നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 25
പിന്നെയും, സമയം ഏറെക്കഴിഞ്ഞിട്ടും പാറു കുളിമുറിയില്‍ നിന്നും പുറത്തുവന്നതേയില്ല. ദേവന്‍ പച്ചക്കറിതോട്ടത്തില്‍ നിന്നും വീട്ടിലേയ്ക്ക് കയറി. കന്യക അമ്മയ്ക്കൊപ്പം കുറേസമയം കൂടി പങ്കിട്ടിട്ട്, തങ്ങളുടെ മുറിയിലേയ്ക്ക് വന്നു. സമയം നന്നേ ഇരുണ്ടിരുന്നു. അവള്‍ കുളിമുറിയുടെ വാതില്‍ക്കലേയ്ക്ക് വന്ന് അതില്‍ ചെവി ചേര്‍ത്തുവച്ചു. ഉള്ളില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ അവള്‍ മെല്ലെ വാതിലില്‍ മുട്ടി. പിന്നെ സ്വരം താഴ്ത്തി വിളിച്ചു.
"പാറൂച്ചീ.... പാറൂച്ചി... എന്തെടുക്കുവാ അവിടെ..? എത്ര നേരായി...??? വിളിച്ചിട്ട് അവള്‍ മറുപടിയ്ക്കായി കാതോര്‍ത്തു നിന്നു.
കുളിമുറിയുടെ മൂലയില്‍ സര്‍വ്വതും നഷ്ടപ്പെട്ടുവെന്ന ചിന്തയില്‍ ചാരിനിന്നിരുന്ന പാറു ഒരു ഞെട്ടലോടെ കന്യകയുടെ വിളികേട്ടു. പെട്ടെന്നവള്‍ ധൈര്യം സംഭരിച്ചു മറുപടി പറഞ്ഞു.
"വരുന്നു പാറൂ... കഴിഞ്ഞൂ.... ദേ വരുന്നു ഞാന്‍...."
ചേച്ചിയുടെ മറുപടി കേട്ടതോടെ പാറു ഉത്സാഹത്തോടെ കിടക്കയിലേയ്ക്ക് വന്നിരുന്നു. അല്‍പ്പസമയം കൂടി കഴിയുമ്പോഴേയ്ക്കും പാറു കുളിമുറിയുടെ വാതില്‍ മെല്ലെ തുറന്നു. പാതിതുറന്ന വാതിലിന് പിന്നില്‍ അര്‍ദ്ധനഗ്നയായി നിന്ന് അവള്‍ അനിയത്തിയോട് മാറിയുടുക്കാന്‍ വസ്ത്രം ചോദിച്ചു. കന്യക പെട്ടെന്ന് തന്നെ കിടക്കവിട്ടെഴുന്നേറ്റ് ചേച്ചിയ്ക്കുള്ള വസ്ത്രങ്ങളും എടുത്തുകൊണ്ടു കുളിമുറിയുടെ വാതില്‍ക്കല്‍ ചെന്നു എന്നിട്ട് ചോദിച്ചു...
"ന്ത്.. പറ്റി ന്‍റെ ചേച്ചിയ്ക്ക്...??? മാറിയുടുക്കാനുള്ള വസ്ത്രം പോലും മറന്നിരിക്കുന്നു...."
പാറു അതിനു മറുപടി ഒന്നും പറയാതെ, കന്യകയുടെ കയ്യില്‍ നിന്നും വസ്ത്രങ്ങളും വാങ്ങി വീണ്ടും കതകടച്ചു. കന്യക വീണ്ടും കിടക്കയില്‍ വന്നിരുന്നു. അതിലിരുന്നവള്‍ ഈണത്തില്‍ പാടുകയും, കാലാട്ടുകയും ഒക്കെ ചെയ്തു. കുറച്ചുസമയം കൂടി കഴിയവേ പാറു പുതിയവസ്ത്രങ്ങളും ധരിച്ചു കുളിമുറിയില്‍ നിന്നും പുറത്തേയ്ക്ക് വന്നു. പിന്നെ കന്യകയുടെ മുന്നിലൂടെ അവള്‍ നിലക്കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു. അതുവരെ ദുഃഖം ഉള്ളിലൊതുക്കിപ്പിടിച്ചിരുന്ന അവള്‍ അതില്‍ സ്വന്തം മുഖം നോക്കുമ്പോഴേയ്ക്കും തേങ്ങിപ്പോയി. കന്യക ചേച്ചിയെ മെല്ലെമെല്ലെ ശ്രദ്ധിക്കാനും തുടങ്ങി. പാറുവിലെ മാറ്റം എപ്പോഴോ അവള്‍ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും താന്‍ ചേച്ചിയെ ഏതെങ്കിലും വിധേന സംശയിക്കുന്നുവെന്ന് ചേച്ചിയ്ക്കൊരിക്കലും തോന്നരുതെന്ന് മനസ്സുകൊണ്ടുറപ്പിച്ചുള്ള പെരുമാറ്റം ആയിരുന്നു അവളുടേത്. എങ്കിലും പാറുവിന്‍റെ ഒരു തേങ്ങല്‍ അവളുടെ സര്‍വ്വ നിയന്ത്രണവും തെറ്റിച്ചു. കിടക്കവിട്ടവള്‍ ഓടി ചേച്ചിയുടെ അടുത്തു ചെന്നു. പിന്നെ ബലം പിടിച്ച് അവളെ തന്നിലേയ്ക്ക് തിരിച്ചു. പാറുവിന്‍റെ നിറഞ്ഞ കണ്ണുകള്‍ നോക്കി അവള്‍ അക്ഷമയോടെ ചോദിച്ചു.
"എന്താ പാറൂച്ചി... ഇതിന്‍റെയൊക്കെയര്‍ത്ഥം...??
"എന്ത്....? കരച്ചിലോടെ പാറു ചോദിച്ചു.
"പിന്നെ... ന്താ വെറുതെ ആരേലും കരയുമോ...?? എന്നിട്ടവള്‍ പാറുവിന്‍റെ കണ്ണുകളില്‍ നോക്കിത്തന്നെ പറഞ്ഞു. "ന്‍റെ പാറൂച്ചി... ഒന്നും കന്യൂട്ടിയോട് ഒളിക്കണ്ട. ചേച്ചി ഇന്ന് കോളേജ് വിട്ടു പോയത് ഞാനറിഞ്ഞു. ആരോടൊപ്പമാണ് പാറൂച്ചി പോയേന്നും ഈ കന്യക്കറിയാം...!!!
കന്യകയുടെ വാക്കുകള്‍ നെഞ്ചില്‍ കുത്തിയിറങ്ങുമ്പോഴും പാറു ഒന്നും ഉരിയാടിയില്ല. കന്യക പലതവണ ചോദിച്ചിട്ടും പാറു ഒന്നും പറയാന്‍ കൂട്ടാക്കിയതും ഇല്ല. അതുകൊണ്ട് തന്നെ കന്യക സ്വയം കണ്ടുപിടിച്ചപോലെ പാറുവിനോട് പറഞ്ഞു.
"ന്‍റെ.. പാറൂച്ചി.. ചേച്ചിയെപ്പോലെ പ്രായോം, പക്വതേം ഒന്നും കന്യകയ്ക്കില്ലായിരിക്കാം. പക്ഷെ, ഓരോന്നിന്റെയും വരും വരായ്കകള്‍ നന്നായി എനിക്കറിയാം. ചേച്ചി എന്നോടിനി ഒന്നും പറയണ്ട. ചേച്ചി ഈ ബന്ധം തുടങ്ങുമ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ചേച്ചി... ഒരീസം, ഇതിലും സൗന്ദര്യോള്ളോരുത്തിയെക്കാണുമ്പോള്‍ അവന്‍ പോകുംന്ന്... നാടും വീടും അറിയാതെ എവിടെന്നോ വന്ന ഒരുത്തനെ ന്‍റെ ചേച്ചി സ്നേഹിയ്ക്കുക... ഒന്നും മനസ്സിലാവണില്യ ചേച്ചീ.. എനിക്കൊന്നും മനസ്സിലാവണില്യ. നമ്മളെ വളര്‍ത്തിയതില്‍ എവിടെയാ നമ്മുടെ പാവം അച്ഛനും അമ്മയ്ക്കും തെറ്റ് പറ്റീതെന്ന് ഒരുപിടീം കിട്ടണില്ല്യ. ഒന്നോര്‍ത്താല്‍ അവര്‍ക്കെവിടെയാ ചേച്ചീ തെറ്റീത്..?? എവിടേം തെറ്റിയിട്ടില്ല. തെറ്റീത് മുഴുവനും ചേച്ചിയ്ക്കാണ്. ഇനീപ്പോ, അവന്‍ പോയേല് പോകട്ടെ. നടന്നതൊന്നും ആരും അറിയണ്ട. ചേച്ചി എല്ലാം മറക്കണം. അച്ഛനും അമ്മേം ഇതൊന്നും അറിഞ്ഞാല്‍ പിന്നെ താങ്ങുകേല്ല. ശേഷിച്ച കാലോങ്കിലും പാവങ്ങള് സമാധാനത്തോടെ ജീവിച്ചോട്ടെ. അവരുടെ സമാധാനം നമ്മളായിട്ട് കെടുത്തണോ ചേച്ചീ... വേണ്ടാ. അതാ എന്‍റെ തീരുമാനം. ചേച്ചി കണ്ണു തുടച്ചേ. ഇത്തിരി താമസ്സിച്ചപ്പോള്‍ തന്നെ അമ്മയ്ക്ക് എത്ര സങ്കടായിന്നറിയ്യോ പാറൂച്ചി. ഇനി ഈ കണ്ണീരൂടി കണ്ടാല്‍ ആ പാവങ്ങള്‍ തകര്‍ന്നുപോകും...
കന്യകയുടെ വാക്കുകള്‍ കേട്ടു പാറു കണ്ണുകള്‍ മെല്ലെ തുടച്ചു. അതോടെ കന്യക പാറുവിനെ വിട്ടു മുറിയുടെ പുറത്തേയ്ക്ക് പോകാനായി തിരിഞ്ഞു. സ്വന്തം അനുജത്തിയുടെ വാക്കുകള്‍ക്ക് മുന്നില്‍ താന്‍ എത്രത്തോളം ചെറുതായി എന്നവള്‍ക്ക് മനസ്സിലായി. എത്രയോ തവണ ഹൃദയം നോവുന്ന വാക്കുകള്‍ കൊണ്ട് താന്‍ അവളെ ക്രൂരമായി ശകാരിച്ചു. അമ്മയോട് അവളെക്കുറിച്ച് എത്രത്തോളം കളവ് പറഞ്ഞിരിക്കുന്നു. എന്നിട്ടും അവള്‍..... അവള്‍.... എന്നെ....!!!! ഹൃദയവേദന താങ്ങാന്‍ കഴിയാതെ പാറു കന്യകയെ വിളിച്ചു.
"കന്യൂട്ടി.... ഈ ചേച്ചിയോട്..... നീ പൊറുക്കടീ.....മോളെ..."
മുറിവിട്ട് പുറത്തേയ്ക്ക് പോകുകയായിരുന്ന കന്യക തിരിഞ്ഞുനിന്നു. നിറകണ്ണുകളോടെ തന്‍റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പാറുവിന്‍റെ രൂപം അവളുടെ നെഞ്ചില്‍ പതിഞ്ഞ് കൊളുത്തിവലിച്ചു. പെട്ടെന്നവള്‍ പാറുവിനരുകിലേയ്ക്ക് നടന്നടുത്തു. ചേച്ചിയുടെ കരം പിടിച്ചവള്‍ സ്വന്തം മാറിലേയ്ക്ക് ചേര്‍ത്ത് പിടിച്ചു. പിന്നെ കന്യക എന്തെങ്കിലും ഉരിയാടും മുന്‍പേ പാറു അനുജത്തിയുടെ മാറിലേയ്ക്ക് മുഖമമര്‍ത്തി. കന്യക ചേച്ചിയെ കെട്ടിപ്പിടിച്ചു.
******************
പട്ടണത്തിലെ ഒഴിഞ്ഞൊരു കോണില്‍ അന്നത്തെ ദിവസം ആഘോഷിക്കുകയായിരുന്നു പനീറും സേനനും. പൊട്ടിച്ചുവച്ച മദ്യക്കുപ്പികള്‍ക്ക് മുന്നില്‍ തങ്ങളുടെ സന്തോഷം പരസ്പരം പങ്കുവയ്ക്കുന്നതിനിടയില്‍ പനീര്‍ തന്‍റെ ബുദ്ധി സേനനോട് പറഞ്ഞു.
"ഇത്തനനാളും ഊര് തെണ്ടി നാന്‍ എന്ന സമ്പാദിച്ചതെന്ന് എനക്കെ പുരിയിലടാ.. ഇപ്പൊ കടവുളാ കാട്ട്രതാണ്ടാ ഇന്തവഴി... കാലയിലിരുന്ത് സായന്തനം വരേയ്ക്കും വീടോരം നടന്ന നീ എന്ന സമ്പാദിച്ചടാ...??? ഇനി നമ്മ എന്നതുക്ക് യോസിക്കണം. യോസിക്ക തേവയെയില്‍ട്ര... അവള ഇനീം നമ്മ കൂപ്പിടണം... ഇനിമേ നമ്മ നെനയ്ക്കിന്ട്ര മാതിരിയേ അവള് നടക്കണം. അവള് പണം താടാ പണം...."
പനീറിന്‍റെ വാക്കുകള്‍ കേട്ടു സേനന്‍ പറഞ്ഞു.
"നീ നെനയ്ക്കിന്ട്ര മാതിരി അത് നടക്കുമാന്നു എനക്ക് തെരിയിലടാ. അവളപ്പടിപ്പെട്ട ഒരു പെണ്ണ് കെടയാത്...."
"ഏടാ...സെന്റിമെന്ടാ.....അവളമ്മ പോട്ട ശാപ്പാട് സെന്ടിമെന്ടാ...." പറഞ്ഞിട്ടവന്‍ പൊട്ടിച്ചിരിച്ചു. പിന്നെ അവനെത്തന്നെ നോക്കിയിരുന്ന സേനനോട് വീണ്ടും പറഞ്ഞു.
"ഹേയ്..! ഒണ്ണ്‍മാകാത് ... യാര്‍ക്കിട്ടേടാ..?? യാര്‍ക്കിട്ട ചൊല്ലൂടാ അന്ത പൊണ്ണ്‍... യാര്‍ക്കിട്ടേം സൊല്ലാത്. ഒനക്ക് പെണ്ണെപ്പറ്റി തെരിയാത്... അതാം നീയിപ്പടി കവലപ്പെടറെ...
സേനന്‍ അവന്‍റെ വാക്കുകള്‍ എല്ലാം മൂളിമൂളികേട്ടു. ഒടുവില്‍, കള്ളിന്‍റെ ലഹരിയില്‍ ആരും കാണാത്ത ആ കല്‍പ്പടവിനടിയില്‍ ഇരുന്ന് അവര്‍ ഇങ്ങനെ ഉരുവിട്ടുകൊണ്ട് തളര്‍ന്നുകിടന്നു.
"കൂപ്പിടണം... അവള ഇനീം കൂപ്പിടണം...അവളവച്ച് എനക്ക് സമ്പാദിക്കണം... നെറെ സമ്പാദിക്കണം.."
**********************
പിന്നെയും മൂന്നു നാല് ദിനങ്ങള്‍ മിന്നിമറഞ്ഞു. കക്കിചേരിയില്‍ ജിയാസ്സും അഗസ്റ്റിനും ഒക്കെ ഒരോര്‍മ്മ മാത്രമായി മാറുന്നു. എസ്. ഐ. രാജശേഖര്‍ അസ്വസ്ഥനായിത്തന്നെ കാണപ്പെട്ടു. ഇന്ദിരയുടെ ദുഃഖം ആരും കണ്ടതേയില്ല. കണ്മുന്നില്‍ പൊന്നുമകള്‍ മരണത്തിലേയ്ക്ക് പതിയ്ക്കുന്ന കാഴ്ച കണ്ട ആ അമ്മ സമനിലതെറ്റിയപോലെ ജീവിക്കാന്‍ തുടങ്ങി. ഒടുവില്‍, കക്കിചേരിയിലെ ദേവിയുടെ മുന്നില്‍ അവര്‍ സര്‍വതും അര്‍പ്പിച്ചു. ചുവന്ന പട്ടുകൊണ്ട് മൂടിയ ദേവിയും കൈനിറയെ കാണിക്ക ഇടുന്നവരെ സ്നേഹിയ്ക്കാന്‍ തുടങ്ങിയോ എന്നുമറിയില്ല. ജിയാസ്സിന്‍റെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ പിടിക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു. കക്കിചേരിയിലെ നല്ലവരായ ഒരു കൂട്ടം ജനങ്ങള്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും സമരവുമായി മുന്നോട്ടു തന്നെ പോയി.
***********************
ദിനങ്ങള്‍ ഓരോന്നും കൊഴിഞ്ഞുവീണു. കന്യകയും പാറുവും വീണ്ടും തങ്ങളുടെ പഠനം തുടര്‍ന്നു. ഉള്ളു കത്തുമ്പോഴും, അതിന്‍റെ നീറ്റലില്‍ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴും പാറു സങ്കടം ഉള്ളില്‍ തന്നെ കടിച്ചമര്‍ത്തി. മറക്കാന്‍ മനസ്സനുവദിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ആ ദിനം അവളെ ഒരിക്കലും വിട്ടു പിരിയില്ല എന്നവള്‍ ഉറപ്പിച്ചിരുന്നു. മനസ്സില്‍ നെയ്തെടുത്ത വിചാരങ്ങള്‍ അവളില്‍ത്തന്നെയവള്‍ അടക്കിയിട്ടു. തന്‍റെ മരണം സംഭവിച്ചാലും ആരോടും തനിക്കു സംഭവിച്ചത് ഒന്നും പറയരുതെന്ന് അവള്‍ ഉറപ്പിച്ചു തന്നെ ജീവിച്ചു. കാരണം ഒടുവില്‍, അവന്‍ പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ എഴുതിവച്ചപോലെ മനസ്സുകൊണ്ട് അവള്‍ ഉച്ചരിച്ചുകൊണ്ടേയിരുന്നു.
"..........ഇന്ത മാറ്റര്‍ ഇങ്കെ മുടിയണം. ഇങ്കെ. ഇന്ത റൂമുക്കുള്ളെ..!! ഇതുക്ക് മേലെ യാര്‍ക്കാവത് ഇന്ത മാറ്റര്‍ തെരിഞ്ചാ.. അവളതാന്‍....ഇന്ത എടത്തില് നീ മട്ടുമലൈ. അന്ത ചിന്നപൊണ്ണ്‍... ഓന്‍ തങ്കച്ചി. അവളും ഇങ്ക വരുവേ...അല്ലെങ്കില്‍ പനീര്‍ വരുത്തുവേം..!!"...
ക്ലാസ്സിലിരുന്നവള്‍ അതോര്‍ത്ത് ഒന്ന് ഞെട്ടി. തന്‍റെ പൊന്നനുജത്തി... തന്‍റെ പരമ്പരയിലെ ഇപ്പോഴത്തെ അവസാന കന്യക. പതിവ്രതയായ ഒരു ഭാര്യയായി ഭര്‍ത്താവിന്‍റെ കൈപിടിക്കും വരെ അവള്‍ കന്യക തന്നെയായിരിക്കണം. അതിനിനി ഈ പാറൂന്‍റെ ജന്മം തുലഞ്ഞാലും....
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ