2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 17

നിരന്തരം ചിലച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടത്തെ നോക്കി ഡോക്ടര്‍ കൈയുയര്‍ത്തി. എന്നിട്ടയാള്‍ ഇങ്ങനെ പറഞ്ഞു.

"നിങ്ങള്‍ ഒന്ന് സംയമനം പാലിക്കണം. ഞങ്ങള്‍ ആശുപത്രിയുടെ ഭാഗത്ത്‌ നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ആ കുട്ടിയെ രക്ഷിക്കാനെ ശ്രമിച്ചിട്ടുള്ളൂ..."

"ഇങ്ങനാണോടാ രക്ഷിക്കുന്നത്...??? അടിച്ചുകൊല്ലടാ ആ നായിന്‍റെമോനെ.."

ഏതോ ഒരു ചെറുപ്പക്കാരന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വിളിച്ചു പറഞ്ഞു. അവരുടെ മുന്നില്‍ കൂടുതല്‍ പോലീസ് വളഞ്ഞു നിന്നിരുന്നു. പോലീസിന്‍റെ മുന്നിലേയ്ക്ക് ആ ചെറുപ്പക്കാരന്റെ വാക്കില്‍ നിന്നുമുണ്ടായ പ്രചോദനം പോലെ ആളുകള്‍ ഇരയ്ക്കാന്‍ തുടങ്ങി. അതോടെ രാജശേഖര്‍ തന്‍റെ കൈയിലിരുന്ന ലാത്തി വായുവില്‍ ഉയര്‍ത്തിവീശിക്കൊണ്ട് പറഞ്ഞു.

"നിങ്ങള്‍ ഞങ്ങളെ പറയാന്‍ അനുവദിക്കാതിരുന്നാല്‍ ഞങ്ങള്‍ എങ്ങിനെ പറയും... സമാധാനപ്പെടൂ... ദയവു ചെയ്ത് ആദ്യം ഞങ്ങള്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ..." പറഞ്ഞു തീരുമ്പോഴേയ്ക്കും അതൊരു യാചനയുടെ സ്വരത്തിലാണ് തീര്‍ന്നത്..!!

അതോടെ ജനക്കൂട്ടത്തിനു മുന്നില്‍ നിന്നൊരു ചെറുപ്പക്കാരന്‍ തിരിഞ്ഞ് ജനക്കൂട്ടത്തിലേയ്ക്ക് തന്നെ നോക്കി കൈകള്‍ രണ്ടും ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു.

"എല്ലാവരും നിശബ്ദരാകൂ... ആദ്യം അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം..." ജനക്കൂട്ടം മുരള്‍ച്ച വിട്ട് മെല്ലെ ശാന്തരാകാന്‍ തുടങ്ങി.

ആദ്യം ഡോക്ടര്‍ ആണ് തുടങ്ങിയത്. അദ്ദേഹം പറഞ്ഞു.

"ഈ കുട്ടിയെ ഇവിടെ കൊണ്ടുവരുന്നത് രണ്ടു ദിവസം മുന്നെയാണ്. കൊണ്ടുവരുമ്പോള്‍ അവള്‍ ആരാലോ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു..."

"ങേ!!!... ജനക്കൂട്ടം ഒരുമിച്ചാണ് ഞെട്ടിയത്. അവര്‍ വീണ്ടും മുറുമുറുക്കാന്‍ തുടങ്ങി. അവിടെ കൂടിനിന്ന ചിലരുടെ മനസ്സില്‍ രണ്ടു ദിവസം മുന്‍പ് നടന്ന ആ സംഭവം വരാന്‍ തുടങ്ങി. അതോടെ അതില്‍ തന്റേടികളായ ചില ചെറുപ്പക്കാര്‍ മുന്നിലേയ്ക്ക് വന്നു. അവര്‍ മുന്നില്‍ രാജശേഖറെ നോക്കി പറഞ്ഞു.

"അപ്പോള്‍ ഇയാള്‍ക്കതറിയാം. നടന്നതെല്ലാം ഇയാള്‍ക്കറിയാം. പറഞ്ഞില്ലേല്‍, പോലിസാണെന്നൊന്നും ഞങ്ങള് നോക്കില്ല. തല്ലിക്കൊല്ലും പരിഷകളെ ഞങ്ങള്‍..!!!

രാജശേഖര്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. അന്ന്, ജിയാസ്സിന്‍റെ വീട്ടുമുറ്റത്ത് വച്ച് ഇതേ നാട്ടുകാരോട് തന്റേടത്തോടെ നിന്നു വിളിച്ചുപറഞ്ഞ രാജശേഖര്‍ ഇന്ന് അതെ നാട്ടുകാരുടെ മുന്നില്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. എങ്കിലും അയാള്‍ വിക്കിവിക്കി പറഞ്ഞു.

"നിങ്ങള്‍ ശാന്തരാകൂ.. പോലീസ് അന്വേഷിക്കുന്നുണ്ട്. ഉടന്‍ ആ അക്രമിയെ ഞങ്ങള്‍ പിടിക്കും..."

"നിങ്ങള്‍ ഒലത്തും ഏമാന്നെ.!!!  ഈയൊരു കാര്യം ഞങ്ങളുടെ മുന്നില്‍ നിന്നു നിങ്ങള്‍ അന്ന് ഒളിച്ചപ്പോഴേ ഞങ്ങള്‍ നിങ്ങളെ സംശയിച്ചതാ. ഇനി അതാരാന്നറിഞ്ഞാല്‍ തന്നെ നിങ്ങളെപ്പോലെ, ചില ഉന്നതന്മാരുടെ കാലു നക്കുന്നവരിനി അവരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരും എന്ന് ഞങ്ങള്‍ക്ക് എന്താ ഉറപ്പ്..??

"ഞാനുറപ്പ് തരാം. അവനെ ഞാന്‍ പിടിക്കും. സത്യം ... ഞങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിങ്ങള്‍ സമയം തരൂ... ഇതിന്‍റെ പിന്നിലുള്ള എല്ലാ സത്യങ്ങള്‍ക്കും ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവരും.... എല്ലാത്തിനും അന്ന് ഞങ്ങള്‍ക്ക് ഉത്തരമുണ്ടാകും."

ജനക്കൂട്ടം അയാളുടെ നേരെ നിന്നിളകാന്‍ തുടങ്ങി. ഡോക്ടര്‍ തിരികെ നടന്നു പോയി. രാജശേഖര്‍ ആ നാട്ടിലെ പ്രമുഖരായ ചില ചെറുപ്പക്കാരെ മുന്നിലേയ്ക്ക് വിളിച്ചു. ആശുപത്രിയുടെ ഇടനാഴിയില്‍ നിന്നും അയാള്‍ അവരോട് നടന്നതെല്ലാം പറഞ്ഞു. ആ യാചകന്‍റെ മുഖം പലര്‍ക്കും പരിചയമുണ്ടായിരുന്നു. എന്നാല്‍, രാജശേഖറിന്‍റെ വാക്കുകള്‍ അതില്‍ ചിലര്‍ വിശ്വസ്സിച്ചിരുന്നില്ല. അതില്‍ ചിലര്‍ അയാളോട് തന്നെ നേരിട്ട് ചോദിച്ചു.

"സാറെ... രണ്ടു ദിവസം മുന്‍പ് ഈ പെണ്‍കുട്ടീടെ വീട്ടിന്‍റെ മുറ്റത്ത് നടന്നതൊന്നും നിങ്ങള്‍ മറന്നിട്ടില്ലല്ലോ ല്ലെ..? അന്ന് അവരുടെ മുറിയില്‍ വച്ച് കണ്ട ദേവന്‍ എവിടെ..? അയാളെ എന്തുകൊണ്ട് നിങ്ങള്‍ അറസ്റ്റ് ചെയ്തില്ല. അന്ന് അത് കണ്ടെത്തിയ ഈ പെണ്‍കുട്ടീടെ അച്ഛനെ നിങ്ങള്‍ എന്തുചെയ്തു..?? ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞ അയാളെ ലോക്കപ്പിലിട്ട് നിങ്ങള് പോലീസുകാര് ചവുട്ടിക്കൊന്നോ..? ഞങ്ങള്‍ക്കിതിനൊന്നും ഉത്തരം കിട്ടാതെ ഞങ്ങള് നിങ്ങള് പറയുന്നതൊന്നും വിശ്വസിക്കില്ല സാറേ... വിശ്വസിക്കില്ല.. പിന്നൊരു കാര്യം നിങ്ങള്‍ക്ക് ദേവനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ തന്റെടമുള്ള ചെറുപ്പക്കാരുണ്ടിവിടെ..!! ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണോന്നു..." ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരന്‍ തന്‍റെ കൂട്ടത്തില്‍ നിന്നവരോട് പറഞ്ഞു.

"വരിനെടാ... ദേവന്‍..!! അവനെ പൊക്കീട്ടു തന്നെ വേറെ കാര്യം.."

മുന്നില്‍ നിന്ന ആള്‍ക്കൂട്ടത്തെ ചികഞ്ഞുമാറ്റിക്കൊണ്ട് അവന്‍ പറഞ്ഞു.

"ആദ്യം നമ്മുക്ക് സിറ്റില് പോണം. ഇന്നത്തെ ദിവസം സഹിയ്ക്കാന്‍ കഴിയണില്ല. ഇതെല്ലാം ഒന്ന് മറക്കണമെങ്കില്‍, നമ്മുടെയൊക്കെ സുഖമായിരുന്ന ചാരായം നിര്‍ത്തിച്ച അവനെ നേരിടണം എങ്കില്‍ രണ്ടു ബോട്ടില്‍ ആദ്യമെടുക്കണം. അവനെ ഒന്ന് പിടിപ്പിച്ചിട്ട് മതി ആ പട്ടീടെ വീട്ടിലേയ്ക്ക് പോകാന്‍..."

രാജശേഖര്‍ ആകെ അസ്വസ്ഥനായി. അയാള്‍ ദേവന് അപകടം മണത്തു. ദേവന്‍ ഈ ആശുപത്രിയില്‍ തന്നെയുള്ള വിവരം ഇവരറിഞ്ഞാലുള്ള അവസ്ഥ അയാളൂഹിച്ചു. അതിലും വലിയൊരപകടവും അയാള്‍ മണത്തു. ദേവന്‍റെ വീട്ടിലുള്ള മകള്‍ കന്യക. പാറു ആശുപത്രിയിലുള്ള വിവരം ഇതിനകം തന്നെ അയാള്‍ അറിഞ്ഞിരുന്നു. തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരവസ്ഥ അയാള്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ ചില പോരായ്മകളും ഉണ്ടായിരുന്നു. തന്‍റെയടുത്തേയ്ക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും അയാള്‍ വിയര്‍ത്തു. ഒപ്പം കന്യക ദേവന്‍റെ വീട്ടില്‍ തനിച്ചാണെന്ന വിവരവും അവള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസുകാരോട് പറയാനുള്ള കാര്യവും അയാള്‍ തിരക്കില്‍ വിട്ടുപോയി.

പോലീസുകാരില്‍ നിന്നും, ആശുപത്രി അധികൃതരില്‍ നിന്നും അറിഞ്ഞ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള മലയാളം ചാനലുകള്‍ പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിക്കലര്‍ത്തി സംപ്രേക്ഷണം ചെയ്തു തുടങ്ങി. അതില്‍ ചിലവ സ്കൂളിലെ അധ്യാപകനെയും, കക്കിചേരിയിലെ ചില ഉന്നതമാരെയും വരെ സംശയിക്കുന്നതായി തട്ടി വിട്ടു.
**********
ഇതേസമയം പട്ടണത്തിലെ ബാറിന്‍റെ മങ്ങിയടഞ്ഞ വെളിച്ചത്തില്‍ കുടിച്ചു മദംകെട്ട അഗസ്റ്റിന്‍ തന്‍റെ മുന്നിലിരുന്ന ടി.വി. സ്ക്രീനിലേയ്ക്ക് നോക്കി.  അയാളുടെ കണ്മുന്നില്‍ ആ ചിത്രങ്ങളെല്ലാം മങ്ങിമറഞ്ഞുവെങ്കിലും ഇടയ്ക്കിടെയുള്ള കക്കിചേരിയും ജിയാസും ഒക്കെ അയാളുടെ കാതില്‍ ശരിക്കും കേള്‍ക്കുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാതിരുന്ന അയാള്‍ അരുകിലിരുന്ന മറ്റൊരുവനോട് ചോദിച്ചു.

" എന്താ.... തില് പറയുന്നേ..?? ക..ക്കി ഷേരി യില്..!! എന്നതാ പറ്റിയെ..??

ചോദ്യം കേട്ടവന്‍ ടി.വി.യിലേയ്ക്ക് നോക്കി. അല്‍പ്പം ബോധം ബാക്കിയുണ്ടായിരുന്ന അയാള്‍ പറഞ്ഞു. അവിടെ ജിയാസ് എന്നൊരു പെണ്‍കുട്ടി മരിച്ചു. അടുത്തുള്ള ഒരാശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും അവള്‍ താഴേയ്ക്ക് ചാടിയാ മരിച്ചത്..."

അത് വ്യക്തമായി കേട്ട അഗസ്റ്റിന്‍റെ കണ്ണുകള്‍ കറങ്ങി.  ആ മേശമേല്‍ തലയടിച്ച്, അതില്‍ തന്നെ തലചായ്ച്ച് വീണ് അയാള്‍ കിടന്നു. അയാള്‍ക്കരുകിലിരുന്ന മദ്യക്കുപ്പി മേശമേല്‍ മറിഞ്ഞുവീണു അയാളുടെ മുടികളിലൂടെ ചേര്‍ന്നൊഴുകി അയാളുടെ മടിയിലൂടെ, വേഷ്ടിയിലൂടെ താഴേയ്ക്ക് പതിച്ചു. അപ്പോഴും ആശുപത്രിയില്‍ തിരക്കിട്ട് തള്ളുന്ന ജനങ്ങള്‍ക്കിടയില്‍ തന്നോളം നീണ്ടൊരു മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ചൂടോടെ മറ്റുള്ള ദേശങ്ങളിലെ ജനങ്ങളില്‍ എത്തിയ്ക്കുകയായിരുന്നു.

ഭൂരിഭാഗം മാധ്യമങ്ങളും ദേവന്‍റെ പേര് പറഞ്ഞുതുടങ്ങിയതോടെ  "പനീര്‍" എന്ന് പേരുള്ള, തല്‍ക്കാലം തന്‍റെ യാചകവേഷം അഴിച്ചുവച്ച ആ യാചകന്‍ തന്‍റെ മുന്നില്‍ക്കണ്ട ടി.വി യില്‍ നോക്കി ചിരിച്ചു.... അവന്‍ തീരുമാനിച്ചു. ഇനിയും കക്കിചേരിയിലേയ്ക്ക് ഒരു യാത്ര. ഒരു മുള്ളുകൊണ്ടാല്‍ രക്തം തുളുമ്പുന്ന, സുന്ദരികളായ പെണ്‍കുട്ടികളില്‍ ഒരാള്‍..!! ഹോ.. അവന്‍റെ സിരകളില്‍ വീണ്ടും കാമത്തിന്‍റെ ലഹരി പടര്‍ന്നു. ആ ചിന്തയില്‍ അവന്‍റെ മനസ്സില്‍ ആദ്യം തെളിഞ്ഞുവന്ന രൂപം കന്യകയുടേതായിരുന്നു....അവളുടെ മുഖം മനസ്സിലോമനിച്ച് അവനങ്ങിനെ അല്പനേരമിരുന്നു. അതോടെ കന്യക ചടുലപാദങ്ങളുമായി അവന്‍റെ മനസ്സിലൂടെ നടന്നുതുടങ്ങി....!!!! അവളിലെ ഉള്‍രൂപം നല്‍കിയ ലഹരിയില്‍ അവന്‍ കൈകള്‍ രണ്ടും കൊണ്ട് തന്‍റെ ഉടുമുണ്ട് അല്‍പ്പം മേലേയ്ക്ക് നീക്കി സ്വന്തം തുടകളില്‍ കൈകളമര്‍ത്തി. അപ്പോഴും ആ വിശാലമായ ബാറിന്‍റെ മറുകോണില്‍ അഗസ്റ്റിന്‍ കുടിച്ചതിലേറെ ശര്‍ദ്ദിച്ചുകൊണ്ട് ആ മേശമേല്‍ ചരിഞ്ഞുകിടന്നു. അറപ്പോടെ അയാള്‍ക്ക്‌ ചുറ്റും കൂടിനിന്നവര്‍ മനം മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ചു മൂക്കുപിടിച്ചു.
        
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ