2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....9

എസ്. ഐ. യ്ക്കൊപ്പം ദേവനും വീടിനു പുറത്തു കടന്നു. ദേവന്‍ പുറത്തു നിന്നു വീട് പൂട്ടി താക്കോല്‍ കൈയിലെടുത്തു. എസ്. ഐ. അദ്ദേഹത്തോട് യാത്ര പറഞ്ഞ് ജീപ്പിലേയ്ക്ക് കയറി. ജനക്കൂട്ടത്തിനരുകില്‍ നിന്നും ലാത്തിയൂരി പോലീസുകാരും കൂടെക്കയറി. ആളുകള്‍ മുറുമുറുപ്പോടെ പിരിഞ്ഞുപോകാന്‍ തുടങ്ങി. ഏവരുടെയും മുഖത്ത് ശരിയ്ക്കുള്ള കഥയറിയാന്‍ കഴിയാത്ത വിഷമം പ്രകടമായിരുന്നു. പോലിസ് ജീപ്പ് ആ മുറ്റം വിട്ട് പുറത്തേയ്ക്ക് നീങ്ങി.

ദേവന്‍, മെല്ലെമെല്ലെ ഇരുളടഞ്ഞ പ്രകൃതിയെ നോക്കി. പിന്നെ വണ്ടിയില്‍ ചേര്‍ന്ന് നിന്ന് ഇരുളുന്ന മാനത്തേയ്ക്ക് നോക്കി. കാര്‍മേഘങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ചുരുണ്ടുകൂടികിടന്നു. മുഖത്തേയ്ക്കടര്‍ന്നു വീണ മഴകണങ്ങള്‍, അവിടെനിന്നും അയാളുടെ മുന്നിലേയ്ക്ക് തെറിച്ചുവീണു. ദേവന്‍ കണ്ണുകള്‍ പൂട്ടി വണ്ടിയിലേയ്ക്ക് ചാരിനിന്നു. മെല്ലെമെല്ലെ പെയ്തുകൊണ്ടിരുന്ന മഴ അയാള്‍ അങ്ങിനെ നിന്ന്  നനഞ്ഞുകൊണ്ടേയിരുന്നു. ജനക്കൂട്ടം പിരിഞ്ഞുപോയി. പെട്ടെന്ന് വലതു തോളിലെ കരസ്പര്‍ശവും, ദേവാന്നുള്ള വിളിയും ദേവന്‍റെ കണ്ണുകള്‍ തുറപ്പിച്ചു. അയാള്‍, കാറില്‍ നിന്നും മുന്നിലേയ്ക്കാഞ്ഞ് മുന്നില്‍ നില്‍ക്കുന്ന ആളെ നോക്കി. കണ്ണുകളിലൂടെ ഊര്‍ന്നിറങ്ങിയ മഴവെള്ളം മറച്ച കാഴ്ചയില്‍ മുന്നില്‍ നില്‍ക്കുന്ന അഗസ്റ്റിനെ അയാള്‍ കണ്ടു. ദേവന്‍ തെല്ലമ്പരപ്പോടെ അയാളെ നോക്കി. അപ്പോള്‍ അഗസ്റ്റിന്‍ ദേവന് നേരെ കൈകള്‍ കൂപ്പി. എന്നിട്ടയാള്‍ പറഞ്ഞു.

"ദേവാ... ക്ഷമിക്കടാ... എന്നോട് ക്ഷമിക്ക്. ഞാന്‍ ഒരു നിമിഷം അറിയാതെ നിന്നെ തെറ്റിദ്ധരിച്ചു." 

"ഹേയ്!! അതൊന്നും സാരമില്ല അഗസ്റ്റിന്‍. കഴിഞ്ഞത് കഴിഞ്ഞു."

ഒരേ ഒരു നിമിഷം. അഗസ്റ്റിന്‍റെ ഭാവം മാറി. അയാള്‍ പൊടുന്നനെ പറഞ്ഞു.

"കഴിഞ്ഞൂന്നോ... ന്ത് കഴിഞ്ഞൂന്ന്. അഗസ്റ്റിനു ഒന്നും കഴിഞ്ഞിട്ടില്ലടാ, തുടങ്ങീട്ടെ ഉള്ളൂ.

അയാളുടെ ആ വാക്കുകള്‍ക്ക് ദേവന്‍ മറിച്ചെന്തെങ്കിലും പറയും മുന്‍പ്, മുന്നില്‍ നിന്ന് തണുത്ത ഇരുമ്പിന്‍ കഷണമൊന്ന് അയാളുടെ വയറിലേയ്ക്ക് ആഞ്ഞിറങ്ങി. ദേവന്‍ അസഹ്യമായ വേദനയോടെ വയറില്‍ പൊത്തിപ്പിടിച്ചു. പുറത്ത് ബാക്കിയുണ്ടായിരുന്ന പിടിയില്‍ പിടിച്ചത് വലിച്ചൂരിയ അഗസ്റ്റിന്‍, കത്തിയും കൊണ്ട്, ദേവന്‍റെ തള്ളലില്‍ നിലത്തേയ്ക്ക് തെറിച്ചുവീണു.  ദേവന്‍റെ വയറിലൂടെ ഒഴുകിയ രക്തത്തുള്ളികള്‍ മഴവെള്ളത്തിനൊപ്പം അലിഞ്ഞിറങ്ങാന്‍ തുടങ്ങി.  അപ്പോഴേയ്ക്കും കനത്തു പെയ്ത മഴയ്ക്കിടയിലൂടെ അഗസ്റ്റിന്‍ എങ്ങോട്ടോ ഓടിമറഞ്ഞു.

ദേവന് ശരീരം ആകെ തളരുന്നത് പോലെ തോന്നി. എങ്കിലും, ധൈര്യം കൈവിടാതെ അയാള്‍ വാതില്‍ തുറന്നു വണ്ടിയുടെ പിന്‍സീറ്റില്‍ നിന്നും ഒരു തുണി വലിച്ചെടുത്ത് വയറില്‍ മുറുകെ കെട്ടി. പിന്നെ, പെട്ടെന്ന് കടന്നു സീറ്റിലേയ്ക്കിരുന്നു. അയാളെയും കൊണ്ടത് വളഞ്ഞുപുളഞ്ഞ് പുറത്തേയ്ക്ക് നീങ്ങി.
*******************
നന്ദനയും പാറുവും കന്യകയും പ്രഭാതഭക്ഷണം പോലും കഴിയ്ക്കാതെ ദേവന് വേണ്ടി കാത്തിരുന്നു. അതുവരെയും കാണാതായപ്പോള്‍, നന്ദനയ്ക്ക് ആകെ പരിഭ്രാന്തിയായി. അവള്‍ പാറുവിനോട് പറഞ്ഞു.

"ചെന്നു വിളിക്കടീ... അച്ഛന്‍റെ ഫോണിലേയ്ക്കൊന്നു വിളിയ്ക്കടീ ആരേലും...!!

നന്ദനയുടെ വാക്ക് കേട്ടിട്ടും ഒരു നിമിഷം പാറു അന്ധാളിച്ചു നിന്നു. പിന്നെ അവള്‍ പെട്ടെന്ന് സ്ഥലകാലം വന്നപോലെ അവിടുന്ന് തിരിയുമ്പോള്‍, കന്യക ദേവനെ വിളിച്ചു കഴിഞ്ഞിരുന്നു. അവളുടെ ഓരോ വിളിയും ദേവന്‍റെ നെഞ്ചില്‍ കിടന്നടിച്ചുകൊണ്ടിരുന്നു.

എങ്ങിനെയോ അയാള്‍ വണ്ടി ഓടിച്ച് ആശുപത്രിയുടെ പോര്‍ച്ചില്‍ എത്തി. വണ്ടി നിര്‍ത്തി വണ്ടിയില്‍ നിന്നും ദേവന്‍ പുറത്തേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും അയാള്‍ തളര്‍ന്നു നിലത്തേയ്ക്ക് വീണു. ജിയാസിനെയും കൊണ്ട് വന്ന പോലീസ് ജീപ്പും, അവര്‍ക്ക് ശേഷം ആശുപത്രിയിലേയ്ക്ക് വന്ന എസ്. ഐ. യുടെ ജീപ്പും അവിടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. നിലത്തേയ്ക്ക് വീഴുന്ന ദേവനെക്കണ്ട് എസ്. ഐ. യും രണ്ടുപോലിസുകാരും അവിടേയ്ക്ക് ഓടിവന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദേവന്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടു. എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്തെങ്കിലും ഇനി അറിയണം എങ്കില്‍ ദേവന്‍ കണ്ണു തുറക്കണം. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിന്‍റെ മുന്നില്‍ എസ്. ഐ. ഇടം വലം നടന്നു.

അപ്പോഴേയ്ക്കും ഒരു പി.സി അയാളുടെ   അരുകിലേയ്ക്ക് വന്നു. അയാള്‍ ഒരു സംശയം പോലെ ചോദിച്ചു.

"സാര്‍ ഇനി ആ അഗസ്റ്റിന്‍ വല്ലതും....????

പെട്ടെന്ന് ഓര്‍ത്തപോലെ അയാള്‍ പറഞ്ഞു. "പോ.... പൊയ്ക്കോ... അവനേം കൊണ്ടേ നിങ്ങള് തിരികെ വരാവൂ..."

പോലീസുകാര്‍ അവിടെനിന്നും തിരിയ്ക്കുമ്പോള്‍ തീയറ്ററിന്‍റെ വാതിലില്‍ നിന്നും ഒരു നഴ്സ് ബെല്ലടിച്ചുകൊണ്ടിരുന്ന ഒരു ഫോണ്‍ അയാളുടെ കൈയിലേയ്ക്ക് കൊടുത്തു. അതില്‍ ദേവനന്ദനം എന്നെഴുതിക്കാട്ടികൊണ്ടിരുന്നു. അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ചെവിയിലേയ്ക്ക് വച്ചു. എന്നിട്ട് "ഹലോ" ന്ന് വച്ചു.

"അമ്മേ... അച്ഛന്‍ ഫോണ്‍ എടുത്തു. ഹല്ലോ ന്നു വച്ചു. കന്യകയുടെ വാക്ക് കേട്ട് നന്ദന ഫോണിനരുകിലേയ്ക്ക് ഓടിച്ചെന്നു. ഫോണ്‍ വാങ്ങിയ അവള്‍ ആദ്യത്തെ സ്വരത്തോടെ തന്നെ അത് ദേവന്‍ അല്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അവള്‍ ചോദിച്ചു.

"ഹലോ... ആരാണ് നിങ്ങള്‍..?? ദേവേട്ടന്‍റെ ഫോണ്‍ അല്ലെ ഇത്...?

"ഉവ്വ്... ഞാന്‍ കക്കിചേരിയിലെ എസ്. ഐ. രാജശേഖര്‍ ആണ് സംസാരിക്കുന്നത്.. പേടിക്കണ്ടാ. ദേവന്‍ ഇവിടുണ്ട്..."

അതോടെ നന്ദനയ്ക്ക് ആശ്വാസമായി. അവള്‍ തുടര്‍ന്നു ചോദിച്ചു. "എന്തായി സാര്‍, ജിയാസ് മോളെ കണ്ടോ..?

"ഉവ്വ്... കണ്ടു. കുട്ടിയ്ക്ക് ചെറിയ ഒരു വിഷമം. ഇവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാ. നിങ്ങള്‍ കഴിയുമെങ്കില്‍ ആശുപത്രി വരെ ഒന്ന് വരുമോ..?

"അതിനെന്താ സാര്‍ വരാല്ലോ... ഓക്കെ..സാര്‍ ഓക്കെ..."

നന്ദന പെട്ടെന്ന് തന്നെ വസ്ത്രം മാറാന്‍ മുറിയിലേയ്ക്ക് പോയി. പോകാന്‍ നേരം അവള്‍ കന്യകയോട്‌ പറഞ്ഞു. "നീയും ഒരുങ്ങിക്കോളൂ കന്യൂട്ടി..."

അമ്മയുടെ വാക്ക് കേള്‍ക്കേണ്ട താമസം കന്യക തന്‍റെ മുറിയിലേയ്ക്ക് പാഞ്ഞു. നന്ദനയ്ക്കൊപ്പം തന്നെ അവളും വസ്ത്രം മാറി പുറത്തുവന്നു. പെട്ടെന്ന് തന്നെ പാറുവിനോട് യാത്ര പറഞ്ഞു അവര്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു. അമ്മയും കന്യകയും പോയതോടെ പാറു ആ വീട്ടില്‍ തനിച്ചായി എന്ന് വേണം പറയാന്‍. അടുക്കള ജോലിയില്‍ മുഴുകിയിരിക്കുകയാണ് പായിയമ്മ. മുന്‍വാതില്‍ ചാരി പാറു തന്‍റെ മുറിയിലേയ്ക്കോടി... കട്ടിലിലേയ്ക്ക് വീണ അവള്‍, തന്‍റെ വിലകൂടിയ ഫോണ്‍ എടുത്ത്  സേനന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല്‍ അവന്‍റെ ശബ്ദം കേട്ടതോടെ അവളുടെ കണ്ണുകള്‍ വികാരം കൊണ്ട് വിടര്‍ന്നു. അതുവരെ കട്ടിലില്‍ കമിഴ്ന്നുകിടന്ന പാറു ഒരു മറിച്ചിലോട് കൂടി നീണ്ടു നിവര്‍ന്നു കിടന്നു. അവളുടെ അംഗലാവണ്യം, കൊത്തിവച്ച കല്‍പ്രതിമ പോലെ തെളിഞ്ഞു കിടന്നു. മുറ്റത്ത്‌ വിരിഞ്ഞ പനിനീര്‍പ്പൂവിന്‍റെ സുഗന്ധം അവിടമാകെ ഒഴുകിനടന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ