നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 24
പാറു കാമത്തിന്‍റെ ലഹരിയില്‍ തന്നത്താന്‍ മറന്നു. പരിചിതമല്ലാത്തൊരു ലോഡ്ജ് മുറിയില്‍, തന്നെ അതിരറ്റ് സ്നേഹിക്കുന്നവന്‍ എന്ന വിശ്വാസത്തില്‍ അവള്‍ തന്‍റെ സര്‍വതും വീണ്ടും അവനില്‍ അര്‍പ്പിച്ചു. അടര്‍ന്നു വീഴുന്ന ഓരോ നിമിഷവും അവരുടെ ശ്വാസനിശ്വാസങ്ങളിലൂടെ മാത്രം കടന്നുപോയി. ഒടുവില്‍, ദാഹാര്‍ത്തനായ അവന്‍ അവളുടെ മുന്നില്‍ തളര്‍ന്നിരുന്നു. പാറു കൈനീട്ടി കിടക്കയ്ക്കരുകില്‍ ഇരുന്ന വെള്ളമെടുത്ത് അവനു കുടിയ്ക്കാന്‍ കൊടുത്തു. അവന്‍റെ തൊണ്ടയ്ക്ക് താഴെ അതങ്ങിനെ ചെറുശബ്ദത്തോടെ പോകുന്നത് അവള്‍ നിര്‍ന്നിമേഷം നോക്കിയിരുന്നു. പിന്നെയവന്‍ വച്ചുനീട്ടിയ ദാഹജലം അവള്‍ കുടിയ്ക്കുമ്പോള്‍ സേനന്‍ കിടക്കവിട്ട് എഴുന്നേറ്റു. ചുവരില്‍ തൂക്കിയിരുന്ന വസ്ത്രങ്ങള്‍ അവന്‍ എടുത്തണിഞ്ഞു. പാറു തന്‍റെ വസ്ത്രങ്ങള്‍ നേരെയാക്കി കിടക്കവിട്ട് എഴുന്നേറ്റു. അപ്പോള്‍ സേനന്‍ പറഞ്ഞു.
"വിശ്രമിച്ചോളൂ പാറൂ... ഞാനെന്തെങ്കിലും വാങ്ങിക്കൊണ്ടുവരാം. അതൂടി കഴിച്ചിട്ട് ഞാന്‍ കൊണ്ടുപോയി വിടാം നിന്നെ..."
പാറു പെട്ടെന്ന് തന്‍റെ വാച്ചിലേയ്ക്ക് നോക്കി. എന്നിട്ടവള്‍ വിഷമത്തോടെ പറഞ്ഞു.
"വേണ്ടാ ട്ടോ... കോളേജ് വിടുന്ന സമയം അങ്ങ് വീട്ടിലെത്തണം. അല്ലെങ്കില്‍ അറിയാല്ലോ..? അവള്‍ക്ക് ഒത്തിരി സംശയം തട്ടിയാല്‍ മതി. പിന്നെ നമ്മുടെ ഈ കള്ളക്കളികള്‍ ഒക്കെ പൊളിയും..."
സേനന്‍ അവളുടെ അരുകിലേയ്ക്ക് വന്നു. പിന്നെ അവളെ ചേര്‍ത്ത്പിടിച്ചുകൊണ്ട് പറഞ്ഞു.
"എനിക്കറിയാം പാറൂ. എല്ലാം എനിക്കറിയാം. നിനക്കൊരാപത്തും വരുത്താതെ, എനിക്കറിയാം കൊണ്ട് വിടാന്‍..!!!
അവള്‍ അവനിലേയ്ക്കു ചേര്‍ന്ന് നിന്നു. തന്നെക്കാളും, തന്‍റെ അച്ഛനമ്മമാരെക്കാളും, അനുജത്തിയെക്കാളും അപ്പോള്‍ അവള്‍ അവനെയാണോ സ്നേഹിക്കുന്നത് എന്നുപോലും അവള്‍ക്കു സംശയമായി. പാറു സ്വപ്നലോകത്തില്‍ എന്നപോലെ മിഴിച്ചുനില്‍ക്കെ സേനന്‍ മെല്ലെ അവളെ വിട്ടു. അവന്‍ വാതില്‍ വിട്ടു പുറത്തുപോകുമ്പോള്‍ അവള്‍ അത് അകത്തുനിന്നും താഴിട്ടു.
***************
കന്യക ചുവരിലെ വാച്ചിലേയ്ക്ക് നോക്കി. സമയം നാലിനോടടുത്തുതുടങ്ങി. അവള്‍ മെല്ലെയെഴുന്നേറ്റു. പിന്നെ മന്ദംമന്ദം ചുവടുവച്ച് അവള്‍ ഹാളിലെത്തി. അടുക്കളയില്‍ അമ്മയും പായീമ്മയും ഉണ്ട്. ദേവന്‍ മെല്ലെമെല്ലെ ചുവടുകള്‍ വച്ച് തന്‍റെ പച്ചക്കറിതോട്ടത്തില്‍ നടക്കുകയാണ്. കന്യക അടുക്കളയിലേയ്ക്ക് ചെന്നു. പതിവുപോലെ അമ്മയെ ചേര്‍ന്നവള്‍ അല്‍പ്പസമയം നിന്നു. നന്ദന അവളെ മെല്ലെ തഴുകി. എന്നിട്ട് ചോദിച്ചു.
"മോള്‍ക്കെങ്ങിനെ തോന്നുന്നു. വേദന കുറഞ്ഞോ...???
"കുറഞ്ഞമ്മേ..!! നല്ല ആശ്വാസം തോന്നുന്നു.." കന്യക നന്ദനയ്ക്ക് മറുപടി നല്‍കി. പെട്ടെന്ന് പായീമ്മ പറഞ്ഞു. "ന്നാലും മോളിന്ന് തല കുളിക്കണ്ട ട്ടോ..."
"ഉവ്വ്... പായീമ്മേ..!! അവള്‍ നന്ദനയെ വിട്ടു പായീമ്മയുടെ അടുത്തേയ്ക്ക് നീങ്ങി. അവരവളെ ഒന്ന് തഴുകി നില്‍ക്കുമ്പോള്‍, അതില്‍ വല്ലാത്തൊരു സ്നേഹം അവളറിഞ്ഞു. അമ്മയുടെയും, പായീമ്മയുടെയും അടുത്ത് ഇങ്ങനെയൊക്കെ അവള്‍ നില്‍ക്കുമ്പോഴും കന്യകയുടെ നെഞ്ചം നിറയെ വേദനയായിരുന്നു. അവള്‍ക്കറിയാം ഒരു മണിക്കൂറുകൂടി കഴിഞ്ഞാല്‍, പാറുവിനെ കാണാതായ വിവരം അറിയുമ്പോള്‍ ഈ വീട്ടിലുണ്ടാകുന്ന അവസ്ഥ. ഹൃദയം ഒന്നാകെ ഇളകിവീഴുന്ന പോലെ തോന്നിയവള്‍ക്ക്.
വീണ്ടും നന്ദനയും, പായീമ്മയും അടുക്കളജോലികളില്‍ മുഴുകുമ്പോള്‍ കന്യക അവരെ വിട്ടു മെല്ലെ ഹാളിലേയ്ക്ക് വന്നു. ചുവരിലെ ഘടികാരം നാലെന്നടിച്ചു. ഇപ്പോള്‍ കോളേജ് വിട്ടിട്ടുണ്ടാകും. ഇനി കോളേജില്‍ നിന്നും ബസ് സ്റ്റോപ്പ് വരെയും പിന്നെ അവിടുന്ന് കക്കിചേരിയിലെ പഞ്ചായത്ത് ജങ്ക്ഷന്‍ വരെയും പിന്നെ വീടുവരെയും എത്തുന്നതിന് ഒക്കെയുള്ള സമയം അവള്‍ കണക്കുകൂട്ടി. മുഖത്ത് ഒരു ഭാവഭേദവും കാട്ടാതെ അവള്‍ ഫോണ്‍ കൈയിലെടുത്തു. പാറുവിന്‍റെ നമ്പരിലേയ്ക്ക് വിളിച്ചവള്‍ കാതോര്‍ത്തുനിന്നു.
***************
പാറു ബാഗിനുള്ളിലിരുന്നു ചിലയ്ക്കുന്ന ഫോണ്‍ ഒരു ചങ്കിടിപ്പോടെ വെളിയിലേയ്ക്ക് എടുത്തു. ദേവനന്ദനം എന്നു കണ്ടതോടെ അവളുടെ നെഞ്ചം അതിവേഗം മിടിക്കാന്‍ തുടങ്ങി. അവള്‍ മനസ്സിലോര്‍ത്തു. അമ്മയാകും. ഈ സമയം എന്തിനാവും അമ്മ വിളിക്കുന്നത്. അങ്ങിനെ വിളിക്കാറുള്ളതല്ലല്ലോ..!!! അവളൊരു നിമിഷം ഒന്നാലോചിച്ച് നില്‍ക്കെ അത് നിലച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അത് ചിലയ്ക്കവേ, അവള്‍ അത് അറ്റന്‍ഡ് ചെയ്തു.
"പാറൂച്ചീ.... ഇത് ഞാനാ കന്യൂട്ടി... !! എവിടെയാ പാറൂച്ചി. എന്നോടെങ്കിലും ഒന്ന് പറയാരുന്നില്ലേ. ഇനീപ്പോള്‍ ഇത് അച്ഛനും അമ്മേം അറിയുമ്പോ.. ന്താകും ഇവിടത്തെ സ്ഥിതി. അതാലോചിച്ചോ പാറൂച്ചി..." കന്യക വളരെ സ്വരം താഴ്ത്തി പറഞ്ഞ വാക്കുകള്‍ ആണെങ്കിലും പാറു വളരെ ശ്രദ്ധയോടെയാണ് അത് കേട്ടത്.. അവളുടെ രക്തം തിളച്ചുമറിഞ്ഞു. അരിശത്തോടെ അവള്‍ പറഞ്ഞു.
"ന്‍റെ കന്യകേ...!! നീ പറയുന്നത് പോലെ ഒന്നുമില്ല. ഞാനിപ്പോ, ഞാനിപ്പോളങ്ങ് വീട്ടില്‍ എത്തില്ലേ..!! ഞാന്‍ വീട്ടിലേയ്ക്ക് വരുവാ....!!
പറഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ കട്ട് ചെയ്തു.
*********************
ദേവനന്ദനത്തില്‍ കന്യകയും ഒരാശ്വാസത്തോടെ ഫോണ്‍ വച്ചു. വല്ലാത്തൊരു ഉന്മേഷം അപ്പോഴവള്‍ക്കുണ്ടായി. സ്വന്തം മുറിയിലേയ്ക്ക് നടക്കുമ്പോള്‍ അവള്‍ മനസ്സിലുറപ്പിച്ചു. ഇനിയിത് മനസ്സില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല. എത്രയും പെട്ടെന്ന് അമ്മയോട് പറയണം. ഒന്നുകില്‍, പാറൂച്ചിയുടെ ഇഷ്ടം പോലെ അവരത് നടത്തികൊടുക്കും. അല്ലെങ്കില്‍ പാറൂച്ചിയുടെ ഈ സ്നേഹബന്ധം ഇവിടെയവസാനിയ്ക്കും. പിന്നെയവള്‍ തിടുക്കത്തില്‍ കുളിമുറിയിലേയ്ക്ക് കയറി.
*********************
മുറിയ്ക്കുള്ളിലെ കാള്ളിംഗ് ബെല്‍ അടിയ്ക്കുമ്പോള്‍ പാറു ഉത്സാഹത്തോടെ എഴുന്നേറ്റു. അവള്‍ ചെന്നു വാതില്‍ മെല്ലെ തുറന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളെക്കണ്ടവള്‍ ഒന്നമ്പരന്നു. മനസ്സിലൂടെ വെള്ളിടി പോലെ ആ രൂപം അവളിലേയ്ക്ക് ചാഞ്ഞിറങ്ങി. മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ കതക് വലിച്ചടയ്ക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ, പുറത്തുനിന്നുള്ള ശക്തമായ തള്ളലില്‍ ആ കതക് മലര്‍ക്കെ തുറന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പനീര്‍ മുറിയ്ക്കുള്ളിലേയ്ക്ക് പാഞ്ഞുകയറി. പിന്‍കാലുകൊണ്ട് അയാള്‍ വാതില്‍ ശക്തിയായി ചവുട്ടിയടച്ചു. പിന്നെയത് താഴിട്ടു. പാറു ഭയന്നു നിലവിളിച്ചുകൊണ്ട് മുറിയുടെ കോണിലേയ്ക്കോടി. അമ്പരന്നു നിന്ന അവളുടെ നിലവിളി ആ മുറിയ്ക്കുള്ളില്‍ തട്ടി പ്രതിധ്വനിച്ചു. ഒടുവില്‍ ഒരു നിസ്സഹായയെപ്പോലെ അവള്‍ മുറിയുടെ മൂലയിലേയ്ക്ക് ചാരി നിന്നു.
പനീര്‍ അവള്‍ക്കരുകിലേയ്ക്ക് നീങ്ങുമ്പോള്‍ സ്വന്തം കൈകള്‍ മാറില്‍ പിണച്ചുവച്ചുകൊണ്ടവള്‍ കണ്ണുകള്‍ മുറുകെയടച്ചു. ഒടുവില്‍, അവന്‍റെ കൈക്കരുത്തിനുള്ളില്‍ എല്ല് നുറുങ്ങുന്ന വേദനയോടെ പാറു പിടഞ്ഞു. അവളുടെ മൃദുലമായ ചുണ്ടുകളിലൂടെ അവന്‍റെ ചുണ്ടുകള്‍ പരക്കം പാഞ്ഞു. അവളുടെ നിലവിളികളും, ശൌര്യവും ആ മുറിയ്ക്കുള്ളില്‍ ആ കോണില്‍ നിന്ന് മെല്ലെമെല്ലെ തളര്‍ന്നു തുടങ്ങി. അവളുടെ കണ്ണുകളില്‍ നിന്നും നിറഞ്ഞുതുളുമ്പിയ അശ്രുക്കള്‍ നിലത്ത് വീണു ചിതറി. അവളുടെ കണ്ണുനീരിലെ ഉപ്പിന്‍റെ നനവ് അവന്‍റെ നാവുകള്‍ രുചിച്ചെടുത്തു. തളര്‍ന്നുനിന്ന അവളെ അവന്‍ കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു. തന്‍റെ നാശം അവള്‍ തിരിച്ചറിഞ്ഞു. അവളുടെ സ്വപ്നങ്ങള്‍ ആ കിടക്കയില്‍ വീണുടഞ്ഞു. ഒരു പ്രതികാര ദാഹിയെപോലെ അവന്‍ അവളെ കശക്കിയെറിഞ്ഞു. പനീര്‍ അവളില്‍ നിന്നും പിന്മാറുമ്പോള്‍ അവളുടെ ഉടല്‍ ഒന്നാകെ വിറക്കാന്‍ തുടങ്ങി. അവള്‍ വളരെ വിഷമത്തോടെ എഴുന്നേറ്റ് കിടക്കയിലേയ്ക്ക് ഒരു വശത്തേക്ക് നീങ്ങിയിരുന്നു. അവന്‍ മുറിയിലെ ജനാലയ്ക്കരുകിലേയ്ക്ക് നടന്നടുത്തു. പിന്നെ അതിന്‍റെ വിരിമാറ്റി അവന്‍ പുറത്തേയ്ക്ക് നോക്കി. പാറു തന്‍റെ മുഖം കാല്‍മുട്ടുകളില്‍ അമര്‍ത്തി വിതുമ്പിയിരുന്നു. ഒടുവില്‍, ഒരു കൊടുങ്കാറ്റുപോലെ അവള്‍ക്കരുകിലേയ്ക്ക് തന്നെ തിരിഞ്ഞു വന്നുനിന്ന്, അവളുടെ തലമുടി ഒന്നാകെ പിടിച്ചവന്‍ അവളുടെ മുഖമുയര്‍ത്തി. പാറു അത്യധികം ഭയത്തോടെ, അതിലേറെ വേദനയോടെ അവനെ നോക്കി. പനീര്‍ കുനിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് മുഖമടുപ്പിച്ചു. എന്നിട്ട് പറഞ്ഞു.
"എന്നടീ നീ മൊരച്ചുപാക്കിറെ... നാന്‍ യാരെന്ന് തെരിയുവാടീ...?? അന്ത പൊണ്ണ്‍ എരന്തത് എതുക്കെന്നു തെരിയുവാടീ. നാന്‍ താടീ.. നാന്‍ താ.... ഇപ്പൊ നീ ഒരു കാര്യം മട്ടും ഞാപകം വച്ചുക്കോ. ഇന്ത മാറ്റര്‍ ഇങ്കെ മുടിയണം. ഇങ്കെ. ഇന്ത റൂമുക്കുള്ളെ..!! ഇതുക്ക് മേലെ യാര്‍ക്കാവത് ഇന്ത മാറ്റര്‍ തെരിഞ്ചാ.. അവളതാന്‍....ഇന്ത എടത്തില് നീ മട്ടുമലൈ. അന്ത ചിന്നപൊണ്ണ്‍... ഓന്‍ തങ്കച്ചി. അവളും ഇങ്ക വരുവേ...അല്ലെങ്കില്‍ പനീര്‍ വരുത്തുവേം..!!"...
ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ അവളുടെ മുടിയുടെ പിടിവിട്ടു. പിന്നെ അതിവേഗം വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി. പാറു ഭയത്തോടെ ചാടിയെഴുന്നേറ്റു. പിന്നെയവള്‍ ഒന്നും ചിന്തിച്ചില്ല. തുറന്നുകിടന്ന വാതില്‍ ഓടിവന്ന് താഴിട്ടു. കുളിമുറിയ്ക്കുള്ളില്‍ കയറി നന്നായി മുഖം കഴുകി, വൃത്തിയായി മുടിയൊതുക്കി, ഒന്നും സംഭവിക്കാത്ത പോലെ, അതില്‍ നിന്നും പുറത്തേയ്ക്ക് വന്നു. പിന്നെ കിടക്കയില്‍ കിടന്ന തന്‍റെ ബാഗ് എടുത്തു തോളത്തേയ്ക്കിട്ടു. അതിവേഗം വാതില്‍ തുറന്നു അവള്‍ പുറത്തേയ്ക്കോടി. പാറു പുറത്തേയ്ക്ക് ഓടിയിറങ്ങുന്നത് തൊട്ടകലെ അല്‍പ്പം മുന്നിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു ചുവരിന് കീഴെ നിന്നു സേനനും പനീറും കാണുന്നുണ്ടായിരുന്നു. അവരിരുവരും കൈയിലടിച്ചു ആഹ്ലാദം പങ്കിട്ടു. റോഡിലേയ്ക്കിറങ്ങി പാറു വേഗം നടന്നു. ശരീരം കൊത്തിനുറുക്കുന്ന വേദനയിലും അവള് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു.
"ഒന്നും സംഭവിച്ചിട്ടില്ല. തനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല".
ധൃതിയില്‍ നടന്നവള്‍ അരുകിലെ ബസ്സ്റ്റോപ്പില്‍ എത്തി. വാച്ചില്‍ നോക്കുംതോറും അവളുടെ നെഞ്ചം മിടിയ്ക്കാന്‍ തുടങ്ങി. ഇനി വീട്ടിലെത്താന്‍ വെറും പതിനഞ്ച് മിനിറ്റ് മാത്രം ബാക്കി. ഇവിടെ നിന്നും എത്ര ദൂരം ഉണ്ടാകും എന്നുപോലും അവള്‍ക്കറിയില്ല. എങ്കിലും വന്നുനിന്നൊരു ബസില്‍ കയറി അവളിരുന്നു. അതിന്‍റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന് കക്കിചേരിയിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ അവളോര്‍ത്തു. വെറും പതിനാറു വയസ്സ് മാത്രം പ്രായമുള്ള കന്യക. അവള്‍ തന്നെക്കാള്‍ എത്രയോ കാതം മുന്നിലാണ്. ഒരുപക്ഷെ, അറിവില്‍ അമ്മയെക്കാളും. ഓരോ തവണ അവള്‍ ഉപദേശിക്കുമ്പോഴും അവളെ താന്‍ പുശ്ചിച്ചു. അപമാനിച്ചു. ഇനി അവളുടെ ജീവിതം...അതുകൂടി നശിക്കാന്‍ പാടില്ല. അതുകൊണ്ട്.... ഇല്ല ഇതാരും അറിയണ്ട. ആരെയും അറിയിക്കണ്ട... ചിന്തിച്ചുകൊണ്ടവള്‍ ദുഃഖിതയായി അതിനുള്ളില്‍ ഇരുന്നു. സമയം മെല്ലെമെല്ലെ കടന്നുപോയി.
"കക്കിചേരി.... കക്കിചേരി..."
വിളികേട്ടവള്‍ ഞെട്ടലോടെ ഉണര്‍ന്നു. നേരം ഇരുളാന്‍ തുടങ്ങിയിരുന്നു. ബസില്‍ നിന്നിറങ്ങി അവള്‍ അതിവേഗം നടന്നു. ഒടുവില്‍ അഞ്ചരയോടെ അവള്‍ ദേവനന്ദനത്തിന്‍റെ മതില്‍ക്കെട്ടിനടുത്തെത്തി. പുറത്ത് അമ്മയും കന്യകയും നില്‍ക്കുന്നത് അവള്‍ക്ക് കാണാമായിരുന്നു. അതോടെ പാറുവിന്‍റെ നടത്തത്തിന്‍റെ വേഗത പെട്ടെന്ന് കുറഞ്ഞു. എന്നിട്ടും, രണ്ടും കല്‍പ്പിച്ച് തെല്ലു ഭയത്തോടെ അവള്‍ അതിനുള്ളിലേയ്ക്ക് ചുവട് വച്ചു. നന്ദന പിണക്കം നിഴലിട്ട മുഖത്തോടെ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കന്യക പെട്ടെന്ന് പടവുകള്‍ ഇറങ്ങി പാറുവിനരുകിലേയ്ക്ക് ചെന്നു. പിന്നെ ചേച്ചിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു.
"ന്‍റെ പാറൂച്ചി... നീ ഞങ്ങളെ ഒത്തിരി നേരം കൊണ്ട് കൊല്ലാക്കൊല ചെയ്തൂല്ലോ...!!!
കന്യകയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പാറുവിന്‍റെ നെഞ്ചിനുള്ളില്‍ സങ്കടം വിങ്ങിപ്പൊട്ടി. എങ്കിലും ഒരിറ്റ് കണ്ണീരുപോലും പുറത്തേയ്ക്കൊഴുക്കാതെ അവള്‍ അനുജത്തിയ്ക്കൊപ്പം ചുവട് വച്ചു. വീടിനുള്ളിലേയ്ക്ക് കയറുമ്പോഴും, മുറിയില്‍ കയറുമ്പോഴും അവള്‍ തളര്‍ന്നില്ല. പക്ഷെ, ബാഗ് കിടക്കയിലേയ്ക്കിട്ട് കുളിമുറിയിലേയ്ക്ക് കയറുമ്പോള്‍, അവളുടെ നെഞ്ചിനുള്ളിലെ സങ്കടമെല്ലാം അപ്പാടെ പുറത്തുവന്നു. ഷവര്‍ തുറന്നുവച്ച് അതിന് കീഴെ നിന്നവള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു... ഇടമുറിയാതെ വീണുകൊണ്ടിരുന്ന ആ തണുത്ത വെള്ളത്തില്‍ അവളുടെ കണ്ണീര്‍ അലിഞ്ഞലിഞ്ഞില്ലാതായി....
അപ്പോള്‍ കന്യക അമ്മയോട് ചേച്ചിയ്ക്കായി അപേക്ഷിയ്ക്കുവായിരുന്നു.
"വേണ്ടമ്മേ...!!! ഇപ്പോള്‍ ഒന്നും വേണ്ടാ.. ചേച്ചി വന്നൂലോ.. ഇത്തിരി താമസ്സിച്ചുപോയീന്നല്ലേ ഉള്ളൂ. ഞാന്‍ ചോദിക്കാം ചേച്ചിയോട്..."
നന്ദന പിണക്കത്തോടെ കന്യകയെ ഒന്ന് നോക്കുകമാത്രം ചെയ്തു. പിന്നെ മെല്ലെ മെല്ലെ അവളിലെ പിണക്കം മാറുന്നത് കന്യക കണ്ടു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ