2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....61

സെലീനയുടെ വീടിന്‍റെ പുറത്തേയ്ക്ക് നീങ്ങിയ വണ്ടിയില്‍ അമര്‍ കുനിഞ്ഞിരുന്നു. വണ്ടി വളരെ പതുക്കെയാണ് ചലിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് ദേവു പിന്നില്‍ നിന്നും അവന്‍റെ തോളില്‍ കൈവച്ചു. എന്നിട്ടവള്‍ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.

"അമ്മ.. അമ്മ ഇങ്ങനല്ല എന്‍റെ മോനെ കണ്ടത്...???

ദേവുവിന്‍റെ വാക്കുകള്‍ കേട്ട അവന്‍റെ നെഞ്ചില്‍ നിന്നും ശരവേഗത്തില്‍ ഒരു തേങ്ങല്‍ പുറത്തേയ്ക്ക് വന്നു. അവന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. പിന്നെ അതിന്‍റെ സ്റ്റീയറിംഗില്‍ മുഖമമര്‍ത്തി കരയാന്‍ തുടങ്ങി.
*******
ഇതേസമയം, എന്തോ ചിന്തിച്ചുറച്ചപോലെ ഫസിയ വീട്ടിലേയ്ക്ക് തിരികെക്കയറി. അതുകണ്ട് സെലീന ഗൂഡമായി ചിരിച്ചു. സെലീന സോഫയില്‍ ഇരുന്നുകൊണ്ട് തന്നെ അവളോട്‌ ചോദിച്ചു.

"ഇപ്പോള്‍ എന്‍റെ മോള്‍ക്ക്‌ മനസ്സിലായില്ലേ? മോളെ ഏച്ചുകെട്ടിയാല്‍ മുഴച്ചു തന്നെയിരിക്കും. അതിനി കാലം എത്ര പരിഷ്കരിച്ചാലും".

ഫസിയ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. എന്നിട്ടവള്‍ പടികളോരുന്നും കടന്നു മേലേയ്ക്ക് പോയി.  
********
അമറിന്‍റെ പിന്നിലിരുന്ന് ദേവു കരഞ്ഞു. ആ കരച്ചിലോടെ അവള്‍ പറഞ്ഞു. "താലി കെട്ടിയ പെണ്ണിനോട് എന്‍റെ മോന്‍ കാണിച്ച സ്നേഹം അമ്മയ്ക്കിഷ്ടായി. പക്ഷെ, അവളെ വിട്ട് എന്‍റെ മോന്‍ ഇങ്ങനെ വന്നത് അമ്മയ്ക്കിഷ്ടായില്ല...!! സത്യായിട്ടും അമ്മയിഷ്ടായില്ല. എന്‍റെ രഘുവേട്ടന്‍റെ മോനല്ലേടാ നീ...!!! എന്നിട്ടാണോ ആ പാവം മോളെ അവിടെ നിര്‍ത്തീട്ട് നീ വന്നത്. ഞാന്‍, നിന്‍റെ കൈയില്‍ പിടിച്ച് എന്‍റെ മോള് വരുന്നത് സ്വപ്നം കണ്ടിരുന്നു...!! മോനെ..!! നീയവളെ വിളിച്ചിറക്കിക്കൊണ്ട് വരുന്നത് ഞാന്‍  സ്വപ്നം കണ്ടിരുന്നു..."

അമ്മയുടെ വാക്കുകള്‍ കേട്ട അമര്‍ ഒരു ഞെട്ടലോടെ തലയുയര്‍ത്തി. അവന്‍ അതിനകത്തിരുന്ന എല്ലാവരെയും മാറിമാറി നോക്കി. അപ്പോള്‍ അടക്കാനാവാത്ത സന്തോഷത്തോടെ സലിം പറഞ്ഞു.

"ഇനിയാരെയാടാ മോനെ നീ പേടിക്കുന്നത്. പോയിക്കൊണ്ട് വാടാ ന്‍റെ മോളെ..."

സലിം പറഞ്ഞതും അമര്‍ ബ്രേയ്ക്കില്‍ നിന്നും കാലെടുത്തതും, റിവേര്‍സ് ഗീയര്‍ ഇട്ടതും ഒക്കെ ഒരുമിച്ചായിരുന്നു. തുറന്നുകിടന്ന ഗേറ്റും കടന്ന്‍ ഒരു മൂളലോടെ ആ വണ്ടി പുറകിലേയ്ക്ക് നീങ്ങി. നിമിഷനേരം കൊണ്ടത് സെലീനയുടെ വീടിന്‍റെ പോര്‍ച്ചില്‍ വന്നത് നിന്നു. പക്ഷെ, തുറന്നുകിടന്ന വാതിലിന് മുന്നില്‍ ആരും ഉണ്ടായിരുന്നില്ല.

മൂളിപ്പാഞ്ഞുവന്ന വണ്ടിയുടെ സ്വരം കേട്ടു സെലീന സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. മുന്‍വാതില്‍ വരെവന്ന അവരെ തള്ളിമാറ്റി പെട്ടെന്ന് അമര്‍ അവിടേയ്ക്ക് വന്നു. ഹാളിന് അകത്തേയ്ക്ക് കയറി നിന്ന അമറിനോട് സെലീന പെട്ടെന്ന് ചോദിച്ചു.

"എവിടേയ്ക്കാ നീയിനി...?? അവള്‍ക്കു നിന്നെയിനി വേണ്ടാന്ന് പറഞ്ഞു... അവള് മേലേയ്ക്ക് പോയി. ഇനി നീ ഇവിടെ നിന്നാല്‍ ഞാന്‍ പോലിസിനെ വിളിക്കും..."

അവരുടെ വാക്കുകള്‍ ഒട്ടും ശ്രദ്ധിക്കാതെ നിന്ന അമറിനെ വീണ്ടും സെലീന തട്ടിവിളിച്ചു. അവന്‍ അവരെ തന്നെ നോക്കി നിന്നു. അപ്പോള്‍ വീണ്ടും സെലീന പറഞ്ഞു.

"എന്താ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയാ. ഇനീം നീയിവിടെ നിന്നാല്‍ ഞാന്‍ പോലിസിനെ വിളിക്കും.."

അവനാ കൈ തട്ടിക്കളഞ്ഞ് കൊണ്ട് പറഞ്ഞു...

"പോ... തള്ളേ, നിങ്ങള് പോയി ആരെയോ വിളിക്ക്...!!!

"ങേ..!!! അത്രയ്ക്കായോ...??? സ്വയം പറഞ്ഞുകൊണ്ട് സെലീന കൈയിലിരുന്ന ഫോണ്‍ എടുത്തു വിളിക്കാന്‍ തുടങ്ങി. ചെവിയില്‍ വച്ച് അങ്ങേത്തലയ്ക്കലെ സ്വരത്തിന് കാതോര്‍ത്ത അവര്‍ക്ക് മറുപടി ഒന്നും ലഭിച്ചില്ല. അടിച്ചടിച്ച് തളര്‍ന്ന ആ സ്വരം ഒരുപ്രാവശ്യം നിലച്ചു. സെലീന വീണ്ടും വിളിക്കാന്‍ തുടങ്ങി. അവരുടെ ആ ഫോണ്‍ വിളിയും കുറച്ചകലെ, ഇരുളില്‍, ഏതോ മരച്ചുവട്ടില്‍ കിടന്നു ഏങ്ങിയേങ്ങിക്കരഞ്ഞു.

അപ്പോഴേയ്ക്കും, കൈയില്‍ നിറഞ്ഞ രണ്ടു ബാഗുകളും ആയി ഫസിയ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു. താഴെ അമറിനെക്കണ്ട അവള്‍ അതീവസന്തോഷവതിയായി. അതോടെ അവള്‍ തിടുക്കത്തില്‍ പടികളോരോന്നും ഓടിയിറങ്ങി. ഒരുവേള അവള്‍ കാല് തെറ്റി താഴെ വീണു പോകുമോ എന്ന് ഭയന്ന അമര്‍ ഓടി പടികള്‍ക്കു താഴെ ചെന്നു. ഫസിയ ഓടിവന്ന് അവന്‍റെ നെഞ്ചിലേയ്ക്ക് വീണു. അമര്‍ അവളെ ചേര്‍ത്ത് പിടിച്ചു. സെലീന ഇതെല്ലാം കണ്ടു അന്തംവിട്ടു നില്‍ക്കുകയായിരുന്നു. അങ്ങിനെ നില്‍ക്കുമ്പോള്‍ അവരോര്‍ത്തു. അപ്പോള്‍ ഇതിനായിരുന്നു അല്ലെ ഇവള്‍ അകത്തേയ്ക്ക് വന്നത്... ???

സെലീന നോക്കി നില്‍ക്കെ ഫസിയ അമറിന്‍റെ തോളില്‍ ചാരി പുറത്തേയ്ക്ക് പോയി. അവളുടെ കൈയിലെ ബാഗ് അവന്‍ എടുത്തുകൊണ്ടുവന്നു കാറിന്‍റെ പിന്നില്‍ വച്ചു.  പിന്നെ അവളോട്‌ കാറില്‍ കയറാന്‍ പറഞ്ഞു. ഫസിയ പിന്‍വശത്തെ വാതില്‍ തുറന്നതോടെ ദേവു അവിടെ നിന്നും പുറത്തേയ്ക്കിറങ്ങി. ഫസിയ കാറിലേയ്ക്കു കയറി. കൂടെ ദേവുവും. അച്ഛമ്മയുടെയും, അമ്മയുടെയും ഇടയില്‍ ഇരുന്നവള്‍ ഇരുകരങ്ങളും പൊത്തി തേങ്ങിത്തേങ്ങിക്കരഞ്ഞു. ദേവു അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു. അവരെയും കൊണ്ടാ കാര്‍ ഇരുളിലൂടെ മെല്ലെമെല്ലെ പുറത്തേയ്ക്ക് പോയി.
**************
സെലീന വല്ലാത്ത വിഭ്രാന്തിയോടെ ഹാളിലേയ്ക്ക് കയറി. ഭ്രാന്തമായ ആവേശത്തോടെ അവള്‍ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു.

"എടോ.... ബാലാ...!!! " വിളികേള്‍ക്കാതിരുന്ന അയാളെ അവര്‍ വീണ്ടും വിളിച്ചു. എടോ ബാലാ താനിത് എവിടെപ്പോയി കിടക്കുവാ...."

പിന്നെയും അവരുടെ വിളിക്ക് മറുപടി ഇല്ലാതെ വന്നതോടെ സെലീന അടുക്കളയിലേയ്ക്ക് ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് അവള്‍ അടുക്കളയിലെ സ്ലാബിന്‍റെ പുറത്തിരിക്കുന്ന ഒരു കത്ത് കണ്ടത്. അവള്‍ പെട്ടെന്ന് ചെന്ന്‍ അതെടുത്തു. അതിലിങ്ങനെ എഴുതിയിരുന്നു.

"ഞാന്‍ പോകുവാ ഇവിടെ നിന്ന്. എന്‍റെ ജോലി ഇവിടെ പൂര്‍ത്തിയായി..." സെലീന ആ കത്തും കൈയില്‍ പിടിച്ച് അവിടുത്തെ സ്ലാബിലേയ്ക്ക് ചാരി. മുന്നോട്ടുള്ള ഓരോ വരികളും വായിച്ചപ്പോള്‍ അവള്‍ക്കാകെ പരവേശമായി. സെലീന ആ കത്തും കൊണ്ട് തിടുക്കത്തില്‍ ഊണ് മുറിയിലേയ്ക്ക് വന്നു. അവിടെ ഇരുന്ന ജഗ്ഗിലെ വെള്ളം അവള്‍ ആര്‍ത്തിയോടെ കുടിച്ചു. പിന്നെ ഓടി സോഫയില്‍ വന്നിരുന്നു. എന്നിട്ടും വീണ്ടും വീണ്ടും ആ കത്തിലെ അക്ഷരങ്ങള്‍ പെറുക്കി പെറുക്കി വായിക്കാന്‍ തുടങ്ങി.

"ഞാന്‍ പോകുവാ ഇവിടെ നിന്ന്. എന്‍റെ ജോലി ഇവിടെ പൂര്‍ത്തിയായി. മനുഷ്യപ്പറ്റില്ലാത്ത നിങ്ങളുടെ കൂടെ ഇത്രയും കാലം ഞാന്‍ ജീവിച്ചത് ഒരാള്‍ക്ക്‌ വേണ്ടിയായിരുന്നു. എന്‍റെ ബഷീര്‍ മോന് വേണ്ടി. ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന അത്ഭുതം ഞാന്‍ കാണുന്നു. പേടിക്കണ്ട. അവന്‍ എന്‍റെ മോനല്ല. പ്രവാസം എനിക്ക് കൊണ്ടുതന്നതാ ആ മോനെ. രഘുവും, ഞാനും ബഷീറും ഒരുമിച്ചു ജീവിച്ച കുറേനാളുകള്‍. ജീവിതത്തില്‍ സന്തോഷം എന്തെന്ന് ഞാന്‍ അറിഞ്ഞ കുറെ മാസങ്ങള്‍. ഞങ്ങള്‍ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ആ മരുഭൂമിയില്‍ ജീവിക്കുമ്പോള്‍ ആദ്യം ന്‍റെ രഘു പോയി. പിന്നെ കുറേക്കാലം കഴിയുമ്പോഴേയ്ക്കും എന്‍റെ ബഷീറും ആരുമില്ലാത്തവനായി. അവനിങ്ങനെ ആയതിന് കാരണക്കാരി നിങ്ങളാന്നറിഞ്ഞപ്പോള്‍, നിങ്ങളെ ഒന്ന് കാണണം എന്ന എന്‍റെ മോഹം അടങ്ങാത്തതായി. ഒടുവില്‍, അവനെ നിങ്ങള് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍, ആശുപത്രീല് വച്ചാ ഞാന്‍ അവനെ കണ്ടത്. അതും യാദൃശ്ചികമായി. അന്ന് ഞാന്‍ തീരുമാനിച്ചതാ... നിങ്ങളെ കണ്ടേ മതിയാകൂ ന്ന്. അങ്ങിനെ നിങ്ങളെ ഞാന്‍ കണ്ടു സെലീന. നിങ്ങളെ ഞാന്‍ കണ്ടു.

ഒരു കാര്യം ഞാന്‍ ചോദിച്ചോട്ടെ: "ഇസ്ലാമില്‍ എവിടെയാണ് സെലീന പറഞ്ഞിരിക്കുന്നത്.. ഒരു വിശ്വാസിയെ ചതിച്ച്, അവനെ നശിപ്പിച്ച് അവനു പകരം സര്‍വ്വവും നീ, നീ മാത്രമാകൂ ..ന്ന്. ഇസ്ലാമിലല്ല. ഒരു മതത്തിലും പറഞ്ഞിട്ടില്ല." നിങ്ങളൊന്ന് ഓര്‍ത്തോ സെലീന... ജീവിതം ഒരിക്കലേ ഉള്ളൂ... പക്ഷെ, ജീവിക്കാന്‍ പല നന്മ മാര്‍ഗങ്ങളും ഈശ്വരന്‍ നമ്മുക്ക് തരും. നിനക്ക് യോജിച്ചതെന്താണോ അതിലേതെങ്കിലും ഒന്ന് നീ തിരഞ്ഞെടുത്തോട്ടെ എന്ന്കരുതി. എന്നിട്ടും നിങ്ങള്‍ തെരഞ്ഞെടുത്തത് അദ്ദേഹം പറഞ്ഞിട്ടില്ലാത്ത ഒരു തിന്മയുടെ മാര്‍ഗവും. ചതിയിലൂടെ നിങ്ങള്‍ നേടിയത് ചതിയിലൂടെ പോകും. ആ കാലം ഇനി വിദൂരമല്ല. ഇനി നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്‍റെ ആവശ്യവും തീര്‍ന്നു സെലീന. എനിക്ക് ഇവിടം വിട്ടു പോകാനുള്ള സമയവും ആയി. നിങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്ന ഓരോ നിമിഷവും ഈ ഭൂമിയ്ക്ക് ആപത്താണ്. അതിനി ഉണ്ടായിക്കൂടാ. കാലം നിങ്ങള്‍ക്കായി കാത്തുവച്ചത് നിങ്ങള്‍ക്ക് തന്നെ ഉള്ളതാണ് സെലീന. അത് നിങ്ങള്‍ ഇത്രയും നാള്‍ ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതിഫലം തന്നെയാണ്.

സെലീന, ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങളില്‍ ഉണ്ടാകുന്ന ഉത്കണ്‍ഠ ഞാന്‍ കാണുന്നു. എല്ലാം നഷ്ടപ്പെടും എന്ന നിങ്ങളുടെ ഭയം ഞാന്‍ കാണുന്നു. അത് കാണണം എന്നത്, നിങ്ങള്‍ ഒന്നുമില്ലാത്തവളെ പോലെ അലയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഇവിടെ നിന്നും പോകേണ്ടത് ഇപ്പോള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. എനിക്കറിയാം നിങ്ങള്‍ ഭയാശങ്കയിലാണ്. കാരണം നിങ്ങളുടെ സ്വപ്‌നങ്ങള്‍, കണക്കു കൂട്ടലുകള്‍ ഓരോന്നും സ്വന്തം കണ്‍ മുന്നില്‍ പിഴയ്ക്കുന്നത് ഒരു പക്ഷെ ഇതാദ്യമായിരിക്കാം. ഒരിക്കലെങ്കിലും എല്ലാം നഷ്ടപ്പെട്ട് പോകുന്നവരുടെ വേദന നിങ്ങളും മനസ്സിലാക്കണം. ഞാന്‍ പോകുന്നു. എല്ലാത്തിനും നന്ദി സെലീന. ഇനിയൊരിക്കലും നമ്മള്‍ ജീവിതത്തിന്‍റെ കോണില്‍ എവിടെയും കണ്ടുമുട്ടില്ല. ഇത് സത്യം.

നന്ദി... സെലീന നന്ദി.

വായിച്ചു തീര്‍ന്നിട്ടും സെലീനയുടെ കൈയിലിരുന്നു ആ കത്ത് വിറയ്ക്കാന്‍ തുടങ്ങി. അവള്‍ സ്വയം ചോദിച്ചു. "എന്‍റെ അവസാനമോ..??? അതിനുള്ള സമയം ആഗതമായെന്നോ? ആര്? ആരാണ് എന്നെ കൊല്ലാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്..??  പിന്നെയവള്‍ സ്വയം സമാധാനിച്ചു. "അമര്‍... അവന്‍ തന്നെ. ആദ്യം എന്‍റെ ഏറ്റവും കരുത്തനായ സഹായി, ഇപ്പോള്‍ എന്‍റെ മോളെ,  ഇനി എന്നെ, എന്‍റെ സ്വപ്നങ്ങളെയും ചേര്‍ത്ത്.. ഒടുക്കം, ഒടുക്കം അവനിതെല്ലാം കൈക്കലാക്കും. എന്‍റെ സ്വത്ത്‌...!!!  ചിന്തകള്‍ അവളുടെ മാനസ്സിക നില തകര്‍ത്ത പോലെ തോന്നിച്ചു. അവര്‍ സോഫയില്‍ ഇരുന്നു ഞെളിപിരികൊണ്ടു.

എന്താണ് ചെയ്യേണ്ടത് എന്നൊരൂഹവും സെലീനയ്ക്കുണ്ടായിരുന്നില്ല. അവള്‍  സോഫയില്‍ നിന്നെഴുന്നേറ്റു ഹാളില്‍ ഇടം വലം നടന്നു. പെട്ടെന്ന് ഒരു നിഴല്‍ അവളില്‍ പതിച്ചപോലെ അവള്‍ക്ക് തോന്നി. അവള്‍ ഭയത്തോടെ ആ നിഴലിലെ നോക്കി. പിന്നെ ഒരു വിഭ്രാന്തി പോലെ അവള്‍ നെഞ്ചില്‍ കൈവച്ചു. അകാരണമായ ഭയം പിടികൂടിയ അവള്‍ മുകളില്‍ ബാല്‍ക്കണിയിലേയ്ക്ക് നോക്കി. അവിടെ ബാല്‍ക്കണിയില്‍ ഒരു രൂപം നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. സെലീന വിയര്‍ത്തുകുളിച്ചു. അവള്‍ വിളിച്ചലറി.

"ആരാത്..??? ആരാ അവിടെ?? ആരായാലും വെട്ടത്തേയ്ക്ക് വരൂ..!! പിന്നെ എന്തോ ചിന്തിച്ച പോലെ അവള്‍ പടികള്‍ കയറി മേലേയ്ക്കോടി. പിന്നെ, ഒന്നും ചിന്തിക്കാതെ ബഷീറിന്‍റെ മുറിയിലേയ്ക്ക് ഓടിക്കയറി. അവിടെ കിടക്കയില്‍ ബഷീര്‍ അപ്പോള്‍ തളര്‍ന്നുറങ്ങുന്നുണ്ടായിരുന്നു. സെലീന പതിയെ അയാളുടെ അടുത്തേയ്ക്ക് ചെന്നു. സംശയം മാറട്ടെ എന്ന് കരുതി അവള്‍ മെല്ലെ അയാളുടെ അരുകിലേയ്ക്ക് ചെന്നു. സുഖനിദ്രയിലായിരുന്ന ബഷീര്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

ഒന്ന് ചിന്തിച്ചിട്ട്, സെലീന മെല്ലെ തിരിച്ചുനടന്നു. വീണ്ടും പിന്നില്‍ നിന്നാരോ തന്‍റെയടുക്കലേയ്ക്ക് വരുന്നെന്ന് തോന്നി അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. പക്ഷെ, അവിടം ശൂന്യമായിരുന്നു. ഒരു ഭ്രാന്തിയെ പോലെ സെലീന താഴേയ്ക്കോടി. അവര്‍ക്കാകെ പരവേശമായി. കഴുത്തിലൂടെ ഒഴുകിവന്ന വിയര്‍പ്പുകണങ്ങള്‍ അവള്‍ സാരിത്തലപ്പുകൊണ്ട് ഒപ്പിയെടുത്തു. പെട്ടെന്നെന്തോ ചിന്തിച്ച പോലെ അവള്‍ ഓടിവന്നു ഫോണ്‍ എടുത്തു. ധൃതിയില്‍ ആര്‍ക്കോ ഫോണ്‍ ചെയ്തത് കാതില്‍ വച്ചു. അവളുടെ മുഖം ഭയത്താല്‍ വിവര്‍ണ്ണമായിരുന്നു. ഒടുവില്‍, ആ ഫോണിനൊടുവില്‍ അവള്‍ അമര്‍ഷത്തോടെ പറഞ്ഞു.

"നാശം പിടിക്കാന്‍ ഇയാളിതെവിടെ പോയിക്കിടക്കുവാ...????

സെലീന നെറ്റിയില്‍ കൈവച്ചുകൊണ്ട് സോഫയിലേയ്ക്കിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ