2014 ഡിസംബർ 31, ബുധനാഴ്‌ച




നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 30

ഒടുവില്‍ കന്യകയുടെ ചുവടുകള്‍ ബസിന്‍റെ വാതില്‍പ്പടിയില്‍ നിന്നും മണ്ണിലേയ്ക്ക് പതിച്ചു. അവളുടെ നെഞ്ചം പടപടാ മിടിക്കാന്‍ തുടങ്ങി. തന്‍റെ തീരുമാനം പിഴച്ചാല്‍, ഇനിയൊരു തിരിച്ചുപോക്ക് വയ്യ. കാമത്താല്‍ സ്വയം മറന്ന് നില്‍ക്കുന്ന, തടിമിടുക്കുള്ള ഒരാണിന്‍റെ മുന്നില്‍, എല്ലാം അറിഞ്ഞുകൊണ്ട് സ്വയം കയറിച്ചെന്ന് നശിക്കാന്‍ ഒരുങ്ങുന്ന ഒരു പെണ്‍കുട്ടി ലോകത്തില്‍ ഒരുപക്ഷെ താന്‍ മാത്രമായിരിക്കും. ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ നിരത്തിലെ കാളുന്ന വെയിലിലൂടെ അവള്‍ മുന്നിലേയ്ക്ക് നടന്നു. ഒടുവില്‍, പാറൂച്ചി പറഞ്ഞ ആ ലോഡ്ജ് അവള്‍ കണ്ടു.

ഇപ്പോളവള്‍ ആ വലിയ കെട്ടിടത്തിന്‍റെ നിഴലിലേയ്ക്ക് നടന്നടുത്തു. പിന്നെ മനസ്സില്ലാമനസ്സോടെ അതിനുള്ളിലേയ്ക്ക് നടക്കാന്‍ തുടങ്ങി. പുറത്തൊന്നും ആരെയും അവള്‍ കണ്ടില്ല. മടിച്ചു നില്‍ക്കാതെ, മെല്ലെ മെല്ലെ അവള്‍ ആ കെട്ടിടത്തിന്‍റെ ചവുട്ട് പടികള്‍ ഓരോന്നോരോന്നായി കയറാന്‍ തുടങ്ങി. കന്യകയുടെ കാലുകള്‍ സ്വയം വിറയ്ക്കാനും തുടങ്ങി. എങ്കിലും മനസ്സില്‍ ധൈര്യം സംഭരിച്ച് അവള്‍ ആ പടവുകള്‍ കയറിതീര്‍ത്തു. ഇടം വലം തിരിയാന്‍ ഒന്ന് ശങ്കിച്ച് നിന്നിട്ട് അവള്‍ ഇടതുവശത്തേയ്ക്ക് തന്നെ തിരിഞ്ഞു. പിന്നെ താണ്ടുന്ന ഓരോ വാതിലിന് മുകളിലും എഴുതിയിരിക്കുന്ന അക്കങ്ങള്‍ അവള്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി. ഒടുവില്‍ പനീര്‍ പറഞ്ഞ ആ മുറിയുടെ വാതിലിനരുകില്‍ അവള്‍ ഒന്നറച്ചു നിന്നു.

ഈസമയം, പനീര്‍ മുറിയ്ക്കുള്ളില്‍ ആകെ അസ്വസ്ഥനായിരുന്നു. കന്യക ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് അവന്‍ വല്ലാതെ ആശിച്ചു. ജീവിതത്തില്‍ ഉറ്റവരും ഉടയവരും ഉള്ളതും, ഇല്ലാത്തതുമായ എത്രയോ പെണ്‍കുട്ടികള്‍ തന്‍റെ കൈക്കുള്ളില്‍ കിടന്ന് നരകിച്ചിരിക്കുന്നു. എങ്കിലും ഏറെ ആശിച്ച ഒരു പെണ്‍കുട്ടി കന്യക തന്നെയാണ്. തന്‍റെ വിരല്‍ത്തുമ്പില്‍ നിന്നും അവള്‍ അകലേയ്ക്ക് വഴുതി മറഞ്ഞ ആ രാത്രി... പിന്നെ ഈശ്വരന്‍ തനിയ്ക്കായി കരുതിവച്ചപോലെ തന്‍റെയരുകിലേയ്ക്ക് തന്നെ അലസമായി നടന്നു വരുന്ന അവളുടെ രൂപം അവനെ ഉന്മാദഭരിതനാക്കി. അവന്‍ തന്‍റെ ഉടുമുണ്ടിന്‍റെ വശങ്ങളിലൂടെ,  വല്ലാത്ത വികാരത്തോടെ,  തന്‍റെ ബലിഷ്ടമായ തുടകളില്‍ തെരുപിടിച്ചു.

കന്യക വാതിലിന് മുന്നില്‍ നിന്നു അവസാനമായി തന്‍റെ ബാഗ് ഒന്നുകൂടി തുറന്ന് അതിലേയ്ക്ക് നോക്കി. പിന്നെയവള്‍ അതിന്‍റെ സിബ്ബ് വലിച്ചിട്ട ശേഷം പതിയെ ആ കതകില്‍ മുട്ടാന്‍ തുടങ്ങി. വാതിലില്‍ മുട്ടുന്ന ആ സ്വരം കേട്ട  പനീര്‍ ജനലരുകില്‍ നിന്നും ഭ്രാന്തമായ വേഗത്തോടെ വാതിലിനരുകിലേയ്ക്ക് വന്നു. പിന്നെ അതേവേഗം തന്നെ അവന്‍ ആ വാതില്‍ തുറന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന സുന്ദരിയായ കന്യകയെക്കണ്ട അവന്‍റെ കണ്ണുകള്‍ കാമാവേശത്താല്‍ വിടര്‍ന്നുലഞ്ഞു. എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചുകൊണ്ട് അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. കന്യക ഉള്‍ക്കിടിലത്തോടെ ആ മുറിയ്ക്കുള്ളിലേയ്ക്ക്‌ കയറി. പനീര്‍ നിമിഷനേരം കൊണ്ട് തന്നെ കതക് അടച്ച് താഴിട്ടു. തന്‍റെ പിന്നിലെ  ആ താഴ് വീണ സ്വരം കന്യകയില്‍ വല്ലാത്തൊരു ഞെട്ടലുണ്ടായി. പിന്നെ ഒരുനിമിഷം പോലും ക്ഷമിക്കാന്‍ പനീറിന് കഴിഞ്ഞില്ല.

കന്യക മുറിയുടെ നടുവിലായി നിശ്ചലം നിന്നു. പനീര്‍ അവളുടെ പിന്നില്‍ നിന്നും ആവേശത്തോടെ കന്യകയുടെ തോളില്‍ കൈവച്ചു. കന്യക ചുണ്ടുകള്‍ കടിച്ചുപിടിച്ചുകൊണ്ട് കണ്ണുകള്‍ പതിയെ അടച്ചു. അവളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ ജലമുകുരങ്ങള്‍ പൊടിച്ചുനിന്നു. പനീര്‍ തന്‍റെ ബലിഷ്ഠമായ കരം കൊണ്ട് അവളെ പിടിച്ച് തിരിച്ചു തന്നിലേയ്ക്കടുപ്പിച്ചു. പിന്നെ കണ്ണുകള്‍ പൂട്ടിനിന്ന കന്യകയുടെ മുന്നില്‍ നിന്നും അയാള്‍ തന്‍റെ മേല്‍വസ്ത്രങ്ങള്‍ ഓരോന്നായി ഊരി കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു. കണ്ണുകള്‍ തുറന്നതോടെ അവള്‍ തന്‍റെ മുന്നില്‍ അല്പവസ്ത്രം മാത്രം ധരിച്ച്, വെമ്പലോടെ നില്‍ക്കുന്ന അവനെക്കണ്ടു. അതോടെ കന്യകയുടെ കണ്ണുകളും ചുണ്ടുകളും വിറയ്ക്കാന്‍ തുടങ്ങി. പനീര്‍ അവന്‍റെ ചുണ്ടുകള്‍ കന്യകയുടെ ചുണ്ടുകളിലേയ്ക്കു അടുപ്പിച്ചു. ഒരു നിമിഷം അവള്‍ അവനില്‍ നിന്നും തെന്നിമാറി. പനീര്‍ വീണ്ടും അവളിലേയ്ക്ക് ആവേശത്തോടെ നടന്നടുത്തു. അയാളുടെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ അവന്‍ കന്യകയെ വാരിപ്പുണരാനായി മുന്നോട്ട് വന്നു. കന്യക തന്‍റെ കരമുയര്‍ത്തി അവനോടു യാചിച്ചു.

"ഞാന്‍....ഞാന്‍.. ഒരു കന്യകയാണ്‌. എന്നെ.... മറ്റുള്ള പെണ്‍കുട്ടികളോട് കാണിയ്ക്കുന്ന അതേ ആവേശം.... വേണ്ടാ... എനിയ്ക്ക് പേടി തോന്നുന്നു..."

അവളുടെ യാചന കേട്ട പനീറിന്‍റെ കണ്ണുകള്‍ കുറുകി. അവന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി. പിന്നെ പതിയെപതിയെ ചിരിയ്ക്കാന്‍ തുടങ്ങി. ആ ചിരി മെല്ലെ മെല്ലെ അട്ടഹാസമായി മാറി. കന്യകയുടെ എതിര്‍പ്പിനെ അവന്‍ വകവച്ചതേയില്ല. വീണ്ടും കന്യകയെ തന്നിലേയ്ക്കവന്‍ വലിച്ചടുപ്പിച്ചു. എന്നാല്‍ കന്യകയാകട്ടെ ഇക്കുറി എതിര്‍ത്തതേയില്ല. പനീറിന്‍റെ ചുണ്ടുകള്‍ അവളുടെ കഴുത്തിലൂടെ സഞ്ചരിയ്ക്കാന്‍ തുടങ്ങി. ഒരാണിന്‍റെ സ്പര്‍ശനം ഏതൊരു പെണ്ണിനെയുമെന്നപോലെ അവളിലെയും വികാരങ്ങള്‍ തട്ടിയുണര്‍ത്തി. പനീര്‍ ആവേശത്തിന്‍റെ കൊടുമുടിയിലേയ്ക്ക് ചുവട് വച്ചു. കന്യക തന്‍റെ കരങ്ങള്‍ രണ്ടും കൊണ്ട് പനീറിനെ വട്ടം പിടിച്ചു. പനീര്‍ സ്വയം മറന്നു നില്‍ക്കെ കന്യക ഇടതുവശത്ത് കിടന്ന തന്‍റെ ബാഗില്‍ നിന്നും വിരലോളം പോന്നൊരു കത്തി കൈകൊണ്ടെടുത്തു. പനീറിന്‍റെ വയറിനിടയിലൂടെ അവളത് തന്‍റെ വലതുകൈയിലേയ്ക്ക് മാറ്റി. പിന്നെ ശക്തിയായി അവനെ തലോടാന്‍ തുടങ്ങി. അവളുടെ കൈകള്‍ അവന്‍റെ നെഞ്ചിലൂടെ, തോളുകളിലൂടെ.... സഞ്ചരിച്ചു. ഒരു നിമിഷം ബ്ലേഡ് പോലെ മൂര്‍ച്ചയേറിയ അത് പനീറിന്‍റെ കഴുത്തിനു മുന്നിലൂടെ മിന്നിപാഞ്ഞു. അവന്‍റെ കഴുത്തില്‍ നിന്നും പൊടുന്നനെ അവളുടെ മുഖത്തേയ്ക്ക് ചീറ്റിത്തെറിച്ച ചോര, പിന്നെ നിലത്തേയ്ക്ക്  ചീറ്റാന്‍ തുടങ്ങി. പനീറിന്‍റെ കണ്ണുകള്‍ അവളെ തുറിച്ചുനോക്കി. അസഹ്യമായ വേദനയോടെ അയാള്‍ ഇരുകൈകളും കൊണ്ട് കഴുത്തില്‍ പൊത്തിപ്പിടിച്ചു. അവന്‍റെ വിരലുകള്‍ക്കിടയിലൂടെ ചുടുചോര അവന്‍റെ നെഞ്ചിലേയ്ക്ക് തന്നെ ഒഴുകിയിറങ്ങാന്‍ തുടങ്ങി. പനീറിന് പിന്നെ സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ അവളെത്തന്നെ ദയനീയമായി നോക്കി. പിന്നെ പിന്നിലേയ്ക്ക് ചുവട് വച്ച്,  ചുവട് വച്ച് കിടക്കയിലേയ്ക്ക് മറിഞ്ഞുവീണു.

കന്യക നിശ്ചലം അവനെ തന്നെ നോക്കി നിന്നു. അവന്‍റെ കാലുകള്‍ പിടഞ്ഞടിക്കുന്നതും, അവന്‍റെ കൈകള്‍ യാചിയ്ക്കുന്നതും അവള്‍ സാകൂതം നോക്കി. ഒടുവില്‍, അവന്‍റെ ദയനീയമായ കരച്ചില്‍ ആ മുറിയില്‍ മുഴങ്ങാന്‍ തുടങ്ങി. ജിയാസ്സെന്ന പാവം പെണ്ണിന്‍റെ നിലവിളി അകലങ്ങളിലേയ്ക്ക് അലിച്ചു ചേര്‍ത്ത അവിടുത്തെ കാറ്റ് ഇതും ചുണ്ടിലേറ്റി പാടിയകന്നു. പനീര്‍ ആ കിടക്കയില്‍ നിശ്ചലമാകും വരെ അവള്‍ കാത്തുനിന്നു. പിന്നെ ഒട്ടും ഭയമില്ലാതെ അവള്‍ കുളിമുറിയിലേയ്ക്ക് കയറി. സ്വയം കണ്ണാടിയുടെ മുന്നില്‍ നിന്നു നന്നായി തന്നെ നോക്കി. പിന്നെ മുഖത്ത് ചീറ്റിയ ചോരയും, കൈയിലിരുന്ന കത്തിയും അവള്‍ നന്നായി കഴുകി. പിന്നെ അവള്‍ അത് ബാഗിലേയ്ക്ക് വച്ചു. എന്നിട്ട്, അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പൊതിയെടുത്ത്‌ തുറന്ന് ആ കുളിമുറിയാകെ ചിതറിയിട്ടു. ഒടുവില്‍ വെള്ളം കൊണ്ടവള്‍ നന്നായി അവിടം കഴുകി. പിന്നെ ഒന്നുമറിയാത്തപോലെ ആ മുറിയില്‍ നിന്നും പുറത്തിറങ്ങി. വാതില്‍ ചാരി അതിവേഗം അവള്‍ അവിടെ നിന്നും താഴേയ്ക്ക് നടന്നകന്നു......
***********
പാറു തന്‍റെ മുറിയ്ക്കുള്ളില്‍ തന്നെയിരുന്നു. അവള്‍ക്ക് അസഹ്യമായ നൊമ്പരം ഉണ്ടായി. അവള്‍ ചിന്തിച്ചു. താനൊരാള്‍ കാരണം എല്ലാമെല്ലാമായ തന്‍റെ അനുജത്തി ഇപ്പോള്‍ ഒരു കാമക്കൊതിയന്‍റെ കൈക്കുള്ളില്‍ കിടന്നു നശിച്ചിരിക്കും. ഈവിധം ചിന്തകള്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍,  പലപ്പോഴും ശരീരത്തിലൂടെ ഒരു കുളിര് അവളില്‍ പടര്‍ന്നുകയറിയിറങ്ങാന്‍ തുടങ്ങി. അതിനൊടുവിലെന്നപോലെ, പാറു വീണ്ടും ആ കിടക്കയില്‍ കിടന്നു ശക്തിയായി ചര്‍ദ്ദിക്കാന്‍ തുടങ്ങി.

അടുക്കളയില്‍ നിന്നും ശക്തമായ ആ സ്വരം കേട്ട നന്ദന അവളുടെ മുറിയിലേയ്ക്ക് പാഞ്ഞടുത്തു. അപ്പോഴേയ്ക്കും പാറു കിടക്കയില്‍ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുകള്‍ ക്ഷീണം കൊണ്ട് വല്ലാതെ തളര്‍ന്നിരുന്നു. നന്ദന അവള്‍ക്കരുകിലേയ്ക്ക് വന്നു. പിന്നെ താഴെ വെള്ളപ്രതലത്തില്‍ മഞ്ഞ നിറത്തില്‍ കണ്ട ആ ചര്‍ദ്ദിയുടെ വിഴുപ്പിലേയ്ക്ക് നോക്കിയിട്ട് അവള്‍  മകളെ രൂക്ഷമായി നോക്കി. പാറു അമ്മയുടെ മുന്നില്‍ ചൂഴാന്‍ തുടങ്ങി. നന്ദനയുടെ കണ്ണുകള്‍ വല്ലാതെ കുറുകി. പിന്നെയവള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ചെന്നു വാതിലിന്‍റെ താഴിട്ടു. പിന്നെ പാറുവിന്‍റെ അരുകിലേയ്ക്ക് തന്നെ തിരിച്ചു വന്നു. പാറു ഭയത്തോടെ നന്ദനയെ നോക്കി കിടക്കയില്‍ നിന്നും എഴുന്നേറ്റു. പാറുവിന്‍റെ അരുകിലെത്തിയ നന്ദന നിറഞ്ഞ സംശയത്തോടെ അവളോട്‌ ചോദിച്ചു.

"പാറു... എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം...????

ഇനി അമ്മയോട് മറച്ചൊന്നും വയ്ക്കാന്‍ കഴിയാതെ പാറു തേങ്ങിക്കൊണ്ട്‌ പറഞ്ഞു.

"അമ്മെ.... ഞാന്‍....!!! അമ്മെ ഞാന്‍ നശിച്ചു അമ്മെ....!!! അമ്മെന്നോട് പൊറുക്കണേ...!!! പിന്നെയവള്‍ ഉറക്കെക്കരഞ്ഞുകൊണ്ട് നന്ദനയുടെ കാലുകളില്‍ വീണു. നന്ദന തന്‍റെ കാലുകള്‍ സ്വയം  അറിയാതെ പിന്നിലേയ്ക്ക് വലിച്ചു. പാറു ആ നിലത്ത് തന്നെ കിടന്നു. ഒരു നിമിഷത്തെ സംഭ്രമം വെടിഞ്ഞ നന്ദന പാറുവിന്‍റെ മുടികളില്‍ പിടിച്ചു വലിച്ചുയര്‍ത്തി. പിന്നെ അത്യധികം കോപത്താലും അതിലേറെ നൊമ്പരത്താലും അവളെ പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു.

"മോളെ... നിന്‍റെ പെറ്റമ്മയോട് തന്നെ വേണമായിരുന്നോടീ ഈ ചതി....!!!

പാറു അമ്മയെ നോക്കി കൈകള്‍ കൂപ്പി. നന്ദനയുടെ കണ്ണുകളില്‍ ഇരുട്ട് കയറി. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ പാറുവിനെ തലങ്ങും വിലങ്ങും അടിയ്ക്കാന്‍ തുടങ്ങി. പിന്നെ അവളെ ഇടംവലം  പിടിച്ചു വലിച്ചുലച്ചു. പിന്നെ ഒരു വിറയലോടെ കരഞ്ഞുകൊണ്ട്‌ അരുകിലെ കിടക്കയിലേയ്ക്കിരുന്നു. പാറു വിറയ്ക്കുന്ന ശരീരത്തോടെ അമ്മയുടെ മുന്നിലും.... നിമിഷങ്ങള്‍ നിശ്ചലം കടന്നു പോയി. പെട്ടെന്ന് മുറിയുടെ വാതിലിന് പുറത്ത് നിന്നും ദേവന്‍ വിളിച്ചു.

"നന്ദു.... ഈ വാതിലടച്ച്‌ എന്താടീ അകത്ത് അമ്മേം മോളും കൂടി...."

ആ വിളികേട്ട് നന്ദന ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു. പിന്നെയവള്‍ ദേഷ്യത്തോടെ പാറുവിനെ കുളിമുറിയിലേയ്ക്ക് പിടിച്ചുതള്ളി. പിന്നെ പെട്ടെന്ന് തന്‍റെ കണ്ണും മുഖവും തുടച്ചു. ഒപ്പം "ദേ വരുന്നു നന്ദേട്ടാ...!! " എന്ന് പറഞ്ഞുകൊണ്ട് വാതിലിനരുകിലേയ്ക്ക് ഓടി ചെന്നു നിന്നു. അവിടെനിന്നും ഒരുനിമിഷം ചിന്തിച്ചു കൊണ്ടവള്‍ ആ വാതില്‍ തുറന്നു. വാതില്‍ തുറന്നപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന ദേവനെക്കണ്ട അവളുടെ നെഞ്ചം വല്ലാതെ മിടിക്കാന്‍ തുടങ്ങി. അവള്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് തന്നെ ദേവന്‍ ചോദിച്ചു.

"ന്താ നന്ദു നിന്‍റെ മുഖം വല്ലാണ്ടിരിക്കണേ...?? മോള്‍ക്ക്‌ വീണ്ടും വയ്യാണ്ടായോ..."

"ഇല്ല ദേവേട്ടാ... ഒന്നൂല്യ... അവള്‍ക്കൊന്നും ഇല്ല്യ... ഒന്നും..."

പറഞ്ഞുകൊണ്ടവള്‍ ദേവനെ അകത്തേയ്ക്ക് കയറാന്‍ അനുവദിക്കാതെ ഹാളിലേയ്ക്ക് പിടിച്ചുകൊണ്ടു പോയി. ദേവന്‍ ഇവള്‍ക്കിത്‌ എന്തുപറ്റി എന്ന് ചിന്തിച്ചുകൊണ്ട് തന്നെ നന്ദനയ്ക്കൊപ്പം നടന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ