2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....5

ആരും തുണയില്ലാത്ത ഇന്ദിരയുടെ മനസ്സ് വല്ലാതെ പിടഞ്ഞു. മകളെ തേടിയലഞ്ഞ അവര്‍ വൈകുന്നേരത്തോടെ,  നന്ദനയുടെ അടുത്ത് അഭയം തേടിയിരുന്നു. പട്ടണത്തിനു വെളിയില്‍, മദ്യം തേടിപ്പോയ അച്ഛന്‍ അഗസ്റ്റിന്‍ ഒന്നും അറിയാതെ, ഏതോ കടത്തിണ്ണയില്‍ അന്തിയുറങ്ങി. പുലരും വരെ ദേവനും അവളെ തേടി നടന്നു. മകളെ തേടി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ദേവനോട് ഇന്ദിര പറഞ്ഞു.

"ദേവേട്ടാ... തല്‍ക്കാലം ഇതാരും അറിയരുത്. പ്രത്യേകിച്ച് പോലീസും, പത്രക്കാരും."

കണ്ണിലെണ്ണയുമൊഴിച്ചവര്‍ മകളെ തേടിയിരുന്നു. അമ്മ നന്ദനയ്ക്കൊപ്പം പാറുവും കന്യകയും ഉണ്ടായിരുന്നു. നന്ദനയുടെ മടിയില്‍ കിടന്നു അവരെപ്പോഴോ ഉറക്കം പിടിച്ചിരുന്നു.

അകലെ നിന്നും ദേവന്‍റെ വണ്ടി വരുന്നത് കണ്ട് ഇന്ദിരയും, നന്ദനയും ജിജ്ഞാസയോടെ എഴുന്നേറ്റു. ഒപ്പം ഉറക്കം വിട്ടു പാറുവും, കന്യകയും. പക്ഷെ, മുറ്റത്ത്‌ വന്നു നിന്ന വണ്ടിയില്‍ ജിയാസ്സ് മാത്രം ഉണ്ടായിരുന്നില്ല.

അവര്‍ക്ക് മുന്നിലേയ്ക്ക് വണ്ടിയില്‍ നിന്നിറങ്ങി വന്ന് ദേവന്‍ പറഞ്ഞു.

"ഇന്ദിര... ഇനി നമ്മള്‍ തേടുന്നത് കൊണ്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. പോലീസില്‍ അറിയിക്കുന്നതാണ് നല്ലത്.."

ഒരു പൊട്ടിക്കരച്ചിലായിരുന്നു ഇന്ദിര. ഒപ്പം "എന്‍റെ മാനം പോയല്ലോ ദേവേട്ടാ..." എന്ന് പറഞ്ഞുകൊണ്ടൊരു തേങ്ങലും. നന്ദന അവളെ സമാധാനിപ്പിച്ചു. ദേവന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. പിന്നെ എന്തോ ചിന്തിച്ചയാള്‍ പറഞ്ഞു.

എന്തായാലും, "നീ വന്നു വണ്ടിയില്‍ കയറ്...!!! വീട്ടില്‍ ചെന്നു വേഷം മാറി നമുക്ക് പോലിസ് സ്റ്റേഷനില്‍ പോകാം..."

ഇന്ദിര കരഞ്ഞുകൊണ്ട്‌ വന്നു വണ്ടിയില്‍ കയറി. അവരെയും കൊണ്ട് ആ വണ്ടി അവിടെ നിന്നും പുറത്തേയ്ക്ക് നീങ്ങാന്‍ തുടങ്ങി

മുന്നിലേയ്ക്ക് നീങ്ങുന്ന വണ്ടിയില്‍ ഇരുന്ന് ഇന്ദിര വിയര്‍ക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായി ഈയൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നതോര്‍ത്ത് അവര്‍ സ്വയം മറന്ന് കരഞ്ഞു. മുന്നിലിരുന്ന ദേവന്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന ഇന്ദിര വണ്ടി സ്വന്തം വീട്ടുമുറ്റത്ത് എത്തിയത് പോലും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ദേവന്‍ അവളോട്‌ പറഞ്ഞു.

"ഇന്ദിരേ വീടെത്തി. നീ ഇറങ്ങി ഈ വസ്ത്രം മാറി വന്നോളൂ..."

ദേവന്‍റെ വാക്കുകള്‍ കേട്ട ഇന്ദിര കണ്ണുകള്‍ മൂടിയിരുന്ന കൈകള്‍ മാറ്റി കാറിനു പുറത്തേയ്ക്ക് നോക്കി. ഈറനണിഞ്ഞ കണ്ണുകളോടെ അവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. വീടിന്‍റെ പടികടന്ന് അവര്‍ ചെന്ന് വാതില്‍ തുറന്നു അകത്തേയ്ക്ക് കയറുന്നതും നോക്കി ദേവന്‍ വണ്ടിയ്ക്കുള്ളില്‍ തന്നെയിരുന്നു. അയാളുടെ മനസ്സും പെരുമ്പറ കൊട്ടുകയായിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും അയാള്‍ സ്വന്തം പെണ്മക്കളെ ഓര്‍ത്തുപോയി. അയാള്‍ ഒരു നെടുവീര്‍പ്പോടെ, കാറിന്‍റെ സീറ്റിലേയ്ക്ക് തലചായ്ച്ചു.
************
കനംകൂടിയ മഴത്തുള്ളികള്‍, കാറിന്‍റെ കണ്ണാടിയില്‍ പതിയ്ക്കാന്‍ തുടങ്ങിയതോടെ അയാള്‍ ചിന്ത വിട്ടുണര്‍ന്നു. അപ്പോഴും ഇന്ദിര തിരികെ എത്തിയിരുന്നില്ല. വീടിന്‍റെ വാതില്‍ അവര്‍ തുറന്നിട്ടത് പോലെ തന്നെ കിടന്നിരുന്നു. ദേവന്‍ സ്വന്തം വാച്ചിലേയ്ക്ക് ഒന്ന് നോക്കി സ്വയം ചോദിച്ചു. സമയം ഏറെ കഴിഞ്ഞല്ലോ ഇവള്‍ ഇതിനകത്ത് ഇതെന്തെടുക്കുകയാ...??? ഒപ്പം അയാള്‍ വണ്ടിയുടെ പുറത്തേയ്ക്കിറങ്ങി. മഴനനഞ്ഞുകൊണ്ട് ഇന്ദിരയുടെ വീട്ടിലേയ്ക്ക് ഓടിക്കയറി. തുറന്നുകിടന്ന വാതിലിലൂടെ നനഞ്ഞ തലയും ശരീരവും ഒന്ന് കുടഞ്ഞയാള്‍ അകത്തേയ്ക്ക് കയറി. അകത്തെ മഴയടഞ്ഞ ഇരുളില്‍ അവ്യക്തമായ്‌ അയാള്‍ രണ്ടുരൂപങ്ങള്‍ കണ്ടു. അത് ജിയാസ്സും, ഇന്ദിരയും ആയിരുന്നു. ദേവന്‍ പതിയെപതിയെ അവളുടെ അടുത്തേയ്ക്ക് ചെന്നു. ജിയാസ് ഇരുന്നിടത്ത് നിന്നും ഒന്നനങ്ങുകപോലും ചെയ്തില്ല. ഇന്ദിര ദേവനെക്കണ്ട് നിറഞ്ഞ കണ്ണുകളോടെ എഴുന്നേറ്റു. അയാള്‍ അവരെ ഒന്നും നോക്കും മുന്‍പേ അവള്‍ തളര്‍ന്നയാളുടെ നെഞ്ചിലേയ്ക്ക് വീണു.

"ദേവേട്ടാ.... ല്ലാം പോയി ദേവേട്ടാ...!!! ല്ലാം പോയി... ദേവേട്ടാ....!!!

പെട്ടെന്നുള്ള ഇന്ദിരയുടെ ചലനത്തില്‍ ദേവന്‍ ഒന്ന് ഭയന്നു. എങ്കിലും തന്‍റെ നെഞ്ചില്‍ തളര്‍ന്നുകിടക്കുന്ന അവരെ, അയാള്‍ ഒരു കൈകൊണ്ട് തട്ടി ആശ്വസിപ്പിച്ചു.

"നീയിങ്ങനെ സങ്കടപ്പെടല്ലേ..!!! എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാം..."

ഇങ്ങനെ പറഞ്ഞുകൊണ്ട് ദേവന്‍ ഇന്ദിരയെ അരുകിലെ കസേരയിലേയ്ക്ക് പിടിച്ചിരുത്തി. അവര്‍ മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു. ദേവന്‍ പതിയെ ജിയാസ്സിന്‍റെ മുന്നിലേയ്ക്ക് വന്നു.  അവളുടെ മുന്നിലേയ്ക്ക് മുട്ടുകുത്തിയിരുന്ന അയാള്‍, അവളുടെ മുഖത്തിനൊപ്പം തന്‍റെ മുഖം മുന്നില്‍ വച്ച്, അവളുടെ, തളര്‍ന്നു മുഖത്തേയ്ക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ മെല്ലെ മാറ്റി. നനഞ്ഞു മരവിച്ച് വിളറിയിരുന്ന അവളുടെ കവിളിണകളിലൂടെ നീര്‍ത്തുള്ളികള്‍ താഴേയ്ക്കൊഴുകിവീണുകൊണ്ടിരുന്നു. അതുകണ്ട് ദേവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പതിയെ  വിളിച്ചു.

"മോളെ...!!! ന്‍റെ പൊന്നുമോളെ...!!!

പിന്നീടൊന്നും അവളോര്‍ത്തില്ല. ഒരു പൊട്ടിത്തെറിപോലെ തന്‍റെയരുകിലേയ്ക്ക് മുഖമടുപ്പിച്ചിരുന്ന  ദേവനെയവള്‍ കെട്ടിപ്പിടിച്ചു. അതിനൊപ്പം  വന്യമായി കരഞ്ഞുകൊണ്ട്‌ അവള്‍ വിളിച്ചു.

"ദേവാങ്കിളെ....!!! ഞങ്ങള്‍ക്കാരൂല്ലാ.... ഞങ്ങള്‍ക്കാരൂല്ലാ..!!!

അവളുടെ നിലമറന്ന ആ വിളിയില്‍ ദേവന്‍ ഒന്ന് പതറിപ്പോയി.  എങ്കിലും, തന്‍റെ സ്വന്തം മക്കളുടെ സ്ഥാനത്ത്, ഒരു നിമിഷം ഇത് സ്വന്തം മകളാണെന്ന തോന്നലില്‍, ദേവന്‍ അവളെ "മോളെ" എന്ന് വിളിച്ചുകൊണ്ട് മുറുകെപ്പിടിച്ചു. പിന്നെ, അവളെയും കൊണ്ടയാള്‍ നിവര്‍ന്നു. നെഞ്ചില്‍ വീണ് കരയുന്ന അവളെ, മുഖമുയര്‍ത്തി, അവളുടെ കവിളുകളില്‍ അയാള്‍ തെരുതെരെ മുത്തം നല്‍കി. അനിയന്ത്രിതമായ വികാരത്തോടെ അവളുടെ കരയുന്ന മിഴികളെ നോക്കി ദേവന്‍ ഇങ്ങനെ പറഞ്ഞു.

"ഞാനുണ്ട്... മോളെ!! ഈ അങ്കിളുണ്ട് മോളെ,... ങ്ങള്‍ക്ക് കൂട്ടിന്..?? എന്തുപറ്റി.. ന്‍റെ പൊന്നുമോള്‍ക്ക്...?? ന്തു പറ്റി ന്‍റെ പൊന്നുമോള്‍ക്ക്..??

ദേവന്‍റെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ജിയാസ്, അയാളുടെ കണ്ണുകളില്‍ സ്വന്തം മിഴികള്‍ പായിച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിന്നീടൊന്നും ചോദിക്കാന്‍ അയാള്‍ക്ക്‌ മനസ്സ് വന്നില്ല. സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്ത് പിടിച്ച് അയാളവളെ ആശ്വസ്സിപ്പിച്ചുകൊണ്ടിരുന്നു. പുറത്ത് ബാധിച്ച മഴയുടെ കടുത്ത ഇരുള്‍ ആ മുറികള്‍ക്കുള്ളിലും പടര്‍ന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ