മ അടുക്കളയില്‍ തന്നെയായിരുന്നു. ഉറക്കച്ചടവോടെ തന്നെ അവള്‍ പായിയമ്മയോട് പറഞ്ഞു.
"പായീമ്മേ... അച്ഛനും അമ്മയ്ക്കും ഉച്ചയ്ക്ക് കഴിയ്ക്കാന്‍ എന്തേലും ആശുപത്രീലേയ്ക്ക് കൊണ്ടുപോകണ്ടേ...??
"വേണം മോളെ. എല്ലാം ദേ അവിടെ റെഡിയായിരിപ്പുണ്ട്. ആരാ കൊണ്ടോണേ..?? മോളാണോ..? അതോ പാറൂട്ടിയോ..??
"ഇന്ന് ചേച്ചിയോട് കൊണ്ടെച്ചെല്ലാനാ അമ്മ പറഞ്ഞെ..." പറഞ്ഞുകൊണ്ടവള്‍ അടുക്കളയിലെ സ്ലാബിനോട് ചേര്‍ന്ന് നിന്നു.
കന്യകയുടെ വാക്ക് കേട്ടു കൊണ്ട് പായീമ്മ പറഞ്ഞു. "എങ്കില്‍ ഞാന്‍ പാറൂട്ടിയോട് പറയട്ടെ."
"ഉം..." കന്യക അവരെ നോക്കി മൂളി
പായിയമ്മ അടുക്കളയില്‍ നിന്നും പാറുവിന്‍റെ മുറിയിലേയ്ക്ക് ചെന്നു. അപ്പോള്‍ പാറു കിടക്കയില്‍, അലക്ഷ്യമായി മച്ചിലെയ്ക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു. പായിയമ്മ അവളോട് പറഞ്ഞു.
"പാറൂട്ടി... മോളെ, ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകാനുള്ള ചോറ് എടുത്തു വച്ചിട്ടുണ്ട്. മോളെഴുന്നേറ്റു പെട്ടെന്ന് റെഡിയാക്. അപ്പോഴേയ്ക്കും കൊണ്ടുപോകാനുള്ള തുണിയെല്ലാം കന്യമോള് എടുത്തുവയ്ക്കും..."
പായിയമ്മയുടെ വാക്കുകള്‍ കേട്ടുകൊണ്ട് അവള്‍ കിടക്കയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. എന്നിട്ട് ഒട്ടും കൂസലില്ലാതെ ചോദിച്ചു.
"പായീമ്മേ... ഞാനോ...?? കന്യോട് കൊണ്ടുപോകാന്‍ പറയൂ."
അവളുടെ വാക്കുകേട്ട് പായിയമ്മ അവളെ ഒന്ന് നോക്കി. അവര്‍ എന്തെങ്കിലും പറയുംമുന്‍പ് വീട്ടിലെ ഫോണടിച്ചു. കന്യകയാണ് ഫോണ്‍ എടുത്തത്. അവളുടെ സ്വരം തിരിച്ചറിഞ്ഞ നന്ദന ചോദിച്ചു.
"മോളെ....പാറുവിതുവരെയും പുറപ്പെട്ടില്ലേ...???
"ഇല്ലമ്മേ.... ഞാന്‍ ചേച്ചിയ്ക്ക് കൊടുക്കാം... "
"ചേച്ചീ... പാറൂച്ചി....അമ്മയാ... ചേച്ചിയ്ക്കാ ഫോണ്‍..."
കന്യകയുടെ വാക്കുകള്‍ കേട്ടുകൊണ്ട് മനസ്സില്ലാമനസ്സോടെ പാറു ഫോണിനടുത്തേയ്ക്ക് ചെന്നു. കന്യകയുടെ മുഖത്തേയ്ക്ക് അതൃപ്തിയോടെ ഒന്ന് നോക്കിയിട്ട് അവളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി അവള്‍ ചെവിയിലേയ്ക്ക് ചേര്‍ത്തുവച്ചു. പിന്നെ മെല്ലെ പറഞ്ഞു.
"വരുന്നു അമ്മെ. ഞാനിതാ വരുന്നു..."
പിന്നെയൊന്നും കേള്‍ക്കാന്‍ കൂട്ട് നില്‍ക്കാതെ അവള്‍ ഫോണ്‍ വച്ചു. തിരിഞ്ഞുപോകും വഴി കന്യകയുടെ നേരെ നോക്കി അവള്‍ "നാശം... ഒരു സ്വസ്ഥതയും തരില്ല.." എന്നുരുവിട്ടു കടന്നുപോയി.
അത് കേട്ടിട്ടും കന്യക സ്വയം കണ്ണുകള്‍ അടച്ചു നിന്നതല്ലാതെ അതിന് മറുപടി ഒന്നും നല്‍കിയില്ല.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ