2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ....14

ആശുപത്രിയിലേയ്ക്കുള്ള ഭക്ഷണവും, അമ്മയ്ക്കും അച്ഛനുമുള്ള വസ്ത്രങ്ങളുമായി പാറു മനസ്സില്ലാമനസ്സോടെ ആ വീട്ടില്‍ നിന്നും പോകുമ്പോള്‍ തന്നെ സമയം ഉച്ച കഴിഞ്ഞിരുന്നു. പാറു പോയിക്കഴിഞ്ഞപ്പോള്‍ കന്യക, അലക്കുവാനുള്ള സ്വന്തം തുണികളും, അച്ഛന്‍റെ ചോര പുരണ്ട ഉടുപ്പും മുണ്ടും ഒക്കെ എടുത്തുകൊണ്ട് കിണറ്റിന്‍ കരയിലേയ്ക്ക് പോയി.

കഴിഞ്ഞ രാത്രി സ്വന്തം വീട്ടില്‍ പോകാതിരുന്ന പായിയമ്മ, ഉച്ച തിരിഞ്ഞതോടെ ദേവനന്ദനത്തിലെ എല്ലാ വേലയും ഒതുക്കി, കിണറ്റിന്‍കരയില്‍ നിന്നിരുന്ന കന്യകയുടെ അരുകില്‍ വന്നു.

"എന്താ പായീമ്മാ.... " അവള്‍ തനിക്കരുകിലെത്തിയ അവരെക്കണ്ട് സ്നേഹത്തോടെ ചോദിച്ചു.

"കന്യമോളെ... ഞാനൊന്നു വീട് വരെ പോയേച്ചും വരട്ടെ. അവിടെ എന്‍റെ മോളും ചെറുകുട്ട്യോളും മാത്രേ ഉള്ളൂ. ഒരു കൈസഹായത്തിന് അവള്‍ക്കും മറ്റാരും ഇല്ല്യ. ഞാന്‍ പറയാതെ തന്നെ മോള്‍ക്കറിയാല്ലോ അവിടുത്തെ കാര്യം. വൈകിട്ട് വിളക്കെല്ലാം ഒരുക്കി രാത്രിയാകുന്നതിന് മുന്‍പ് പായീമ്മ തിരികെയെത്താം. പിന്നെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് ഞാന്‍ താഴിട്ടിട്ടുണ്ട്. ഈ അടുക്കള വാതില്‍ ചാരിയിട്ടുമുണ്ട്. എന്നാലും ഇടയ്ക്ക് മോളൊന്നു നോക്കിക്കോണം. കാലം നന്നല്ല മോളെ.!! കള്ളന്മാരാ ചുറ്റിലും..." ഇത്രയും പറഞ്ഞിട്ട് തിരിഞ്ഞവര്‍ നടന്നു പോയി. കുറച്ചു ദൂരം ചെന്നവര്‍ തിരിഞ്ഞു നിന്നു. എന്നിട്ട് കന്യകയെ വിളിച്ച് വീണ്ടും പറഞ്ഞു.

"മോളെ....മറക്കരുതേ.... ഇടയ്ക്കൊന്ന്... ഒന്ന് നോക്കിക്കോള്ളൂ ട്ടോ...!!!

പായിയമ്മ വീണ്ടും അത് പറഞ്ഞപ്പോള്‍ പെട്ടെന്ന് അവളില്‍ ഒരു ചിന്തയുണര്‍ന്നു. പായീമ്മ പറഞ്ഞത് ശരിയാണ്. ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലം. മനസ്സിലെന്തോ ചിന്തിച്ചുറച്ചപോലെ അവള്‍ തുണിയലക്കുന്ന കല്ലിനരുകില്‍ നിന്നും ഒന്ന് നിവര്‍ന്നു.  എന്നിട്ട് അവരെനോക്കി വിളിച്ചു പറഞ്ഞു.

"പായീമ്മ ധൈര്യായി പൊയ്ക്കോള്ളൂ...ഞാന്‍ നോക്കിക്കൊള്ളാം..."

പിന്നെ അരുകിലിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ കൈ കഴുകി, സ്വന്തം മേല്‍വസ്ത്രത്തില്‍ കൈ തുടച്ചു കൊണ്ട് അവള്‍ അടുക്കളയിലേയ്ക്ക് കയറി. ഒപ്പം വാതിലിന് പുറകിലിരുന്ന താക്കോല്‍ കൂട്ടം കൈക്കലാക്കി പുറത്തു നിന്നത് പൂട്ടി അവള്‍ അലക്കുകല്ലിനരുകിലേയ്ക്ക് തന്നെ തിരികെ വന്നു.

പാറുവിനോളം സൗന്ദര്യമില്ലെങ്കിലും അവളും സുന്ദരിയായിരുന്നു. എങ്കിലും ഒരു പെണ്ണിന് വേണ്ട ഗുണഗണങ്ങള്‍, കരുതല്‍ ഒക്കെ പാറുവിനെക്കാളും ഈശ്വരന്‍ കനിഞ്ഞു നല്‍കിയത് അവള്‍ക്കാണെന്ന് തോന്നും. അവളുടെ, കാല്‍മുട്ടിനു താഴെ കണംകാലിനൊപ്പം തന്നെ ഞാണുകിടക്കുന്ന പാവാടയുടെ അഗ്രം കാലുകള്‍ക്കിടയില്‍ തിരുകിവച്ച്, അലക്കുകല്ലിലേയ്ക്ക് കുനിഞ്ഞിട്ട്, അരുകിലാരും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുപോലും അവള്‍ സ്വന്തം നെഞ്ചിലേയ്ക്ക് ഒന്ന് നോക്കി. ഒട്ടും സംതൃപ്തിയില്ലാതെ, ഒന്ന് നിവര്‍ന്ന്, കഴുത്തിന്‌ പിന്നില്‍ കൂടി കൈയിട്ടു ഉടുപ്പ് മുകളിലേയ്ക്ക് വലിച്ച് വച്ച് സ്വയം നോക്കി ഉറപ്പുവരുത്തി അവള്‍ തുണികള്‍ കഴുകിയിട്ടുകൊണ്ടിരുന്നു. പിന്നെയത് നന്നായി നനച്ച്, പിന്നെ ഈര്‍പ്പം കളഞ്ഞത് വിരിച്ച് അവള്‍ വീട്ടുനുള്ളിലേയ്ക്ക് കയറുമ്പോഴേയ്ക്കും നേരം നാല് മണിയോളമായിരുന്നു.

കന്യക അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് വീട്ടിലെ ടെലിഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. അത് അമ്മയുടേതാകും എന്നൂഹിച്ചുകൊണ്ട് തന്നെ സന്തോഷത്തോടെ അവള്‍ ഓടിപ്പോയി ഫോണ്‍ എടുത്തു. ആശുപത്രിയില്‍ നിന്നും നന്ദന തന്നെയായിരുന്നു ആ വിളിച്ചത്. ഇന്നലത്തേത് പോലെ മകളെ വിളിച്ച് ഉപദേശിക്കുകയാണവള്‍. ഇന്നലെയത് പാറുവിനോടായിരുന്നുവെങ്കില്‍ ഇന്നത് കന്യകയോടാണെന്ന് മാത്രം.... പ്രായം ചെന്ന മകളെ വീട്ടില്‍ തനിച്ചാക്കി, മറ്റൊരിടത്തുറങ്ങുന്ന ഒരമ്മയുടെ വേദനയോടെ, നന്ദന തന്റെയുള്ളിലെ വ്യഥയെല്ലാം മകളോട് പറഞ്ഞു തീര്‍ത്തു. അമ്മ പറഞ്ഞതെല്ലാം അവള്‍ മൂളി മൂളി കേട്ടു. അതുകഴിഞ്ഞ് പിന്നെ മുറ്റമടിയും, വിളക്കൊരുക്കലും ഒക്കെയായി അവള്‍ തിരക്കുകളില്‍ ലയിച്ചുപോയി.....

അകലെ ഇരുള്‍ മൂടിതുടങ്ങുമ്പോഴെയ്ക്കും അവള്‍ പുറം ജോലികള്‍ എല്ലാം ഒതുക്കി വീട്ടിനുള്ളില്‍ കയറി, കതകെല്ലാം അടച്ച് ഭദ്രമാക്കി കുളിമുറിയിലേയ്ക്ക് കയറി. പായിയമ്മ തിരികെ എത്തുമ്പോഴേയ്ക്കും കുളിച്ച്, പുതിയ വസ്ത്രങ്ങള്‍ ഒക്കെ ധരിച്ച്, വിളക്കും കത്തിച്ച് അവള്‍ പുസ്തകങ്ങള്‍ക്ക് നടുവില്‍ ചമ്രണം പടിഞ്ഞിരുന്ന് പഠിപ്പ് തുടങ്ങിയിരുന്നു. ഹാളിനുള്ളില്‍ മണിനാദം മുഴങ്ങുമ്പോള്‍ മുന്‍വാതിലിനരുകിലെ ജനാല വിരി നീക്കി അത് പായിയമ്മ എന്നുറപ്പ് വരുത്തി അവള്‍ കതകു തുറന്നു. അവരുള്ളില്‍ പ്രവേശിച്ചതോടെ അവള്‍ കതകു താഴിട്ട് ഭദ്രമാക്കുകയും ചെയ്തു.
*******
ആശുപത്രിയില്‍, ദേവന്‍ കുറേശ്ശെ സുഖം പ്രാപിച്ചു വന്നു. എങ്കിലും ഒന്നെഴുന്നേറ്റിരിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നില്ല. വയറിനുപുറത്തും അതിനുള്ളിലും ഒക്കെ തുന്നല്‍ ഉള്ളതിനാല്‍ അയാള്‍ക്ക്‌ അത് സാധ്യമായിരുന്നില്ല. മരണത്തെ അയാള്‍ ഭയപ്പെട്ടിരുന്നത് പോലും മക്കള്‍ക്കുവേണ്ടിയായിരുന്നു. മൂത്തമകള്‍ എന്നതുകൊണ്ട്‌ തന്നെ, ദേവന് പാറുവിനോട് ഒരല്‍പം വാത്സല്യം കൂടുതല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നു പറയുന്നതാകും ശരി. അതുപോലെ ഇളയമകള്‍ എന്ന നിലയില്‍ കന്യകയോട്‌ ഒരല്‍പം വാത്സല്യം കൂടുതല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതും ശരിയാകും. എങ്കില്‍, പാറുവിന് അച്ഛനോട് ആ സ്നേഹം ഉണ്ടായിരുന്നില്ല. മറിച്ച്, അവള്‍ വിശ്വസ്സിച്ചതെല്ലാം തിരിച്ചായിരുന്നു. അച്ഛന്‍റെ സ്നേഹം കന്യകയോടെന്ന് മനസ്സുകൊണ്ട് അവള്‍ തന്നെ ഒരു തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. അവളില്‍ അടുത്തകാലത്തായി ഉണ്ടായ മാറ്റങ്ങള്‍ ഒരമ്മയെന്ന നിലയില്‍ നന്ദന മനസ്സിലാക്കിയതും ഇല്ല.  സ്വന്തം കണ്മുന്നില്‍ വളരുന്ന മക്കള്‍ നല്ലവരെന്ന് സ്വയം നിശ്ചയിക്കുന്ന മാതാപിതാക്കള്‍ കുറവല്ലല്ലോ. നന്ദനയ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. സ്വന്തം മക്കളെ തന്നെക്കാളേറെ ആ അമ്മ വിശ്വസിച്ചു.

ആശുപത്രിയില്‍ ദേവന്‍റെയരുകില്‍  ഇരിക്കുവാനോ, അച്ഛനോടും, അമ്മയോടും കൂടി സമയം ചിലവഴിക്കാനോ പാറു കൂടുതല്‍ ഉത്സാഹം കാട്ടിയില്ല. പകലില്‍, എപ്പോഴും ആകാശത്തില്‍ പടര്‍ന്നു കിടക്കുന്ന നിറക്കൂട്ടുകളില്‍ മാത്രമായിരുന്നു അവളുടെ നോട്ടം. രാത്രിയില്‍, തുറന്നുകിടക്കുന്ന ജാനാലയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ മാത്രം നോക്കി നിന്നു. അവളിലെ വല്ലാത്ത മാറ്റം കണ്ട  ദേവന്‍ നന്ദനയോട് ചോദിച്ചു.

"നന്ദു... എന്തുപറ്റി എന്‍റെ പാറുമോള്‍ക്ക്‌....? എന്താണവള്‍ ഇങ്ങനെ...??

"ഒന്നുമില്ല നന്ദേട്ടാ.... അവളുടെ മനസ്സ് നോവുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥയില്‍ അച്ഛനെ കാണാന്‍ ഒരു മകളും ആശിക്കില്ല. പ്രത്യേകിച്ചും നമ്മുടെ മക്കള്‍..!! ദേവേട്ടന് അതറിയില്ലേ? നമ്മള്‍ അങ്ങിനെയല്ലേ നമ്മുടെ മക്കളെ വളര്‍ത്തുന്നത്. നമ്മുടെ ഭാഗ്യാ നന്ദേട്ടാ നമ്മുടെ മക്കള്‍...!!! അവര്‍ക്ക് നോവുന്നത് നമ്മുക്ക് താങ്ങാന്‍ കഴിയ്യോ..? അതുപോലെ തന്നെയാവും അവര്‍ക്കും....!!!! ഏട്ടന്‍ ഒന്നും ആലോചിച്ച് മനസ്സ് വിഷമിക്കണ്ടാ.. അവളെ...അവളെ ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.... ഇപ്പോള്‍ ഈ സമയത്ത് ദേവേട്ടന്‍ മറ്റൊന്നും ചിന്തിക്കരുത്. അതെല്ലാം നോക്കാന്‍ ഏട്ടന്‍റെ നന്ദു ജീവിച്ചിരിപ്പുണ്ട്..." അവള്‍ ദേവന്‍റെ കണ്ണുകളില്‍ നോക്കി. അവ അവള്‍ക്ക് നേരെ തിളങ്ങി നിന്നു.

നന്ദനയുടെ വാക്കുകള്‍ കേട്ടുകൊണ്ട്, അരുകിലിരുന്നു അവള്‍ തഴുകിയ തഴുകലില്‍ ദേവന്‍ മെല്ലെ മെല്ലെ മയങ്ങി. രാവിന് നന്നേ ഇരുള് ബാധിച്ചു. ദേവന്‍ നല്ല ഉറക്കമായി എന്ന് ബോധ്യമായപ്പോള്‍  നന്ദന കിടക്കയ്ക്കരുകില്‍ നിന്നും മെല്ലെ എഴുന്നേറ്റു. പിന്നെ ഒട്ടും ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരുകില്‍ നിന്നും വെളിയിലേയ്ക്ക് കണ്ണും നട്ട് നിന്ന പാറുവിനരുകിലേയ്ക്ക് വന്നു. അമ്മ തന്റെയരുകിലണഞ്ഞ കാലൊച്ചപോലും അവള്‍ കേട്ടില്ല. പാറുവിനരുകില്‍ എത്തിയ നന്ദന പതിയെ അവളുടെ തോളില്‍ കൈവച്ചു. പാറു പുറത്തു നിന്നും നോട്ടം വലിച്ച് അമ്മയുടെ നേരെ നോക്കി. നന്ദന മകളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവള്‍ക്കെന്തോ തന്നോട് പറയുവാന്‍ ഉണ്ടെന്ന് നന്ദനയ്ക്ക് തോന്നി. അല്‍പ്പം ഉദ്വേഗത്തോടെ തന്നെ നന്ദന മകളോട് ചോദിച്ചു.

"എന്ത് പറ്റി പാറൂട്ടി നിനക്ക്..?? വന്നപ്പോള്‍ മുതല് ഞാന്‍ നിന്നെ ശ്രദ്ധിക്കുവായിരുന്നു. അച്ഛനറിയണ്ടാന്ന്  വച്ച് ഞാന്‍ ചോദിക്കാതിരുന്നു എന്നെ ഉള്ളൂ. അച്ഛന്റെ ഈയവസ്ഥയല്ലാതെ എന്‍റെ മോളെ മറ്റെന്തോ അലട്ടുന്നുണ്ട്. അതീ അമ്മയ്ക്ക് കണ്ടാല്‍ മനസ്സിലാകും. എന്തുണ്ടെങ്കിലും മോള്‍ക്ക്‌ അമ്മയോട് പറഞ്ഞുകൂടെ... നിങ്ങളുടെ ഒരാഗ്രഹങ്ങള്‍ക്കും അച്ഛനും അമ്മയും എതിരു നിന്നിട്ടും ഇല്ലല്ലോ...??

പാറു നന്ദനയുടെ മുഖത്ത് നോക്കി. പിന്നെ നിറഞ്ഞ കണ്ണുകളോടെ അവള്‍ നന്ദനയോട് ചോദിച്ചു.

"അമ്മേ.... ഞാനല്ലേ അമ്മയുടെ മൂത്തമകള്‍..??

"എന്താ നീയിപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ പാറു....???? നന്ദന തിരിച്ചു ചോദിച്ചു.

"കന്യയ്ക്ക് അമ്മ എന്നെ നിയന്ത്രിയ്ക്കാനും ശാസ്സിക്കാനും എപ്പോഴാ അധികാരം കൊടുത്തേ...?? ഞാനും അമ്മേടെ മോളല്ലേ..? എന്‍റെ അച്ഛനല്ലേ ഈ കിടക്കണതും...!! അച്ഛന്‍ ഇങ്ങനെ കിടക്കുമ്പോള്‍ അവളെപ്പോലെ തന്നെ എനിക്കുമുണ്ടാകില്ലെ വിഷമം..???

"മോളെ...!! നീ ഇങ്ങനെ സ്വയം വിഷമിച്ച്, അമ്മയെക്കൂടി സങ്കടപ്പെടുത്താണ്ട് കാര്യം എന്താന്ന്വച്ചാ പറയ്‌...!! നന്ദനയ്ക്ക് ആകെ ആധിയായി.

"ഞാനുറങ്ങീലമ്മേ..!!! ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഒരുപോള കണ്ണടച്ചിട്ടില്ല. പിന്നെ വെളുപ്പിന് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി. അത് സത്യാ... അതിന് കന്യ എന്തെല്ലാമാണ് എന്നെ പറഞ്ഞത് എന്നറിയോ അമ്മയ്ക്ക്...?? ഞാനെന്താ അമ്മേ,  ഉറങ്ങാതെ, ആണൊരുത്തനെ തേടി നടക്കുവായിരുന്നോ രാത്രി മുഴുവനും......!!!

"പാറു....!!! എന്തായിത്?? നീ എന്താ സംസാരിക്കണേ എന്ന് വല്ല നിശ്ചയോം ഉണ്ടോ നിനക്ക്...???

"ഉണ്ടമ്മേ ഉണ്ട്..... ഇത് ഞാനൂഹിച്ചതല്ല. അമ്മേടെ കന്യൂട്ടി ചോദിച്ചതാ എന്നോട്. എന്നെ അങ്ങിനെ ഒരു കണ്ണില്‍ കണ്ടോണ്ടല്ലേ അമ്മെ അവളങ്ങിനെ ചിന്തിച്ചതും അങ്ങിനെ സംശയിച്ച് എന്നോട് ഓരോന്ന് ചോദിച്ചതും....  പാറു നന്നായി സങ്കടപ്പെട്ട് നന്ദനയോട് പറഞ്ഞു.

പാറുവിന്‍റെ വാക്കുകള്‍ ഒരമ്മയെന്ന നിലയില്‍ നന്ദനയെ വല്ലാതെ ചൊടിപ്പിച്ചു. തന്‍റെ മുന്നില്‍ നിന്നും തേങ്ങുന്ന മകളെ സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്തണച്ചുകൊണ്ട് ആ സ്നേഹമയിയായ അമ്മ പറഞ്ഞു.

"എന്‍റെ മോള് വിഷമിക്കണ്ടാ... എന്തിനും നേരം ഒന്നു വെളുത്തോട്ടെ. അമ്മ ചോദിക്കുന്നുണ്ടവളോട്...!!!"  നന്ദനയുടെ നെഞ്ചില്‍ കിടന്ന പാറു ഉള്ളുകൊണ്ട് സന്തോഷിച്ചു....അവള്‍ സ്വയം ഉറപ്പിക്കുകയും ചെയ്തു. നാളത്തെയിടം കൊണ്ട് അവളുടെ ശല്യം തീരും. ഇനിയവള്‍ അമ്മയോട് എന്ത് പറഞ്ഞാലും അമ്മ കേള്‍ക്കില്ല. ഉറപ്പ്. വേണ്ടിവന്നാല്‍ ഇതിലും വലുതായി അച്ഛനോടും പറയുക തന്നെ. അവള്‍ വളരെയധികം ആശ്വാസത്തോടെ നന്ദനയെ ചേര്‍ത്ത് പിടിച്ചു.
***********
അത്താഴം കഴിഞ്ഞു കന്യക  മുറിയിലേയ്ക്ക് കയറി. പായിയമ്മ കഴിഞ്ഞ രാത്രിയിലെ പോലെ ഹാളില്‍ ഒരരുകിലായി പായ വിരിച്ചു. പുറത്ത് രണ്ടു ദിവസമായി മാറി നിന്ന മഴ മൗനമായി പൊഴിയാന്‍ തുടങ്ങി. ഒഴുകി വന്ന ചെറുകാറ്റില്‍, വിടര്‍ന്നുനിന്ന അരളിപൂക്കളുടെ ഗന്ധം മുറിയിലാകെ പടര്‍ന്നുകയറി. ഒപ്പം നല്ല തണുപ്പും. കന്യക തുറന്നുകിടന്ന ജനാലയ്ക്കരുകില്‍ ചെന്നു. അവളുടെ മുടിയിഴകള്‍ ചെറുകാറ്റില്‍ മെല്ലെ ഇളകിയാടി. ആകാശത്തിലെ നക്ഷത്രപ്പൂക്കളെല്ലാം കണ്ണടച്ചു. പുറത്തുകത്തുന്ന വൈദ്യുതവിളക്കിന്‍റെ നിഴലിലൂടെ മൗനമായി പൊഴിയുന്ന മഴയെ അവള്‍ക്ക് കാണാം. കുറച്ചുനേരം ആ മഴയെത്തന്നെ നോക്കി നില്‍ക്കെ അവളില്‍ ആ ഇരുണ്ട പ്രകൃതിയോട് പണ്ടെങ്ങും തോന്നാത്തത് പോലൊരു മൗനാനുരാഗം മൊട്ടിട്ടു. കണ്ണിമ ചിമ്മാതെ അവിടേയ്ക്ക് തന്നെ നോക്കിനില്‍ക്കെ വിണ്ണില്‍ നിന്നും മണ്ണിലേയ്ക്കിറങ്ങിവരുന്ന ഗന്ധര്‍വനെപ്പോലെ ആ മഴത്തുള്ളികള്‍ അവള്‍ക്കരുകിലേയ്ക്ക് ഉരുണ്ടുരുണ്ട്‌ വരുന്നത്പോലെ തോന്നിയവള്‍ക്ക്‌. പെട്ടെന്നെന്നപോലെ അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ഒട്ടും അമാന്തിക്കാതെ കൈനീട്ടി അവള്‍ ആ ജനാലപ്പാളി വലിച്ചടച്ച്‌ താഴിട്ടു. 

കിടയ്ക്കരുകില്‍ വന്ന് കുറച്ചുനേരം അവള്‍ അതില്‍ ഇരുന്നു. പുറത്ത് ഹാളില്‍, അപ്പോഴേയ്ക്കും പായിയമ്മ സുഖനിദ്രയിലായിക്കഴിഞ്ഞിരുന്നു. കണ്ണുകളില്‍ ഉറക്കം തഴുകിത്തുടങ്ങിയപ്പോള്‍ കന്യക എഴുന്നേറ്റ് മുറിയ്ക്കുള്ളിലെ വെളിച്ചം കെടുത്തി. പിന്നെ രാവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ അവള്‍ തന്‍റെ കിടക്കയിലേയ്ക്ക് ചരിഞ്ഞു.

മഴവീണ മണ്ണ് കുളിര്‍ന്ന് നിന്നു. ആ മണ്‍തരികളെ ഒട്ടും നോവിക്കാതെ രണ്ടു കാല്‍പാദങ്ങള്‍ ദേവനന്ദനത്തിന്‍റെ മുറ്റം കടന്നു. അത് ആ വീട്ടിലെ പെണ്‍കുട്ടികള്‍ ശയിക്കുന്ന മുറിയെ ലക്ഷ്യമാക്കി അടുത്തുകൊണ്ടിരുന്നു. കന്യക മെല്ലെ മയക്കത്തിലേയ്ക്ക് വഴുതിവീണു. ആ പാദങ്ങള്‍ പതിയെ കന്യക ഉറങ്ങുന്ന മുറിയിലെ, അല്‍പ്പം സമയം മുന്‍പ് അവള്‍ താഴിട്ട ജനാലയ്ക്കരുകില്‍ വന്നുനിന്നു. പിന്നെ മെല്ലെമെല്ലെ ആ ജനല്‍പാളിയില്‍ മുട്ടാന്‍ തുടങ്ങി. ഒപ്പം ഇരുജനാലപ്പാളികളും ചേര്‍ന്നടഞ്ഞിരിക്കുന്ന ചെറുവിടവിലൂടെ ചുണ്ടുകള്‍ ചേര്‍ത്ത് ഒരു മന്ത്രണം പോലെ പറഞ്ഞു.

"പാറു... പാറു... മുറിതുറക്കൂ..."

പലതവണ ആ വിളി ജനാലപ്പാളിയിലെ ചെറുവിടവിലൂടെ അകത്തുകടന്ന് ആ മുറിയാകെ ഒഴുകിനടന്നു. ഒടുവില്‍,  കന്യകയുടെ കാതിലും അത് ചെന്നുപെട്ടു. ക്ഷീണിതയെങ്കിലും ഉറക്കം വിട്ട്, അവള്‍ പതിയെ കണ്ണുകള്‍ തുറന്നു. ഒരല്‍പ്പനേരം എന്താണ് കേട്ടത്, സ്വപ്നമാണോ അതോ സത്യമായും താന്‍ കേട്ടതാണോ എന്നവള്‍ ചിന്തിച്ചിരിക്കെ വീണ്ടും മെല്ലെ ആ വിളി അവളുടെ കാതില്‍ വീണു.

"പാറൂട്ടി.... ന്‍റെ പാറൂട്ടി കതകു തുറക്കണുണ്ടോ നീയ്..."

അടക്കിപ്പിടിച്ച ആ സ്വരം ആരുടേതെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കന്യകയ്ക്കായില്ല. അവള്‍ കിടക്ക വിട്ടെഴുന്നേറ്റു. പിന്നെ ശബ്ദമുണ്ടാക്കാതെ മുറിയ്ക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ ജനാലയുടെ ഓരം ചേര്‍ന്ന് നിന്നു. അകത്ത്, ജനാലയ്ക്കരുകില്‍ എത്തിയ നിഴല്‍ കണ്ട് പുറത്തെ രൂപം സന്തോഷം കൊണ്ട് വീണ്ടും ജനല്‍പാളിയ്ക്കരുകിലേയ്ക്ക് തന്‍റെ ചുണ്ടുകള്‍ അമര്‍ത്തി പറഞ്ഞു.

"പാറു ഇത് ഞാനാണ് സേനന്‍....നീ കതകു തുറക്ക്...."

കന്യക ആ വാക്കുകള്‍ കേട്ടു ഒന്ന് ഞെട്ടി. അവള്‍, ഉള്ളിലെന്തോ കൊളുത്തിവലിച്ചപോലെ ജനാലയ്ക്കരുകിലെ ഭിത്തിയിലേയ്ക്ക്‌ ചാഞ്ഞു. ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിലൂടെ കഴിഞ്ഞ രണ്ടു ദിനങ്ങള്‍ മിന്നിമറഞ്ഞു. അതിന്റെ ഓര്‍മകളില്‍ അവള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ തേങ്ങാന്‍ തുടങ്ങി. അവളുടെ തേങ്ങല്‍ പുറത്തുവരാതിരിക്കാന്‍ ഇരുകൈകളുംകൊണ്ടവള്‍ വായ പൊത്തി. ചുവരിലേയ്ക്ക് ചാരി പിന്നെ അതിലൂടെ ഉരഞ്ഞുരഞ്ഞു അവള്‍ നിലത്തേയ്ക്കിരുന്നു. അപ്പോഴും പുറത്ത് ജനാലയ്ക്കരുകില്‍ നിന്നും ആ രൂപം പതിയെപതിയെ വിളിച്ചുകൊണ്ടിരുന്നു.

"പാറു... ന്‍റെ പാറൂ.. നീയാ കതകൊന്ന് തുറക്കണുണ്ടോ..?? 

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ