2014 ഡിസംബർ 18, വ്യാഴാഴ്‌ച



നോവല്‍

കക്കിചേരിയിലൊരു കന്യകവിപ്ലവം ... 19

അതുവരെ വീടിനുള്ളില്‍ ഭയന്നുനിന്നിരുന്ന കന്യകയുടെ മനസ്സും പതുക്കെപ്പതുക്കെ മാറാന്‍ തുടങ്ങി. നിരപരാധിയായ അച്ഛനെ, സ്വന്തം മകളെപ്പോലെ നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ ചേര്‍ത്ത് അവര്‍ പറയുന്ന വാക്കുകള്‍ അവളിലെ സ്നേഹമയിയായ മകളെ ഉണര്‍ത്തി. മറ്റൊരുനാളും കണ്ടിട്ടില്ലാത്ത വിധം അവളുടെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സ് കൊണ്ട് സംഭരിച്ചെടുത്ത ധൈര്യവുമായി അവള്‍ അടുക്കളയിലേയ്ക്ക് തന്നെ തിരിച്ചു നടന്നു. അച്ഛന്‍ പച്ചക്കറിതോട്ടത്തില്‍ ഉപയോഗിക്കാറുള്ള നീളം കൂടിയ മൂര്‍ച്ചയേറിയ വാക്കത്തി അവള്‍ കൈയിലെടുത്തു. വാതിലിനിടയില്‍ മറഞ്ഞിരുന്ന പായീമ്മ അവളെ വട്ടം പിടിച്ചുകൊണ്ടു ചോദിച്ചു.

"മോളെ... കന്യ മോളെ.. നീയിത് എന്തിനുള്ള പുറപ്പാടാണ്. മോളെ വേണ്ട മോളെ. കുറേനേരം ഒച്ചവച്ചിട്ട് അവര് പൊയ്ക്കൊള്ളും. മോളെ നമ്മള് പെണ്ണുങ്ങളാണ്. എന്തിനും പോന്ന ഈ ആണുങ്ങളോട് ഏറ്റുമുട്ടാന്‍ കഴിയ്യോ നമ്മുക്ക്... പായീമ്മേടെ പൊന്നുമോളല്ലേ... വേണ്ട മോളെ വേണ്ടാ..."

പക്ഷേ, പായീമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കന്യകയ്ക്കായില്ല. അവള്‍ ധൈര്യത്തോടെ അവരുടെ കൈ പിടിച്ചുമാറ്റി. പിന്നെ പറഞ്ഞു.

"എന്റച്ഛന്‍ നിരപരാധിയാ പായീമ്മേ..!! എനിക്കറിയാം. എന്‍റെ അച്ഛനങ്ങിനെ ചെയ്യാന്‍ കഴിയില്ല. ഞങ്ങള് രണ്ടു പെണ്‍കുട്ട്യോളെപ്പോലെയേ അച്ഛന്‍ ജിയാസ്സെച്ചിയെയും കണ്ടിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ ആരോ പറഞ്ഞ കള്ളക്കഥകള്‍ കേട്ട്... വന്നിരിക്കുന്നു പുണ്യാളന്‍മാര്‍..!! ഇവനിലേവനെയെങ്കിലും ഒരുത്തനെ ഞാനിന്ന് കൊല്ലും പായീമ്മേ. എനിക്ക് ജീവിക്കണം. അഭിമാനിയായ ന്‍റെ അച്ഛന്റെ മകളായിത്തന്നെ കന്യയ്ക്ക് ജീവിക്കണം. ഒരുത്തനെ കൊന്നതിന്‍റെ പേരില്‍ ഞാന്‍ ജയിലില്‍ പോയാലും, അവിടെക്കിടന്നീ കന്യ പോരാടും. നാളെ, കക്കിചേരിയിലെ പെണ്‍കുട്ട്യോള്‍ക്ക് ഭയമില്ലാതെ നടക്കണം. അവരുടെ സ്വൈര്യജീവിതത്തിന് തടസ്സമിടാന്‍ ഇവിടൊരു ആണിനും തോന്നരുത്..." 

ഇങ്ങിനെ പറഞ്ഞുകൊണ്ട് ഒട്ടും ഭയമില്ലാതെ അവള്‍ മുന്നിലേയ്ക്ക് നടന്ന് വാതിലിനരുകില്‍ ചെന്നു. സര്‍വ്വ ദൈവങ്ങളെയും മനസ്സിലര്‍പ്പിച്ചു ഒരു നിമിഷം അവിടെ നിന്നു. അപ്പോഴും ആ വാതിലില്‍ ആരോ ഒരുവന്‍ ശക്തിയായി ചവുട്ടുന്നുണ്ടായിരുന്നു. കന്യക വാതിലിന്‍റെ താഴുകള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി.  ആ ശബ്ദം കേട്ടതോടെ, പുറത്തെ പുരുഷാരം ജാഗരൂകരായി. ഒടുവില്‍ ദേവനന്ദനത്തിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നു. കൈയില്‍ വാക്കത്തിയുമായി മുന്നിലേയ്ക്കിറങ്ങിയ കന്യകയെക്കണ്ട് സദാചാരപോലീസില്‍ ഒരുവന്‍ പെട്ടെന്ന് പിന്നിലേയ്ക്ക് മാറി. പിന്നെ ഇരകണ്ടൊരു പെണ്സിംഹത്തെപ്പോലെ അവരുടെ മുന്നില്‍ നിന്നവള്‍ അലറി.

"ഏതു പട്ടിയ്ക്കാടാ നിരപരാധിയായ  ന്‍റെ അച്ഛന്‍റെ ചോര വേണ്ടേ..?? പറയിനെടാ പട്ടികളെ...!! കേട്ടപാതി കേള്‍ക്കാത്ത പാതി സദാചാരത്തിനിറങ്ങിയിരിക്കുന്ന പട്ടികളെ... പറയിനെടാ...!!! നിനക്കൊക്കെ ഇല്ലെടാ വീട്ടില് തള്ളേം തന്തേം സഹോദങ്ങളുമൊന്നും..." കരഞ്ഞുപറഞ്ഞുകൊണ്ടവള്‍ എന്തിനും പോന്നൊരു തെരുവ് തേവിടിശിയെപ്പോലെ നിലത്തേയ്ക്ക് ആഞ്ഞുതുപ്പി... "ത്ഫൂ... സദാചാരം ഒലത്താന്‍ വന്നിരിക്കുന്നു..നാണംകെട്ട പട്ടികള്..."

അവളുടെ വാക്കുകളില്‍ ആദ്യം ഒന്ന് പകച്ചുവെങ്കിലും അവളുടെ മുന്നില്‍ നിന്ന ഒരുവന്‍ പെട്ടെന്നാണ് കന്യകയുടെ മുന്നിലേയ്ക്ക് ചാടിവന്നത്. ഒരുനിമിഷം പോലും പാഴാക്കാതെ, കന്യക ഒരു ഭ്രാന്തിയെപ്പോലെ തന്‍റെ കൈയിലിരുന്ന വാക്കത്തി ആഞ്ഞുവീശി. അവന്‍റെ നെഞ്ചിലൂടെ ഒരുതുണ്ട് മാംസം രണ്ടായി പിളര്‍ത്തിക്കൊണ്ട്, അവളുടെ മുഖത്ത് ഒരിറ്റ് ചോര തെറുപ്പിച്ചുകൊണ്ട്‌ ആ വാക്കത്തി കറങ്ങിവന്നു. ഒരു നിലവിളി അവനില്‍ നിന്നും ഉയര്‍ന്നു. മുറിവ് വീണ നെഞ്ചകം പൊത്തിപ്പിടിച്ചുകൊണ്ടു അവന്‍ പിന്നിലേയ്ക്ക് വീണു. നനഞ്ഞ മണ്ണില്‍ ഒരു കൈ പിന്നിലേയ്ക്ക് കുത്തി അവന്‍ കാലുകള്‍ കൊണ്ട് തെന്നി തെന്നി പിന്നിലേയ്ക്ക് നീങ്ങി. കൂടിനിന്ന മറ്റ് യുവാക്കള്‍ ഒരു പകപ്പോടെ അവളെ നോക്കി. പിന്നെ മണ്ണില്‍ കൈകുത്തി പിന്നിലേയ്ക്ക് ഇഴയുകയായിരുന്ന കൂട്ടുകാരന്‍റെ അരുകിലേയ്ക്ക് ഓടിവന്നു. കന്യക ചുറ്റും നോക്കി. ചോരപുരണ്ട വാക്കത്തി മുന്നിലേയ്ക്ക് നീട്ടി അവള്‍ വീണ്ടും പറഞ്ഞു.

"ആര്‍ക്കാടാ സാധുവായ എന്‍റെ അച്ഛന്റെ ചോര ഇനി വേണ്ടത്...!! വാടാ പട്ടികളെ.. വേണ്ടവന്മാര് ഇനിയും മുന്നോട്ടു വാടാ..."

അവളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമില്ലാതെ, അത് കേട്ടുകൊണ്ട് നിന്നവരെല്ലാം പതിയെപ്പതിയെ പിന്നിലേയ്ക്ക് ചുവട് വച്ചു. ഒരാള്‍ ഒഴികെ. അയാള്‍ ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി മുന്നിലേയ്ക്ക് വന്നു. കന്യക അവനെ കണ്ടു. എവിടെയോ കണ്ടുമറന്നൊരു മുഖം പോലെ അവളുടെ കണ്ണുകള്‍ സൂക്ഷ്മമായി. അവള്‍ അവനെത്തന്നെ നോക്കി നിന്നു. അവന്‍ അവളുടെ അരുകിലേയ്ക്ക് വന്നു. ഒട്ടും ഭയം കൂടാതെ. പിന്നെ വീടിന്‍റെ സിറ്റ്ഔട്ടില്‍ അവള്‍ക്കരുകില്‍ നിന്നവന്‍ ജനക്കൂട്ടത്തെ നോക്കി വിളിച്ചു പറഞ്ഞു.

"നിങ്ങള്‍ക്ക് ദേവേട്ടനെക്കുറിച്ച് എന്തറിയാം... !!!..... പിന്നെ നിശ്ചലമായി നിന്ന പുരുഷാരത്തെ നോക്കി അവന്‍ തന്നെ ഉരുവിട്ടു.  "ഒന്നുമറിയില്ല....അതാണ്‌ സത്യം"

അവന്‍ തുടര്‍ന്നു. ജിയാസ്സിന്‍റെ മരണത്തിന് എന്‍റെ ദേവേട്ടനല്ല  കാരണക്കാരന്‍. നിങ്ങളറിയാത്ത ചില സത്യങ്ങള്‍ ഉണ്ട്. അയാള്‍ അവരുടെ മുന്നില്‍ നിന്നു അതുവരെ നടന്നതെല്ലാം വിളിച്ചു പറഞ്ഞു. അഗസ്റ്റിന്‍ ദേവനെ അപകടപ്പെടുത്തുന്നത് വരെ. കന്യക അവനരുകില്‍ നിന്നതല്ലാതെ ഒന്നും പിന്നെ ഉരിയാടിയില്ല. ജനങ്ങള്‍ പരസ്പരം നോക്കി പിറുപിറുത്തു. അവരില്‍ ചിലര്‍ അപ്പോള്‍ത്തന്നെ ആ യാചകനെ തേടി യാത്രയാകാന്‍ തുടങ്ങി. അതിനു പിന്നാലെ, വെട്ടേറ്റ ആ ചെറുപ്പക്കാരനെയും താങ്ങി മറ്റുള്ളവരും. പിന്നെ ഒരൊഴുക്കുപോലെ അവരുടെ പിന്നാലെ ബാക്കിയാ മുറ്റത്ത്‌ ഉണ്ടായിരുന്നവരും.  ഏറ്റവും ഒടുവിലായി ആ ചെറുപ്പക്കാരനും. കന്യക പിന്നെ ഒന്നും ചിന്തിക്കാതെ നിലത്തേയ്ക്കിരുന്നു. ദേവനന്ദനത്തിന്‍റെ ഗേറ്റിലൂടെ ആ അവസാന ചെറുപ്പക്കാരനും നടന്നു മറയുമ്പോള്‍, വാതിലിന് മറവില്‍ അതുവരെ നടന്നതെല്ലാം കണ്ടു പകച്ചു നിന്നിരുന്ന പായീമ്മ ഓടിവന്നു അവളുടെ അരുകിലേയ്ക്കിരുന്നു. ഒരുപാട് സിംഹങ്ങള്‍ക്കിടയില്‍നിന്നും രക്ഷപ്പെട്ടു വന്നൊരു മാന്‍കിടാവിനെപ്പോലെ അവളാ വൃദ്ധയുടെ തൊലിചുളുങ്ങിയ നെഞ്ചില്‍ തളര്‍ന്നുവീണു.

"പായീമ്മേ...."

"എന്‍റെ പൊന്നുമോളെ..". അവരവളെ നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു.." 
********************
 ദേവനന്ദനത്തില്‍ എന്തിനുംപോന്ന ചില പുരുഷന്മാര്‍ എത്തിയതും, കന്യക അവരെ നേരിട്ടതും, അതിലൊരാള്‍ക്ക് അവളുടെ വെട്ടേറ്റതും ഒക്കെ കക്കിചേരിയില്‍ കാട്ടുതീപോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

പെണ്മക്കളുള്ള അച്ഛന്‍മാര്‍ പറഞ്ഞു. "ഹാ..!! അങ്ങിനെ വേണം പെണ്‍കുട്ട്യോളായാല്‍ !!! അങ്ങിനെ വേണം.."

പക്ഷെ, ആണ്മക്കള്‍ മാത്രമുള്ള അമ്മമാര്‍പറഞ്ഞു. "ഹോ!!! ഭഗവാനെ എന്തൊരു ജന്മാ.. ഈ പെണ്ണ്.. ഇവളെയിനി ഏതു ഗതികെട്ടോനാണോ കിട്ടാന്‍ പോവണേ..."

കക്കിചേരിയിലെ കാറ്റുപോലെ തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ ആ വാര്‍ത്ത ദേശം വിട്ട് ദേശം സഞ്ചരിയ്ക്കാന്‍ തുടങ്ങി. ഒടുവില്‍, ആരോ പറഞ്ഞ് ആശുപത്രിയില്‍ നന്ദനയുടെ ചെവിയിലും ഇതുചെന്നെത്തി. അത് അറിഞ്ഞ പാടെ അവളാകെ പരിഭ്രാന്തയായി.   ഉടന്‍ തന്നെ നന്ദന ഫോണെടുത്ത് വീട്ടിലേയ്ക്ക് വിളിച്ചു. കന്യക തന്നെയാണ് ഫോണ്‍ എടുത്തത്. നന്ദന ചോദിച്ചു.

"മോളെ...!! കന്യൂട്ടി എന്താടീ അമ്മയീ കേള്‍ക്കണേ..?? ഇനി ഇതിന്‍റെ പിന്നില്‍ എന്തൊക്കെയാവും മോളെ  നടക്കുക.."

"എന്തിനാ... ന്‍റെ അമ്മയിങ്ങനെ സങ്കടപ്പെടണെ..?? അമ്മേടെ കന്യൂട്ടിയ്ക്ക് ഒന്നും പറ്റീല്ലല്ലോ...!! പറ്റിയതൊക്കെ അവനല്ലേ അമ്മെ..!! 

കന്യക ഇതൊക്കെ അമ്മയോട് പറഞ്ഞുവെങ്കിലും അവളുടെ മനസ്സ് നോവുകയായിരുന്നു. ഇനിയും എത്ര നാളുകള്‍ ഞാനോ, പാറൂച്ചിയോ ഇവിടെയിങ്ങനെ ഒറ്റയ്ക്ക് കഴിയണം. അച്ഛനെ വീട്ടിലേയ്ക്ക് കൊണ്ടുവന്നാല്‍ തന്നെ ശരിക്കും ആരോഗ്യം വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. പിന്നെ അതിനിടയില്‍ കക്കിചേരിയിലെ സദാചാരക്കാര്‍ എന്തൊക്കെയാവും കാട്ടിക്കൂട്ടുക. പട്ടാപ്പകല്‍ എവിടെ നിന്നോ ലഭിച്ച മനക്കരുത്തില്‍ ഒരുവനെ എതിരിട്ടത് ശരിയാവാം. പക്ഷേ, ഇനിയും തന്‍റെ നേരെ നിഴലുകള്‍ അടുക്കും. സൂക്ഷിക്കുക തന്നെ വേണം. ഇനിയൊരിക്കല്‍ കൂടി ഇതുപോലെ ജയിക്കാന്‍ എനിയ്ക്ക് സാധിച്ചുവെന്ന് വരില്ല... അതുപോലെ  ഞാന്‍ കൂടി ഒരു ജിയാസ്സാകാനും പാടില്ല..."

"മോളെ... കന്യേ.. നീയെന്താണ് മോളെ ആലോചിക്കുന്നത്..?? അമ്മയ്ക്കാകെ പേടി തോന്നുന്നു. ന്‍റെ മോളൊരു കാര്യം ചെയ്യ്‌. ഇനിയവിടെ നില്‍ക്കണ്ട. ആരും കാണാതെ എത്രേം പെട്ടെന്ന് അമ്മേടെ മോളിങ്ങ് ആശുപത്രീല് വാ.. നമ്മുക്ക് എല്ലാര്‍ക്കും കൂടി ഇവിടെ കഴിയാം. ഇനി മരിക്കാനാണ് വിധീങ്കി ഒരുമിച്ചാവാം അതും.."

നന്ദന ഫോണിലൂടെ പൊട്ടിക്കരയാന്‍ തുടങ്ങി. കന്യക അമ്മയെ സമാധാനിപ്പിച്ചു.

"അമ്മയെന്തിനാ അമ്മെ ഇങ്ങനെ സങ്കടപ്പെടണെ..അതാ എനിക്കറിയാത്തേ...?? ദേവനന്ദനത്തിലെ ദേവനെ അറിയുന്നോരു ഇന്നാട്ടില്‍ ഒരുപാടുണ്ടമ്മേ. ആദ്യം അമ്മ സ്വയം വിശ്വസിക്കമ്മേ..  മറ്റെല്ലാം താനേ വരും. പിന്നെ എല്ലാം ഒരീസം കലങ്ങിത്തെളിയും. അതുപോലെ ഞാന്‍ തനിച്ചാണെന്ന് കരുതി അമ്മ വിഷമിക്കേം വേണ്ടാ. എന്നെ സൂക്ഷിയ്ക്കാന്‍ എനിക്കറിയാം. അമ്മെ.... ഒരുപകാരം മാത്രം അമ്മ ചെയ്‌താല്‍ മതി. ഇതെല്ലാം ഒന്ന് കലങ്ങിത്തെളിയണവരെ ന്‍റെ പാറൂച്ചിയെ മാത്രം ഇവിടേയ്ക്ക് വിടണ്ട. എന്നെപ്പോലെ പാറൂച്ചിയ്ക്ക് ചിലപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റീന്ന് വരില്ല.."

"ഉം... മോളെ..!! എന്നാലും. നമ്മളെ അറിയുന്നവരെക്കാളും അറിയാത്തവരാകും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അധികവും. അതുപോലെ തന്നെ അമ്മയ്ക്കു നീയും അവളും ഒരുപോലാണ്. എന്‍റെ പൊന്നുമോളെ അറിഞ്ഞുകൊണ്ട് അപകടത്തില്‍ വിടാന്‍ എങ്ങിനാടാ അമ്മയ്ക്ക് കഴിയുക..." നന്ദന വ്യസനത്തോടെ ചോദിച്ചു.

"അമ്മ ഇപ്പോള്‍ ഒന്നും ചിന്തിക്കണ്ട. അച്ഛനെ നന്നായി നോക്കുക. ഇങ്ങനെ ഓരോരുത്തരെ ഭയന്നാല് നമ്മുക്കും ജീവിക്കണ്ടേ അമ്മെ..?? അമ്മ ശാന്തമായി ഇരുന്നോള്ളൂ...

നന്ദന മനസ്സില്ലാമനസ്സോടെ ഫോണ്‍ വച്ചു. കന്യക അരുകിലെ ചുവരിലേയ്ക്ക് ചാരിനിന്നു. അവള്‍ക്കു സ്വയം അറിയാം. ആരോഗ്യമുള്ള ഒരു പുരുഷന്‍റെ കൈക്കരുത്തിന് മുന്നില്‍ അവള്‍ ഒന്നുമല്ലെന്ന്. എങ്കിലും തോറ്റ് പിന്മാറാന്‍ അവള്‍ ഒരുക്കമായിരുന്നില്ല.
      
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ