നോവല്‍
കക്കിചേരിയിലൊരു കന്യകവിപ്ലവം ... 18
ദേവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു. തന്‍റെ അരുകില്‍ കിടക്കമേല്‍ തലചായ്ചിരുന്ന പാറുവിന്‍റെ ശിരസ്സില്‍ അയാള്‍ മെല്ലെ തഴുകി. അവള്‍ കണ്ണുകള്‍ തുറന്നു ശിരസ്സുയര്‍ത്തി അച്ഛനെ നോക്കി. അച്ഛനോടും പെറ്റമ്മയോടും തോന്നത്തതിലും അധികം സ്നേഹമോ, അതോ ജിയാസ്സിന്‍റെ ഒടുക്കം ഇങ്ങനെയായത് അറിഞ്ഞത്കൊണ്ടുള്ള സങ്കടമോ എന്നറിയില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മകളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട ദേവന്‍ അവളോട് ചോദിച്ചു.
"എന്താ മോളെ... എന്തിനാ ന്‍റെ മോള് സങ്കടപ്പെടുന്നെ...??? അച്ഛന്‍ പറഞ്ഞില്ലേ മോളോട്.. അവള് വരട്ടെ ഇന്നവളോട് അച്ഛന്‍ ചോദിക്കുന്നുണ്ടെല്ലാം. ഇനിയൊരിക്കലും അവള്‍ മോളോടങ്ങിനെ സംസാരിക്കില്ല. പോരെ...???
"അതല്ല അച്ഛാ...!!!" പാറു പറഞ്ഞു.
"പിന്നെന്താ മോളെ...?? എന്തുപറ്റി അച്ഛന്റെ മോള് ഈ വിധം സങ്കടപ്പെടാനായി..?? അമ്മ ഇതുവരെ വന്നില്ലേ...?
അവള്‍ ഇല്ല എന്ന് തലകുലുക്കിക്കാട്ടി. എന്നിട്ട് പറഞ്ഞു. "നമ്മുടെ ജിയാസ്സ് പോയച്ഛാ... അവള് പോയി..."
"ങേ.." ദേവന്‍ ഒന്ന് ഞെട്ടി. പിന്നെ അയാള്‍ പറഞ്ഞു. "പോവുകെ...?? എവിടെ പോവാനാ അവള്..? നീ എന്താ മോളെ പറയുന്നത്. അച്ഛന് ഒന്നും മനസ്സിലാവുന്നില്ല..!!! "
"അച്ഛാ... ജിയാസ്സ് ഈ ആശുപത്രിയിലെ മൂന്നാം നിലയില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു..." പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും പാറു കരഞ്ഞുപോയി.
"അയ്യോ... ഈശ്വരാ ന്‍റെ കുട്ടി എന്തിനിത് ചെയ്തു..? എന്‍റെ ഭഗവാനെ എനിക്ക് സഹിയ്ക്കാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ... ന്‍റെ മോളെ ഒന്ന് കാണാന്‍ കൂടി എനിക്ക് കഴിയില്ലല്ലോ ഭഗവാനെ.." അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തുന്നലിട്ടിരുന്ന വയര്‍ കരച്ചിലില്‍ ഉലയാനും തുടങ്ങി. ഒപ്പം മനസ്സും ശരീരവും അയാള്‍ക്ക് ഒരുപോലെ വേദനിയ്ക്കാന്‍ തുടങ്ങി. ഒരുകൈ കൊണ്ട് നോവുന്ന വയറില്‍ അയാള്‍ പൊത്തിപ്പിടിച്ചു. പാറു അമ്പരപ്പോടെ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി. പിന്നെ കുറച്ചു ദൂരെ വാര്‍ഡിന്‍റെ കോണിലായി ഇരുന്ന നഴ്സിനെ നോക്കി അവള്‍ വിളിച്ചു.
"സിസ്റ്ററമ്മേ.... സിസ്റ്ററമ്മേ..!! ഒന്നോടി വരൂ... അച്ഛന് വേദനിയ്ക്കുന്നു...!!!
പാറുവിന്‍റെ വിളികേട്ട് അവര്‍ അവിടേയ്ക്ക് ഓടിവന്നു. പൊട്ടിക്കരയുന്ന ദേവനെ കണ്ട അവര്‍ സംശയിച്ചു. മുറിവിലോ, വയറിനുള്ളിലൊ പെട്ടെന്ന് രക്തസ്രാവം ഉണ്ടായിരിക്കുമോ..?? "ഈശ്വരാ.." അവര്‍ വിളിച്ചുകൊണ്ട് തിരിച്ചോടി. ടെലിഫോണ്‍ എടുത്ത് അവരാരെയോ വിളിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ദേവനെ നോക്കുന്ന ഡോക്ടര്‍മാര്‍ അയാള്‍ക്കരുകിലേയ്ക്ക് ഓടിയെത്തി. ദേവന്‍റെ കിടക്കയ്ക്കിരുവശവും നിന്നവര്‍ ഒന്ന് പകച്ചു. എങ്കിലും അയാളുടെ ചുണ്ടില്‍ നിന്നും പൊട്ടിവീണ എന്‍റെ പൊന്നുമോളെ എന്നുള്ള വിളി അവരുടെ കാതില്‍ പതിച്ചു. ഡോക്ടര്‍മാരുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന പാറു അവരെ നോക്കി കാര്യം പറഞ്ഞു. അതിനകം ടി.വി.യിലൂടെ ദേവന്‍റെ പേര് കേട്ടിരുന്ന ഡോക്ടര്‍മാര്‍ പരസ്പരം നോക്കി. അവര്‍ ആ ദേവനേയും, ഈ ദേവനേയും നടന്ന സംഭവങ്ങളെയും ഒക്കെ കൂട്ടിച്ചേര്‍ത്തു. ജിയാസിന്‍റെ മരണം കൊണ്ട് ആശുപത്രിയില്‍ ഉണ്ടായ വിഷമതകള്‍ അവരുടെ ഉള്ളില്‍ കിടന്നു പിടഞ്ഞു. എങ്കിലും ഡോക്ടര്‍മാര്‍ ചിന്തിച്ചു. ഇയാള്‍ അങ്ങിനെ ഒരു കുറ്റം ചെയ്തവനാണെങ്കില്‍ത്തന്നെ ഇയാളിപ്പോള്‍ ഒരു രോഗിയാണ്. ഇയാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രഥമമായ കര്‍ത്തവ്യം. പിന്നെന്തും അത് കഴിഞ്ഞാകട്ടെ. അവര്‍ കൂട്ടമായി മാറി നിന്നു ചര്‍ച്ച ചെയ്തു.
അതില്‍ പ്രധാനിയായ ഡോക്ടര്‍ പറഞ്ഞു.
"ഇവിടെ വന്ന ഞങ്ങള്‍ മൂന്നുപേര്‍ അല്ലാതെ ഈ ആശുപത്രിയില്‍ നാലാമതൊരാള്‍ കൂടി ഇതറിയരുത്. ആദ്യം ഇതിന്‍റെ സത്യാവസ്ഥ പുറത്തു വരട്ടെ. മാധ്യമങ്ങള്‍ അങ്ങിനെ പലതും പറയും. ദേവനെ പഴിചാരി, സ്വന്തം മകളെ പീഡിപ്പിച്ചവന്‍ എന്ന് അവളുടെ അച്ഛന്‍ കുറ്റം ചാര്‍ത്തുന്ന ഈ വ്യക്തി, അതിന്‍റെ വൈരാഗ്യത്തില്‍ അയാളുടെ കൈയില്‍ നിന്നും കുത്തേറ്റു കിടക്കുന്ന ഈ വ്യക്തി അത് ചെയ്തുവെങ്കില്‍...!! പിന്നെ എന്‍റെ പൊന്നുമോളെ എന്നൊരു വിളി അയാളുടെ വായില്‍ നിന്നു വരുമോ..?? അയാളുടെ നെഞ്ചിലെ വേദന ഒരച്ഛന്‍റെതിനു സമമല്ലേ..?? അങ്ങിനെയെങ്കില്‍ ഈ അവസ്ഥയില്‍, ഇതിന്‍റെയൊന്നും സത്യാവസ്ഥയറിയാതെ ഒരു വാക്കുപോലും നമ്മളില്‍ നിന്നും പുറത്തുവന്നുകൂടാ....!! മനഭ്രാന്തിയില്‍ ഇളകി നില്‍ക്കുന്ന ജനങ്ങള്‍ ഇതൊന്നും ചിന്തിച്ചുവെന്ന് വരില്ല. അങ്ങിനെ ഒരു അവസരം, ഇനിയുമൊരു ആള്‍ക്കൂട്ടം ഇതിന്‍റെ പേരില്‍ നമ്മുടെ ആശുപത്രിയുടെ മുന്നില്‍ വരരുത്..!! എല്ലാവരും അതോര്‍ക്കുക. സംയമനം പാലിക്കുക..."
അങ്ങിനെ ഒരു തീരുമാനം എടുത്തുകൊണ്ട് അവര്‍ തിരിഞ്ഞ് പാറുവിന്‍റെ അരുകില്‍ വന്നു. പിന്നെ പറഞ്ഞു "ഒന്നുമില്ല മോളെ. അച്ഛന് ഒന്നുമില്ല. കരയാണ്ടിരിക്കാന്‍ നോക്കൂ... അധികം സങ്കടപ്പെടുത്തണ്ട. എന്തെങ്കിലും ഉണ്ടെങ്കില്‍ മോള് വന്ന് പറയാനും മടിക്കണ്ട.."
പറഞ്ഞുകൊണ്ടവര്‍ അവിടെ നിന്നും പിന്തിരിയുമ്പോള്‍ പാറു അച്ഛനരുകില്‍ കിടക്കയില്‍ ഇരുന്നു. പിന്നെ അച്ഛന്റെ കരം കവര്‍ന്ന അവള്‍ അയാളെ തഴുകിയിരുന്നു. ദേവന്‍ ഇടതടവില്ലാതെ കരഞ്ഞുകൊണ്ടും.
*****************
ജിയാസ്സിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കക്കിചേരിയിലെ ജനങ്ങള്‍ അവളുടെ ശരീരം ഏറ്റുവാങ്ങി. ആംബുലന്‍സില്‍ കയറ്റി അത് കക്കിചെരിയിലേയ്ക്ക് നീങ്ങുമ്പോള്‍, ആ കുടുംബത്തിന് പറ്റിയ നൊമ്പരത്തില്‍ കൂട്ടുചേരാന്‍ കഴിയാത്ത തങ്ങളുടെ അവസ്ഥ ഓര്‍ത്തു നന്ദന ആശുപത്രിയുടെ വരാന്തയില്‍ മറഞ്ഞു നിന്നു തേങ്ങി. ആരുടെയോ ഭാഗ്യം കൊണ്ട് കക്കിചേരിയിലെ സദാചാരവാദികളില്‍ ആരും നന്ദനയെ കണ്ടില്ല. ഇന്ദിരയെ, ഒടുക്കം പിരിയുമ്പോള്‍ കൂടെയുണ്ടായിരുന്ന നര്‍സ്മാര്‍ നന്ദനയെ പിന്നിലേയ്ക്ക് തള്ളിമാറ്റി. അവള്‍ തോളിലൂടെ വാരിച്ചുറ്റി നെഞ്ചില്‍ ചേര്‍ത്ത് മറച്ചിരുന്ന സാരിയില്‍ കണ്ണീരൊപ്പിക്കൊണ്ട് ദേവന്‍റെയരുകിലേയ്ക്ക് നടന്നു. ഇടനാഴിയും കഴിഞ്ഞു അവള്‍ നടന്നു നീങ്ങുമ്പോള്‍ ആശുപത്രിയിലെ ഒരു വാര്‍ഡില്‍ ഭിത്തിയിലായി ഘടിപ്പിച്ചിരുന്ന ടി.വി. യില്‍ ജിയാസിന്‍റെ മൃതുദേഹം ആംബുലന്‍സില്‍ കയറ്റുന്നതും ജിയാസിന്‍റെ മരണത്തില്‍ പോലീസ് ദേവന്‍ എന്നൊരാളെ സംശയിക്കുന്നുവെന്നും പറഞ്ഞപ്പോള്‍, അതുകേട്ട നന്ദന ഒരു പകപ്പോടെ അതിലേയ്ക്ക് നോക്കി. ഇതിനകം നാടുമൊത്തം അറിഞ്ഞ ആ വാര്‍ത്ത.... "അയ്യോ!!! ന്‍റെ ദേവേട്ടന്‍.." നന്ദന അറിയാതെ വിളിച്ചുപോയി. പിന്നെയവള്‍ പെട്ടെന്ന് കന്യകയെക്കുറിചോര്‍ത്തു.
"അയ്യോ..!! എന്‍റെ കന്യൂട്ടി. വീട്ടില്‍ ഒറ്റയ്ക്കാണല്ലോ...!! എന്‍റെ മോളെ.... അവള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. ദേവനെ കിടത്തിയിരിക്കുന്ന വാര്‍ഡിലേയ്ക്ക് ഓടി...
ദേവനെ കിടത്തിയിരിക്കുന്ന വാര്‍ഡില്‍ ഓടിക്കയറിയ അവള്‍ ആ കിടക്ക ശൂന്യമായി കിടക്കുന്നത് കണ്ടു അമ്പരന്നു. പിന്നെ പകപ്പോടെ ചുറ്റും നോക്കി. അരുകിലെ കട്ടിലില്‍ ഇരുന്ന ഒരാള്‍ പറഞ്ഞു. "മോള് പേടിക്കണ്ടാ... ഡോക്ടര്‍മാര്‍ വന്നു ദേ അവിടേയ്ക്ക് കൊണ്ടുപോയി. ഏതോ റൂമിലേയ്ക്ക് മാറ്റി ന്നു പറഞ്ഞു..."
അവള്‍ അവര്‍ പറഞ്ഞ ദിശ നോക്കി ഓടി. ഇടയ്ക്ക് വരാന്തയില്‍ കണ്ട നഴ്സിനോട് അവള്‍ തിരക്കി. അവര്‍ ചൂണ്ടിക്കാണിച്ച വഴിയേ ഒടിയും നടന്നും അവര്‍ പറഞ്ഞ മുറിയില്‍ നന്ദന എത്തി. പാറു അച്ഛന്റെ കിടക്കയ്ക്കരുകില്‍ തന്നെ ഉണ്ടായിരുന്നു. കിടക്കയില്‍ കിടന്നു അപ്പോഴും ദേവന്‍ കരയുന്നുണ്ടായിരുന്നു. നന്ദന ആരോടും ഒന്നും ചോദിക്കാതെ ഫോണ്‍ കൈയിലെടുത്തു. പിന്നെ വീട്ടിലേയ്ക്ക് വിളിച്ചു. അതിന്‍റെ ഓരോ റിങ്ങിംഗ് താളവും അവളുടെ നെഞ്ചില്‍ തട്ടി പിടച്ചുകൊണ്ടിരുന്നു.
*********************
അടുക്കളയില്‍ നിന്നു ആശുപത്രിയിലേയ്ക്ക് കൊണ്ടുവരാനുള്ള ചോറും കറിയും ഒക്കെ കന്യക പായ്ക്കറ്റുകളില്‍ ആക്കി കെട്ടുകയായിരുന്നു. ഹാളില്‍ ഫോണ്‍ ബെല്ലടിയ്ക്കുന്നത് കേട്ട് അവള്‍ ഓടിച്ചെന്നു ഫോണ്‍ എടുത്തു. നന്ദന പരിഭ്രാന്തയായി ചോദിച്ചതാണ് അവള്‍ ആദ്യം കേട്ടത്..
"മോളെ... അമ്മേടെ പൊന്നുമോളെ എന്തെടുക്കുവാ നീ അവിടെ...???
"ഞാനിവിടെ ആശുപത്രിയിലേയ്ക്കുള്ള ചോറ് റെഡിയാക്കുവാ അമ്മെ. എന്താ അമ്മെ എന്തിനാ അമ്മ കരയുന്നത്..?? എന്തുണ്ടായി അവിടെ..??
നന്ദന ഒറ്റശ്വാസത്തില്‍ അവിടെ നടന്ന സംഭവങ്ങള്‍ അവളോട് പറഞ്ഞു. ജിയാസ്സിനെ നശിപ്പിച്ച ആ യാചകന്‍റെ കഥയടക്കം. കന്യക ഭയത്തോടെ എല്ലാം കേട്ടു നിന്നു. ഒടുവില്‍ നന്ദന പറഞ്ഞു "മോളിനി ഒരു മിനിട്ട് പോലും താമസ്സിക്കണ്ട. അച്ഛനും അമ്മയും ആശുപത്രീലാണെന്ന് ആര്‍ക്കും അറിയില്ല. മോള് അവിടെ ഉണ്ടാവാന്‍ പാടില്ല. ടീ.വീലും പത്രത്തിലും ഒക്കെ അച്ഛന്റെ പേരാ പറയണേ.. നമ്മുക്ക് മാത്രേ അറിയാവൂ അദ്ദേഹം നിരപരാധിയാണെന്ന്. എന്തിനും ഇതെല്ലാം ഒന്ന് ആറിതണുക്കട്ടെ. അതുവരെ ആരും അറിയാണ്ട് പായീമ്മേനേം കൂട്ടി മോള് പായീമ്മേടെ വീട്ടില്‍ പൊയ്ക്കോ. എത്രേം പെട്ടെന്ന് പോണേ മോളെ...!!!
"ശരിയമ്മേ... ഞാന്‍ ഇപ്പോള്‍ തന്നെ പോകാം..." അവള്‍ പറഞ്ഞു.
"ഓക്കെ മോളെ..." നന്ദന ഫോണ്‍ വച്ചതും കന്യക അടുക്കളയിലേയ്ക്ക് ഓടി ഒറ്റ ശ്വാസത്തില്‍ അവള്‍ പായീമ്മയോടു കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. തുറന്ന ചോറുകലം അങ്ങിനെ തന്നെയിരുന്നു. കറികളും പാത്രങ്ങളും പൊതിക്കെട്ടുകളും അവിടെത്തന്നെ കിടന്നു. പായീമ്മ ഓടിച്ചെന്നു അടുക്കള കതകു താഴിട്ടു. കന്യക ഓടിനടന്നു ജനാലകള്‍ എല്ലാം താഴിട്ടു. വസ്ത്രം പോലും മാറാന്‍ നില്‍ക്കാതെ അവള്‍ പായീമ്മയോടൊപ്പം മുന്‍വശത്തെ വാതിലിനരുകില്‍ എത്തി. പുറത്തൊരു ബഹളം കേട്ട കന്യക അരുകിലെ ജനാലയുടെ വിരി മാറ്റി വെളിയിലേയ്ക്ക് നോക്കിയപ്പോള്‍ ദേവനന്ദനത്തിന്‍റെ മുറ്റത്തേയ്ക്ക് നടന്നു വരുന്ന എന്തിനും പോന്ന തടിമിടിക്കുള്ള നാല് ചെറുപ്പക്കാരെ കണ്ടു. അവള്‍ വിരിയില്‍ പിടിച്ചിരുന്ന കൈവിട്ടു അരുകിലെ ചുവരിലേയ്ക്ക് മാറി നിന്നു. വീടിന്‍റെ സിറ്റ്ഔട്ടില്‍ കടന്ന അവരില്‍ ഒരാള്‍ ബെല്ലടിയ്ക്കാതെ കതകില്‍ ആഞ്ഞടിച്ചു. എന്നിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
"വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ തുറക്കടാ നായിന്‍റെമോനെ വാതില്...!! തുറന്നില്ലേല് ഞങ്ങളിത് ചവുട്ടിപ്പൊളിക്കും. കന്യക അടിമുടി വിറയ്ക്കാന്‍ തുടങ്ങി. പായീമ്മ അടുക്കളയിലേയ്ക്ക് ഓടിമറഞ്ഞു നിന്നു... പുറത്തുള്ളവര്‍ അട്ടഹാസം മുഴക്കി. അയല്‍വക്കക്കാര്‍ ദേവനന്ദനത്തിലേയ്ക്ക് തിരക്കിട്ട് വരാന്‍ തുടങ്ങി. നാട്ടുകാരുടെ മുന്നില്‍ ഞെളിഞ്ഞുനിന്ന് അവര്‍ വിളിച്ചുപറഞ്ഞു.
"സ്വന്തം മോളുടെ പോലും പ്രായമില്ല. ഒരു പാവം പെണ്‍കുട്ടിയെ നശിപ്പിച്ചു കുഴീലാക്കീട്ട് അവന്‍ പുരയടച്ചിരിക്കുന്നോ...?? ഇറങ്ങടാ പട്ടീ പുറത്തു. അതിലൊരുവന്‍ കതകില്‍ ആഞ്ഞു ചവുട്ടി.
ദേവനന്ദനത്തിലെ ദേവന്‍ എന്ന പീഡകന്‍റെ കാമകഥകള്‍ ഇതിനകം ടീ.വിയിലൂടെ അറിഞ്ഞ നാട്ടുകാര്‍ ജിയാസിന്‍റെ വീട്ടുമുറ്റത്തും, അതിനടുത്തുള്ള പറമ്പുകളിലും, റോഡുകളിലുമൊക്കെ കണ്ണും കാതും കൂര്‍പ്പിച്ചു നിന്നു. പലരും ദേവനത് ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുവെങ്കിലും, മദ്യപാനികള്‍ അതിനൊരുക്കമായിരുന്നില്ല. ഏതുവിധേനയും ദേവനെ പിടിച്ചു ദേഹോപദ്രവം ചെയ്ത്, പോലീസില്‍ ഏല്‍പ്പിക്കുന്ന ആ ധന്യമുഹൂര്‍ത്തം കാണാന്‍ ഏവരും ദേവനന്ദനത്തിനരുകിലും കാത്തു നിന്നു. ജനക്കൂട്ടം മെല്ലെമെല്ലെ കൂടുന്നത് കണ്ടതോടെ, ഉള്ളിലെ മദ്യം അവരെ അമാനുഷികന്‍മാരാക്കി. അവര്‍ പോലുമറിയാതെ അവരിലെ ഉശിര് കൂടി...
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ