2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....66

ആ കത്തില്‍ ബാക്കിയുണ്ടായിരുന്ന വരികളിലൂടെ അമറിന്‍റെ കണ്ണുകള്‍ വേദനയോടെ സഞ്ചരിച്ചു.

അവസാനമായി എന്നെ ഒരു നോക്കു കാണുവാന്‍ നീ ആഗ്രഹിക്കുന്നുണ്ടാവും അല്ലെ മോനെ..???. ഒരപേക്ഷ മാത്രം. എന്‍റെ മോള്‍ ഒരിക്കലും ഇനി എന്നെ കാണരുത്. അവള്‍ക്കത് ഒരിക്കലും കാണാന്‍ കഴിയില്ല. അവള്‍ക്കതിനുള്ള ശക്തിയുണ്ടാവില്ല. എന്‍റെ മരണം, ആര്‍ക്കും അത് ഒരു ഭാരമാകാതെ പോകണം എന്ന് ഞാന്‍ ആശിക്കുന്നു. ഇനിയെല്ലാം മോനുള്ളതാണ്. എല്ലാം. എന്‍റെ സമ്പാദ്യങ്ങളും, എന്‍റെ മോളും എല്ലാം.

എന്‍റെ മോളെ... ന്‍റെ മോന്‍ പൊന്നുപോലെ നോക്കും എന്നീ ബാപ്പയ്ക്കറിയാം. ഒന്നോര്‍ത്തോളൂ. സമുദായം ഒരിക്കലും നിങ്ങളെ അറിയില്ല. അറിയാന്‍ ശ്രമിക്കില്ല. അറിയാന്‍ തുടങ്ങുമ്പോള്‍ നിങ്ങളെ അവര്‍ പിന്തുടരും.  കല്ലെറിയും. അങ്ങിനെ ഉണ്ടാവാന്‍ പാടില്ല. അവള്‍ നിന്റെതാകുമ്പോള്‍ നിന്‍റെ സംസ്കാരം ആണ് അവള്‍ക്കു വേണ്ടത്. അതിലായിരിക്കണം അവളിനി ജീവിക്കേണ്ടത്. ഇതെല്ലാം വിറ്റ് നിങ്ങള്‍ ഒരു കുഞ്ഞു വീട് പണിയണം. എന്‍റെ രഘുവിന്‍റെ മണ്ണില്‍. കണ്‍തുറന്നാല്‍ അവനെ കാണാന്‍ പാകത്തില്‍, അവിടെ ആ ദേവദാരുവിനരുകില്‍ നിങ്ങള്‍ ഒരു കുഞ്ഞുവീട് പണിയണം. അവിടെ എന്‍റെ മക്കള്‍ സുഖമായി ജീവിക്കണം. ഈ ബാപ്പയുടെ അനുഗ്രഹം എന്നും എന്‍റെ മക്കള്‍ക്കുണ്ടാകും. എന്‍റെ രഘുവിനോടൊപ്പം നിങ്ങളെ കാത്തുകൊണ്ട് ബാപ്പയുടെ ആത്മാവ് എന്നും അതിനരികത്തായി ഉണ്ടാവും.

ഇതെന്‍റെ അവസാന വരിയാണ് മോനെ. ഞാന്‍ പോകുന്നു...

എന്നെക്കാണേണ്ടവര്‍ക്ക് മോന്‍ വഴികാട്ടണം. ഈ പടവുകള്‍ മോന്‍ താഴോട്ടിറങ്ങണം. എന്നിട്ട് അതിനു താഴെ,  പടിയുടെ അടിയില്‍, അതിനു പിന്‍ഭാഗത്തായി നിലത്തുനിന്നും താഴേയ്ക്കിറങ്ങാന്‍ പാകത്തില്‍ ഒരു കുഞ്ഞു മുറിയുണ്ട്. അതിനുള്ളില്‍ ഉണ്ടാകും ഞാന്‍....

അമര്‍ ആ കത്ത് മെല്ലെ മടക്കി. പിന്നെ ഒന്നും മിണ്ടാതെ അവനിരുന്നു. നെഞ്ചിലെ നീറ്റല്‍ അവനെ ഒന്നടങ്കം നീറ്റിക്കൊണ്ടിരുന്നു. കിടക്കയില്‍ തളര്‍ന്നുകിടന്നു കരയുന്ന ഫസിയയെ എങ്ങിനെ സമാധാനിപ്പിക്കണം എന്നവന് അറിയില്ലായിരുന്നു. ഒടുവില്‍ അവളെ താങ്ങിപ്പിടിച്ച്‌ അവന്‍ താഴേയ്ക്ക് വന്നു. പുറത്തെ വാതിലിന് മുന്നില്‍ പോര്‍ച്ചില്‍ കിടന്നിരുന്ന വണ്ടിയില്‍ അവളെ കൊണ്ടിരുത്തി. അവള്‍ അതിന്‍റെ സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു കരയാന്‍ തുടങ്ങി. 

അമര്‍ വീണ്ടും ഹാളിലേയ്ക്ക് കയറി. ഒരുനിമിഷം അവിടെനിന്നവന്‍ മനസ്സില്‍ സ്വയം ധൈര്യം ഉറപ്പിച്ചു. പിന്നെ ആ കത്തിലെ വരികളെ അവന്‍ പിന്തുടര്‍ന്നു. പടിക്കെട്ടിന്‍റെ സ്ലാബിന്‍റെ പിന്‍ഭാഗത്തായി ഒരു വാതില്‍ അവന്‍ കണ്ടു. അവനത് മെല്ലെ തുറന്നു. മങ്ങിയ പ്രകാശം അവന്‍റെ കണ്ണുകള്‍ തിരിച്ചറിഞ്ഞു. ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടവന്‍ താഴേയ്ക്കുള്ള പടികള്‍ ഓരോന്നും മെല്ലെമെല്ലെയിറങ്ങി. ഒരാള്‍ക്കൊപ്പം പടികള്‍ താഴേയ്ക്കിറങ്ങിയ അവന് അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നിലത്ത് ഒരു പായവിരിച്ചതില്‍ സെലീനയെ കിടത്തിയിരിക്കുന്നു. അതിനടുത്തായി ഒരു മേശയ്ക്കരുകില്‍ തലചായ്ച്ച് ബഷീര്‍ ഉറങ്ങുന്നുണ്ടായിരുന്നു. അമര്‍ ബഷീറിനരുകിലേയ്ക്ക് ഓടിച്ചെന്നു. അവന്‍ മെല്ലെ ബഷീറിന്‍റെ തോളില്‍ കൈവച്ചു. അത് തണുത്തുവിറങ്ങലിച്ചിരുന്നു. എങ്കിലും സ്വരം താഴ്ത്തി അവന്‍ വിളിച്ചു.

"ബാപ്പാ... ന്‍റെ ബാപ്പാ..."

ബഷീര്‍ വിളികേട്ടില്ല... അമര്‍ ബഷീറിന്‍റെ തോളിലുരഞ്ഞു തറയിലേയ്ക്ക് മുട്ടുകുത്തിയിരുന്നു.  അവന്‍ കുലുങ്ങികുലുങ്ങിക്കരഞ്ഞു. ആ കരച്ചിലിനൊടുവില്‍ അമര്‍ കണ്ടു മേശയ്ക്കു താഴെ തളര്‍ന്നുകിടക്കുന്ന ബഷീറിന്‍റെ വലത് കൈത്തണ്ട. അതിന്‍റെ വിരല്‍ത്തുമ്പുകളിലൂടെ ഒലിച്ചിറങ്ങിയ രക്തം നിലത്തേയ്ക്ക് വീണ് മുറിയുടെ ഒരു മൂലയില്‍ ഒഴുകി, പടര്‍ന്ന്  കറുത്തിരുണ്ട് കട്ടപിടിച്ചുകിടന്നു. പിന്നെയൊന്നും അവന്‍ ചിന്തിച്ചില്ല. അവിടെ നിന്നും പിന്തിരിഞ്ഞോടി. പടികളോരോന്നും ഓടിക്കയറി, അടഞ്ഞുകിടന്ന ആ കുഞ്ഞുവാതില്‍ തള്ളിത്തുറന്ന് ഒരു ഭ്രാന്തനെപ്പോലെ അവനോടി. മുന്‍വശത്തെ വാതില്‍ പുറത്തുനിന്നു വലിച്ചുചാരി കാറിനരുകില്‍ വന്നു നിന്നവന്‍ തേങ്ങിക്കരഞ്ഞു. അമറിനെക്കണ്ട ഫസിയ കാറില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. അവനരുകില്‍ വന്നവള്‍ അവന്‍റെ ഉടുപ്പില്‍ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.

"അമറേട്ടാ നിങ്ങളെന്‍റെ ബാപ്പച്ചിയെക്കണ്ടോ...??? അമറേട്ടാ............ നിങ്ങളെന്‍റെ ബാപ്പച്ചിയെക്കണ്ടോ?? ങ്ങളോട് ന്‍റെ ബാപ്പച്ചി മിണ്ടിയോ...??? മിണ്ടിയോ അമറേട്ടാ... !!! ഈ പൊന്നുമോളെ കാണണം ന്നു പറഞ്ഞോ... ന്‍റെ ബാപ്പച്ചി കാണണം ന്നു പറഞ്ഞോ...!!!.."

ഫസിയ അവന്‍റെ മുന്നില്‍ തളര്‍ന്നുവീണു. അമര്‍ വാക്കുകളില്ലാതെ നിന്ന് ഉരുകാന്‍ തുടങ്ങി. അവളെ സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചുകൊണ്ടവന്‍ സമനില വീണ്ടെടുത്തു. ആദ്യം പോലിസ്, പിന്നെ സലിം ബാപ്പാ...

നിമിഷങ്ങള്‍ക്കകം അവിടം ഒരു പുരുഷാരം കൊണ്ട് നിറഞ്ഞു. ഹാളിനകത്തേയ്ക്ക് ആളുകള്‍ തള്ളിക്കയറി. മണിക്കൂര്‍ ഒന്ന് കഴിഞ്ഞപ്പോള്‍ സലിം ദേവുവിനെയും വിജയമ്മയെയും കൂട്ടി അവിടെ എത്തി. പുറത്തെ ഗസ്റ്റ്ഹൗസില്‍ ഫസിയ തളര്‍ന്നുകിടന്നു. അതിനരുകില്‍ അവള്‍ക്കു കാവലായി ദേവുവും വിജയമ്മയും ഉണ്ടായിരുന്നു. പതിവ് പോലെ പോലിസ് എല്ലാം നടത്തി.  ഒടുവില്‍ ആറടിമണ്ണിലും അവരൊരുമിച്ചു യാത്രയായി. ലോകത്തിന് പാടി രസിക്കാന്‍ ഒരു നല്ല കഥയുണ്ടാക്കിവച്ച് അവരൊരുപിടി മണ്ണായിമാറി.

ചെമ്പന്‍ ജയിംസിന്‍റെ മരണം ഒരപകടം എന്ന് പോലിസ് വിലയിരുത്തുമ്പോഴും ആ നാട് പാടിനടന്നത് മറ്റൊരു കഥയായിരുന്നു. സ്വന്തം ഭാര്യയ്ക്കൊപ്പം മറ്റൊരു പുരുഷന്‍ കിടപ്പറ പങ്കിടുന്നത് നേരിട്ട്കണ്ട ബഷീര്‍, ഒരു ആക്സിഡന്റിന്‍റെ രൂപത്തില്‍ അയാളെ വകവരുത്തി. സ്വന്തം ഭാര്യയെ അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഒടുവില്‍ സ്വയം ജീവനൊടുക്കി.

സത്യരാജും രാജേശ്വരിയും മൂകമായി ജീവിതം തുടര്‍ന്നു. അവര്‍ ജീവിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ജീവിതം കൈവിട്ടുപോയിരുന്നു. ചെയ്ത തെറ്റുകളെ ഓര്‍ത്തവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം. ആരും അതറിയുന്നില്ലെന്ന് മാത്രം. പടച്ചോന്‍റെ കൂടാരത്തിലേയ്ക്ക് നബീസു ഉമ്മ യാത്രയായതോടെ സലിം ബാപ്പ ഒറ്റയ്ക്കായി. മൂന്നു നേരവും ഭക്ഷണം ദേവുവിന്‍റെ കൈകൊണ്ടാണെന്ന് മാത്രം.

ഉള്ളതെല്ലാം വിറ്റുപെറുക്കിയ ഫസിയ അമറിനൊപ്പം ദേവദാരുവിന്നരുകിലാണ് താമസം. അവിടെ അമര്‍ അവര്‍ക്കായി ഒരു കുഞ്ഞുവീട് വച്ചു. അതിന്‍റെ  ഒരു മുറിയില്‍ ഇരുന്ന് ഇന്നും വിജയമ്മ അവര്‍ക്ക് മുത്തശിക്കഥകള്‍ പറഞ്ഞുകൊടുക്കും. ചുക്കിച്ചുളുങ്ങിയ അവരുടെ വയറില്‍ അമര്‍ ഇന്നും ഇക്കിളിയിടും. അവര്‍ മോണകാട്ടി പൊട്ടിച്ചിരിക്കും.

ദേവുവിന് ഇപ്പോഴും പരിഭവമാണ്. അവനൊന്ന് വരാന്‍ താമസിച്ചാല്‍ ഫസിയയ്ക്കൊപ്പം അവളും കാത്തിരിക്കും. താമസിച്ചുപോയാല്‍ അമര്‍ ഇന്നും ദേവദാരുവിനരുകില്‍ വന്നിരുന്നു അപ്പയോടും, ബാപ്പയോടും ശിഖയോടും മാപ്പിരക്കും. അവിടെ ഒരാളുകൂടി കൂടിയത് അവനൊരു വിഷമമേ ആയിരുന്നില്ല. ദേവദാരു ഇപ്പോഴും അവന്‍റെ കണ്ണുനീരിന് മുന്നില്‍ ഇലപൊഴിയ്ക്കുകയും ചെയ്യും. ഫസിയ ഇപ്പോഴും ദേവുവിനോട് ചോദിക്കും.

"അമ്മെ... ഞാനൊന്ന് എന്‍റെ അമ്മയുടെ നെഞ്ചില്‍ കിടന്നോട്ടെ..."

ദേവു സ്നേഹത്തോടെ അവളെ കെട്ടിപ്പിടിക്കും. ഫസിയ സര്‍വതും മറന്നങ്ങിനെ അവളുടെ മാറോട് ചേര്‍ന്ന് നില്‍ക്കും.

(അവസാനിച്ചു.)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....65

ഫസിയ ഒരു നിമിഷം പോലും ആലോചിക്കാതെ തുറന്നുകിടന്ന കുളിമുറിയുടെ വാതില്‍ മലര്‍ക്കെ തള്ളി തുറന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നെ അമറും അവളും വീടിനകവും പുറവും ഒക്കെ ഓടിനടന്നു. പത്തുമിനിട്ടോളം കഴിഞ്ഞിട്ടുണ്ടാകും..ഓടിനടന്ന് തളര്‍ന്ന അവര്‍ മുറ്റത്തെ പടിക്കെട്ടില്‍ വന്നിരുന്നു. ഫസിയ തളര്‍ന്നു അമറിന്‍റെ കാലില്‍ കിടന്നു. അവളുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"ഫസിയ... നീ സമാധാനമായിരിക്ക്. ബാപ്പയ്ക്ക് ഒന്നും സംഭവിക്കില്ല. ഒന്നും..."

അവന്‍റെ വാക്കുകള്‍ കേട്ട് അവള്‍ കൈകള്‍ രണ്ടും കൊണ്ടവനെ ചുറ്റിപ്പിടിച്ചു. അവന്‍റെ മടിയില്‍ അവള്‍ തളര്‍ന്നു കിടന്നു. അങ്ങിനെ കിടക്കുമ്പോള്‍ അവളുടെ മനസ്സ് നിറയെ പശ്ചാത്താപം തോന്നി. അവളോര്‍ത്തു. ഇന്നലെ രാവില്‍, വീട് വിട്ട് അമറേട്ടനൊപ്പം പോകുമ്പോള്‍, ബാപ്പയോട് യാത്ര ചോദിക്കാന്‍ ഞാന്‍ മറന്നൂല്ലോ.. ഇനി ഞാന്‍ നഷ്ടപ്പെട്ടു വെന്ന് തോന്നി ബാപ്പ എന്തേലും കടുംകൈ കാണിച്ചിരിക്കുമോ..?? അതോ എന്നോടുള്ള ദേഷ്യത്തിന് ഉമ്മ തളര്‍ന്നുകിടക്കുന്ന എന്‍റെ ബാപ്പയെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ? ഇങ്ങനെ ചിന്തിക്കുമ്പോള്‍ പെട്ടെന്നവള്‍ തലയുയര്‍ത്തി. അപ്പോള്‍ അമര്‍ ആകാംക്ഷയോടെ അവളെ നോക്കി ചോദിച്ചു.

"എന്താ ഫസിയ. എന്തുണ്ടായി...???

ഫസിയ അവന്‍റെ ശരീരത്തില്‍ നിന്നും പൂര്‍ണമായും ഉയര്‍ന്ന് അവനരുകിലേയ്ക്ക് മാറിയിരുന്നു. എന്നിട്ടവള്‍ പറഞ്ഞു.

"അമറേട്ടാ എനിക്കൊരു ചെറിയ സംശയം..."

"എന്താടീ... എന്താണേലും നീ പറയ്‌.."

"അമറേട്ടാ ഇന്നലെ രാത്രി നമ്മള്‍ പോകുമ്പോള്‍ ഉള്ള ഉമ്മയുടെ അവസ്ഥ നമ്മള്‍ കണ്ടതല്ലേ...?? "

"ഹും... അതിനെന്താടീ... നീ വളച്ചുകെട്ടില്ലാതെ കാര്യം പറയ്‌.." അമര്‍ ജിജ്ഞാസയോടെ പറഞ്ഞു.

"നമ്മള്‍ പോയതിനുശേഷം ഉമ്മ ബാപ്പയുമായി എന്നെചൊല്ലി എന്തേലും പ്രശ്നം ഉണ്ടായിക്കാണും. അങ്ങിനെ എങ്കില്‍ ഉമ്മയും, ഉമ്മയുടെ ആ സില്‍ബന്ധികളും ചേര്‍ന്ന് ബാപ്പായെ അപകടപ്പെടുത്തിയിട്ടുണ്ടാകുമോ? എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇതാണ്.. ബാലമ്മാവനെയും കാണാനില്ല. ഇനി ഇവന്മാരെക്കോടി നോക്കിയാലോ..??? പറഞ്ഞുകൊണ്ടവള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പിന്നെ അമറും ഫസിയയും കൂടി ഔട്ട്‌ ഹൌസിനടുത്ത് ചെന്നു അവരെ വിളിച്ചു. അവരും വിളികേട്ടില്ല. അതോടെ ദുരൂഹമായ സാഹചര്യത്തില്‍ ആണല്ലോ കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് അമറിനും തോന്നി. ഒടുവില്‍ അവര്‍ വീണ്ടും വീടിനകത്തേയ്ക്ക് കയറി. സോഫയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ഫസിയ എന്തോ ആലോചിച്ചപോലെ പെട്ടെന്ന് പറഞ്ഞു.

"അമറേട്ടാ ... ഒന്ന് വന്നേ..." പറഞ്ഞുകൊണ്ട് അവള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട്‌ മേലേയ്ക്കോടി. ബഷീറിന്‍റെ മുറിയിലേയ്ക്ക് അമറിനെയും കൊണ്ട് പാഞ്ഞുകയറിയ അവള്‍ ചെന്നപാടെ കിടക്കയിലെ തലയണയുയര്‍ത്തി നോക്കി. അപ്പോള്‍ അതിനടിയില്‍ ഒരു പേപ്പര്‍ മടക്കിവച്ചിട്ടുണ്ടായിരുന്നു. അരുകില്‍ ഒരു മൊബൈലും. പെട്ടെന്ന് ഫസിയ ആ പേപ്പര്‍ കൈക്കലാക്കി. അതവള്‍ നിവര്‍ത്തുംമുന്‍പ് അമര്‍ പറഞ്ഞു.

"നീ അതിങ്ങു താ ഫസിയ... ഞാന്‍ വായിക്കാം..."

ഫസിയ കത്ത് ഉടനെ തന്നെ അമറിന്‍റെ കൈവശം നല്‍കി. അമര്‍ ആ കത്തുംകൊണ്ട് ആ കിടക്കയിലേയ്ക്ക് ഇരുന്നു. ഫസിയ അവനോരം ചേര്‍ന്നിരുന്നു. അമര്‍ മെല്ലെ ആ പേപ്പര്‍ തുറന്നു.....അതിനുള്ളില്‍ ഒരു ചെറിയ പേപ്പറും. അമര്‍ ആദ്യം ആ ചെറിയ പേപ്പര്‍ കൈയിലെടുത്തു. അതില്‍ ബഷീര്‍ എഴുതിയ വാചകങ്ങളിലൂടെ അവന്‍ കണ്ണുകള്‍ ഓടിച്ചു. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അരുകിലിരുന്ന ഫസിയയുടെ കൈകള്‍  അവനെ കുറേക്കൂടി ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങി. അവള്‍ ഭയന്ന് കണ്ണുകള്‍ പൂട്ടിയിരുന്നു. അമര്‍ മെല്ലെ, അവള്‍ക്കു കൂടി കേള്‍ക്കാന്‍ പാകത്തില്‍ ആ കൊച്ചുകത്ത് വായിക്കാന്‍ തുടങ്ങി.

പ്രിയപ്പെട്ട എന്‍റെ അമര്‍ മോന്,

ഇങ്ങനെ പ്രത്യേകം ഒരു കത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നു. ഇത് ഞാനും മോനും അറിയാന്‍ വേണ്ടി മാത്രം. മോന്‍ വായിച്ചു തീരുന്നതോടെ ഈ കത്ത് എന്നെന്നേയ്ക്കുമായി നശിക്കണം. സത്യരാജിനെ ഞാന്‍ കൊന്നതാണ് മോനെ. ഞാന്‍ മാത്രം. അങ്ങിനെയേ നാളെ ലോകം അറിയാന്‍ പാടുള്ളൂ. എന്നെ സഹായിച്ചതിന്‍റെ പേരില്‍ ബാലന്‍ ബാലിയാടാവരുത്. അയാളെ ഞാന്‍ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. സെലീന ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്ന് മാത്രമേ നാളെ ലോകം അതും അറിയാന്‍ പാടുള്ളൂ. ഇനി ഞാന്‍ കാര്യത്തിലേയ്ക്ക് വരട്ടെ. മോന്‍ ഓര്‍ക്കുന്നില്ലേ ആ ദിവസം. സത്യരാജ് മരിച്ച ആ രാത്രി.  അമറിന്‍റെ ഓര്‍മയിലേയ്ക്ക് ആ ദിവസം ഓടിവന്നു. അവന്‍റെ മനസ്സ് ആ ദിവസത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

സത്യരാജിനെ തിരഞ്ഞ് അമര്‍ സെലീനയുടെ വീട്ടിലേയ്ക്ക് വണ്ടിതിരിച്ചു. പാതവക്കില്‍ ഒരിടത്തും അവന് സത്യരാജിനെ കാണാന്‍ കഴിഞ്ഞില്ല. സെലീനയുടെ വീടിന്‍റെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി അവന്‍ അകത്തേയ്ക്ക് കയറി. നിശബ്ദമായിരുന്നു അവിടം. അവന്‍ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടിരിക്കും എന്ന് കരുതിയെങ്കിലും അമര്‍ പടികള്‍ താണ്ടി ബഷീറിന്‍റെ മുറിയില്‍ ചെന്നു. ബഷീര്‍ കിടക്കയില്‍ ഉറക്കത്തിലാണെന്നു തോന്നിയ അവന്‍ ശബ്ദമുണ്ടാക്കാതെ ഫസിയയുടെ മുറിയുടെ അരുകില്‍ വന്നു. വാതിലില്‍ മെല്ലെ തട്ടി. അമറിന്‍റെ ശബ്ദം കേട്ട ഫസിയ വാതില്‍ തുറന്നു. അവള്‍ സുരക്ഷിതയാണ് എന്ന് മനസ്സിലാക്കിയ അമര്‍ അവിടെ നിന്നും തിരികെയിറങ്ങി. മുന്‍വാതില്‍ താഴിട്ട് ഫസിയ മുറിയില്‍ കയറി വാതില്‍ അടച്ചു എന്നുറപ്പിച്ച അമര്‍ അവിടെനിന്നും തിരികെപ്പോയി...

അതുവരെ ഗസ്റ്റ്‌ഹൗസിന്‍റെ മൂലയില്‍ എവിടെയോ ഒളിഞ്ഞിരുന്ന സത്യരാജ്  പകരം താക്കോല്‍ ഉപയോഗിച്ച് അകത്തേയ്ക്ക് കയറി. ഫസിയയോടുള്ള ഒടുങ്ങാത്ത ആവേശവുമായി അവന്‍ ആ പടികള്‍ വീണ്ടും കയറി. അവളുടെ മുറി അടച്ചിരുന്നതിനാല്‍, തന്നെ ചവുട്ടിയ ബഷീറിനോടുള്ള പകയുമായി അവന്‍ അയാളുടെ മുറിയിലേയ്ക്ക് കയറി.  മുറിയിലെ ആളനക്കം കേട്ട ബഷീര്‍ തിരിഞ്ഞുനോക്കി. തന്‍റെ നേരെ നടന്നുവരുന്ന സത്യരാജിനെക്കണ്ട് ബഷീര്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു. ഇതുവരെയും കിടക്കയില്‍ തളര്‍ന്നുകിടന്ന മനുഷ്യന്‍ ഒരു നിമിഷം കൊണ്ട് ഒരു ആരോഗ്യവാനായ പുരുഷനെപ്പോലെ എഴുന്നേറ്റത് കണ്ടപ്പോള്‍ സത്യരാജ് ഒന്ന് പകച്ചു. പിന്നെ ബഷീര്‍ ഒട്ടും അമാന്തിച്ചില്ല. മുറിയുടെ വാതില്‍ക്കലേയ്ക്ക് അയാള്‍ ഓടി. വാതില്‍ താഴിട്ട് സത്യരാജിനടുത്തേയ്ക്ക് നീങ്ങിയ ബഷീറിനെ അവന്‍ തള്ളി വീഴ്ത്തി. അതിശക്തമായി ബഷീറിനെ അവന്‍ നേരിട്ടുവെങ്കിലും, ഒടുവില്‍ കരുത്തനായ ബഷീറിന് മുന്നില്‍, കഴുത്തില്‍ കുരുക്കിട്ട ഒരു തുണിയിന്മേല്‍ അവന് സ്വന്തം ജീവന്‍ ഒടുക്കേണ്ടിവന്നു. സത്യരാജ് മരിച്ചുവെന്ന് ഉറപ്പാക്കിയ ബഷീര്‍ തളര്‍ച്ചയോടെ കിടക്കയില്‍ ഇരുന്നു. ഇനിയെന്ത്?? എന്ന ചിന്തയുമായി അല്‍പനേരം ഇരുന്നു. ആ ചിന്തക്കൊടുവില്‍ ഇനിയൊരു നിമിഷവും പാഴാക്കാന്‍ കഴിയില്ല എന്ന് കരുതിയ ബഷീര്‍ ബാലനെ കൂട്ടുവിളിച്ചു. അയാളുടെ സഹായത്തോടെ സത്യരാജിനെ വല്ലവിധേനയും തോളിലേറ്റി. പിന്നീട്,  സെലീനയുടെ സാരികളിലൊന്നില്‍, പറമ്പിലെ മരച്ചില്ലകളില്‍ ഒന്നില്‍ കെട്ടിത്തൂക്കി.   

അമര്‍ ഈ ഭാഗം വായിക്കുമ്പോള്‍ അമര്‍ അവളെ നോക്കി. അവള്‍ അത്ഭുതത്തോടെ അവനെയും. ഒരുനിമിഷം ചിന്തിച്ചിട്ട് അവന്‍ വായന തുടര്‍ന്നു.

"മോനെ, അവന്‍ എന്‍റെ മനസ്സിലേ ഉണ്ടായിരുന്നില്ല. സെലീന, ആ പെണ്‍പിശാച് മാത്രമായിരുന്നു എന്‍റെ മുന്നിലെ ലക്‌ഷ്യം. പക്ഷെ, അവന്‍ നെറികേടിന്‍റെ ഭാണ്ഡവും പേറി പലപ്പോഴും എന്‍റെ മകളുടെ മുറിയില്‍ അലഞ്ഞപ്പോള്‍... എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല മോനെ. മരണം എന്നോട് ചോദിച്ചു വാങ്ങിയതായിരുന്നു അവന്‍....

ഇങ്ങനെ ഒരു തുണ്ടുമുറി ഞാനിതില്‍ വച്ചില്ലെങ്കില്‍ എന്നെ സഹായിച്ച കുറ്റത്തിന് ആ പാവം ബാലന്‍ ശിക്ഷിയ്ക്കപ്പെടും. അതുണ്ടാവാന്‍ പാടില്ല.

അമര്‍ ഒരു നെടുവീര്‍പ്പോടെ അത് മടക്കി അവന്‍റെ പോക്കറ്റില്‍ വച്ചു. എന്നിട്ട് അടുത്ത പേപ്പര്‍ വായിക്കാനായി നിവര്‍ത്തി. ഫസിയ ഭയമൂറുന്ന കണ്ണുകളോടെ അവനെ നോക്കി. അപ്പോള്‍ അമര്‍ അവളോട്‌ പറഞ്ഞു.

"ഫസിയ, ബാപ്പ എഴുതിയത് വായിച്ചല്ലോ. ഇത് നമ്മളോട് കൂടി ഒടുങ്ങണം. ബാലമ്മാമ ഒരിക്കലും പിടിക്കപ്പെടരുത്..."

അവള്‍ അവന്‍റെ കൈയില്‍ കൈചേര്‍ത്ത്‌ പിടിച്ചു. പിന്നെ അവന്‍റെ കണ്ണുകളില്‍ നോക്കി മൂളി. "ഉം..ആരും അറിയില്ല. ഏട്ടന് എന്നെ വിശ്വസിക്കാം..."

അതോടെ അമര്‍ ആ വലിയ കത്ത് വായിക്കാന്‍ തുടങ്ങി.  അതിങ്ങനെയാണ് തുടങ്ങിയത്.

മോനെ,  

എന്താണ് മോനോട് ഞാന്‍ പറയേണ്ടത് എന്നെനിക്കറിയില്ല. എങ്കിലും ഒന്ന് ഞാന്‍ പറയട്ടെ. ജീവിതം ഈ ബാപ്പയ്ക്ക് തന്നത് നഷ്ടങ്ങള്‍ മാത്രമായിരുന്നു. അത് തുടങ്ങിയത് എന്‍റെ ബാപ്പായില്‍ നിന്നാണ്. കുഞ്ഞുനാളില്‍ എന്‍റെ ബാപ്പയുടെ നഷ്ടം അതെനിക്കൊരു വലിയ നഷ്ടം തന്നെ ആയിരുന്നു മോനെ. ബാപ്പ ഉപേക്ഷിച്ച് പോയ കാളവണ്ടി, അതിലായിരുന്നു പിന്നീട് എന്‍റെ ജീവിതം. പ്രഭാതത്തിലും സായന്തനത്തിലും കഷ്ടപ്പെടാന്‍ എനിക്കതൊരു ബാല്യം വച്ച് നീട്ടുകയായിരുന്നു. അപ്പോഴും, ആ കഷ്ടപ്പാടുകള്‍ക്കിടയിലും എന്‍റെ ഓര്‍മകളില്‍ നിന്നും വെണ്ണക്കല്ലുകളില്‍  കൊത്തിവച്ചൊരു സൗഹൃദം ഉണ്ടായിരുന്നു.

പഠിക്കാനായി കിലോമീറ്ററുകള്‍ താണ്ടി, നടന്നു വരുന്ന എന്‍റെ പ്രിയകൂട്ടുകാരന്‍ രഘു. അവനിലൂടെ ഞാനും, എന്നിലൂടെ അവനും വളര്‍ന്നു. പിന്നീട് ഒരിക്കലും വേര്‍പിരിയാന്‍ കഴിയാത്ത വിധം നമ്മുടെ സൗഹൃദവും വളര്‍ന്നു. കൂടുതല്‍ പഠിപ്പും പത്രാസുമില്ലെങ്കിലും, ഞാനും എന്‍റെ ഉമ്മയുടെ സ്നേഹത്തിന് മുന്നില്‍ ഓരോ ദിവസവും മുന്നോട്ടു ജീവിച്ചു. കഷ്ടപ്പാടുകള്‍ക്കിടയില്‍ ഞാന്‍ വളര്‍ന്നു, വലുതായി. അതോടെ താല്‍ക്കാലികമായി നമ്മുടെ സുഹൃത്ത് ബന്ധത്തിന് തിരശീലയും വീണു. കാളവണ്ടി യുഗം വാഹനത്തിലേയ്ക്ക് പിച്ചവയ്ക്കുമ്പോള്‍ ഒന്നുമില്ലാത്തവനെപ്പോലെയായി ഞാന്‍. വീട്ടിലെ പട്ടിണിയില്‍ നീന്തിതുഴഞ്ഞു ഒടുവില്‍ ഞാന്‍ കണ്ടെത്തി എനിക്കായി ഒരു ജീവിതമാര്‍ഗം. നൊമ്പരങ്ങളോടെ ഞാനും ഒരു പ്രവാസിയായി.

മോനെ, പ്രവാസം എനിക്കെല്ലാം തന്നു. എന്നെ കൈവിട്ടതെല്ലാം പതിയെപതിയെ ഞാന്‍ ഓരോന്നോരോന്നായി നേടിയെടുത്തു. കൂടപ്പിറപ്പിനെ നല്ല നിലയില്‍ നിക്കാഹു ചെയ്തയച്ചു. അതിലേറ്റവും പ്രിയപ്പെട്ടത് എന്‍റെ രഘുവിനെ വീണ്ടും എന്‍റെ മുന്നില്‍ കൊണ്ടുവന്നു തന്നു എന്നതാണ്.  എന്‍റെ പ്രവാസമായിരുന്നു അതിനും കാരണം. ഞങ്ങള് ജീവിച്ച ആ കുറെ നാളുകള്‍... ജീവിതത്തില്‍ ഇന്നും ഒരു പൊന്‍തൂവല്‍ പോലെ ഞാന്‍ ആ ദിനങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു. പിന്നെ, എല്ലാം നേടിയ ഞാന്‍ പെട്ടെന്ന് ചിലതെല്ലാം നഷ്ടപ്പെടുത്താന്‍ തുടങ്ങി. ആദ്യം ഒരു മരണത്തിന്‍റെ രൂപത്തില്‍ എന്‍റെ രഘു. പിന്നെ ഓരോന്നോരോന്നും എന്‍റെ കണ്മുന്നില്‍ ഞാന്‍ കാണ്‍കെ പടിയിറങ്ങിപ്പോയി.

ഞാന്‍ സ്നേഹിക്കുന്നവള്‍ എന്നെ സ്നേഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ആ നാളുകള്‍ അതാണ്‌ എന്‍റെ തകര്‍ച്ച. നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാനാകാത്ത വിധം എന്നില്‍ നിന്നകന്നു. അത് മനസ്സിലാക്കി, ഞാന്‍ അതിനെ നേടിയെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ആഹാരത്തില്‍ വിഷത്തിന്റെ രൂപത്തില്‍ ഞാന്‍ മരണത്തിന്‍റെ വാതിലിനരുകില്‍ ബന്ധിക്കപ്പെട്ടു.  ആ ആശുപത്രിക്കിടക്കയില്‍, എന്‍റെ കൂട്ടുകാരില്‍ ഒരാളായ ബാലേട്ടനില്‍  നിന്നുമാണ് ഞാന്‍ എന്‍റെ ഭാര്യയുടെ ഇവിടത്തെ ബന്ധങ്ങളും നിലയും മനസ്സിലാക്കുന്നത്. ഒന്നുമില്ലാത്ത ഞാന്‍ അവളുടെ മുന്നില്‍ ജഡത്തിനു പോലും സമമായിരുന്നില്ല. ആശുപത്രിയില്‍ എന്നെക്കാണാന്‍ പോലും കൂട്ടാക്കാത്ത അവള്‍... നിവര്‍ന്നു നില്‍ക്കാന്‍ എനിക്ക് കഴിയുന്നുവെന്ന് മനസ്സിലാക്കാഞ്ഞത് എന്‍റെ മനസ്സില്‍ ഉറങ്ങിക്കിടന്ന പ്രതികാരം ഉണര്‍ത്തി. അങ്ങിനെ തന്നെ ജീവിതം തുടരാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവളുടെ കണ്ണ്മുന്നില്‍, മുറിയിലെ കാഴ്ചവസ്തുവായി. എന്‍റെ കണ്മുന്നില്‍ അവള്‍ ജീവിതം ആസ്വദിച്ചു. സമൂഹത്തിലെ നിലയും വിലയും ഉള്ളവര്‍ അവളുടെ ശരീരത്തിന്‍റെ ചൂടറിയാന്‍ തുടങ്ങി. അതിന്റെ ഇടവേളകളില്‍ കിട്ടുന്ന ഓരോരോ നിമിഷങ്ങളും എന്നെ തീര്‍ക്കാന്‍ അവള്‍ ഒരുമ്പിട്ടുകൊണ്ടിരുന്നു. അതോടെ എന്‍റെ മകളില്‍ ഞാന്‍ അഭയം തേടി. മെല്ലെ മെല്ലെ അവള്‍പോലും അറിയാതെ ബാലന്‍ എന്‍റെ വീട്ടിലെ വേലക്കാരന്‍ ആയി. അവന്‍റെ സ്നേഹത്തില്‍ ഞാന്‍ ജീവിതം ജീവിച്ചു തീര്‍ത്തു. ഒരവസരത്തിനായി ഞാന്‍ കാത്തു.

എന്‍റെ കണ്മുന്നില്‍, എന്‍റെ മകള്‍ പലതവണ അമ്മയുടെ സന്തതസഹചാരികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ പലപ്പോഴും നിസ്സഹായനായി. എഴുന്നേറ്റു നില്‍ക്കാന്‍ കഴിവുണ്ടായിട്ടും എനിക്ക് പലപ്പോഴും അവരെ തോല്‍പ്പിക്കാന്‍ കഴിയില്ലാ എന്നെനിക്കറിയാമായിരുന്നു. എന്‍റെ കണ്ണീര് അവളെ മരണത്തിലേയ്ക്ക് നടത്തിച്ചു. അതും ഒരു നിമിത്തം പോലെ എന്‍റെ മോന്‍റെ മുന്നില്‍. അങ്ങിനെ,ഒരിക്കലും കാണില്ല എന്ന് ഞാന്‍ കരുതിയ എന്‍റെ മോനെ ഞാന്‍ കണ്ടു. അതോടെ എന്നിലെ വാശി വര്‍ദ്ധിച്ചു. എന്‍റെ മോളുടെ ജീവിതം മോന്‍റെ കൈകളില്‍ സുരക്ഷിതം എന്ന് തോന്നിയതോടെ ഏറ്റവും അടുത്ത മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തുനിന്നു.

ഒടുവില്‍, എന്‍റെ ലക്ഷ്യങ്ങളില്‍പോലും ഇല്ലായിരുന്ന സത്യരാജ് എന്‍റെ കൈകൊണ്ട് മരണം ഇരന്നുവാങ്ങി. ഞാനവനെ കൊന്നു കെട്ടിത്തൂക്കി മോനെ. എന്നെ ആരും സംശയിച്ചില്ല.. പിന്നെയും ഒരുപാട് ദിവസങ്ങള്‍ ഞാന്‍ വീണ്ടും കാത്തിരുന്നു. എന്‍റെ ലക്ഷ്യങ്ങള്‍ക്കുള്ള ആദ്യ പടിപോലെ തന്നെ അവള്‍ ബാലനെ പിരിച്ചുവിട്ടു. അതെനിക്ക് കൂടുതല്‍ സ്വാതത്ര്യം നല്‍കി. സത്യരാജിന്‍റെ മരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഒടുവില്‍ ഇന്നലെ അവളുടെ കിടപ്പുമുറിയില്‍ തീര്‍ന്നു. ആ സബ് ഇന്‍സ്പെക്ടര്‍ പോകുമ്പോള്‍ ഞാന്‍ വെറുപ്പോടെ ഈ ദിവസം തിരഞ്ഞെടുത്തു. ഒരു നിമിത്തം പോലെ, ഞാന്‍ ഭയന്ന എന്‍റെ ഫസിയ മോളും നിങ്ങളോടൊപ്പം യാത്രയായപ്പോള്‍, തളര്‍ന്നിരിക്കുന്ന സെലീനയുടെ മുന്നില്‍ ഞാന്‍ പഴയ ബഷീര്‍ ആയി.  എന്നെക്കണ്ടവള്‍ ഭയന്നോടി....

അതെ മോനെ എന്‍റെ കൈകളില്‍ കിടന്നവള്‍ മരിച്ചു...!! ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ നിയമത്തിന് മുന്നില്‍ വരേണ്ടിവരും എന്നെനിക്കറിയാം. ഞാന്‍ കുറ്റം ചെയ്തു. ഞാന്‍ ശിക്ഷിക്കപ്പെടണം. ഇനി ഒരു കുറ്റവാളിയെപ്പോലെ ലോകത്തിന്‍റെ മുന്നില്‍ നാണം കെടാന്‍ കൂടി എനിക്ക് വയ്യ. ഞാന്‍ പോകുന്നു മോനെ... പോകുന്നു........

അതുവരെ വായിച്ച അമര്‍ ഭയത്തോടെ മുറിയാകെ ചുറ്റിനോക്കി. ഫസിയ ഒരേങ്ങലോടെ അവനെ ചേര്‍ന്നിരുന്നു.  ബാപ്പയോടുള്ള അവളുടെ സ്നേഹം ഇടമുറിയാത്ത കണ്ണുനീരായി പൊഴിയാന്‍ തുടങ്ങി. അമര്‍ അവളെ കെട്ടിപ്പിടിച്ചു. പിന്നീട് അതില്‍ എഴുതിയ ഓരോ വാക്കുകളും അവന്‍റെ ഹൃദയം തകര്‍ത്തു. ധൈര്യശാലിയായ അവന്‍റെ നെഞ്ച് പോലും ഭീതിയോടെ മിടിക്കാന്‍ തുടങ്ങി.

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....64

സെലീനയുടെ വീട് വിട്ടിറങ്ങിയ പോലീസുകാര്‍ വീടിന്‍റെ പരിസരം മുഴുവന്‍ ചുറ്റിക്കറങ്ങി. ഒടുവില്‍ വീടിന് പിന്നിലെ ഗോഡൌണില്‍ എത്തിയ പോലീസുകാര്‍ അവിടെ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ചിട്ടിരുന്ന ഒരു വാഹനം കണ്ടു. അതിന്‍റെ മുന്ഗ്ലാസ്സില്‍ "പ്രസ്‌" എന്നെഴുതിയിരുന്നു. ഗോപി അത് അതുപോലെ മൂടിയിട്ടു. പിന്നെ അവര്‍ ചുറ്റും നടന്നു വിളിച്ചു. എങ്കിലും അവരുടെ വിളിയ്ക്കാരും അവിടെ കാതോര്‍ത്തില്ല. ഒരു മറുവിളിപോലും കേട്ടതും ഇല്ല. അതോടെ അവര്‍ ആ വീടും പരിസരവും വിട്ടു പുറത്തേയ്ക്ക് പോയി.

അവരുടെ വണ്ടി മുന്നിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡരുകില്‍ ചെറിയൊരു ആള്‍ക്കൂട്ടം. വരുന്നത് ഒരു പോലീസ് വണ്ടിയാണെന്ന് തിരിച്ചറിഞ്ഞ രണ്ടുപേര്‍ റോഡിലേയ്ക്ക് കയറി ആ വണ്ടിയ്ക്കു കൈകാണിച്ചു. അവരുടെ മുന്നിലായി പോലിസ് വാഹനം നിര്‍ത്തി. വണ്ടിയ്ക്കുള്ളില്‍നിന്ന് തല വെളിയിലേയ്ക്ക് നീട്ടി ഒരു പോലീസുകാരന്‍ ചോദിച്ചു.

"എന്താടാ... എന്താ പ്രശ്നം..????

"സാറെ..!! ദാണ്ട അവിടെ ഒരു ജീപ്പ് മറിഞ്ഞു കിടക്കുന്നു."

അതുകേട്ടതോടെ, പോലീസുകാര്‍ വണ്ടി വഴിയുടെ ഓരം ചേര്‍ത്ത് നിര്‍ത്തി. അവര്‍ അതില്‍ നിന്നും താഴേയ്ക്കിറങ്ങി. റോഡിനരുകിലേയ്ക്ക് നടന്നുവന്ന പോലിസ് അവര്‍ ചൂണ്ടിക്കാണിച്ച ദിശയിലേയ്ക്ക് നോക്കി. അവിടെ  വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങി, ഒരു മരച്ചുവടില്‍ ഇടിച്ചു നില്‍ക്കുന്ന വിധം അത് കാണുമാറായി. വളരെ ബദ്ധപ്പെട്ട് പോലീസുകാര്‍ താഴേയ്ക്കിറങ്ങാന്‍ തുടങ്ങി. ഒപ്പം സ്ഥലവാസികളില്‍ ചിലരും. വല്ല വിധേനയും അവര്‍ ആ ജീപ്പിന് അരുകിലെത്തി.

അവരുടെ നിഗമനങ്ങള്‍ ശരിവയ്ക്കും പോലെ അത് ആ സ്റ്റേഷനിലെ ജീപ്പ് തന്നെയായിരുന്നു. അവര്‍ക്കാകെ വെപ്രാളം ആയി. അപ്പോള്‍ ചെമ്പന്‍ ജയിംസ്‌ അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്ന് അവര്‍ ഉറപ്പിച്ചു. ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലേയ്ക്ക് സന്ദേശം പാഞ്ഞു. കൂടുതല്‍ പോലീസും, പോലിസ്നായയും ഒക്കെ സംഭവസ്ഥലത്ത് കുതിച്ചെത്തി. ചെമ്പന് വേണ്ടി അവിടമാകെ തിരച്ചില്‍ ആരംഭിച്ചു.

ഒടുവില്‍, അവരുടെ ഊഹം ശരിവച്ചുകൊണ്ട്, ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍, ഒരു മണ്‍തിട്ടയുടെ വിടവില്‍ കുടുങ്ങി ജയിംസിന്‍റെ ശരീരം കിടക്കുന്നുണ്ടായിരുന്നു. അയാളുടെ പോക്കെറ്റില്‍ നിന്നും പകുതി പുറത്തുവന്ന നിലയില്‍ ഒരു മൊബൈല്‍ഫോണും ഉണ്ടായിരുന്നു. പോലീസുകാര്‍ ഉടന്‍തന്നെ എഫ്.ഐ.ആര്‍. തയ്യാറാക്കി. പിന്നെ അയാളുടെ ശരീരം മെല്ലെ തിരിച്ചിട്ടു. അയാളുടെ കഴുത്ത് വീഴ്ചയുടെ ആഘാതത്തില്‍ ഒടിഞ്ഞിരുന്നു. ഒരു ഭാഗത്തേയ്ക്ക് അത് തൂങ്ങിക്കിടന്നു. അതിന്‍റെ തലയിലും മൂക്കിലും ഒക്കെ ഉറുമ്പുകള്‍ അരിച്ചുനടന്നു. ചെമ്പന്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ പോലീസുകാര്‍ ഉടനെതന്നെ അവിടെ പോലിസുനായയെ കൊണ്ടുവന്നു. അത് ഓടി അവിടെ തന്നെ ചുറ്റിപ്പറ്റി ഒടുവില്‍ മുകളില്‍ റോഡിനരുകില്‍ വന്നു നിന്നു. പിന്നെ സെലീനയുടെ വീടിന്‍റെ ഭാഗത്തേയ്ക്ക് നോക്കി കുരച്ചു. ഇത് ഒരു അപകടമാണോ അതോ കൊലപാതകം തന്നെയാണോ എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ പോലിസ് നിന്നു. പോലീസുകാര്‍ അവിടെ കൂട്ടം കൂടി നിന്നു ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച മുറുകവേ ഒരു പോലീസുകാരന്‍ സംശയം പറഞ്ഞു.

"സെലീനാ മാഡത്തിന്‍റെ വീടിന്‍റെ ഭാഗത്തേയ്ക്ക് നോക്കിയാണ് പോലിസ്നായ കുരച്ചത്. അങ്ങിനെ എങ്കില്‍ അവിടെ ഉള്ളവരുമായി എന്തെങ്കിലും ബന്ധം ഈ മരണത്തിനു ഉണ്ടാകും.."

അപ്പോള്‍ ഗോപി പറഞ്ഞു.

"അവിടെ നോക്കി കുരച്ചതില്‍ സംശയിക്കേണ്ട കാര്യം ഇല്ല. ഇന്നലെ രാത്രി സത്യരാജ് കൊലപാതകവുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ക്ക് വേണ്ടി സാറിവിടെ വന്നിരുന്നു. എന്‍റെ നിഗമനം ശരിയാണെങ്കില്‍ പോകുന്ന വഴിയ്ക്ക് ഒരുപക്ഷെ അപകടം സംഭവിച്ചിരിക്കാം. കാരണം രാവായാല്‍ നിലാവ് മാത്രം ഉള്ള റോഡാണിത്. പ്രത്യേകിച്ച്, സെലീന മാഡത്തിന്‍റെ ബംഗ്ലാവിലേയ്ക്കും, എസ്റ്റേറ്റിലേയ്ക്കും മാത്രം പോകാനുള്ള വഴി. പിന്നെ ഒരു കാര്യം ഉള്ളത് സലീന മാം രാത്രി ഇവിടെ നിന്നും വിളിച്ചിരുന്നു. സാറിനോട് ഒന്ന് അത്യാവശ്യമായി സംസാരിക്കണം എന്നും പറഞ്ഞിരുന്നു. അപ്പോള്‍ സര്‍ അവിടെയാണല്ലോ മാഡം വന്നത് എന്ന് ചോദിച്ചപ്പോള്‍, ഗോപീ..... ഇവിടെ വന്നിട്ട് അദ്ദേഹം പോയി എന്നുമാണ് അവര്‍ മറുപടി പറഞ്ഞത്. അതിനര്‍ഥം ഇവിടെ വന്നു തിരിച്ചുപോയി എന്നല്ലേ..??? അങ്ങിനെ എങ്കില്‍, സെലീന മാഡത്തിനെയും കണ്ടെത്താന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍, ഇവിടെ കഴിഞ്ഞ രാത്രിയില്‍ എന്തോ സംഭവിച്ചിരിക്കും. അപ്പോള്‍ ഗോപി ഊഹിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വേലക്കാരന്‍ ബാലനെ എനിക്കറിയാം. അതുപോലെ സെലീന മാഡത്തിനു രണ്ടു സഹായികള്‍ ഉണ്ട്. ഇവരെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ക്കെല്ലാം ഈ മരണത്തില്‍ പങ്കുണ്ടാകും. അപ്പോള്‍ ആദ്യം അവരെ കണ്ടെത്തുക. അതുവഴി മാത്രമേ നമ്മുടെ അന്വേഷണം മുന്നോട്ടുപോകൂ..."  

പോലീസുകാര്‍ തലപുകഞ്ഞ് ആലോചിച്ചു. പ്രത്യക്ഷത്തില്‍ അപകടം മൂലം ഉണ്ടായ ഒരു മരണത്തിന്‍റെ പ്രതീതി. എങ്കിലും അടുത്തിടെ അവിടെയുണ്ടായ സത്യരാജിന്‍റെ കൊലപാതകം ഒക്കെ എന്തിലേയ്ക്കോ വിരല്‍ ചൂണ്ടുന്നു. അവരങ്ങനെ ചര്‍ച്ചയില്‍ മുറുകി നില്‍ക്കെ, പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു. നമ്മുക്ക്... നായ കുരച്ചത് സെലീന മാഡത്തിന്‍റെ വീട്ടിലേയ്ക്ക് നോക്കിയല്ലേ? ആ വഴിയ്ക്ക് ഒന്ന് ചിന്തിച്ചാലോ?

മറ്റുള്ളവര്‍ അത് ശരിയെന്നു വച്ചു. പക്ഷെ, നായ നിന്നിടത്ത് നിന്നും പത്തിരുപത് അടിയോളം മുന്നോട്ടു ചെന്ന് മണം പിടിച്ചു പിടിച്ച് അവിടെ തന്നെ നിന്നു. അവരാകെ ചിന്തക്കുഴപ്പില്‍ ആയി. വാഹനം നിയന്ത്രണം വിട്ടത് തന്നെ. അങ്ങിനെ എങ്കില്‍ ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ നോക്കുകയെ നിര്‍വാഹമുള്ളൂ. അങ്ങിനെയൊരു തീര്‍പ്പിനൊടുവില്‍ ചെമ്പന്‍റെ ശരീരം അവിടെ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റപ്പെട്ടു. പോലീസുകാരില്‍ ഒരു വിഭാഗം ജീപ്പ് അവിടെ നിന്നും ഉയര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
***************
അമറും ഫസിയയും വീട്ടിനടുത്തേയ്ക്ക് എത്താറായി. കുറച്ചകലെ ആള്‍ക്കൂട്ടവും പോലീസും ഒക്കെ കണ്ട് അമര്‍ വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി. അവള്‍ കാറിനകത്ത് തന്നെയിരുന്നു. അമര്‍ പുറത്തേയ്ക്കിറങ്ങി. അരുകില്‍ നിന്ന പോലീസുകാരോട് അവന്‍ ഒന്നും അറിയാത്ത പോലെ കാര്യങ്ങള്‍ തിരക്കി. അതിനിടയില്‍ പോലീസുകാരന്‍ ഗോപി അമറിനെ കണ്ടു. അയാള്‍ അമറിനരുകിലേയ്ക്ക് വന്നു. എന്നിട്ടയാള്‍ പറഞ്ഞു.

"അമര്‍.. മരിച്ചത് ചെമ്പന്‍ ജയിംസ്‌ ആണ്...."

"ഹോ.!!! ദൈവമേ എങ്ങനെ???

"ആക്സിഡന്റിലേയ്ക്കാണ് ആദ്യ നിഗമനം ചെന്നെത്തുന്നത്. പിന്നെ സെലീനയെയും, അവരുടെ കൂട്ടാളികളെയും അവിടെ നിന്ന വേലക്കാരനെയും കാണാതായിട്ടുണ്ട്. എന്തായാലും പോലിസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്..."

"സാര്‍, ആക്സിഡന്റ്റ് എന്നുള്ളത് അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന് ആരെങ്കിലും പറയത്തക്ക ശത്രുതകള്‍ ഉണ്ടോ..??

"ഹ ഹ ഹ .. ശത്രുക്കള്‍ ഉണ്ടെന്നോ അമര്‍..!! അയാള്‍ക്ക്‌ ശത്രുക്കളെ ഉള്ളൂ. ശെരിക്കും ആലോചിച്ചാല്‍ നീയും സലിം ഇക്കായും ഒക്കെ അയാളുടെ ശത്രുക്കള്‍ അല്ലെ???

അമര്‍ അത് കേട്ടു പൊട്ടിച്ചിരിച്ചു. സലിം ബാപ്പ ചെമ്പനെ വെല്ലുവിളിച്ചു എന്നുള്ളത് നേരുതന്നാ. അത് എന്നോടുള്ള സ്നേഹം കൊണ്ട് അപ്പോഴങ്ങിനെ തോന്നിയതല്ലേ??

അമര്‍ പറഞ്ഞു തീരുമ്പോള്‍ അവര്‍ രണ്ടുപേരും കൂടി പൊട്ടിച്ചിരിച്ചു. അതുകഴിഞ്ഞ്, നടന്ന സംഭവങ്ങള്‍ ഒക്കെ അമര്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചു പറഞ്ഞു. അവിടെ നിന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടുപേര്‍ പുറപ്പെട്ടിട്ടുണ്ട് എന്നവന് അറിവ് ലഭിച്ചു. പിന്നെ ഗോപിയോട് യാത്ര പറഞ്ഞ് അവന്‍ വണ്ടിയിലേയ്ക്ക് കയറാനായി മുന്നോട്ട് വന്നു. അപ്പോഴേയ്ക്കും അവനരുകിലേയ്ക്ക് ഗോപി വീണ്ടും ഓടിവന്നു. കാറിനരുകില്‍ വന്നിട്ടയാള്‍, അതിനകം ഡ്രൈവര്‍ സീറ്റിലേയ്ക്ക് കയറിയ അമറിനോട്, അല്‍പ്പം തല കുനിച്ച് വണ്ടിയ്ക്കകത്തേയ്ക്ക് നോക്കി പറഞ്ഞു.

"അമര്‍... ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ വിട്ടുപോയി. അമര്‍, പ്രസ്‌ എന്നെഴുതിയ ഒരു വാഹനം സെലീന മാഡത്തിന്‍റെ വീടിന് പുറകുവശത്തെ ഗോഡൌണില്‍ മൂടിയിട്ടിരിക്കുന്നത് ഞാന്‍ കണ്ടു. അത് അമറിന്‍റെതല്ലേ..??

"അതെ സാര്‍. കഴിഞ്ഞ തവണ ഫസിയായുടെ ഉമ്മയെ കാണാന്‍ വന്നപ്പോള്‍ തകരാറില്‍ ആയതാണ്. അങ്ങിനെ അവിടെ കയറ്റിയിട്ടു. അതെടുക്കണം ഇവിടുന്ന്. കുറച്ചുനാളായി അതങ്ങിനെ കിടക്കാന്‍ തുടങ്ങിയിട്ട്..."   പറഞ്ഞുകൊണ്ട് അവന്‍ അയാളെ നോക്കി ചിരിച്ചു. അയാളും.

അമര്‍ വണ്ടി മുന്നിലേയ്ക്കെടുത്തു. വണ്ടിയ്ക്കരുകില്‍ നിന്നും നടന്നകലുമ്പോള്‍ ഗോപിയുടെ പോലീസുകാരന്‍ ബുദ്ധി ഉണര്‍ന്നു. പിന്നെ അയാള്‍ സ്വയം പറഞ്ഞു. "ശെരിയാണ്. അത് ഇന്നും ഇന്നലെയൊന്നും വന്നതല്ല അവിടെ.. മാസങ്ങളായി എന്നത് കണ്ടാലേ അറിയാം... ഹോ വെറുതെ അമറിനെ സംശയിച്ചു...

വണ്ടിയ്ക്കുള്ളില്‍ ഇരുന്ന് ഫസിയ അമറിനോട് ചോദിച്ചു. "അമറേട്ടാ... ആ വണ്ടി എങ്ങിനെ ഇവിടെ വന്നു....???."

അമര്‍ അവളെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഫസിയ.. അന്ന് എന്നെ വെട്ടിവീഴ്ത്തി സത്യരാജ് കൊണ്ട് കടന്നുകളഞ്ഞ വണ്ടിയാണ്... അതിവിടെ ഉണ്ടെന്ന് ഞാനിപ്പോഴാ അറിയുന്നത്..!!!

അമറിന്റെ വാക്കുകള്‍ കേട്ടു ഫസിയ കുനിഞ്ഞിരുന്നു. അവള്‍ക്കറിയാം അവളുടെ ഉമ്മയുടെ ക്രൂരതകള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല എന്ന്... അതുകൊണ്ട് തന്നെ അമറിനോട് അതെ പറ്റി അവള്‍ പിന്നീടൊന്നും ചോദിച്ചതും ഇല്ല.

അല്‍പനേരം കൊണ്ട് സെലീനയുടെ കാര്‍പോര്‍ച്ചില്‍ അമറിന്‍റെ വണ്ടി വന്നു നിന്നു. രണ്ടുപേരും പുറത്തിറങ്ങി. വാതില്‍ തള്ളിത്തുറന്ന് അവരിരുവരും അകത്തേയ്ക്ക് കയറി. അവിടെ അന്ന് വല്ലാത്ത ഒരു മൂകത തളംകെട്ടിയിരുന്നു. ഫസിയ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു.

"ബാലമ്മാവാ.... ബാലമ്മാവാ...."

അവളുടെ വിളി കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അതോടെ അമറും ഫസിയയും അടുക്കളയില്‍ ചെന്നു നോക്കി. അവിടെ ആരും ഉണ്ടായിരുന്നതായി അവര്‍ക്ക് തോന്നിയില്ല. സെലീനയുടെ മുറി തുറന്നുകിടക്കുന്നതും അവളുടെ ശ്രദ്ധയില്‍ പെട്ടു. അമറും ഫസിയയും ആകെ ആശങ്കയില്‍ ആയി. അമര്‍ അവളോട്‌ പറഞ്ഞു.

"ഫസിയ ഇന്നലെ നമ്മള്‍ പോയതില്‍ പിന്നെ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ...!!! അല്ലെങ്കില്‍ നീ പോയ വിഷമത്തില്‍ നിന്‍റെ ഉമ്മ ഏതെങ്കിലും ക്ലബ്ബില്‍ മദ്യപിച്ചു കിടക്കുന്നുണ്ടാകും..."

അമര്‍ അത് പറയുമ്പോള്‍ ഫസിയ ചിറികോട്ടി. എന്നിട്ടവള്‍ പറഞ്ഞു.

"അമറേട്ടന്‍ എന്നതാ ഈ പറയുന്നത്. എന്റുമ്മയ്ക്ക് മനസ്താപമോ??   അതും ഞാന്‍ നഷ്ടപ്പെട്ടിട്ട്. എന്‍റെ ഉമ്മ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ അമറേട്ടനെ കാണുക പോലും ഇല്ലായിരുന്നു അതറിയോ..???

അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമറും ചിന്തിച്ചു. ശരിയാണ്. അങ്ങിനെ ഒരു സ്നേഹം ഈ വീട്ടിനകത്ത് ഇല്ലല്ലോ...??  ഇതെല്ലാം പരസ്പരം പറഞ്ഞും ചിരിച്ചും കൈകള്‍ കോര്‍ത്തുകൊണ്ട് അവരിരുവരും പടിക്കെട്ടുകള്‍ കയറി മുകളില്‍ ചെന്നു. ബഷീറിന്‍റെ മുറി തുറന്നു കിടപ്പുണ്ടായിരുന്നു. പക്ഷെ, ബഷീര്‍ കിടക്കയില്‍ ഉണ്ടായിരുന്നില്ല. ഫസിയ ചുറ്റും നോക്കി വിളിച്ചു.

"ബാപ്പാ..... ബാപ്പാ......"

അയാള്‍ വിളികേട്ടില്ല. അവളാകെ പരിഭ്രാന്തയായി....

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....63

പിന്നിലേയ്ക്ക് ചുവട് വച്ച സെലീനയ്ക്ക് സ്വന്തം ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി. പെട്ടെന്ന് പിന്നിലെ ചുവരില്‍ ഇടിച്ചവള്‍ അവിടെ നിന്നു. അവളുടെ കഴുത്തിനു നേരെ അയാളുടെ ഒരു കൈവരുന്നത് കണ്ട് അവള്‍ തല ഒരുവശത്തേയ്ക്ക് ചരിച്ച്, കണ്ണുകള്‍ പൂട്ടി നിന്നു. പിന്നെ രണ്ടും കല്പിച്ചവള്‍ അയാളെ തള്ളിമാറ്റി മുന്നിലേയ്ക്കോടി. പെട്ടെന്ന് പിന്നിലേയ്ക്ക് നിലതെറ്റിയ ആ രൂപം അവള്‍ക്കു പിന്നാലെ പാഞ്ഞു. ഹാളിനുള്ളിലും മുറികളിലും ഒക്കെ പ്രാണവേദനയോടെ അവളോടി. അവിടെല്ലാം ആ കരങ്ങള്‍ അവളെ പിന്തുടര്‍ന്നു. ഒടുവില്‍, ഉള്ളിലെവിടെയോ ഉറഞ്ഞുകൂടിയ അവളുടെ വാക്കുകള്‍ കണ്ഠനാളം വിട്ട് ഇങ്ങനെ പുറത്തേയ്ക്ക് ചാടി.

"രക്ഷിക്കണേ..!!! അള്ളാ... ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ..!!

വിളിച്ചുകൊണ്ടവള്‍ പ്രാണരക്ഷാര്‍ത്ഥം മുന്നിലെ വാതിലിലേയ്ക്ക് ഓടി. അപ്പോഴേയ്ക്കും അവളുടെ മുന്നിലേയ്ക്ക് ഓടിക്കയറി നിന്നയാള്‍ ആ വാതില്‍ താഴിട്ടു. സെലീന താന്‍ രക്ഷപ്പെടില്ല എന്ന് തീര്‍ത്തുറപ്പിച്ചു. അവസാന അടവെന്നോണം അവള്‍ അയാളുടെ കാലുകളില്‍ വീണു. എന്നിട്ടവള്‍ അവളിലേയ്ക്ക് നോക്കിനില്‍ക്കുന്ന ആ രൂപത്തെക്കണ്ട് യാചനയുടെ സ്വരത്തില്‍ പറഞ്ഞു.

"ബഷീറിക്കാ.... മാപ്പ്. ഞാന്‍ നിങ്ങളോട് ചെയ്തതെല്ലാത്തിനും മാപ്പ്. എന്നെ, എന്നെയൊന്നും ചെയ്യല്ലേ..?? ഞാന്‍ എവിടേലും പോയി ജീവിച്ചോളാം. എല്ലാം ഞാന്‍ മടക്കിത്തരാം ഇക്കാ. നിങ്ങളില്‍ നിന്നു ഞാന്‍ തട്ടിയെടുത്തതെല്ലാം. എനിക്ക്, എനിക്കെന്‍റെ ഉയിര് മാത്രം മതി ഇക്കാ... "

ബഷീര്‍ അവളുടെ വാക്കുകള്‍ കേട്ടെന്നോണം പറഞ്ഞു.

"എഴുന്നേല്‍ക്ക് സെലീന. എഴുന്നേല്‍ക്ക്. നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. നീ ചെയ്തലെല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു സെലീനാ..."

സെലീന ഭയത്തോടെ അയാളുടെ മുന്നില്‍ എഴുന്നേറ്റു നിന്നു. സെലീനയ്ക്കറിയാം ഇതല്ലാതെ, അയാളെ അനുസരിക്കുകയല്ലാതെ, ഒരു മാര്‍ഗവും തനിക്കു രക്ഷപ്പെടാന്‍ ഇല്ലെന്ന്. അവള്‍ അയാള്‍ക്കൊപ്പം ചുവട് വച്ചു. അതിനിടയില്‍ ഒരുനിമിഷം. അവള്‍ ചിന്തിച്ചു. ഈ നിമിഷം ഒന്ന് തള്ളിനീക്കിയാല്‍ മതി. പിന്നെ അമറിനെയും അവളെയും കൊന്നിട്ടവര്‍ തിരികെ വരുമ്പോള്‍ ഇയാളെക്കൂടി ഒടുക്കണം. എന്നാലെ ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയോടെ ജീവിക്കാന്‍ കഴിയൂ. നേടിയതെല്ലാം നഷ്ടപ്പെടുത്താന്‍.. അവള്‍ ഒരുക്കമായിരുന്നില്ല.

ചിന്തിക്കുംതോറും അവള്‍ക്കു ഭ്രാന്ത് പിടിച്ചു. പെട്ടെന്നവള്‍ ബഷീറിന്‍റെ കൈതട്ടിമാറ്റി മുകളിലേയ്ക്ക് ഓടാന്‍ തുനിഞ്ഞു. ആദ്യത്തെ പടിയവള്‍ കാലെടുത്ത് വയ്ക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്ന ബഷീറിന്‍റെ കൈയിലെ നീണ്ട തുണി അവളുടെ കഴുത്തില്‍ വീണു മുറുകാന്‍ തുടങ്ങിയിരുന്നു. സെലീന ഇരുകരങ്ങളും കൊണ്ട് കഴുത്തില്‍ തെരുപിടിച്ചു.

ബഷീര്‍ കൈയിലെ തുണിയുമായി പടികള്‍ ഓരോന്നും ചവുട്ടി മുകളിലേയ്ക്ക് കയറി. സെലീന ഗോവണിയുടെ താഴെയും. ബഷീര്‍ മുകളിലേയ്ക്ക് കയറുന്തോറും അത് കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. ഒടുവില്‍, അതിന്‍റെ അഗ്രം അയാള്‍ കൈവരിയുടെ മുകളിലെ തടിയില്‍ കെട്ടിവച്ചു. ഇപ്പോള്‍ സെലീനയുടെ പാദത്തിനും നിലത്തിനും ഇടയില്‍ മരണത്തിന്‍റെ ഒരു നേര്‍ത്ത പാടമാത്രം. അവള്‍ അതില്‍ തൂങ്ങി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. പിന്നെ, ബഷീര്‍ പടികളോരോന്നും സാവധാനം ഇറങ്ങി താഴേയ്ക്ക് വന്നു. അയാള്‍ ഹാളിലെ സോഫയില്‍, കയറില്‍ പിടയ്ക്കുന്ന സെലീനയ്ക്ക് അഭിമുഖമായി വന്നിരുന്നു. സെലീന അപ്പോഴും പിടച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ ആരെയോ തേടിയപോലെ ചുറ്റിലും പരതി. കൈകള്‍, ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുമ്പോലെ അയാള്‍ക്ക്‌ നേരെ പലവട്ടം ഉയര്‍ന്നു താണു. എങ്കിലും ബഷീറിന് ഒരു മനസ്സലിവും ഉണ്ടായിരുന്നില്ല. നിര്‍വികാരനായി അത് നോക്കിയിരിക്കുക മാത്രമാണ് അയാള്‍ ചെയ്തത്.
*************
ഇതേസമയം, റോഡിലൂടെ അമറിനരുകിലേയ്ക്ക് പായുകയായിരുന്ന സെലീനയുടെ വണ്ടി, സഹായികള്‍ പ്രാധാന പാത കഴിഞ്ഞ് അമറിന്‍റെ വീട്ടിലേയ്ക്ക് പോകാനുള്ള വഴിയിലേയ്ക്ക് തിരിച്ചു. പെട്ടെന്ന്, എന്തോ ചിന്തിച്ചപോലെ, ഗോപു വഴിയോരം ചേര്‍ത്ത് വണ്ടി നിര്‍ത്തി. എന്നിട്ട് അവന്‍ കൂട്ടാളിയോട് പറഞ്ഞു.

"എടാ... അമറിനെ കൊല്ലുന്നത് അത്ര എളുപ്പമല്ല. അതറിയാല്ലോ നിനക്ക്..??? അതും സത്യരാജിന് വീഴ്ചപറ്റിയ ഇടത്ത് ഈ നമ്മള്‍...!!! അത് ശരിയാകുമോടാ..??? എനിക്ക് തോന്നുന്നില്ല...!!! ഒടുവില്‍, അവനെ എതിര്‍ത്ത സത്യരാജിന്‍റെ അവസ്ഥ നമ്മള്‍ കണ്ടതല്ലേ? പിന്നെ അവര്‍ പരസ്പരം നോക്കി എന്തോ തീരുമാനിച്ചു. ഒടുവില്‍, ആ വാഹനം പുറകിലേയ്ക്ക് വന്നു. പിന്നെ, അവര്‍ പോകേണ്ട വഴി വിട്ട് എതിര്‍ദിശയിലേയ്ക്ക് വണ്ടിയോടിച്ചു പോയി. അത് ഇരുളിലൂടെ പായുമ്പോള്‍ അവര്‍ അതിനകത്തിരുന്നു ഓരോ ലക്ഷം രൂപ വീതിച്ചെടുത്തു. പിന്നെ അകലങ്ങളിലേയ്ക്ക്, ആ ഇരുളിലൂടെ ആ കാര്‍ ഏതോ ദേശത്തേക്ക് യാത്ര പോയി.
*************
നേരം പുലര്‍ന്നു. എസ്. ഐ. യെ തിരക്കി പോലിസ് സ്റ്റേഷനില്‍ നിന്നും ഒരു ജീപ്പ് നിറയെ പോലീസുകാര്‍ സെലീനയുടെ വീട്ടുമുറ്റത്തെത്തി. ചാരിക്കിടന്ന മുന്‍വാതില്‍ തള്ളിതുറന്നു അവര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഹാളില്‍ അവര്‍ ആരെയും കണ്ടില്ല. അവരുടെ വിളിയൊച്ചകള്‍ അവിടുത്തെ ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചു. പോലീസുകാര്‍ താഴത്തെ നിലയില്‍ എല്ലായിടവും നടന്നു വിളിച്ചു. എങ്ങും ഒരു മൂകത മാത്രം അവര്‍ അവിടെ കണ്ടു. എവിടെയും അസാധാരണമായ ഒന്നും അവര്‍ കണ്ടില്ല. ഒരു പോലീസുകാരന്‍ മുകളിലെ നിലയിലേയ്ക്ക് ചുവടുകള്‍ വച്ചു. ബാല്‍ക്കണിയില്‍ എത്തിയ അയാള്‍ ഒരു മുറി തുറന്നുകിടക്കുന്നത് കണ്ടു അവിടേയ്ക്ക് കയറി. അകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന ബഷീറിനെ കണ്ട് അയാള്‍ പിന്തിരിഞ്ഞ് ബാല്‍ക്കണിയില്‍വന്നു നിന്നു താഴേയ്ക്ക് നോക്കി ആ മുറിയിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ദേ..!! ഇവിടെ, ഈ മുറിയില്‍ കിടക്കയില്‍ ഒരാള്‍ കിടപ്പുണ്ട്."

അയാളുടെ വാക്കുകള്‍ കേട്ടു പോലീസുകാര്‍ എല്ലാപേരും കൂടി അപ്പോള്‍ മുകളിലെ നിലയിലേയ്ക്ക് ഓടിക്കയറി. തളര്‍ന്നുകിടക്കുന്ന ബഷീറിനരുകില്‍ അവര്‍ വന്നു നിന്നു. അവരില്‍, സെലീനയെയും ഈ വീടിനെയും നന്നായി അറിയാവുന്ന ഗോപി, കിടക്കയ്ക്കരുകില്‍ വന്നു ബഷീറിനോട്‌ ചേര്‍ന്നിരുന്നുകൊണ്ട് ചോദിച്ചു.

"ബഷീറിക്കാ... സെലീന മാഡം എവിടെപ്പോയി.. ന്നു അറിയാമോ?? ബഷീര്‍ ഇല്ലാന്ന് തലകുലുക്കി.

അതോടെ ഗോപി മറ്റ് പോലീസുകാരോടായി പറഞ്ഞു. "ഒരുപാട് നാളായി തളര്‍ന്നുകിടക്കുവാ പാവം. അവരേതെങ്കിലും ക്ലബ്ബില്‍ കിടന്ന് ഉറങ്ങുകയായിരിക്കും. അയാള്‍ ബഷീറിനോട്‌ യാത്ര പറഞ്ഞ് കിടക്കയില്‍ നിന്നും എഴുന്നേറ്റു. പെട്ടെന്ന് ബഷീര്‍ അയാളോട് പറഞ്ഞു.

"ഗോപി ഒന്ന് ഫോണ്‍ ചെയ്തു നോക്കൂ. അവള്‍ പോകുന്നതും വരുന്നതും ഒന്നും ഞാന്‍ അറിയാറില്ല. എന്നോടാരും പറയാറും ഇല്ല. അത് നിനക്കറിയാല്ലോ..?? എന്നാലും ഇന്നലെ അര്‍ദ്ധരാത്രി വരെ അവളിവിടെ ഉണ്ടായിരുന്നു. താഴത്തെ നിലയില്‍ നിന്നും ഒരു പുരുഷന്‍റെ ചില വാക്കുകള്‍, സംസാരത്തിന്‍റെ ഒച്ചകള്‍ ഒക്കെ ഞാന്‍ കേട്ടിരുന്നു. എഴുന്നേറ്റു നടക്കാന്‍ കഴിയാത്തതിനാല്‍ എനിക്കത് ആരെന്നറിയാന്‍ കഴിഞ്ഞില്ല. എന്തായാലും അതേതോ പോലീസുകാരന്‍ എന്നത് എനിക്കുറപ്പാ..."

പെട്ടെന്ന് ഗോപി പറഞ്ഞു.

"അത് ശെരിയാ ബഷീര്‍ ഇക്കാ ഇന്നലെ ആ സത്യരാജ് കൊലപാതകവുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ക്കായി എസ്. ഐ ഇവിടെ വന്നിരുന്നു. പിന്നെ ഇടയ്ക്കെപ്പോഴോ സെലീനമാം പോലിസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്തിരുന്നു... പിന്നെ അവന്‍ ആത്മഗതം ചെയ്തു. "എങ്കിലും ഇവര് രണ്ടുപേരും ഇതെവിടെപ്പോയി..???

പോലീസുകാര്‍ പടികളിറങ്ങുമ്പോള്‍ ബഷീര്‍ കിടക്കയിലേയ്ക്ക് തന്നെ തിരിഞ്ഞു. തലയിലൂടെ മൂടിയ കമ്പിളിയ്ക്കുള്ളില്‍ കിടന്ന അയാളുടെ മുഖം ഗൂഡമായി ചിരിച്ചു. ഗോപി സെലീനയുടെ ഫോണിലേയ്ക്ക് വിളിച്ചു. അത് സ്വീകരണമുറിയിലെ മേശയില്‍ കിടന്ന് കറങ്ങിവിളിച്ചു. അയാള്‍ വന്ന് ഫോണ്‍ കൈയിലെടുത്തു. പിന്നെ അതിലെ ഡയല്‍ നമ്പര്‍ ഓരോന്നായി നോക്കി, അത് സ്വന്തം പോക്കറ്റിലേയ്ക്കിട്ടുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
***********
ഫസിയ വല്ലാതെ സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ അവള്‍ ഇതുപോലെ ഒരു സന്തോഷം അറിയുന്നത്. രാവ് മുഴുവന്‍ നെഞ്ചോട്‌ ചേര്‍ത്തുറക്കാന്‍ ഒരമ്മ. ഈ ആയുസ്സില്‍ അതുണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്ന അവള്‍ക്കു ഇതൊരു സ്വര്‍ഗ്ഗഭൂമിയായി തോന്നി. അവള്‍ അവിടെ ദേവദാരുവിന്നരികത്തെല്ലാം തുള്ളിച്ചാടി നടന്നു. വീടിന്‍റെ തിണ്ണയില്‍ അവളെത്തന്നെ നോക്കി അമര്‍ ഇരുന്നു.

നാളെ മുതല്‍ ജോലിയ്ക്ക് പോകണം എന്നവന്‍ തീരുമാനിച്ചു. എത്രയും പെട്ടെന്ന് എവിടെ നിന്നെങ്കിലും കുറച്ചു പണം സ്വരൂപിക്കണം. ഒരു മുറികൂടി ഉണ്ടാക്കണം. ഇവളെ ഇങ്ങനെ തുള്ളിച്ചാടാന്‍ വിട്ടൂട. അവന്‍ ചിന്തിയിലാണ്ട് ഗൂഡമായി ചിരിച്ചു. ഇതുകണ്ട ഫസിയ അവനരുകിലേയ്ക്ക് വന്നു. എന്നിട്ടവള്‍ അല്‍പ്പം കുനിഞ്ഞ് അവന്‍റെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചു ചോദിച്ചു.

"എന്താ... എന്താ... ആലോചിക്കണേ..??

അമര്‍ അവളെ നോക്കി ചിരിച്ചു. അവള്‍ അവനെ നോക്കി വശ്യമായി ചിരിച്ചു.

അവള്‍ അവനരുകില്‍ വന്ന് ഇരുന്നു. എന്നിട്ടവള്‍ ചോദിച്ചു.

"അമറേട്ടാ..ന്‍റെ ബാപ്പ ഇപ്പോള്‍ എന്തെടുക്കുകയോ ആവോ...?? പറഞ്ഞുകൊണ്ട് ഫസിയ അവന്‍റെ തോളിലേയ്ക്ക്‌ തല ചായ്ച്ചു. അമര്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

"പോകാം നമ്മുക്ക് അവിടം വരെ. എന്നിട്ട് ബാപ്പാനെക്കൂടി ഇങ്ങട് കൊണ്ട് വരാം. ഇനിയുള്ള കാലം മുഴുവന്‍ ബാപ്പ ഇവിടെ കഴിയട്ടെ. നമ്മളോടൊപ്പം." അവനിത് പറയുമ്പോഴേയ്ക്കും അടുക്കളയില്‍ നിന്നും ദേവുവും അവനരുകിലേയ്ക്കെത്തി. അവന്‍റെ വാക്കുകളുടെ തുടര്‍ച്ച എന്നോണം അവള്‍ അമറിനോട് പറഞ്ഞു.

"വേണം മോനെ.. അത് വേണം. ഇത്രയും കാലം ഇക്കാ അനുഭവിച്ചത് മതി. ഇങ്ങ് കൊണ്ടുവരണം ഇക്കാനെ. അതിനു മുന്‍പ് എന്‍റെ മോന്‍ ഒരു മുറികൂടി ഇവിടെ ഉണ്ടാക്കണം..."

"അത് ശരിയാ അമ്മെ... അല്ലാതെ ഇവിടെ എങ്ങിനെ കിടക്കാനാ അല്ലെ?? എങ്കിലും ഞാന്‍ ഇന്ന് ഫസിയായെയും കൊണ്ട് ഒന്ന് പോയി ബാപ്പാനെ കണ്ടോട്ടെ..." അമര്‍ ചോദിച്ചു.

"അതിനെന്താ മോനെ... പൊയ്ക്കോള്ളൂ.. ദേ കാപ്പി റെഡിയായി. കഴിച്ചിട്ട് രണ്ടാളും പൊയ്ക്കോള്ളൂ. ഇക്കാനെ പോയി കണ്ടോള്ളൂ..."

പറഞ്ഞുകൊണ്ട് ദേവു അകത്തേയ്ക്ക് പോയി. പിന്നെ ഫസിയയും അമറും പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞ് ബഷീറിനരുകിലേയ്ക്ക് യാത്രയായി.

(തുടരും)
ശ്രീ വര്‍ക്കല

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....62

വീണ്ടും പലമുറ അവള്‍ ചെമ്പന്‍ ജയിംസിനെ വിളിച്ചു. പക്ഷെ, ആ ഫോണ്‍ അയാള്‍ എടുത്തില്ല. അതോടെ സെലീന മേശമേല്‍ ഇരുന്ന ഫോണ്‍ ഡയറക്ടറിയെടുത്ത് പോലിസ് സ്റ്റേഷന്‍റെ നമ്പര്‍ തേടിയെടുത്തു. ഒടുവില്‍ അതിലേയ്ക്ക് വിളിച്ചവള്‍ മറുപടിയ്ക്കായി കാത്തുനിന്നു. അങ്ങേത്തലയ്ക്കല്‍ ആരോ ഫോണ്‍ എടുത്തത് കേട്ട് അവള്‍ ഉത്സാഹവതിയായി. അതോടെ സെലീനയുടെ വാക്കുകള്‍ വെപ്രാളത്തോടെ പുറത്തുവന്നു.

"ആരാ... ആരാ സംസാരിക്കുന്നത്..?? എനിക്ക് പെട്ടെന്ന് എസ്. ഐ യോടൊന്നു സംസാരിക്കണം..."

"ഓ... ആദ്ദേഹം പുറത്താണല്ലോ..!! ഇതുവരെ സ്റ്റേഷനില്‍ തിരികെ എത്തിയിട്ടില്ല...!! മാഡം ആരാണ് നിങ്ങള്‍..??? ആരാണ് സംസാരിക്കുന്നത്..??? എന്താണ് കാര്യം പറഞ്ഞോളൂ..??? അങ്ങേത്തലയ്ക്കലെ മറുപടി ഇപ്രകാരം ആയിരുന്നു.

"ഞാന്‍ സെലീനയാണ്... സെലീന..." സെലീന വിക്കിവിക്കി പറഞ്ഞു.

"ഓ.. സെലീന മാഡം..!!! പിന്നെയയാള്‍ സ്വരം താഴ്ത്തി പറഞ്ഞു. "മാഡം ഇത് ഞാനാണ് ഗോപി. സാറ് മാഡത്തിന്‍റെ വീട്ടിലേയ്ക്കാണ് എന്ന് പറഞ്ഞാണ് ഇവിടെ നിന്നും ഇറങ്ങിയത്. അവിടെ വന്നില്ലേ...?

"വന്നിരുന്നു ഗോപി. പക്ഷെ, ഇവിടുന്ന് പോയിട്ട് സമയം ഒരുപാട് ആയല്ലോ..??

"ങേ!! അയാള്‍ ഒരു ഞെട്ടലോടെയാണ് ഇത് ശ്രവിച്ചത്...?? എന്നിട്ടയാള്‍ പറഞ്ഞു. "ശരി മാഡം ഞങ്ങള്‍, ഞങ്ങളൊന്ന് അന്വേഷിക്കട്ടെ."

സെലീന ഫോണ്‍ മേശപ്പുറത്ത് വച്ചു. അവരാകെ തളര്‍ന്നിരുന്നു. പിന്നെ പതിയെപതിയെ ആ സോഫയിലേയ്ക്കവര്‍ കിടന്നു.
************
രാവ് ഇഴഞ്ഞുനീങ്ങി. അമറിന്‍റെ കാര്‍ സലീമിനെ വിട്ടതിന് ശേഷം ദേവദാരുവിന്നരികത്ത് വന്നു നിന്നു. അതില്‍ നിന്നും എല്ലാവരും പുറത്തിറങ്ങി. ദേവു ഫസിയയുടെ കൈപിടിച്ച് വീട്ടുമുറ്റത്ത് കൊണ്ടുനിര്‍ത്തി. അവളോട്‌ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് വിജയമ്മയും ദേവുവും തിടുക്കത്തില്‍ വീട്ടിനുള്ളിലേയ്ക്ക് കയറി. തിരക്കിട്ട് അവര്‍ ഒരുക്കിയ നിലവിളക്കും കൈയിലേന്തി ഫസിയ വീടിന്‍റെ പടിചവുട്ടി. ഉള്ളിലെത്തിയപ്പോള്‍, ആ വീട് ആദ്യമായി കാണുന്നത് പോലെ അവള്‍ ഭയന്നു. ദേവു സമാധാനപ്പെടുത്തി.

"മോള് ഭയക്കണ്ട. ഇനി ഇതാ മോളുടെ വീട്. ഇവിടെയാരും എന്‍റെ മോളെ തല്ലില്ല. ഇവിടെയാരും എന്‍റെ മോളെ കൊല്ലില്ല. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആളോള് മാത്രമുള്ള ഒരു കുഞ്ഞുവീടാണിത്."

പിന്നെ ഭക്ഷണം ഒക്കെ കഴിഞ്ഞ് അവര്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായി. ദേവുവും, വിജയമ്മയും പായയും തലയണയും എടുത്തുകൊണ്ട് ചായ്പ്പിലേയ്ക്ക് പോയി. അമര്‍ എത്ര തടഞ്ഞിട്ടും ആ മുറിയില്‍ കിടക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അമ്മയും അച്ഛമ്മയും മുറിവിട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ അവനു വല്ലാത്ത പ്രയാസമായി. മുറിയില്‍ തനിച്ചായപ്പോള്‍ ഫസിയ അവനോട് പറഞ്ഞു.

"അമറേട്ടാ... ജീവിതത്തില്‍ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തോളാ.. ദേവൂമ്മ. നമ്മളൊരിക്കലും വിചാരിച്ചതല്ല ഇത്രേം പെട്ടെന്ന് ഈ ദിവസം. ഇതൊരു നിമിത്തം പോലെ നമ്മുടെ ജീവിതത്തിലേയ്ക്ക് വന്നതാ. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നുന്നു. ഞാനൊന്ന് ചോദിച്ചോട്ടെ. പറഞ്ഞുകൊണ്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു.

"ചോദിച്ചോളൂ.. ഫസിയ. ഇനി നിനക്ക് എന്തും എന്നോട് ചോദിക്കാം. അതിനിനി ഒരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല." അമര്‍ പറഞ്ഞു.

അവന്‍റെ വാക്കുകള്‍ കേട്ട് അവന്‍റെ നെഞ്ചില്‍ കിടന്നവള്‍ ചോദിച്ചു. "അമ്മയെയും അച്ഛമ്മയേയും കൂടി നമ്മുക്ക് ഇവിടെ കൊണ്ടുവരാം. ഈ തണുപ്പില്‍ ആ ചായ്പ്പില്‍ അവര് രണ്ടുപേരും കിടക്കുമ്പോള്‍... നമ്മളെങ്ങിനാ ഇവിടെ..?? അവള്‍ തുടര്‍ന്നു. ഇനി നമ്മുക്ക് ഒരു മുറികൂടി ഇതില്‍ ചേര്‍ത്തിട്ട് മതി നമ്മുടെ ജീവിതം ആരംഭിക്കല്‍ ഒക്കെ. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ ഏട്ടാ..."

അമര്‍ അവളുടെ വാക്കുകള്‍ മൂളികേട്ടു. പിന്നെ അവര്‍ രണ്ടുപേരും എഴുന്നേറ്റു. വാതില്‍ തുറന്നവര്‍ പുറത്തുവന്ന് അടുക്കളയ്ക്കരുകില്‍ വന്നു. അതിന്‍റെ വാതിലിനരുകില്‍ നിന്ന് ഫസിയ വിളിച്ചു.

"അമ്മേ... അമ്മേ... ദേവൂമ്മേ..!!"

അതുവരെയും ഉറങ്ങിയിട്ടില്ലായിരുന്ന വിജയമ്മയും ദേവുവും ഒരേ സ്വരത്തില്‍ വിളികേട്ടു. പായയില്‍ നിന്നും ചാടിയെഴുന്നേറ്റ ദേവു വന്നു വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്ന രണ്ടുപേരെയും കണ്ടു ദേവു ചോദിച്ചു.

"എന്താ മക്കളെ ഇത്..??. ഇതുവരെ നിങ്ങളൊറങ്ങീല്ലെ???

"ഇല്ല അമ്മെ... ഉറക്കം വരുന്നില്ല." ഇത് പറഞ്ഞത് അമറാണ്. പിന്നെ അവര്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഒരുപാട് നേരം ദേവുവും വിജയമ്മയും അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ രണ്ടുപേരും അത് സമ്മതിച്ചില്ല. ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങി ദേവുവും വിജയമ്മയും ആ മുറിയിലേയ്ക്ക് തന്നെ വന്നു. പിന്നെ നിലത്ത് പായ വിരിച്ച് അച്ഛമ്മയ്ക്കും അമ്മയ്ക്കും നടുവില്‍ ഫസിയ കിടന്നു. അമര്‍ അമ്മയ്ക്കരുകിലും. ദേവുവിന്‍റെ തലോടലില്‍ കണ്ണുനീര്‍ വാര്‍ത്ത് വാര്‍ത്ത് ഫസിയ ഉറക്കം പിടിച്ചു. ഫസിയ ഉറക്കം പിടിച്ചപ്പോള്‍ ദേവു അമറിനടുത്തേയ്ക്ക് തിരിഞ്ഞു. അവനും അപ്പോഴേയ്ക്കു ഉറക്കം പിടിച്ചിരുന്നു. ദേവു പായയില്‍ നിന്നും തെല്ലുയര്‍ന്ന്‍ അവന്‍റെ നെറ്റിയില്‍ ഒരു മുത്തം നല്‍കി. മങ്ങുന്ന റാന്തല്‍ വെളിച്ചത്തില്‍ അപ്പോഴും മുന്നിലെ ചുവരില്‍ രഘു അവളെ നോക്കിയിരിപ്പുണ്ടായിരുന്നു. അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി താഴേയ്ക്ക് വീണു.
*************
സെലീന അപ്പോഴും, ആ രാവിലും സോഫയില്‍ തളര്‍ന്നുകിടന്നു.  അവള്‍ക്കു ഇമകള്‍ അടയ്ക്കാന്‍ തന്നെ ഭയം തോന്നിയിരുന്നു. മുന്നിലിരിക്കുന്ന ആ കത്ത് കാണുമ്പോള്‍ അവള്‍ക്ക് ശരീരം വല്ലാതെ പെരുക്കാന്‍ തുടങ്ങും. സെലീന സോഫയില്‍ നിന്നും ചാടിയെഴുന്നേറ്റ് ആ കത്ത് കൈക്കലാക്കി. അതുമായി അവള്‍ നേരെ അടുക്കളയിലേയ്ക്ക് പാഞ്ഞു. മനസംഘര്‍ഷത്തിന് അടിമപ്പെട്ട അവള്‍ പെട്ടെന്ന് ഗ്യാസ് അടുപ്പ് കത്തിച്ചു. പിന്നെ അതിലേയ്ക്ക് വച്ച് നീട്ടി ആ കത്തവള്‍ കത്തിച്ചു. പിന്നെ ഗ്യാസ് അണച്ച് അതിന്‍റെ മുന്നില്‍ നിന്നവള്‍ നെടുവീര്‍പ്പിട്ടു. അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍, എന്തോ ഓര്‍ത്തപോലെ അവള്‍ ഹാളിലേയ്ക്ക് ഓടി. മേശമേല്‍ ഇരുന്ന ഫോണ്‍ കൈക്കലാക്കി അവള്‍ മുന്‍വശത്തെ ജനാലയുടെ കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഗസ്റ്റ്‌ ഹൌസിലേയ്ക്ക് നോക്കി. അവിടമാകെ ഇരുള് ബാധിച്ചിരുന്നു. അവിടെനിന്ന് കൊണ്ട് സെലീന അവരെ ഫോണില്‍ വിളിച്ചു. അസമയത്തുള്ള സെലീനയുടെ ഫോണ്‍വിളി അവരെ ഉണര്‍ത്തി. ഗോപു പെട്ടെന്ന് തന്നെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"ഗോപു... എടാ ഗോപു...എഴുന്നേല്‍ക്കടാ... വാ വാ പുറത്തുവാ...."

അതോടെ അകത്തെ മുറിയില്‍ വെളിച്ചം വീണു. പിന്നെ കതകു തുറന്ന് ആ മല്ലന്മാര്‍ രണ്ടുപേരും പുറത്തേയ്ക്ക് വന്നു.  വീടിന്‍റെ ജനാലയ്ക്കരുകില്‍ നിന്ന് സെലീന അവര്‍ക്ക് നേരെ പുറത്തേയ്ക്ക് കൈനീട്ടി വീശി.   ഭയന്നു നില്‍ക്കുന്ന സെലീനയെ കണ്ട അവര്‍ ചോദിച്ചു.

"എന്താ സെലീനോമ്മാ... ? എന്തുണ്ടായി? എന്താ ഒരു ഭയം...???

"വാടാ പറയാം... നിങ്ങള് വാ പറയാം.." പറഞ്ഞുകൊണ്ടവള്‍ അവര്‍ വരുന്നത് പോലും നോക്കാതെ മുന്‍വശത്തെ വാതിലിലേയ്ക്ക് ചെന്നു. അപ്പോഴേയ്ക്കും സഹായികള്‍ പോര്‍ച്ചില്‍ എത്തിയിരുന്നു. സെലീന തിടുക്കത്തില്‍ ഉള്ളിലേയ്ക്ക് നടന്നു. അവര്‍ രണ്ടുപേരും അവള്‍ക്കു പുറകെയും. വീട്ടിനുള്ളില്‍ നിന്നു കിതച്ചുകൊണ്ട് അവള്‍ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു. അവര്‍ രണ്ടുപേരും സെലീനയുടെ വാക്കുകള്‍ കേട്ടിട്ടെന്നോണം തലകുലുക്കി കൊണ്ടിരുന്നു. ഒടുവില്‍ സെലീന കസേരയിലേയ്ക്കിരുന്നു. എന്നിട്ടവള്‍ അവരെ നോക്കി പറഞ്ഞു.

"എങ്ങിനെ...??? ഏതു വഴിയ്ക്ക് എന്നെനിക്കറിയേണ്ട. കൊല്ലണം. അവനേം അവളേം. ഈ രാത്രീല്.  നാളെ നേരം പുലരുമ്പോള്‍ അവര്‍ രണ്ടുപേരും ഈ മണ്ണില്‍ ജീവനോടെ ഉണ്ടാവാന്‍ പാടില്ല. അതിനു നിങ്ങള്‍ക്ക് എത്ര പണം വേണം എങ്കിലും ഞാന്‍ തരാം. .."

സെലീനയുടെ വാക്കുകള്‍ കേട്ടു അവരിരുവരും പരസ്പരം നോക്കി.

അപ്പോള്‍ വെപ്രാളത്തോടെ സെലീന ചോദിച്ചു.

"എന്താ... എന്താ രണ്ടാളും കൂടി ആലോചിക്കുന്നത്..??? എനിക്കൊന്നും അറിയില്ല. എത്ര പണം വേണം. പറഞ്ഞോ..!! ഞാന്‍ തരാം. പക്ഷെ, നേരം പുലരുമ്പോള്‍ അവരെ കൊന്നിട്ടേ നിങ്ങള് രണ്ടാളും ഇവിടെ വരാവൂ..."

മല്ലന്മാര്‍ അവളുടെ മുന്നില്‍ നിന്നു തലചൊറിഞ്ഞു. എന്നിട്ടവര്‍ മടിച്ചുമടിച്ച് പറഞ്ഞു.

"സെലീനോമ്മാ... അവനെ കൊല്ലുന്നത് അത്ര നിസ്സാരമല്ല. അത് സെലീനോമ്മയ്ക്ക് തന്നെ അറിയാല്ലോ..?? അവനെ കൊല്ലണേല്‍ നമ്മുക്ക് പണം ഒത്തിരി കൂടുതല്‍ വേണം. അവനെ കൊന്നു കഴിഞ്ഞാല്‍ ആ പെണ്ണ് നമ്മുക്ക് ഒരു വിഷയം അല്ല. അതേക്കുറിച്ച് ഓര്‍ത്ത് സെലീനോമ്മ വിഷമിക്കണ്ട. എല്ലാം ഞങ്ങളേറ്റു. ഈ രാത്രികൊണ്ട്‌ അവന്റേം  അവളുടേം കഥ ഞങ്ങള് തീര്‍ക്കും..."

സഹായികളുടെ വാക്കുകള്‍ കേട്ടു സെലീന ഓടി മുറിയ്ക്കകത്ത് കയറി. അല്‍പ്പസമയത്തിനുള്ളില്‍ അവളൊരു കൊച്ചു ബാഗുമായി വെളിയില്‍ വന്നു. എന്നിട്ട് അത് അവരുടെ നേരെ നീട്ടി പറഞ്ഞു.

"ദേ..!! ഇത് രണ്ടു ലക്ഷം ഉണ്ട്. ബാക്കി... ബാക്കി നിങ്ങള് കൊന്നേച്ച് വാ അപ്പോള്‍ തരാം.."

അവര്‍ പരസ്പരം മുഖത്തേയ്ക്കു നോക്കി. പിന്നെയത് വാങ്ങി. അപ്പോഴേയ്ക്കും സെലീന വണ്ടിയുടെ താക്കോല്‍ കൂടി അവരെ ഏല്‍പ്പിച്ചു. അവര്‍ രണ്ടുപേരും സന്തോഷത്തോടെ ആ മുറി വിട്ടു പുറത്തേയ്ക്ക് പോയി. സെലീന ചെറിയൊരു സമാധാനത്തോടെ സോഫയിലേയ്ക്കിരുന്നു.

മുന്‍വശത്തെ വാതില്‍ താഴിടാതെ സോഫയിലിരുന്ന അവള്‍ മെല്ലെ മയക്കത്തിലേയ്ക്ക് വഴുതി വീണു. അപ്പോള്‍ രാവ് അതിന്റെ മധ്യയാമം കഴിഞ്ഞ് യാത്ര തുടങ്ങിയിരുന്നു. ഉറക്കത്തിലായിരുന്ന സെലീന തോളില്‍ ഒരു കരസ്പര്‍ശം അറിഞ്ഞ് കണ്ണുകള്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്ന ആളിനെക്കണ്ട് അവളുടെ സപ്തനാഡികളും തളര്‍ന്നു. അവള്‍ സോഫയില്‍ നിന്നും ചാടിയെഴുന്നേറ്റു. എന്തോ ചോദിക്കണം എന്നവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഭയത്താല്‍ ഒരു കുഞ്ഞുവാക്ക് പോലും അവളില്‍ നിന്നും ഉയര്‍ന്നില്ല. ആ രൂപം അവളിലേയ്ക്ക് കൂടുതല്‍ അടുക്കുന്നപോലെ തോന്നിയ സെലീന പിന്നിലേയ്ക്ക് ചുവടുവച്ചു.

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....61

സെലീനയുടെ വീടിന്‍റെ പുറത്തേയ്ക്ക് നീങ്ങിയ വണ്ടിയില്‍ അമര്‍ കുനിഞ്ഞിരുന്നു. വണ്ടി വളരെ പതുക്കെയാണ് ചലിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് ദേവു പിന്നില്‍ നിന്നും അവന്‍റെ തോളില്‍ കൈവച്ചു. എന്നിട്ടവള്‍ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.

"അമ്മ.. അമ്മ ഇങ്ങനല്ല എന്‍റെ മോനെ കണ്ടത്...???

ദേവുവിന്‍റെ വാക്കുകള്‍ കേട്ട അവന്‍റെ നെഞ്ചില്‍ നിന്നും ശരവേഗത്തില്‍ ഒരു തേങ്ങല്‍ പുറത്തേയ്ക്ക് വന്നു. അവന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. പിന്നെ അതിന്‍റെ സ്റ്റീയറിംഗില്‍ മുഖമമര്‍ത്തി കരയാന്‍ തുടങ്ങി.
*******
ഇതേസമയം, എന്തോ ചിന്തിച്ചുറച്ചപോലെ ഫസിയ വീട്ടിലേയ്ക്ക് തിരികെക്കയറി. അതുകണ്ട് സെലീന ഗൂഡമായി ചിരിച്ചു. സെലീന സോഫയില്‍ ഇരുന്നുകൊണ്ട് തന്നെ അവളോട്‌ ചോദിച്ചു.

"ഇപ്പോള്‍ എന്‍റെ മോള്‍ക്ക്‌ മനസ്സിലായില്ലേ? മോളെ ഏച്ചുകെട്ടിയാല്‍ മുഴച്ചു തന്നെയിരിക്കും. അതിനി കാലം എത്ര പരിഷ്കരിച്ചാലും".

ഫസിയ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. എന്നിട്ടവള്‍ പടികളോരുന്നും കടന്നു മേലേയ്ക്ക് പോയി.  
********
അമറിന്‍റെ പിന്നിലിരുന്ന് ദേവു കരഞ്ഞു. ആ കരച്ചിലോടെ അവള്‍ പറഞ്ഞു. "താലി കെട്ടിയ പെണ്ണിനോട് എന്‍റെ മോന്‍ കാണിച്ച സ്നേഹം അമ്മയ്ക്കിഷ്ടായി. പക്ഷെ, അവളെ വിട്ട് എന്‍റെ മോന്‍ ഇങ്ങനെ വന്നത് അമ്മയ്ക്കിഷ്ടായില്ല...!! സത്യായിട്ടും അമ്മയിഷ്ടായില്ല. എന്‍റെ രഘുവേട്ടന്‍റെ മോനല്ലേടാ നീ...!!! എന്നിട്ടാണോ ആ പാവം മോളെ അവിടെ നിര്‍ത്തീട്ട് നീ വന്നത്. ഞാന്‍, നിന്‍റെ കൈയില്‍ പിടിച്ച് എന്‍റെ മോള് വരുന്നത് സ്വപ്നം കണ്ടിരുന്നു...!! മോനെ..!! നീയവളെ വിളിച്ചിറക്കിക്കൊണ്ട് വരുന്നത് ഞാന്‍  സ്വപ്നം കണ്ടിരുന്നു..."

അമ്മയുടെ വാക്കുകള്‍ കേട്ട അമര്‍ ഒരു ഞെട്ടലോടെ തലയുയര്‍ത്തി. അവന്‍ അതിനകത്തിരുന്ന എല്ലാവരെയും മാറിമാറി നോക്കി. അപ്പോള്‍ അടക്കാനാവാത്ത സന്തോഷത്തോടെ സലിം പറഞ്ഞു.

"ഇനിയാരെയാടാ മോനെ നീ പേടിക്കുന്നത്. പോയിക്കൊണ്ട് വാടാ ന്‍റെ മോളെ..."

സലിം പറഞ്ഞതും അമര്‍ ബ്രേയ്ക്കില്‍ നിന്നും കാലെടുത്തതും, റിവേര്‍സ് ഗീയര്‍ ഇട്ടതും ഒക്കെ ഒരുമിച്ചായിരുന്നു. തുറന്നുകിടന്ന ഗേറ്റും കടന്ന്‍ ഒരു മൂളലോടെ ആ വണ്ടി പുറകിലേയ്ക്ക് നീങ്ങി. നിമിഷനേരം കൊണ്ടത് സെലീനയുടെ വീടിന്‍റെ പോര്‍ച്ചില്‍ വന്നത് നിന്നു. പക്ഷെ, തുറന്നുകിടന്ന വാതിലിന് മുന്നില്‍ ആരും ഉണ്ടായിരുന്നില്ല.

മൂളിപ്പാഞ്ഞുവന്ന വണ്ടിയുടെ സ്വരം കേട്ടു സെലീന സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. മുന്‍വാതില്‍ വരെവന്ന അവരെ തള്ളിമാറ്റി പെട്ടെന്ന് അമര്‍ അവിടേയ്ക്ക് വന്നു. ഹാളിന് അകത്തേയ്ക്ക് കയറി നിന്ന അമറിനോട് സെലീന പെട്ടെന്ന് ചോദിച്ചു.

"എവിടേയ്ക്കാ നീയിനി...?? അവള്‍ക്കു നിന്നെയിനി വേണ്ടാന്ന് പറഞ്ഞു... അവള് മേലേയ്ക്ക് പോയി. ഇനി നീ ഇവിടെ നിന്നാല്‍ ഞാന്‍ പോലിസിനെ വിളിക്കും..."

അവരുടെ വാക്കുകള്‍ ഒട്ടും ശ്രദ്ധിക്കാതെ നിന്ന അമറിനെ വീണ്ടും സെലീന തട്ടിവിളിച്ചു. അവന്‍ അവരെ തന്നെ നോക്കി നിന്നു. അപ്പോള്‍ വീണ്ടും സെലീന പറഞ്ഞു.

"എന്താ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയാ. ഇനീം നീയിവിടെ നിന്നാല്‍ ഞാന്‍ പോലിസിനെ വിളിക്കും.."

അവനാ കൈ തട്ടിക്കളഞ്ഞ് കൊണ്ട് പറഞ്ഞു...

"പോ... തള്ളേ, നിങ്ങള് പോയി ആരെയോ വിളിക്ക്...!!!

"ങേ..!!! അത്രയ്ക്കായോ...??? സ്വയം പറഞ്ഞുകൊണ്ട് സെലീന കൈയിലിരുന്ന ഫോണ്‍ എടുത്തു വിളിക്കാന്‍ തുടങ്ങി. ചെവിയില്‍ വച്ച് അങ്ങേത്തലയ്ക്കലെ സ്വരത്തിന് കാതോര്‍ത്ത അവര്‍ക്ക് മറുപടി ഒന്നും ലഭിച്ചില്ല. അടിച്ചടിച്ച് തളര്‍ന്ന ആ സ്വരം ഒരുപ്രാവശ്യം നിലച്ചു. സെലീന വീണ്ടും വിളിക്കാന്‍ തുടങ്ങി. അവരുടെ ആ ഫോണ്‍ വിളിയും കുറച്ചകലെ, ഇരുളില്‍, ഏതോ മരച്ചുവട്ടില്‍ കിടന്നു ഏങ്ങിയേങ്ങിക്കരഞ്ഞു.

അപ്പോഴേയ്ക്കും, കൈയില്‍ നിറഞ്ഞ രണ്ടു ബാഗുകളും ആയി ഫസിയ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു. താഴെ അമറിനെക്കണ്ട അവള്‍ അതീവസന്തോഷവതിയായി. അതോടെ അവള്‍ തിടുക്കത്തില്‍ പടികളോരോന്നും ഓടിയിറങ്ങി. ഒരുവേള അവള്‍ കാല് തെറ്റി താഴെ വീണു പോകുമോ എന്ന് ഭയന്ന അമര്‍ ഓടി പടികള്‍ക്കു താഴെ ചെന്നു. ഫസിയ ഓടിവന്ന് അവന്‍റെ നെഞ്ചിലേയ്ക്ക് വീണു. അമര്‍ അവളെ ചേര്‍ത്ത് പിടിച്ചു. സെലീന ഇതെല്ലാം കണ്ടു അന്തംവിട്ടു നില്‍ക്കുകയായിരുന്നു. അങ്ങിനെ നില്‍ക്കുമ്പോള്‍ അവരോര്‍ത്തു. അപ്പോള്‍ ഇതിനായിരുന്നു അല്ലെ ഇവള്‍ അകത്തേയ്ക്ക് വന്നത്... ???

സെലീന നോക്കി നില്‍ക്കെ ഫസിയ അമറിന്‍റെ തോളില്‍ ചാരി പുറത്തേയ്ക്ക് പോയി. അവളുടെ കൈയിലെ ബാഗ് അവന്‍ എടുത്തുകൊണ്ടുവന്നു കാറിന്‍റെ പിന്നില്‍ വച്ചു.  പിന്നെ അവളോട്‌ കാറില്‍ കയറാന്‍ പറഞ്ഞു. ഫസിയ പിന്‍വശത്തെ വാതില്‍ തുറന്നതോടെ ദേവു അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി. ഫസിയ കാറിലേയ്ക്കു കയറി. കൂടെ ദേവുവും. അച്ഛമ്മയുടെയും, അമ്മയുടെയും ഇടയില്‍ ഇരുന്നവള്‍ ഇരുകരങ്ങളും പൊത്തി തേങ്ങിത്തേങ്ങിക്കരഞ്ഞു. ദേവു അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു. അവരെയും കൊണ്ടാ കാര്‍ ഇരുളിലൂടെ മെല്ലെമെല്ലെ പുറത്തേയ്ക്ക് പോയി.
**************
സെലീന വല്ലാത്ത വിഭ്രാന്തിയോടെ ഹാളിലേയ്ക്ക് കയറി. ഭ്രാന്തമായ ആവേശത്തോടെ അവള്‍ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു.

"എടോ.... ബാലാ...!!! " വിളികേള്‍ക്കാതിരുന്ന അയാളെ അവര്‍ വീണ്ടും വിളിച്ചു. എടോ ബാലാ താനിത് എവിടെപ്പോയി കിടക്കുവാ...."

പിന്നെയും അവരുടെ വിളിക്ക് മറുപടി ഇല്ലാതെ വന്നതോടെ സെലീന അടുക്കളയിലേയ്ക്ക് ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് അവള്‍ അടുക്കളയിലെ സ്ലാബിന്‍റെ പുറത്തിരിക്കുന്ന ഒരു കത്ത് കണ്ടത്. അവള്‍ പെട്ടെന്ന് ചെന്ന്‍ അതെടുത്തു. അതിലിങ്ങനെ എഴുതിയിരുന്നു.

"ഞാന്‍ പോകുവാ ഇവിടെ നിന്ന്. എന്‍റെ ജോലി ഇവിടെ പൂര്‍ത്തിയായി..." സെലീന ആ കത്തും കൈയില്‍ പിടിച്ച് അവിടുത്തെ സ്ലാബിലേയ്ക്ക് ചാരി. മുന്നോട്ടുള്ള ഓരോ വരികളും വായിച്ചപ്പോള്‍ അവള്‍ക്കാകെ പരവേശമായി. സെലീന ആ കത്തും കൊണ്ട് തിടുക്കത്തില്‍ ഊണ് മുറിയിലേയ്ക്ക് വന്നു. അവിടെ ഇരുന്ന ജഗ്ഗിലെ വെള്ളം അവള്‍ ആര്‍ത്തിയോടെ കുടിച്ചു. പിന്നെ ഓടി സോഫയില്‍ വന്നിരുന്നു. എന്നിട്ടും വീണ്ടും വീണ്ടും ആ കത്തിലെ അക്ഷരങ്ങള്‍ പെറുക്കി പെറുക്കി വായിക്കാന്‍ തുടങ്ങി.

"ഞാന്‍ പോകുവാ ഇവിടെ നിന്ന്. എന്‍റെ ജോലി ഇവിടെ പൂര്‍ത്തിയായി. മനുഷ്യപ്പറ്റില്ലാത്ത നിങ്ങളുടെ കൂടെ ഇത്രയും കാലം ഞാന്‍ ജീവിച്ചത് ഒരാള്‍ക്ക്‌ വേണ്ടിയായിരുന്നു. എന്‍റെ ബഷീര്‍ മോന് വേണ്ടി. ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന അത്ഭുതം ഞാന്‍ കാണുന്നു. പേടിക്കണ്ട. അവന്‍ എന്‍റെ മോനല്ല. പ്രവാസം എനിക്ക് കൊണ്ടുതന്നതാ ആ മോനെ. രഘുവും, ഞാനും ബഷീറും ഒരുമിച്ചു ജീവിച്ച കുറേനാളുകള്‍. ജീവിതത്തില്‍ സന്തോഷം എന്തെന്ന് ഞാന്‍ അറിഞ്ഞ കുറെ മാസങ്ങള്‍. ഞങ്ങള്‍ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ആ മരുഭൂമിയില്‍ ജീവിക്കുമ്പോള്‍ ആദ്യം ന്‍റെ രഘു പോയി. പിന്നെ കുറേക്കാലം കഴിയുമ്പോഴേയ്ക്കും എന്‍റെ ബഷീറും ആരുമില്ലാത്തവനായി. അവനിങ്ങനെ ആയതിന് കാരണക്കാരി നിങ്ങളാന്നറിഞ്ഞപ്പോള്‍, നിങ്ങളെ ഒന്ന് കാണണം എന്ന എന്‍റെ മോഹം അടങ്ങാത്തതായി. ഒടുവില്‍, അവനെ നിങ്ങള് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍, ആശുപത്രീല് വച്ചാ ഞാന്‍ അവനെ കണ്ടത്. അതും യാദൃശ്ചികമായി. അന്ന് ഞാന്‍ തീരുമാനിച്ചതാ... നിങ്ങളെ കണ്ടേ മതിയാകൂ ന്ന്. അങ്ങിനെ നിങ്ങളെ ഞാന്‍ കണ്ടു സെലീന. നിങ്ങളെ ഞാന്‍ കണ്ടു.

ഒരു കാര്യം ഞാന്‍ ചോദിച്ചോട്ടെ: "ഇസ്ലാമില്‍ എവിടെയാണ് സെലീന പറഞ്ഞിരിക്കുന്നത്.. ഒരു വിശ്വാസിയെ ചതിച്ച്, അവനെ നശിപ്പിച്ച് അവനു പകരം സര്‍വ്വവും നീ, നീ മാത്രമാകൂ ..ന്ന്. ഇസ്ലാമിലല്ല. ഒരു മതത്തിലും പറഞ്ഞിട്ടില്ല." നിങ്ങളൊന്ന് ഓര്‍ത്തോ സെലീന... ജീവിതം ഒരിക്കലേ ഉള്ളൂ... പക്ഷെ, ജീവിക്കാന്‍ പല നന്മ മാര്‍ഗങ്ങളും ഈശ്വരന്‍ നമ്മുക്ക് തരും. നിനക്ക് യോജിച്ചതെന്താണോ അതിലേതെങ്കിലും ഒന്ന് നീ തിരഞ്ഞെടുത്തോട്ടെ എന്ന്കരുതി. എന്നിട്ടും നിങ്ങള്‍ തെരഞ്ഞെടുത്തത് അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഒരു തിന്മയുടെ മാര്‍ഗവും. ചതിയിലൂടെ നിങ്ങള്‍ നേടിയത് ചതിയിലൂടെ പോകും. ആ കാലം ഇനി വിദൂരമല്ല. ഇനി നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്‍റെ ആവശ്യവും തീര്‍ന്നു സെലീന. എനിക്ക് ഇവിടം വിട്ടു പോകാനുള്ള സമയവും ആയി. നിങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്ന ഓരോ നിമിഷവും ഈ ഭൂമിയ്ക്ക് ആപത്താണ്. അതിനി ഉണ്ടായിക്കൂടാ. കാലം നിങ്ങള്‍ക്കായി കാത്തുവച്ചത് നിങ്ങള്‍ക്ക് തന്നെ ഉള്ളതാണ് സെലീന. അത് നിങ്ങള്‍ ഇത്രയും നാള്‍ ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതിഫലം തന്നെയാണ്.

സെലീന, ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങളില്‍ ഉണ്ടാകുന്ന ഉത്കണ്‍ഠ ഞാന്‍ കാണുന്നു. എല്ലാം നഷ്ടപ്പെടും എന്ന നിങ്ങളുടെ ഭയം ഞാന്‍ കാണുന്നു. അത് കാണണം എന്നത്, നിങ്ങള്‍ ഒന്നുമില്ലാത്തവളെ പോലെ അലയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഇവിടെ നിന്നും പോകേണ്ടത് ഇപ്പോള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. എനിക്കറിയാം നിങ്ങള്‍ ഭയാശങ്കയിലാണ്. കാരണം നിങ്ങളുടെ സ്വപ്‌നങ്ങള്‍, കണക്കു കൂട്ടലുകള്‍ ഓരോന്നും സ്വന്തം കണ്‍ മുന്നില്‍ പിഴയ്ക്കുന്നത് ഒരു പക്ഷെ ഇതാദ്യമായിരിക്കാം. ഒരിക്കലെങ്കിലും എല്ലാം നഷ്ടപ്പെട്ട് പോകുന്നവരുടെ വേദന നിങ്ങളും മനസ്സിലാക്കണം. ഞാന്‍ പോകുന്നു. എല്ലാത്തിനും നന്ദി സെലീന. ഇനിയൊരിക്കലും നമ്മള്‍ ജീവിതത്തിന്‍റെ കോണില്‍ എവിടെയും കണ്ടുമുട്ടില്ല. ഇത് സത്യം.

നന്ദി... സെലീന നന്ദി.

വായിച്ചു തീര്‍ന്നിട്ടും സെലീനയുടെ കൈയിലിരുന്നു ആ കത്ത് വിറയ്ക്കാന്‍ തുടങ്ങി. അവള്‍ സ്വയം ചോദിച്ചു. "എന്‍റെ അവസാനമോ..??? അതിനുള്ള സമയം ആഗതമായെന്നോ? ആര്? ആരാണ് എന്നെ കൊല്ലാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്..??  പിന്നെയവള്‍ സ്വയം സമാധാനിച്ചു. "അമര്‍... അവന്‍ തന്നെ. ആദ്യം എന്‍റെ ഏറ്റവും കരുത്തനായ സഹായി, ഇപ്പോള്‍ എന്‍റെ മോളെ,  ഇനി എന്നെ, എന്‍റെ സ്വപ്നങ്ങളെയും ചേര്‍ത്ത്.. ഒടുക്കം, ഒടുക്കം അവനിതെല്ലാം കൈക്കലാക്കും. എന്‍റെ സ്വത്ത്‌...!!!  ചിന്തകള്‍ അവളുടെ മാനസ്സിക നില തകര്‍ത്ത പോലെ തോന്നിച്ചു. അവര്‍ സോഫയില്‍ ഇരുന്നു ഞെളിപിരികൊണ്ടു.

എന്താണ് ചെയ്യേണ്ടത് എന്നൊരൂഹവും സെലീനയ്ക്കുണ്ടായിരുന്നില്ല. അവള്‍  സോഫയില്‍ നിന്നെഴുന്നേറ്റു ഹാളില്‍ ഇടം വലം നടന്നു. പെട്ടെന്ന് ഒരു നിഴല്‍ അവളില്‍ പതിച്ചപോലെ അവള്‍ക്ക് തോന്നി. അവള്‍ ഭയത്തോടെ ആ നിഴലിലെ നോക്കി. പിന്നെ ഒരു വിഭ്രാന്തി പോലെ അവള്‍ നെഞ്ചില്‍ കൈവച്ചു. അകാരണമായ ഭയം പിടികൂടിയ അവള്‍ മുകളില്‍ ബാല്‍ക്കണിയിലേയ്ക്ക് നോക്കി. അവിടെ ബാല്‍ക്കണിയില്‍ ഒരു രൂപം നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. സെലീന വിയര്‍ത്തുകുളിച്ചു. അവള്‍ വിളിച്ചലറി.

"ആരാത്..??? ആരാ അവിടെ?? ആരായാലും വെട്ടത്തേയ്ക്ക് വരൂ..!! പിന്നെ എന്തോ ചിന്തിച്ച പോലെ അവള്‍ പടികള്‍ കയറി മേലേയ്ക്കോടി. പിന്നെ, ഒന്നും ചിന്തിക്കാതെ ബഷീറിന്‍റെ മുറിയിലേയ്ക്ക് ഓടിക്കയറി. അവിടെ കിടക്കയില്‍ ബഷീര്‍ അപ്പോള്‍ തളര്‍ന്നുറങ്ങുന്നുണ്ടായിരുന്നു. സെലീന പതിയെ അയാളുടെ അടുത്തേയ്ക്ക് ചെന്നു. സംശയം മാറട്ടെ എന്ന് കരുതി അവള്‍ മെല്ലെ അയാളുടെ അരുകിലേയ്ക്ക് ചെന്നു. സുഖനിദ്രയിലായിരുന്ന ബഷീര്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

ഒന്ന് ചിന്തിച്ചിട്ട്, സെലീന മെല്ലെ തിരിച്ചുനടന്നു. വീണ്ടും പിന്നില്‍ നിന്നാരോ തന്‍റെയടുക്കലേയ്ക്ക് വരുന്നെന്ന് തോന്നി അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. പക്ഷെ, അവിടം ശൂന്യമായിരുന്നു. ഒരു ഭ്രാന്തിയെ പോലെ സെലീന താഴേയ്ക്കോടി. അവര്‍ക്കാകെ പരവേശമായി. കഴുത്തിലൂടെ ഒഴുകിവന്ന വിയര്‍പ്പുകണങ്ങള്‍ അവള്‍ സാരിത്തലപ്പുകൊണ്ട് ഒപ്പിയെടുത്തു. പെട്ടെന്നെന്തോ ചിന്തിച്ച പോലെ അവള്‍ ഓടിവന്നു ഫോണ്‍ എടുത്തു. ധൃതിയില്‍ ആര്‍ക്കോ ഫോണ്‍ ചെയ്തത് കാതില്‍ വച്ചു. അവളുടെ മുഖം ഭയത്താല്‍ വിവര്‍ണ്ണമായിരുന്നു. ഒടുവില്‍, ആ ഫോണിനൊടുവില്‍ അവള്‍ അമര്‍ഷത്തോടെ പറഞ്ഞു.

"നാശം പിടിക്കാന്‍ ഇയാളിതെവിടെ പോയിക്കിടക്കുവാ...????

സെലീന നെറ്റിയില്‍ കൈവച്ചുകൊണ്ട് സോഫയിലേയ്ക്കിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍

ദേവദാരുവിന്നരികത്ത്‌.....60

സെലീന അവര്‍ക്കരുകിലേയ്ക്ക് വന്നു. പിന്നെ പുറത്തേയ്ക്കുള്ള വാതിലിന് മുന്നില്‍ കയറി നിന്നവള്‍ എല്ലാവരോടും ആയി പറഞ്ഞു.

"ഇത്... എന്‍റെ വീടാ... എന്‍റെ വീട്. ഇവിടെ ആരു വരണം, ആരു പോവണം എന്ന് തീരുമാനിക്കേണ്ടത് ഞാനാ...!! ഞാന്‍ മാത്രം. ഞാനറിയാതെ നിങ്ങളിവിടെ വന്നു. പക്ഷെ, പോകുമ്പോഴെങ്കിലും ഞാനറിയണ്ടേ..."

സെലീനയിത് പറഞ്ഞിട്ടും... ചോദിച്ചിട്ടും ആരും ഒന്നും മിണ്ടിയില്ല. എങ്കിലും ഫസിയ ഉടനെ തന്നെ പ്രതികരിച്ചു.

"അതേ... ഇവര് ഉമ്മയെക്കാണാന്‍ വന്നതല്ല. ഉമ്മേടെ അതിഥികളും അല്ല. ഇവരെന്നെ കാണാന്‍ വന്നതാ. പിന്നെയവള്‍ ക്രുദ്ധയായി നോക്കി നില്‍ക്കുന്ന സെലീനയെ തെല്ലും വകവയ്ക്കാതെ, ഉറച്ച സ്വരത്തില്‍ പറഞ്ഞു. "ഉമ്മ ഇപ്പോള്‍ ചിന്തിക്കുന്നത് എന്നെക്കാണാന്‍ വരാന്‍ ഇവരാര് എന്നല്ലേ...??? ഇങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ എല്ലാവരുടെയും മുന്നില്‍ കയറി നിന്നു. എന്നിട്ട് വിരലുകള്‍ ഓരോരുത്തരിലും തൊട്ട് കൊണ്ട് പറഞ്ഞു.

"ഇതെന്‍റെ അമ്മ... ദേവൂമ്മ. ഇതെന്‍റെ ഉപ്പൂപ്പാ.. സലിം. ഇതെന്‍റെ അച്ഛമ്മ വിജയമ്മ. പിന്നെ ഇത്... ഇത്... അവള്‍ സ്വയം നാണം വരുത്തിപ്പറഞ്ഞു.. "ഇത് എന്‍റെ.. എന്‍റെ എല്ലാമെല്ലാമായ അമറേട്ടന്‍...."

ഫസിയയുടെ വാക്കുകള്‍ തെല്ലൊന്നുമല്ല സെലീനയില്‍ അമര്‍ഷം ഉണ്ടാക്കിയത്. അവളെ ചവുട്ടിക്കൊല്ലാന്‍ തക്ക ആവേശത്തോടെ അവര്‍ ചോദിച്ചു.

"ഏതു മുറയിലാടീ ഈ നായ്ക്കളൊക്കെ നിന്‍റെ അമ്മച്ചീം മാപ്പളേം ആകുന്നത്...? ഞാന്‍ കൂടെ ഒന്നറിയണോല്ലോ...???

"അത് നിങ്ങള് തല്‍ക്കാലം അറിയണ്ടുമ്മാ.. അറിഞ്ഞാലേ നിങ്ങള് ചങ്ക് പൊട്ടി ചാവും. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കാം. കൂടുതല് എന്‍റെ മുന്നില്‍ നിന്ന് തുള്ളിയാലേ ഞാനിവരുടെ കൂടെയങ്ങ് പോകും... പിന്നെ എന്‍റെ ബാപ്പയല്ലേ ഇവിടുള്ളൂ.. അങ്ങേര് എന്‍റെ ബാപ്പ ആകുന്നേനു മുന്‍പ് നിങ്ങളുടെ കെട്ടിയോനല്ലായിരുന്നോ? എല്ലാം തട്ടിച്ച് വേടിച്ചില്ലേ പാവത്തിന്‍റെ കൈയീന്ന്. പിന്നെ ഇനി നിങ്ങള് തന്നെ അങ്ങ് കൊല്ല് പാവത്തിനെ. പിന്നെ സമാധാനത്തില് കഴിയാല്ലോ...ങ്ങക്ക്???

അവളുടെ വാക്കുകള്‍ കേട്ട് ഒന്ന് ചൂളിപ്പോയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറാവാതെ സെലീന ഫസിയയെ കടന്നുപിടിച്ചു. അവളടിച്ച ആദ്യത്തെ അടി ഫസിയ കൈകൊണ്ട് തടുത്തു. വീണ്ടും ആഞ്ഞടിച്ച അവരുടെ കൈ പതിഞ്ഞ അവളുടെ കരണം പുകയാന്‍ തുടങ്ങി. വല്ലാത്ത തേങ്ങലോടെ ഫസിയ സെലീനയെ പിടിച്ചുതള്ളി. പിന്നിലേയ്ക്ക് മറിഞ്ഞ അവര്‍ അതിലും ആവേശത്തോടെ മുന്നോട്ട് വന്നു. ഫസിയയെ അടിക്കാനായി വീണ്ടും പിടിച്ചതോടെ അമറിന്‍റെ സര്‍വ നിയന്ത്രണവും വിട്ടു. അവന്‍ തന്‍റെ കൈയില്‍ പിടിച്ചിരുന്ന ദേവുവിന്‍റെ കരം മെല്ലെ എടുത്തു മാറ്റി. ദേവു ഒതുക്കത്തോടെ അവന്‍റെ ചെവിയില്‍ പറഞ്ഞു.

"മോനെ... ഇതവളുടെ വീടാണ്. ഇതവളുടെ മോളാണ്. ഇവിടെ നമ്മള്‍ ആരും അല്ല. ഈ വീടിനകത്ത് നമ്മള്‍ ഒന്നിനും മുതിരരുത്. അവളങ്ങിനെ, നമ്മളെല്ലാരും അവളുടെ എല്ലാരും ആണെന്ന് പറഞ്ഞുവെങ്കിലും അവള്‍ നിയമപരമായി നമ്മുടെ ആരും അല്ല... അതോര്‍ക്കണം നമ്മള്‍... വേണ്ടാ നീ അബദ്ധമൊന്നും കാട്ടല്ലേ..??

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ശക്തമായി പ്രതികരിച്ചു. അവന്‍ പറഞ്ഞു.

"അമ്മേ!!!... എന്താ അമ്മെ ഇപ്പോഴും ഇങ്ങനെ...??? അമ്മ എന്താ കരുതീരിക്കണേ... ഇതെന്‍റെ അപ്പാന്‍റെ കാലോണന്ന് കരുതിയോ..? എന്‍റെ മുന്നില് വച്ച് അവളെ ഇങ്ങനെ തല്ലിയാല്‍ ഞാന്‍ നോക്കി നില്‍ക്കണോന്നാണോ അമ്മ പറയുന്നേ..???

അവന്‍റെ വാക്കുകള്‍ ദേവുവില്‍ ശക്തമായ ഒരു ഞെട്ടല്‍ ഉണ്ടാക്കി. അത് മറച്ചുവച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"മോനെ... അമ്മയ്ക്കതറിയാം. ആ കാലമല്ല ഇതെന്നും അറിയാം. നിന്റപ്പ തല്ലീട്ടൊണ്ട്. അവരുടെ ഏട്ടന്‍മാരെ വരെ. അത് അമ്മയെ തല്ലിയതിന് തന്നാ... അതും എന്‍റെ ദേഹത്ത് ഒരടി വീണപ്പോള്‍ തന്നെ. പക്ഷേ, അത്... അത് ഞാനങ്ങേരുടെ ഭാര്യയായിരുന്നു. ഇതങ്ങനാണോ മോനെ. അവളിപ്പോള്‍ നിയമപരമായി നിന്‍റെ ഭാര്യയല്ല. നമ്മുടെ ആരുമല്ല. സ്നേഹം കൊണ്ട് മാത്രം ഒന്നും നടക്കില്ല മോനെ ഈ നാട്ടില്. അതിനും മുകളില്‍ ചിലതുണ്ട്..."

അമ്മേടെ വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ തല്‍ക്കാലം എനിക്ക് പ്രയാസം ഉണ്ട്. അതും എന്‍റെ മുന്നില്‍ വച്ച് അവളെ ഇങ്ങനെ പട്ടിയെ തല്ലുംപോലെ തല്ലുമ്പോള്‍..." എന്ന് പറഞ്ഞുകൊണ്ടവന്‍ സെലീനയുടെ അടുത്ത അടി മുന്നോട്ടു കയറി തടഞ്ഞു. അതോടെ അമറിനടുത്തേയ്ക്ക് നീങ്ങിയ ദേവുവിനെ സലിം തടഞ്ഞു. എന്നിട്ടയാള്‍ പറഞ്ഞു.

"മോളെ... ദേവു നീ നില്‍ക്കവിടെ. അവന്‍ പറയുന്നതാ ശരി... തല്‍ക്കാലം മോളവിടെ നില്‍ക്ക്..!!!

സലീമിന്‍റെ വാക്കുകള്‍ കേട്ടു ദേവു അവിടെ തന്നെ നിന്നു. തന്‍റെ കൈ തടഞ്ഞ അമറിനെ നോക്കി അപ്പോള്‍ സെലീന അലറി.

"എന്‍റെ മകളെ ഞാന്‍ തല്ലും കൊല്ലും. അത് ചോദിക്കാന്‍ നീ ആരാടാ പട്ടീ..."

മിണ്ടാതെ നിന്ന അമറിനെ നോക്കി അവര്‍ വീണ്ടും അലറി. "ചോദിച്ചതിന് സമാധാനം പറയടാ... നായെ. ഇവളെ അടിക്കുമ്പോള്‍ ചോദിക്കാന്‍ നീ ആരാടാ... ഇവളുടെ കെട്ടിയോനോ..???

പെട്ടെന്ന് അമര്‍ തിരിഞ്ഞ്, തന്‍റെ പിന്നില്‍ നിന്നിരുന്ന ഫസിയയുടെ കൈയിലൊന്നില്‍ പിടിച്ച് മുന്നോട്ടുവലിച്ചു നിര്‍ത്തി. എന്നിട്ട് ദേഷ്യത്തിന്‍റെ പരകോടിയില്‍ നിന്നുകൊണ്ടവന്‍ പറഞ്ഞു.

"എന്തിനാടീ... ഇനിയിങ്ങനെ സഹിക്കുന്നത്. പറയടീ പറയാന്‍ നീ എന്‍റെ ആരാന്ന് പറയടീ...!!!"

തന്‍റെ മുന്നില്‍ നിന്നു ക്രുദ്ധയായി നോക്കുകയായിരുന്ന സെലീനയെ ഫസിയ ഒന്ന് നോക്കി. പിന്നെ തിരിഞ്ഞ് ദേവുവിനെയും, സലീമിനെയും, വിജയമ്മയെയും നോക്കി. എന്നിട്ട് ദയനീയമായി അമറിനെയും. പിന്നെയവള്‍ ഒന്ന് പാറി സലീമിനെ നോക്കി. അയാള്‍ അവളുടെ നേരെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. അതോടെ ഫസിയ തന്‍റെ ചുരിദാറിന്‍റെ ഷാളിനിടയില്‍ നിന്നും ഒരു മാല വലിച്ചെടുത്തു. അവളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും മാറുകളിലുരസ്സി അത് മേലോട്ട് വന്നു. സെലീന കുറുകിയ കണ്ണുകളോടെ അതിലേയ്ക്ക് ഉറ്റുനോക്കി. ദേവു ഒന്നുമറിയാത്തവളെപ്പോലെ അന്തം വിട്ടു നിന്നു. വിജയമ്മയ്ക്ക് എല്ലാം അത്ഭുതമായിരുന്നു. കാലത്തിന്‍റെ പോക്കുകണ്ട് അവരന്തിച്ചുപോയി.

അവരങ്ങിനെ അന്തിച്ചു നില്‍ക്കെ സെലീന അവളുടെ അടുത്തു ചെന്നു. അവള്‍ ആ താലിയില്‍ പിടിച്ചൊന്ന് നോക്കി. അതില്‍ "അമര്‍" എന്ന് എഴുതിയിരുന്നു. സര്‍വ അഹങ്കാരവും ശമിച്ചപോലെ, നാണക്കേടിന്‍റെ ഒടുക്കം എന്നപോലെ അവര്‍ ഇതികര്‍ത്തവ്യഥാമൂഢയായി നിന്നു. ഇത്രയും ആയതോടെ, ദേവു ഒന്നും പറയാതെ വന്നു വണ്ടിയില്‍ കയറി. പുറകെ വിജയമ്മയും. അവര്‍ക്ക് പുറകെ സലീമും. അമറും ഫസിയയും അവരുടെ പോക്ക് കണ്ടു അന്തം വിട്ടു നിന്നു. എല്ലാം തകര്‍ന്നടിഞ്ഞത് പോലെ തോന്നി അമറിന്. അവനോര്‍ത്തു, അമ്മ അറിയാതെ, അന്ന് ഒരുദിവസം ഇതൊക്കെ ചെയ്യുമ്പോഴേ സലിം ഉപ്പൂപ്പായോട് ഇത് പറഞ്ഞതാ ഞാന്‍.

"ഉപ്പൂപ്പാ... ഇതുവരെ, അമ്മ അറിയാതെ..... ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്കാകെ വിഷമം തോന്നുന്നു. "

"മോനെ... തല്‍ക്കാലം നീ അതൊന്നും ആലോചിക്കണ്ടാ. ആദ്യം ഉപ്പൂപ്പാ പറയുന്നത് നീ കേള്‍ക്ക്. ഫസിയ നിന്‍റെ സ്വന്തം ആകണം എന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്. നാലാള് കാണ്‍കെ നിങ്ങളുടെ വിവാഹം നടത്തിത്തരാന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കഴിയില്ല. സ്നേഹം കൊണ്ട് ഞാന്‍ നിങ്ങളുടെ എല്ലാമെങ്കിലും, ഞാനും നീയും വിശ്വസിക്കുന്ന ദൈവം രണ്ടാ മോനെ. ആചാരങ്ങളും വേറെയാ. സമുദായം അറിഞ്ഞുകൊണ്ട് നിങ്ങള്‍ക്കങ്ങിനെ ഒന്നിക്കാന്‍ കഴിയില്ല. ഇതുവരെ അങ്ങിനെ ഇരുകൂട്ടരുടേയും ഇഷ്ടത്തോടെ ഒരു കെട്ടു നടത്തിയ ചരിത്രവും ഇല്ല. നിയമത്തിന്‍റെ വഴിയിലൂടെ നിങ്ങളൊന്നിച്ചാല്‍ പിന്നെയാര്‍ക്കും നിങ്ങളെ പിരിക്കാന്‍ കഴിയില്ല. ഒടുവില്‍ ഇതെല്ലാം അറിയുമ്പോള്‍ നിന്റമ്മ സന്തോഷിക്കും. പിന്നെ സാവധാനം നാലാളറികെ നിങ്ങള്‍ക്ക് ജീവിക്കാം..." 

"ഉപ്പൂപ്പാ... സത്യാണോ ഇത്.... അമ്മ എന്നോട് പിണങ്ങില്ല എന്നുറപ്പുണ്ടോ..?? ഉപ്പൂപ്പാ എനിക്ക് വാക്ക് തരണം... എനിക്ക് വാക്ക് തരണം..."

"വാക്കാ മോനെ വാക്ക്. ഈ ഉപ്പൂപ്പാ പറയണത് തന്നാ നിന്‍റെ അമ്മയ്ക്കും പറയാനുള്ളത്."

അവനിങ്ങനെ ചിന്തിച്ചു നില്‍ക്കെ ഫസിയ അവന്‍റെ കൈയില്‍ വന്നു പിടിച്ചു. അവള്‍ അവനെ ചേര്‍ന്ന് നിന്നു. സെലീന ഇരുവരേയും നോക്കി അടുത്ത കണ്ട സോഫയില്‍ തളര്‍ന്നിരുന്നു. ആരെയും നോക്കാതെ, അമര്‍ അവനെ പിടിച്ചിരുന്ന ഫസിയയുടെ കൈ മെല്ലെ പിടിച്ചുമാറ്റി. എന്നിട്ടവന്‍ തിടുക്കത്തില്‍ വാതില്‍ കടന്നു പടികളിറങ്ങിച്ചെന്നു. അപ്പോഴേയ്ക്കും അവരെല്ലാപേരും വണ്ടിയ്ക്കുള്ളില്‍ കയറി ഇരുന്നിട്ടുണ്ടായിരുന്നു.

തന്‍റെ കൈവിട്ടുപോയ അമറിന് പിന്നാലെ ഫസിയ ആ വാതില്‍ വരെ ഓടി എത്തി. അവള്‍ വണ്ടിയില്‍ ഇരുന്ന എല്ലാവരെയും മാറിമാറി നോക്കി. വണ്ടിയ്ക്കുള്ളിലിരുന്ന ആരും അവളെ നോക്കിയില്ല. ചങ്ക് തകര്‍ന്ന വേദനയില്‍ അവള്‍ നില്‍ക്കുമ്പോള്‍ അമര്‍ വന്നു വണ്ടിയില്‍ കയറി. അത് സ്റ്റാര്‍ട്ട്‌ ആയി മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഫസിയ അവളറിയാതെ പടിക്കെട്ടുകള്‍ ഓരോന്നും ചവുട്ടി താഴെയിറങ്ങി. ആരും അവളെ തിരിഞ്ഞൊന്നു നോക്കാതിരുന്നിട്ടും അവള്‍ ആ വണ്ടിയ്ക്ക് നേരെ കൈകള്‍ വീശി. നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവള്‍ അകത്തേയ്ക്കോടി. വാതില്‍ കടന്നവള്‍ മുന്നോട്ട് ചെല്ലുമ്പോള്‍ സെലീന അവള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. ചുണ്ടുകളില്‍ ഒളിപ്പിച്ച പുശ്ചത്തോടെ സെലീന ഫസിയയോട് ചോദിച്ചു.

"എവിടെയ്ക്കാ..??? നീയീ തള്ളുന്നത്..??? ഇത് നിന്‍റെ മറ്റൊന്മാരുടെ വീടല്ല. എന്റെയാ എന്‍റെ വീട്. ഇത് എനിക്ക് മാത്രാ സ്വന്തം. എനിക്ക് മാത്രം."

പറഞ്ഞുകൊണ്ടവള്‍ അവളെ ഒരുകൈ കൊണ്ട് തള്ളി തള്ളി വാതിലിന് പുറത്തേയ്ക്ക് നിര്‍ത്തി. എന്നിട്ടവര്‍ പറഞ്ഞു.

"ഇന്ന് ഈ വാതില് ഞാന്‍ അടയ്ക്കില്ല. നേരം പുലരും വരെ നിനക്ക് ചിന്തിക്കാം. ഒന്നുകില്‍ അവന്‍. അല്ലെങ്കില്‍ ഞാന്‍. അവനാണ് നിന്‍റെ മനസ്സില്‍ ഇനിയെങ്കില്‍ ഈ പടി നീയിനി കടക്കരുത്. മറിച്ച് എന്നെയാണ് നിനക്ക് വേണ്ടതെങ്കില്‍ നിനക്ക് കയറി വരാം..."

പറഞ്ഞിട്ടവര്‍ ചെന്നു സോഫയില്‍ ഇരുന്നു. ഫസിയ നിറകണ്ണുകളോടെ പുറത്തും. അപ്പോഴേയ്ക്കും ആ വീടിന്‍റെ അവസാനം വിട്ടാ വണ്ടി ഇരുളിലേയ്ക്ക് നീങ്ങാന്‍ തുടങ്ങി. ഫസിയ തളര്‍ന്ന് അരുകിലെ ചുവരില്‍ ചാരിനിന്നു.

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....59

അതിയായ കോപത്തോടെ ഇരുന്ന അവന്‍റെ മുഖം നോക്കി, തെല്ലു ഭയത്തോടെ സലിം ചോദിച്ചു.

"മോന്‍... ഇനി..ഇനിയെങ്ങോട്ടാ...???

പെട്ടെന്ന് മനസ്സിന്‍റെ നിയന്ത്രണം വീണ്ടെടുത്ത് അമര്‍ പറഞ്ഞു.

"ബഷീര്‍ ബാപ്പാനെ കാണാന്‍... അല്ലാണ്ടിനി എവിടേയ്ക്കാ ഉപ്പൂപ്പാ..!!"

അപ്പോള്‍ ദേവു പറഞ്ഞു. "വേണ്ടാ.. അമര്‍ ഞാനിനി എങ്ങടും ഇല്ല. മനസ്സാകെ തളര്‍ന്നു."

ദേവുവിന്റെ വാക്കുകള്‍ കേട്ടു അവന്‍ പറഞ്ഞു. "അമ്മെ... അതൊക്കെ ഇപ്പോള്‍ മാറും അമ്മെ. ബഷീര്‍ ബാപ്പാനെ ഒന്ന് കാണുമ്പോള്‍ അമ്മയുടെ മനസ്സെല്ലാം തണുക്കും. അതോടെ, അമ്മേടെ മോന്‍ ഈ ചെയ്യുന്നതൊക്കെ ശരിയല്ലേ എന്നമ്മയ്ക്ക് തോന്നും.."

"എന്ത് കണ്ടാലും, എന്ത് കേട്ടാലും..!! അമര്‍ നീ ഇപ്പോള്‍ ചെയ്തത് ശരിയെന്ന് ഞാന്‍ പറയില്ല.." അവള്‍ പറഞ്ഞു.

പെട്ടെന്ന് വിജയമ്മ പറഞ്ഞു.

"എന്ത് ശരികേടാ മോളെ അവന്‍ ചെയ്തത്. നിങ്ങളുടെ രണ്ടുപേരുടെയും മുന്നില് വച്ച് എന്നെ അവന്‍ ചവുട്ടിയത് ശരിയാണോ? നിന്നെ, സ്വന്തം മകന്‍റെ മുന്നില് വച്ച് അടിച്ചത് ശരിയാണോ? അതിലെല്ലാം ഉപരി, നീ നൊന്തുപെറ്റ എന്‍റെ പൊന്നുമോനെ, നമ്മുടെ എല്ലാരുടേം മുന്നില്‍ വച്ച് ഒരു ദാക്ഷണ്യോം ഇല്ലാതെ, ആരുടെ വാക്ക് കേട്ടിട്ടാണേലും അവന്‍ അടിച്ചത് ശരിയാണോ? ഇതെല്ലാം ശരിയെന്ന് മോള്‍ക്ക്‌ തോന്നുന്നുവെങ്കില്‍ അമര്‍ ഈ ചെയ്തതു തെറ്റ് തന്നെയാണ്. മറിച്ച്, അതെല്ലാം തെറ്റെന്ന് മോള്‍ക്ക് തോന്നുന്നുവെങ്കില്‍ അമര്‍ ചെയ്തത് ശരി തന്നെയാണ്."

അമ്മയുടെ ഈ വാക്കുകള്‍ക്ക് ദേവുവിന് മറുപടി ഉണ്ടായിരുന്നില്ല. അവള്‍ കുനിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അമര്‍ വണ്ടി മുന്നിലേയ്ക്കെടുത്തു. അവരെയും കൊണ്ടത് മുന്നിലേയ്ക്ക് വെളിച്ചം വീശി നീങ്ങുമ്പോള്‍ വിജയമ്മ സ്വയം ഉരുകുന്ന പോലെ പറഞ്ഞു.

"ന്‍റെ മോന്‍... ന്‍റെ രഘുമോന്‍ പോയേപ്പിന്നെ മനസ്സ് തുറന്നൊന്ന് സന്തോഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എപ്പോഴും ന്‍റെ മോളുടെ മുന്നില്‍ ചിരിക്കുമ്പോഴും അമ്മേടെ ഉള്ളം കരയുകയായിരുന്നു. എന്നിട്ടും ആ നോവു ഞാന്‍ മോളെ അറിയിച്ചിട്ടില്ല. രാവും പകലും എന്‍റെ മോളിരുന്നു തേങ്ങുന്നത് ഈയമ്മ കണ്ടിട്ടുണ്ട്. അതിനിടയില്‍ ഞാനെന്‍റെ സങ്കടം എങ്ങിനാ ന്‍റെ മോളോട് പറയണേ..!!"

അത് പറഞ്ഞതോടെ വിജയമ്മ കുനിഞ്ഞിരുന്ന് തേങ്ങാന്‍ തുടങ്ങി.  ദേവു അമ്മയെ ചേര്‍ത്തണച്ചു. അവളുടെ കൈകളില്‍ തളര്‍ന്നിരുന്നു വിജയമ്മ തുടര്‍ന്നു.

"എപ്പോഴെങ്കിലും...!!! എപ്പോഴെങ്കിലും മോളോര്‍ത്തിട്ടുണ്ടോ?  എല്ലാവരും നിശബ്ദരായി. വണ്ടി ഇരുളില്‍ മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. വിജയമ്മ തുടര്‍ന്നു.

"ഞാന്‍ പെറ്റ എന്‍റെ മക്കളില്‍ എന്നെ സ്നേഹിച്ചത് എന്‍റെ രഘു മാത്രാ... വന്നുകയറിയ എന്‍റെ പെണ്മക്കളില്‍ അമ്മേനെ സ്നേഹിച്ചത് എന്‍റെ മോള് മാത്രാ. ഇരുപത്തഞ്ചു കൊല്ലം ആ മോനില്ലാതെ അമ്മ ജീവിച്ചു. ഇപ്പോഴും ജീവിക്കുന്നു. ഒരു മകനെ നഷ്ടപ്പെട്ട ദുഃഖം, അത് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ. കുറച്ചു മാസങ്ങള്‍ സ്വന്തം മോനെ കാണാതിരുന്നപ്പോള്‍ എന്‍റെ മോള്‍ അനുഭവിച്ച ദുഃഖം എനിക്കറിയാം. കാരണം നീ എന്‍റെ മുന്നില്‍ നിന്നുരുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മോള് കണ്ടിട്ടുണ്ടോ അമ്മ എപ്പോഴെങ്കിലും മോളുടെ മുന്നിലിരുന്ന് ഉരുകുന്നത്...???

വിജയമ്മ തേങ്ങിത്തേങ്ങിക്കരയാന്‍ തുടങ്ങി. അതോടെ ദേവു അവരെ കൂടുതല്‍ ചേര്‍ത്തണച്ചു. അപ്പോള്‍ അമര്‍ പറഞ്ഞു.

"അച്ഛമ്മ... എന്തായിത്.. കരച്ചില് നിര്‍ത്തൂ... ദേവൂമ്മ വിഷമം കൊണ്ട് പറഞ്ഞതല്ലേ എല്ലാം... കണ്ണു തുടയ്ക്കമ്മേ.. അച്ഛമ്മയുടെ കണ്ണു തുടയ്ക്ക്. ദേ!! നമ്മളെത്തി. ബഷീര്‍ ബാപ്പാന്‍റെ വീട്ടില് നമ്മളെത്തി.."

പെട്ടെന്ന് വിജയമ്മ കണ്ണുകള്‍ തുടച്ചു. ദേവു വെളിച്ചം വീശി പകല്‍ പോലെ നിന്ന അവിടേയ്ക്ക് അത്ഭുതത്തോടെ നോക്കി. ഒടുവില്‍, ആ വണ്ടി സെലീനയുടെ വീട്ടിന്‍റെ കാര്‍പോര്‍ച്ചില്‍ വന്നു നിന്നു. അവരെല്ലാപേരും പുറത്തിറങ്ങി. അമര്‍ മുന്നിലേയ്ക്ക് നടന്നു. ബാക്കി എല്ലാപേരും മടിച്ചുമടിച്ചു നിന്നു. പടികള്‍ ചവുട്ടി മേലേയ്ക്ക് കയറി നിന്ന അവന്‍ വാതില്‍ മെല്ലെ തള്ളിത്തുറന്നു. പിന്നെ അത് പാതി തുറന്നുവച്ച് മടിച്ചു നിന്ന മൂവരെയും അകത്തേയ്ക്ക് വിളിച്ചു.

"വന്നെ... എന്തിനാ മടിച്ചു നില്‍ക്കണേ... ഇത് നമ്മുടെ വീട് തന്നാ...!!."

എന്തോ ചിന്തിച്ചെന്നപോലെ നിന്ന സലിം പെട്ടെന്ന് ദേവുവിനെയും വിജയമ്മയെയും കൂട്ടി അമറിനൊപ്പം അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും ഹാളില്‍ ആളനക്കം കേട്ട ബാലന്‍ അടുക്കളയില്‍ നിന്നും ഹാളിലേയ്ക്ക് വന്നു. അപരിചിതരായ ആളുകളെ കണ്ടെന്നപോലെ അയാള്‍ മിഴിച്ചുനിന്നു. എന്നിട്ടയാള്‍ മുന്നിലേയ്ക്ക് വന്നു ചോദിച്ചു.

"ആരാ... ആരാന്ന് മനസ്സിലായില്ല. സെലീന മാഡം ഇവിടെയില്ല..."

അമര്‍ അയാളെ നോക്കി പറഞ്ഞു. "എന്നെ കണ്ടതായി ഓര്‍ക്കുന്നില്ലേ..? ഞാനൊരിക്കല്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു...." അയാള്‍ അജ്ഞതയോടെ നിന്നു. അപ്പോഴേയ്ക്കും ഹാളിലെ സംസാരം കേട്ട ഫസിയ മുകളിലെ ബാല്‍ക്കണിയില്‍ വന്നു.   വീട് നോക്കി അന്തം വിട്ടു നില്‍ക്കുകയായിരുന്ന ദേവു അപ്പോഴാണ്‌ ഫസിയ നില്‍ക്കുന്നിടത്തേയ്ക്ക് നോക്കിയത്. അവളെ കണ്ട ദേവൂന്റെ കണ്ണുകള്‍ വിടര്‍ന്നു. ദേവൂനെക്കണ്ട ഫസിയ... "കയറി വരൂ അമ്മെ" എന്ന് പറഞ്ഞുകൊണ്ട് സന്തോഷത്തോടെ പടവുകള്‍ ഓടി ഇറങ്ങാന്‍ തുടങ്ങി. അമര്‍ മൂവരെയും കൊണ്ട് അതോടെ മേലെയ്ക്കും. മുകളിലേയ്ക്ക് കയറുന്നതിനിടയില്‍ അമര്‍ ബാലനെ നോക്കി. അയാള്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. അമര്‍ തിരിച്ചും. ആ ചിരിയിലെന്തോ ഒരു ഗൂഡത പതിയിരുന്നപോലെ.

പടികളെല്ലാം കയറി മുകളിലെത്തിയ ദേവു ബഷീറിന്‍റെ മുറിയുടെ വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു. പിന്നെ ഫസിയയ്ക്കൊപ്പം മെല്ലെമെല്ലെ മുന്നോട്ട് നടന്നു. ദേവുവിന്‍റെ നെഞ്ചം വല്ലാതെ മിടിക്കാന്‍ തുടങ്ങി. വിജയമ്മ വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍, അതിശയത്തിന്‍റെ പാരമ്യതയില്‍ ദേവു ബഷീറിന്റെ കിടക്കയ്ക്കരുകില്‍ വന്നു. മറുവശത്തേയ്ക്ക് തലചെരിച്ച് കിടന്നുറങ്ങുകയായിരുന്ന ബഷീര്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഫസിയ മെല്ലെ കട്ടിലിന്‍റെ ഓരം ചേര്‍ന്നിരുന്നു. പിന്നെ മെല്ലെ കൈകൊണ്ടവള്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചു. എന്നിട്ടവള്‍ മെല്ലെ വിളിച്ചു.

"ബാപ്പാ ഇതാരാ വന്നിരിക്കണേന്ന്‍ നോക്കിയേ..!!!

ഫസിയയുടെ വാക്കുകള്‍ കേട്ടു ബഷീര്‍ കണ്ണുകള്‍ തുറന്നു. ഒരു നിമിഷം കൊണ്ടയാളുടെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ പെട്ടെന്ന് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ എന്ന പോലെ മുന്നോട്ടാഞ്ഞു. പിന്നെ കഴിയാത്തപോലെ തിരിച്ചു അതിലേയ്ക്ക് തന്നെ കിടന്നു. ദേവു ബഷീറിനരുകിലേയ്ക്ക് ഇരുന്നു. വിജയമ്മ അടുത്തെത്തി അയാളുടെ ഒരു കരം കവര്‍ന്നു. പിന്നെ മോനെ എന്ന് വിളിച്ചുകൊണ്ട് നിന്നു കരഞ്ഞു. ദേവു അറിയാതെ തന്നെ, അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഉള്ളില്‍ നിന്നും തികട്ടി വന്ന സങ്കടം അവള്‍ ചുണ്ടുകളില്‍ കടിച്ചമര്‍ത്തി. ആ സങ്കടത്തിനൊടുവില്‍ ദേവുവിന്‍റെ കൈ അയാളുടെ പാദങ്ങളില്‍ തൊട്ടു. ബഷീര്‍ കണ്ണുകളടച്ച്‌ കിടന്നു. ഒരുവേള അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ്പോകുമോ എന്നുവരെ അയാള്‍ ശങ്കിച്ചു. എങ്കിലും നിറഞ്ഞ കണ്ണീരോടെ അയാള്‍ അമറിനെ നോക്കി ചോദിച്ചു.

"എന്താ മോനെ... പെട്ടെന്ന് ഈ വഴിയ്ക്ക് എല്ലാരുംകൂടി..." 

"വരേണ്ടി വന്നു ബാപ്പാ... ബാപ്പാനെ കാണാന്‍ അമ്മ കുറച്ചീസമായി തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. എല്ലാത്തിനും സമയം എന്നൊന്നില്ലേ ബാപ്പാ. ഇപ്പോഴാ അതിനു സമയമായത്..."

അതിനുശേഷം അവരങ്ങിനെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. സത്യരാജിന്‍റെ മരണവും അവര്‍ക്കിടയില്‍ സംസാരവിഷയം ആയി. ബഷീര്‍ ചോദിച്ചു. "ആരാണ് അവനെ കൊന്നത് എന്ന് കണ്ടെത്തിയോ മോനെ..??

"ഇല്ല ബാപ്പ... ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല പോലീസിന്. ഒരു ഭാഗത്ത് നിന്നു അന്വേഷണം തുടരുന്നുണ്ട്. പൗരസമിതീടെ കൈയില്‍ നിന്നും ചില നിവേദനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട് പോലീസിനും, മന്ത്രിയ്ക്കും ഒക്കെ...!! "കൊലപാതകിയെ ഉടനെ പിടികൂടണം എന്നും, ഇപ്പോഴിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്നൊക്കെ പറഞ്ഞ്. നടക്കട്ടെ അന്വേഷണം നടക്കട്ടെ. നമ്മളെന്തിനാ ബാപ്പാ ഇത്രേം ബേജാറാവണത്...!! നമ്മളാരേം കൊന്നിട്ടില്ലല്ലോ..!!!

സംസാരത്തിനിടയിലും ദേവു അവന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. അവളോര്‍ത്തു. ആദ്യമായാണ്‌ അമറിന്‍റെ ഇത്രയും ദൃഡമായ ഒരു വാക്ക് അവള്‍ ഇക്കാര്യത്തില്‍ കേള്‍ക്കുന്നത്. അതോടെ സലീമിനും സന്തോഷമായി. ഒപ്പം എല്ലാം കേട്ടു കഴിഞ്ഞു ബഷീര്‍ കുലുങ്ങിച്ചിരിച്ചു. എന്നിട്ടയാള്‍ പറഞ്ഞു.

"അവനൊക്കെ ചാവേണ്ടവനാ മോനെ..!!! അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാന്‍ കഴിയാത്ത പട്ടി...!!!

അയാള്‍ കിടക്കയില്‍ കിടന്നു പല്ലുകള്‍ ഞെരിച്ചു. ദേവു അത്ഭുതപരവശയായി ബഷീറിനെ നോക്കി. തികഞ്ഞ സമധാനിയായിരുന്ന ബഷീറിനെ അവള്‍ ഇങ്ങനെ ആദ്യമായി കാണുകയായിരുന്നു. തളര്‍ന്നുകിടക്കുകയായിരുന്ന അയാളിലെ ധൈര്യവും ആവേശവും അവളെ അത്ഭുതപ്പെടുത്തി. ഒടുവില്‍, ഏറെ നേരം ഇരുന്നിട്ടും ദേവുവമ്മയ്ക്കും, അമറിനും അച്ഛമ്മയ്ക്കും, സലിം ഉപ്പായ്ക്കും കുടിക്കാന്‍ പോലും ഒന്നും കൊണ്ടുവരാതിരുന്ന ബാലമ്മാവനെ കാണാഞ്ഞ് ഫസിയ വാതിലിനരുകില്‍ ചെന്നു അയാളെ വിളിക്കാനായി താഴേയ്ക്ക് നോക്കി.  അതോടെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവിടെ താഴെ സോഫയില്‍ നീണ്ടു നിവര്‍ന്നു, കാല് ഒരു കാലിന് മുകളില്‍ കയറ്റിവച്ച്, ആരെയും കൂസാത്ത ഭാവത്തിലിരുന്ന സെലീനയെ അവള്‍ കണ്ടു.

ഉമ്മയുടെ നോട്ടം ബാല്‍ക്കണിയുടെ മുകളില്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ അവള്‍ മെല്ലെ അവിടെ നിന്നും പിന്തിരിഞ്ഞു. എന്നിട്ടവള്‍ മുറിയ്ക്കുള്ളിലേയ്ക്ക് തന്നെ വന്നു. അമര്‍ ഒളികണ്ണിട്ടു അവളെ നോക്കി. അവള്‍ അവനെ അടുത്തേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു. എല്ലാവരുടെയും കണ്ണുകള്‍ വെട്ടിച്ച് അമര്‍ അവളുടെ അരുകിലേയ്ക്ക് ചെന്നു. അപ്പോള്‍ ഫസിയ അവനോടു പറഞ്ഞു.

"അമറേട്ടാ..!!!!  ഉമ്മ... വന്നിട്ടുണ്ട്. താഴെ സോഫയില്‍ ഇരിക്കുവാ...!! ഇനിയിപ്പോള്‍ അവിടെ ഒരു സീനുണ്ടാവാതെ എങ്ങിനാ ഇവരെ കൊണ്ടുപോവുവാ..."

അമര്‍ ചിന്തിച്ചു. ഫസിയ പറയുന്നത് വളരെ ശരിയാണ്. എങ്ങിനെ താഴേയ്ക്ക് പോകും. ഭയന്നിട്ടല്ല. ഇവര്‍ അമ്മയെക്കണ്ടാല്‍ ഇന്നിവിടെ എന്തേലും നടക്കും. കുറച്ചു മുന്‍പേ കഴിഞ്ഞത് തന്നെ അമ്മയുടെ ഉള്ളം നടുക്കിയിരിക്കുകയാണ്. അതുണ്ടാവാന്‍ പാടില്ല. എങ്കിലും അവന്‍ ഓര്‍ത്തിട്ട് ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍, എന്തും വരട്ടെ എന്നെ തീരുമാനിച്ചുകൊണ്ട്, ബഷീറിനോട്‌ യാത്ര പറഞ്ഞ്, അവരെല്ലാപേരും പോകാന്‍ തയാറെടുത്തു. പിന്നീട് ബാല്‍ക്കണിയില്‍ എത്തിയ അവരേവരും താഴെ സോഫയില്‍ അഹന്തയോടെ ഇരിക്കുന്ന സെലീനയെക്കണ്ടു.

പടികള്‍ ഓരോന്നും ഇറങ്ങി അവര്‍ താഴേയ്ക്ക് ചെന്നു. അവര്‍ക്കൊപ്പം ഫസിയയും. മുന്‍വശത്തെ വാതിലിലേയ്ക്ക് നടക്കാന്‍ തുടങ്ങിയ അവരോട് സെലീന ശക്തമായ സ്വരത്തില്‍ പറഞ്ഞു.

"നിന്നാട്ടെ... നിന്നാട്ടെ അവിടെ.. എല്ലാരും."

ഒന്ന് നിന്ന അമര്‍ സ്വയം പറഞ്ഞു.

"ഇവര് സമ്മതിക്കുകേലമ്മേ..!!   സമ്മതിക്കുകേല. നല്ല രീതിയില്‍ ജീവിക്കാന്‍ ഇവര് സമ്മതിക്കുകേലാ...."

ഇത് കേട്ടു അരുകില്‍ നിന്നിരുന്ന ദേവു അവന്‍റെ കൈകളില്‍ അമര്‍ത്തിപിടിച്ചു. എന്നിട്ട് സ്വരം താഴ്ത്തി അവനോട് പറഞ്ഞു.

"മിണ്ടരുത്.. നീ ഒരു വാക്കിവിടെ മിണ്ടരുത്.. ഞാന്‍ പറയുന്നത് കേട്ടോളണം... ഹും പറഞ്ഞേയ്ക്കാം..."

ആരും ഒന്നും ശബ്ദിക്കാതെ നിന്നപ്പോള്‍ സെലീന സോഫയില്‍ നിന്നും എഴുന്നേറ്റു. അവള്‍ അവര്‍ക്കരുകിലേയ്ക്ക് ചുവടുവച്ചു. എങ്ങും നിശബ്ദമായി. ചുവരിലെ ഘടികാരം മിനുട്ടില്‍ നിന്നും മിനുട്ടിലേയ്ക്ക് ചാടുന്ന ചെറുസ്വരം ഒഴികെ മറ്റൊന്നും കേള്‍ക്കാനായി അവിടെ ഉണ്ടായിരുന്നില്ല.

(തുടരും)
ശ്രീ വര്‍ക്കല        

  

2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....58

ഇരുള് ബാധിച്ച നിരത്തിന് ഇരുവശവും അവ്യക്തമായി കണ്ട വള്ളിപ്പടര്‍പ്പുകളിലേയ്ക്ക് നോക്കി ദേവു വീണ്ടും ചോദിച്ചു.

"ഇതെന്താടാ മോനെ.... ഉപ്പായും, മോനും കൂടി ഞങ്ങളെ, ഈ രണ്ടു പാവങ്ങളെ കൊണ്ട് കാട്ടില്‍ തള്ളുകയാണോ..."???

ദേവുവിന്റെ ഈ ചോദ്യം കാറിനകത്ത് ചിരി പടര്‍ത്തി. കുറച്ചു ദൂരം കൂടി സഞ്ചരിച്ച കാര്‍ റോഡിനരുകിലായി നിര്‍ത്തി. വണ്ടി ഓഫ്‌ ചെയ്ത് വണ്ടിയ്ക്കുള്ളില്‍ സ്റ്റീയറിംഗില്‍ താളം പിടിച്ച് അമര്‍ ഇരുന്നു. സലീമിന്‍റെ മുഖം ഉദ്വേഗത്താല്‍ ഇരുണ്ടിരുന്നു. ദേവുവും വിജയമ്മയും ഒന്നുമറിയാത്ത പോലെയിരുന്നു. അമ്മയെ ഏറെ വിഷമിപ്പിക്കണ്ട എന്ന് കരുതി അമര്‍ പറഞ്ഞു.

"അമ്മെ... ഈ വഴി ഏതാന്നറിയോ?

"ഇല്ല... മോനെ..!! എനിക്കെങ്ങിനെ അറിയാടാ ഇതെല്ലാം. അമ്മേടെ ജീവിതം വീട്ടിനുള്ളില്‍ അല്ലായിരുന്നോ? നാടും നാട്ടാരെയും അമ്മ അറിഞ്ഞിട്ട് വര്‍ഷം ഒരുപാടായടാ...!!! " ദേവു പറഞ്ഞു.

"ഹും... ശരിയാ അമ്മെ അത് ശരിയാ"... എന്നിട്ടവന്‍ തുടര്‍ന്നു. "ഇത് നമ്മുടെ ഫസിയയുടെ വീട്ടിലേയ്ക്ക് പോകുന്ന വഴിയാ..."

"ങേ!!! എന്നിട്ടാണോ നീയിങ്ങനെ ഞങ്ങളെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്...????

"കുറച്ചുകൂടി.. കുറച്ചുകൂടി ഒന്ന് സമാധാനിക്കൂ അമ്മെ...!! നമ്മുക്ക് പോകാം അവിടെ. ബഷീര്‍ ബാപ്പാനേം, ഫസിയയെയും കണ്ടിട്ടേ നമ്മളിന്ന് തിരിച്ചു പോകൂ..." അതിനു മുന്‍പ് നമ്മുക്ക് ഇവിടൊരാളെ കാണാനുണ്ട്...!!

"ങേ... ഈ രാത്രീല്, അതും ആരും ഇല്ലാത്ത ഈ കാട്ടില് ആരെയാടാ നീ കാണാന്‍ പോകുന്നെ..."

ദേവു അത് ചോദിക്കുമ്പോഴേയ്ക്കും കുറച്ചകലെ നിന്നും ഒരു വാഹനത്തിന്‍റെ വെളിച്ചം കാണുമാറായി. അതോടെ അമറും സലീമും വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പായി. ദേവു പെട്ടെന്ന് അമറിന്‍റെ തോളില്‍ തട്ടി ചോദിച്ചു.

"മോനെ... ആരാടാ അത്..? എടാ അമ്മയോടൊന്ന് പറഞ്ഞിട്ട് പോടാ....!! എന്തിനാ അയാളെ കാണുന്നത്...???

"അമ്മ സമാധാനമായി ഇരിക്ക്... ഇങ്ങനെ പേടിച്ചാലോ അമ്മെ..?? നമ്മുക്ക് ജീവിക്കണ്ടേ..??? ആരുടേം ശല്യമില്ലാതെ അമ്മേടെ മോന് ജീവിക്കണ്ടേ...??? എന്നിട്ടവന്‍ സ്വയം പറഞ്ഞു. "ജീവിക്കണം അമ്മെ... എനിക്ക് സ്വസ്ഥമായി ജീവിക്കണം. അതിനു ചിലരൊന്നും ഇവിടുണ്ടാകാന്‍ പാടില്ല.."

പറഞ്ഞുകൊണ്ടവനും സലീമും വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ഒടുവിലായി അവന്‍ അമ്മയോട് ഒന്ന് കൂടി പറഞ്ഞു. "എന്ത് വന്നാലും അമ്മേം അച്ചമ്മേം ഈ വണ്ടി വിട്ട് പുറത്തിറങ്ങരുത്." അമറിന്‍റെ വാക്കുകള്‍ കേട്ടു ഭയത്തോടെ ദേവു തലകുലുക്കി. പിന്നെ അവന്‍ പുറത്തു നിന്ന്‍ വണ്ടിയുടെ വാതില്‍ വലിച്ചടച്ചു. റോഡിന്‍റെ നടുവിലായി കയറി നിന്ന സലീമിനെയും അമറിനെയും ദേവു അടഞ്ഞുകിടന്ന ഗ്ലാസിലൂടെ നോക്കി.

അവനൊപ്പം റോഡിന് നടുവിലായി നിന്ന സലീമിനോട് അമര്‍ പറഞ്ഞു. "ഉപ്പൂപ്പാ... ഉപ്പുപ്പ വണ്ടിയുടെ ഓരം ചേര്‍ന്ന് നിന്നോള്ളൂ..." മടിച്ചു നിന്ന സലീമിനോട് അവന്‍ വീണ്ടും പറഞ്ഞു.

"നിന്നോളൂ.. ഉപ്പുപ്പാ... ഞാനല്ലേ പറയുന്നത് ഓരം ചേര്‍ന്ന് നിന്നോളൂ..."

അതോടെ സലിം വണ്ടിയുടെ ഓരം ചേര്‍ന്ന് നിന്നു. സലിം അവിടെ വന്നു നിന്നതോടെ ദേവു അതിനരുകിലെ വാതിലിന്‍റെ ഗ്ലാസ്സ് മെല്ലെ താഴ്ത്തി. എന്നിട്ടയാളോട് ചോദിച്ചു.

"എന്താ... ബാപ്പാ ഇത്..?? ആരെയാ അവന്‍ കാണാന്‍ നില്‍ക്കുന്നെ??

അയാള്‍ ഒരു കൈയെടുത്ത് അവളെ സമാധാനിപ്പിച്ചു. "മോള് സമാധാനപ്പെട്. ഇപ്പോള്‍ കാണാം നമ്മുക്ക്..."

സലിം ഇത് പറയുമ്പോഴേയ്ക്കും റോഡിനു നടുവില്‍ കയറി നിന്നു കൈവീശുകയായിരുന്ന അമറിനെ ചേര്‍ന്ന് ഒരു വണ്ടി വന്നു നിന്നു. അതൊരു പോലിസ് ജീപ്പായിരുന്നു. അതില്‍ നിന്നും ഇറങ്ങിയ ആളെക്കണ്ട് ദേവുവിന്‍റെ കണ്ണുകള്‍ കുറുകി. അവള്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ഥിച്ചു. "ഈശ്വരാ ഇവന്‍ ഇത് എന്തിനുള്ള പുറപ്പാടാണ്...???"

അമര്‍ ജീപ്പിനരുകിലേയ്ക്ക് ചെന്നു. അയാളുടെ നേരെ നോക്കി തൊഴുതുകൊണ്ടവന്‍ പറഞ്ഞു.

"നമസ്കാരം സര്‍.... ഇങ്ങനെ ഒരു ചുറ്റുപാടില്‍ നമ്മള് രണ്ടുപേരും ഇവിടെ കാണുംന്ന് അവിടുന്ന് നിരീച്ചിട്ടുണ്ടാവില്ല അല്ലെ...???"

അവന്‍റെ വാക്കുകള്‍ കേട്ടു ചെമ്പന്‍ ജയിംസ്‌ കുറച്ചുകൂടി മുന്നോട്ടുവന്നു. എന്നിട്ടയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

"അപ്പോള്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിയേക്കുവാ... അപ്പനും മോനും... ഹും കൊള്ളാം. തിരഞ്ഞെടുത്ത സ്ഥലവും കൊള്ളാം. ഇതാകുമ്പോള്‍ നീയൊക്കെ രണ്ടും ഇവിടെ കിടന്നു ചത്താലും ആരും അറിയില്ല..."

അമര്‍ ഇതുകേട്ട് ഒന്ന് ചിരിച്ചു. എന്നിട്ടവന്‍ പറഞ്ഞു. "സാറിപ്പോള്‍ പറഞ്ഞതില്‍ രണ്ടു മൂന്നു തെറ്റുണ്ടല്ലോ സാറേ... " എന്നിട്ടവന്‍ തന്നെ പറഞ്ഞു. "അതേതാന്ന്‍ ആലോചിച്ച് സാറ് ബുദ്ധിമുട്ടണ്ട. ഞാന്‍ തന്നെ പറയാം..."

അവര്‍ തമ്മിലുള്ള ഈ സംഭാക്ഷണം ഒക്കെ കേട്ടു ദേവു വല്ലാതെ തളര്‍ന്നിരുന്നു. അവള്‍ കണ്ണുകള്‍ പൂട്ടി നാമം ജപിച്ചുകൊണ്ടിരുന്നു. വിജയമ്മ വിടര്‍ന്ന കണ്ണുകളോടെ, ആകാംക്ഷയോടെ കൊച്ചുമോനെ നോക്കിയിരുന്നു. ഇടയ്ക്കിടെ ദേവൂനെ തട്ടിവിളിച്ച്‌ അവര്‍ പറഞ്ഞു...

"എന്‍റെ പൊന്നുമോളെ... നോക്കടീ ഇങ്ങോട്ട്. എന്തായാലും ഇതില് ഒരാളു ജയിക്കും. ഒരാള് തോക്കും. അപ്പോള്‍ പിന്നെ അത് കാണാന്‍ നല്ല രസമല്ലേ? പ്രത്യേകിച്ച് ആ ജയിക്കുന്നത് നമ്മുടെ അമര്‍ മോനാണെങ്കിലോ...???

അമ്മയുടെ വാക്കുകള്‍ കേട്ടെങ്കിലും ദേവു കണ്ണുകളടച്ച്‌ തന്നെയിരുന്നു.

ഇതേസമയം അമര്‍ തുടര്‍ന്നു. ഒന്ന്: പ്രതികാരം ചെയ്യാന്‍ ഇറങ്ങീന്ന് സാറ് പറഞ്ഞില്ലേ..?? ഇല്ല സാറേ. ഇത് വെറുതെ. കുറെനാളായില്ലേ സാറിനെ ഒന്ന് കണ്ടിട്ട്. അതാ. ആ കാഴ്ചയാ സാറിനി കാണാന്‍ പോകുന്നത്.. രണ്ട്: അപ്പനും മോനും ന്നു പറഞ്ഞില്ലേ. അതും തെറ്റാ സാറേ. ഇതെന്‍റെ അപ്പനല്ല. എന്‍റെ ഉപ്പൂപ്പായാ. പിന്നെ മൂന്ന്: അത് സാറ് പറഞ്ഞത് ഏറെക്കുറെ ശരിയാ. പക്ഷെ, അവസാനം പറഞ്ഞ കുറച്ചു വാക്കുകള്‍ മാത്രേ തെറ്റുള്ളൂ..."

പിന്നെ പെട്ടെന്നവന്‍റെ സ്വഭാവം മാറി. അവന്‍ ശക്തമായ സ്വരത്തില്‍ പറഞ്ഞു. "നമ്മളല്ല.. താനാ ഇവിടെ കിടക്കാന്‍ പോണേ... ഈ കാട്ടില്.. ഈ കാട്ടില്.." പറഞ്ഞുകൊണ്ടവന്‍ കാലുയര്‍ത്തിയതും വളരെ പെട്ടെന്നായിരുന്നു. ചെമ്പന്‍ അമറിന്‍റെ തൊഴിയേറ്റ് ദൂരേയ്ക്ക് തെറിച്ചുവീണു. പിന്നെ അവിടെ നടന്നത് ശക്തമായ ഒരു പോരാട്ടം ആയിരുന്നു. ചെമ്പന്‍റെ ഓരോ അടിയും വായുവില്‍ കറങ്ങി അവസാനിച്ചു. ഒടുവില്‍, അമറിന്‍റെ കാടന്‍ പരാക്രമത്തില്‍ തളര്‍ന്നയാള്‍ ജീപ്പിന്‍റെ ഓരം ചേര്‍ന്ന് വീണു. കലിയടങ്ങാത്ത ഒരൊറ്റയാനെപ്പോലെ അവന്‍ എല്ലാം തകര്‍ത്തെറിഞ്ഞു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആവതില്ലാതെ ചെമ്പന്‍ റോഡിലേയ്ക്ക് വീണു. അടികൊണ്ട് നീരുവന്ന കണ്ണുകളോടെ അയാള്‍ പലതവണ സലീമിന് നേരെ ദയനീയമായി നോക്കി. എന്നാല്‍ സലിം നിന്ന ഇടത്തുനിന്നും മാറിയതേയില്ല. ഒടുവില്‍, തന്‍റെ മുന്നില്‍ നില്‍ക്കുന്ന അമറിനെ നോക്കി ചെമ്പന്‍ കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു.

"എനിക്ക് മനസ്സിലാവുന്നു. എന്‍റെ തെറ്റ് എനിക്ക് മനസ്സിലാവുന്നു അമര്‍. വേണ്ടാ ആരും അറിയാതെ ഞാന്‍... ഞാന്‍ ഇവിടുന്ന് മറ്റെവിടേലും പോയി ജീവിച്ചോളാം.. തെറ്റ് പറ്റിപ്പോയി. നിന്നെ തച്ചു കൊല്ലണോന്ന് അവര് പറഞ്ഞപ്പോള്‍ ഞാന്‍, ഞാന്‍ ഒന്നും ചിന്തിച്ചില്ല അമര്‍..."

അയാളുടെ ദയനീയമായ ഈ വാക്കുകള്‍ കേട്ടു ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. അവള്‍ സര്‍വതും മറന്നു വണ്ടിയുടെ വാതില്‍ തുറന്നു പുറത്തിറങ്ങി. അപ്പോഴാണ്‌ ചെമ്പന്‍ അവളെ കാണുന്നത്. ദേവു വണ്ടിയില്‍ നിന്നിറങ്ങി അയാളുടെ അടുത്തേയ്ക്ക് പാഞ്ഞുവന്നു. അതോടെ സലീമും അയാളുടെ അടുത്തേയ്ക്ക് ചെന്നു. സലിം റോഡില്‍ നിന്നും അയാളെ പിടിചെഴുന്നേല്‍പ്പിച്ചു. ജീപ്പിന്‍റെ ഓരം ചേര്‍ന്ന് തളര്‍ന്നു നിന്ന അയാളെ നോക്കി ക്രുദ്ധയായി ദേവു ചോദിച്ചു.

"തനിക്കാരാടോ പണം തന്നത്. എന്‍റെ മോനെ കൊല്ലാന്‍...??? "

ദേവുവിന്‍റെ ചോദ്യം കേട്ടു ഒന്ന് പരുങ്ങി നിന്നിട്ടയാള്‍ പറഞ്ഞു. "രാജേശ്വരി... നിങ്ങളുടെ അനിയത്തി.."

"ങേ!!! .. അവളോ..?

"ങാ... അവര് തന്നെ. നിങ്ങളുടെ മകനാ അവരുടെ മകനെ കൊന്നതെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇപ്പോഴും. പിന്നെ.. പിന്നെ ഒടുവില്‍, സെലീനയെക്കൂടി വകവരുത്തണം ന്ന് അവര് പറഞ്ഞിട്ടുണ്ട്.."

"ങേ!!! ദേവു അയാളുടെ വാക്കുകള്‍ കേട്ടു വീണ്ടും ഞെട്ടി. എങ്കിലും അവള്‍ ചോദിച്ചു.

"അതെന്തിനാ..?? അവളെ വകവരുതുന്നത്. അതിനു അവര് തമ്മില് നല്ല ബന്ധമല്ലേ..??

"അതൊന്നും എനിക്കറിയില്ല... എനിക്ക് രണ്ടുപേരും പണം തരും. " അയാള്‍ ദേവൂന് നേരെ കൈകൂപ്പി. എല്ലാവരും ഒന്നും അറിയാത്ത പോലെ ചിന്തിച്ചു നിന്നു. എങ്കിലും അമറിന്‍റെ മനസ്സിലെവിടെയോ സംശയത്തിന്‍റെ വിത്ത് പൊട്ടി. അവന്‍ പെട്ടെന്ന് ചോദിച്ചു.

"താന്‍ പറയുന്നത് അത്രേം വിശ്വസിക്കാന്‍ ഞാനൊരുക്കമല്ല. എന്നെ കൊല്ലിക്കാന്‍ പണം തരാന്‍ തക്ക പണം അവരുടെ കൈയിലില്ലല്ലോ...??? പറഞ്ഞുകൊണ്ടവന്‍ മുന്നോട്ടു ചെന്നു അയാളുടെ ഉടുപ്പിന്‍റെ കോളറില്‍ പിടിച്ചുവലിച്ചു റോഡിനരുകിലേയ്ക്ക് നടന്നു. അയാള്‍ തളര്‍ന്നവശനായി അമറിനൊപ്പം നീങ്ങി. സലീമും ദേവുവും അവര്‍ക്ക് പുറകെ ചെന്നു. അമറിന്‍റെ വലതു മുഷ്ടി അയാളുടെ ചെകിടില്‍ ആഞ്ഞുപതിച്ചു. എന്നിട്ടവന്‍ ഉറക്കെ വിളിച്ചു.

"പറയടാ നായിന്‍റെമോനെ.. സത്യം പറയ്. എന്നെക്കൊല്ലാന്‍ ആരാടാ നിനക്ക് പണം തന്നത്..???

അമറിന്‍റെ ഈ ഭാവം കണ്ട ദേവു ഭയന്നു പിന്നിലേയ്ക്ക് മാറി. സലിം അവന്‍റെ കൈകളില്‍ പിടിച്ചു. എന്നിട്ട് കേണപേക്ഷിച്ചു. "മോനെ... വേണ്ടടാ.. വിട്ടേര്. നീ ഇനി തല്ലിയാല്‍ അയാള് ചത്തുപോകും..."

"ഇല്ല.. ഉപ്പൂപ്പാ... ഇവന്‍ സത്യം പറഞ്ഞില്ലേല് അത് തന്നെ സംഭവിക്കും. ഇവനെ, ഈ കണ്ടോള് മാരുടെ ചോറ് തിന്നുന്ന ഈ പട്ടിയെ ഞാനിന്ന് കൊല്ലും.." അവന്‍ അയാളെ റോഡിന് താഴേയ്ക്ക് പിടിച്ചുതള്ളാന്‍ ആഞ്ഞു. അവിടുത്തെ ആഴം കണ്ട അയാള്‍ ഭയന്നുവിറച്ചു. അയാള്‍ ഉരുണ്ട കണ്ണുകളോടെ അമറിനെ നോക്കി വിളിച്ചു പറഞ്ഞു. "ഞാന്‍ പറയാം അമര്‍. ഞാന്‍ സത്യം പറയാം.."

"ഈ പണം അവര്‍ക്ക് കൊടുത്തത് സെലീന മാഡമാണ്. ഒടുവില്, ആ കൊലയുടെ പേരും പറഞ്ഞു. എന്നെന്നേയ്ക്കുമായി നിങ്ങളേം അവരേം കൂട്ടിഅടിപ്പിക്കണം ന്നും. കഴിയുമെങ്കില്‍ രണ്ടാളേം തീര്‍ക്കണം ന്നും എന്നോട് പറഞ്ഞു.."

ഇത് കേട്ട് കഴിഞ്ഞതോടെ അമര്‍ അയാളെ അവിടെ നിന്നും കുറേക്കൂടി പിന്നിലേയ്ക്ക് വലിച്ചുകൊണ്ട്പോയി. സലിം ഓടി അവന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.

"മോനെ... നീ ഉപ്പൂപ്പാന് തന്ന വാക്ക് മറന്നോ?? എടാ അവനെ കൊല്ലില്ലാന്ന്‍ നീ എനിക്ക് തന്ന വാക്ക് മറന്നോ...??? മോനെ... അമര്‍...!!!

എന്നാല്‍ അമര്‍ ഈ വാക്കുകള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ചെമ്പന്‍റെ ശരീരത്തില്‍ നിന്നും കൈകളെടുത്ത അവന്‍ ഞൊടിയിഴകൊണ്ട് അയാളെ തൊഴിച്ചു താഴേയ്ക്കിട്ടു. ഒരു നിലവിളിയോടെ ചെമ്പന്‍ താഴേയ്ക്ക് കുതിച്ചു. ഇരുളില്‍, മരച്ചില്ലകളിലും, മണ്‍തിട്ടകളിലും തട്ടിയുയര്‍ന്നു വായുവിലൂടെ തെറിച്ചു താഴേയ്ക്ക് നീങ്ങിയ അയാളുടെ വിളി ദൂരത്തേയ്ക്ക് അലിഞ്ഞലിഞ്ഞ് ഇല്ലാതായി. പിന്നെ ജീപ്പില്‍ കയറി അമര്‍ അത് സ്റ്റാര്‍ട്ടാക്കി മുന്നോട്ടു വന്ന് ചെമ്പന്‍ വീണയിടത്ത് കൊണ്ടുവന്ന് അത് താഴേയ്ക്ക് വിട്ടു. അവന്‍ തിരികെ റോഡിലേയ്ക്കും. അപ്പോള്‍ സലിം ചോദിച്ചു.

"എന്താടാ മോനെ.. നീയീ കാട്ടിയത്...???

"അതൊക്കെ വിട് ഉപ്പൂപ്പാ... !! ഉപ്പൂപ്പാ വന്നു വണ്ടിയില്‍ കയറ്. സലിം അവന്‍ പറഞ്ഞത് ഒന്നും മിണ്ടാതെ കേട്ടു വന്നു വണ്ടിയില്‍ കയറി ഇരുന്നു. അവര്‍ക്കൊപ്പം ദേവുവും. അതില്‍ അല്‍പനേരം ഏവരും മിണ്ടാതെയിരുന്നു. പെട്ടെന്ന് ആ നിശബ്ദതയില്‍ അമര്‍ പറഞ്ഞു.

"നമ്മളാരും ഇവിടെ വന്നിട്ടില്ല. ഒന്നും കണ്ടിട്ടില്ല, ഇതൊന്നും... ഇതൊന്നും ആര്‍ക്കും അറിയ്കേം ഇല്ല.."

അവന്‍റെ വാക്കുകള്‍ കേട്ടു ഒപ്പം ഉണ്ടായിരുന്ന മൂവരും "ഉം" ന്ന് മൂളി തലകുലുക്കി.

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....57

അമറും ഫസിയയും ദേവുവിന്‍റെ വിളികേട്ട് ഒന്ന് ഞെട്ടി. അവരിരുവരും പരസ്പരം നോക്കി. പിന്നെ മന്ദംമന്ദം അകത്തേയ്ക്ക് ചുവട് വച്ചു.

മുറിയ്ക്കുള്ളില്‍ ഭയത്തോടെ, അതിലേറെ സങ്കോചത്തോടെ കയറി നിന്ന രണ്ടുപേരെയും നോക്കി ദേവു കത്തുന്ന കണ്ണുകളോടെ നിന്നു. എങ്കിലും അവരെ ഒരുപാടങ്ങ്‌ വേദനിപ്പിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ഇരുവരുടെയും മുഖഭാവം കണ്ട ദേവൂന് ചിരി വന്നു. പെട്ടെന്ന് തന്നെ ഇരുകരങ്ങളും കൊണ്ട് മെല്ലെ അവരുടെ ചെവികളില്‍ അവള്‍ പിടിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.

"എടാ... !!! രണ്ടാളും പോത്ത് പോലെ വളര്‍ന്നല്ലോ...??? നാണമില്ലേടാ രണ്ടിനും ഈ പട്ടാപ്പകല് അതും നാലാള് കാണുന്ന വെളിയില്. നിനക്കൊക്കെ സ്നേഹിക്കണോങ്കില്‍ ഇവിടെയിരുന്ന് സ്നേഹിചൂടെ....??? ഇതിനകത്ത്..!!! എന്നിട്ടവള്‍ പൊട്ടിപൊട്ടിചിരിച്ചു.

ദേവുവിന്‍റെ വാക്കുകള്‍ ഒരു സ്വപ്നം പോലെ തോന്നി അമറിനും ഫസിയയ്ക്കും. സ്ഥലകാലം മറന്ന്‍ അവര്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. അപ്പോള്‍, അവരെ ചേര്‍ത്തണച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"മക്കളെ... നിങ്ങളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ ഞാന്‍ സെലീനയല്ല. ദേവുവാ... നിങ്ങള് സ്നേഹിചോളീന്‍... സ്നേഹിച്ചു സ്നേഹിച്ചു പറന്നു നടന്നോളീന്‍. പിന്നെ രണ്ടാളോടും ആയി അവള്‍ പറഞ്ഞു. ഒന്നുമാത്രം അമ്മയ്ക്ക് നിങ്ങള് വാക്ക് തരണം.."

"എന്താമ്മേ... എന്ത് വാക്കാ അമ്മയ്ക്ക് ഞങ്ങള് തരേണ്ടേ..."??? രണ്ടുപേരും പെട്ടെന്ന് ചോദിച്ചു.

"മക്കളെ നിങ്ങളിപ്പോള്‍ കാണിക്കുന്ന ഈ സ്നേഹം വെറും ശരീരത്തിനോട്‌ മാത്രമുള്ള ആര്‍ത്തിയാകരുത്. എന്നും ഈ സ്നേഹം നിലനില്‍ക്കണം. എല്ലാ പ്രതിബന്ധങ്ങളും മാറ്റണം. പിന്നെ ഒരിക്കലും നിങ്ങള് പിരിയരുത് മക്കളെ... ഒരിക്കലും പിരിയരുത്... അതാണമ്മേടെ ആഗ്രഹം..."

ഫസിയയും അമറും അവള്‍ക്കു വാക്ക് കൊടുത്തു.

"ഇല്ലമ്മേ... ഞങ്ങള് പിരിയില്ല. ഒരിക്കലും. ഒരിക്കലും അമ്മെ.."

പിന്നെ, സന്തോഷത്തോടെ എല്ലാവരും കൂടി ഭക്ഷണം ഒക്കെ കഴിച്ചു. അവിടെ നിന്നു പോകാന്‍ നേരം ദേവു ഫസിയയോട് പ്രത്യേകമായി പറഞ്ഞു.

"മോളെ.. അമ്മ നിങ്ങളോട് സ്നേഹിക്കാനാണ് പറഞ്ഞത്. അത് മുതലെടുക്കരുത്. മോള് പെണ്ണാണ്. എല്ലാം മോള് സൂക്ഷിക്കണം. വിവാഹത്തിന് മുന്നേ അങ്ങിനെ ഒന്നും ഉണ്ടാകാന്‍ പാടില്ല."

ഫസിയ ദേവുവിന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു. അപ്പോള്‍ ദേവു തുടര്‍ന്നു.

"പുരുഷന്‍ സ്ത്രീയെ ആഗ്രഹിക്കണം. അവള്‍ ഭാര്യയായി അവന്‍റെ മുന്നില്‍ വരുന്ന നിമിഷം മുതല്‍ അവളെ മാത്രം ആഗ്രഹിക്കണം. ആ ആഗ്രഹം ആദ്യനാളില്‍ നിന്നോടവന് ഉണ്ടാകണം എങ്കില്‍ നീ അപ്പോള്‍ ഒരു കന്യകയായിരിക്കണം. അതൊരിക്കലും മറക്കരുത്. നിങ്ങളുടെ സ്നേഹബന്ധത്തിനിടയില്‍ പിന്നീട് അമ്മയ്ക്കിത് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞുവെന്നു വരില്ല... "

ദേവുവിന്‍റെ വാക്കുകള്‍ക്കെല്ലാം അവള്‍ തലകുലുക്കി നിന്നു. ഒടുവില്‍ അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ നെറുകയില്‍ ദേവു ഒരു ചുംബനം നല്‍കി. ഇതുവരെയും ഒരമ്മയില്‍ നിന്നും അത് കിട്ടാതിരുന്ന ഫസിയ അതോടെ തേങ്ങിക്കരഞ്ഞുപോയി. അവള്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. ദേവു അവളെ സ്വന്തം മാറോട് ചേര്‍ത്ത് പിടിച്ചു. കുറച്ചുനേരം അവര്‍ അങ്ങിനെ നിന്നു. ഒടുവില്‍, സ്നേഹത്തോടെ എല്ലാവരും ചേര്‍ന്ന് അവളെ യാത്രയാക്കി.
************
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. അമര്‍ പതിവ് പോലെ ജോലിയ്ക്ക് പോയിത്തുടങ്ങി. അവന്‍റെ ജീവിതസാഹചര്യങ്ങളും പ്രശ്നങ്ങളും ഒക്കെ ഓഫീസില്‍ ഇതിനകം തന്നെ എല്ലാപേര്‍ക്കും അറിയാമായിരുന്നതിനാല്‍ അവന്‍റെ ജോലിയ്ക്ക് ഒരിക്കലും ഇതൊന്നും ഒരു തടസം ആയിരുന്നില്ല. എന്നിരുന്നാലും അമര്‍ മനസ്സില്‍ ആരോടൊക്കെയോ ഉള്ള കോപവും പകയും ഒളിപ്പിച്ചുവച്ചിരുന്നു. എല്ലാറ്റിനും മുന്നേ തന്‍റെ മുന്നിലിട്ട് അച്ഛമ്മയെ ചവിട്ടിയതിലും, അമ്മയെ തള്ളിയിട്ടതും അമ്മയുടെയും അച്ഛമ്മയുടെയും മുന്നിലിട്ട് അവനെ അടിച്ചതിലും ഉള്ള ചെമ്പനോടുള്ള വിരോധം തന്നെ. നല്ല ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അവന്‍.
**********
ദേവുവിന്‍റെ അവസാനത്തെ, ശക്തമായ താക്കീതില്‍ ഭയന്നാണോ എന്നും, സെലീന തല്‍ക്കാലം ഒന്നും വേണ്ട എന്ന് വിളിച്ചറിയിച്ചത് കൊണ്ടാണോ എന്നും അറിയില്ല, കഴിഞ്ഞ ഈ മൂന്നു മാസക്കാലമത്രയും അമറിനെ തേടി ആരും അവന്‍റെ വീട്ടിലേയ്ക്കോ, അവന്‍ കിടക്കുന്ന ആശുപത്രിയിലേയ്ക്കോ, ജോലിസ്ഥലത്തേയ്ക്കോ ഒന്നും വന്നിട്ടില്ല. പ്രത്യേകിച്ച്, സത്യരാജിന്‍റെ മരണം എല്ലാരും മറന്നപോലെ തോന്നിച്ചു. ഒരു പ്രത്യേക നിശബ്ദത അക്കാര്യത്തില്‍ വന്നോ എന്ന് പോലും ഒരുവേള അമര്‍ സംശയിച്ചു. അതോ ഇതെല്ലാം വരാന്‍ പോകുന്ന ഭൂകമ്പത്തിന് മുന്നേയുള്ള പ്രകൃതിയുടെ നിസംഗതയാണോ..??? അതെ, കാര്യങ്ങള്‍ ഒരുപാട് കുത്തിപ്പൊക്കാന്‍ അവര്‍ക്ക് ആഗ്രഹം പിന്നീടു ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നമാറ് ശാന്തമായിരുന്നു അവിടം.

അങ്ങിനെയിരിക്കെ, ഒരു വൈകുന്നേരം. അമര്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. അപ്പോഴാണ്‌ അവന്‍റെ ഫോണിലേയ്ക്ക് സലിം വിളിച്ചത്. അമര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അഞ്ചു മിനിറ്റ് നേരം അയാളോട് സംസാരിച്ച ശേഷം അവന്‍ ഫോണ്‍ വച്ചു. എന്നിട്ട് കുറച്ചു നേരത്തെ പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്ക് നേരത്തെ വന്ന അമര്‍ അമ്മയോടും അച്ഛമ്മയോടും പെട്ടെന്ന് ഒരുങ്ങാന്‍ പറഞ്ഞു.

"എന്താടാ... എവിടെയ്ക്കാ ഇത്ര തിടുക്കപ്പെട്ട്.." ദേവു ചോദിച്ചു.

"നമ്മുക്ക് ഇന്നൊന്ന് സന്തോഷിക്കാം അമ്മെ..."

ദേവുവും വിജയമ്മയും ഒരുങ്ങി വണ്ടിയില്‍ വന്നിരുന്നു. അവരെയും കൊണ്ട് ആ വണ്ടി നേരെ ചെന്നു നിന്നത് സലീമിന്‍റെ വീട്ടിലേയ്ക്കാണ്. ഒരു ഹോണ്‍ പോലും അടിയ്ക്കാതെ, അവരെയും കാത്തുനിന്നെന്നപോലെ സലിം വന്നു വണ്ടിയില്‍ കയറി. അവരെയും കൊണ്ടത് ഗേറ്റ് കടന്നു പുറത്തേയ്ക്ക് നീങ്ങി. പ്രധാന നിരത്തില്‍ കുറെദൂരം സച്ചരിച്ച അവര്‍ പിന്നെയൊരു ചെറിയ റോഡിലേയ്ക്ക് തിരിഞ്ഞു. നേരം ഇരുണ്ട് തുടങ്ങി. ദേവു ഇടയ്ക്കിടെ രണ്ടുപേരെയും നോക്കി ചോദിച്ചു.

"എവിടേയ്ക്കാ... ഉപ്പേം മോനും കൂടി ഞങ്ങളെ കൊണ്ട് പോകുന്നത്,,,??? പിന്നെ അതിന്റെ തുടര്‍ച്ചയെന്ന പോലെ അവള്‍ ചോദിച്ചു. "ഫസിയായുടെ അടുത്തേയ്ക്കാണോ മോനെ...."

അമര്‍ പറഞ്ഞു. അമ്മ സമാധാനമായിരിക്ക്. ദേ! എത്താറായി. ഇപ്പോള്‍ കാര്‍ ഓടുന്നത് വിജനമായ ഒരു പ്രദേശത്തു കൂടിയാണ്.

(തുടരും)
ശ്രീ വര്‍ക്കല
ദേവദാരുവിന്നരികത്ത്‌.....56

അവളുടെ വാക്ക് കേട്ട് ദേവു ഒന്ന് ഞെട്ടിപ്പോയി. അവള്‍ക്ക് ഫസിയയോട് വല്ലാത്തൊരു വാത്സല്യം ഉണ്ടായി. "മോളെ" ന്നു വിളിച്ചുകൊണ്ട് ദേവു അവളെ സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു. ഫസിയ ഇരുകൈകളും കൊണ്ട് അവളെ വട്ടം പിടിച്ചു. ദേവുവിന്‍റെ മനസ്സിലും ഒരു മകളോടുള്ള വാത്സല്യം വന്നുനിറഞ്ഞു.

ഫസിയ, തന്‍റെ നെഞ്ചില്‍ കിടക്കുമ്പോള്‍ ദേവു ചിന്തിച്ചു. എന്‍റെ മോളായി പിറക്കാനോ ഇവള്‍ക്ക് കഴിഞ്ഞില്ല. എന്‍റെ മകന് വേണ്ടി ഇവളെ ഞാനെടുക്കാം എന്ന് കരുതിയാല്‍, അപ്പൊ വരും സമുദായക്കാര്. അതോടെ അവളാ ചിന്ത മനസ്സില്‍ നിന്നും കളഞ്ഞു.

ഈ നേരമത്രയും അമറും, വിജയമ്മയും ഇരുവരേയും നോക്കിയിരുന്നു. അമറിന്‍റെ മനസ്സില്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവന്‍റെ മനസ്സ് പറഞ്ഞു. ഇനിയെങ്ങാനും ഫസിയയോട് സ്നേഹം കൂടി "മോനെ.. ഇവള് നിന്‍റെ കൂടപ്പിറപ്പാണ്.. നീ അവളെ അങ്ങിനെ സ്നേഹിക്കണം എന്ന് അമ്മ പറയുമോ " എന്നവന്‍ ഭയന്നു.

ഫസിയയെയും നെഞ്ചില്‍ ചേര്‍ത്ത് ചിന്തയിലാണ്ട് നിന്ന ദേവുവിനോട് പെട്ടെന്ന് അമര്‍ പറഞ്ഞു.

"അമ്മെ... ഒക്കെ ശെരി തന്നെ. എങ്കിലും ഞാനൊരൂട്ടം പറഞ്ഞോട്ടെ..?? "

"എന്താടാ..?? ചോദിക്ക്..!!!" ദേവു അവനോട് പറഞ്ഞു. ഫസിയ ദേവുവിന്റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി അവനെ നോക്കി.

"ദേ..!!! ഞാനൊരു കാര്യം പറയാം. അമ്മയ്ക്കിവളോട് സ്നേഹം കൂടിക്കൂടി, പിന്നെ എന്നോട് ഇവളെ നീ കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കണം എന്നമ്മ പറയരുത്..!!!

അവന്‍റെ ചോദ്യം കേട്ടു ദേവു പൊട്ടിച്ചിരിച്ചു. എന്നിട്ടവള്‍ ചോദിച്ചു. "ഓക്കേ സമ്മതിച്ചു. അപ്പോള്‍ പിന്നെ എങ്ങിനെ സ്നേഹിക്കാനാ ന്‍റെ മോന്‍റെ പ്ലാന്‍..."

അമര്‍ ഒന്നും മിണ്ടിയില്ല. ഇളിഭ്യനായി ഇരുന്ന അവനെ നോക്കി വിജയമ്മയും ദേവുവും അവര്‍ക്കൊപ്പം ഫസിയയും ആര്‍ത്താര്‍ത്തു ചിരിച്ചു.

പിന്നെ അവരെ വിട്ടു ദേവു അടുക്കളയിലേയ്ക്ക് പോയി. അമര്‍ പുറത്ത് ദേവദാരുവിന്‍റെയരുകിലും. അവന് പിന്നാലെ ഫസിയയും വിജയമ്മയുടെ അരുകില്‍ നിന്ന് മടിച്ചുമടിച്ച് എഴുന്നേറ്റു. ഇടയ്ക്കിടെ അവള്‍ വിജയമ്മയെ ഒളികണ്ണിട്ടു നോക്കി. അത് മനസ്സിലാക്കിയെന്നോണം അവളെ നോക്കി ഒരു കള്ളച്ചിരിയോടെ അവര്‍ പറഞ്ഞു..

"പൊയ്ക്കോ... ന്‍റെ മോള് പൊയ്ക്കോ... അവള് കാണണ്ടാ ട്ടോ... ഹി ഹി "

ഫസിയയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് വിജയമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍ മുറി വിട്ടു വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു. വിജയമ്മ അവളുടെ ആ പോക്ക് കണ്ടു സന്തോഷത്തോടെ അകത്തും. പുറത്തെ വാതിനരുകില്‍ ഫസിയ എത്തുമ്പോള്‍ ദേവദാരുവിനരുകില്‍ അവളെ പ്രതീക്ഷിച്ചപോലെ അമര്‍ നില്‍പ്പുണ്ടായിരുന്നു. അവന്‍ വിടര്‍ന്ന കണ്ണുകളിലൂടെ അവളെ നോക്കി. അവള്‍ തെല്ലു നാണത്തോടെ അവന്‍റെയരുകില്‍ ചെന്നു. ചെറുകാറ്റിലാടിയ അവളുടെ മുടിയിഴകള്‍ അവന്‍റെ മുഖത്തേയ്ക്കു പാറിവീണു. പഞ്ഞികണക്കെ, അവന്‍റെ പരുക്കന്‍ താടിരോമങ്ങള്‍ക്കിടയില്‍ പെട്ട് അവ തട്ടിത്തട്ടിപ്പിണഞ്ഞു താഴേയ്ക്ക് വീണു. അമര്‍ അവളുടെ തുടിക്കുന്ന മുഖം കൈക്കുമ്പിളില്‍ ചേര്‍ത്തെടുത്തു. ഫസിയ വികാരാധീനയായി അല്‍പ്പം മേല്‍പ്പോട്ടുയര്‍ന്നു. അമര്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. എന്നിട്ടവന്‍ അവളെ കെട്ടിപ്പിടിച്ചു. അവന്‍റെ നെഞ്ചില്‍ നിന്നവള്‍ കുതറിമാറി. ഭയത്തോടെ അവള്‍ നാലുപാടും നോക്കി. അപ്പോള്‍, അവളുടെ ഭയന്ന കണ്ണുകളെ നോക്കി അവന്‍ ചോദിച്ചു.

"ഫസിയാ..... ന്‍റെ പൊന്നെ..!!! എവിടേ.. നിന്‍റെ തട്ടം....????

അവള്‍ സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു.

"ഞാനെടുത്തില്ല. അമറേട്ടാ... !!

"ഉം...എന്താ... എന്താ നീ അതെടുക്കാഞ്ഞേ ഫസിയ.." അമര്‍ മനസ്സില്‍ തികട്ടി വന്ന വാക്കുകള്‍ ഉത്സാഹത്തോടെ ചോദിച്ചു.

"എന്തിനാ അതിനി. അതിട്ടോണ്ടിനി നടക്കാന്‍ ഞാന്‍ ഒരു മുസ്ലിം ചെക്കനെ കെട്ടാന്‍ പോണില്യാല്ലോ...!!!" അതിനവള്‍ ഇങ്ങനെ മറുപടി പറഞ്ഞു.

"ങേ!!! അപ്പോള്‍ അപ്പോളിനി ആരെയാ... നീ കെട്ടാന്‍ പോവണേ...??? അവന്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

അവന്‍റെ ആ അജ്ഞത അറിയണം എന്ന് തന്നെ കരുതി ഫസിയ പറഞ്ഞു.

"ഹും.... എന്തായാലും അമറേട്ടനല്ല.... " അവള്‍ പറഞ്ഞിട്ട് പരിഭവം നടിച്ചു.

"അപ്പോള്‍.... ആരാടീ... ആരാടി ആ തെണ്ടി..." അവന്‍ അവള്‍ക്കു നേരെ കണ്ണുകള്‍ ഉരുട്ടി.

"ഹും... പേടിപ്പിക്കണ്ടാ ട്ടോ... അങ്ങിനെയൊന്നും പേടിക്കണോളല്ല ഈ ഫസിയ.."

അവളതു പറയുമ്പോള്‍ അവന്‍ അവള്‍ക്കരുകിലേയ്ക്ക് അല്‍പ്പം കൂടി ചേര്‍ന്ന് നിന്നു. എന്നിട്ട് എന്തോ ഓര്‍ത്ത പോലെ അവന്‍, അരുകില്‍ നില്‍ക്കുന്ന ദേവദാരുവിനെയും പടര്‍ന്നു നില്‍ക്കുന്ന തുളസിച്ചെടിയെയും നോക്കി അവളോട്‌ ചോദിച്ചു.

"ഫസിയാ അറിയോ... നിനക്ക് ഈ നില്‍ക്കണതൊക്കെ ആരാന്ന്... ??? "

അവള്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ അവന്‍ തന്നെ പറഞ്ഞു.

"ഇതെന്‍റെ ചേച്ചിയാ...!!! പിന്നെ ഇതെന്‍റെ അപ്പായാ... !!!. നിനക്കറിയോ ഫസിയ ഞാന്‍... ഞാനെന്‍റെ അപ്പായെപ്പോലിരിക്കുന്നു എന്നാ എല്ലാരും പറയണേ..."

അവന്‍റെ വാക്കുകള്‍ക്കു അവള്‍ മറുപടി പറഞ്ഞു.

"ഹും... എനിക്കറിയാം. ഞാന്‍ കണ്ടു... അമറേട്ടന്‍റെ അപ്പാനെ..!!! "

അവന്‍ അത്ഭുതത്തോടെ ചോദിച്ചു. "എവിടെ...??? എന്ന്????

അവള്‍ പറഞ്ഞു. "അവിടെ... ആ ചുവരേല്... !! എന്നിട്ടവള്‍ പറഞ്ഞു. "ശെരിയാ അമറേട്ടാ നാട്ടാര് പറയണത്. ഏട്ടന്‍ അപ്പാനെപ്പോലെ തന്നെയാ ഇരിക്കണത്...!!!

അവന്‍ സന്തോഷത്തോടെ അവളെ നോക്കി. അവരുടെ മുന്നിലൂടെ രണ്ടു ചിത്രശലഭങ്ങള്‍ പറന്നുപോയി. ദേവദാരുവിന്‍റെ ചില്ലകള്‍ ചെറുകാറ്റില്‍ മെല്ലെയാടി. തുളസിചെടിയുടെ ഗന്ധം അവരുടെ നാസികകളില്‍ പറന്നെത്തി. അമര്‍ അതിരറ്റ സ്നേഹത്തോടെ അവളോട്‌ പറഞ്ഞു.

"ഫസിയ... ആരെങ്കിലും.. എന്നെങ്കിലും നമ്മുടെ ഈ ബന്ധം അറിഞ്ഞാല്‍, അവര്‍ എതിര്‍ത്താല്‍... !!! നീ എന്ത് ചെയ്യും...???

അവള്‍ അവന്‍റെ ചോദ്യം കേട്ടു തലകുനിച്ചു നിന്നു. അമര്‍ മുന്നിലേയ്ക്ക് വന്ന് അവളുടെ മുഖം പിടിച്ചുയര്‍ത്തി. അവന്‍റെ മിഴികളില്‍ നോക്കാതെ അവള്‍ ഇമകളടച്ചു നിന്നു. അവളുടെ കണ്‍പീലികള്‍ നനഞ്ഞിരിക്കുന്നത് അമര്‍ കണ്ടു. അവളുടെ അധരങ്ങള്‍ വിറയ്ക്കുന്നതും. അമര്‍ ഫസിയയുടെ മുഖത്തേയ്ക്ക് തന്‍റെ മുഖം അടുപ്പിച്ചു. പിന്നെ, അടക്കാനാകാത്ത സ്നേഹത്തോടെ, വികാരത്തോടെ അവന്‍ വിളിച്ചു.

"ഫസിയ... ന്‍റെ ഫസിയാ... !!

"ഉം..." അവള്‍ വിളികേട്ടു.

"ഞാനും നീയും.. നമ്മള്‍ മാത്രമാകുന്ന ഒരു ലോകം ഞാന്‍ മനക്കണ്ണില്‍ കാണുന്നു. ചുറ്റും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ നടുവില്‍, വെള്ള വസ്ത്രങ്ങള്‍ മാത്രമണിഞ്ഞു നീയും... ഞാനും. നമ്മുടെ കരങ്ങളില്‍ രണ്ടു വര്‍ണ്ണത്തൂവാലകള്‍. കാറ്റിനോടും കിളികളോടും കഥപറഞ്ഞ്.. നമ്മള്‍ രണ്ടു പേരും. ഞാനെപ്പോഴും ഓര്‍ക്കാറുണ്ട് ഫസിയ. എന്തിന് നീയെന്‍റെ മുന്നില്‍ വന്നു ന്ന്. എന്തിന് നമ്മുടെ അച്ഛനമ്മമാര്‍ പരസ്പരം സ്നേഹിച്ചുവെന്ന്. എനിക്കറിയില്ല ഫസിയ. ഞാനിന്ന് നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്കറിയില്ല ഫസിയാ. ഇപ്പോള്‍ എന്‍റെ മനസ്സ് നിറയെ നീയാണ്. നിന്നോടുള്ള സ്നേഹമാണ്. നിന്നോടൊപ്പമുള്ള ജീവിതമാണ്. നമ്മുക്ക് സ്വസ്ഥമായി ജീവിക്കണം. അതിനു തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ആരും ഉണ്ടാവാന്‍ പാടില്ല...."

അമറിന്‍റെ വാക്കുകള്‍ കേട്ട് പതിയെപതിയെ അവള്‍ അവന്‍റെ നെഞ്ചിലേയ്ക്കമര്‍ന്നു. അവന്‍ തുടര്‍ന്നു.

"ജനിച്ച കാലം മുതലേ ഞാനനുഭവിക്കുന്ന വേദന. എന്‍റെ അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍... എല്ലാം മാറ്റണം എനിക്ക്. ഞാന്‍ വളരുന്നതും കാത്ത് എന്‍റെ അമ്മ കാവലിരുന്നത് പോലെ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി നമ്മുക്ക് ജീവിക്കണം. അല്ലലില്ലാതെ അവരെ വളര്‍ത്തണം. അതിനെനിക്ക് എല്ലാം വേണം ഫസിയ. നമ്മുക്ക് എല്ലാം നേടണം ഫസിയ... അതിന് .. അതിനെനിക്ക് സ്വസ്ഥത വേണം. സ്വസ്ഥത വേണം ഫസിയ..."

അവന്‍റെ ആ അവസാനവാക്കുകള്‍ കേട്ട അവള്‍ക്ക് വല്ലാത്തൊരു വിഷമം ഉണ്ടായത് പോലെ അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. തമ്മില്‍ പുണര്‍ന്നു നില്‍ക്കുന്ന അവര്‍ക്കരുകിലേയ്ക്ക് നടന്നുവന്ന ദേവുവിനെ അവര്‍ കണ്ടില്ല. പക്ഷെ, അവരെക്കണ്ട ദേവു ഉച്ചത്തില്‍ വിളിച്ചു.

"അമര്‍.... ഫസിയ... എന്തായിത്...??? എന്താ നിങ്ങളുടെ ഉദ്ദേശ്യം....?????"

അമ്മയുടെ പൊട്ടിത്തെറി കേട്ട് ഫസിയയും അമറും പെട്ടെന്ന് വേര്‍പിരിഞ്ഞു. കണ്മുന്നില്‍ കത്തിനില്‍ക്കുന്ന ദേവുവിനെക്കണ്ട ഫസിയ തളര്‍ന്നുപോയി. അമറാകട്ടെ.. അമ്മയുടെ മുന്നില്‍ നിന്ന് ഉരുകിയൊലിക്കാനും തുടങ്ങി.

"ഇങ്ങനാണോ നിങ്ങളുടെ രണ്ടാളുടേം ഉള്ളില്....??????"

ചോദിച്ചുകൊണ്ട് ദേവു അമര്‍ഷത്തോടെ അകത്തേയ്ക്ക് പോയി. അവള്‍ അകത്തു ചെന്നിട്ട് അവരെ വീണ്ടും ഉച്ചത്തില്‍ വിളിച്ചു.

"അമര്‍.... ഫസിയാ... രണ്ടാളും ഇവിടെ വാ..."

(തുടരും)
ശ്രീ വര്‍ക്കല