2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 22

ഒടുവില്‍ രാജശേഖര്‍ ആ മുറിവിട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ നന്ദന ദീര്‍ഘമായി നിശ്വാസം കൊണ്ടുകൊണ്ട് അരുകിലെ കസേരയിലേയ്ക്ക് ഇരുന്നു. കന്യക അമ്മയുടെ അരുകിലേയ്ക്ക് ചേര്‍ന്ന് നിന്നു. അതോടെ നന്ദന മകളുടെ ശരീരത്തിലേയ്ക്ക് ചാരിയിരുന്നു. അമ്മയുടെ മുടിയിഴകളെ തഴുകി നിന്ന കന്യക നിറമിഴികളോടെ പായീമ്മയെ നോക്കി. അപ്പോള്‍, തളര്‍ന്നു വിറങ്ങലിച്ച അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ആ വൃദ്ധമാതാവിന്‍റെ വിതുമ്പല്‍ കന്യകയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ സങ്കടത്തോടെ അവരെ നോക്കി വിളിച്ചു.

"പായീമ്മേ...!!! അമ്മ പറഞ്ഞതോര്‍ത്ത് സങ്കടപ്പെടല്ലേ...!! അമ്മയ്ക്കതേ കഴിയൂ പായീമ്മേ..!!!

കന്യകയുടെ ആ വാക്കുകള്‍ അവരെ ഒരുനിമിഷം ചിന്തിപ്പിച്ചുവോ..? അതെ ചിന്തിപ്പിച്ചിട്ടുണ്ടാകും അവര്‍ തെല്ലു വിടര്‍ന്ന കണ്ണുകളോടെ കന്യകയെ നോക്കി. നന്ദന അപ്പോഴും മകളെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. കന്യക ദയനീയമായ ഒരു നോട്ടത്തോടെ പായീമ്മയോട് പറഞ്ഞു.

"അമ്മ നമ്മുടെ കൂട്ടത്തില്‍ ഒരാളായിട്ടേ പായീമ്മേനെ കണ്ടിട്ടുള്ളൂ. ഇനിയും അങ്ങിനെ തന്നെയായിരിക്കും. ഇതിപ്പോള്‍ നമ്മള് രണ്ടു പെണ്‍കുട്ട്യോളുടെ ഇനിയുള്ള സുരക്ഷയെക്കരുതിയാവും അമ്മ അങ്ങിനെ പറഞ്ഞേ. അല്ലെങ്കില്‍ പായീമ്മ ഒന്ന് ചിന്തിച്ചേ, നാളെ കക്കിചേരിയിലെ ജനങ്ങള്‍ എന്താകും പറയുക....????

പായീമ്മ ഒരുനിമിഷം അവളുടെ വാക്കുകളെക്കുറിച്ച് ചിന്തിച്ചു. അതോടെ മെല്ലെ മെല്ലെ അവരുടെ സങ്കടം കുറഞ്ഞുവന്നു. അവളുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടപോലെ അവര്‍ നിശബ്ദയായി കിടന്നു. തുടര്‍ന്നുള്ള നിമിഷങ്ങള്‍ നിശബ്ദം കടന്നുപോയി. ഒടുവില്‍ കന്യകയെ പായീമ്മയുടെ അടുക്കല്‍ നിര്‍ത്തിയിട്ട് നന്ദന അവിടെനിന്നും എഴുന്നേറ്റ് ദേവന്‍റെയടുത്തേയ്ക്ക് പോയി.

നന്ദന മുറി തുറന്നു അകത്തേയ്ക്ക് കയറുമ്പോള്‍ ദേവന്‍ ഉണര്‍ന്നു കിടപ്പുണ്ടായിരുന്നു. അയാള്‍ അതുവരെയും നന്ദനയെ കാണാതെ പരിഭ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിഭവത്തോടെ അയാള്‍ ചോദിച്ചു.

"ന്‍റെ നന്ദു... എങ്ങോട്ടെങ്കിലും പോയാല്‍ നിനക്കൊന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ..? ഞാന്‍ എന്ത് മാത്രം സങ്കടപ്പെട്ടൂന്നു നിനക്കറിയാവോ...?

നന്ദന ദേവന്‍റെ വാക്കുകള്‍ക്ക് മറുപടിയൊന്നും പറയാതെ അയാളുടെ കിടക്കയ്ക്ക് അരുകിലുള്ള കസേരയിലേയ്ക്കിരുന്നു. പിന്നെയും ഒന്നും ഉരിയാടാതെ അയാളുടെ വലതുകരം തന്‍റെ മുഖത്തേയ്ക്കു പിടിച്ചടുപ്പിച്ചു. പിന്നെ ഒരു തേങ്ങലോടെ ആ കൈയും ചേര്‍ത്ത് കട്ടിലിലേയ്ക്ക് മുഖമമര്‍ത്തി. ദേവന്‍ എന്ത് നടന്നതെന്നറിയാതെ ആകെ പരിഭ്രമിച്ചു. അയാള്‍ കിടക്കയില്‍ നിന്നും അവളുടെ സമീപത്തേക്ക് മെല്ലെ തിരിയാന്‍ ഒരു വിഫലശ്രമം നടത്തി. കഴിയാതെ വന്നപ്പോള്‍ വളരെ പണിപ്പെട്ട് തന്‍റെ ഇടതുകരം എടുത്ത് നന്ദനയുടെ മുടികളിലൂടെ തഴുകി. നന്ദന അപ്പോഴും തേങ്ങുന്നുണ്ടായിരുന്നു. അയാള്‍ പിന്നെയും അവളെ തഴുകിക്കൊണ്ടിരുന്നു. ആ നിശബ്ദതയ്ക്കൊപ്പം രാവും മെല്ലെമെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
**************
സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും, രാവേറെ കഴിഞ്ഞിട്ടും രാജശേഖര്‍ ചിന്താമഗ്നനായിരുന്നു. വിളമ്പി വച്ച ആഹാരത്തിനു മുന്നില്‍ ഇരുന്നപ്പോഴും അയാള്‍ക്ക്‌ വല്ലാത്ത ഒരു മനസ്താപം പോലെ. ഒരു രീതിയിലും അടുക്കാന്‍ കഴിയാത്ത പോലെ ചില ചങ്ങലകണ്ണികള്‍ പരസ്പരം തന്നില്‍ നിന്നും അകന്നകന്ന് പോകുന്നത് പോലെ. എവിടെയെങ്കിലും താന്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ആരോ അവിടെ നിന്നും തന്നെയും ദൂരേയ്ക്ക് വലിച്ചിഴയ്ക്കുന്നു. ആദ്യം അഗസ്റ്റിന്‍, പിന്നെ ദേവന്‍, ജിയാസ്, പനീര്‍, കന്യക, പായീമ്മ.. പിന്നെ ദേ ഒടുവില്‍ ഇപ്പോള്‍ നന്ദനയും.... അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി. തന്‍റെ മുന്നിലിരുന്ന ഭക്ഷണം ഒന്ന് തൊട്ടുപോലും നോക്കാതെ അയാള്‍ എഴുന്നേറ്റു. കൈകഴുകി, തൊട്ടുമുന്നിലെ ടൌവലില്‍ കൈ തുടച്ചുകൊണ്ട് അയാള്‍ മുന്‍വാതില്‍ തുറന്നു മുറ്റത്തേയ്ക്കിറങ്ങി. നല്ല നിലാവില്‍ അയാള്‍ ഇടംവലം നടന്നു. പിന്നെ എന്തോ ചിന്തിച്ചുറപ്പിച്ച പോലെ പെട്ടെന്ന് വീട്ടിനകത്തേക്ക് വന്നു. പിന്നെ ഫോണ്‍ എടുത്ത് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല്‍ കേട്ട സ്വരത്തിനോട് അയാള്‍ പറഞ്ഞു.

"സ്റ്റേഷനില്‍ ഒരു പി.സി. യെ നിര്‍ത്ത്‌. എന്നിട്ട് പോ... ഇപ്പോള്‍തന്നെ.. ഈ രാത്രി തന്നെ സേനനെ പിടിക്ക്. പിന്നെ ഒരു കാര്യം അവനെ കസ്റ്റഡിയില്‍ എടുക്കുന്നത് ആരും അറിയണ്ട. അവനെ സ്റ്റേഷനില്‍ കൊണ്ട് വന്നിട്ട് എന്നെ വിളിക്ക്. അതുപോലൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അവനെ കൊണ്ടുവരുന്നത് ആരും കാണരുത്....ഉം... പോ.. സമയം കളയണ്ട.

അത്രയും പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ അയാള്‍ക്ക്‌ തെല്ല് ആശ്വാസം വന്നപോലെ തോന്നിച്ചു.  മുന്‍വാതില്‍ താഴിട്ട്, ഹാളിലെ നനുനനുത്ത സീറ്റിലേയ്ക്ക് വന്നയാള്‍ ചാരിയിരുന്നു. ആ ഇരുപ്പില്‍ ക്ഷീണം കൊണ്ട് സ്വയം മറന്നയാള്‍ ഉറങ്ങി.

അപ്പോഴും രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഇരുളില്‍ സേനനെ തേടി നടന്നു. ഒടുവില്‍ നഗരത്തില്‍ നിന്നും കക്കിചേരിയിലേയ്ക്ക് തിരിയുന്ന റോഡിലേയ്ക്ക് അവരുടെ ജീപ്പ് കയറി. അതങ്ങനെ മെല്ലെമെല്ലെ നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍, ദൂരേയ്ക്ക് വീണ വെളിച്ചത്തില്‍ ആ പാതയോരത്ത് കടിപിടികൂട്ടുന്ന നായക്കൂട്ടത്തേയും കടന്നത്‌ മുന്നോട്ടുപോയി. ജീപ്പിന്‍റെ പുറകിലെ സീറ്റിലിരുന്ന പോലീസ്കാരില്‍ ഒരാള്‍ പെട്ടെന്നാണ് പിന്നിലേയ്ക്ക് നോക്കിയത്. അവ്യക്തമായ ആ കാഴ്ചയില്‍ അയാള്‍ പോലീസ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നെയത് മെല്ലെമെല്ലെ പിന്നിലേയ്ക്ക്, ആ നായ്ക്കൂട്ടത്തിന്നരുകിലേയ്ക്ക് വന്നു. അരുകിലേയ്ക്ക് വന്നു നിന്ന ജീപ്പിനെ നോക്കി നായ്ക്കൂട്ടം മുറുമുറുത്തു. ചിലവ ഉച്ചത്തില്‍ കുരച്ചുകൊണ്ട് പിന്നിലേയ്ക്കോടി. ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ പോലീസുകാരന്‍ ആ കാഴ്ചകണ്ട്‌ സ്വന്തം കഴുത്തില്‍ കൈകള്‍ മുറുകെപ്പിടിച്ചു. എന്നിട്ടും അയാള്‍ക്ക് സ്വന്തം മനസ്സിനെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരൊച്ചയോടെ, രാത്രി കഴിച്ച ഭക്ഷണം അപ്പാടെ അയാള്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ പിന്നാലെ വന്ന പോലീസുകാര്‍ എല്ലാപേരും ആ കാഴ്ച കാണുവാന്‍ കഴിയാതെ മുഖം പൊത്തി. നായ്ക്കൂട്ടം കടിച്ചുവലിച്ച ഒരു മനുഷ്യശരീരം തോല്‍സഞ്ചിപോലെ കിടക്കുന്നു. പോലീസുകാരന്‍ വിറയലോടെ ഫോണ്‍ എടുത്തു. അയാള്‍ രാജശേഖറെ വിളിച്ചു. അപ്പോഴും മോന്തായം നിറയെ ചോരയുമായി നായ്ക്കൂട്ടം അവരെ നോക്കി കുരച്ചുകൊണ്ടിരുന്നു.

രാജശേഖര്‍ ഫോണ്‍ ബെല്ലടിയ്ക്കുന്നത് കേട്ടു ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം അയാള്‍ സ്വയം മറന്നിരുന്നു. പിന്നെ അതിവേഗം ഫോണിനടുത്തേയ്ക്ക് വന്നു. ഫോണ്‍ ഉയര്‍ത്തി മയങ്ങുന്ന കണ്ണുകളോടെ അയാള്‍ നിന്നു. പിന്നെ പിന്നെ അയാളുടെ മുഖം ഉദ്വേഗം കൊണ്ട് ചുവക്കാന്‍ തുടങ്ങി. കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. പിന്നെ അയാള്‍ ഫോണിലൂടെ മറുപടി നല്കി.

"ഉവ്വ്... ഞാനിതാ വരുന്നു..."

മിനുട്ടുകള്‍ക്കുള്ളില്‍ രാജശേഖര്‍ ഒരുങ്ങിവന്നു. അപ്പോഴേയ്ക്കും അയാള്‍ക്കായി ഒരു ജീപ്പ് മുറ്റത്തേക്ക് വന്നു നിന്നു. ഒടുവില്‍, ആ മനുഷ്യദേഹം കണ്ട പാതയോരം ചേര്‍ന്ന് നിന്ന ജീപ്പില്‍ നിന്നും രാജശേഖര്‍ പുറത്തിറങ്ങി. ആ മൃതദേഹത്തിനരുകില്‍ അയാള്‍ അല്‍പ്പനേരം നിന്നു. പിന്നെ തലയില്‍ നിന്നും തൊപ്പി ഊരി കൈയില്‍ പിടിച്ചുകൊണ്ടു അയാള്‍ ജീപ്പിനടുത്തേയ്ക്ക് നീങ്ങി. അപ്പോഴേയ്ക്കും ആ പാത താണ്ടിയെത്തിയ വണ്ടികളില്‍ പലതും  അവിടെ നിന്നുതുടങ്ങി. പലരും അഗസ്റ്റിനെ തിരിച്ചറിഞ്ഞു. കാറ്റ് പോലെ ആ വാര്‍ത്തയും കാതങ്ങള്‍ താണ്ടി. മകള്‍ മരിച്ച ദുഃഖം താങ്ങാന്‍ കഴിയാതെ തളര്‍ന്നുകിടന്ന ഇന്ദിര നിശബ്ദമായി മാത്രം ശ്രവിച്ച് ആ വാര്‍ത്ത തള്ളി. 

നേരം പുലര്‍ന്നു. കക്കിചേരിയിലെ കാട്ടുവള്ളികളില്‍ തൂക്കണംകുരുവികളും, തെങ്ങോലകളില്‍ കാകനും ചിലച്ചുയര്‍ന്നു. അഗസ്റ്റിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് കക്കിചേരിയിലെത്തുമ്പോള്‍ ആ ദേഹം മറവുചെയ്യാന്‍ രണ്ടു സമുദായക്കാരും എതിര്‍പ്പുകളുമായി മുന്നിട്ടു നിന്നു. ഒരു ക്രിസ്ത്യന്‍ സമുദായക്കാരനെ എങ്ങിനെ സ്വന്തം വീട്ടില്‍ അടക്കം ചെയ്യും എന്ന് ഹിന്ദുക്കളും, ഇത്രയും നാളും ഒരു ഹിന്ദുസ്ത്രീയോടൊപ്പം ജീവിച്ച ഇയാളെ എങ്ങിനെ ക്രിസ്തീയ ആചാരപ്രകാരം അടക്കം ചെയ്യും എന്ന് സ്വന്തം സമുദായക്കാരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ അഗസ്റ്റിന്‍ ഗതികിട്ടാത്ത ആത്മാവ് പോലെ ആംബുലന്‍സിനുള്ളില്‍ ഇരുന്നു വിറങ്ങലിച്ചു. ഒടുവില്‍, കക്കിചേരിയിലെ നല്ലവരായ ചില നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്തിലെ പൊതുസ്മശാനത്തിന്‍റെ ആറടിമണ്ണില്‍ അയാളൊടുങ്ങി.

സേനനും, പനീറും ബാക്കി മാത്രമായ ആ കേസില്‍ രാജശേഖര്‍ തന്‍റെ പരാജയം തുറിച്ചുനോക്കി. മേലാളന്‍മാരുടെ ഇഷ്ടപാത്രമായിരുന്ന അയാള്‍ അവരുടെ തന്നെ ശാസനകള്‍ ഏറ്റു വാങ്ങാന്‍ തുടങ്ങി. അതുമൂലം ഉണ്ടായ മാനസ്സികസംഘര്‍ഷം അയാളെ ഏറെ തളര്‍ത്തുകയും ചെയ്തു. കക്കിചേരിയിലെ ചെറുപ്പക്കാരും, പോലീസും ഒക്കെ ശ്രമിച്ചിട്ടും സേനനെയും പനീറിനെയും പിടിയ്ക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഈ ദേശം വിട്ടുവെന്ന വാര്‍ത്ത മാത്രം കക്കിചേരിയില്‍ പടര്‍ന്നു.

ദിനങ്ങള്‍ പോയി മറയവേ കക്കിചേരി വീണ്ടും പഴയത് പോലെ ചരിക്കാന്‍ തുടങ്ങി. നീണ്ട പതിനഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ദേവനും നന്ദനയും പാറുവും കന്യകയും പായിയമ്മയും ദേവനന്ദനത്തില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി ക്ലാസ്സുകള്‍ നഷ്ടമായ കന്യകയും, പാറുവും വീണ്ടും കോളേജില്‍ പോകാന്‍ തുടങ്ങി. പക്ഷെ ദേവന്‍ ഇല്ലാതെയായിരുന്നു അത് എന്ന് മാത്രം. വീട്ടില്‍ നിന്നും കക്കിചേരിയിലെ പഞ്ചായത്ത് ഓഫിസ്‌ ജങ്ക്ഷന്‍ വരെയും പിന്നെ അവിടെ നിന്നു ബസിലുമായിരുന്നു അവരുടെ സ്ഥിരം യാത്ര.

അന്നും പതിവ് പോലെ കന്യകയും പാറുവും കോളേജില്‍ പോയി. സമയം പതിനൊന്നിനോടടുത്തു. കന്യകയുടെ ക്ലാസ്സിലേയ്ക്ക് പ്യൂണില്‍ ഒരാള്‍ വന്നു പറഞ്ഞു.

"ദേവകന്യകയ്ക്ക് ഒരു ഫോണ്‍ കാള്‍ ഉണ്ട്. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ വരുക."

കന്യക ക്ലാസ്സ്‌ ടീച്ചറുടെ അനുവാദത്തോടുകൂടി പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ ചെന്നു. അവള്‍ മേശയില്‍ വച്ചിരുന്ന ഫോണ്‍ എടുത്തു മെല്ലെ കാതിലേയ്ക്ക്‌ ചേര്‍ത്തുവച്ചു. നിമിഷങ്ങള്‍ മിന്നിമറയുമ്പോഴേയ്ക്കും അവളുടെ കണ്ണുകള്‍ നൂറായിരം ഭാവങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അവള്‍ പറഞ്ഞു.

"ഞാനിതാ വരുന്നു.....ഞാന്‍ വന്നിട്ട് മതി എന്തും...."

കന്യക സ്വന്തം സ്കൂള്‍ അധികൃതരുടെ സമ്മതത്തോടെ പാറുവിന്‍റെ സ്കൂളിലേയ്ക്ക് യാത്ര തിരിച്ചു. ബസിനുള്ളിലിരുന്നു അവള്‍ തന്‍റെ കൈവിരല്‍ ഞെട്ടകള്‍ വേഗത്തില്‍ ഞൊടിച്ചുകൊണ്ടിരുന്നു.......    

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ