നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 26
ഓരോ ദിനവും ഓരോരോ ഓര്‍മ്മകള്‍ മാറ്റിവച്ച് കടന്നുപോകുമ്പോഴും, കണ്മുന്നില്‍ തെളിഞ്ഞുകത്തിയ പല ഓര്‍മകളും മായുമ്പോഴും പാറുവിന്‍റെ മനസ്സ് തളര്‍ന്നുപോയത് തന്‍റെ തകര്‍ച്ച ഓര്‍ത്തു തന്നെയാണ്. തന്‍റെ വീട്ടുകാരോ, നാട്ടുകാരോ ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നത് മാത്രമായിരുന്നു അവളുടെ ഒരേ ഒരു ആശ്വാസം. കന്യകയാകട്ടെ സന്തോഷവതിയായി ദിവസങ്ങള്‍ നീക്കി. ദേവനന്ദനത്തില്‍ മെല്ലെമെല്ലെ സന്തോഷം കളിയാടാനും തുടങ്ങി. കാരണം ഇപ്പോള്‍ ദേവന്‍ നല്ല ആരോഗ്യവും വീണ്ടെടുത്തു കഴിഞ്ഞു. നന്ദന സ്വന്തം മക്കളെ അവളെക്കാളും സ്നേഹിയ്ക്കാനും ഇഷ്ടപ്പെടാനും തുടങ്ങി. അവരൊന്ന് തളരുന്നത് കാണാന്‍ അവള്‍ക്കായില്ല. പ്രത്യേകിച്ച് ജിയാസ്സ് അവള്‍ക്കു നല്‍കിയ അവസാന ഓര്‍മ്മകള്‍ അത്രയേറെ ഭയാനകമായിരുന്നു. കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും പലനാളുകളിലും അവള്‍ കണ്ടത് ആ രൂപമായിരുന്നു. ആ സ്ഥാനത്ത് സ്വന്തം പെണ്മക്കളെ അവളോര്‍ത്തു. ആശുപത്രിക്കിടക്കയില്‍ ദേവനൊപ്പം കൂട്ടിരിയ്ക്കുമ്പോള്‍ പാറുവിന് പാതിരാവില്‍ വന്ന ആ ഫോണ്‍ കാള്‍ അവള്‍ അറിഞ്ഞിട്ടും, മകളോട് ചോദിക്കാന്‍ അവസരം കാത്തിരുന്നിട്ടും, ഒടുവില്‍ നന്ദനയെ ആ ഉദ്യമത്തില്‍ നിന്നും ജിയാസ്സ് വലിച്ചെറിഞ്ഞത് ആയിരം കാതങ്ങള്‍ അകലെയാണ്. ഇനിയൊരിക്കലും പാറുവിനോട് നന്ദനയ്ക്ക് അത് ചോദിക്കാനും കഴിയില്ല.
അന്ന്, രാവിലെ അടുക്കളയില്‍ നന്ദനയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ പായിയമ്മയാണ് അവളോട് ഇങ്ങനെ ചോദിച്ചത്.
"മോളെ...!!! ദേവനെ ആശുപത്രീന്ന് കൊണ്ടുവന്നിട്ടിപ്പോള്‍ മാസം ഒന്നായില്ലേ...? എന്നും ഈ വീട്ടുമുറ്റത്ത് മുടങ്ങാതെ വന്നിരുന്ന സേനന്‍ ഇപ്പോഴെന്തേ വരുന്നില്ല. ഈ വീടുമായി അവന്‍ പുലര്‍ത്തിയ ബന്ധം അത്രത്തോളം അടുപ്പമുള്ളതായിരുന്നില്ലേ. പിന്നെന്താ ഇപ്പോള്‍ ഇങ്ങനെ.."
പായീമ്മയുടെ ചോദ്യം കേട്ടു നന്ദന മുഖത്ത് ഒരു ഭാവഭേദവും വരുത്താതെ അതിനു മറുപടി നല്‍കി.
"പായീമ്മേ...!!! പായീമ്മയ്ക്കും അറിയാവുന്നതല്ലേ..!! അവന്‍ ഇന്നാട്ടുകാരന്‍ അല്ലെന്നുള്ള കാര്യം. ഇടയ്ക്കൊക്കെ അവന്‍ ഇവിടം വിട്ടു നില്‍ക്കാറുള്ളതും അറിയില്ലേ..? അന്നൊന്നും നമ്മള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലല്ലോ... പായീമ്മേ...? പിന്നെ ഇപ്പോഴതിന്‍റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ന്‍റെ പായീമ്മേ, പുലര്‍ച്ച മുതല്‍ രാവേറെ കഴിയും വരെ ഈ വീട്ടിലെയും പുറത്തേയും കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ നന്ദനയ്ക്ക് കഴിയുന്നുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്‍റെയും കുട്ട്യോളുടെയും തുണി തേയ്ക്കുന്നതിന് ഇനി അവന്‍റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല..."
നന്ദനയുടെ വാക്കുകള്‍ കേട്ടു പിന്നെ പായിയമ്മ ഒന്നും മിണ്ടിയില്ല. കന്യകയും പാറുവും പതിവുപോലെ പുലര്‍ച്ചെ പഠിയ്ക്കുവാന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. എങ്കിലും പാറു രണ്ടുമൂന്നു ദിവസായി ഉല്‍സ്സാഹവതിയല്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പഠിയ്ക്കുമ്പോഴും ഒക്കെ അവളുടെ മുഖം ഒരു വല്ലാത്ത സങ്കടത്തില്‍ തന്നെയാണ്. ദേവന്‍ പച്ചക്കറിതോട്ടത്തില്‍ നിന്നും, വീടിനരുകില്‍ ഉള്ള പൈപ്പിലെ വെള്ളത്തില്‍ കൈകാല്‍ കഴുകി വീട്ടിനുള്ളിലേയ്ക്ക് കയറി. പതിവ്പോലെ അയാള്‍ നീട്ടിവിളിച്ചു.
"നന്ദൂ... ഭക്ഷണം എടുത്തു വച്ചോളൂ... ചന്തയില്‍ പോകാന്‍ സമയമായി...? എന്നിട്ട് ഹാളിലേയ്ക്ക് നടന്നടുത്ത അയാള്‍ മക്കളുടെ മുറി നോക്കി വിളിച്ചു.
"പാറൂട്ടി...... മോളെ.. നീയൊരുങ്ങിയോ...??
"ഒരുങ്ങീച്ചാ....ദാ..!!! വരുന്നു. അച്ഛന്‍ ഇരുന്നോള്ളൂ..." പാറു മറുപടി പറയുമ്പോഴേയ്ക്കും കന്യക തന്‍റെ തുണികളുമായി കുളിമുറിയിലേയ്ക്ക് ഓടിക്കയറി. ഉടന്‍ തന്നെ ദേവന്‍റെ വിളി വന്നു.
"മോളെ കന്യൂട്ടി.. ന്‍റെ മോള് റെഡിയായോ....??
"ഞാന്‍ കുളിക്കുവാ അച്ഛാ... അച്ഛനും ചേച്ചീം ഇരുന്നോള്ളൂ... ഞാനിതാ വരുന്നൂട്ടോ..."
അപ്പോഴേയ്ക്കും ദേവന് പ്രഭാതഭക്ഷണവുമായി നന്ദന ഊണുമേശയ്ക്കരുകില്‍ എത്തിയിരുന്നു. ദേവന്‍റെ മുന്നില്‍ ഭക്ഷണം വച്ചിട്ട് നന്ദന നിഗൂഡമായി ചിരിച്ചു. ദേവനും നന്ദനയെ നോക്കി ചിരിച്ചു. പിന്നെ അയാള്‍ ചുണ്ടിന് കീഴെ പറഞ്ഞു.
"ഒരു പൊട്ടിപ്പെണ്ണ്‍....."
നന്ദന ദേവനരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. ദേവന്‍ തന്‍റെ ഇടതുകരം അവളുടെ അരക്കെട്ടിലൂടെ ചേര്‍ത്തുപിടിച്ചു. പിന്നെ തന്‍റെ പാത്രത്തില്‍ നിന്നും ഭക്ഷണം ഒരു നുള്ള് വാരിയെടുത്ത് അവളുടെ വായിലേയ്ക്ക് വച്ചു. സന്തോഷത്തോടെ നന്ദന അത് കഴിച്ചു. അമ്മയും അച്ഛനും തമ്മിലുള്ള ഈ സ്നേഹം കണ്ടുകൊണ്ടാണ് പാറു ഹാളിലേയ്ക്ക് വന്നത്. വന്നപാടെ മേശമേല്‍ ഇരുന്ന ചൂടുവെള്ളം അല്‍പ്പം എടുത്തവള്‍ കുടിച്ചു. എന്നിട്ട് ക്ഷീണിതയെപ്പോലെ അതിനരുകില്‍ നിന്നു.
അവളെക്കണ്ട് ദേവന്‍ ചോദിച്ചു.
"ന്തു..പറ്റീ.. ന്‍റെ മോള്‍ക്ക്...? മോള് ഭക്ഷണം കഴിയ്ക്കുന്നില്ലേ...?
"വേണ്ടച്ഛാ....എനിക്ക് കഴിക്കണോന്നു തോന്നുന്നില്ല...." അവള്‍ പറഞ്ഞു.
"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനാ പാറൂ. എന്തേലും കഴിച്ചിട്ട് പോയാല്‍ മതി നീ...!! എത്ര നേരോന്നു വച്ചാ പട്ടിണി ഇരിക്കണേ... ഹും... അതൊന്നും പാടില്ല. കഴിച്ചിട്ട് പോയാല്‍ മതി...!!!" നന്ദന ശഠിച്ചു.
അപ്പോള്‍ അസ്വസ്ഥതയോടെ അവള്‍ വീണ്ടും പറഞ്ഞു.
"വേണ്ടമ്മേ...!! സത്യായിട്ടും എനിക്ക് വേണ്ടാ. ഇന്നമ്മ എന്നെ ഇങ്ങനെ നിര്‍ബന്ധിക്കല്ലേ...!!!"
അതോടെ ദേവന്‍ പറഞ്ഞു. "നന്ദു.. വേണ്ടാ... നീയിങ്ങനെ അവളെ വിഷമിപ്പിക്കാതെ. എന്നിട്ട് പാറുവിനോട് പറഞ്ഞു. "മോള് അടുക്കളയില്‍ പോയി കുറച്ചു പാലോ, ഫ്രൂട്ട്സോ, എന്തെങ്കിലും കഴിച്ചിട്ട് വന്നോള്ളൂ.."
അതോടെ നന്ദനയ്ക്ക് കോപം വന്നു. അവള്‍ ദേവന്‍റെ കൈക്കുള്ളില്‍ നിന്നും കുതറിമാറി. എന്നിട്ടവള്‍ പരിഭവത്തോടെ പറഞ്ഞു.
"ഞാനെപ്പോഴും പറയാറുള്ളതാ...!! ദേവേട്ടന്‍ ഒരാളാ... ഇവരെ ഇങ്ങനെ വഷളാക്കണേ..!! അല്ലേലും ഞാന്‍ ആരാ ഇവിടെ..? എല്ലാരുടേം ഒരു വേലക്കാരി. അപ്പനും മക്കളും ഈ വീട്ടില്‍ എന്തേലും വില തരുന്നുണ്ടോ എനിയ്ക്ക്...??
പറഞ്ഞിട്ടവള്‍ വിഷമത്തോടെ നിന്നു. ദേവന്‍ അപ്പോഴേയ്ക്കും കൈകഴുകി അവളുടെ അടുത്തേയ്ക്ക് വന്നു. അവളുടെ കൈയില്‍ പിടിയ്ക്കുമ്പോള്‍ സ്നേഹത്തോടെ അവളാ കൈതട്ടി മാറ്റി. എന്നിട്ട് പറഞ്ഞു.
"എന്നെ... ആരും സ്നേഹിയ്ക്കണ്ടാ... ആരും... ഹും..."
അപ്പോഴേയ്ക്കും കന്യക അവിടേയ്ക്ക് വന്നു. അച്ഛന്റേം അമ്മയുടെയും സ്നേഹവും പിണക്കോം കണ്ടവള്‍ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"ആരെക്കാണിക്കാനാ ന്‍റെ നന്ദൂ...ഇത്...?? ഞാന്‍ കണ്ടതല്ലേ.. ന്‍റെമ്മച്ചീ.. അച്ഛനൊന്ന് വയ്യാണ്ടായപ്പോള്‍ അമ്മ കാട്ടിയ വിഷമോല്ലാം... ഹ ഹ .."
അവളുടെ ചിരി കണ്ടു നന്ദന മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞു. "കളിയാക്കണ്ട നീയ്... നാളെ ന്‍റെ മോളും ഇങ്ങനെ ഒക്കെ തന്നെയായിരിക്കും..."
അതുകേട്ടുകൊണ്ട് കന്യക പാറുവിന്‍റെ അടുത്തേയ്ക്ക് തിരിഞ്ഞു. എന്നിട്ട് തളര്‍ന്നു നില്‍ക്കുന്ന അവളോട് ചോദിച്ചു.
"പാറൂച്ചി.. കഴിച്ചോ...? ഇല്ലെന്നവള്‍ തലയാട്ടി. എന്നിട്ട് പറഞ്ഞു. "വിശപ്പില്ല കന്യൂട്ടി..."
ചേച്ചിയുടെ ഉത്തരത്തിന് അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ ധൃതിയില്‍ ആഹാരം വാരിക്കഴിച്ചു. അപ്പോഴേയ്ക്കും ദേവന്‍ വസ്ത്രം മാറി വണ്ടിയുടെ അടുത്തേയ്ക്ക് നീങ്ങി. അടുക്കളയില്‍ നിന്നും നന്ദന പാറുവിനെ വിളിച്ചു.
"പാറു... ദേ.. വന്നേ... വന്നീ പാലെങ്കിലും എടുത്തുകുടിയ്ക്ക്..."
അമ്മയുടെ വാക്കുകള്‍ കേട്ടു പാറു മടിച്ചുമടിച്ച് അടുക്കളയിലേയ്ക്ക് ചെന്നു. നന്ദന കൊടുത്ത പാല്‍ കൈയില്‍ വാങ്ങി അവള്‍ മുഖത്തേയ്ക്കു മെല്ലെ അടുപ്പിച്ചു. അപ്പോഴേയ്ക്കും കന്യക ഭക്ഷണം കഴിഞ്ഞു വായ കഴുകുകയായിരുന്നു. പാറുവിന് തൊട്ടുമുന്നിലൂടെ പായീമ്മ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള മീന്‍ വെട്ടിക്കൊണ്ട് അടുക്കളയിലേയ്ക്ക് കയറി വന്നു. ഒരു നിമിഷം....!! ചുണ്ടില്‍ വച്ച് വെറുപ്പോടെ കുടിച്ചുകൊണ്ടിരുന്ന പാല്‍ അതിശക്തിയായി അവള്‍ ചര്‍ദ്ദിച്ചു. നന്ദന പെട്ടെന്ന് അവളെ തിരിഞ്ഞുനോക്കി. കന്യക ഹാളില്‍ നിന്നും തോളിലേയ്ക്ക് എടുത്തിട്ട ബാഗുമായി അടുക്കളയിലേയ്ക്ക് പാഞ്ഞെത്തി. പാറുവിന്‍റെ കൈയിലിരുന്ന ഗ്ലാസ് മെല്ലെ വഴുതിതാഴെവീണു. അവള്‍ക്കു തനിയ്ക്ക് മുന്നിലുള്ളതെല്ലാം ചുറ്റുന്നത് പോലെ തോന്നിച്ചു. കന്യക ചേച്ചിയുടെ കണ്ണുകള്‍ കറങ്ങുന്നത് കണ്ടു അവളെ ചേര്‍ത്ത്പിടിച്ചു. അപ്പോഴേയ്ക്കും പാറു എല്ലാവരെയും കൊണ്ട് നിലത്തെയ്ക്കിരുന്നു. പായീമ്മ പെട്ടെന്ന് അവളുടെ മുഖത്തേയ്ക്കു വെള്ളം കുടഞ്ഞു. അവള്‍ കണ്ണുകള്‍ മിഴിച്ച് എല്ലാവരെയും മാറിമാറി നോക്കിയിരുന്നു. ബഹളം കേട്ടു ദേവനും അടുക്കളയിലേയ്ക്ക് ഓടിക്കയറി. വന്നപാടെ അയാള്‍ നിലത്തെയ്ക്കിരുന്നു. പിന്നെ പാറുവിനെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ന്തു... പറ്റി അച്ഛന്‍റെ മോള്‍ക്ക്...? എന്നിട്ടയാള്‍ നന്ദനയെ തിരിഞ്ഞു നോക്കി ശകാരിച്ചു.
"ന്താടീ ഇത്...? രാത്രീലെ ഭക്ഷണം അവള്‍ക്കു ദഹിച്ചിട്ടുണ്ടാവില്ല. അതാ... !! മോള് ഇന്ന് കോളേജില്‍ പോകണ്ട. നന്നായി റസ്റ്റ് എടുക്ക്. അല്ലെങ്കില്‍ അച്ഛന്‍ ആശുപത്രീല്‍ കൊണ്ടുപോകാം..."
അപ്പോള്‍ പാറു കൈയെടുത്തു വേണ്ടാന്ന് വിലക്കി. അതോടെ നന്ദന പാറുവിന്‍റെ അരുകിലിരുന്നു അവളുടെ നെഞ്ച് തലോടാന്‍ തുടങ്ങി. പിന്നെ എല്ലാരും കൂടി അവളെ പിടിച്ചുകൊണ്ടുവന്നു മുറിയില്‍ കിടത്തി. നന്ദന അവള്‍ക്കരുകിലിരുന്നു വീശിക്കൊടുത്തു. പാറു, കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അമ്മ കാണാതെ ചരിഞ്ഞുകിടന്നു. അല്‍പസമയം അവളുടെ അടുക്കല്‍ നിന്നിട്ട് കന്യകയും ദേവനും യാത്രയായി. നന്ദന മകളുടെ നെറ്റിയിലും നെഞ്ചത്തും തടവിതടവി അരുകിലിരുന്നു. അപ്പോള്‍ പാറു ഉള്ളുകൊണ്ട് പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു... അവളുടെ മുന്നില്‍ ഒരു വലിയ ലോകം പോലെ മച്ചിലെ ഫാന്‍ കറങ്ങിക്കൊണ്ടിരുന്നു.... അത് കണ്ടങ്ങിനെ കിടക്കെ അവളുടെ മനസ്സ് സഞ്ചരിച്ചത് മൊത്തം കൂരിരുള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു...അവിടെയവള്‍ രാക്കിളികളുടെ പാട്ടുകള്‍ കേട്ടില്ല, നിലാവും നീര്‍ത്തടങ്ങളും കണ്ടില്ല....മറിച്ച് കറ പിടിച്ചൊരു പല്ലുമായൊരു ഭീകരരൂപം...അതിനരുകില്‍ തന്നെ കൈകാട്ടിവിളിക്കുന്ന മറ്റൊരു രൂപം, അവര്‍ക്കിരുവര്‍ക്കുമിടയില്‍ മുടിയഴിച്ചിട്ട കന്യകയുടെ ഭ്രാന്തമായ നിലവിളി.... !!
പൊടുന്നനെ അവള്‍ കിടക്കയില്‍ നിന്നുമുയര്‍ന്നു..പാറുവിന്‍റെ ശരീരം തളിരിലപോല്‍ വിറയ്ക്കാന്‍ തുടങ്ങി. ഞെട്ടി, മകളെ നോക്കിയ നന്ദനയെ അവള്‍ കെട്ടിപ്പിടിച്ചു...പിന്നെ പൊട്ടിക്കരഞ്ഞു... നന്ദന ഒന്നുമറിയാതെ അമ്പരന്നുകൊണ്ട് പാറുവിനെ തന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത്പിടിച്ചു....
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ