2014 ഡിസംബർ 31, ബുധനാഴ്‌ച




നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 28

കന്യക അടുക്കളയില്‍ നിന്നും തന്‍റെ മുറിയിലേയ്ക്ക് വരുമ്പോള്‍ പാറു കിടക്കയില്‍ അങ്ങിനെ തന്നെ കിടപ്പുണ്ടായിരുന്നു. അവള്‍ ചേച്ചിയുടെ അരുകില്‍ വന്നിരുന്നു. എന്നിട്ട് ചോദിച്ചു.

"ചേച്ചീ... എങ്ങിനുണ്ടിപ്പോള്‍,...?? സുഖം തോന്നുന്നില്ലേ..???

പാറു കന്യകയുടെ നേരെ മുഖം തിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എങ്കിലും അനുജത്തിയുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു.

"ഒന്നൂല്യ... കന്യൂട്ടി.. ഒക്കെ ശെരിയാവും. ചേച്ചിയും അത് തന്നാ ചിന്തിക്കണേ...!!

"എന്ത്...? ചേച്ചി എന്താ ചേച്ചി ഈ പറേണേ...?? എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്താ ചേച്ചീടെ പ്രശ്നം...? എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞൂടേ ചേച്ചിയ്ക്ക്...!!

പറഞ്ഞുകൊണ്ടവള്‍ പാറുവിന്‍റെ മുഖത്തേയ്ക്കു നോക്കി. അവള്‍ക്കു തന്നോട് എന്തോ പറയാനുണ്ടെന്നു എന്ന് കന്യകയ്ക്ക് തോന്നി. അതുകൊണ്ട് തന്നെ അവള്‍ പാറുവിന്‍റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു. പിന്നെ ചേച്ചിയുടെ കൈകള്‍ പിടിച്ച് കൊണ്ട് ചോദിച്ചു.

"ചേച്ചീ... എന്താ ചേച്ചീ..  ഒന്ന് തുറന്ന് പറയ്‌...!!!

അപ്പോള്‍ പാറു പറഞ്ഞു.... "മോളെ, കന്യൂട്ടി നീ കതകൊന്നടയ്ക്ക്....

കന്യക പാറുവിനെ തന്നെ തുറിച്ചുനോക്കി. പിന്നെയവള്‍ മെല്ലെ എഴുന്നേറ്റു മുറിയുടെ കതകടച്ചു. ആ മുറിയ്ക്കുള്ളില്‍ ഇപ്പോള്‍ കന്യകയും, പാറുവും പിന്നെ അവളുടെയുള്ളിലെ കുറെ രഹസ്യങ്ങളും മാത്രം. കന്യക ചേച്ചിയുടെ അരുകിലേയ്ക്ക് തിരികെ വന്നിരുന്നു. പാറു അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. കന്യകയെ അങ്ങിനെ നോക്കിയിരിക്കെ പാറു വിതുമ്പാന്‍ തുടങ്ങി. കന്യക പാറുവിന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. പാറു ഒരു വിങ്ങലോടെ പറഞ്ഞു.

"മോളെ... കന്യകേ..!!! ഞാനിനി പറയാന്‍ പോകുന്ന വാക്കുകള്‍ കേട്ട് നീ ഒരിക്കലും ഈ ചേച്ചിയെ വെറുക്കരുത്. ഐശ്വര്യത്തോടെ കഴിഞ്ഞുപോന്ന നമ്മുടെ കുടുംബത്തിന് ഇന്നൊരു അധികപറ്റായ ചേച്ചിയെക്കുറിച്ച് നീ സഹതപിക്കുകയും അരുത്. ആരോടും പറയാതെ എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ ഞാന്‍ കൊണ്ടുനടന്ന വേദനകള്‍ ഇന്നെനിയ്ക്ക് പറയണം. നിന്നോട് മാത്രം. കാരണം ഞാന്‍ തെറ്റില്‍ നിന്നും തെറ്റിലേയ്ക്ക് പോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നീയെന്നെ തിരിച്ചറിഞ്ഞു. നിന്‍റെ വാക്കുകള്‍ ഈ ചേച്ചിയ്ക്ക് അന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ചേച്ചിയുടെ മനസ്സ് എന്തിന്‍റെയൊക്കെയോ പിന്നാലെ അലയുകയായിരുന്നു. പക്ഷെ, ഇന്നെനിയ്ക്ക് അതിനുള്ള ശിക്ഷ കിട്ടി... കിട്ടി കന്യേ. ഒരിക്കലും നിന്‍റെ പഴയ പാറൂച്ചിയായി തിരികെ വരാന്‍ പറ്റാത്ത വിധം ഞാന്‍ മറ്റാരോ ആയിപ്പോയി.

"എന്താച്ചീ.... ന്‍റെ ചേച്ചിയ്ക്ക് എന്താ ഉണ്ടായെ...??? ഇത്രത്തോളം മനസ്സില്‍ നൊമ്പരം വരാന്‍ ചേച്ചിയ്ക്കെന്താ ഉണ്ടായേ..? എങ്ങിനാ ചേച്ചി നമ്മുക്കെല്ലാം അധികപ്പറ്റാവുന്നെ..? അങ്ങിനെ എന്തിനാ ചിന്തിക്കണേ...?? ഓരോ തവണ ചേച്ചി എന്നെ ആട്ടിപ്പായിക്കുമ്പോഴും ഞാന്‍ ചേച്ചിയെ വെറുത്തിരുന്നില്ലല്ലോ..??  ആരോടും കന്യ പരാതിപ്പെട്ടിട്ടില്ലല്ലോ...?? ആ ഞാന്‍ ഇപ്പോള്‍ എന്നെയിങ്ങനെ ന്‍റെ ചേച്ചി സ്നേഹിയ്ക്കുമ്പോള്‍, വീണ്ടും നല്ലൊരു ജീവിതത്തിലേയ്ക്ക് ചേച്ചി തിരിച്ചുവരുമ്പോള്‍ ഞാന്‍ എങ്ങിനാ വെറുക്കണേ..?? അതിനു ഈ കന്യൂട്ടിയ്ക്ക് കഴിയ്യോ ചേച്ചീ..??

"ന്‍റെ മോളെ.... ഇന്ന് നീ കരുതുന്നത് പോലെ നിന്‍റെ ചേച്ചി ഒരു പരിശുദ്ധയല്ല... ഇനിയെനിക്ക് അതൊട്ട്‌ ആകാനും കഴിയില്ല. ആരോ ഭക്ഷിച്ച്‌ വലിച്ചെറിഞ്ഞ ഒരു എച്ചിലില പോലെ.....ഞാന്‍... ഞാന്‍ നശിച്ചു പോയി മോളെ.... ?

പാറു പറഞ്ഞുകൊണ്ട് കന്യകയുടെ നെഞ്ചിലേയ്ക്ക് വീണു. കന്യക സ്വയം തകര്‍ന്നു ചേച്ചിയെ കെട്ടിപ്പിടിച്ചു. കന്യകയുടെ കണ്ണുനീര്‍ വീണ് പാറുവിന്‍റെ നെറുക നനയാന്‍ തുടങ്ങി. ഇരുവരും നിശബ്ദം കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, കരഞ്ഞുകൊണ്ട്‌ കന്യക പാറുവിന്‍റെ മുഖം ഉയര്‍ത്തി. എന്നിട്ടവള്‍ ധൈര്യപൂര്‍വ്വം അവളുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"ചേച്ചി വിഷമിക്കണ്ടാ... സംഭവിച്ചത് സംഭവിച്ചു. ഇനിയാരും ഇതറിയാന്‍ പാടില്ല. നമ്മുടെ അമ്മ പോലും. ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. ചേച്ചിയ്ക്കറിയില്ലേ ഈ ലോകത്തെക്കുറിച്ച്. ജനിയ്ക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നറിഞ്ഞാല്‍, ജനിച്ചത് പെണ്‍കുഞ്ഞ് എന്നറിഞ്ഞാല്‍ എല്ലാം നഷ്ടപ്പെട്ടത് പോലെ ജീവിക്കുന്നവരുടെ ഇടയില്‍,  വെറുപ്പോടെ അവരെ കാണുന്ന സമുദായത്തിനിടയില്‍, അവരൊന്ന് വളര്‍ന്ന് വരുന്നത് വരെപ്പോലും ക്ഷമിക്കാന്‍ കഴിവില്ലാത്ത കാമക്കൊതിയന്‍മാര്‍ക്കിടയില്‍, നമ്മളെ രണ്ടു പെണ്‍കുട്ട്യോളെ പ്രസവിച്ച് ഇത്രയിടം വരെ വളര്‍ത്തിയ അച്ഛനും അമ്മയ്ക്കും കൊടുക്കാന്‍ പോവുകാണോ നമ്മളീ സമ്മാനം. ഇതെല്ലാം അറിയുമ്പോള്‍, സ്നേഹിച്ച് ലാളിച്ച് വളര്‍ത്തിയ പെണ്മക്കള്‍ നശിച്ച് മുന്നില്‍ വന്നു നില്‍ക്കുന്നത് കാണുമ്പോള്‍, അവര് തളര്‍ന്ന് വീഴുന്നത് കാണാന്‍ കഴിയ്യോ നമ്മളെക്കൊണ്ട്...??

ഇത്രയും പറഞ്ഞിട്ട് അവള്‍ ഒരു നിമിഷം മൗനമായി. എന്നിട്ട് വീണ്ടും തുടര്‍ന്നു. "എല്ലാം സംഭവിച്ചിട്ട്‌ ഇനി ഞാന്‍ ചേച്ചിയെക്കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ, ഒന്നോര്‍ത്തോ ചേച്ചീ... ഒന്നും നഷ്ടപ്പെടാന്‍ അവനുണ്ടായിരുന്നില്ല. അവന്‍ ആഗ്രഹിച്ചത് അവന്‍ നേടി. ചേച്ചിയോ...?? എല്ലാം നഷ്ടപ്പെട്ടു. ഇനി പ്രാര്‍ഥിക്കുക. ഇതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ലല്ലോ..?? ദേവി കാത്തു. ഇപ്പോഴെങ്കിലും ചേച്ചിയ്ക്ക് തിരിച്ചറിവ് ഉണ്ടായല്ലോ..?? അത് മതി. അത് മാത്രം മതി. ഇനി ഇതേക്കുറിച്ച് ഒന്നും ആലോചിച്ചു മനസ്സ് പുണ്ണാക്കുകേം വേണ്ട.... ഇവിടം കൊണ്ട് തീരണം ഇത്. ആ ഒരു ഉറപ്പു ചേച്ചിയ്ക്ക് എനിക്ക് തരണം.

കന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പാറു പൊട്ടിക്കരഞ്ഞു. കന്യക വീണ്ടും അത്ഭുതത്തോടെ ചേച്ചിയെ നോക്കി. അപ്പോള്‍ പാറു കന്യകയുടെ കരം ഗ്രഹിച്ചു. പിന്നെ തന്‍റെ വയറില്‍ ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവളെ നോക്കി വിങ്ങിപ്പൊട്ടി... കന്യക മരവിച്ചപോലെ പാറുവിനെ നോക്കിയിരുന്നു. അവള്‍ക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അവള്‍ക്കു പാറുവിനോട് അടങ്ങാതെ വെറുപ്പ്‌ തോന്നി. എങ്കിലും ഒരു കതകിനപ്പുറം രണ്ടു മനസ്സുകള്‍ ഉണ്ടെന്നുള്ള ഓര്‍മ അവളെ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ നിന്നും വരിഞ്ഞുമുറുക്കി. എങ്കിലും ചേച്ചിയുടെ ചെവിയിലേയ്ക്ക് ചുണ്ടുകള്‍ ചേര്‍ത്ത് വച്ച് അവള്‍ പറഞ്ഞു.

"അപ്പോള്‍ ഇതിനര്‍ത്ഥം സ്നേഹം എന്നായിരുന്നില്ല അല്ലെ..?? കാമമായിരുന്നു ല്ലെ..?? ചേച്ചീടെ മനസ്സ് നിറയെ കാമമായിരുന്നു ല്ലെ...? ശേ... ഒരു ആണിന് പെണ്ണിനെ അറിയാനും ആണിനെ പെണ്ണിനറിയാനും ഭോഗിക്കണം എന്നാര് പറഞ്ഞു ചേച്ചിയോട്. എനിക്കിപ്പോള്‍ ചേച്ചിയോട് തോന്നുന്നത് സ്നേഹമല്ല ചേച്ചി... മറിച്ച് വെറുപ്പാണ് ചേച്ചി... വെറുപ്പ്‌.."

പിന്നെയവള്‍ പാറുവിനെ വിട്ട് കിടക്കയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. അഭിമാനം തകര്‍ന്നപ്പോള്‍ ഉയിര് വിട്ട പെണ്‍കുട്ട്യോള് ഉള്ള നാട്ടിന് ചേച്ചി ഒരു ശാപാ ചേച്ചി... തീര്‍ത്താല്‍ തീരാത്ത ശാപം. ഒരാളെ സ്നേഹിക്കുന്നത് തെറ്റാണെന്ന് കന്യ പറയില്ല. പക്ഷെ, ചേച്ചി ഇപ്പോള്‍ ഈ ഇരിക്കുന്ന അവസ്ഥയോട് എനിക്കൊട്ടും യോജിക്കാന്‍ കഴിയില്ല....പിന്നെയവള്‍ അത്യധികം സങ്കടത്തോടെ പറഞ്ഞു... ന്‍റെ ദൈവമേ..!! നീ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു... ???

കന്യകയുടെ വാക്കുകള്‍ മുള്‍മുന പോലെ പാറുവിന്‍റെ നെഞ്ചില്‍ കുത്തിയിറങ്ങി. അവള്‍ കിടക്കയിലേയ്ക്ക് തളര്‍ന്നു കിടന്നു. കന്യക മുറിയില്‍ ഇടതും വലതും നടക്കാന്‍ തുടങ്ങി. പാറുവിന്‍റെ ഉടല്‍ തേങ്ങലോടെ വിറയ്ക്കാന്‍ തുടങ്ങി. ഇത്രയേറെ പറഞ്ഞുവെങ്കിലും കിടക്കയില്‍ സങ്കടപ്പെട്ടു കിടക്കുന്ന ചേച്ചിയെ നോക്കുന്തോറും അവളുടെ മനസ്സ് അലിയാന്‍ തുടങ്ങി. വീണ്ടും അവള്‍ ആ കിടക്കയിലേയ്ക്ക് വന്നിരുന്നു. പിന്നെ കൈതട്ടി അവളെ വിളിച്ചു.

"ചേച്ചീ... പാറൂച്ചി... എന്നോട് ക്ഷമിക്ക് ചേച്ചീ...!!! എന്നോട് ക്ഷമിക്ക്. എനിക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അച്ഛന്‍ പറേണ പോലെ ഞാന്‍ അത്രയ്ക്കും അങ്ങട് വലുതായിട്ടില്ലല്ലോ... ചേച്ചീ..."

പാറു കിടക്കയില്‍ വീണ്ടും എഴുന്നേറ്റിരുന്നു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.....

"ഇല്ല മോളെ... നീയാണ് ശെരി..!! ഒരായിരം ശെരി..." പിന്നെയവള്‍ കന്യകയുടെ നേരെ കൈകൂപ്പി. കന്യക പെട്ടെന്ന് അവളുടെ കൈകളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. "ഒന്നും ഉണ്ടായിട്ടില്ല ചേച്ചി. എല്ലാത്തിനും ഈശ്വരന്‍ ഒരു വഴികാണിച്ചു തരും. ന്നാലും എന്ത് സംഭവിച്ചാലും ഇതിനി ചേച്ചി ആരോടും പറയണ്ട. എന്തുവേണോന്ന് ഞാന്‍ ഒന്നാലോജിക്കട്ടെ..."

കന്യക അങ്ങിനെ ഇരിക്കുമ്പോള്‍ തന്നെ പാറു പറഞ്ഞു. "കന്യേ... ഒരു സേനനെക്കൊണ്ട് തീരുന്നതല്ല ചേച്ചീടെ പ്രശ്നം..."

"പിന്നെ..???." അവളുടെ കണ്ണുകള്‍ കുറുകി. പാറു ഭയപ്പാടോടെ അനുജത്തിയുടെ കൈകള്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു. "ഞാന്‍ പറയുന്നത് മൊത്തം മോള് കേള്‍ക്കണം... ഇനിയെങ്കിലും എനിക്ക് ഞാനായിട്ട് ജീവിക്കണം. ജിയാസ്സിനെപ്പോലെ മരിക്കാന്‍ ചേച്ചിയ്ക്ക് ധൈര്യമില്ലാഞ്ഞിട്ടല്ല. പക്ഷെ, അതിനും കക്കിചേരി കണ്ടുപിടിക്കുന്ന കഥകള്‍ പോലും നമ്മുടെ കുടുംബം തകരും. അറിവില്ലാതെ ഞാന്‍ പെട്ടുപോയി... പെട്ടുപോയി. ഒരിക്കലും കരകയറാന്‍ കഴിയാത്ത വിധം അവരെന്നെ കുരുക്കി. ഇനി ആരു വിചാരിച്ചാലും ചേച്ചിയ്ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.... കഴിയില്ല.."

"ചേച്ചി... പറയ്‌... ഇതുവരെ നടന്നതെല്ലാം എന്നോട് പറയ്. അത് കഴിഞ്ഞു നമ്മുക്ക് തീരുമാനിക്കാം രക്ഷപ്പെടാന്‍ കഴിയ്യോ... കഴിയൂല്ലേ ന്നു..."

കന്യക കാതുകള്‍ കൂര്‍പ്പിച്ചിരുന്നു. പാറു അവളുടെ മാറില്‍ തളര്‍ന്നുകിടന്ന് അതുവരെ നടന്നത് എല്ലാം പറഞ്ഞു. ഒടുവില്‍, വീണ്ടും അവിടേയ്ക്ക് പോകാന്‍ അവള്‍ സമ്മതിച്ചത് വരെ. എല്ലാം കേട്ടു കഴിഞ്ഞു കന്യക തളര്‍ന്നിരുന്നു. അവളുടെ ചിന്ത മുഴുവന്‍ ഈ തീരാക്കുരുക്കില്‍ നിന്നും എങ്ങിനെ ചേച്ചിയെ രക്ഷപ്പെടുത്താം, അതിലൂടെ അച്ഛന്റെയും അമ്മയുടെയും അഭിമാനം നിലനിര്‍ത്താന്‍ എങ്ങിനെ സാധിക്കും എന്ന് തന്നെയായിരുന്നു. ഒടുവില്‍, കതകിനരുകില്‍ നന്ദനയുടെ മുട്ടും.....

"എന്തെടുക്കുവാ... ചേച്ചീം അനുജത്തീം കൂടി മുറിയടച്ചിരുന്നു..." എന്നുള്ള വിളിയും കേട്ടുകൊണ്ട് അവര്‍ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു.

"ദേ..!! വന്നൂമ്മേ...!!! മറുപടി പറഞ്ഞുകൊണ്ട് കന്യക കുളിമുറിയിലേയ്ക്ക് ഓടിക്കയറി. തിടുക്കത്തില്‍ മുഖം കഴുകിത്തുടച്ചുവന്ന് അവള്‍ കതകിനരുകിലേയ്ക്ക് നീങ്ങുമ്പോള്‍ പാറു കുളിമുറിയിലേയ്ക്ക് കയറി. വാതില്‍ തുറന്ന കന്യകയുടെ ഇടയിലൂടെ നന്ദന മുറിയ്ക്കകത്തേയ്ക്ക് ഒന്നേന്തിവലിഞ്ഞ് നോക്കി. പാറുവിനെ കാണാഞ്ഞ് കന്യകയുടെ നേരെ അവളൊന്ന് നോക്കി. അമ്മയുടെ തോളില്‍ കൈയിട്ട് "ചേച്ചി കുളിക്കുവാമ്മേ.. " എന്ന് പറഞ്ഞുകൊണ്ട് അവള്‍ നന്ദനയെയും കൊണ്ട് അടുക്കളയിലേയ്ക്ക് പോയി. ഒടുവില്‍, പാറു ആര്‍ക്കും സംശയം തട്ടാത്ത രീതിയില്‍ ഭക്ഷണം കഴിച്ചുവെന്നു വരുത്തി. പിന്നെ തീന്മേശയില്‍ നിന്നും അത്താഴം കഴിഞ്ഞ് ആ കുടുംബം മെല്ലെ പിരിഞ്ഞു.

ദേവനന്ദനത്തിലെ വിളക്കുകള്‍ ഓരോന്നായി അണഞ്ഞു. കന്യകയും പാറുവും കിടക്കയിലേയ്ക്ക് ചാഞ്ഞു. പാറുവിന്‍റെ മനസ്സില്‍ പാതി വിഷമം മാറിയ പോലെ. എങ്കിലും നാളെ വീണ്ടും അവരുടെ അടുത്തേയ്ക്ക് പോകണമല്ലോ എന്നാലോചിച്ചപ്പോള്‍ അവള്‍ക്കു ഒത്തിരി ഭയമായി. അതുകൊണ്ട് തന്നെ അവള്‍ അരുകില്‍ കിടന്ന കന്യകയോട്‌ ചോദിച്ചു.

"കന്യേ... ഉറങ്ങിയോ നീ..??

"ഇല്ലെച്ചീ... എന്തേ...?? കന്യക മെല്ലെ മറുപടി പറഞ്ഞു.

"നിന്നോട് പറഞ്ഞപ്പോള്‍ ചേച്ചീടെ മനസ്സിന് കുറച്ചാശ്വാസമായി. എങ്കിലും നാളെ.... അവര്‍ വിളിച്ചിടത്ത് പോയില്ലെങ്കില്‍...."

"ഹും... പോയില്ലെങ്കില്‍...."

"പോയില്ലെങ്കില്‍... മോളെ അവരീ കുടുംബം തകര്‍ക്കും. പിന്നെ അവര് പറഞ്ഞത് പോലെ ന്‍റെ കന്യൂട്ടിയെ അവര് ഏതേലും വിധേനെ...??? പാറു സങ്കടത്തോടെ പറഞ്ഞു.

"ന്‍റെ പാറൂച്ചി.... ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. ആരും ആരേം ഒന്നും ചെയ്യാനും പോകുന്നില്ല. പിന്നെ, ചേച്ചി ഇനി ഒരിടത്തും പോകുന്നില്ല. ഇനി മുതല്‍ ചേച്ചി ഈ ഫോണ്‍ ഉപയോഗിക്കേം വേണ്ടാ... അത് ഞാന്‍ ഉപയോഗിച്ചോളാം. അത്രേം മാത്രം മതി. ഇനിയെന്ത് ചെയ്യണോന്നു കന്യകയ്ക്കറിയാം. അവര്‍ക്ക് വേണ്ടത് ഒരു പെണ്ണിനെയല്ലേ..?? എന്തുവന്നാലും നേരിടുന്ന ചങ്കുറപ്പുള്ള ഒരു പെണ്ണിനെ...?? അവര് വിളിക്കുന്ന ഇടത്തെല്ലാം ഓടിനടന്ന് അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം നിന്നുകൊടുക്കുന്ന ഒരു പെണ്ണിനെ. അതിനു ചേച്ചിയെപ്പോലെ മനസ്സിന് ധൈര്യോല്ലാത്ത ഒരു പെണ്ണിന് കഴിയില്ല....!! കന്യക പറഞ്ഞു.

"നീയെന്താ യീ പറഞ്ഞുവരണേ...?? എനിക്കൊന്നും മനസ്സിലാവണില്യ...!!! " പാറു അത്യധികം ആധിയോടെ ചോദിച്ചു.

"ചേച്ചി ഉറങ്ങിയാട്ടെ... മനസ്സ് ശാന്തമാക്കി സ്വസ്ഥമായി ഉറങ്ങിയാട്ടെ. ന്‍റെ ചേച്ചിയ്ക്ക് വേണ്ടിയും കക്കിചേരിയിലെ വളര്‍ന്നു വരുന്ന പാവപ്പെട്ട പെണ്‍കുട്ട്യോള്‍ക്ക് വേണ്ടിയും കന്യ പോകുവാ... നാളെ അവരുടെ അടുത്തേയ്ക്ക്. അവര്‍ക്കാവശ്യമുള്ളതെല്ലാം നല്‍കാന്‍...!! ഇനിയൊരിക്കലും ഒരു പെണ്‍കുട്ട്യോളേം ഇതിനുവേണ്ടി തേടിപ്പോകാന്‍ അവര്‍ക്ക് തോന്നരുത്. ഒരു പെണ്ണിന് എന്തെല്ലാം ഒരാണിന് നല്‍കാന്‍ കഴിയുമോ അതെല്ലാം നല്‍കിയെ ഞാന്‍ നാളെ തിരികെവരൂ. എന്നെയല്ലാതെ, ഞാനല്ലാതെ കക്കിചേരിയിലെ ഒരു പെണ്‍കുട്ട്യോളും അവര്‍ക്ക് വേണ്ടിയിനി മടിയഴിക്കരുത്. അതിന് ഇടവരരുത്.... ഇതെന്‍റെ തീരുമാനാ... ഒടുക്കത്തെ തീരുമാനം...!!!

"കന്യേ... മോളെ എന്താ നീയീ പറയണേ...?? നീ പോവ്വേ...?? അവരുടെ ആഗ്രഹങ്ങള്‍ക്ക് നീ വഴങ്ങുവേ...??  അവരെപ്പറ്റി നിനക്കറിയാന്‍ പാടില്ലാത്തോണ്ടാ...?? പെണ്ണിന്‍റെ ശരീരത്തിന് ആണ് കൊടുക്കേണ്ട ഒരു വിലയും അറിയാത്ത അവരെ നീ എങ്ങിനെ നേരിടാനാ...?? ഇതിനായിരുന്നുവെങ്കില്‍ നിന്നോടിത് ഞാന്‍ പറയില്ലായിരുന്നല്ലോ..?? നിന്നെ രക്ഷിക്കാന്‍ വേണ്ടിയല്ലേ ചേച്ചി പോകാന്ന് പറഞ്ഞേ... !! എന്നിട്ടിപ്പോള്‍ നീ സ്വയം ഈ ചേച്ചിയ്ക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നശിക്കുവേ..?? അതിനു കഴിയ്യോ ന്‍റെ മോള്‍ക്ക്‌..?? എന്തിനാ  നീയിങ്ങനെയൊക്കെ സംസാരിക്കുന്നത്...!!!  ഇതാ എനിക്ക് മനസ്സിലാവാത്തെ..??

"ചേച്ചി ഇനി ഒന്നും മനസ്സിലാക്കണ്ട. ഇനി ഞാന്‍ പറയുന്നത് മാത്രം ചേച്ചി കേട്ടാല്‍ മതി. മറിച്ചായാല്‍... ഞാനും അച്ഛനും അമ്മയും ചേച്ചീടെ മുന്നില്‍ മരിയ്ക്കും... ഈ ജന്മം മുഴുവന്‍ ഞങ്ങളെയോര്‍ത്ത് ചേച്ചി പശ്ചാത്തപിക്കും. അതിനൊന്നിനും കന്യയെ ചേച്ചി നിര്‍ബന്ധിക്കല്ലേ..?? പ്ലീസ്.. ചേച്ചി... ഒന്നുറങ്ങണ്‌ണ്ടോ... ചേച്ചീ..."

പറഞ്ഞുകൊണ്ട് അവള്‍ തിരിഞ്ഞുകിടന്നു. നിശബ്ദമായി നിമിഷങ്ങള്‍ കടന്നുപോയി. കന്യക ഉറങ്ങിയില്ല. അരുകില്‍ പാറു മെല്ലെമെല്ലെ ഉറക്കത്തിലേയ്ക്കു വഴുതിവീണു. പുറത്ത് രാവും, കാറ്റുമുറങ്ങി. മുറിയ്ക്കകത്ത് മച്ചിലെ ഫാന്‍ ഭ്രാന്തമായി കറങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് കന്യകയുടെ കൈയിലിരുന്ന പാറുവിന്‍റെ ഫോണ്‍ നിശബ്ദമായി മിന്നാന്‍ തുടങ്ങി. അതുംകൊണ്ട് അവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. പിന്നെ പരിചയമില്ലാത്ത ആ നമ്പര്‍ അവള്‍ അറ്റന്‍ഡ് ചെയ്തു.

മറുതലയ്ക്കലെ ഓരോ കേള്‍വിയ്ക്കും അവള്‍ മൂളിമൂളി മറുപടി പറഞ്ഞു. ഒടുവില്‍ സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.

"ഞങ്ങളുടെ കുടുംബം നശിപ്പിക്കല്ലേ നിങ്ങള്..!! നിങ്ങള് വിളിക്കുന്നിടത്തൊന്നും ഇനിയെന്‍റെ ചേച്ചി വരില്ല..!!! അതിനു ന്‍റെ ചേച്ചിയ്ക്കിനി കഴിയില്ല. പകരം... ഞാന്‍... ഞാന്‍ വരാം നിങ്ങളു പറയുന്ന ഇടത്തേയ്ക്ക്."

നീയാരാ..? എന്ന അവന്‍റെ ചോദ്യത്തിന്  അവള്‍ "പാറൂച്ചിയുടെ അനുജത്തി കന്യകയാ ഞാന്‍". പക്ഷെ, പതിനാറ് വയസ്സുമാത്രോള്ള ഒരു കൊച്ചുപെണ്ണാ ഞാന്‍.. നിങ്ങള് രണ്ടുപേര്..?? ആദ്യായിട്ടാ ഞാന്‍.. ഇങ്ങനെ..!!!  എന്നൊക്കൊണ്ട് കഴിയില്ല. നിങ്ങള് ഒരാള്‍ക്ക്‌ മാത്രം ഞാന്‍ വഴങ്ങാം. ദൈവത്തെയോര്‍ത്ത് ഇതെങ്കിലും സമ്മതിയ്ക്കണം..."

കന്യകയുടെ വാക്കുകള്‍ കേട്ടു പനീര്‍ ആവേശം കൊണ്ടുയര്‍ന്നു. ഒട്ടും പ്രതീക്ഷിക്കാതെ,  അവള്‍ വീണ്ടും തന്‍റെ കൈകള്‍ക്കുള്ളില്‍ വന്നു വീഴുന്ന അവളെ ഓര്‍ത്ത് അവന്‍റെ ശരീരം ഒന്നാകെ പെരുക്കാന്‍ തുടങ്ങി. തന്‍റെ ഭാഗ്യമോര്‍ത്ത്  അവന്‍റെ കണ്ണുകള്‍ വിജ്രുംബിച്ചു. അവന്‍ തിടുക്കത്തോടെ പറഞ്ഞു.

"കന്യേ...!!! അവനു തെരിയാത്... അവങ്കിട്ട നാന്‍ സൊല്ലാത്... നാന്‍ മട്ടുംതാം കാണുവേ... അതപ്പറ്റി നീ കവലപ്പെടവേണ്ട തങ്കമേ...!! നീ വന്നാ മട്ടും പോതും...അതും മട്ടും പോതും എനക്ക്.."

ആ ഫോണിനൊടുക്കം പനീര്‍ അത്യധികം ആഹ്ലാദചിത്തനായി നടന്നു. അവന്‍റെ ഉറക്കം എവിടേയ്ക്കോ ഓടിമറഞ്ഞു. നാളെ എന്നൊരു ദിവസത്തിനായി അവന്‍ ആശയോടെ, അതിലേറെ അക്ഷമയോടെ കാത്തിരിക്കാന്‍ തുടങ്ങി....പക്ഷെ, കന്യക മൂകയായി കിടക്കയില്‍ വന്നിരുന്നു. അവള്‍ തളര്‍ന്നുറങ്ങുന്ന ചേച്ചിയെ നോക്കി. അപ്പോഴും ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്നു പാറു. അവളുടെ മുടിയിഴകള്‍ ഫാനിന്‍റെ കാറ്റില്‍ മുഖത്തേയ്ക്ക് പാറി വീണു. കന്യക കിടക്കയുടെ തലയ്ക്കല്‍ ചാരിയിരുന്നു. അവളുടെ കണ്ണില്‍ നിന്നും അടര്‍ന്ന് വീണ ഒരു തുള്ളി കണ്ണുനീര്‍ അവളുടെ നിറഞ്ഞ മാറില്‍ വീണുടഞ്ഞു. അത് മെല്ലെമെല്ലെ ഒഴുകി അവളുടെ മാറിനെ പൊതിഞ്ഞിരുന്ന തുണിയ്ക്കുള്ളില്‍ അലിഞ്ഞുമറഞ്ഞു.
 
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ