2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....43

സത്യരാജ് ഇരുകൈകളും കൊണ്ട് അവളുടെ പിന്നിലൂടെ വട്ടമിട്ട് അവളെ കെട്ടിപ്പിടിച്ചു. അതോടെ, ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഫസിയ എന്താണ് നടക്കുന്നത് എന്നറിയാതെ നിലവിളിക്കാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും സത്യരാജ് അവളെ വട്ടംച്ചുറ്റി പൊക്കിയെടുത്തു കഴിഞ്ഞിരുന്നു. സത്യരാജിന്‍റെ ശക്തിയോടെയുള്ള ആ പിടിയില്‍, അവന്‍റെ നെഞ്ചില്‍ അവളുടെ മുതുക് ചേര്‍ത്ത് നിലത്ത്നിന്നും ഉയര്‍ന്നു അവന്‍റെ കൈകളില്‍ കിടന്ന് അവള്‍ കാലിട്ടടിക്കാന്‍ തുടങ്ങി. ഒടുവില്‍, ഫസിയയുടെ ശക്തിയായ കുതറലില്‍ സത്യരാജിന്‍റെ കൈവിട്ടു. നിലത്തേയ്ക്ക് വീണ ഫസിയ ചാടിപ്പിടഞ്ഞെഴുന്നേറ്റു. പിന്നിലേയ്ക്ക് മറിഞ്ഞ സത്യരാജ് അവളെ വീണ്ടും പിടിക്കും മുന്‍പ് അവളോടി വന്നു വാതിലിന്‍റെ താഴെടുത്തു. പുറത്തേയ്ക്കോടിയ അവള്‍ മറ്റൊന്നും ചിന്തിക്കാതെ ബഷീറിന്‍റെ മുറിയിലേയ്ക്ക് പാഞ്ഞുകയറി. ഫസിയയുടെ നിലവിളികേട്ട് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ബഷീര്‍ കണ്ടത് പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്‍റെ കട്ടിലിനടിയിലേയ്ക്ക് പാഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഫസിയയെയാണ്. അപ്പോഴേയ്ക്കും കത്തുന്ന കണ്ണുകളോടെ സത്യരാജും ആ മുറിയിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. കട്ടിലിനടിയില്‍ കയറിയ ഫസിയയുടെ അടുത്തേയ്ക്ക് അവന്‍ പാഞ്ഞുവന്നു. ബഷീര്‍ കിടക്കയില്‍ നിന്നും തലപൊക്കി കരഞ്ഞുകൊണ്ട്‌ സത്യരാജിനോട് പറഞ്ഞു.

"വേണ്ട.. മോനെ.. അരുത്.. എന്‍റെ മോളെ ഒന്നും ചെയ്യല്ലേ.. ന്‍റെ മോളെ ഒന്നും ചെയ്യല്ലേ.."

"അവിടെ.. കിടക്കു കിളവാ.. അടങ്ങിക്കിടക്ക് ..." പറഞ്ഞുകൊണ്ടവന്‍ കാലുയര്‍ത്തി അയാളുടെ കഴുത്തില്‍ ചവുട്ടിപ്പിടിക്കാന്‍ തുടങ്ങി. ബഷീര്‍ ശ്വാസം കിട്ടാതെ അലറാന്‍ തുടങ്ങി. അതോടെ ഫസിയ കട്ടിലിനടിയില്‍ നിന്നും പുറത്തേയ്ക്ക് നീങ്ങി. അവള്‍ തേങ്ങിക്കൊണ്ട്‌ സത്യരാജിന്‍റെ കാലില്‍ പിടിച്ചു.

"വേണ്ട... എന്‍റെ ബപ്പാനേം ഒന്നും ചെയ്യല്ലേ... ഞങ്ങള്, ഞങ്ങള് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം. ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കല്ലേ...."

അതോടെ സത്യരാജ് ബഷീറിന്‍റെ കഴുത്തില്‍ നിന്നും കാലെടുത്തു. വേദന സഹിക്കവയ്യാതെ ബഷീര്‍ ഇരുകരങ്ങളും കൊണ്ട് സ്വന്തം കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. അയാള്‍ വല്ലാതെ ചുമയ്ക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും സത്യരാജ് തിരിഞ്ഞു ഫസിയയുടെ മുടിയില്‍ പിടിച്ച് അവളെ വലിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ അവനു നേരെ കൈകൂപ്പി. നിസ്സഹായനായ ബഷീറിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. സത്യരാജ് ഫസിയയെ മുടിയില്‍ പിടിച്ച് വലിച്ച് അവളുടെ ചെകിടില്‍ തുടരെത്തുടരെ ആഞ്ഞടിച്ചു. എന്നിട്ട് കത്തുന്ന കണ്ണുകളോടെ, പൊട്ടിക്കരയുന്ന അവളുടെ മുഖത്തേയ്ക്കു നോക്കി ചീറിക്കൊണ്ട് പറഞ്ഞു.

"നീ ആണുങ്ങളുടെ ചെകിടത്തടിക്കും അല്ലേടി... നായിന്‍റെമോളെ...??? വിളിക്കടീ നിന്‍റെ അവനെ..!! നിന്‍റെ രക്ഷകന്‍ ഉണ്ടല്ലോ ഒരുത്തന്‍..!!! വിളിക്കടീ... ആ നായിന്‍റെ മോനെ..!!! എന്‍റെ തല നിലത്തുരുളുന്നത് കാണണ്ടേ നിനക്ക്..."

അവന്‍റെ വാക്കുകള്‍ കേട്ടിട്ടും ഭയക്കാതെ അവള്‍ കരച്ചില്‍ നിര്‍ത്തി അവന്‍റെ നേരെ തുറിച്ചുനോക്കി.

"എന്താടീ... നീയിങ്ങനെ തുറിച്ചുനോക്കുന്നത്...???? പ്രതികരിക്കടീ നീ, പ്രതിക്കരിക്കടീ... ഞാനൊന്ന് കാണട്ടെ... " പറഞ്ഞുകൊണ്ട് നിഷ്ക്കരുണം അയാളവളെ മുടിയില്‍ പിടിച്ചു ചുഴറ്റിവലിക്കാന്‍ തുടങ്ങി. കഠിനമായ വേദനോടെ അവള്‍ അവന്‍റെ കൈകളില്‍ കിടന്നുപിടഞ്ഞു. പൊടുന്നനെ, ഒരുള്‍വിളിപോലെ ബഷീര്‍ കിടക്കയില്‍നിന്നും ചാടിയെഴുന്നേറ്റു. അയാള്‍ നീട്ടിച്ചവുട്ടിയ ചവുട്ടില്‍ സത്യരാജിന് ഒരുനിമിഷം ഒന്ന് അടിതെറ്റി താഴെവീണു. അതോടെ ഫസിയയുടെ മുടിയില്‍ പിടിച്ചിരുന്ന സത്യരാജിന്‍റെ കൈ അയഞ്ഞു. സത്യരാജിന്‍റെ പിടിവിട്ട ഫസിയ നിലത്തേയ്ക്ക് വീണു. ആ കിടപ്പില്‍ അവളൊന്ന് തിരിഞ്ഞു നോക്കി. സത്യരാജ് ഫസിയയ്ക്ക് മേലുള്ള ശ്രദ്ധ വിട്ടു ബഷീറിനെ ആഞ്ഞുചവുട്ടി. ബഷീര്‍ തെറിച്ചുകിടക്കയിലേയ്ക്ക് തന്നെവീണു. പിന്നീട് അയാളൊന്ന് ശ്രമിച്ചുവെങ്കിലും തലയൊന്നുയര്‍ത്താനല്ലാതെ മറ്റൊന്നിനും അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഫസിയ അപ്പോഴേയ്ക്കും നിലത്തുനിന്നെഴുന്നേറ്റു ഓടി വാതിലനരുകില്‍ എത്തിയിരുന്നു. അതോടെ സത്യരാജ് ബഷീറിനെ വിട്ട് അവള്‍ക്കു പിന്നാലെ ഓടാന്‍ തുടങ്ങി.

ഫസിയ പടികളോരോന്നും തിടുക്കത്തില്‍ ഇറങ്ങി. സത്യരാജ് പടിയിറങ്ങാന്‍ തുടങ്ങുമ്പോഴേയ്ക്കും അവള്‍ മുന്‍വാതില്‍ തുറന്ന് ഇരുളിലൂടെ പുറത്തേയ്ക്ക് ഓടാന്‍ തുടങ്ങി. സത്യരാജ് പുറകെയും. കുറച്ചുദൂരം ഇരുളിലൂടെ അവളോടി. അകലെനിന്നും ഒരു വാഹനം വരുന്നത്കണ്ടു ഫസിയ വെപ്രാളത്തോടെ റോഡിലേയ്ക്ക് കയറി നിന്നാ വാഹനത്തിന് കൈകാട്ടാന്‍ തുടങ്ങി. ഏറെ പിന്നിലായി സത്യരാജ് അവള്‍ക്കരുകിലേയ്ക്ക് ഓടിവരുന്നത് അവള്‍ക്ക് കാണാമായിരുന്നു. അതോടെ, അവള്‍ അകലെനിന്നും വരുന്ന ആ വാഹനത്തിനടുത്തേയ്ക്ക്, അതിന്‍റെ മുന്നിലേയ്ക്ക് തന്നെ ഓടാന്‍ തുടങ്ങി. അതവളുടെ അടുത്തേയ്ക്ക് എത്തുന്നുവെന്ന് മനസ്സിലാക്കിയ അവള്‍ റോഡിലേയ്ക്ക് കയറിനിന്ന് അതിനു നേരെ കൈകൂപ്പി യാചനയോടെ പറഞ്ഞു.

"രക്ഷിക്കണേ.!! എന്നെയൊന്ന് രക്ഷിക്കണേ..!!

പൊടുന്നനെ ആ വാഹനം അവള്‍ക്കരുകിലായി വന്നുനിന്നു. അതൊരു ജീപ്പ് ആയിരുന്നു. ഒന്നും ചിന്തിക്കാതെ അവള്‍ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് ഓടിച്ചെന്നു. അവിടെ തലയിലൂടെ കറുത്തനീണ്ട തുണി പുതച്ചിരുന്ന രൂപത്തോട് അവള്‍ കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു.

"രക്ഷിക്കണേ..!! എന്നെ രക്ഷിക്കണേ..!!

ആ രൂപം മുന്നിലെ ഗ്ലാസ്സിലൂടെ അകലേയ്ക്ക് നോക്കിത്തന്നെയിരുന്നു. പിന്നെ അവളെ നോക്കാതെ വലതുകൈ ഉയര്‍ത്തി അപ്പുറത്തേയ്ക്ക് കയറുവാന്‍ ആംഗ്യം കാണിച്ചു. ഫസിയ പെട്ടെന്ന് തന്നെ ജീപ്പിന് മുന്നിലൂടെ ഓടി അതിലേയ്ക്ക് പാഞ്ഞുകയറി. അതിനകത്തിരുന്നു അവള്‍ വിറയ്ക്കാന്‍ തുടങ്ങി. വിറയലോടെ മുന്നിലെ ഇരുളിലേയ്ക്ക് ചൂണ്ടിക്കൊണ്ട് അവള്‍ വീണ്ടും പറഞ്ഞു.

"സര്‍.... എന്നെ രക്ഷിക്കണം.... അയാള്‍, അയാളെന്നെ ഉപദ്രവിക്കാന്‍ വരുന്നു..." അയാള്‍ അവളുടെ വാക്ക് കേട്ടുവെങ്കിലും ജീപ്പ് സെലീനയുടെ വീട്ടിലേയ്ക്ക് തന്നെ ഓടിക്കാന്‍ തുടങ്ങി. ഫസിയ ആകെ പരിഭ്രാന്തയായി. അവള്‍ ചിന്തിച്ചു. അള്ളാ...ഒരാളില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ ഓടിവന്ന് കയറിയത് അയാളുടെതന്നെ ആളിന്‍റെ അടുത്താണോ. തന്‍റെ ജീവിതം തകരാന്‍ പോകുകയാണെന്നവള്‍ തീര്‍ച്ചപ്പെടുത്തി. അപ്പോഴേയ്ക്കും ജീപ്പിനടുത്തേയ്ക്ക് ഓടിവന്ന സത്യരാജ് റോഡിന് നടുവില്‍ കയറിനിന്നു. ഫസിയയെയും കൊണ്ട് ആ ജീപ്പ് അയാള്‍ക്ക്‌ മുന്നിലായി പതിയെ നിന്നു. സത്യരാജ് ഇരുകരങ്ങളും കൊണ്ട് ജീപ്പിന്‍റെ ബോണറ്റില്‍ ആഞ്ഞടിച്ചു. എന്നിട്ട് ഡ്രൈവര്‍ സീറ്റിലേയ്ക്ക് നോക്കി അവന്‍ അലറി.

"ഇറക്കി വിടടാ പട്ടീ അവളെ... നീ ആരായാലും ഇറക്കിവിടടാ പട്ടീ അവളെ.. " അതുകേട്ട് ഫസിയ അടിമുടി വിറയ്ക്കാന്‍ തുടങ്ങി. അവള്‍ ഭയന്നു. അയാളുടെ മുന്നിലേയ്ക്ക് തന്നെ ഇയാള്‍ തന്നെ വലിച്ചെറിഞ്ഞു കൊടുക്കുമോ? അവള്‍ ഇരുകൈകളും കൊണ്ട് കണ്ണുകള്‍ പൊത്തിയിരുന്നു. അതോടെ ജീപ്പിന്‍റെ ഹാന്‍ഡ്ബ്രേയ്ക്ക് പിടിച്ചിടപ്പെട്ടു. ഒരു പ്രത്യേകതാളത്തില്‍ അതിന്‍റെ ഗീയര്‍ വിറച്ചുകൊണ്ടിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും ആ രൂപം പുറത്തേയ്ക്കിറങ്ങി. സത്യരാജിനെ തെല്ലും ശ്രദ്ധിക്കാതെ ആ രൂപം അല്‍പ്പം മുന്നിലേയ്ക്ക് ചുവടുവച്ച്‌ ജീപ്പിന്‍റെ ആ വശത്ത് ചാരി നിന്നു.

ഫസിയ മെല്ലെ കണ്ണുകള്‍ പൊത്തിയിരുന്ന കൈകള്‍ മാറ്റി നോക്കി. അവള്‍ക്കിപ്പോള്‍ ദേഷ്യത്തോടെ ജീപ്പിന് മുന്നില്‍ നില്‍ക്കുന്ന സത്യരാജിനെയും ഡ്രൈവര്‍ സീറ്റിനരുകില്‍, കുറച്ച് മുന്നിലായി വണ്ടിയില്‍ ചാരി നില്‍ക്കുന്ന രൂപത്തെയും കാണാം. താനിത്രയും ക്രോധത്തോടെ പ്രതികരിച്ചിട്ടും ആ രൂപം അനങ്ങുന്നില്ലെന്ന് കണ്ട സത്യരാജിന് ഉത്സാഹം കൂടി. ആ രൂപത്തെ ശ്രദ്ധിക്കാതെ സത്യരാജ് ഫസിയയ്ക്കരുകിലേയ്ക്ക് പാഞ്ഞുചെന്നു. അതിനകത്തിരുന്ന അവളുടെ ഇടതുകരത്തില്‍ പിടിച്ചവന്‍ ശക്തിയായി അവളെ പുറത്തേയ്ക്ക് വലിച്ചു. ഫസിയ ചെറുത്തുനില്‍ക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും സത്യരാജ് അവളെ പുറത്തേയ്ക്ക് വലിച്ചിറക്കുക തന്നെചെയ്തു. ഇനി തനിക്കു രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ ഫസിയ വീണ്ടും സത്യരാജിന്‍റെ മുന്നില്‍ കേണപേക്ഷിക്കാന്‍ തുടങ്ങി. സത്യരാജ് അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവന്‍ കുതറിക്കൊണ്ടിരുന്ന അവളെ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

"ഇപ്പോള്‍ നിനക്ക് മനസ്സിലായോ.. ഇവിടെ, ഇവിടെ ഒരു പട്ടി പോലും വരില്ല നിന്നെ രക്ഷിക്കാനെന്ന്‍...!!

പറഞ്ഞുകൊണ്ട് അവന്‍ അവള്‍ക്കു നേരെ പുശ്ചത്തില്‍ ചിറികോട്ടി. അപ്പോഴേയ്ക്കും അവന്‍റെ വലതു തോളില്‍ പിന്നില്‍ നിന്നൊരു കരതലം മെല്ലെ പതിഞ്ഞു. സത്യരാജ് ഇടതുകരം കൊണ്ട് ഫസിയയെ പിടിച്ചുകൊണ്ട് മെല്ലെ തിരിഞ്ഞുനോക്കി. പിന്നില്‍ നിന്നിരുന്ന ആ രൂപത്തിന്‍റെ കണ്ണുകള്‍ ഇരുളില്‍ തിളങ്ങുന്നത് അവന്‍ കണ്ടു. മേഘക്കൂട്ടത്തില്‍ നിന്നും വെളിയിലേയ്ക്ക് തലയിട്ട നിലാവില്‍ ഒരു നിമിഷം അവിടമാകെ പ്രകാശം നിറഞ്ഞു. സത്യരാജ് കറുത്ത പുതപ്പിനിടയിലൂടെ ആ രൂപം കണ്ടു. ആ നോട്ടത്തോടെ അവന്‍റെ കണ്ണുകള്‍ വിടരാന്‍ തുടങ്ങി. അവനറിയാതെതന്നെ ഫസിയയുടെ കൈയിലുള്ള പിടിവിട്ടു. പൂര്‍ണമായും ആ രൂപത്തിന് നേരെ തിരിഞ്ഞ അവന്‍റെ ചുണ്ടുകള്‍ ഒരു ഞെട്ടലോടെ മന്ത്രിച്ചു.

"അ.... മ.....ര്‍...!!!

അവന്‍റെ വിളിക്ക് അമര്‍ മറുപടി ഒന്നും നല്‍കിയില്ല. അപ്പോഴേയ്ക്കും സത്യരാജിന്‍റെ പിന്നില്‍ ഭയന്നുനിന്നിരുന്ന ഫസിയയും അമറിനെ കണ്ടു. ജീവന്‍ തിരിച്ചുകിട്ടിയപോലെ, പൊട്ടിക്കരഞ്ഞുകൊണ്ട് ഫസിയ സത്യരാജിനെ തള്ളിമാറ്റി അമറിനരുകിലേയ്ക്ക് ഓടിവന്നു. ഇതുവരെ നടന്നതെല്ലാം മറന്നപോലെ, സ്ഥലകാലം മറന്ന ഫസിയ ഒരു തേങ്ങലോടെ "ന്‍റെ അമറേട്ടാ..." എന്ന് വിളിച്ചുകൊണ്ട് അവന്‍റെ നെഞ്ചിലേയ്ക്ക് തളര്‍ന്നുവീണു. അമറിനെ ചുറ്റിപ്പിടിച്ച് നിന്നവള്‍ വിറയ്ക്കാന്‍ തുടങ്ങി. അമര്‍ സ്വയം മറന്ന് അവളെ കെട്ടിപ്പിടിച്ചു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ