2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 16

ജിയാസ്സിന്‍റെ വേര്‍പാട്  ഇന്ദിരയ്ക്ക് സഹിയ്ക്കാന്‍ കഴിയുമായിരുന്നില്ല. നന്ദനയാകട്ടെ ആകെ പകച്ചുപോയി. എന്തുചെയ്യണം എന്നറിയാതെ അവളാകെ കുഴങ്ങി. ആശുപത്രിയില്‍ അന്നവിടെ ഉണ്ടായിരുന്നവര്‍ എല്ലാം ചേര്‍ന്ന് അവരെ കൂട്ടമായി നിന്ന് പിടിച്ച് ആശുപത്രിയിലെ ഒരു റൂമില്‍ കൊണ്ടിരുത്തി. ജിയാസിന്‍റെ ആത്മഹത്യ നിമിഷനേരം കൊണ്ട് നാടൊട്ടുക്ക് പരന്നു. കക്കിചേരിയിലെ മുക്കാല്‍പ്പങ്ക് ജനങ്ങളും ആ ആശുപത്രിയിലേയ്ക്ക് തള്ളിക്കയറാന്‍ തുടങ്ങി. അവരില്‍ രോക്ഷാകുലരായ ചെറുപ്പക്കാര്‍ ആശുപത്രിയുടെ മുന്നില്‍ നിന്നും ആക്രോശിച്ചു.

"കക്കിചേരിയിലെ ഈ പാവം പെണ്‍കുട്ടിയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ എങ്ങിനെ ഉണ്ടായി.?? ഞങ്ങള്‍ക്കിപ്പോള്‍ സത്യമറിയണം. അല്ലാതെ ഞങ്ങളാരും ഇവിടുന്ന് ഒരടി പിന്നിലേയ്ക്കില്ല"

പ്രകോപിതരായ അവരില്‍ ചിലര്‍ ആശുപത്രിയുടെ മുന്നിലെ ചില്ലില്‍ ഒരെണ്ണം എറിഞ്ഞുടച്ചു. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. അതോടെ പോലീസും, വിവരമറിഞ്ഞ മാധ്യമപ്രവര്‍ത്തകരും ആശുപത്രിയുടെ മുന്നിലെത്തി.

എസ്. ഐ.രാജശേഖര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ സംവദിച്ചു. കൂടുതല്‍ ഫോഴ്സ് വേണമെന്നും ആവശ്യപ്പെട്ടു. എന്തിനും പോന്ന ചെറുപ്പക്കാരില്‍ ചിലര്‍ മുന്നിലേയ്ക്ക് വന്നു. ആദ്യം കണ്ട ആശുപത്രിയിലെ ജീവനക്കാരോട് അവര്‍ കയര്‍ക്കാന്‍ തുടങ്ങി.

"ഞങ്ങള്‍ക്കറിയണം... നമ്മുടെ ജിയാസ്സിന് എന്ത് പറ്റീന്ന് നമ്മുക്കിപ്പോള്‍ അറിയണം.."

ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ പകച്ചു. കാരണം ജിയാസ്സിന് എന്ത് സംഭവിച്ചു എന്നതും, എന്തിനാണവളെ ആശുപത്രിയില്‍ എത്തിച്ചത് എന്നതും എസ്. ഐ രാജശേഖറിനും, അയാളുടെ ഏറ്റവും അടുത്ത ചില പോലീസുകാര്‍ക്കും, പിന്നെ ഡോക്ടര്‍ക്കും, ഡോക്ടറുടെ വിശ്വസ്തരായ ചില നര്‍സ്മാര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്.

ആളുകളുടെ പ്രകോപനത്തില്‍ അമ്പരന്നുപോയ ഡോക്ടര്‍,  രാജശേഖറെ തന്‍റെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു.

"കാര്യങ്ങള്‍ ഇത്രത്തോളം വലുതാവുകയാണെങ്കില്‍ ഉണ്ടായ സത്യങ്ങള്‍ നമ്മള്‍ ജനങ്ങളോട് വിളിച്ചു പറഞ്ഞേ മതിയാകൂ. അതല്ലാതെ എന്താണിപ്പോള്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗം. ശരിക്കുള്ള സത്യം അറിഞ്ഞില്ലങ്കില്‍ ആളുകള്‍ ആശുപത്രിയിലേയ്ക്ക് ഇടിച്ചു കയറും. പ്രത്യേകിച്ച് കക്കിചേരിയിലെ ജനങ്ങള്‍... അത് ഞാനറിയാതെ തന്നെ ഇവിടുത്തെ പോലീസുകാര്‍ക്ക് അറിവുള്ളതല്ലെ. ഒരു ഗ്രാമത്തെ മുഴുവന്‍ മദ്യവിമുക്തമാക്കാന്‍ അവര്‍ കൈക്കൊണ്ട മാര്‍ഗ്ഗം, സഹജീവനം ഒക്കെ ഈ ലോകം മൊത്തം അറിയുന്ന കാര്യമല്ലേ. കക്കിചേരി വീണ്ടും ഒരു അരാചകത്വത്തിലേയ്ക്ക് പോകാന്‍ അവര്‍ അനുവദിക്കില്ല. ഇതൊരു വെറും വികാരക്ഷോഭമല്ല. ഇത് അപകടമാണ്. എത്രയും പെട്ടെന്ന് അതിലെ പ്രമുഖരെ വിളിച്ചു നാം ഇത് പറയുക തന്നെ ചെയ്യുക. അത് മാത്രമേ എന്‍റെ മുന്നില്‍ ഒരു വഴിയുള്ളൂ.."

ഡോക്ടറുടെ മുന്നിലിരുന്ന് രാജശേഖര്‍ വിയര്‍യ്ക്കാന്‍ തുടങ്ങി. ഡോക്ടറും ആശുപത്രിയും ആ സത്യം വിളിച്ചു പറയുകയാണെങ്കില്‍ ജനം തന്‍റെ നേരെ തിരിയും. ജിയാസ്സിനെ ഈയൊരു ഒടുക്കത്തിലേയ്ക്ക് തള്ളിവിട്ട ആ നശിച്ചവനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത തന്‍റെ പോലീസ് വര്‍ഗത്തെ അവര്‍ ചിലപ്പോള്‍ കായികമായി നേരിടാന്‍ തുടങ്ങും...

"എന്താണ് സര്‍..??  നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്....??? എന്തെങ്കിലും ഒന്ന് പറയൂ. ഇത് കൂടുതല്‍ അക്രമാസക്തമായാല്‍ ഞാനും ചോദ്യം ചെയ്യപ്പെടും. എനിക്കും ഈ വീഴ്ചയില്‍ പങ്കുണ്ട് അതറിയില്ലേ സാറിന്. ഞാന്‍ എന്തിനീ സത്യം ഒളിച്ചുവച്ചു എന്ന് എന്‍റെ അധികാരികള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും സര്‍..??? പിന്നെ, മാധ്യമങ്ങള്‍..!!! അവര്‍ ഇതിനു രാഷ്ട്രീയ നിറം കലര്‍ത്തും.  ആരെയോ ഉന്നതനെ രക്ഷിക്കാന്‍ പോലീസും ആശുപത്രി അധികാരികളും കൂടി സത്യങ്ങള്‍ ഒളിച്ചുവച്ചു എന്ന് പറയും. എന്‍റെ ജോലിയും, ഞാന്‍ ഇതുവരെ നേടിയെടുത്ത നല്ല പേരും, പ്രശസ്തിയും ഒക്കെ നഷ്ടമാകും..."

"ഓക്കെ... സര്‍ നമ്മുക്കിത് അവരോട് വെളിപ്പെടുത്താം. പിന്നെ എല്ലാം വരുന്നത് പോലെ തന്നെ വരട്ടെ. ഈശ്വരനിശ്ചയം അല്ലാതെന്ത് പറയാന്‍."  അങ്ങിനെ തീരുമാനിച്ചുകൊണ്ട് ഡോക്ടറും, രാജശേഖറും ആശുപത്രിയുടെ മുന്നിലേയ്ക്ക് നടന്നു.
**********
പാറു അച്ഛന്‍റെയരുകില്‍ തന്നെയിരുന്നു. പ്രഭാതത്തില്‍ നല്‍കിയ ഇഞ്ചക്ഷനില്‍ ദേവന്‍ ഒന്ന് മയങ്ങി. ജിയാസ്സിനെ കാണാന്‍ പോയ അമ്മയെ ഇതുവരെ കണ്ടില്ല. വാര്‍ഡുകളില്‍ നിന്നും രോഗികള്‍ അല്ലാതെയുള്ളവരെല്ലാം തിരക്കിട്ട് പുറത്തേയ്ക്ക് പോകുന്നത് പാറു കണ്ടിരുന്നു. ദേവനെ കിടത്തിയിരുന്ന വാര്‍ഡില്‍ കുറച്ചകലെയായി കിടന്നിരുന്ന വൃദ്ധന്‍റെ അരുകില്‍ കാവലിരുന്ന അയാളുടെ മകള്‍ പുറത്തുനിന്ന് അയാള്‍ക്കുള്ള പ്രഭാതഭക്ഷണപ്പൊതിയുമായി അകത്തേയ്ക്ക് വന്നു. അവരുടെ മുഖമാകെ മ്ലാനമായിരുന്നു. പാറു വെറുതെ അവരെ ഒന്ന് ശ്രദ്ധിച്ചു. അവര്‍ പാറുവിനെയും. അരുകിലെ കിടക്കകളില്‍ രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആകെ കൂട്ടിരിപ്പുകാരായി ആ വാര്‍ഡില്‍ ഉണ്ടായിരുന്നത് പിന്നെ പാറു ആയിരുന്നു. ആരോടും ഒന്ന് പറയാന്‍ കഴിയാതെ മനസ്സില്‍ തിങ്ങിനിന്ന വാക്കുകളുമായി പെട്ടെന്ന് തന്നെ ആ സ്ത്രീ പാറുവിന്‍റെ അരുകിലേയ്ക്ക് വന്നു. അവരെക്കണ്ട പാറു മെല്ലെയെഴുന്നേറ്റു.

"ആരാ കിടക്കുന്നെ.. മോളുടെ അച്ഛനാണോ..?? ആ സ്ത്രീ ചോദിച്ചു.

പാറു ഉത്തരം പറഞ്ഞു: "അതെ ചേച്ചീ..."

അപ്പോള്‍ അവര്‍ തുടര്‍ന്നു. "അയ്യോ മോളെ ഇന്നാരെ കണികണ്ട് വന്നോന്നറിയില്ല. മേലാകെ വിറയ്ക്കുന്നു..."

"എന്തുപറ്റി ചേച്ചീ... ഞാനും ശ്രദ്ധിച്ചിരുന്നു. ഇവിടുണ്ടായിരുന്ന ആളോളെല്ലാം തിരക്കിട്ട് പുറത്തേയ്ക്ക് പോയി. അച്ഛനിവിടെ ഒറ്റയ്ക്കേ ഉള്ളൂ. അമ്മ പരിചയത്തിലുള്ള ഒരു പെണ്‍കുട്ടി ഇവിടെ കിടക്കുന്നുണ്ട്. അവളെ കാണാന്‍ പോയി...!! എന്താണ് നടന്നത് എന്ന് ഒന്നും അറിയാന്‍ കഴിയണില്ല.." അവള്‍ പറഞ്ഞു.

"അയ്യോ!!! ഒന്നും അറിയാതിരിക്കണതാ മോളെ നല്ലത്... ഓ!! കണ്ടിട്ട് സഹിയ്ക്കാന്‍ പറ്റണില്ല." അവര്‍ പറഞ്ഞു.

"എന്തുപറ്റി ചേച്ചി..? എന്താ ഉണ്ടായത്..? പാറു ആകാംഷാഭരിതയായി ചോദിച്ചു.

അവര്‍ താഴെ നടന്നതും,  അതിനപ്പുറം അവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നറിഞ്ഞതും ഒക്കെ പറഞ്ഞു. "ജിയാസ്സെന്നോ മറ്റോ ആണ് പേര്...എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. ആ ഗ്രാമത്തിലെ സകലമാനജനങ്ങളും ഈ ആശുപത്രിയുടെ മുന്നിലുണ്ട്. ആശുപത്രിയുടെ ചില്ലുകളെല്ലാം അവര്‍ അടിച്ചു തകര്‍ത്തു.... ഹോ!! വല്ലാത്തൊരു കാഴ്ച തന്നെ മോളെ..."

പറഞ്ഞുകൊണ്ട് അവര്‍ താണ്ടിയ്ക്ക് കൈയും കൊടുത്തു നിന്നു. പാറുവിന്‍റെ നെഞ്ചിലൂടെ ഒരു അറക്കവാള്‍ ഇടം വലം ചലിക്കാന്‍ തുടങ്ങി. ഹൃദയത്തിന്‍റെ ഉള്ളറകളില്‍  നിന്നും രക്തം അവളുടെ നെഞ്ചിനുള്ളിലെ എല്ലിന്‍കൂടിലേയ്ക്കു ഒഴുകുന്നത് പോലെ... ജിയാസ്സ്... എന്‍റെ ജിയാസ്... അവള്‍ക്കെന്തുപറ്റി..?? അവളെന്തിനിത് ചെയ്തു...?? എന്താണ് രണ്ടു മൂന്നു ദിവസമായി നടക്കുന്നത്..? ജിയാസ്സിനെ കാണാതാവുക, അച്ഛന്‍ അവിടേയ്ക്ക് പോകുക, അഗസ്റ്റിന്‍ അങ്കിള്‍ അച്ഛനെ കുത്തികൊല്ലാന്‍ ശ്രമിക്കുക. ചിന്തിക്കുംതോറും അവളുടെ മനസ്സ് പരിഭ്രാന്തമായ അവസ്ഥയിലേയ്ക്ക് നീങ്ങി. അവള്‍ ഒരു നിമിഷം ചിന്തിച്ചു തിരിഞ്ഞുനോക്കവേ അവള്‍ക്കരുകില്‍ നിന്ന ആ സ്ത്രീ അവരുടെ അച്ഛന്റെയരുകിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പാറു അത്യധികം സങ്കടത്തോടെ അരുകിലെ കസേരയിലേയ്ക്കിരുന്നു. ദേവന്‍ അപ്പോഴും മയക്കത്തിലായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ