2014 ഡിസംബർ 31, ബുധനാഴ്‌ച




നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 29

ആ രാവ് നോവുപേറി ഉറങ്ങിയത് കന്യകയുടെ നെഞ്ചകത്തിനുള്ളിലായിരുന്നു. അവളുടെ മനസ്സ് നിറയെ ആ രാവ് പോലെ തന്നെ കട്ടപിടിച്ച ഇരുട്ട് കൊണ്ട് മൂടി.  അവള്‍ക്കു പക്ഷെ ഉറങ്ങാനേ കഴിഞ്ഞില്ല. ഒരാവേശത്തിലോ, കുടുംബത്തിനോടുള്ള അടങ്ങാത്ത സ്നേഹത്തിലോ ആകാം കന്യക ഇത് സ്വയം തീരുമാനിച്ചത്. പക്ഷെ, പുലരാക്കോഴികള്‍ കൂവിത്തുടങ്ങുമ്പോള്‍ അവളില്‍ തെല്ല് പരിഭ്രമം വന്നണഞ്ഞുവോ...??? ഉണ്ടാകാം. അതുകൊണ്ടാകാം പലതവണ അവള്‍ അടച്ചിട്ട ജാലകത്തിനരുകില്‍ ചെന്നു നിന്നു. പിന്നെ വീണ്ടും വാതിലിനരുകില്‍ വരെ നടന്നു. അതിങ്ങനെ പുലരും വരെ തുടര്‍ന്നുകൊണ്ടേയിരുന്നു.

പുലരിവെട്ടം പൂഞ്ചില്ലകളെ തൊട്ടുതലോടിയുണര്‍ത്തി. കാറ്റ് കൈതചെടികളില്‍ നാദമുണര്‍ത്തിയാടിയൊഴിഞ്ഞു. ദേവനന്ദനത്തിലെ വാതില്‍പ്പടിയിലേയ്ക്ക് ദിനപത്രം വലിച്ചെറിഞ്ഞ് സൈക്കിളിന്‍റെ മണി ചിലപ്പിച്ച് ഒരാള്‍ ദൂരേയ്ക്ക് കടന്നുപോയി. പാല്‍വണ്ടി ഗേറ്റിനരുകില്‍ നിന്നു സൈറന്‍ മുഴക്കി. നന്ദന പാത്രവുമെടുത്ത് അടുക്കളയില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി. മക്കളുടെ മുറി കടന്നു പോകുമ്പോള്‍ അവള്‍ സ്വയം മുറുമുറുത്തു.

"നേരം ഇത്രേം ആയിട്ടും ഇവരെന്താ ഉണരാത്തെ...?? 

പാറു മിഴികള്‍ തുറന്നു. രാത്രിയില്‍ അനുജത്തിയോട് നടത്തിയ ആ പതംപറച്ചില്‍ അവളില്‍ ഒരു പുതുജീവന്‍ നല്‍കിയപോലെ. അതിന്‍റെ ഉണര്‍വോടെ അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. തുറന്നിട്ട ജാലകത്തിനരുകില്‍ പുറത്തേയ്ക്ക് കണ്ണുംനട്ട് നില്‍ക്കുന്ന കന്യകയ്ക്കരുകിലേയ്ക്ക് അവള്‍ പതിയെ ചെന്നു. അവളുടെ തോളില്‍ കൈവച്ചുകൊണ്ട് പാറു ചോദിച്ചു.

"മോളെ....കന്യേ..!! ചേച്ചി മനസ്സ് തുറന്നു ചോദിക്കുവാ..!!! ഇനിയും നിനക്ക് ചിന്തിക്കാന്‍ സമയം ഒരുപാടുണ്ട്. ചേച്ചിയ്ക്ക് വേണ്ടി, നമ്മുടെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ നാട്ടിന് വേണ്ടി എന്നൊക്കെ പറയാന്‍ വളരെ എളുപ്പാ. പക്ഷെ, അതിന് നിന്‍റെയീ പിഞ്ച് ശരീരം  ഒരാഭാസന് അടിയറവ് വച്ചിട്ട് വേണോ..??

കന്യക ഒന്നും മിണ്ടിയില്ല. അപ്പോള്‍ പാറു തുടര്‍ന്നു.

"കാരിരുമ്പിന്‍റെ കരുത്താ കന്യേ അവന്‍റെ ശരീരത്തിന്. മനസ്സിനോ അതിലേറെ കടുപ്പവും. പെണ്ണെന്നത് വെറുമൊരു ഭോഗവസ്തുവെന്ന് ചിന്തിക്കുന്ന ആ ആഭാസന്‍റെ മുന്നിലേയ്ക്ക് എന്‍റെ പൊന്നനുജത്തിയെ വിട്ടുകൊടുക്കാന്‍ ഈ ചേച്ചിയ്ക്ക് കഴിയണില്ല. അതുകൊണ്ട് തന്നെയാ ഞാനീ പറേണേ. ഞാനോ നശിച്ചു. ആരുമറിയാതെ, രണ്ടു പെണ്‍കുട്ട്യോള് നമ്മള്‍ എത്ര കാലം ന്നു വച്ചാലാ ഇങ്ങനെ മനസ്സ് നീറി ഇത് കൊണ്ട് നടക്കണേ...!! ചേച്ചീടെ അതിബുദ്ധി എന്ന് കരുതല്ലേ നീ..!! എങ്കില്‍ ഞാനൊരൂട്ടം പറയട്ടെ.

കന്യക മെല്ലെ പാറുവിനെ തിരിഞ്ഞു നോക്കി.

"നമ്മുക്ക്.. രാജശേഖരന്‍ അങ്കിളിനോട് പറഞ്ഞാലോ കന്യേ..!!! പാറു വീണ്ടും ചോദിച്ചു.

"വേണ്ടാ...!! എന്തിനാ പറയണേ..!! എന്താ ചേച്ചി പറയാന്‍ പോണേ..??? ചേച്ചി നശിചൂന്നോ..?അവനാണ് നശിപ്പിച്ചതെന്നോ..? നാളെ ഇത് ലോകം അറിയില്ല്യാന്നു ചേച്ചിയ്ക്ക് ഉറപ്പുണ്ടോ..??പാവം ജിയാസ്സേച്ചി മരിച്ചിട്ട് എത്ര നാളായീന്നറിയാമോ..? ഇവിടെ എന്ത് നടന്നു. ഒന്നും നടന്നില്ല. ഒന്നും നടക്കില്ല ചേച്ചീ. അത് കന്യകയ്ക്കറിയാം. സ്വന്തം വീടും, നാടും, പോലിസ് സ്റ്റേഷന്‍ വരെ പെണ്‍കുട്ട്യോള്‍ക്കിന്ന് കാമപ്പുരയായി. തെരുവില്‍ വ്യഭിച്ചരിച്ചു നടക്കുന്നവര്‍ എല്ലാര്‍ക്കും വേണ്ടപ്പെട്ടവരായി. ചേച്ചി കരുതുന്നുണ്ടോ ഇവിടെ പെണ്ണെന്ന വര്‍ഗം എന്നെങ്കിലും ആണിനൊപ്പം വളരുമെന്ന്. ഒരിക്കലുമില്ല. അങ്ങിനെ ആക്കിയെടുക്കേണ്ടത് പുരുഷനല്ലേ..?? അവന്‍ തന്നെ അവളെ അടിച്ചമര്‍ത്തുന്നു. കന്യകയ്ക്കറിയുവോളം ഇവിടെ ഒന്നും സ്വയം വളര്‍ന്നിട്ടില്ല. ലാഭേച്ചയില്ലാതെ ആരും വളര്‍ത്തിയിട്ടുമില്ല.

"നീ പറയുന്നത്...!!! എനിക്ക് മനസ്സിലാവണില്യ. നമ്മളെ വളര്‍ത്തി വലുതാക്കി എന്ത് ലാഭാ കന്യേ നമ്മുടെ അച്ഛനും അമ്മയും നേടുന്നേ...??? പാറു തെല്ലു നീരസത്തോടെ ചോദിച്ചു.

"അറിഞ്ഞും അറിയാതെയും അവരും ആഗ്രഹിക്കുന്നുണ്ട് ചേച്ചീ...!!! ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ അവര്‍ക്ക് തുണയാകും എന്നത്, നമ്മളിലൂടെ കുടുംബം വളരണം എന്നത്... ആ ആഗ്രഹങ്ങള്‍ ഒരു തരത്തില്‍ ലാഭേച്ചയല്ലേ ചേച്ചീ..!!

"നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല കന്യൂട്ടി. നീ വളരുകയാണ്. നിന്‍റെ ശരീരത്തെക്കാളും, നിന്‍റെ മനസ്സിനെക്കാളും ഒക്കെ നിന്‍റെ ചിന്തകളിലൂടെ നീ വളരുകയാണ്. പക്ഷെ, കഴിഞ്ഞ രാത്രി നീയെടുത്ത തീരുമാനം ഒരു കൂടപ്പിറപ്പെന്ന നിലയില്‍ എനിയ്ക്ക് സഹിയ്ക്കാന്‍ കഴിയണില്യ. നീ ഇനി പോയി വരുവോളം ഞാന്‍ തീതിന്നിവിടെ ഇരിക്കണ്ടേ. പിന്നെയവള്‍ കന്യകയുടെ അടുത്തേയ്ക്ക് കുറച്ചുകൂടി ചേര്‍ന്ന് നിന്നു. പിന്നെ അവളുടെ കണ്ണുകളിലേയ്ക്ക് ഉദ്ദ്വേഗത്തോടെ നോക്കി പറഞ്ഞു.

"നിനക്കെന്തേലും സംഭവിച്ചാല്‍, നീ തിരികെ വന്നില്ലേല്‍ പിന്നെ ഈ പാറൂച്ചി ജീവനോടെ കാണില്യയിവിടെ.... ഓര്‍മ വച്ചോ...!!!

കന്യക പാറുവിനെ കെട്ടിപ്പിടിച്ചു. പിന്നെയവള്‍ ചേച്ചീ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു.

നന്ദന വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ രണ്ടുപേരും പിന്മാറി. പാറു ചെന്നു വാതില്‍ തുറക്കുമ്പോള്‍ കന്യക കുളിമുറിയിലേയ്ക്ക് കയറിനിന്നു. നന്ദന പാറുവിനോട് ചോദിച്ചു. "എങ്ങനെയുണ്ട് മോളെ... ക്ഷീണം ഒക്കെ മാറിയോ...?? അവളെവിടെ കന്യ..???

"അവള് ബാത്ത്റൂമിലാ അമ്മേ...!!!!

നന്ദന അവളുടെ മുടിയിഴകളിലൂടെ തലോടി. പാറുവിന്‍റെ നെഞ്ച് വല്ലാതെ വേദനിച്ചു. അവള്‍ മനസ്സിലോര്‍ത്തു. ഈ അമ്മയുടെ സ്നേഹത്തിന് താന്‍ വിലകൊടുത്തില്ലല്ലോ..!! എന്തുപറ്റിയതാ തനിയ്ക്ക്. അറിയാതെ,  അറിയാതെ ഒരു പുരുഷന്‍റെ സ്പര്‍ശനം ഞാന്‍ ആഗ്രഹിച്ചു. പിന്നെ അവനില്‍ ലയിക്കണം എന്നാഗ്രഹിച്ചു. ഒടുവില്‍ പുരുഷന്മാരെ പേറി താന്‍..... അവള്‍ സ്വയം തന്നെ പറഞ്ഞു. "ഞാന്‍.. ഞാന്‍ എന്തൊരു വിഡ്ഢിയാണ്...അവള്‍ക്കു അവളോട്‌ തന്നെ പുശ്ചം തോന്നി. അവള്‍ ചിന്ത വിട്ടുണര്‍ന്നപ്പോഴേയ്ക്കും നന്ദന അടുക്കളയിലും കന്യക അവളുടെ അരുകിലും എത്തിയിരുന്നു.
******************
ഈ പുലരിയ്ക്ക് ഇത്രയും മാധുര്യമുണ്ടോ..??? പനീര്‍ വല്ലാത്ത ആവേശത്തിലായിരുന്നു. ഒരു പുതുമണവാളനെപ്പോലെ അവന്‍ ഒരുങ്ങാന്‍ തുടങ്ങി. പോലീസിനെയും കക്കിചേരിയിലെ നാട്ടാരെയും പേടിച്ച് നടന്ന അവന് ഈ പട്ടണത്തില്‍ ഇങ്ങനെ ഒരിടം തരപ്പെടുത്തി തന്ന സേനനോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ ദിവസം സേനനെ ഒന്ന് ഒഴിവാക്കിക്കിട്ടാന്‍ അവന്‍ ഒരുപാട് കള്ളങ്ങള്‍ മെനെഞ്ഞെടുത്തു. കന്യക തന്‍റെയടുത്തേയ്ക്ക് വരുന്നുവെന്നറിഞ്ഞ നിമിഷം തന്നെ അവന്‍ സേനനെ വിളിച്ചു. സ്വയം പരിഭ്രാന്തി അഭിനയിച്ചുകൊണ്ട് അവന്‍ സേനനോട് "ഇപ്പോള്‍ ഇവിടം പോലീസ് പരിശോധിച്ചുവെന്നും താന്‍ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നും, ഒരു രണ്ടുദിവസം എങ്ങോട്ടെങ്കിലും മാറി നില്‍ക്കണം എന്നും പറഞ്ഞു. അതില്‍ ഒരല്‍പം ഭയം തോന്നിയ സേനന്‍ പുലര്‍ച്ചെ വണ്ടിയ്ക്കു തന്നെ നാട്ടിലേയ്ക്ക് പാഞ്ഞു.  യാത്രയ്ക്കിടയില്‍ പനീര്‍ സേനനെ വിളിച്ച് അവന്‍ ഈ പട്ടണം വിട്ടെന്നത് ഉറപ്പിക്കുകയും ചെയ്തു.
*****************
പതിവ് പോലെ ദേവനന്ദനം തിരക്കിലേയ്ക്ക് നടന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ്, ചന്തയിലേയ്ക്കുള്ള സാധനങ്ങളും ആയി ദേവന്‍ വണ്ടിയില്‍ കയറിയിരുന്നു. കന്യക പതിവില്‍ നിന്നും വിപരീതമായി നന്ദനയെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. നന്ദന സന്തോഷത്തോടെ തിരിച്ചും. അവളെത്തന്നെ ഉറ്റുനോക്കിനിന്ന പായീമ്മയുടെ ഉണങ്ങിവലിഞ്ഞ കവിളില്‍ അവളൊരു മുത്തം നല്‍കി. അവര്‍ അവളെ സ്നേഹത്തോടെ ആശ്ലേഷിച്ചു. പാറു കിടക്ക വിട്ടു വെളിയിലേയ്ക്ക് വന്നതേയില്ല. തലയണയില്‍ മുഖമമര്‍ത്തി അവള്‍ തേങ്ങിത്തേങ്ങിക്കിടന്നു. ദേവന്‍ വണ്ടിയില്‍ ഇരുന്ന് ഹോണടിയ്ക്കുമ്പോള്‍ കന്യക മെല്ലെ വെളിയിലേയ്ക്ക് നടന്നു. അവള്‍ തോളില്‍ കിടന്ന ബാഗ് ഒന്നുകൂടി തുറന്നു നോക്കി. പിന്നെ അലസമായ മിഴികളോടെ, ഒരു ചെറുചിരിയോടെ അതിന്‍റെ സിബ്ബ് മൃദുവായി പിടിച്ചിട്ടു.

സമയം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. വണ്ടിയിലും പതിവിനു വിപരീതമായി അവള്‍ മിണ്ടാതെയിരുന്നു. അതുകൊണ്ട് തന്നെ കുറെദൂരം താണ്ടിയപ്പോള്‍ ദേവന്‍ ചോദിച്ചു.

"എന്താ ന്‍റെ മോള്‍ക്കിന്നു വല്ലാത്തൊരു മൌനം. ന്തു പറ്റീടാ...???

കന്യക അച്ഛനെ നോക്കി ചിരിച്ചു. അപ്പോള്‍ ദേവന്‍ പറഞ്ഞു.

"ദേ..!! അച്ഛനോട് പറയാന്‍ പറ്റാത്തതാണെങ്കില്‍ ന്‍റെ മോളൂട്ടി പറയണ്ട ട്ടോ...??

"ഹേയ്..!! അങ്ങിനെ ഒന്നും ഇല്ല്യച്ഛാ..." അവള്‍ പറഞ്ഞു.

"പിന്നെ... എന്തിനാടാ രാവിലെ തന്നെ ഈ മൂഡോഫ്..." അയാള്‍ വീണ്ടും ചോദിച്ചു.

"അച്ഛാ... ഞാന്‍ ഒന്ന് ചോദിച്ചോട്ടെ.. അച്ഛനോട്..?? അവള്‍ പറഞ്ഞു.

"പറഞ്ഞോളൂ മോളെ. അതിനെന്തിനാ ഈ മുഖവുര." അയാള്‍ ചോദിച്ചു.

"അച്ഛനെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. നമ്മള് രണ്ടു പെണ്‍കുട്ട്യോള് ഒരു ബാധ്യതയാണെന്ന്...??

കന്യകയുടെ ചോദ്യം ദേവനില്‍ ഒരു ഞെട്ടലുണ്ടാക്കി. അയാള്‍ക്ക്‌ തന്‍റെ നെഞ്ചകം നോവുംപോലെ തോന്നി. പെട്ടെന്നയാള്‍ ഒരു ക്ഷീണിതനെപ്പോലെ വണ്ടി റോഡിന്‍റെ ഓരം ചേര്‍ത്തുനിര്‍ത്തി. പിന്നെ ഒരല്‍പം കണ്ണുനീരാല്‍ നനഞ്ഞ കണ്ണുകളോടെ കന്യകയെ നോക്കി. കന്യക അച്ഛന്‍റെയരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. ദേവന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു. അവളുടെ നെറുകയില്‍ മുത്തം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു.

"എന്താ അച്ഛന്‍റെ മോള്‍ക്ക്‌ അങ്ങിനെ തോന്നാന്‍ കാരണം. അച്ഛനോ, അമ്മയോ മക്കളെ എപ്പോഴെങ്കിലും ഒന്ന് ശകാരിച്ചിട്ടുണ്ടോ..?? നിങ്ങളൊരു ബാധ്യതയാന്ന് പറഞ്ഞിട്ടുണ്ടോ..മോളെ..?? നിങ്ങളാണ് അച്ഛന്റേം അമ്മേടേം സര്‍വസ്വവും. അതങ്ങിനെ തന്നെ ആയിരിക്കും. മരണം വരെ..!!

ദേവന്‍റെ വാക്കുകള്‍ അവളില്‍ വല്ലാത്ത സംതൃപ്തിയുണ്ടാക്കി. അവള്‍ മെല്ലെ മിഴികളുയര്‍ത്തി അച്ഛനോട് ചോദിച്ചു.

"അച്ഛാ... ഞാനിന്ന് ഒരു കാര്യം ചെയ്യാന്‍ പോവുവാ. ഞാന്‍ അതില്‍ വിജയിക്കുമോ അച്ഛാ...??

"പിന്നെ ന്‍റെ മോള് വിജയിക്കാണ്ട്. എന്‍റെ മോള് ഇറങ്ങിത്തിരിയ്ക്കുന്ന ഒരു കാര്യത്തിലും പരാജയപ്പെടില്ല. നിന്‍റെ നാള്‍ അശ്വതിയാ. കക്കിചേരിയിലെ ദേവിയുടെ നാള്‍. അവള്‍ ദുര്‍ഗയായി നാട് നീളെ തുള്ളുന്ന നാള്‍.  ഒരു ശക്തിയ്ക്കും അവളെ കീഴ്പ്പെടുത്താന്‍ കഴിയാത്ത നാള്‍. സാക്ഷാല്‍ പരമശിവന്‍ പോലും ദേവിയുടെ മുന്നില്‍ ഭയന്നു നിന്ന നാള്‍. ന്‍റെ മോള് എന്ത് വിചാരിച്ചുവോ അത് നടക്കും. അവളോട്‌ എന്തെന്ന് പോലും ചോദിക്കാതെ ദേവന്‍ നന്ദനയുടെ ഫോണിലേയ്ക്ക് വിളിച്ചു. നന്ദന ഫോണെടുക്കുമ്പോള്‍ ദേവന്‍ ചോദിച്ചു.

"നന്ദനെ... നോക്കിയേടീ.. ആ ചുമരുംമേലെ കലണ്ടറില്‍ ഒന്ന് നോക്കിയേടീ. ഇന്ന് എന്ത് നാളെന്ന് ഒന്ന് നോക്കിയേടീ..."

കന്യക അച്ഛനെ അത്ഭുതത്തോടെ നോക്കിയിരുന്നു. പിന്നെ അയാളുടെ മുഖം സന്തോഷത്താല്‍ വിടരുന്നത് അവള്‍ കണ്ടു. ഫോണ്‍ സ്വന്തം പോക്കറ്റിലേയ്ക്ക് വച്ചുകൊണ്ട് അയാള്‍ ചിരിച്ചുകൊണ്ട് വണ്ടിയുടെ ഗീയര്‍ ഇട്ടു. അത് മുന്നിലേയ്ക്ക് നീങ്ങുമ്പോള്‍ മോളെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

"ഇന്ന് അശ്വതി നാളാ മോളെ. എന്‍റെ മോള് ധൈര്യമായി പൊയ്ക്കോ. എന്‍റെ മോള് മനസ്സില്‍ ചെയ്യാനുറച്ചത് എന്തായാലും ന്‍റെ മോളതില്‍ വിജയിക്കും. ഉറപ്പ്..."

കന്യകയുടെ സിരകളിലൂടെ രക്തം പാഞ്ഞുകയറി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സിനു വല്ലാത്ത ധൈര്യം വന്നത്പോലെ. കൈകളില്‍ വാളും,  മനസ്സില്‍ നിറഞ്ഞ ദീപവും, ദേവിയുടെ രൂപവും ഒക്കെ കൂടി അവളെ ഒരു വല്ലാത്ത സൗന്ദര്യം കൊണ്ട് പൊതിഞ്ഞു. ആ സുഖത്തില്‍ കന്യക മെല്ലെ കണ്ണുകള്‍ പൂട്ടി സീറ്റിലേയ്ക്ക് ചാരിയിരുന്നു.

"മോളെ... സ്കൂള്‍ എത്തി..."

ദേവന്‍ അത് പറയുമ്പോള്‍ കന്യക കണ്ണുകള്‍ തുറന്നു. പിന്നെ അച്ഛന്റെ കവിളില്‍ പതിവുപോലെ മുത്തം നല്‍കി അവള്‍ പുറത്തേയ്ക്കിറങ്ങി. കണ്ണില്‍ നിന്നും ആ വണ്ടി മറയുമ്പോള്‍ അവള്‍ റോഡ്‌ മുറിച്ചുകടന്നു. അതിനുശേഷം പട്ടണത്തിലേയ്ക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്റ്റാന്‍ഡില്‍ ചെന്നു. പിന്നെ പാറൂച്ചി പറഞ്ഞ സ്ഥലത്തേയ്ക്കുള്ള ബസില്‍ അവള്‍ കയറിയിരുന്നു. അതില്‍ ചാരിയിരിക്കുമ്പോള്‍ അവളുടെ മനസ്സ് നിറയെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു.

"നിന്‍റെ നാള്‍ അശ്വതിയാ. കക്കിചേരിയിലെ ദേവിയുടെ നാള്‍. അവള്‍ ദുര്‍ഗയായി നാട് നീളെ തുള്ളുന്ന നാള്‍.  ഒരു ശക്തിയ്ക്കും അവളെ കീഴ്പ്പെടുത്താന്‍ കഴിയാത്ത നാള്‍. സാക്ഷാല്‍ പരമശിവന്‍ പോലും ദേവിയുടെ മുന്നില്‍ ഭയന്നു നിന്ന നാള്‍. ന്‍റെ മോള് എന്ത് വിചാരിച്ചുവോ അത് നടക്കും...."

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ