നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ....7
തന്‍റെ, മുന്നിലടഞ്ഞ വാതിലിന് പിന്നില്‍ നിന്നു ദേവന്‍ വിയര്‍ത്തു. അയാള്‍ വിറയ്ക്കുന്ന കരങ്ങള്‍ നെറ്റിയില്‍ വച്ചുകൊണ്ട് അരുകില്‍ കിടന്ന കസേരയിലേയ്ക്കിരുന്നു. അതുവരെ, നിലത്ത് വീണയിടത്തിരുന്ന ഇന്ദിര, എഴുന്നേറ്റ് ദേവന്‍റെ അരുകിലേയ്ക്ക് ഓടിയണഞ്ഞു. അയാളുടെ മുന്നില്‍, പാദങ്ങളില്‍ പിടിച്ചുകൊണ്ടു അവര്‍ നിലത്തേയ്ക്കിരുന്നു. വിറയ്ക്കുന്ന സ്വരത്തോടെ, അവര്‍ ചോദിച്ചു.
"ദേവേട്ടാ...!! ഇനിയിപ്പോള്‍ നമ്മളെന്താ ചെയ്ക. എല്ലാം കൈയീന്ന് പോയി ദേവേട്ടാ... ല്ലാം തുലച്ചു അയാള്‍..!!!
എല്ലാം കണ്ടും കേട്ടുമിരുന്ന ജിയാസ് നീണ്ടുനിവര്‍ന്ന സോഫയിലേയ്ക്കു കിടന്നു. അവളുടെ തേങ്ങലില്‍, ഇന്ദിരയുടെ നെഞ്ചം തകര്‍ന്ന ആ കുറുകലില്‍, ആ മുറിയുടെ ഭിത്തികള്‍ വിറയ്ക്കുന്നത് പോലെ തോന്നി ദേവന്. പുറത്തെ സംസാരം അയാള്‍ക്ക് വ്യക്തമായി കേള്‍ക്കാം. പട്ടാപകല്‍ അമ്മയും, മകളുമൊപ്പം കിടപ്പറ പങ്കിട്ടവനെ കണ്ടുപിടിച്ച്, അകത്തുപൂട്ടിയിട്ട വീരനെപ്പോലെ അഗസ്റ്റിന്‍ നാട്ടാരുടെ ഇടയില്‍ ഒട്ടും ലജ്ജയില്ലാതെ നിവര്‍ന്നുനിന്നു. ശരിക്കും അവിടെ നടന്നതെന്തെന്നറിയാന്‍ പോലും താല്പ്പര്യമില്ലാതെ അയാള്‍ക്കും ചുറ്റും നിന്ന ചിലര്‍ പറഞ്ഞു.
"കുറെ നാളായിട്ടുണ്ടാകും ഇത് തുടങ്ങീട്ട്... ഇപ്പോഴെങ്കിലും നിങ്ങള് കണ്ടത് നന്നായി..!!
"ആദ്യം അമ്മയെ വച്ചോണ്ടിരുന്നിട്ടുണ്ടാകും അവന്‍. പിന്നെ നിവര്‍ത്തിയില്ലാണ്ട് മോളും കിടന്നുകൊടുത്തിട്ടുണ്ടാകും...."
"അല്ലപ്പാ... ഞാനോര്‍ക്കുവായിരുന്നേ...!!! ഇവന്‍റെയൊക്കെ ഒരു ഭാഗ്യം നോക്കണേ..?? നമ്മളൊക്കെ എത്രയാ പലയിടത്തും ശ്രമിച്ചേ... ങ്ങൂ..ങ്ങ്..."
"പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കില്ല..." ഇതായിരുന്നു മറ്റൊരുവന്‍റെ കമന്റ്. അതുകേട്ട അഗസ്റ്റിന്‍ അവനെ തിരിഞ്ഞു നോക്കി പറഞ്ഞു.
"അതേ... ബ്രഹ്മന്‍ തടുക്കില്ല. പക്ഷെ ഈ അഗസ്റ്റിന്‍ തടുക്കും..." അതാ ഇത്. കണ്ടില്ലേ..? അയാള്‍ തന്‍റെ തള്ളവിരല്‍ പിറകിലേയ്ക്ക്, അടച്ചിട്ടിരിക്കുന്ന വീട്ടിലേയ്ക്ക് ചലിപ്പിച്ച് കാണിച്ചുകൊണ്ട് പറഞ്ഞു. പുരുഷന്മാര്‍ മുറുമുറുത്തുകൊണ്ടിരുന്നു. സ്ത്രീകള്‍ ആ വീടിന്‍റെ വശങ്ങളില്‍ താണ്ടിയ്ക്കും, മൂക്കത്തും വിരല്‍ വച്ച് നിന്നു കുശുകുശുത്തു.
"ന്നാലും... ഈ അമ്മേടേം, മോളുടെം ഒരു ധൈര്യേ... അതും ഒരുത്തന്‍, ഒരു സമയത്ത്..!!!
ദേവന്‍ നെറ്റിമേല്‍ വച്ചിരുന്ന കൈയെടുത്തു. പെട്ടെന്നെന്തോ ഓര്‍ത്തപോലെ, അയാള്‍ ഉടുപ്പിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ കൈയിലെടുത്തു. ഇന്ദിര എന്തുചെയ്യാന്‍ എന്ന ഭാവത്തില്‍ അയാളെ നോക്കി. അപ്പോള്‍ ദേവന്‍ ദയനീയതയോടെ അവളെ നോക്കി പറഞ്ഞു.
"എന്‍റെ മുന്നില്‍ ഇനി വേറെ വഴിയില്ലാഞ്ഞിട്ടാ...!!!"
അവള്‍ നിറകണ്ണുകളോടെ, അയാളെ നോക്കി തലകുലുക്കി. നേരം അല്‍പ്പം മുന്നിലേയ്ക്ക് നടന്നു. ആള്‍ക്കൂട്ടത്തിലൊരുവന്‍ അപ്പോഴേയ്ക്കും മുന്നിലേയ്ക്ക് വന്നു. എന്നിട്ടവന്‍ കൂടിനിന്നവരോടായി ചോദിച്ചു.
"എന്താ... എന്ത് ചെയ്യാനാ ഇനിയിപ്പോ പ്ലാന്‍..???
അപ്പോള്‍ പെട്ടെന്നൊരുവന്‍ പറഞ്ഞു. "എന്ത് പ്ലാന്‍..?? തുറക്കുക. എന്നിട്ട് ശരിക്കങ്ങട് പൂശുക. എന്നിട്ട് പോലീസില്‍ കൊടുക്കുക, നായിന്‍റെമോനെ..!!!അല്ലാണ്ട് പിന്നെങ്ങനെയാ...???
അപ്പോഴേയ്ക്കും അവിടെ കൂടിനിന്നവരുടെ ഇടയിലേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്ന അവരെ നോക്കി അവന്‍ ചോദിച്ചു.
"പോലിസിനെ വിളിക്കുകേം, അടിക്കാനും പിടിക്കാനും ഉള്ള തീരുമാനം എടുക്കാന്‍ വരുന്നതിന് മുന്നേ ഞാന്‍ ഒന്ന് ചോദിക്കട്ടെ...??
എന്താ ചോദിച്ചാട്ടെ എന്ന മുഖത്തോടെ അഗസ്റ്റിന്‍ അവന് നേരെ തിരിഞ്ഞു. അവനെ കണ്ട അയാള്‍ പുശ്ചത്തോടെ പറഞ്ഞു.
"ഓഹോ... നീയായിരുന്നോ..? ഇതെന്‍റെ കുടുംബപ്രശ്നാ.. ഇവിടെ നിന്‍റെ രാഷ്ട്രീയം വേണ്ടാ..!!!
"അത് താന്‍ മാത്രം തീരുമാനിച്ചാല്‍ മതിയോ..?
"മതി. ഞാന്‍ മാത്രം തീരുമാനിച്ചാല്‍ മതി...!! അവന്‍റെ സ്വരം ഉറച്ചതായിരുന്നു. പക്ഷെ, അപ്പോഴേയ്ക്കും, ഇതിനിടയില്‍ ആരോ വിളിച്ചറിയിച്ചറിഞ്ഞപോലെ പോലിസ് അഗസ്റ്റിന്‍റെ വീട്ടുമുറ്റത്തേയ്ക്ക് വന്നുകയറി. ആളുകള്‍ പതിയെപതിയെ ഓരം മാറി. അതിനിടയിലൂടെ അത് പതിയെ മുറ്റത്ത്, ദേവന്‍റെ കാറിന് പിന്നിലായി വന്നു നിന്നു. ആ ചെറുപ്പക്കാരന്‍ അതോടെ ആള്‍ക്കൂട്ടത്തിലേയ്ക്ക് മറഞ്ഞു. ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ എസ്.ഐ രാജശേഖര്‍ അവിടെ കൂടിനിന്നവരെ ലാത്തിവീശി വിരട്ടിക്കൊണ്ട് പറഞ്ഞു.
"മാറി നില്‍ക്കിനെടാ ചെറ്റകളെ...!!! സ്വന്തം വീട്ടിലാണിത് നടന്നതെങ്കില്‍ നീയൊക്കെ ഇങ്ങനെ കൂടിനില്‍ക്കുമോടാ കഴുവേറീമോന്മാരെ... !! ഒരു ഭ്രാന്തനെപ്പോലെ അയാള്‍ ആ മുറ്റത്തുനിന്നു അലറിവിളിച്ചു. കൂടിനിന്നവരും കണ്ടുനിന്നവരും അന്തംവിട്ട് നിന്നു. പെണ്ണുങ്ങള്‍ മൂക്കത്ത് വിരലുവച്ചു. അവര്‍ സ്വയം മുറുമുറുത്തു. "ഇതെന്താപ്പാ.. ഇപ്പോള്‍??? വാദി പ്രതിയായോ?
പെട്ടെന്നതിലൊരു പോലീസുകാരന്‍ ആള്‍ക്കൂട്ടത്തിന്‍റെ മുന്നിലേയ്ക്ക് നടന്നു. സദാചാരക്കാര്‍ കൂട്ടത്തോടെ, ഒരു മൂളലോടെ പിന്നിലേയ്ക്ക് നീങ്ങി. മഴനനഞ്ഞ മണ്ണില്‍ അയാള്‍ തന്‍റെ കൈയിലിരുന്ന ലാത്തി കുത്തിയിറക്കി. പിന്നെ ഉയര്‍ന്നു തിരപോലെ മറിഞ്ഞുകൊണ്ടിരുന്ന പുരുഷാരത്തെ നോക്കി വിളിച്ചുപറഞ്ഞു.
"ഞാനീ കുത്തിയ ലാത്തികടന്നൊരുവന്‍ ഇപ്പുറം കടന്നാല്‍.....!!! "
അതോടെ ജീപ്പിനിരുവശവും ശക്തമായ നിശബ്ദത പടരാന്‍ തുടങ്ങി... പെട്ടെന്ന് ഒരു പോലീസുകാരന്‍ ഇതെല്ലാം കണ്ടു ഭയന്നു നില്‍ക്കുകയായിരുന്ന അഗസ്റ്റിനെ എസ്.ഐ രാജശേഖറിന്‍റെ മുന്നിലേയ്ക്ക് തള്ളിക്കൊണ്ട് പറഞ്ഞു.
"മാറിനില്‍ക്കടാ... അങ്ങോട്ട്...!!!
അഗസ്റ്റിന്‍ വിറച്ചുകൊണ്ട് എസ്.ഐ.യുടെ മുന്നിലേയ്ക്ക് നിന്നു. എസ്.ഐ. കൈയിലിരുന്ന ലാത്തിയുടെ തുമ്പ് കൈവെള്ളയ്ക്കുള്ളില്‍ തിരുകുന്ന സ്വരം അഗസ്റ്റിന് കേള്‍ക്കാം. അയാളുടെ മുട്ടോളം ഇറങ്ങിക്കിടന്ന അടിവസ്ത്രം പതിയെ നനയാന്‍ തുടങ്ങി. കുറച്ചുകൂടി അഗസ്റ്റിന്‍റെ മുന്നിലേയ്ക്ക് നീങ്ങിനിന്ന് രാജശേഖര്‍ ചോദിച്ചു.
"എന്താടാ... നീയിവിടെ കണ്ടത്...???
എസ്. ഐ. രാജശേഖറിന്‍റെ കത്തുന്ന കണ്ണുകള്‍ക്ക് മുന്നില്‍, ഒരു തോക്കിന്‍ കുഴലിന്‍ മുന്‍പില്‍ എന്നപോലെ അഗസ്റ്റിന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. മഴയുടെ തണുപ്പും, നെഞ്ചുരുക്കുന്ന ഭയവും കൊണ്ട് അയാളുടെ തൊണ്ട വരണ്ടു. ഇത്രയും നേരം ദേവന്‍റെ മുന്നിലും, അവിടെ കൂടിയിരുന്ന പുരുഷാരത്തിന്‍റെ മുന്നിലും നല്ല വാക്കുകളെപ്പോലും യഥേഷ്ടം വ്യഭിചരിച്ചു രസിച്ച അയാള്‍, വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ