2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....40

സലീമിന്‍റെ വീട്ടുമുറ്റത്തേയ്ക്ക് ഓടിക്കയറിയ അവള്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി. ആ കിതപ്പിനിടയില്‍ അവള്‍ ഉറക്കെ വിളിച്ചു...

"ബാപ്പാ... സലിം ബാപ്പാ..."

"മോളെ.... ആരാത് ദേവുവാ.....???? മോളെ അകത്തേയ്ക്ക് കയറിബരീന്‍...."

അകത്തുനിന്നും നബീസു ഉമ്മയായിരുന്നു പ്രതികരിച്ചത്. അതോടെ ദേവു ഓടി അകത്തേയ്ക്ക് കയറി. ദേവൂനെക്കണ്ട് കട്ടിലില്‍ നിന്നും നബീസു ഉമ്മ മെല്ലെ എഴുന്നേറ്റു. പരിഭ്രാന്തമായ അവളുടെ മുഖം കണ്ടുകൊണ്ട് അവര്‍ ചോദിച്ചു.

"എന്താണ് മോളെ... നീ ബല്ലാണ്ട് ബേജാറായിരിക്കണത്... "

ദേവു ഒറ്റശ്വാസത്തില്‍ അവരോട് കാര്യം പറഞ്ഞു. അത് കേട്ടു നബീസു ഉമ്മ പറഞ്ഞു.

"മോള് പേടിക്കാണ്ടിരിക്ക്... ഞമ്മക്ക് വഴിയുണ്ടാക്കാം". ദേവു വിഷമത്തോടെ കിടയ്ക്കക്കരുകിലെ കസേരയില്‍ ഇരുന്നു. നബീസു ഉമ്മ കിടക്കയില്‍ നിന്നും എഴുന്നേറ്റു വന്ന് ഫോണെടുത്തു. വളരെ ബദ്ധപ്പെട്ടു അവര്‍ സലീമിനെ വിളിച്ചു. മില്ലിലെ കണക്കനാണ് ഫോണ്‍ എടുത്തത്. അയാള്‍ ഭവ്യതയോടെ പറഞ്ഞു.

"ഉമ്മാ ഇവിടുന്ന് ഇക്കാ ഇപ്പൊ അങ്ങട് ഇറങ്ങിയതെ ഉള്ളൂ... എത്തും, ഇപ്പൊ അവിടെ എത്തും... "

അതുകേട്ട് നബീസു ഉമ്മ വളരെ സമാധാനത്തോടെ ദേവുവിനോട് പറഞ്ഞു. "മോള് വിഷമിക്കാണ്ടിരി. ബാപ്പ ഇപ്പൊ ഇങ്ങെത്തും..."

ദേവു മനസ്സ് നിറയെ വേദനയുമായി നബീസുഉമ്മയുടെ കിടക്കയ്ക്കരുകിലെ കസേരയില്‍ തന്നെ ഇരുന്നു. അല്പസമയത്തിനുള്ളില്‍ സലിം അവിടേയ്ക്ക് വന്നു. കാലുകഴുകി അയാള്‍ മുറ്റത്ത് നിന്നും വീടിനകത്തേയ്ക്ക് കയറി. ദേവു കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റുനിന്നു. പ്രതീക്ഷിക്കാതെ, ആ സമയത്ത് അവിടെ ദേവൂനെ കണ്ട അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

"ഇതാര് ദേവൂട്ടിയോ?? എന്താ മോളെ നിന്‍റെ മൊകത്തിനൊരു വാട്ടം. എന്തുപറ്റി..??

അതോടെ ദേവൂ കൈയിലിരുന്ന പേപ്പര്‍കഷണം സലീമിന്‍റെ കൈയില്‍ കൊടുത്തു. എന്നിട്ട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു. "ബാപ്പാ ചെക്കന്‍ ഇന്നലെ കാലത്ത് വീട്ടില്‍നിന്നും പോയതാണ്. ഇതുവരെയും എത്തിയില്ല. ഒരു വിവരോം ഇല്ല. ഈ നമ്പറില്‍ ഒന്ന് വിളിച്ചു ചോദിക്കണം. അവന്‍ എവിടാന്ന്..!!!

സലിം തിടുക്കത്തില്‍ ആ പേപ്പര്‍ വാങ്ങി. എന്നിട്ട് പറഞ്ഞു.

"അതിനു മോളെന്തിനാ ഇങ്ങനെ വിഷമിക്കണത്..?? മോള് സമാധാനമായിരിക്ക്..!!!

പിന്നെ അതിലെ നമ്പര്‍ സൂക്ഷ്മതയോടെ നോക്കി അയാള്‍ ഡയല്‍ ചെയ്തു. പക്ഷെ അമറിന്‍റെ മൊബൈലില്‍ ആ വിളി ചെന്നെത്തിയില്ല. എവിടെയോ മുറിഞ്ഞ്നിന്ന് പരിഭ്രാന്തമായി അത് അവിടെത്തന്നെ തിരികെയെത്തി. പിന്നെയും നിരവധി തവണ അയാള്‍ ആ നമ്പറിലേയ്ക്ക് വിളിച്ചുകൊണ്ടിരുന്നുവെങ്കിലും അത് തന്നെയായിരുന്നു ഫലം. ഒടുവില്‍, ഒരു വിവരവും ലഭിക്കാതെ മനസ്സുകൊണ്ട് തളര്‍ന്നു അയാള്‍ അരുകിലെ കസേരയില്‍ ഇരുന്നു. മുന്നില്‍, ഒന്നും മിണ്ടാനാവാതെ തലകുനിച്ച് ദേവുവും. അവിടമാകെ പെട്ടെന്ന് മൂകമായി. പുറത്ത് ഇലകള്‍ പോലും അപ്പോള്‍ ചലിക്കുന്നുണ്ടായിരുന്നില്ല.

ഒടുവില്‍, അവിടെ അങ്ങിനെ ഇരിക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങള്‍ അവള്‍ ഒന്നൊന്നായി സലീമിന് വിശദീകരിച്ചുകൊടുത്തു. ഒടുവില്‍ ഫസിയ വീട്ടിലെത്തിയതു വരെയുള്ള ചിത്രം വരെ. എല്ലാം കേട്ട് സലിം ഒന്ന് ചിന്തിച്ചിരുന്നു. പിന്നെ അയാള്‍ ഫോണ്‍ എടുത്തു ആരെയോ വിളിച്ചു. അഞ്ചു മിനിട്ടിനുള്ളില്‍ ആ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. സലിം ഉടന്‍ തന്നെ വേഷം മാറി പുറത്തുവന്നു. ദേവുനോട് യാത്ര പറഞ്ഞു അയാള്‍ പുറത്തേയ്ക്കിറങ്ങി. അയാള്‍ക്കൊപ്പം പടികളിറങ്ങി മുറ്റത്തേയ്ക്കിറങ്ങിയ അവളെ നോക്കി സലിം പറഞ്ഞു.

"മോള്...വിഷമിക്കാണ്ടിരി. ബാപ്പയുണ്ടല്ലോ ഇവിടെ. എല്ലാറ്റിനും ബാപ്പയുണ്ടല്ലോ.."

സലിം കാറില്‍ കയറി നേരെ പോയത് അമര്‍ ജോലി ചെയ്യുന്ന പത്രം ഓഫിസിലേയ്ക്കാണ്. അപ്പോഴെല്ലാം ആ ഓഫീസില്‍ അമറിന്‍റെ നമ്പരിലേയ്ക്ക് പല ആവശ്യങ്ങള്‍ക്കായി പത്രഓഫീസില്‍ നിന്നും ഫോണ്‍ ചെയ്ത പലരും അവനെ ലൈനില്‍ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു. സലിം അവിടേയ്ക്ക് കയറിച്ചെല്ലുമ്പോള്‍, പുറത്തു കണ്ട സെക്യൂരിറ്റി അയാളെ തടഞ്ഞു ചോദിച്ചു.

"ആരെക്കാണാനാണ്?"

അമറിനെ അന്വേഷിച്ചെന്ന് പറഞ്ഞപ്പോള്‍ സലിം പത്രാധിപരുടെ മുറിയിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. അവിടെ അവര്‍ ഇരുവരും സംസാരിച്ചിരുന്നു. ഒടുവില്‍, പത്രാധിപരുടെ മറുപടിയില്‍, അവിടെനിന്നും ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞു പതിവിലും നേരത്തെ അമര്‍ പോയി എന്ന് സൂചനയും കിട്ടി. അതിനപ്പുറം ഒന്നും അറിയാന്‍ കഴിഞ്ഞില്ല. എങ്കിലും പത്ര ഓഫീസില്‍ നിന്നും ചിലര്‍ റിപ്പോര്‍ട്ടര്‍മാര്‍ കൂടി അമറിനെ തിരയാന്‍ പോയിട്ടുണ്ട് എന്നത് സലീമിന് തെല്ല് ആശ്വാസം തോന്നി. അതിനിടയില്‍ സലീമിന്‍റെ ഫോണിലേയ്ക്ക് ദേവു വിളിച്ചു കാര്യങ്ങള്‍ തിരക്കി. അവള്‍ പറഞ്ഞതനുസരിച്ച് സലിം തിരികെ ദേവുവിന്‍റെ വീട്ടില്‍ തന്നെ എത്തി. പിന്നെ ഫസിയയെയും കൊണ്ട് അയാള്‍ ബഷീറിന്‍റെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.

വഴിനീളെ സലിമിന്‍റെ കണ്ണുകള്‍ അമറിനെ തേടിയലഞ്ഞു. പക്ഷെ, ഒരിടത്തും അവനെ അയാള്‍ കണ്ടില്ല. ഒടുവില്‍, വണ്ടി ഫസിയ പറഞ്ഞ വഴികളിലൂടെ ഓടിയോടി ബഷീറിന്‍റെ വീട് വരെ എത്തി. സലീമിന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഇത്രയും വലിയ വീടോ? അയാള്‍ ചിന്തിച്ചു. പിന്നെ എങ്ങിനെ പാവം ബഷീര്‍ വഞ്ചിക്കപ്പെട്ടു. അപ്പോഴേയ്ക്കും വീടിന്‍റെ മുന്‍പടികള്‍ കടന്നു ഫസിയ അകത്തേയ്ക്ക് പ്രവേശിക്കാന്‍ ഒരുങ്ങി. ഒരുകൈ കൊണ്ട് വാതില്‍ പാതി തുറന്നുവച്ച് അവള്‍ സലീമിനെ അകത്തേയ്ക്ക് ക്ഷണിച്ചു. അയാള്‍ അവളെ അനുഗമിച്ചു. വീടിനകത്ത് എത്തിയ സലിം അവിടമാകെ ഒന്ന് കണ്ണോടിച്ചു. അവിടെങ്ങും ആരെയും അയാള്‍ കണ്ടില്ല. ഒടുവില്‍, മുകളിലേയ്ക്കുള്ള പടികള്‍ താണ്ടി ബഷീറിന്‍റെ വാതിലിന് മുന്നില്‍ ചെന്നപ്പോള്‍ സലീമിന് വല്ലാതെ വിഷമം തോന്നി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നല്ല ബന്ധം ഉണ്ടായിരുന്ന തങ്ങള്‍ തമ്മില്‍ ഒടുവില്‍ എവിടെവച്ചോ ആ ബന്ധം മുറിഞ്ഞതയാള്‍ ഓര്‍ത്തു. ചിന്തകളോടെ, അതിലേറെ നൊമ്പരത്തോടെ സലിം ആ മുറിയില്‍ പ്രവേശിച്ചു. ഒടുവില്‍ ബഷീറിനരുകില്‍ നിറകണ്ണുകളോടെ സലിം ഇരുന്നു. ഇരുവരും സ്നേഹത്തോടെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു. ബഷീറിനോട്‌ വന്ന കാര്യവും നടന്ന കാര്യവും ഒക്കെ സലിം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ബഷീര്‍ ആശ്ചര്യത്തോടെ, അതിലേറെ ദുഃഖത്തോടെ പറഞ്ഞു.

"സലിം ഇക്കാ... സൂക്ഷിക്കണം. അമ്മാതിരി ആളോളാ ഇവറ്റകള്. ചതിക്കാന്‍ ഒരു മടീം ഇല്ലാ ഇവര്‍ക്ക്... എന്‍റെ അമറൂട്ടിയ്ക്ക് എന്ത് പറ്റിയോ ആവോ... അള്ളാ.. ന്‍റെ കൊച്ചിന് ഒന്നും സംഭവിക്കല്ലേ..?? അയാള്‍ മനസ്സുരുകി വിളിച്ചു കരയാന്‍ തുടങ്ങി. ഫസിയ അപ്പോഴേയ്ക്കും കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി. അവള്‍ അരുകിലെ ചുവരിലേയ്ക്ക് ചാരി. അവളുടെ മനസ്സ് തേങ്ങി നിന്നു. സലിം ബാപ്പയുടെ മുന്നിലും ബാപ്പയുടെ മുന്നിലും വച്ച് കരയാതെ അവള്‍ കണ്ണുനീര്‍ കണ്‍പോളകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചു. അവള്‍ക്കറിയാം ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ താനിപ്പോള്‍ കരയും എന്ന്. ഒടുവില്‍ അവരോട് യാത്ര പറഞ്ഞു സലിം പോകുമ്പോള്‍, അവള്‍ തന്‍റെ മുറിയിലേയ്ക്കോടി. വാതില്‍ താഴിട്ട് കിടക്കയിലേയ്ക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ കിടക്കയില്‍ തലയിട്ടടിച്ചു. ഒന്നും മനസ്സിലാകുന്നില്ല. അമറേട്ടന്‍ ഇതെവിടെപ്പോയി..?? ഉത്തരം കിട്ടാതെ തലയണയില്‍ മുഖം പൂഴ്ത്തിക്കരഞ്ഞുകൊണ്ടവള്‍ അവിടെക്കിടന്നു.

സമയം അങ്ങിനെ നീണ്ടുപോയി. സലീമിന്‍റെ വണ്ടി മെല്ലെ വളവ് തിരിഞ്ഞ് ദേവുവിന്‍റെ വീടിലേയ്ക്കുള്ള വഴിയിലേയ്ക്ക് തിരിഞ്ഞു. ഒടുവില്‍ മെല്ലെയത് ദേവദാരുവിന്നരികത്ത് വന്നു നിന്നു. വീട്ടിന്‍റെ മുന്നിലെ തിട്ടയില്‍ സലീമിന്‍റെ വരവും കാത്തിരിക്കുകയായിരുന്ന ദേവുവും, വിജയമ്മയും അയാളുടെ വണ്ടി കണ്ട ഉടനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റുനിന്നു. വണ്ടി നിന്ന ഉടനെ ദേവു കാറിനരുകിലേയ്ക്ക് ഓടിച്ചെന്നു. അവള്‍ ചില്ലുകളിലൂടെ പരിഭ്രാന്തയായി അകത്തേയ്ക്ക് നോക്കി. സലീമിനെയല്ലാതെ മറ്റാരെയും അവള്‍ അതിനകത്ത് കണ്ടില്ല. ഒടുവില്‍, അകത്തു നിന്നും സലിം മാത്രം പുറത്തേയ്ക്കിറങ്ങി. അതോടെ അവള്‍ കരയാന്‍ തുടങ്ങി. കരച്ചിലിനോപ്പം അയാളുടെ മുഖത്തേയ്ക്കു നോക്കി അവള്‍ ചോദിച്ചു.

"കണ്ടില്ലേ.. സലിം ബാപ്പ.. എന്‍റെ പൊന്നുമോനെ ങ്ങള് കണ്ടില്ലേ ബാപ്പാ..." സലിം ദേവുവിന്‍റെ മുഖത്തേയ്ക്കു നോക്കി. അവള്‍ തളര്‍ന്നിരുന്നു. സലിം അവളോട്‌ പറഞ്ഞു. "ദേവു മോളിങ്ങനെ വിഷമിക്കാണ്ടിരി. ഇതിലും വലുത് നമ്മള്‍ എത്രയോ അനുഭവിച്ചിരിക്കുന്നു. അപ്പോഴെല്ലാം മോള് പിടിച്ചുനിന്നില്ലേ.. പിന്നെ ഇത്..?? അമര്‍ വരും അവനൊന്നും സംഭവിച്ചിട്ടില്ല.. മോള് ഈ വസ്ത്രങ്ങള്‍ ഒക്കെ ഒന്ന് മാറിവാ.. നമ്മുക്ക് പോലീസില്‍ കൂടി ഒരു പരാതി നല്‍കാം..."

"അതിനു മുന്‍പ് എനിക്കൊരാളോട് ചോദിക്കണം ബാപ്പ. എന്‍റെ മോന്‍ എവിടെ ഉണ്ടെന്ന് എനിക്കൊരാളോട് ചോദിക്കണം." അവള്‍ ഭ്രാന്തമായ ആവേശത്തോടെ പറഞ്ഞു. എന്നിട്ട് സലീമിന് മുന്നിലൂടെ ഓടിചെന്നവള്‍ ദേവദാരുവിന്നരുകില്‍ നിന്ന തുളസിചെടിയുടെ മുന്നില്‍ ചെന്ന് മുട്ടുകുത്തി. നിറകണ്ണുകളോടെ അവള്‍ ആ മണ്ണില്‍ മുഖം പൂഴ്ത്തി. വിതുമ്പുന്ന ഹൃദയത്തോടെ ആ മണ്ണില്‍ ചുണ്ട് ചേര്‍ത്ത് അവള്‍ ചോദിച്ചു.

"രഘുവേട്ടാ.... ന്‍റെ രഘുവേട്ടാ.. പറയ്‌ രഘുവേട്ടാ... നമ്മുടെ മോന്‍... നമ്മുടെ മോന്‍.. എവിടെപ്പോയി??? എവിടെപ്പോയി രഘുവേട്ടാ..."

പിന്നെ മുഖമുയര്‍ത്തി ദേവദാരുവിനോടും രഘുവിനോടും എന്നപോലെ അവള്‍ പറഞ്ഞു.

"ദേ... ദേവു സത്യാ പറയണേ.. നിങ്ങള് രണ്ടുപേരും രാവും പകലും ഇവിടെ കണ്‍തുറന്നു കാത്തുനിന്നിട്ടും എന്‍റെ പൊന്നുമോന് എന്തെങ്കിലും പറ്റിയാല്‍, ഈ ദേവു പിന്നെ ജീവിച്ചിരിക്കില്ല.... ഈ ദേവു പിന്നെ ജീവിച്ചിരിക്കില്ല. ഇത് സത്യാ ഞാന്‍ പറയണേ.. ഇനിയും ഇങ്ങനെ ദുഃഖം തിന്നു ജീവിക്കാന്‍ എനിക്ക് കഴിയില്ല... എനിക്ക് കഴിയില്ല"

പിന്നീട് എന്തോ ചിന്തിച്ചുറപ്പിച്ചപോലെ, കവിളുകളിലൂടെ ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് മുഖം തെല്ലൊന്ന് ഉയര്‍ത്തി അവള്‍ പറഞ്ഞു.

"ദിവസവും മുടങ്ങാണ്ട് വിളക്കുവച്ച് സ്നേഹിക്കുന്ന നിങ്ങള് രണ്ടാളും ഇവിടെ ഉള്ളപ്പോള്‍ എന്‍റെ മോന് എന്തെങ്കിലും സംഭവിച്ചാല്.... ഈ ..ഈ ദേവദാരുവിന്‍റെ കൊമ്പില് ഞാന്‍ തൂങ്ങിമരിക്കും. ന്‍റെ മോളാണെ സത്യം... ന്‍റെ മോളാണെ സത്യം.." എന്നിട്ടവള്‍ ഇരുകൈകളും മണ്ണില്‍ ആഞ്ഞടിച്ചു.

ദേവുവിന്റെ സങ്കടം ഇത്രത്തോളം ആയപ്പോഴേയ്ക്കും സലിമും വിജയമ്മയും ചെന്ന് അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവരവളെ സമാധാനിപ്പിച്ചു. "മോളെ ഇങ്ങനെ ഓരോന്നും നീ ചിന്തിച്ചുകൂട്ടല്ലേ?? അവനു ഒന്നും സംഭവിക്കില്ല. ഒന്നും..."

അവരുടെ വാക്കുകള്‍ കേട്ടിട്ടും അവള്‍ തലയിട്ടടിച്ച് കരഞ്ഞുകൊണ്ടിരുന്നു. സലിം എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നിന്നു. ദേവദാരു അലഞ്ഞുവന്നൊരു കാറ്റില്‍ ആടിനിന്നു. തഴുകിവന്ന കാറ്റില്‍ അവളെ സാന്ത്വനിപ്പിക്കുംപോലെ ചില ദലമര്‍മരങ്ങള്‍ അവള്‍ കേട്ടു. സലിം വീണ്ടും അവളോട്‌ പറഞ്ഞു മോള് ഇങ്ങനെ സങ്കടപ്പെട്ടു നില്‍ക്കാതെ പോയി വസ്ത്രം മാറി വാ...

ദേവു പിന്നീടൊന്നും ചിന്തിച്ചില്ല. പെട്ടെന്ന് തന്നെ അവള്‍ അകത്തു കയറി. തിടുക്കത്തില്‍ വസ്ത്രങ്ങള്‍ മാറി അവള്‍ പുറത്തു വന്നു. അവളുടെ ഇടതൂര്‍ന്ന മുടിയിഴകള്‍ അലക്ഷ്യമായി കെട്ടിയിരുന്നു. ഒരു മഹാരോഗിയെപ്പോലെ, വണ്ടിയുടെ മുന്‍സീറ്റില്‍ അവള്‍ കുനിഞ്ഞിരുന്നു. വണ്ടി പാതി ദൂരത്തോളം പിന്നിട്ടിട്ടുണ്ടാകും.. അപ്പോഴേയ്ക്കും സലീമിന്‍റെ ഫോണിലേയ്ക്ക് ഒരു വിളി വന്നു. വണ്ടി ഒന്നോരം ചേര്‍ത്ത് അയാള്‍ ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. പരിചയമില്ലാത്ത ഒരു സ്വരം അയാള്‍ കേട്ടു. സലിം വണ്ടി അതോടെ വഴിയോരത്ത് നിര്‍ത്തിയിട്ടു. അതിനകത്തിരുന്നു അയാള്‍ ആരോടൊ വിശദമായി സംസാരിച്ചു... സംസാരത്തിനൊടുവില്‍ അയാള്‍ സന്തോഷവാനായി. ദേവു ആകാംക്ഷയോടെ സലീമിന്‍റെ മുഖത്തേയ്ക്കു നോക്കി. ശെരി ഞാന്‍ കൊടുക്കാം. ഇപ്പോള്‍ തന്നെ കൊടുക്കാം എന്‍റെ അടുത്തുണ്ട്. സലിം ഫോണ്‍ അവള്‍ക്കു നേരെ വച്ച് നീട്ടി. ദേവു ആ ഫോണ്‍ വാങ്ങി കാതോടു ചേര്‍ത്തു വച്ചു. അതില്‍ നിന്നുള്ള വിളി കേട്ടു അവള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു..

"അമ്മെ... ന്‍റെ ദേവൂമ്മേ...! "

"എന്താടാ മോനെ... എവിടെയാടാ നീ... ഇത്രേം നേരം കൊണ്ട് നീ അമ്മയെ തീ തീറ്റിച്ചല്ലോടാ.... നിന്നെ കാണാണ്ട് ഞാനാകെ തളര്‍ന്നു പോയടാ... വാ മോനെ എന്‍റെ മോന്‍ വാ... അമ്മയ്ക്ക് നിന്നെ കാണണം... ഉടനെ കാണണം.."

"അമ്മെ.. ഞാനിനി കുറച്ചു ദിവസത്തേയ്ക്ക് അവിടെ വരില്ല അമ്മെ. വരാന്‍ കഴിയില്ല അമ്മെ. ഇവിടെ.. ഇങ്ങു ദൂരെ പെട്ടെന്നൊരു റിപ്പോര്‍ട്ടിന് വേണ്ടി എനിക്ക് വരേണ്ടി വന്നു. ഇനി ഏതായാലും ഇതൊന്നു തീര്‍ത്തിട്ടു ഞാനങ്ങ് വരാം അമ്മെ... പിന്നെ ഞാനെവിടെ ഉണ്ടന്ന് അമ്മ ആരോടും പറയണ്ട. കഴിയും എങ്കില്‍ ഫസിയയും ബാപ്പയും കൂടി അറിഞ്ഞോട്ടെ. എനിക്ക് ആപത്തൊന്നും ഇല്ലന്നു അവരറിഞ്ഞോട്ടെ.."

അമര്‍ ഫോണ്‍ വയ്ക്കുമ്പോള്‍ ദേവു കാറിനുള്ളില്‍ കുനിഞ്ഞിരുന്നു കരയാന്‍ തുടങ്ങി. സലിം ഒന്നും മിണ്ടാതെ, സന്തോഷത്തോടെ വണ്ടി വന്ന വഴിയെ തിരിച്ചുവിട്ടു.
***********
അസഹ്യമായ വേദനയോടെ അമര്‍ ഒന്ന് തിരിഞ്ഞു. വനമേഖലയിലെ വനസംരക്ഷണ ഉദ്ദ്യോഗസ്ഥന്‍മാരുടെ ഓഫീസിനടുത്ത് അവര്‍ക്കായുള്ള ആതുരാലയത്തില്‍ മുറിവു തുന്നിക്കെട്ടി അമര്‍ കിടന്നു. തൊട്ടരുകില്‍ നിന്ന വനപാലകന്‍റെ കൈവശം അവന്‍ ഫോണ്‍ തിരികെ നല്‍കി അയാളോട് പറഞ്ഞു.

"നന്ദി... സര്‍ വളരെയധികം നന്ദി..." പറഞ്ഞിട്ട്, തളര്‍ന്ന കണ്ണുകളോടെ അയാളുടെ നേരെ അവന്‍ കൈകള്‍ കൂപ്പി. അയാള്‍ അമറിന്‍റെ തലമുടി മെല്ലെ തഴുകിക്കൊണ്ട് പറഞ്ഞു.

"ഒന്നും വിഷമിക്കേണ്ടാ അമര്‍.. എല്ലാം ശരിയാകും... ഇത്രയല്ലേ സംഭവിച്ചുള്ളൂ.. അതിനു താന്‍ ദൈവത്തിനു നന്ദി പറയ്‌..."

അമര്‍ അയാളെ നോക്കി നിറഞ്ഞ കണ്ണുകളോടെ ഒന്ന് ചിരിച്ചു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ