2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....6

ഇരുപ്പിടത്തില്‍ കരഞ്ഞുകൊണ്ടിരുന്ന ഇന്ദിര മെല്ലെ എഴുന്നേറ്റു. അവള്‍, മകളെ നെഞ്ചോട്‌ ചേര്‍ത്തണച്ച് നിന്നിരുന്ന ദേവനരുകിലേയ്ക്ക് വന്നു. നിറഞ്ഞ മിഴികളോടെ അവള്‍ അയാളോട് ചോദിച്ചു.

"ദേവേട്ടാ... ഇനി.. എന്താ ചെയ്ക..? എനിക്കാകെ പേടിയാവുണൂ...!!

ദേവന്‍ അവളെ ഒന്ന് നോക്കി. തന്‍റെ വലതുകരം അവളുടെ നെറുകയില്‍ വച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

"നീയൊന്ന് ക്ഷമിക്ക്, ഞാനൊന്ന് ചിന്തിക്കട്ടെ...!!!

അവള്‍ അയാളുടെ കൈകളില്‍ മുറുകെപ്പിടിച്ചു. ദേവന്‍ ഒന്നും ചിന്തിക്കാതെ അവളെയും തന്നിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി.

പെട്ടെന്ന് അവര്‍ വെളിച്ചത്തിലേയ്ക്ക് എടുത്തെറിയപ്പെട്ടപോലെ മുറിയാകെ വെളിച്ചം വീണു. ദേവനില്‍ നിന്നും മുഖമുയര്‍ത്തിയ ഇന്ദിര, മുന്നില്‍ മഴ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന അഗസ്റ്റിനെക്കണ്ട് പെട്ടെന്ന് അയാളില്‍ നിന്നും അടര്‍ന്നുമാറി. ജിയാസ് ദേവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് തന്നെ നിന്നു. ഒരേയൊരു നിമിഷത്തെ നിശബ്ദത. അത്രമാത്രം. ദേവന്‍റെ പിന്നില്‍ നിന്നും തീ പാറുന്ന വാക്കുകളോടെ അഗസ്റ്റിന്‍ ഇന്ദിരയോട് ചോദിച്ചു.

"എന്താടീ.... ഇവിടെ നടക്കുന്നത്...? കൊള്ളാം. നന്നായി. സ്വന്തം വീട്ടില്‍, ഒരേ മുറിയില്‍ ഒരാണിനൊപ്പം അമ്മേം മോളും...!!! ഇതിലും നല്ലൊരു കാഴ്ച ഒരു ഭര്‍ത്താവിനും, ഒരച്ഛനും ഇനി എന്താ കാണാനുള്ളത്...???

അയാളുടെ പരുഷമായ വാക്കുകള്‍ കേട്ടിട്ടും ദേവന്‍ നിന്ന ഇടത്ത് നിന്നും ചലിച്ചില്ല. ഒരു വാക്കു പോലും അയാള്‍ ഉരുവിട്ടതും ഇല്ല. അയാളുടെ നെഞ്ചില്‍ പടര്‍ന്നുകൊണ്ടിരുന്ന തീയ്ക്കൊപ്പം ചൂട് നല്‍കാന്‍ ആ വാക്കുകള്‍ക്ക് പോലും ആയില്ല എന്നതായിരുന്നു സത്യം. അപ്പോഴും അഗസ്റ്റിന്‍, എന്താണ് അവിടെ നടക്കുന്നത് എന്നുപോലും ചിന്തിക്കാതെ, അതൊന്നറിയാന്‍ താല്‍പ്പര്യം പോലും കാണിക്കാതെ എന്തൊക്കെയോ വിളിച്ചുകൂവി.

ഇന്ദിര അയാളുടെ വാക്കുകള്‍ക്ക് ഒരു മറുപടി പോലും നല്‍കാതായപ്പോള്‍ അഗസ്റ്റിന്‍റെ നിയന്ത്രണം വിട്ടു. അയാള്‍ ഉറച്ച പാദങ്ങളോടെ അവളുടെ അരുകിലേയ്ക്ക് വന്നു. നിറഞ്ഞ കണ്ണുകളുമായി നിന്നിരുന്ന അവളെ അയാള്‍ ചുഴറ്റിവലിച്ചെറിഞ്ഞു. നിലത്തേയ്ക്ക് വീണ അവള്‍ നിരന്നുകിടന്ന കസേരകളില്‍ തട്ടി താഴേയ്ക്ക് വീണു. അതോടെ ജിയാസ്സിനെ ഇരിപ്പിടത്തിലേയ്ക്ക് വിട്ട് ദേവന്‍ അഗസ്റ്റിന്‍റെ നേരെ തിരിഞ്ഞു.  പിന്നെ ശബ്ദമുയര്‍ത്താതെ പറഞ്ഞു.

"അഗസ്റ്റിന്‍..!! നീയൊന്നടങ്ങ്‌..!!! എന്താണ് നടക്കുന്നത് എന്നറിയാതെ നീയെന്തിനിങ്ങനെ പുലഭ്യം പറയുന്നു..."

"എന്ത് നടക്കുന്നത് എന്നറിയില്ലന്നോ... ഇതില്‍പ്പരം എന്തിനി നടക്കാനാ..??  എന്തറിയാനാ..ഞാന്‍ ?? എന്‍റെ കണ്‍മുന്നില്‍ കണ്ടത്.. ഒന്നുമല്ലെന്ന് ഞാന്‍ സ്വയം വിശ്വസിക്കണോ...?? അതോ ഇവിടൊന്നും നടന്നിട്ടില്ലന്നു എന്‍റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണോ..?  എന്നിട്ടയാള്‍ തുടര്‍ന്നു.

"നാണമില്ലേടോ തനിയ്ക്ക്..? ഇത്രയും പോന്ന രണ്ടെണ്ണം തന്‍റെ വീട്ടിലും ഉണ്ടല്ലോ..? കാമം കഴയ്ക്കുന്നുവെങ്കില്‍ അവരെമേല്‍ ആകാമായിരുന്നില്ലേ തന്റെയീ തോന്ന്യാസം..."

അയാളുടെ വാക്കുകള്‍ കേട്ടു ദേവന്‍ സ്വയം കണ്ണുകള്‍ പൂട്ടി മുകളിലേയ്ക്ക് നോക്കി നിന്നു. ദേവന്‍റെ നിശബ്ദത അഗസ്റ്റിനെ ചൂടുപിടിപ്പിച്ചു. അയാള്‍ സ്വന്തം മനസ്സിനെ സ്വയമുരുക്കി ദേവനോട് ചോദിച്ചു.

"ദേവാ.... നീയെന്‍റെ വീടിനുള്ളില്‍ കാണിച്ച ഈ തന്റേടം, ഈ ചങ്കൂറ്റം, എനിക്കിഷ്ടായി. നിന്‍റെ വീട്ടില്‍ നിന്‍റെ ഭാര്യയേയും മക്കളോടും കൂടി ആണൊരുത്തനെ ഇതുപോലെ നീ കാണണം. എന്നിട്ട് നീ പറയ്‌, ഈ അഗസ്റ്റിന്‍ തെറ്റാണോ, ശെരിയാണോന്ന്...!!! എന്നിട്ട് നീ പറയ്‌..!! അയാള്‍ ചൂണ്ടുവിരല്‍ ദേവന് നേരെ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.

അഗസ്റ്റിന്‍റെ വാക്കുകള്‍ ഹൃദയം പിളര്‍ക്കുമ്പോഴും ദേവന്‍ ഇന്ദിരയെ നോക്കി. വീണുകിടന്ന ഇടത്തില്‍, കസേരയില്‍ ചാരിയിരുന്ന് അവള്‍ അവന് നേരെ കൈകൂപ്പി. യാചനയോടെ അവള്‍ അയാളുടെ കണ്ണുകളില്‍ നോക്കി താഴ്ന്ന സ്വരത്തില്‍ പറഞ്ഞു.

"വേണ്ട... ദേവേട്ടാ... ആരും അറിയരുതേ ഇത്...!! ആരും...!!

ഇന്ദിരയുടെ വാക്കും, ഭാവവും, ദേവന്‍റെ കണ്ണുകളുടെ ചലനവും, അഗസ്റ്റിന്‍ വായിച്ചെടുത്തപോലെ, അയാള്‍ വീണ്ടും അലറിക്കൊണ്ടവരുടെ നേരെ പാഞ്ഞടുത്തു. അവരുടെ മുഖമാകെ പടര്‍ന്നുകിടന്ന മുടിയില്‍ പിടിച്ചവരെ അയാള്‍ വലിച്ചുയര്‍ത്തി. എന്നിട്ടയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

"ഇത്രേം നടന്നിട്ടും അവളുടെ യാചന കണ്ടില്ലേ..? .. ആരും അറിയരുതേ ന്ന്.. !! തേവിടിശികള്..." പറഞ്ഞുകൊണ്ടയാള്‍ അവരുടെ മുഖത്താഞ്ഞടിച്ചു. അരുകിലെ ഭിത്തിയില്‍ ചെന്നിടിച്ചവര്‍ നിലത്തേയ്ക്കിരുന്നു. അതോടെ നിയന്ത്രണംവിട്ട ദേവന്‍ അഗസ്റ്റിനെ ചുറ്റിയെടുത്തു. എന്നിട്ടയാള്‍ അഗസ്റ്റിനെ മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു. നിലത്തേയ്ക്ക് തെറിച്ചുവീണ അഗസ്റ്റിനെ ദേവന്‍ പിന്നെയും വലിച്ചുയര്‍ത്തി. എന്നിട്ടയാള്‍ അഗസ്റ്റിന്‍റെ മുഖത്തിന് നേരെ തന്‍റെ മുഖമടുപ്പിച്ചു, സ്വരം അടക്കിപ്പറഞ്ഞു.

"ഇതുവരെ, സ്വന്തം ഭാര്യേം, മോളേം തിരിച്ചറിയാത്ത പട്ടീ....!!! കാര്യമെന്തന്നറിയാതെ കൂവിവിളിക്കുന്നോ? ദേവന്‍റെ അടുത്ത അടികൊണ്ട അഗസ്റ്റിന്‍റെ കാഴ്ച മറഞ്ഞു. അയാള്‍ ആ അടിയോടെ, അതിന്‍റെ ശക്തിയില്‍ വാതില്‍ കടന്ന് മുറ്റത്തേയ്ക്ക് തെറിച്ചുവീണു.

"ദേവേട്ടാ... വേണ്ട ദേവേട്ടാ ഇനിയൊന്നും ചെയ്യല്ലേ...!!! വകതിരിവില്ലാത്ത ആ മനുഷ്യന്‍ ഈ നാട്ടാരെ മൊത്തം അറിയിക്കും."  പിന്നെയും മുന്നോട്ടഞ്ഞ ദേവന്‍ ഇന്ദിരയുടെ വാക്കുകള്‍ കേട്ട് സ്വയം നിയന്ത്രണം വീണ്ടെടുത്തുകൊണ്ട് ജിയാസ്സിനടുത്തേയ്ക്ക് തിരിഞ്ഞു. അതേസമയം പുറത്തേയ്ക്ക് വീണ അഗസ്റ്റിന്‍, മുറ്റത്ത് നിന്നു ഉച്ചത്തില്‍ അലറിവിളിച്ചു.

"നാട്ടാരെ രക്ഷിക്കണേ..!!! ഓടിവരണേ..!!!.. ഓടിവരണേ...!! എന്നെക്കൊല്ലുന്നെ.... ഈ പിഴച്ച അറുവാണിച്ചിണികളുടെ ജാരന്‍ എന്നെ കൊല്ലുന്നേ..!!!!

അഗസ്റ്റിന്‍റെ വിളി കേട്ടപാതി, കേള്‍ക്കാത്ത പാതി എവിടെയൊക്കെയോ പതിയിരുന്നപോലെ സദാചാരക്കമ്മിറ്റിക്കാര്‍ അവിടേയ്ക്ക് പാഞ്ഞടുത്തു. അഗസ്റ്റിന്‍റെ ഒച്ചകേട്ട് പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങുകയായിരുന്ന ദേവന്‍ വീടിന്‍റെ മുന്‍വാതിലിനടുത്തേയ്ക്ക് നീങ്ങുമ്പോഴേയ്ക്കും വാതിലിന് മുന്നില്‍ നിറയെ ആളുകളെക്കൊണ്ട് നിറഞ്ഞുതുടങ്ങി. അഗസ്റ്റിന്‍ വിളിച്ചുപറഞ്ഞ വാക്കുകള്‍ കേട്ട അവരിലൊരാള്‍ പെട്ടെന്ന് വെളിയില്‍ നിന്ന് ആ വാതില്‍ വലിച്ചടച്ചു. വാതിലില്‍ ഇന്ദിര ഉപേക്ഷിച്ച താക്കോല്‍ കൊണ്ട് ആരോ അത് പുറത്തുനിന്നും താഴിട്ടു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ