2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....4

വഴിയാത്രക്കാരിലും മഴയെ പ്രണയിച്ചവര്‍ ഉണ്ടായിരുന്നു. ആര്‍ത്തുപെയ്യുന്ന മഴയിലൂടെ വസ്ത്രങ്ങള്‍ ഓരോന്നും ശരീരത്തിനോട്‌ ഒട്ടിച്ചേര്‍ന്നു... അവര്‍ നടന്നത് അയാളുടെ മനസ്സിനൊപ്പമായിരുന്നു. ഇതുവരെ, ആണിനെ അറിയാത്ത ചില  ശരീരവടിവുകള്‍ അയാള്‍ക്ക്‌ മനപാഠമായിരുന്നു.  ഇരുണ്ടവെളിച്ചത്തില്‍ അടച്ചിട്ട ശീതീകരണമുറിയില്‍ ഐസ്ക്യൂബുമായി ഉരുകിചേര്‍ന്നുകൊണ്ടിരുന്ന മദ്യഗ്ലാസുകളിലേയ്ക്ക് കണ്ണുംനട്ടിരിക്കുന്ന ഉന്മാദനായ ഒരാണിനെപ്പോലെ, അയാളുടെ കണ്ണുകളും അവരുടെ ഓരോ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. അയാളെ തിരിഞ്ഞുനോക്കുന്നവരോട് തികഞ്ഞ ഭവ്യതയില്‍ അയാള്‍ കൈനീട്ടും...

"അമ്മെ..!! ആരോരും ഇല്ലാത്തവനാ... വല്ലതും തരണേ..!!!

ചിലര്‍ കൈയില്‍ തട്ടുന്ന നാണയത്തുട്ടുകളുമായി അയാള്‍ക്ക്‌ മുന്നില്‍ വിരിച്ചിട്ട തോര്‍ത്തിലേയ്ക്ക് കുനിയും... കത്തുന്ന കണ്ണുമായി അയാളുടെ ദൃഷ്ടി എവിടെയോ പാഞ്ഞുനടക്കും... ജിയാസും അതിലൊരാളായിരുന്നു.  പതിവായി അയാളുടെ മുന്നില്‍ നാണയത്തുട്ടുകള്‍ സ്നേഹത്തോടെ വച്ചുനീട്ടുന്ന അവളെ അയാള്‍ക്കു ശരിക്കും ഇഷ്ടമായിരുന്നു. ഒരു നിരാലംബനെ സഹായിക്കുന്ന അവളുടെ മനസ്സും സഞ്ചരിച്ചത് വ്യത്യസ്തമായ തലങ്ങളിലൂടെ ആയിരുന്നു...

അരുകിലലിയുന്ന സ്വരങ്ങളെ തിരിച്ചറിയാതെ, കാതുകളില്‍ കച്ചേരിയുമായി നടന്നു നീങ്ങിയവരും ഉണ്ടായിരുന്നു. സംഗീതത്തിന്‍റെ ലഹരി നുണഞ്ഞ് നടക്കുന്നവര്‍. അരുകില്‍ കൈനീട്ടുന്നവരെ, റോഡില്‍ വീണുകിടക്കുന്നവരെ, മഞ്ഞിലും മഴയിലും നനഞ്ഞൊട്ടി വിറച്ചുനടന്നിരുന്നവരെ അവര്‍ കണ്ടിരുന്നതേയില്ല. ആര്‍ക്കും പുണ്യം ചെയ്യാത്തവരെ ഈശ്വരന്‍ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.  സ്നേഹിച്ചവരെ മാത്രം അദേഹം ഉറ്റുനോക്കിയിരുന്നു. അവരുടെ പ്രവൃത്തികളിലെ കുറ്റവും കുറവും അടിയ്ക്കടി അവരെ അറിയിച്ചുകൊണ്ടുമിരുന്നു. ആഴങ്ങളില്‍ നിന്നും ഉയര്‍ച്ചകളിലേയ്ക്കും, വീണ്ടും ആഴങ്ങളിലേയ്ക്കും അവര്‍ പതിച്ചുകൊണ്ടിരുന്നു. മലഞ്ചരിവുകളില്‍, വൃക്ഷങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന വലിയ പല്ലികളെപ്പോലെ, അവര്‍ നടുവളച്ചു, കാലുകള്‍ മന്ദംമന്ദം ചലിപ്പിച്ചു മുകളിലേയ്ക്ക് ഇഴഞ്ഞുകൊണ്ടിരുന്നു.....

ഇടവപ്പാതി അന്ന് തകര്‍ത്തുപെയ്തു. മലകളില്‍ നിന്നും വെളുത്ത ജലം താഴേയ്ക്ക് പതിയ്ക്കാന്‍ തുടങ്ങി. ഇലകള്‍ നനഞ്ഞു കുളിച്ച്, ഈറനണിഞ്ഞ പെണ്‍കിടാവിനെപ്പോലെ മുടിയിഴകളിലൂടെ ഊര്‍ന്നുവീഴുന്ന ജലകണങ്ങളുമായി നിന്നു. തെരുവോരങ്ങള്‍ ഒഴുകിയൊലിക്കാന്‍ തുടങ്ങി. വഴിവക്കിലെ വാതായനങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി നിന്നു. ചരിഞ്ഞ മേല്‍ക്കൂരകളിലെ ജലം ആര്‍ത്തുചിരിച്ച് അയാളുടെ ദേഹത്തേയ്ക്ക് പതിയ്ക്കാന്‍ തുടങ്ങി. അഴുക്കുപുരണ്ട അയാളുടെ വസ്ത്രങ്ങളിലെ ദുര്‍ഗന്ധം അലിഞ്ഞുതുടങ്ങി.  ശരീരവടിവുകളിലൂടെ ഒഴുകി വന്ന ജലം അയാളുടെ ശരീരം തണുപ്പിച്ചു. പതിഞ്ഞുവീശിയ കാറ്റിലയാളുടെ രോമകൂപങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. കണ്പീലികളില്‍ വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ചിരുന്നു. അവയ്ക്കിടയിലൂടെ അയാള്‍ കാഴ്ചകളെ ആസ്വദിച്ചു. വഴിയാത്രക്കാരുടെ ഒട്ടിച്ചേര്‍ന്ന വസ്ത്രങ്ങളിലൂടെ അവരെ അയാള്‍ കണ്ണുകള്‍ കൊണ്ട് വ്യഭിചരിച്ചു...

മഴയത്ത് വസ്ത്രങ്ങള്‍ നനഞ്ഞ് ഒട്ടി വിറങ്ങലിച്ച അയാളുടെ അരുകിലേയ്ക്ക് പതിവ്പോലെ അവള്‍ വന്നു. അയാളുടെ മുന്നില്‍ കുനിഞ്ഞ്, കണ്ണുകള്‍ക്ക്‌ മുകളില്‍ കൈവെള്ള വച്ച് ജിയാസ് ആകാശത്തേയ്ക്ക് നോക്കിപ്പറഞ്ഞു.

"ഇന്ന് മഴ തോരണ ലക്ഷണം ഇല്ല്യ.... ഞാന്‍ സഹായിക്കാം. ഇവിടുന്ന് മാറിനിന്നോള്ളൂ..."

സ്നേഹത്തോടെയുള്ള അവളുടെ വാക്കുകള്‍ക്ക് അയാള്‍ മറുപടി പറഞ്ഞു.

"ബുദ്ധിമുട്ടാവും... ദേഹം മുഴുവന്‍ അഴുക്കാണ്. പോരാത്തതിന് ഈ മഴയും.." ചിരിക്കുമ്പോള്‍ അയാളുടെ പല്ലുകളില്‍ വെളുപ്പ്‌ ഉണ്ടായിരുന്നില്ല. നിലത്ത് നനഞ്ഞ് ഒട്ടിക്കിടന്നിരുന്ന തുണിക്കഷണം ചുരുട്ടി അയാള്‍ ഒരു കൈയില്‍ പിടിച്ചു. മറുകൈകൊണ്ട് അവള്‍ നീട്ടിയ കൈയിലേയ്ക്കയാള്‍ പിടിച്ചു. മുന്നിലേയ്ക്ക് നടക്കുമ്പോള്‍ അയാളുടെ ചലനങ്ങള്‍ പോലും പതിയെയായിരുന്നു. അവളോടൊപ്പം കുനിഞ്ഞു നടന്നിരുന്ന അയാള്‍ മുന്നിലേയ്ക്ക് പോകുംതോറും പരിണാമം വന്ന വാനരനെപ്പോലെ നിവര്‍ന്നുതുടങ്ങി. അയാള്‍ ചൂണ്ടിക്കാട്ടിയ വഴികളിലൂടെ അവള്‍ നടന്നു. വിജനമായ, ഇരുവശങ്ങളിലും വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നുമൂടിയ ഒരിടം ചൂണ്ടിക്കാട്ടി അയാള്‍ വിറയാര്‍ന്ന സ്വരത്തോടെ പറഞ്ഞു.

"അവിടെയാണ്... അവിടെയാണെന്‍റെ കൊട്ടാരം..."

അവള്‍ക്കാശ്ചര്യമായിരുന്നു. സ്നേഹത്തോടെ അവള്‍ ചോദിച്ചു. "അവിടെയൊ..?? ആ പടര്‍പ്പുകള്‍ക്കിടയിലോ..????

"അതെ... "

അവള്‍ അയാളെ കൈപിടിച്ച് അവിടേയ്ക്ക് കൊണ്ടുപോയി. ഒരാള്‍ക്കുമാത്രം നടന്നുപോകാവുന്ന വഴിയിലൂടെ, നനഞ്ഞു കുതിര്‍ന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അവിടെയെത്തിയ അവളെ, റോസാപ്പൂക്കളുടെ ഗന്ധമുള്ള അവളെ, അത്രത്തോളം മൃദുലമായ അവളുടെ കൈകളെ വിടാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല... അവള്‍ കൈവിടുവിക്കാന്‍ ഒരു ശ്രമം നടത്തി. തളര്‍ന്ന അയാളുടെ കൈകള്‍ക്ക് ഇത്രയും ശക്തിയുണ്ടോ..?? ഒരേയൊരു നോട്ടം അയാളുടെ കണ്ണുകളിലെ കത്തുന്ന കാമം അവള്‍ തിരിച്ചറിഞ്ഞു. വള്ളിപ്പടര്‍പ്പുകള്‍ ഇളകിയാടി. ഇരുണ്ടമാനത്ത് നിന്നും അപ്പോഴും കനംവച്ച നീര്‍ത്തുള്ളികള്‍ അവര്‍ക്ക് മേലെ പതിച്ചുകൊണ്ടിരുന്നു. അവ്യക്തമായ ഞരക്കത്തോടെ അയാള്‍ അവളിലേയ്ക്ക് ഒരു പേമാരിയായി പെയ്തിറങ്ങി. അവളുടെ ശരീരത്തില്‍ കുത്തിയൊലിച്ച മഴവെള്ളം മഴച്ചാലുകള്‍ തീര്‍ത്തു. അവളുടെ കാലുകളിലൂടെ ഒലിച്ചിറങ്ങിയ രക്തം മണ്ണില്‍ മഴവീണ് തെളിഞ്ഞുനിന്ന കുഞ്ഞുകല്ലുകളിലൂടെ പടര്‍ന്നിറങ്ങി. ബോധം മറഞ്ഞ അവളില്‍, ഇടയ്ക്ക് തോര്‍ന്നു പിന്നെയും പെയ്ത മഴപോലെ... പുലരിവരെ അയാള്‍ പെയ്തുകൊണ്ടേയിരുന്നു.

ബോധം വരുമ്പോള്‍ മാനം തെളിഞ്ഞുനിന്നു. അവളുടെ ശരീരമാകെ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരുന്നു... വസ്ത്രങ്ങള്‍ ഈറന്‍മാറിത്തുടങ്ങി. വ്യസനത്തോടെ, എഴുന്നേറ്റ് നിവര്‍ന്നുനിന്ന് അവള്‍ ചിന്തിച്ചു. ഇനി എങ്ങോട്ടാണ് ഒരു യാത്ര... ആരെ സഹായിക്കണം.?? എവിടെനിന്ന് തുടങ്ങണം...??? ഒന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. നെഞ്ചിലും തുടകളിലും വസ്ത്രങ്ങളിലും രക്തത്തുള്ളികള്‍ ഉണങ്ങി പറ്റിപ്പിടിച്ചിരുന്നു. കൈവിരലുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ മാറ്റി, ശരീരത്തിലെ ഓരോ മാറ്റവും അവള്‍ നോക്കിയുറപ്പിച്ചു.  വീശിയ ശീതക്കാറ്റില്‍, അകലെയെങ്ങോ അനാഥമായി പാടുന്ന ഒരു  മഴയുടെ സംഗീതം ജിയാസ് കേട്ടു. വഴിയാത്രക്കാര്‍ക്കിടയിലൂടെ തന്നെ തേടിനടന്നവരുടെ തേങ്ങലിലലിഞ്ഞ വിളികള്‍ അവള്‍ കേട്ടു..... വള്ളിപ്പടര്‍പ്പുകള്‍ക്കരുകിലൂടെ ഒഴുകിയ ഒരു അരുവിയുടെ സ്വരം അവള്‍ കേട്ടു. ആരുമറിയാത്ത അതിന്‍റെ കടവുകളില്‍ ഒന്നില്‍ ജിയാസ് മുങ്ങിനിവര്‍ന്നു......

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ