2014 ഡിസംബർ 18, വ്യാഴാഴ്‌ച


നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം...3

കക്കിചേരി ഒരു സമ്പൂര്‍ണ്ണ മദ്യവിമുക്ത ഗ്രാമം ആയതോടെ അയാള്‍ അത് തേടി പട്ടണത്തിലേക്ക് പോകാന്‍ തുടങ്ങി. പിന്നെ വല്ലപ്പോഴും വരുകയുമായി. ഇപ്പോള്‍, തനിയ്ക്കൊപ്പം വളര്‍ന്ന മകള്‍ ജിയാസിനെക്കുറിച്ച് ഓര്‍ത്താണ് അമ്മ ഇന്ദിരയ്ക്ക് ഭയം. അവളെ മാന്യമായി ആണൊരുത്തന്‍റെ കൈകളില്‍ ഏല്‍പ്പിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ദുഷ്കരം തന്നെയാണ്.  സ്വന്തം വീട്ടുകാരില്‍ നിന്നും യാതൊരു വിധ സഹായവും അവര്‍ക്ക് കിട്ടുമായിരുന്നില്ല. എന്തിന് ഇന്ദിരയുടെ അച്ഛന്‍ അനന്തന്‍ മരിച്ചപ്പോള്‍ പോലും മറ്റുള്ള മക്കള്‍ ഇന്ദിരയെ ആ വീടിനകത്തേയ്ക്ക് പോലും കയറ്റിയിരുന്നില്ല. അമ്മയുടെ നെടുവീര്‍പ്പും സങ്കടവും ഒക്കെ കാണുമ്പോള്‍ ജിയാസ് അവരെ സമാധാനിപ്പിക്കും.

"അമ്മ എന്നെ ഓര്‍ത്ത് വിഷമിക്കണ്ട. എന്തിനാ അമ്മെ ഇങ്ങനെ നരകിക്കാന്‍ ഒരു വിവാഹം. വേണ്ടമ്മേ, വേണ്ടാ.... ഞാനിങ്ങനെ എല്ലാരേം സ്നേഹിച്ച് സ്നേഹിച്ച് അങ്ങിനെ ജീവിക്കും. പിന്നെ എനിക്കൊരു ആണ്‍തുണ വേണം എന്ന് തോന്നുമ്പോഴല്ലേ..??? അന്ന് ഞാനൊരാളെ കെട്ടി കൂടെ പൊറുത്തോളാം..."

ഇത് കേള്‍ക്കുമ്പോഴും ഇന്ദിര മറുപടിയൊന്നും പറയാറില്ല. അതല്ലെങ്കില്‍ തന്നെ അവരെന്ത് പറയാന്‍...!!!!

ജിയാസ്സിന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ലഹരിയാല്‍ മത്തുപിടിച്ച അച്ഛന്‍ അഗസ്റ്റിന്‍ കസേരയില്‍ ഇരുന്ന് അമറും.

"എന്താടീ... നിനക്കിവിടെ ഒരു കുറവ്..??? നീ കെട്ടണ്ടാടിയേ..!!! നീ കെട്ടിയേച്ചിട്ടിപ്പം എനിക്കെന്നാ പ്രയോജനം...? പിന്നെ അയാള്‍  സ്വയം പിറുപിറുക്കും. നേരാംവണ്ണം കുടിച്ചോണ്ടിരുന്നതാ ഞങ്ങള് കുറച്ചാണുങ്ങള്..... കുറച്ചവള് മാര്‍ക്ക് കഴപ്പ് കേറി പൂട്ടിച്ചു. എല്ലാം പൂട്ടിച്ചു. ഇപ്പം ഒന്ന് മണപ്പിക്കണേല്‍.. നാല് കിലോമീറ്ററു പോണം. അനുഭവിച്ചോ നീയൊക്കെ... ആണുങ്ങളെ മര്യാദപഠിപ്പിക്കാന്‍ നോക്കിയതല്ലിയോ നീയെല്ലാം. അനുഭവിച്ചോ.. ഒടുക്കം ഒന്നും കിട്ടാണ്ട്‌ പട്ടിണി കിടന്നു ചാകും നീയൊക്കെ...  പട്ടിണി കിടന്നും ചാകും നീയൊക്കോ... അന്ന് ചെന്ന് നീ കൈനീട്ടെടീ, നിനക്കൊക്കെ അവന്‍ തരും. അവന്‍, ആ ദേവനന്ദനത്തില്‍ ദേവന്‍. നിന്റെയൊക്കെ ദൈവം. ത്ഫൂ..."

അയാള്‍ ഇങ്ങനെ ശപിച്ചുകൊണ്ട്  കസേരയില്‍ ചാരി ഇരുന്നു ഉറങ്ങും...

ജിയാസ് ഈവിധം ഓര്‍മകളിലൂടെ അല്‍പ നേരം സഞ്ചരിച്ചുപോയി.    

ദേവന്‍ കോളേജിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി. പാറു വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. വണ്ടിയില്‍ തന്നെയിരുന്ന ജിയാസ്സിനോട് പെട്ടെന്ന് ദേവന്‍ ചോദിച്ചു.

"മോളെ... കോളേജ് എത്തി... ഇറങ്ങുന്നില്ലേ..???

അതോടെ ഓര്‍മകളില്‍ നിന്നും ഉണര്‍ന്ന ജിയാസ്സും തിടുക്കത്തില്‍ വണ്ടിയില്‍ നിന്നിറങ്ങി.   ദേവന്‍റെ വണ്ടി മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. കോളേജിന് കുറച്ച് മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ പിന്നെ കന്യകയുടെ സ്കൂള്‍ ആയി. അവളെയും അവിടെ വിട്ടിട്ടാണ്‌ അയാള്‍ പതിവായി ചന്തയിലേയ്ക്ക് പോകാറ്..

കോളേജിന്‍റെ പുറകിലെ വലിയ മതിലിന് വെളിയില്‍ ചില ഭിക്ഷക്കാര്‍ താവളമടിച്ചിട്ടുണ്ട്. കുട്ടികളിലെ സഹായമനസ്ഥിതി മുതലെടുത്താണ് അവര്‍ ജീവിക്കുന്നത്. രാവിലെ കോളേജ് തുറക്കുന്ന സമയം അതില്‍ ചിലരെല്ലാം മതിലിന്  വെളിയില്‍, ഗേറ്റിന് മുന്നില്‍ വന്നു നില്‍ക്കും. കൈനീട്ടുമ്പോള്‍, ചിലപ്പോള്‍ കൈയിലിരിക്കുന്ന ഉച്ചഭക്ഷണപ്പൊതിപോലും കുട്ടികള്‍ ആ ഭിക്ഷക്കാര്‍ക്ക് കൊടുക്കും. അങ്ങിനെ സഹായിക്കുന്നതില്‍ ജിയാസ്സ് മുന്‍പന്തിയില്‍ ആണ്. എങ്കിലും ഭിക്ഷ യാചിക്കാന്‍ വരുന്നവരെ അവള്‍ അടിമുടി ഒന്ന് വീക്ഷിക്കും. ജോലി ചെയ്തു ജീവിക്കാന്‍ കഴിവില്ല എന്നവള്‍ക്ക് തോന്നിയാല്‍ അവരെ സഹായിക്കാന്‍ അവള്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല.

പഠനം കഴിഞ്ഞ്, കോളേജ് വിട്ട് പോകുമ്പോള്‍, ജിയാസ് എല്ലാവരെക്കാളും പുറകിലാകും ഉണ്ടാകുക. പാര്‍വതിയും കന്യകയും ബസില്‍ കയറി തീവെട്ടിക്കവലയില്‍ ഇറങ്ങിയാണ്‌ സാധാരണ തിരിച്ചു പോകാറ്. ഒരിക്കല്‍ പോലും വൈകുന്നേരങ്ങളില്‍ അവര്‍ ജിയാസ്സിനെ കാത്ത് നില്‍ക്കാറില്ല. അവള്‍, ഒരു സാമൂഹികപരിഷ്കര്‍ത്താവിനെ പോലെ കോളേജിന് പുറകുവശത്ത് ചെന്ന് എല്ലാരോടും കുശലം പറഞ്ഞ്, അവരെയെല്ലാം സ്നേഹിച്ചാവും വീട്ടിലേയ്ക്ക് പോകാറ്.

അന്നും പതിവ് പോലെ ജിയാസ് അവിടെ ചെന്നു. കൈയിലിരുന്ന നാണയത്തുട്ടുകള്‍ അവര്‍ക്ക് നേരെ വച്ച് നീട്ടി അവള്‍ തിരികെവന്നു. ബസില്‍ കയറി തീവെട്ടിക്കവലയില്‍ എത്തുമ്പോഴേയ്ക്കും നല്ല മഴ പെയ്തു തുടങ്ങി. അവള്‍ മഴനനഞ്ഞ് വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അതവള്‍ക്ക്‌ ഒരു ശീലമാണ്. മഴയും വെയിലും അവള്‍ കാര്യമാക്കാറില്ല.

"ജിയാസ്സ്.... ജിയാസ്സ്...!!!

മഴയുടെ ഇരമ്പലില്‍ അരുകിലെ കടത്തിണ്ണയില്‍ നിന്നൊരു വിളി അപ്പോഴാണ്‌ അവളുടെ കര്‍ണ്ണങ്ങളെ തേടിയെത്തിയത്. പരിചയമുള്ള ആ വിളികേട്ട ദിശയിലേയ്ക്ക് അവള്‍ കണ്ണുകള്‍ പായിച്ചു. പഞ്ചായത്ത് കെട്ടിടത്തില്‍ ചേര്‍ന്ന് അടഞ്ഞുകിടന്നിരുന്ന കടയുടെ തിണ്ണയില്‍ ഇരുന്നുകൊണ്ട് അവളുടെ അച്ഛന്‍ അഗസ്റ്റിനായിരുന്നു ആ വിളിച്ചത്. അവള്‍ അവിടേയ്ക്ക് തിരിഞ്ഞു. കടത്തിണ്ണയില്‍ ചെന്ന് അതിലേയ്ക്ക് ചേര്‍ന്ന് നിന്ന് അവള്‍ ചോദിച്ചു.

"വരണുണ്ടോ... അച്ഛന്‍ വീട്ടിലേയ്ക്ക്..!!!

അവളുടെ ചോദ്യത്തിന്, മദ്യപിച്ച് തളര്‍ന്ന കണ്ണുകളോടെ അയാള്‍ ചോദിച്ചു.

"എന്തിനാടീ ഞാന്‍ വരണേ..!! ങേ, നിന്റെയമ്മ ആ ശവത്തിനെ കാണാനോ..?? ഞാനില്ല... ഞാനില്ലാ..." അയാള്‍ ലക്കുകെട്ടവനെ പോലെ പുലമ്പാന്‍ തുടങ്ങി.

"ഞാന്‍ പോണൂ.... നേരം ഇരുട്ടുന്നു."

പറഞ്ഞുകൊണ്ടവള്‍ അവിടെനിന്നും തിരിയാന്‍ ഭാവിച്ചപ്പോള്‍ പെട്ടെന്നയാള്‍ അവളുടെ കൈയിലിരുന്ന ആ ബാഗ് തട്ടിപ്പറിച്ചു. തിടുക്കത്തില്‍ അയാള്‍ അത് തുറന്ന് മുഷിഞ്ഞ ചില നോട്ടുകള്‍ എടുത്തു. അവള്‍ ഒന്നും ഉരിയാടിയില്ല. അവള്‍ ചിന്തിച്ചു. എന്തു പറയാന്‍..?? അച്ഛന്‍റെ പോക്കറ്റില്‍ നിന്നും അമ്മ പെറുക്കിതരുന്ന ഈ നോട്ടുകള്‍ക്ക് ഉടമ അച്ഛന്‍ തന്നെയല്ലേ..? എടുത്തോട്ടെ... അച്ഛന്‍ തന്നെ അതെടുത്തോട്ടെ. നിര്‍വികാരയായി നിന്ന അവളുടെ കൈയിലേയ്ക്ക് അയാള്‍ ആ ബാഗ് നീട്ടിയിട്ടു. അവള്‍ അതേറ്റുവാങ്ങി നെഞ്ചോട്‌ ചേര്‍ത്ത് നിന്നു. കടത്തിണ്ണയും വിട്ട്, അയാള്‍ തിമിര്‍ത്തുപെയ്യുന്ന മഴയിലൂടെ വേച്ചുവേച്ച്‌ നടന്നു. ജിയാസ്സിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, മഴതുള്ളിയോടൊപ്പം ലയിച്ചവ താഴേയ്ക്ക് പതിച്ചു. അവള്‍ കണ്ണുകള്‍ പൂട്ടി ഒരുനിമിഷം ചിന്തിച്ചു നിന്നു.

നേരം ഇരുണ്ടുതുടങ്ങി. ആളുകള്‍ വീടണയാനുള്ള തത്രപ്പാടിലാണ്. പെട്ടെന്ന്, മഴയൊന്ന് കുറഞ്ഞു. കടത്തിണ്ണകളിലും, തണല്‍മരങ്ങള്‍ക്കടിയിലും ശിലപോലെ നിന്നിരുന്ന ആള്‍ക്കൂട്ടം മെല്ലെ ചലിയ്ക്കാന്‍ തുടങ്ങി. ജിയാസ്സ് ഇരുണ്ട മാനത്തേയ്ക്ക് നോക്കി, പിന്നെ ആ കടത്തിണ്ണ വിട്ടവള്‍ റോഡിലേയ്ക്ക് നടക്കാന്‍ തുടങ്ങി.     
***********
ക്ഷേത്രം കഴിഞ്ഞാല്‍, അതിനു തൊട്ടരുകിലെ വള്ളിപ്പടര്‍പ്പിനിടയില്‍, റോഡിനരുകിലായി അവളിട്ടുകൊടുക്കുന്ന നാണയത്തുട്ടിന് കാത്തിരിക്കുന്ന ഒരു യാചകനുണ്ട്. അവള്‍ കൊടുക്കുന്ന നാണയത്തുട്ടും വാങ്ങിയിട്ടേ അയാള്‍ അവിടം വിട്ട് പോകാറുള്ളൂ. അന്നും, ആ ആര്‍ത്തുപെയ്യുന്ന മഴയിലും അയാള്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു

വഴിയാത്രക്കാരുടെ എണ്ണം കൂടിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. കണ്ടിട്ടും കാണാതെ പോയവരോടും, നാണയത്തുട്ടുകള്‍ എറിയാതെ പോയവരോടും മനസ്സില്‍ അയാള്‍ കൂട്ടിവച്ചത് ഒടുങ്ങാത്ത ദേഷ്യവും. പിന്നീട് അത് ഒരു കറുത്തമറുകായി മനസ്സില്‍ ചുരുണ്ടുകൂടി, തണുത്തുറഞ്ഞു കാലം കാത്തുനിന്ന നീര്‍ത്തുള്ളികളായി പൊഴിയാതെ നിന്നു. മഴക്കാലം അഴുക്കുപുരണ്ട അയാളുടെ വസ്ത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ആരും അറയ്ക്കുന്ന ദുര്‍ഗന്ധമായിരുന്നു. കിടക്കാനൊരിടമില്ലാതെ, ഇരിക്കാനൊരിരിപ്പിടമില്ലാത്തവനായിരുന്നിട്ടും അയാള്‍ മഴയെ സ്നേഹിച്ചു. മഴയെ മാത്രം......

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ